വരൾച്ച ബാധിച്ച കേരളം
ഇ.പി അനിൽ
കേരളത്തെപറ്റിയുള്ള ഓർമ്മകളിൽ ഏറ്റവും അധികം വിഷയീഭവിച്ചിട്ടുള്ളത് മഴയും അനുബന്ധ സംഭവങ്ങളുമാണ്. ഇടവപ്പാതിയും തുലാവർഷവും ചിലരെ സന്തോഷിപ്പിച്ചിരുന്നു എങ്കിൽ മറ്റു ചിലർക്ക് അത് വറുതിയുടെ കാലമായിരുന്നു. എന്നാൽ ആ മഴക്കാലം കാർഷിക വൃത്തിക്കായി പ്രകൃതി നടത്തുന്ന തയ്യാറെടുപ്പാണെന്ന് നാട്ടുകാർ മനസ്സിലാക്കി.
ഇതിനുമുന്‍പ് നാട്ടിൽ കാണുവാൻ കഴിയാത്ത നിരവധി പക്ഷികളെ ഇന്നു കാണുവാൻ കഴിയും. മഴ കുറവുള്ള ഇടങ്ങളിൽ മാത്രം കണ്ടിരുന്ന മയിൽ, ചാരക്കൊക്ക്, വർണ്ണകൊക്ക് തുടങ്ങിയ ഒരു ഡസനിലധികം പറവകൾ നമ്മുടെ നാട്ടിൽ ഇന്നുണ്ട്. മരുഭൂമിയിൽ കണ്ടുവരുന്ന ചിലതരം മുൾച്ചെടികൾ കൂടുതലായി വളരുന്നതും കേരളത്തിന്‍റെ കാലാവസ്ഥയിൽ തക്കതായ മാറ്റങ്ങൾ സംഭവിക്കുന്നു എന്നതിനുള്ള ഉത്തമ തെളിവാണ്. കേരളത്തിന്‍റെ ഋതുക്കളുടെ സ്വഭാവങ്ങൾ മാറിയിട്ടുണ്ട് എന്ന് പറയുവാൻ കാരണമായ നിരവധി വാർത്തകൾ വരുന്നു. പുനലൂരിലും പാലക്കാട്ടും (അടുത്ത പ്രദേശങ്ങളിലും) ഉണ്ടായിരുന്ന ചൂടുകാറ്റും വരണ്ട കാലാവസ്ഥയും നാട്ടിലാകെ വ്യാപിച്ചു.
കാർഷികവൃത്തി പ്രാധന മേഖലയായ ഇന്ത്യയിൽ കാലാവസ്ഥവ്യതിയാനം ജീവ ജാലങ്ങളെ മാത്രമല്ല കാർഷിക രംഗത്തെയും സ്വാധീനിക്കുന്നു. ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ കാർഷിക രംഗത്തിന് (വിശിഷ്യ ജലസേചനത്തിന്) വളരെ പ്രധാന സ്ഥാനം നൽകുവാൻ ശ്രമിച്ചു എങ്കിലും 40% കൃഷികളും സ്വാഭാവിക ജലലഭ്യതയെ മുൻ നിർത്തിയാണ് ഇന്നും നടക്കുന്നത്. (തെക്കു പടിഞ്ഞാറൻ മൺസൂണും തുലാമാസത്തിലെ വടക്കുകിഴക്കൻ മൺസൂണും). ഈ രണ്ടു മഴക്കാലവും പ്രാദേശികമായി വ്യത്യാസ പെട്ടിരിക്കുന്നു. ഇന്ത്യയിൽ ലഭിക്കുന്ന ശരാശരി മഴ 1600മില്ലിമീറ്റർ ആണെങ്കിൽ കേരളത്തിൽ അത് 3000 മില്ലിമീറ്റർ ആണ്. രാജസ്ഥാനിൽ 650 MM ഉം കർണ്ണാടക, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ ദ്വീപുകൾ തുടങ്ങിയ ഇടത്ത് 3000 MM ഉം മഴയുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം മേഘാലയിലെ മൗസിനരാം (11860MM). അതുകഴിഞ്ഞാൽ ചിറാപുഞ്ചിയും 11650 MM കർണ്ണാടകത്തിലെ അകുംബയും 7000 MM ആണ്. കേരളത്തിൽ ലക്കിഡിയിൽ 6500 MM ഉം തിരുവനന്തപുരത്ത് 1200−1600 MM ഉം മഴ പെയ്യുന്നു.
മൺസൂൺ മഴകൾ നമുക്ക് എത്തിച്ചു തരുന്ന മഴക്കാറ്റ് പെസഫിക്ക് തീരങ്ങളിൽ നിന്നും ഇന്ത്യൻ ഉൾക്കടലുകൾ കടന്ന് ശ്രീലങ്കയിലൂടെ അറബിക്കടൽ വഴി കേരളത്തിൽ എത്തിച്ചേരുന്നു. ജൂൺ ഒന്നു മുതൽ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറൻ മൺസൂണിലൂടെയാണ് വാർഷിക വർഷപാതത്തിന്‍റെ 60%വും ലഭിക്കുന്നത്. കാറ്റിന്‍റെ ഗതി, അതിന്‍റെ വേഗത, നീരാവിയുടെ ഉള്ളടക്കം തുടങ്ങി നിരവധി ഘടകങ്ങൾ മഴയുടെ കാഠിന്യത്തെ തീരുമാനിക്കാറുണ്ട്. ഉദാഹരണമായി കാറ്റിന്‍റെ ഗതിയിൽ മാറ്റങ്ങൾ വരുത്തുന്ന EI-Niño പ്രതിഭാസം മഴയുടെ തോതു കുറക്കും. അതുപോലെ La-Niño അധിക മഴക്കവസരമൊരുക്കും. അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടാകുന്ന വൻ മഴയും കൊടുങ്കാറ്റും ക്യൂബയിലും കൊളംബിയയിലും ഏഷ്യയിലെ മരുഭൂമി മുതൽ ഡെൽറ്റാ പ്രദേശങ്ങളിൽ (ബംഗാൾ, ബീഹാർ, ആന്ധ്ര തുടങ്ങിയ) വരെ വരുത്തി വെയ്ക്കുന്ന നാശം കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്. കാലിഫോർണിയയിൽ തുടർച്ചയായി പടരുന്ന കാട്ടുതീ വൻദുരന്തമാണ്.
ലോകത്തെ വന നശീകരണം വലിയ മാറ്റങ്ങൾ വരുത്തി വെച്ച രണ്ടു രാജ്യങ്ങൾ ഗാബ്ബൻ ദ്വീപുകളും ഹൈതിയുമാണ്. ആഫ്രിക്കൻ രാജ്യങ്ങളും ഹിമാലയൻ ഗ്രാമങ്ങൾ, മാലി, പവിഴ− ദ്വീപുകൾ ഒക്കെ ഒരു തലമുറയ്ക്ക് തന്നെ കണ്ടു ബോധ്യപെടാവുന്ന തകർച്ചയിലാണ്. ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളുടെ ദ്വീപ്, ഗാബ്ബനിലെ വനങ്ങളുടെ നാശം കുടിവെള്ളക്ഷാമവും കൃഷി ഇടങ്ങൾ തരിശു ഭൂമിയായി തീരുവാനും വനങ്ങൾ തന്നെ ക്ഷയിക്കുവാനും കാരണമായി. അതുവഴി ഭക്ഷ്യക്ഷാമവും പുതിയ തരം അസുഖങ്ങളും വ്യാപകമായികഴിഞ്ഞു. ഹേയ്ത്തി ഇന്നു കേവലം മരുഭൂമിയായിതീർന്നു. രാജ്യത്തെ 2%ത്തിനടത്തു മാത്രം പച്ചപ്പുള്ള ഇടമായി ഹൈത്തി മാറി.
ഇന്ത്യൻ കലാവസ്ഥ വ്യതിയാനം വളരെ വലിയ വിള നാശത്തിനും ക്ഷാമം, തൊഴിൽ രഹിത്യം, വ്യവസായ രംഗത്ത് തിരിച്ചടികൾ തുടങ്ങിയവ സൃഷ്ടിക്കുന്നു. മൺസൂൺ മഴയുടെ തോതിൽ 10% കുറവ് കാർഷിക രംഗത്തു മാത്രം ഒരു ലക്ഷം കോടി രൂപയുടെ വിളനഷ്ടം ഉണ്ടാക്കും. കഴിഞ്ഞ 30 വർഷത്തിനിടയിൽ ആവർത്തിച്ചുള്ള വരൾച്ചാവർഷങ്ങൾ ഉണ്ടാകുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ പകുതിയിൽ കൂടുതൽ സംസ്ഥാനങ്ങളും വരൾച്ച ബാധിത പ്രദേശമായി മാറി എന്നു സർക്കാർ പ്രഖ്യാപിച്ചു. അതിന്‍റെ ഏറ്റവും വലിയ ഇരകളായത് UP, ഹരിയാന, മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലെ മറാട്ട പ്രദേശത്ത് തുടർച്ചയായി 5 വർഷം ഉണ്ടായ വളർച്ച ലക്ഷത്തിലധികം ആളുകളെ പ്രദേശം വിട്ടു പോകുവാൻ നിർബന്ധിതമാക്കി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക ജലസേചനത്തിനായി ഒരുക്കിയ പ്രദേശത്തെ ജനങ്ങളും നൽക്കാലികളും കൃഷിയും വൻ ജലക്ഷാമത്താൽ തിരിച്ചടി നേരിട്ടു. നാൽക്കാലികളെ ഉപേക്ഷിക്കുവാൻ കർഷകർ തയ്യാറാകേണ്ടിവന്നു. നർമ്മദയുടെ തീരങ്ങളിലെ ജനങ്ങളും ഇതിനു സമാനമായ അവസ്ഥയിലാണ്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശരാശരിയിൽ കുറവ് മഴ ലഭിക്കുന്ന പഞ്ചാബ് കാർഷിക രംഗത്ത് വലിയ കുതിച്ചു ചട്ടങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് സാർക്കാർ വാദം. ആധുനിക വളങ്ങൾ ഉപയോഗിച്ചുള്ള കൃഷി രീതികളും അതിന്‍റെ ഭാഗമായ വർദ്ധിച്ച ജല ഉപഭോഗവും പഞ്ചാബിനെ മരുഭൂമിയാക്കി. ഇന്ത്യൻ കൃഷിക്കാർ പ്രതിവർഷം 21 കോടി മെഗാ ലിറ്റർ ഉപയോഗിക്കുന്നു(3.5 കോടി ഹെക്ടർ) ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കേണ്ട പഴയ കാല ശീലങ്ങൾക്കു പകരം drip irrigation മുതലായ രീതികൾ നടപ്പിലാക്കാത്തത് അനാവശ്യമായി വെള്ളം പാഴകുവാൻ ഇടയുണ്ടാക്കുന്നുണ്ട്. പഞ്ചാബിൽ ഇതും കടന്ന് നെൽ കൃഷിയുടെ കാര്യത്തിൽ പറഞ്ഞാൽ, സംസ്ഥനത്ത് 18 ലക്ഷം ഹെക്ടർ നെല്ല് മാത്രം കൃഷി ചെയ്യുവാൻ ആവശ്യമായ ജലലഭ്യത ഉള്ളപ്പോൾ നെൽകൃഷി 28 ലക്ഷം ഹെക്ടറിലാണ് ഉള്ളത്. കൃഷിക്കാർ കിണറുകൾക്ക് പകരം കൂടുതൽ ആഴത്തിൽ നിന്നും വെള്ളം കിട്ടുവാനായി കുഴൽ കിണറുകൾ ഉപയോഗിക്കുവാൻ തുടങ്ങിയത് പഞ്ചാബിനെ ഭൂ ജല വിതാനം ഭീകരമായി കുറച്ചു. പഞ്ചാബിലെ കൃഷിയിടങ്ങൾ ഇക്കാലത്ത് രണ്ടുതരം ഭീഷണികൾ നേരിടുന്നു. മണ്ണിലെ അമിത വളപ്രയോഗം മണ്ണിന്‍റെ കരുത്തു ചോർത്തി കളഞ്ഞു. ഒപ്പം മണ്ണിനുള്ളിൽ ജലാംശം ഇല്ലാതെയായി. 5 നദികളുടെ നാട്ടിൽ മഴക്കാലത്തും വേനലിലും (മഞ്ഞുരുകൽ) സമൃദ്ധമായി വെള്ളം കിട്ടികൊണ്ടിരുന്നു എങ്കിൽ ഇപ്പോൾ നദികൾ വരണ്ടുണങ്ങി. ഇന്ത്യയുടെ ഭക്ഷ്യപാത്രം എന്ന ഖ്യാതി നേടിയ പഞ്ചാബിന്‍റെ വരൾച്ച രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയായി മാറിക്കഴിഞ്ഞു.
കേരളത്തിന് പച്ചക്കറിയും പഴവർഗ്ഗങ്ങളും നൽകി സഹായിക്കുന്ന കാവേരി തീരത്തെ കൃഷികൾ വരൾച്ചയിലൂടെ കരിഞ്ഞു വീണ സംഭവം തഞ്ചാവൂർ, തൃച്ചി തുടങ്ങിയ നാട്ടിലെ കർഷകരെ വൻ പ്രതിസന്ധിയിലെത്തിച്ചു. നിരവധി കർഷകർ കൃഷിയിടത്തു തന്നെ ആത്മാഹുതി വരുത്തി. കാവേരി നദീ തർക്കം സംസ്ഥാനങ്ങൾ തമ്മിൽ വലിയ സ്പർദ്‍ധകൾക്ക് ഇടം നൽകി.
മൺസൂൺ കാറ്റുകളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. അതിനുള്ള കാരണം ഹരിത വാതകങ്ങളുടെ വർദ്‍ധിച്ച സ്വാധീനമാണ്. അന്തരീക്ഷത്തിലെ താപനവും അതിനെ പ്രതിരോധിക്കുവാൻ പ്രകൃതിയുടെ ശേഷി കുറഞ്ഞതും മഴയുടെ ഗതിവിഗതികളെ മാറ്റിക്കഴിഞ്ഞു. ലോകത്താകെ ലഭിക്കുന്ന മഴയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ചില സ്ഥലങ്ങളിലെ മഴയുടെ സ്വഭാവ മാറ്റങ്ങൾ ജീവികളുടെയും സസ്യലതാതികളുടെയും നാശത്തിനുകാരണം ആകുന്നു. കേരളത്തിലെ കാലവസ്ഥാവ്യതിയാനം വ്യക്തമായി തുടങ്ങിയത് 1980കൾക്ക് ശേഷമാണ്. അതിനുള്ള കാരണം വനങ്ങളുടെ വലിയ തരത്തിലുള്ള നശീകരണമാണ് എന്ന് മനസ്സിലാക്കുവാൻ വലിയ പഠനങ്ങൾ ഇന്നാർക്കും ആവശ്യമില്ല. പശ്ചിമഘട്ടത്തിലെ തന്നെ ഏറ്റവും പ്രധാന വനങ്ങൾ ഉണ്ടായിരുന്ന പ്രദേശങ്ങൾ വെട്ടി വെളിപ്പിച്ചതിലൂടെ കേരളത്തിലെ ഒട്ടു മിക്ക പ്രദേശങ്ങളുടെയും കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിച്ചു. അതിനുള്ള നല്ല ഉദാഹരണമാണ് അട്ടപാടി. 4000 MM ലധികം മഴ ലഭിച്ചു വന്ന അട്ടപ്പാടിയിൽ ഇന്നു പകുതിയിൽ താഴെ മഴ മാത്രമാണ് കിട്ടുന്നത്. അവിടുത്തെ കുന്നുകൾ കയ്യേറ്റക്കാർ വെട്ടി വെളിപ്പിച്ചത് പ്രദേശത്ത് വലിയ വരൾച്ചക്കും ഒപ്പം ഭൂഗർഭ ജല വിതാനം കുറയുവാനും കാരണമായി. കാലാവസ്ഥയിൽ പ്രകടമായതും കൂടുതൽ പ്രതിസന്ധികൾ വരുത്തി വെയ്ക്കുന്നതുമായ സംഭവങ്ങൾ കൂടുതലായും കിഴക്കൻ മല നിരകളിലാണ് ഉണ്ടായത്. അത് അവിടുത്തെ തണുത്ത കാലാവസ്ഥയ്ക്കും സസ്യ ലതാതികൾ ശോഷിക്കുവാനും കൃഷി നാശത്തിനും ഇടം നൽകിയിട്ടുണ്ട്.
കേരളത്തിലെ വരൾച്ചയുടെ കാഠിന്യം മനസ്സിലാക്കുവാൻ ഏറ്റവും കുടുതൽ മഴ ലഭിക്കുന്ന നീരുറവകൾ ഉള്ള കാടുകളിലെ അവസ്ഥ പരിശോധിച്ചാൽ മതി. ഏറ്റവും നല്ല ഉദാഹരണമാണ് വയനാട് വനങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്(350sq.km). അവിടെ 220 ലധികം വെള്ളച്ചാട്ടങ്ങൾ ഉണ്ട്. അതിലും എത്രയോ അധികം അരുവികൾ സജീവമായി വയനാടിനെ കുളിരണിയിച്ചിരുന്നു. ബന്ദിപൂർ വനങ്ങളിൽ നിന്നും മറ്റും വന്യ ജീവികൾ വയനാടൻ കാടുകളിൽ ഡിസംബർ മാസം മുതൽ വന്ന് ആഹാരവും വെള്ളവും കണ്ടെത്തി മഴക്കാലമാകുന്പോൾ തങ്ങളുടെ തവലങ്ങളിലേയ്ക്ക് മടങ്ങി പോയിരുന്നു. ഈ വർഷം വയനാടിനെ ബാധിച്ച 74% കുറവ് മഴ, നൂറ്റാണ്ടുകൾ നീണ്ട ചരിത്രം ഉണ്ടായിരുന്ന വന്യ ജീവികളുടെ ദേശാടനത്തെ പ്രതികൂലമാക്കി. വേനൽക്കാലത്ത് കബനി നദി തീരത്ത് 800 നടത്തു ആനകൾ തന്പടിച്ചിരുന്നു. ഈ വർഷം അവരുടെ എണ്ണം 150 ലും താഴെയാണ്. ഈ കാലത്ത് 35 നടത്ത് ആനകൾ ചരിഞ്ഞു എന്ന വാർത്ത വരൾച്ചയുടെ കാഠിന്യത്തെ സൂചിപ്പിക്കുന്നു. ജനങ്ങളിൽ നിന്നും അകലം പാലിക്കുന്ന ഇഴജന്തുക്കളിൽ രാജവെന്പാലയെ പോലെയുള്ള ജീവികൾ വരെ വെള്ളവും ഇരയും തേടി ഗ്രാമങ്ങളിൽ എത്തേണ്ടി വരുന്നുണ്ട്. നാട്ടിൽ ഇറങ്ങുന്ന ആനകൾ ആളുകളെ ആക്രമിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു. അതിജീവനത്തിനായി മൃഗങ്ങളും മനുഷ്യരും തമ്മിലും മനുഷ്യർ തമ്മിലും പ്രശ്നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നു.
കേരളത്തിലെ വിളകൾ ഒട്ടുമിക്കതും വരൾച്ചയുടെ കെടുതിയിലാണ്. തെങ്ങുകളെ (കേരളത്തിൽ ഏകദേശം 15−18 കോടി തെങ്ങുകൾ) വരൾച്ച വളരെ പ്രതികൂലമായി ബാധിച്ചു. കുരുമുളകിന്‍റെ ഉത്പാദനത്തിൽ 30% വും ഏലം 40%, തേയിലയിൽ 15%വും കുറവ് ഉണ്ടായി.കേരളത്തിലെ 20000 ഹെക്ടർ സ്ഥലത്തെ കൃഷിനാശം ഏകദേശം 10000 കോടിയുടെ നഷ്ടം വരുത്തി വെക്കുന്നു. കേന്ദ്രംഅതിനു പകരം നൽകുന്ന നഷ്ടപരിഹാര തുക യഥാർത്ഥ തുകയുടെ 10% പോലും എത്തുകയില്ല. ടൂറിസം രംഗത്ത് ഉണ്ടാകുന്ന തിരിച്ചടി ഇതിലും രൂക്ഷമാണ്. വൈദ്യുതി ഉത്‌പാദനത്തിൽ 2000 മില്യൺ യൂണിറ്റ് കുറവ് വേനൽ മൂലം KSEBക്കുണ്ടായി. കുപ്പിവെള്ള വ്യവസായം തഴച്ചു വളരുവാൻ ഇടയാക്കിയ നാട്ടിൽ പ്രതിദിനം അതിന്‍റെ കച്ചവടം 7 കോടിയിൽ എത്തി.
നമ്മുടെ രണ്ടു മൺസൂൺ കാലങ്ങളിൽ ലഭിക്കുന്ന മഴയിൽ കഴിഞ്ഞ ഒരു നൂട്ടണ്ടിനിടയ്ക്ക് നാമ മാത്രമായ കുറവുണ്ട്. അതിനുള്ള കാരണങ്ങളിൽ പ്രധാനം മഴക്കാടുകൾ ഇല്ലാതെയാകുന്നതാണ്. നമ്മുടെ മഴയിലെ കുറ വിനേക്കാൾ കൂടുതൽ ജല ദൗർലഭ്യം അനുഭവിക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു. (ഈ വർഷം അനുഭവപ്പെട്ട 46% മഴക്കുറവ് പ്രശ്നം വളരെ വർദ്ധിപ്പിച്ചു എന്നത് നേരാണ്.) അതിനുള്ള കാരണങ്ങൾ ഗൗരവതാരമായി പരിഗണിക്കേണ്ടതാണ്. മഴയുടെ കുറവിനേക്കാൾ എന്തുകൊണ്ട് അതിനാനുപതികമാകുന്നതിനും അധികമായി വരൾച്ച നമ്മേ ബാധിച്ചു?
മണ്ണിൽ വീഴുന്ന വെള്ളത്തുള്ളികൾ നേരിട്ട് തറയിൽ വീഴാതെ മരച്ചില്ലകളിലും ഇലകളിലും മറ്റും തട്ടി ഭൂമിയിൽ പതിക്കുന്പോൾ അത് മണ്ണിളക്കാതെ വേഗത കുറഞ്ഞ് മണ്ണിനുള്ളിൽ കടക്കുവാൻ ശ്രമിക്കും. (ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചിയും കേരളംപോലെ ജലക്ഷാമം നേരിടുവാനുള്ള കാരണവും ഇതു തന്നെ).മണ്ണിനുമുകളിൽ വീണു കിടക്കുന്ന ഉണങ്ങിയ ഇലകളും മരച്ചില്ലകളും ഒരു സ്പോഞ്ച് പോലെ പ്രവർത്തിച്ച് വീഴുന്ന മഴതുള്ളികളെ ഈർപ്പമാക്കി മണ്ണിൽ പിടിച്ചു നിർ ത്തുന്നു. അങ്ങനെ ഭൂ അറകളിലേയ്ക്ക് വെള്ളം എത്തി മണ്ണിൽ വെള്ളത്തിന്‍റെ സാന്നിദ്ധ്യം ഉറപ്പിക്കും. മണ്ണിനടിയിലെ പാറകൾക്കിടയിൽ എത്തുന്ന വെള്ളം വർഷം മുഴവൻ ജലധാരയായി പ്രവർത്തിച്ചു നദികളെ നിത്യമായി ഒഴുകുന്നവായാക്കുന്നു(perinial). അതുവഴി വർഷം മുഴുവൻ നമ്മുടെ കുളങ്ങളിലും കിണറുകളിലും ഉറവകളിൽ നിന്നും വെള്ളം എത്തിചേരും. എന്നാൽ കാടുകൾ നശിക്കുന്പോൾ മഴ ഉണ്ടെങ്കിൽ തന്നെ ശക്തിയായി പതിക്കുന്ന വർഷം മണ്ണിനെ കുത്തിയിറക്കി നദികളിൽ എത്തിച്ച് പെട്ടന്ന് തന്നെ വെള്ളം കടലിൽ എത്തുവാൻ അവസരം ഉണ്ടാക്കുന്നു. കേരളത്തിന്‍റെ പൊതുവെ കൂടുതൽ ചരിഞ്ഞ ഭൂഘടനയിൽ, വെള്ളത്തിൽ 45% വെള്ളവും അതേ ദിവസം തീരപ്രദേശത്ത് എത്തി ഉപ്പു വെള്ളത്തിനൊപ്പം ലയിക്കുന്നു. ഇതിന്‍റെ വേഗത കുറയ്ക്കുന്ന കാടും പടലും വേരും തണലും മണ്ണിനു മുകളിൽ ഇല്ലാത്ത അവസ്ഥ ഭൂമിക്കുളിലേയ്ക്ക് ജലം ഇറങ്ങാതെ വെള്ളം ഒഴുകി പോകുവനെ സഹായിക്കൂ. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സാമിപ്യം മണ്ണിന്‍റെ നിരവധി സുഷിരങ്ങളെ കുറച്ച് മണ്ണിനു വെള്ളം വലിച്ചിറക്കുവാനുള്ള കഴിവ് നഷ്ടപെടുത്തും. (percolation capacity.)
കേരളത്തിന്‍റെ വികസനത്തെ പറ്റിയുള്ള തെറ്റായ സങ്കൽപ്പങ്ങൾ കേരളത്തെ വരൾച്ചയിലേയ്ക്ക് തള്ളി വിടുകയായിരുന്നു. നമ്മുടെ നെൽപ്പാടങ്ങളുടെ വിസ്തൃതി 1980ലെ 8 ലക്ഷം ഹെക്ടറിൽ നിന്നും 2 ലക്ഷത്തിലും താഴെ എത്തി. നെൽകൃഷി ഒഴിവാക്കുന്നതിനപ്പുറം, പാടം മണ്ണിട്ടു മൂടുന്നത് കേരളത്തിന്‍റെ കാലാവസ്ഥയിൽ പ്രത്യേകിച്ച് (ഇടനാട്ടിൽ) വൻ ജലക്ഷമാത്തിനും ജലജന്യ ജീവികളുടെ നാശത്തിനും കാരണമായി. ഒരു ഹെക്ടർ നെൽപ്പാടം 2 കോടി ലിറ്റർ വെള്ളം സംഭരിക്കുവാൻ വിജയിക്കുന്നുണ്ട്. അതിനൊപ്പമാണ് വെള്ളപ്പൊക്കം തടയുവാനുള്ള അതിന്‍റെ കഴിവും. 6 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ നികത്തിയ നമ്മൾ 6 ലക്ഷം x 2 കോടി ലിറ്റർ വെള്ളം മണ്ണിൽ ഉഴ്ന്നിറങ്ങുവാനുള്ള അവസരമാണ് നഷ്ടപെടുത്തിയത്. ഇതുപോലെയാണ് നദികൾ, കായലുകൾ, കണ്ടൽ കാടുകൾ മറ്റു ചതിപ്പ് പ്രദേശങ്ങൾ മൂടി കരഭൂമി ആക്കുന്ന പ്രവത്തനങ്ങൾ നാട്ടിൽ വരുത്തി വെയ്ക്കുന്ന ജലക്ഷാമം. കേരളത്തിലെ ഭൂഗർഭ ജല ലഭ്യത കുറഞ്ഞു വരുന്നു. 2004ൽ ജല ലഭ്യത 6229 MCM ആയിരുന്നു. ഇപ്പോൾ 6000MCM ത്തിലെത്തി.
കേരളം വലിയ ജലക്ഷാമത്തിലാണ്. ഇതിൽ നിന്നും മോചനം നേടുവാൻ വരൾച്ചയുടെ നാളുകളിൽ സർക്കാർ സംവിധാങ്ങളും മാധ്യമങ്ങളും കാട്ടുന്ന ഉത്്കണ്ഠകൾ ദീർഘവീക്ഷണത്തോടെയുള്ളതായിരിക്കണം. വ്യക്തികൾ മഴവെള്ളം ഭൂമിയിലേയ്ക്ക് ഇറക്കി വിട്ട് ഭൂമിയെ റീചാർജ്ജ് ചെയ്യുവാൻ അവരവരുടെ ഇടങ്ങളിൽ അവസരം ഉണ്ടാക്കണം. ഒരു വർഷം കേരളത്തിൽ പതിക്കുന്ന മഴവെള്ളം കേരളത്തെ 3 മീറ്റർ ഉയരത്തിൽ മുക്കുവാൻ തക്കമുള്ളതാണ്. നമ്മുടെ 44 നദികൾക്കും 70 ലക്ഷം കിണറുകൾക്കും 7 ലക്ഷധികം വരുന്ന കുളങ്ങൾക്കും വെള്ളം ശേഖരിക്കുവാനുള്ള കഴിവുകൾ വർദ്‍ധിപ്പിക്കുവാൻ ഉതകുന്ന പരിപാടികൾ ജനങ്ങളും സർക്കാരും ഏറ്റെടുത്തു ലക്ഷ്യത്തിൽ എത്തിക്കുകയാണ് അടിയന്തിരമായുള്ള നമ്മുടെ കടമ. അതിനൊപ്പം പ്രകൃതി സംരക്ഷണത്തിനു മുഖ്യ പരിഗണന കൊടുത്തുകൊണ്ടുള്ള വികസനമായിരിക്കണം സർക്കാരും ജനങ്ങളും ഇനിയുള്ള കാലത്തെങ്കിലും ആഗ്രഹിക്കേണ്ടത്.