ഒരു വർഷം പിന്നിട്ട ഇടതുഭരണം...


ഇ.പി അനിൽ

രു വർ‍ഷം എന്നത് സർ‍ക്കരിന്‍റെ ഫൈനൽ വിധി തീരുമാനിക്കുവാനുള്ള സമയമായി കരുതുക വയ്യ. ഭരണ, പ്രതിപക്ഷങ്ങൾ രണ്ടു ധ്രുവങ്ങളിൽ‍ നിന്നും സർ‍ക്കാരുകളെ പറ്റി പറയുന്ന അഭിപ്രായങ്ങൾ‍ യാഥാർത്‍ഥ്യങ്ങളിൽ‍ നിന്നും അകലം പാലിക്കുന്നുണ്ട്. കേരളത്തിലെ നിലവിലെ സർ‍ക്കാർ‍ പഴയ സർ‍ക്കാരുകളുടെ തുടർ‍ച്ചയായി പ്രവർ‍ത്തിക്കുന്നു എന്ന് പറയുന്നതിൽ‍ ഭരണകർ‍ത്താക്കൾ‍ താൽപര്യം കാട്ടില്ല എങ്കിലും സർ‍ക്കാരുകൾ‍ ഒരു തുടർച്ചയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ വിജയകരമായ നിരവധി പരീക്ഷണങ്ങളുടെ വേദിയാണ് കേരള രാഷ്ട്രീയ ലോകം. 1980 മുതൽ‍ ഇടതുപക്ഷവും ഐക്യമുന്നണിയും മാറി മാറി അധികാരത്തിൽ‍ വന്നുകൊണ്ടിരിക്കുന്നു. ഓരോ 5 വർ‍ഷവും ഭരണകക്ഷി പ്രതിപക്ഷത്തേയ്ക്കും പ്രതിപക്ഷം മറിച്ചും അവരുടെ റോളുകൾ‍ മാറ്റേണ്ടി വരുന്നു. അത്തരം അധികാരമാറ്റങ്ങൾ‍ സംഭവിക്കുന്നതിന് പിന്നിൽ‍ നിരവധിരാഷ്ട്രീയ കാരണങ്ങൾ ഉണ്ട്. ജനങ്ങൾ‍ സർ‍ക്കാരുകളെ സ്ഥിരമായി മാറ്റി പ്രതിഷ്ടിക്കുന്നത് ഭരണത്തോടുള്ള നിരാശയിൽ നിന്നുമാണ്. അവർക്കൊപ്പം നിൽ‍ക്കുവാൻ‍ മാധ്യമങ്ങളും മറ്റും നിർ‍ബന്ധിതമാകുന്പോൾ‍ ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ലക്ഷ്യം കാണുന്നു.

കേരളത്തിൽ‍ അധികാരത്തിൽ‍ എത്തിയ (സിപിഐഎമ്മിന്റെ രണ്ടാമത്) 1980ലെ ഇ.കെ നായനാർ‍ നേതൃത്വം കൊടുത്ത സർ‍ക്കാർ‍ ഇടതുപക്ഷ മുന്നണ്ണിയിൽ‍ നിന്നും ഘടക കക്ഷികൾ‍ മുന്നണി വിട്ടു മാറിയതിനാൽ ആ സർ‍ക്കാർ‍ 2 വർഷത്തിനുള്ളിൽ പടിയിറങ്ങി. അതിനു ശേഷം രണ്ടു മുന്നണികളും 5 വർ‍ഷം വീതം കൃത്യമായ ഇടവേളകളിൽ‍ അധികാരത്തിൽ‍ തുടർ‍ന്നു വരുന്നു. 82 ലെ ഐക്യമുന്നണി സർ‍ക്കാർ‍ തെഞ്ഞെടുപ്പിൽ‍ പരാചയപ്പെട്ടതിൽ പ്രീഡിഗ്രീ ബോർ‍ഡ്‌ വിരുദ്ധ സമരം വളരെ പ്രധാന പങ്കുവഹിച്ചു. 87 മുതൽ‍ പ്രവർ‍ത്തിച്ച നായനാരുടെ രണ്ടാം സർ‍ക്കാർ‍ 5 വർ‍ഷത്തിനുള്ളിൽ‍ തെരഞ്ഞെടുപ്പിലൂടെ പുറത്തു പോയത് ശ്രീ.രാജീവ്ഗാന്ധിയുടെ മരണം ഉണ്ടാക്കിയ സാഹചര്യങ്ങളിലൂടെയാണ്. 96ൽ‍ സ്ഥാനാരോഹിതമായ നായനാർ‍ മന്ത്രിസഭയുടെ അന്ത്യനാളുകളിൽ‍ ഉണ്ടായ ഭരണരംഗത്തെ വിവിധ പ്രശ്നങ്ങൾ‍ (സാന്പത്തിക മാനേജ്മെന്‍റ്ും മറ്റു പരാചയങ്ങളും) ഐക്യമുന്നണിയെ മടക്കി വിളിക്കുവാൻ അവസരമുണ്ടാക്കി. 2001ൽ ആന്‍റണിയുടെ സർ‍ക്കാർ‍ ഇടക്കുവെച്ച് അധികാരം ഉമ്മൻ‍ ചാണ്ടിക്ക് കൈമാറി. കേരളത്തിലെ സിപിഐഎമ്മിന്‍റെ ഏറ്റവും തല മുതിർ‍ന്ന നേതാവ് വിഎസ് അച്യുതാനന്ദൻ‍ വളരെ വൈകിയാണ് മുഖ്യമന്ത്രി കസേരയിൽ‍ എത്തിയത്. അദ്ദേഹത്തിന്‍റെ സർ‍ക്കാർ‍ 5 വർ‍ഷത്തിനു ശേഷം അധികാരം ഒഴിയേണ്ടിവന്നു എങ്കിലും വളരെ നേരിയ വ്യത്യാസത്തിൽ‍ മാത്രമാണ് ഐക്യമുന്നണിക്ക്‌ അധികാരത്തിൽ‍ എത്തിതിയത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വം നേരിയ ഭൂരിപക്ഷത്തിൽ‍ അധികാരത്തിൽ‍ എത്തി എങ്കിലും മാറ്റമില്ലാതെ 5 വർ‍ഷം കേരളം ഭരിച്ച ആദ്യ കോൺഗ്രസ്സ് മുഖ്യമന്ത്രി എന്ന റെക്കോർ‍ഡ് സ്വന്തമാക്കുവാൻ‍ അദ്ദേഹത്തിനു കഴിഞ്ഞു. (അധികാരവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ‍ക്കപ്പുറം മറ്റൊന്നുമല്ല അതിനുള്ള അവസരം ഒരുക്കിയത് എന്ന് ഭൂരിപക്ഷം ആളുകളും സമ്മതിച്ചു തരുന്ന വസ്തുതയാണ്).

ഇന്ത്യൻ കമ്യുണിസ്റ്റ് പാർ‍ട്ടികളിൽ‍ ശക്തരെന്നു പറഞ്ഞുവന്ന സിപിഐഎം ഏറ്റവും വലിയ തിരിച്ചടികളിലൂടെ കടന്നു പോകുന്ന കാലമാണിത്. കേരളത്തിൽ‍ അധികാരത്തിലേയ്ക്ക് മടങ്ങിവന്ന സർ‍ക്കാർ‍ വളരെ കാര്യക്ഷമമായി പ്രവർ‍ത്തിച്ച്, ദേശീയ തലത്തിൽ‍ ശ്രദ്ധ നേടിക്കൊണ്ട് മാത്രമേ തങ്ങളുടെ അരനൂറ്റാണ്ട് കാലത്തെ ഉരുക്ക് കോട്ടയായിരുന്ന ബംഗാളിൽ‍ പാർ‍ട്ടി ഏറ്റുവാങ്ങുന്ന വൻ‍ തിരിച്ചടിയിൽ‍ നിന്നും മുക്തി നേടുവാൻ‍ കഴിയൂ. സംസ്ഥാന പാർ‍ട്ടിയുടെ ശക്തികേന്ദ്രമായിട്ടുള്ള കണ്ണൂരിൽ‍ നിന്നും ഏറ്റവും കൂടുതൽ‍ കാലം സംസ്ഥാന സെക്രട്ടറിയായിരുന്ന ആളും പാർ‍ട്ടിയുടെ താൽ‍പ്പര്യങ്ങൾ‍ക്കായി മാധ്യമങ്ങളുടെയും മറ്റും വലിയ നിലയിലുള്ള വിമർ‍ശനങ്ങൾ‍ ഏറ്റുവാങ്ങിവന്നവ്യക്തിയും മാറിയ കാലത്തിനൊപ്പം പാർ‍ട്ടിയെ മാറ്റിയെടുക്കുവാൻ‍ മടികാണിക്കാത്ത നേതാവും കൂടിയായ പിണറായിയുടെ മുഖ്യമന്ത്രിയായിട്ടുള്ള പ്രവർ‍ത്തനങ്ങളെ പാർ‍ട്ടിക്കാർ‍ വലിയ പ്രതീക്ഷയോടെ കാണുക സ്വാഭാവികമാണ്. ഏറെ മുതിർ‍ന്ന സഖാവ് വിഎസ് പാർ‍ട്ടിക്ക് അതീതനായി പ്രവർ‍ത്തിക്കുന്നു എന്ന പരാതി പൊതു സമൂഹത്തിന്‍റെ കൈയ്യടി നേടുവാൻ‍ അദ്ദേഹത്തെ സഹായിച്ചു. അത്തരം അംഗീകാരങ്ങൾ പാർ‍ട്ടിക്കു സ്വന്തമാക്കി മാറ്റുന്നതിൽ‍ പരാജയപെടുന്നു എന്ന സാഹചര്യത്തിൽ‍, പാർ‍ട്ടിയുടെ അംഗങ്ങൾ‍ പിണറായിയുടെ സർ‍ക്കാരിലൂടെ പാർ‍ട്ടിക്ക് കൂടുതൽ‍ സ്വീകാര്യത നേടുവാൻ കഴിയുമെന്നും അത് സമൂഹത്തിനും മുതൽ‍ക്കൂട്ടായി മാറും എന്നാഗ്രഹിക്കുക സ്വാഭാവികമാണ്.

57ലെ കമ്യുണിസ്റ്റ് മന്ത്രിസഭക്ക് ശേഷം അധികാരത്തിൽ‍ എത്തിയ ഇരു കമ്യുണിസ്റ്റ് പാർ‍ട്ടികളും അവരുടെ മുൻ‍ നിലപാടുകളെ കൂടുതൽ‍ വ്യവസ്ഥാ പിതമാക്കി തീർ‍ക്കുവാൻ‍ ശ്രമിച്ചതായി കാണാം. അത്തരം തീരുമാനങ്ങളെ കമ്യുണിസ്റ്റ് പാർ‍ട്ടികൾ‍ ഇടതുപക്ഷ മുന്നണിയുടെ പ്രയോഗവൽ‍ക്കരണമായി വിശദീകരിച്ചു. അതുവഴി കൂടുതൽ‍ കരുത്തുള്ളവരായി നമ്മൾ മാറും എന്നാണ് അണികളെ ധരിപ്പിച്ചുവന്നത്. ഇത്തരം അടവുകൾ‍ പാർ‍ട്ടിയുടെ കരുത്തു വർദ്ധിപ്പിച്ചില്ല എന്ന് (കേരളത്തിലും പുറത്തും) തെഞ്ഞെടുപ്പു ഫലങ്ങൾ മാത്രമല്ല ദേശിയ−പ്രാദേശിക സമരങ്ങളും വിലയിരുത്തിയാൽ‍ മനസ്സിലാക്കാം. ഇതിനൊപ്പം പാർ‍ട്ടികളുടെ പഴയ കാല ഇടതുപക്ഷ വീക്ഷണത്തിൽ‍ തന്നെ വെള്ളം ചേർ‍ക്കുന്ന അവസ്ഥയിൽ‍ കാര്യങ്ങൾ‍ എത്തി. ഒരു വഴിക്ക് പ്രായോഗിക രാഷ്ട്രീയ കൂട്ടുകെട്ടുകളിലൂടെ അധികാരത്തിൽ‍ എത്തുക എന്ന അടവ് കേരളത്തിലും 2011 വരെ ബംഗാളിലും (ത്രിപുര എന്ന ചെറിയ സംസ്ഥാനത്തെ അവസ്ഥ അത്ര വലിയ ചലനങ്ങൾ‍ ആ പാർ‍ട്ടിക്ക് കൂടി നൽ‍കുന്നില്ല) വിജയിച്ചു എന്ന് പറയാം. എന്നാൽ‍ പാർ‍ട്ടിയുടെ വളർ‍ച്ച, അത് മുന്നോട്ടു വെക്കുന്ന ആശയങ്ങൾ‍, തുടങ്ങിയ വിഷയത്തിൽ‍ സംഘടന തിരിച്ചടികളെ നേരിടുകയായിരുന്നു. കമ്യുണിസ്റ്റ് പാർ‍ട്ടി ബംഗാളിലും കേരളത്തിലും നൽ‍കിയ സാമൂഹിക സംഭാവനകളെ ഓർ‍ത്തു കൊണ്ടുതന്നെ, ഇന്നു പാർ‍ട്ടി എത്തപെട്ട പ്രതിസന്ധികളെ മറികടക്കുവാൻ‍ ഉതകും വിധം കേരളത്തിലെ പിണറായി സർ‍ക്കാർ‍ കാര്യക്ഷമാകുന്നുവോ എന്ന വിലയിരുത്തലുകൾ‍ ഇടതുപക്ഷ പാർ‍ട്ടികളുടെ മാത്രം അഭ്യന്തര വിഷയത്തിനും അപ്പുറം കേരളത്തിലെയും ഇന്ത്യയിലെയും മത നിരപേക്ഷ രാഷ്ട്രീയത്തിന്‍റെ ഭാവിയെ ബാധിക്കുന്ന ഘടകമായി കാണേണ്ടതുണ്ട്.

ഇന്ത്യൻ‍ രാഷ്ട്രീയം ഇടതു−മധ്യവർ‍ഗ്ഗ−സോഷ്യലിസ്റ്റുകളിൽ‍ നിന്നും ഹൈന്ദവ മത മൗലിക വാദികളിലേക്ക് ചുവടുമാറിക്കഴിഞ്ഞു. അതിനുള്ള ശ്രമങ്ങൾ‍ ആദ്യ മന്ത്രി സഭയിൽ‍ത്തന്നെയുള്ള സവർ‍ണ്ണ ഹൈന്ദവതയുടെ വക്തക്കളായ ചില കോൺ‍ഗ്രസുകാരുടെ സമീപനങ്ങളിൽ കാണാം. ആദ്യ മന്ത്രിസഭയിലെ അംഗം ശ്യാമ പ്രസാദും സുഹൃത്തുകളും പിന്നീട് വാജ്പേയും സംഘവും അവരുടെ ആശയങ്ങൾ‍ കിട്ടിയ അവസരങ്ങളിൽ‍ വേണ്ടവണ്ണം പ്രയോഗിച്ചു. ഹിന്ദു ബിൽ‍ വൈകിച്ചതും അതിൽ‍ തെറ്റായ നിലപാടുകൾ‍ക്ക് ഇടം ഉണ്ടായതും അംബേദ്‌കറെ കോൺ‍ഗ്രസ് മന്ത്രിസഭയിൽ‍ നിന്ന് പുറത്തേയ്ക്ക് എത്തിച്ചതും അവസാനം അദ്ദേഹത്തെ രണ്ടു തെരഞ്ഞെടുപ്പുകളിലും ദയനീയമാം വണ്ണം പരാചയപെടുത്തിയതും സവർ‍ണ്ണ രാഷ്ട്രീയ ചിന്തകളുടെ ശ്രമഫലമായിരുന്നു. കമ്യുണിസ്റ്റ് പാർ‍ട്ടികളെ ആദ്യം ഹിന്ദി ബെൽ‍ട്ടിൽ‍നിന്നും പിന്നീട് അവരുടെ ശക്തി ദുർ‍ഗ്ഗങ്ങളിൽ‍ തന്നെ അപ്രസകതമാക്കുവനും ഇന്ത്യൻ‍ വലതു പക്ഷ രാഷ്ട്രീയം വിജയിക്കുന്പോൾ‍ തന്നെ ഇന്ത്യയുടെ egalitarian രാഷ്ട്രീയ ധാരയിലെ ഗാന്ധിയൻ‍−സോഷ്യലിസ്റ്റ് വേദികൾ‍ ക്ഷീണിക്കുകയാണ്. കമ്യുണിസ്റ്റ്കളും ഒപ്പം ഇടതു ഗ്രൂപ്പുകളിലെ കോൺ‍ഗ്രസ്−സോഷ്യലിസ്റ്റ് ചേരികളും അവരവരുടെ ശക്തി കേന്ദ്രങ്ങളിൽ‍ അവരുടെ പഴയ കാല സ്വാധീനം തിരിച്ചു പിടിക്കുവാൻ‍ കിട്ടുന്ന എതോരവസരത്തെയും ഫലപ്രദമായി ഉപയോഗിക്കാതെ ഈ പ്രതിസന്ധി മറികടക്കുവാൻ‍ കഴിയുകയില്ല.

കേരളത്തിൽ‍ കഴിഞ്ഞ മേയ് 25ന് അധികാരത്തിൽ‍ എത്തിയ ഇടതുപക്ഷ സർ‍ക്കാരിനു ലഭിച്ച വ്യക്തമായ നിയമ സഭയിലെ മുൻതൂക്കം, കഴിഞ്ഞ കോൺ‍ഗ്രസ് സർ‍ക്കാരിന്‍റെ വ്യാപകമായി തീർ‍ന്ന അഴിമതിക്കും ആർഎസ്എസ്സിന്‍റെ രാഷ്ട്രീയ അജണ്ടകൾ‍ക്ക് നവോഥാന പ്രസ്ഥാനങ്ങളുടെ ചരിത്രം ഉള്ള സംഘടനകളുടെ പിന്തുണയോടെ രാഷ്ട്രീയ രൂപം നേടുവാനുള്ള ശ്രമത്തിനും ഉള്ള രാഷ്ട്രീയ ജാഗ്രതയായി നമുക്ക് കാണാം. ജനങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുവാൻ ഇടതുപക്ഷ പ്രകടന പത്രിക ശ്രദ്ധിക്കുകയും ചെയ്തു. അതിന്‍റെ പിൻ‍ബലത്തിൽ‍ ഭരണം തുടരുന്ന കഴിഞ്ഞ ഒരു വർ‍ഷത്തെ സർ‍ക്കാരിന്റെ പ്രവർ‍ത്തന വിജയത്തെപ്പറ്റിയാണ് ഇടതുപക്ഷം സംസാരിക്കുന്നത്.

കേരളത്തിൽ‍ തുടരുന്ന ക്ഷേമ പെൻ‍ഷനുകൾ‍ 1100 രൂപയായി വർ‍ദ്ധിപ്പിച്ചത്, 40 ലക്ഷം ആളുകൾ‍ക്ക് പെൻ‍ഷനുകൾ‍ അവരുടെ വീടുകളിൽ‍ എത്തിച്ച തീരുമാനം, സിവിൽ‍സപ്ലൈയസ് വകുപ്പ് ശക്തമാക്കിയത്, വീടില്ലാത്തവർ‍ക്ക് വീട് (ലൈഫ്), ഹരിതകേരളം, ആർ‍ദ്രം സർ‍ക്കാർ‍ സ്കൂൾ‍ മെച്ചപെടുത്തൽ‍, അഴിമതി വിരുദ്ധ സമീപനം, നികുതി പിരുവ് കാര്യക്ഷമമാക്കൽ‍, സർ‍ക്കാർ‍ ഉദ്യോഗസ്ഥരോടുള്ള നടപടി (സംസ്ഥാന സർ‍വ്വീസ്) തുടങ്ങിയ വിഷയങ്ങളിൽ‍ പുതിയ സർ‍ക്കാർ‍ കൈക്കൊള്ളുന്ന നിലപാടുകളെ പറ്റി ഇടതുപക്ഷ പാർ‍ട്ടി ഊറ്റം കൊള്ളുന്നുണ്ട്. ഇതിനെതിരായി,  ഗുണപരമായി ഒന്നും ഈ നാട്ടിൽ‍ സംഭവിച്ചിട്ടില്ല എന്ന് പ്രതിപക്ഷ പാർ‍ട്ടികൾ‍ പല രൂപത്തിൽ‍ പറയുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി തങ്ങളുടെ ദേശീയ സർ‍ക്കാർ‍ നടപടികൾ‍ നാട്ടിൽ‍ എത്തിക്കുവാൻ‍ തടസ്സം നിൽ‍ക്കുന്നു എന്ന റോൾ‍ ആണ് കേരള സർ‍ക്കാർ‍ ചെയ്യുന്നത് എന്നു വിശദീകരിക്കുന്നു. കേരളത്തിലെ സർ‍ക്കാർ‍ വലിയ മാറ്റങ്ങൾ‍ക്ക് തുടക്കം കുറിച്ചു എന്ന് ഇടതു പാർ‍ട്ടികൾ‍ പറയുന്പോൾ‍ എതിർ‍പക്ഷം നേരെ വിപരീതമായ വാദങ്ങൾ‍ ഉയർ‍ത്തുന്നു. എന്നാൽ‍ രാഷ്ട്രീയ പ്രചാരകർക്കും അവരുടെ സുഹൃത്തുക്കൾ‍ക്കും പുറത്തു നിൽ‍ക്കുന്ന സാധാരണ ജനങ്ങൾ‍ക്ക് ഈ വ്യത്യസ്ത പക്ഷക്കരുടെ അഭിപ്രായത്തിൽ‍ നിന്നും വേറിട്ടതായി ചിലത് പറയാനുണ്ട്. അതായിരിക്കും യാഥാർത്ഥ്യത്തിനൊപ്പം കൂടുതൽ‍ അടുത്തുനിൽ‍ക്കുന്നതും.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവതരമായ പ്രശ്നം എന്ത് എന്ന ചോദ്യത്തിന് പലർ‍ക്കും പല ഉത്തരങ്ങൾ‍ കിട്ടാം. എന്നാൽ‍ ജനാധിപത്യത്തിൽ‍ അവസാന വാക്കായ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായവരുടെ പ്രശ്നങ്ങൾ‍ക്ക് മുൻ‍തൂക്കം കൊടുക്കുന്ന സംവിധാനം എന്ന അടിസ്ഥാനത്തിൽ‍ കേരള ഭരണം ആശാവഹമായല്ല പ്രവർ‍ത്തിക്കുന്നത്. അതിനുള്ള ഉത്തമ ഉദാഹരണമാണ് കേരള സാമൂഹത്തിൽ‍, 1980 നുശേഷം, വളരെ വേഗത്തിൽ‍ വർ‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്കിടയിലെ സാന്പത്തിക അന്തരം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഏറ്റവും കുറവുണ്ടായിരുന്ന കേരളത്തിൽ‍ രാജ്യത്തെ ഏറ്റവും പ്രതികൂലമായ തരത്തിൽ‍ സാന്പത്തിക അസന്തുലനം എന്ത് കാരണങ്ങൾ‍ കൊണ്ടായാലും വർദ്ധിക്കുന്നത്  തെറ്റായ പ്രവണതയേ സൂചിപ്പിക്കുന്നു.

പരിസ്ഥിതി സന്തുലനത്തെ മറന്നുള്ള വികസന നിലപാട് കേരളത്തെ വലിയ ദുരന്തങ്ങിലേയ്ക്ക് നയിക്കുന്പോൾ‍ അതിന്‍റെ അടിസ്ഥാന പ്രശ്നങ്ങളെ തൊട്ടറിയുന്ന തരത്തിൽ‍ ഇടപെടുവാൻ രാഷ്ട്രീയപാർ‍ട്ടികൾ‍ക്കും ഒപ്പം മറ്റു സംവിധാനങ്ങൾ‍ക്കും കഴിയുന്നില്ല.

വികസനത്തെ തെറ്റായി വിലയിരുത്തികൊണ്ട് സർ‍ക്കാരും അതിന്‍റെ മാതൃകകൾ‍ പിൻ‍പറ്റി സമൂഹവും കൊണ്ടു നടക്കുന്ന സങ്കൽ‍പ്പങ്ങൾ‍ പ്രകൃതി വിഭങ്ങളെവല്ലാതെ തകർ‍ക്കുന്നു എന്ന് ആത്മാർ‍ഥമായി മനസ്സിലാക്കി പ്രവർ‍ത്തിക്കുവാൻ‍ മുന്നണികൾ‍ പരാജയപ്പെട്ടു. ഇന്ത്യയിൽ‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് കേരളീയർ‍ സമ്മതിച്ചു തരുവാൻ‍ ഇടയില്ല. കാരണം കേരളത്തിലെ സർ‍ക്കാർ‍ സംവിധാനങ്ങളെ മെച്ചപ്പെട്ട നിലയിൽ‍ കാണുവാൻ‍ നല്ല വിഭാഗം ജനങ്ങളും തയ്യാറാകുമെന്നു തോന്നുന്നില്ല. അഴിമതിയുടെ വിഷയത്തിൽ‍ മുൻപന്തിയിൽ‍ ത്രിതല പഞ്ചായത്തുകളാണ് എന്ന കണ്ടെത്തൽ‍ ചർ‍ച്ചയായി ഉയർ‍ത്തുവാൻ‍ സർ‍ക്കാർ‍ തയ്യാറാകാത്തത് എന്തുകൊണ്ടായിരിക്കും? (എറ്റവും ജനകീയമായ പ്രാദേശികസഭയുടെ വകുപ്പ് അഴിമതിക്കു മുൻപിൽ എന്ന വാർത്ത ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്) 

വിദ്യാഭ്യാസ വിഷയത്തിൽ‍ കേരളം രാജ്യത്തിനു മാതൃകയായിരിക്കും എന്ന് പ്രതീക്ഷിക്കുക സ്വാഭാവികമാണ്. എന്നാൽ‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‍ ഭേദപ്പെട്ട സ്ഥാനം നേടുവാൻ‍ കേരളത്തിന് കഴിയാതിരിക്കുന്പോൾ‍ ബംഗാളിലെയും പഞ്ചാബ്‌, ഡൽ‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സർ‍വ്വകലാശാലകൾ‍, കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ‍ മുൻപന്തിയിൽ‍ സ്ഥാനം നേടുന്നു. മത്സര പരീക്ഷകളിലും ലോകോത്തര സർ‍വ്വകലാശാലയിലുമുള്ള പ്രവേശനത്തിൽ കേരളത്തിൽ‍ പഠിക്കുന്ന കുട്ടികൾ‍ പിൻതള്ളപ്പെടുന്നു. കച്ചവടം ലക്ഷ്യമാക്കി പ്രവർ‍ത്തിച്ചു തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾ‍ സമൂഹത്തിനു ഭീഷണിയാകുന്ന അവസ്ഥയിൽ‍ പോലും സർ‍ക്കാർ‍ നിസ്സംഗരാകുന്ന സംവിധാനം അവസാനിപ്പിക്കുവാൻ‍ ആരും തന്നെ ശക്തമായി സംഘടിക്കുന്നില്ല. നിയമനങ്ങളിലെ കോഴ, സംവരണം അട്ടിമറിക്കൽ‍ തുടങ്ങിയ 60 വർ‍ഷം പിന്നിട്ട വിഷയങ്ങളിൽ‍ ഒരടിപോലും മുന്നോട്ടു വെയ്ക്കുവാൻ ഇടതു രാഷ്ട്രീയവും വിമുഖത കാട്ടുന്നു.

ഭൂമിയുടെ വിഷയം ഏറ്റവും ചർ‍ച്ച ചെയ്ത കേരളത്തിൽ‍, ഭൂപരിഷ്ക്കരണം, അതിലൂടെ തുണ്ടുവൽ‍ക്കരിക്കപെട്ട കൃഷി സ്ഥലം, അതിലെ കാർ‍ഷിക ബന്ധങ്ങൾ‍, ഭൂ പരിധിയിൽ‍ പെടാത്ത തോട്ട ഭൂമി, അതിലെ തൊഴിലാളികൾ‍, പശ്ചിമഘട്ട മലകളും അതിന്‍റെ ശോഷണവും തുടങ്ങിയ വിഷയങ്ങളിൽ കമ്യുണിസ്റ്റ് പാർ‍ട്ടികൾ‍ക്ക് പോലും ആരോഗ്യകരമായി പരിഹരിക്കുവാൻ‍ താൽപര്യം (കരുത്ത്) നഷ്ടപ്പെട്ട അവസ്ഥ.

കേരളത്തിലെ ആരോഗ്യരംഗം ഒരേ സമയം രണ്ടു പ്രവണതകളെ നേരിടുന്നു. നൂറ്റാണ്ടിലധികമായി പ്രവർ‍ത്തിക്കുന്ന ജനകീയ ആരോഗ്യ നയം. ഉയർ‍ന്ന ആയുർ‍ദൈർ‍ഘ്യം, ഒപ്പം ഉയർ‍ന്ന രോഗാതുരത എന്ന സവിശേഷ സാഹചര്യം കേരളത്തെ കഴിഞ്ഞ കാൽ‍ നൂറ്റാണ്ടായി ബാധിച്ചു. ആഗോള വൽ‍ക്കരണ കാലത്ത് സ്വകാര്യ ആശുപത്രികൾ‍ വർ‍ദ്ധിക്കുകയും അവരുട ചൂഷണത്തിൽ‍ പുതിയ തരം പ്രശ്നങ്ങൾ‍ ആരോഗ്യ രംഗത്ത്‌ ഉണ്ടാകുകയും ചെയ്തു.അമിത ഉത്്കണ്ഠയെ ഉപയോഗപ്പെടുത്തി നടത്തുന്ന അനാവശ്യ പരീക്ഷണങ്ങളും അമിത മരുന്ന് പ്രയോഗവും ചികിത്സാ ചെലവുകൾ‍ വർ‍ദ്ധിപ്പിക്കുന്ന അവസ്ഥയിൽ‍ കാര്യങ്ങളെ എത്തിച്ചു. അങ്ങനെആരോഗ്യ രംഗത്തെ  കൊള്ള നടത്തുവാനുള്ള മറ്റൊരു അവസര
മാക്കി മാറ്റുവാൻ‍ സ്വകാര്യ വ്യക്തികൾ‍ക്ക് കഴിഞ്ഞു.  

കേരളത്തിലെ നല്ല പങ്കുജനങ്ങളും  മധ്യവർ‍ഗ്ഗ സ്വഭാവം കാണിക്കുന്നവരാണ്. (സാന്പത്തികമായി മിഡിൽ ക്ലാസ് അല്ലാത്തവർ കൂടി) അങ്ങനെ നോക്കുന്പോൾ‍ അവരുടെ പ്രശ്നങ്ങൾ‍ ഒരു പക്ഷേ ഭൂമി, കുടിവെള്ളം, പാർ‍പ്പിടം തുടങ്ങിയ വിഷയങ്ങൾ‍ അല്ല എന്ന് തോന്നാം. ജനസംഖ്യയിൽ‍ 11% വരുന്ന ദളിത്‌ ആദിവാസി വിഭാഗം എണ്ണത്തിൽ‍ ന്യൂനപക്ഷമെങ്കിലും അവരുടെ വിഷയങ്ങളെ ഗൗരവതരമായി പരിഗണിക്കുവാൻ‍ കേരള സർ‍ക്കാരിനും അതിന്‍റെ ഭാഗമായ സർ‍ക്കാർ‍ മെഷിനറിക്കും കഴിയാതിരിക്കുന്നത് സർ‍ക്കാരിനെ നിയന്ത്രിക്കുന്ന മധ്യവർ‍ഗ്ഗ താൽപര്യങ്ങൾ‍ കൊണ്ടാണ്. ഈ അവസ്ഥകൾ‍ കേരളത്തിനെ വളരെ അപകടകരമായ നിരവധി പ്രശ്നങ്ങളിലേയ്ക്ക് നയിച്ചു.

കേരളത്തിന്‍റെ വർ‍ദ്ധിച്ച മാർ‍ക്കറ്റ് ലോകവും അതിനനുബന്ധമായ ഉപഭോഗ തൃഷ്ണയും വലിയ വിഭാഗം ജനങ്ങളെയും കടക്കാരാക്കി. ഊഹ വിപണി രംഗത്തെ ചൂതാട്ട സംസ്കാരം സാമൂഹിക മൂല്യങ്ങളിൽ‍ ക്ഷതം ഏൽ‍പ്പിക്കുന്നു. സാമൂഹിക പ്രവർ‍ത്തനം ഒരു ത്യാഗമല്ല എന്നും അത്തരം പ്രവത്തനങ്ങൾ‍ സമൂഹത്തിൽ‍ സ്ഥാന ലബ്ദിക്കുള്ള കുറുക്കുവഴികളായി കണ്ടുവരുന്ന വരുടെ സ്വാധീനം എല്ലാ രംഗങ്ങളിലും ഉണ്ടാകുന്നു.

മധ്യ വർ‍ഗ്ഗത്തിന് സമൂഹത്തിൽ‍ ഉള്ള വർ‍ദ്ധിച്ച പങ്കാളിത്തം, തൊഴിൽ‍ രാഹിത്യം, സാന്പത്തിക ആധിപത്യം, സാംസ്‌കാരിക പിന്നോട്ടടികൾ‍, തുടങ്ങിയവ ജനങ്ങളെ രാഷ്ട്രീയസംസ്കാരത്തിൽ‍ നിന്നും അകറ്റുകയും അവരെ മത−ജാതി ബോധത്തിലേയ്ക്ക്‌ കൂടുതൽ‍ അടുപ്പിക്കുകയും ചെയ്തു. മത വിശ്വാസം കൂടുതൽ‍ അന്തർ‍ദേശീയവൽ‍ക്കരിക്കപ്പെടുകയും മധ്യവർ‍ഗ്ഗം വ്യാപകമായി അവരുടെതെന്ന് ചിലർ‍ പറഞ്ഞു പരത്തുന്ന സ്വത്വ ബോധത്തിൽ‍ അഭിമാനം കണ്ടെത്തുന്നവരായി മാറി.  

വിദ്യാഭ്യസരംഗത്ത് വലിയ ശതമാനകണക്കുകൾ പറയാനുണ്ട്.. എന്നാൽ പണ സ്വാധീനത്തിലും മറ്റും നട്ടം തിരിയുന്ന വിദ്യാഭ്യാസ രംഗം.

എല്ലാവർക്കും ആരോഗ്യം എന്ന മുദ്രാവാക്യം പ്രയോഗത്തിൽ കൊണ്ടുവന്ന ചികിത്സാ രംഗം പക്ഷേ   കച്ചവടക്കാർ നിയന്ത്രിക്കുന്ന അവസ്ഥ.

കാർഷിക തൊഴിലാളി പെൻ‍ഷനും മറ്റ് അംഗീകാരങ്ങളും  നേടിയ നാട്ടിൽ ഭൂമിയുടെ വൻ ഊഹ വിപണി.

ഏറ്റവും കൂടുതൽ (ജനസംഖ്യാനുപാതികമായി) സർ‍ക്കാർ വകുപ്പുകൾ ഉള്ള നാട്ടിൽ മാതൃകയാകുവാൻ‍ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥ സംവിധാനം.

മാറി മാറി വന്ന സർക്കാരുകൾ, അതിൽ തന്നെ ഇടതുപക്ഷ സർക്കാർ കേരളത്തിന്റെ സുസ്തിര വികസത്തെ പറ്റി പരന്പരാഗത മാർഗ്ഗങ്ങളെ കൈ ഒഴിഞ്ഞ്, ഗൗരവതരമായ നിലപാടുകൾ എടുക്കുന്നു എന്ന് പറയാവുന്ന പദ്ധതികൾ അവരുടെ സമീപനങ്ങളിൽ ഇടം നേടിയിട്ടില്ല. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമല്ല പല പദ്ധതികളും. അടിസ്ഥാന പ്രശ്നങ്ങളെ തൊട്ടറിഞ്ഞു മനസ്സിലാക്കിക്കൊണ്ടുള്ള വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കുവാൻ സർക്കാർ മടിക്കുകയാണ്.

കേരളം ഇന്നു നേരിടുന്ന ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളെ സമയ ബന്ധിതമായി കണ്ടു മനസ്സിലാക്കി പരിഹരിക്കുവാൻ‍ ആവശ്യമായ ഇശ്ചാശക്തി 57നു ശേഷമുള്ള സർ‍ക്കാരുകൾ‍ പ്രകടിപ്പിച്ചിട്ടില്ല എന്ന വസ്തുത ഇന്നത്തെ ഇടതുപക്ഷ സർ‍ക്കാർ‍ തിരിച്ചറിഞ്ഞ് കമ്യുണിസ്റ്റ് പാർ‍ട്ടി പറഞ്ഞു വന്ന സാമൂഹിക വിപ്ലവത്തിലേയ്ക്ക് കേരളത്തെ എത്തിക്കുവാൻ‍ ആവശ്യമായ സമീപനങ്ങൾ ഉണ്ടാകണം. അത്തരത്തിൽ‍ ഉണർ‍ന്നു പ്രവർ‍ത്തിക്കുവാൻ‍ പിണറായി സർ‍ക്കാരിനു കഴിഞ്ഞില്ല എങ്കിൽ വരും നാളുകൾ‍, കേരളത്തിനും ഒപ്പം ഇന്ത്യൻ‍ ഇടതു പക്ഷത്തിനും കൂടുതൽ തിരിച്ചടികളുടേതായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed