സ്ത്രീത്വത്തെ മാനിക്കാത്ത സമൂഹം ജനാധിപത്യത്തെയും മാനിക്കുകയില്ല
സ്ത്രീകളെ സമൂഹത്തിന്റെ രണ്ടാം തരക്കാരായി പരിഗണിക്കുവാൻ കാരണമായതിൽ വലിയ പങ്കാളിത്തം വഹിച്ചത് മതങ്ങളാണെന്ന് പറയാറുണ്ട്. അതിന് പിന്നിൽ വസ്തുതകൾ കണ്ടെത്താൻ കഴിഞ്ഞേക്കാം. ഇന്നത്തെ നമ്മുടെ സമൂഹത്തിൽ പല വിഷയങ്ങളിലും മതങ്ങളുടെ സ്വാധീനത്തിൽ കുറവുണ്ടായതായി കാണാം. നിലവിലെ സമൂഹം ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. അതുകൊണ്ട് മതങ്ങൾ അവരുടെ പല നിലപാടുകളിലും മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതമായിട്ടുണ്ട്. മതങ്ങളുടെ അത്തരം നിലപാടുകളെ ആരോഗ്യപരമായ സമീപനമായി സമൂഹം വിലയിരുത്തുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയിട്ടുള്ള വിജയകരമായ ഇടപെടലുകൾ മതങ്ങളെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുകയുണ്ടായി. അത്തരം നവോത്ഥാന പ്രവർത്തനങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കൂടുതൽ ജനകീയമാക്കി. മറാത്തയിൽ മഹാത്മ ഫൂലെയുടെ ഇടപെടലുകൾ അംബേദ്കറുടെ പിൽക്കാല വളർച്ചയ്ക്ക് പ്രചോദനമായി മാറി. കേരളത്തിലെ നവോത്ഥാന നായകർ എല്ലാ ജാതിമതങ്ങളിലും ഉണ്ടാക്കിയ പരിവർത്തനങ്ങൾ പതുക്കെയാണെങ്കിലും അംഗീകരിക്കുവാൻ മതങ്ങളും മറ്റും തയ്യാറാകുന്നുണ്ട്.
ഇന്ത്യൻ ജനാധിപത്യത്തെ പറ്റി വാചാലമാകുന്ന ഇന്നത്തെ സമൂഹം സ്ത്രീകളുടെ അവകാശങ്ങളുടെ വിഷയങ്ങളോട് പിന്തിരിഞ്ഞു നിൽക്കുന്നു. നിയമ നിർമ്മാണ സഭയിൽ 33% സംവരണം വിഷയത്തിൽ മുതൽ വിവാഹ മോചനം, സർക്കാർ ഉദ്യോഗ അവസരങ്ങൾ, രക്ഷാധികാരം തുടങ്ങിയ ഇടങ്ങളിൽ സ്ത്രീകൾ പിന്നോക്ക അവസ്ഥയിൽ തുടരുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയ മണ്ധലങ്ങളിൽ വലത് വ്യതിയാനത്തെ വിമർശിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടികൾ സ്ത്രീ സമത്വത്തെ പറ്റി വിശദമായി സംസാരിക്കുവാൻ എന്നും മുന്നിലുണ്ട്. എന്നാൽ അവരും അധികാരത്തിൽ എത്തുന്പോൾ ആരോപണങ്ങൾക്ക് വിധേയരാകുന്നു എന്നത് ഗൗരവതരമായി കാണണം.
ജനാതിപത്യ സംവിധാനത്തിൽ അടിയുറച്ചു നിൽക്കുന്ന ആധുനിക ലോകത്ത് സ്ത്രീകൾ പഴയതിലും മെച്ചപ്പെട്ട അവസ്ഥയിൽ എത്തിയിട്ടുണ്ട് എന്ന് പറയാമെങ്കിലും അവർ ഇന്നും രണ്ടാം തരമായി തുടരുന്നതിൽ മുതലാളിത്തവും അതിന്റെ വിവിധ സ്ഥാപനങ്ങളും എന്തുകൊണ്ടാണ് പ്രധാന പങ്ക് വഹിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. സമൂഹത്തിലെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വനിതാ ദിനം കൊണ്ടാടുവാൻ തീരുമാനിക്കുന്നത് രണ്ടാം കമ്മ്യുണിസ്റ്റ് ഇന്റർനാഷണലിൽ വെച്ചാണ്. ഇവിടെ സ്ത്രീകളുടെ വിഷയത്തെ കൂടുതൽ കരുതലോടെ കാണുവാൻ തൊഴിലാളി സംവിധാനങ്ങൾ തയ്യാറായത് 50% വരുന്ന അംഗങ്ങളായ സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിച്ച് കിട്ടുക എന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് എന്ന് മനസ്സിലാക്കാം. സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്റെ വളർച്ചയെ സഹായിക്കും എന്ന നിഗമനം മുതലാളിത്തത്തെ കൂടുതൽ സ്ത്രീ സൗഹൃദമാകുവാൻ നിർബന്ധിതമാക്കി. സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്നതിൽ യൂറോപ്യൻ രാജ്യങ്ങൾ എടുത്ത വേഗത അമേരിക്ക കാട്ടിയിരുന്നില്ല. ചൂഷണത്തെ മുഖ്യ ഉപാധിയായി കാണുന്ന മുതലാളിത്തത്തെ സംബന്ധിച്ച് ഏറ്റവും കുറവ് വേതനത്തിൽ ലഭ്യമായ ഒരു കൂട്ടം തൊഴിലാളികളുടെ മാനവിക അവകാശങ്ങളെ അത്ര കണ്ട് മുതലാളിത്തം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലല്ലോ. എന്നാൽ തൊഴിലാളികൾക്ക് വേണ്ടി അധികാരം കയ്യടക്കുവാൻ പ്രയത്നിച്ച തൊഴിലാളിവർഗ്ഗ ഭരണകൂടങ്ങൾ സ്ത്രീകൾക്ക് തുല്യ വേതനം, പ്രസവ ആനുകൂല്യങ്ങൾ, ക്രഷ്, പെൻഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേകം പരിഗണനകൾ നൽകി.
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം മുതലാളിത്തം മുന്നോട്ട് വെച്ച ക്ഷേമ സങ്കൽപ്പങ്ങളിൽ സ്ത്രീ സമൂഹത്തിന് പ്രധാന സ്ഥാനം ഉണ്ടായതായി കാണാം. ഈ നിലപാട് യൂറോപ്യൻ ജീവിതത്തിന്റെ ഗുണനിലവാരം ഉയരുന്നതിൽ നല്ല പങ്കാണ് വഹിച്ചത്. സാക്ഷരത മുതൽ അനാചാരവിരുദ്ധത, തൊഴിൽ എടുക്കുവാനുള്ള അവകാശങ്ങൾ തുടങ്ങിയ വിഷങ്ങളിൽ സ്ത്രീകൾക്ക് നല്ലപങ്കാളിത്തം ലഭിച്ചു. യൂറോപ്യൻ സ്ത്രീ സമൂഹം മറ്റ് രാജ്യങ്ങളെക്കാൾ മെച്ചപ്പെട്ട നേട്ടങ്ങൾ നേടുവാനുള്ള കാരണങ്ങളിൽ പ്രധാനമായത് ലോകത്തെ പിടിച്ചു കുലുക്കിയ പല സമരങ്ങളിലും സ്ത്രീകൾക്ക് മുന്തിയ സ്ഥാനം വഹിക്കുവാൻ കഴിഞ്ഞതിനാലാണ്. (അമേരിക്കയിൽ യാത്ര അവകാശങ്ങൾക്കായുള്ള സമരത്തിൽ സ്ത്രീകൾക്ക് ഉണ്ടായ പ്രാധാന്യം (montgomery bus boycott), കാലിഫോർണിയയിൽ നടന്ന grapes boycott സമരം ലോകത്തെ വിവിധ രാജ്യങ്ങളിൽ സ്ത്രീകളുടെ യശസ്സ് വർദ്ധിപ്പിച്ചു). ആഫ്രിക്കയിൽ പിൽക്കാലത്ത് ശക്തമായ അപ്പാർത്തിഡ് വിരുദ്ധ സമരത്തിൽ സ്ത്രീകൾ മുന്നിൽ ഉണ്ടായിരുന്നു. വൻഗാമാതാ കെനിയയിൽ നടത്തിയ സമരവും സ്ത്രീ ശാക്തീകരണത്തെ സഹായിച്ചു. ഐസ് ലാൻഡിലെ സ്ത്രീകൾ തൊഴിൽ ഇടങ്ങളിൽ രണ്ടാം തരം പൗരരായിരുന്നു. തങ്ങൾ അനുഭവിച്ച അവഗണനയ്ക്കെതിരെ രാജ്യത്തെ 95% സ്ത്രീകൾ നടത്തിയ 1975 ഒക്ടോബർ 24ാം തീയ്യതിയിലെ സമരം ലോകത്തെ സ്ത്രീ സമൂഹത്തിന് വലിയ പാഠമാണ്. അവരുടെ ഒറ്റക്കെട്ടായ സമരം തൊഴിൽ രംഗത്ത് ഉണ്ടായിരുന്ന വേതന വ്യത്യാസം അവസാനിപ്പിക്കുവാൻ കാരണമായി. സ്ത്രീകൾക്ക് ഒട്ടെറെ അവകാശങ്ങൾ അനുവദിക്കുവാൻ രാജ്യം നിർബന്ധിതമായി. അവരുടെ വിജയകരമായ ഒത്തൊരുമയോടെയുള്ള സമരം സ്ത്രീകളുടെ പ്രതിനിധിയെ രാജ്യത്തെ പ്രഥമ സ്ഥാനത്ത് എത്തിച്ചു. ഇന്ന് ലോകത്ത് മാതൃകാപരമായി സ്ത്രീ-പുരുഷ സമത്വം നിയമത്തിന് മുന്നിൽ മാത്രമല്ല സമൂഹത്തിലും പാലിക്കുവാൻ കഴിയുന്ന രാജ്യമായി ഐസ്ലാൻഡ് മാറിയിരിക്കുന്നു.
യൂറോപ്പിലെ സ്ത്രീ സമൂഹം വളരെ മെച്ചപ്പെട്ട അവസ്ഥയിൽ എത്തി എന്ന് പറയുന്നു എങ്കിലും ഇന്നും അവർ പല തരത്തിലും ഉള്ള അവഗണനകൾ അനുഭവിക്കുന്നുണ്ട്. ക്ഷേമ സങ്കൽപ്പങ്ങളിൽ അടിയുറച്ചു നിൽക്കുന്ന രാജ്യങ്ങളിൽ പലയിടത്തും വേതന വ്യത്യാസം ഇന്നും നിലനിൽക്കുന്നു. വ്യവസായങ്ങളുടെ ഉടമസ്ഥതയിൽ, ഭൂമിയുടെ അവകാശങ്ങളിൽ, വി.ഐ.പി തൊഴിൽ രംഗത്ത്, പൗരോഹിത്യ വിഷയങ്ങളിലെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ അവർക്ക് തുല്യ അവസരങ്ങൾ ലഭ്യമല്ല എന്ന് തെളിയിക്കുന്നു. അമേരിക്കൻ പ്രസിഡണ്ടിന്റെ തിരഞ്ഞെടുപ്പ് തന്നെ സ്ത്രീകളുടെ തുല്യ അവസര നിക്ഷേധത്തെ സൂചിപ്പിക്കുന്നു. നമ്മുടെ രാജ്യത്തേക്ക് വന്നാൽ സ്ത്രീ സമത്വാവകാശങ്ങൾ വളരെയധികം അവഗണിക്കപ്പെടുന്നു എന്ന് വളരെ വ്യക്തമാണ്. ഇന്ത്യൻ ഭരണ ഘടന സമത്വത്തിന്റെ പ്രാധാന്യത്തെ പറ്റി സൂചിപ്പിക്കുന്നുണ്ട്. (ആർട്ടിക്കിൾ 15(1)). ആർട്ടിക്കിൾ 15(3) സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം നിയമ പരിരക്ഷ നൽകുന്നുണ്ട്. ഏത് തൊഴിലിനും അവസരം ഏവർക്കും നൽകുന്ന ആർട്ടിക്കിൾ 16, ജീവിക്കുവാൻ ആവശ്യമായ തുല്യ അവസരം (ആർട്ടിക്കിൾ 39എ), തുല്യ വേതനം (ആർട്ടിക്കിൾ 39ഡി), പ്രസവ ആനുകൂല്യങ്ങൾ, സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുവാൻ അവസരം, പഞ്ചായത്ത് തലത്തിൽ സംവരണം തുടങ്ങി നമ്മുടെ ഭരണ ഘടന സ്ത്രീകൾക്ക് പ്രത്യകം അവകാശങ്ങൾ നൽകി അവർക്ക് കൂടുതൽ സുരക്ഷിതമായ അവസരങ്ങൾ ഒരുക്കും എന്ന് ഉറപ്പ് നൽകുന്നു. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നിരവധി നിയമങ്ങളും സ്ത്രീ തൊഴിലാളികൾക്കായി 8 നിയമങ്ങളും വിവാഹവുമായി ബന്ധപ്പെട്ട് 21 നിയമങ്ങളും നമ്മുടെ സർക്കാർ ഉണ്ടാക്കിയിട്ടുണ്ട്. ഏതിനും പുറമേ കുട്ടികൾക്കായി പ്രത്യേക നിയമങ്ങളും നിലവിലുണ്ട്. എന്നാൽ ഇന്ത്യയുടെ പൊതു സാമൂഹിക പശ്ചാത്തലം സ്ത്രീ വിരുദ്ധമായി തുടരുകയാണ്.
രാജ്യത്തെ വിദ്യാഭ്യാസ രംഗം പരിശോധിച്ചാൽ (താഴെ തട്ടിൽ നിന്നും സർവ്വകലാശാല വരെ) സ്ത്രീകളുടെ പിന്നോക്കാവസ്ഥ വ്യക്തമാക്കപ്പെടും. വിദ്യാലയത്തിൽ നിന്നുമുള്ള കൊഴിഞ്ഞു പോക്കിൽ അവർ മുന്നിലാണ്. സർവ്വകലാശാലയിലെത്തുന്പോൾ അന്തരം ഏറെ കൂടുന്നു.
ആരോഗ്യ സ്ഥിതി പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വിളർച്ചാ രോഗം ബാധിച്ചവർ വനിതകളാണ്. രാജ്യത്തെ 50%ത്തിലധികം ആളുകൾ പണിചെയ്യുന്ന കാർഷിക രംഗത്താണ് ഏറ്റവും കൂടുതൽ സ്ത്രീകൾ പണിചെയ്യുന്നത്.അവിടെ അവർക്ക് താഴ്ന്ന വേതനം മാത്രം ലഭിക്കുന്നു.
സ്ത്രീകൾ കൂടുതലായി പങ്കെടുത്തിരുന്ന പരന്പരാഗത മേഖലയുടെ തകർച്ച ഏറെ ബാധിച്ചിരിക്കുന്നത് സ്ത്രീകളെതന്നെയാണ്. ശൗചാലയങ്ങളുടെ അവസ്ഥ, വരൾച്ച തുടങ്ങിയ പ്രശ്നങ്ങൾ ആദ്യം സ്ത്രീകളിലും കുട്ടികളിലും രോഗാതുരത വർദ്ധിപ്പിക്കുന്നു. വൈദ്യുതി എത്തിച്ചേർന്നിട്ടില്ലാത്ത ഗ്രാമങ്ങൾ, വൃത്തിയും വായുസഞ്ചാരം ലഭിക്കാത്ത അടുക്കളകളും മറ്റും വീട്ടമ്മമാരുടെ ഇടയിൽ ആസ്ത്മ, ശ്വാസകോശ രോഗങ്ങൾ ഇവ വർദ്ധിച്ച തോതിൽ ഉണ്ടാകുവാൻ കാരണമായി. അങ്ങനെ നമ്മുടെ രാജ്യത്തെ നേർ പകുതി വരുന്ന സ്ത്രീ സമൂഹം സാമൂഹികമായി കൂടുതൽ പിന്നോക്കാവസ്ഥയിൽ തുടരുന്നു.
ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുടെ പിന്നോക്കാവസ്ഥ എത്രയധികം ഗൗരവതരമാണ് എന്ന് മനസ്സിലാക്കാൻ അവരുടെ നിയമ നിർമ്മാണ സഭയിലുള്ള പ്രാധിനിത്യം പരിശോധിച്ചാൽ മതി. ലോകത്തെ ഏറ്റവും കുറവ് സ്ത്രീകൾ പാർലമെന്റിൽ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ആണ് നമ്മുടെ രാജ്യം ഇടം നേടിയിട്ടുള്ളത്. ലോക രാജ്യങ്ങളുടെ പാർലമെന്റിൽ 1990 ലെ സ്ത്രീ പങ്കാളിത്തം 11 ശതമാനത്തിൽ നിന്നും 2016ൽ 23% ആയി ഉയർന്നു. റുവാണ്ട (64%), ബൊളീവിയ(53%), ക്യൂബ, സൗത്ത് ആഫ്രിക്ക, സ്വീഡൻ, ഐസ്്ലാൻഡ് നോർവേ തുട
ങ്ങിയ രാജ്യങ്ങളിൽ വനിത എം.പിമാർ 50 ശതമാനത്തിനടുത്ത് വരുന്നു. 1990ന് ശേഷം അഫ്ഗാനിൽ സ്ത്രീകളുടെ സഭയിലെ പ്രാതിനിധ്യം 4 ശതമാനത്തിൽ നിന്നും 28% ആയി വളർന്നു. എന്നാൽ ഇന്ത്യയിൽ വളർച്ച 5 ശതമാനത്തിൽ നിന്നും 12
ശതമാനത്തിലേക്ക് മാത്രം. തൊട്ടടുത്ത മതാധിഷ്ടിത രാജ്യത്തെ വനിത എം.പിമാരുടെ എണ്ണം ഇന്ത്യയെക്കാൾ മെച്ചമാണ്. താലിബാൻ തുടങ്ങിയ സ്ത്രീ വിരുദ്ധത നടപ്പിൽ വരുത്തുവാൻ കൊലപാതകം പോലും ചെയ്യുവാൻ മടിക്കാത്ത സംഘടനകൾ സജീവമായ അഫ്ഗാനിലെ സ്ത്രീ പ്രാധിനിത്യം (29%) നമ്മളിലും മെച്ചമാണെന്നത് മുഖ്യധാരാ രാഷ്ട്രീയക്കാരെ അലട്ടാത്തത് എന്തുകൊണ്ടാണ്? (ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ മുഖ്യമായ അമേരിക്കയുടെയും ഏഷ്യയിലെ വൻകിട രാജ്യമായ ജപ്പാന്റെയും ഈ വിഷയത്തിലെ അവസ്ഥ അഫ്ഗാനിസ്ഥാനെക്കാളും പിന്നിലായതിൽ നിന്നും കന്പോള താൽപ്പര്യങ്ങൾ സ്ത്രീകളോട് പുലർത്തുന്ന ഇരട്ടത്താപ്പ് ബോധ്യപ്പെടുവാൻ സഹായിക്കും. (അമേരിക്ക 12%, ജപ്പാൻ 9.50%)) ലോകത്താകെ വിവിധ അളവിൽ സജീവമായിരിക്കുന്ന സ്ത്രീ വിരുദ്ധതയ്ക്ക് പ്രധാന കാരണം സ്വത്തിന്റെ ഉടമസ്ഥ അവകാശത്തിൽ അവർക്ക് നേടുവാൻ കഴിഞ്ഞ കുറഞ്ഞ പങ്കാളിത്തമാണ്. യൂറോപ്പിൽ സ്ത്രീകൾ പൊതുവെ മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്ന് പറയുന്പോഴും അവർ അവിടെയും അനുഭവിക്കുന്ന പിന്നോക്കാവസ്ഥയ്ക്ക് നിദാനം ഉൽപ്പാദനത്തിൽ അവരുടെ പങ്കാളിത്തം ഏറെ മുന്നിൽ ആണെങ്കിലും ഉടമസ്ഥ അവകാശത്തിൽ അവർ പിന്നോക്കം നിൽക്കുന്നതിനാലാണ്. വേതന രഹിത തൊഴിൽ രംഗത്ത് 80% പങ്കാളിത്തവും സ്ത്രീകൾക്കുണ്ട്. ഗൃഹപ്പണിയിൽ അവരുടെ സേവനത്തെ സമൂഹവും കുടുംബാങ്ങൾ പോലും വേണ്ട വിധത്തിൽ അംഗീകരിക്കുന്നില്ല. സ്ത്രീ സ്വതാന്ത്ര്യത്തെ മുതലാളിത്ത വ്യവസ്ഥ സ്പോൺസർ ചെയ്തു വരുന്ന മാർക്കറ്റ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുവാനുള്ള സ്വാത്രന്ത്ര്യമായി ലോക മുതലാളിത്തം ചുരുക്കുന്നുണ്ട്. സ്ത്രീ-പുരുഷ സമത്വം എന്നാൽ പുരുഷന്മാരിൽ ചിലർ പങ്കാളികളായി നടത്തുന്ന കാസിനോ സംസ്കാരത്തിൽ അംഗമാകുകയാണ് സ്ത്രീകൾക്ക് സമൂഹികമായി അംഗീകാരം നേടുവാൻ ഉള്ള മാർഗ്ഗമായി കച്ചവടക്കാർ ചിത്രീകരിക്കുന്നു. സൗന്ദര്യ മത്സരവും സെക്സ് ടൂറിസവും വളർത്തുന്നതിൽ ആഗോള മുതലാളിത്തം കാട്ടുന്ന താൽപ്പര്യം സ്ത്രീവിരുദ്ധ നിലപാടുകളുടെ ഭാഗമായി കാണേണ്ടതുണ്ട്.
നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ പിന്നോക്കാവസ്ഥയ്ക്ക് പ്രധാനമായ കാരണം അവർക്ക് അധികാര കേന്ദ്രങ്ങളിൽ വേണ്ടത്ര പങ്കാളിത്തം ഉറപ്പാക്കുവാൻ കഴിയാത്തതാണ്. ഒരു വനിതയെ പോലും ഉൾപ്പെടുത്തുവാൻ കഴിയാത്ത നാഗാലാൻഡ്, പോണ്ടിച്ചേരി നിയമസഭകൾ,
നിയമസഭാ പ്രാധിനിത്യം 14% ഉള്ള ഹരിയാനയിൽ പെൺകുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നത്, തുടങ്ങിയ യാഥാർത്ഥ്യങ്ങൾക്ക് നമ്മുടെ ഇടയിൽ വളരെയധികം മാനങ്ങൾ ഉണ്ട് എന്ന് തെളിയിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ക്യാബിനറ്റിൽ സ്ത്രീ പങ്കാളിത്തം 4 ആയി നിൽക്കുന്നതും അവിചാരിതമല്ല. രാജ്യത്തെ സ്ത്രീകൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം അവർക്ക്
ഭേദപ്പെട്ട അവസരം നിയമ നിർമ്മാണ സഭയിൽ ഉണ്ടാകേണ്ടതാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് കൊണ്ടുവന്ന വുമൺ റിസർവ്വേഷൻ ബിൽ (2008) രാജ്യസഭയിൽ 2010 മാർച്ച് 10ന് പാസ്സാക്കി എങ്കിലും ഇന്നുവരെയും ആ ഭേദഗത്തി നിർദ്ദേശങ്ങൾ പാർലമെന്റിൽ പാസ്സക്കുവാൻ വിജയിച്ചില്ല. പ്രധാന രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ പ്രസ്തുത നിയമം നിലവിൽ വരുന്നതിനെ പരോക്ഷമായും പലപ്പോഴും പരസ്യമായും എതിർക്കുന്നു. ഭേഗഗതി മു
ന്നോട്ടു വെക്കുന്ന 33% സംവരണം സ്ത്രീ സമത്വത്തെ തൃപ്തിപ്പെടുത്തുന്നില്ല എങ്കിലും ഇന്നത്തെ 12% എന്ന പരിതാപകരമായ അവസ്ഥയെ മാറ്റിക്കുറിക്കുവാൻ സഹായിക്കും.
രാജ്യത്തെ ത്രിതല പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് 33%
സംവരണം നടപ്പിൽ വരുത്തിയിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അതിന്റെ ഭാഗമായി ഒട്ടെറെ സ്ത്രീകൾക്ക് പൊതു രംഗത്ത് പ്രവർത്തിക്കുവാൻ അവസരം കിട്ടിയിട്ടുണ്ട്. അവരുടെ സാന്നിദ്ധ്യം പഴയ കാലത്തേക്കാൾ ഒരു പരിധി വരെ പ്രാദേശിക ഭരണം മെച്ചപ്പെടുവാൻ അവസരം ഉണ്ടാക്കി. കേരളം മറ്റ് സംസ്ഥാങ്ങൾക്ക് മാതൃക ആകുന്ന തരത്തിൽ സ്ത്രീകളുടെ സംവരണം 50% ആയി ഉയർത്തി. സക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും മുന്നേറിയെങ്കിലും സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ നമ്മുടെ നാടും മറ്റ് പ്രദേശങ്ങളിൽ നിന്നും മെച്ചമല്ല. ഡൽഹിയിൽ ഉണ്ടായ നിർഭയ സംഭവം രാജ്യത്താകെ വലിയ ചർച്ചകൾക്കും മറ്റൊരു വനിതാ സുരക്ഷാ നിയമത്തിനും അവസരം ഒരുക്കി അ
വയുടെ അടിസ്ഥാനത്തിൽ കേരളത്തിലും പോലീസ്, മറ്റു വകുപ്പുകളിലും സ്ത്രീ സംരക്ഷണ കാര്യങ്ങളിൽ കുറേകൂടി ജാഗ്രതാ നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിലും ദേശീയമായും മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായി വനിതകൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾ എന്നും മുന്നിൽ നിന്നിട്ടുണ്ട്. (ത്രിതലപഞ്ചായത്തുകളിൽ 50% സംവരണം നടപ്പിൽ വരുത്തിയത് ഇടത് സർക്കാർ ആയിരുന്നു.) അത്തരം നിലപാടുകൾ കമ്മ്യുണിസ്റ്റുകളിൽ നിന്നും ഉണ്ടാകുവാൻ കാരണം, അവരുടെ ദാർശനികർ 19ാം നൂറ്റാണ്ട് മുതൽ മുതലാളിത്തത്തിന്റെ സ്ത്രീ വിരുദ്ധതയെ തുറന്നു കാട്ടുവാൻ നടത്തിയ വിശദീകരണങ്ങളാണ്. സ്ത്രീകൾ കേവലം ചരക്കുകൾ ആണ് എന്ന മാർക്സ്-ഏൻഗൽസ് നിലപാട്, കുടുംബം നിലനിർത്തുവാൻ എല്ലാ ദിവസും ബലിദാനത്തിന് വിധേയരാവുന്നവർ ആണ് സ്ത്രീകൾ എന്ന ലെനിന്റെ വിശദീകരണം ഒക്കെ കമ്മ്യുണിസ്റ്റുകൾ പിന്തുടരുന്ന സ്ത്രീപക്ഷ നിലപാടുകൾക്ക് ആക്കം കൂട്ടുന്നു.
ആഗോളവൽകരണം നമ്മുടെ രാജ്യത്തെ തൊഴിൽ എടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങളെ മിക്കതിനെയും തകർക്കുകയാണ്. അതിന്റെ ഭാഗമായി കേരളം പോലെയുള്ള സംസ്ഥാനത്ത് പോലും തൊഴിൽ രംഗത്തെ സ്ത്രീകൾ കൂടുതലായി ചൂഷണത്തിന് വിധേയമാകുന്നു. മുൻ കാലങ്ങളിൽ മെച്ചപ്പെട്ട സുരക്ഷിത തൊഴിൽ ഇടങ്ങൾ (പരന്പരാഗത രംഗം) ആയി കരുതിവന്നവ തകർന്നു കഴിഞ്ഞു. സ്ത്രീകൾ കൂടുതലായി പണി ചെയ്യുന്ന സേവന രംഗങ്ങൾ (വിദ്യാലയം, ആതുരാലയങ്ങൾ കച്ചവട സ്ഥാപങ്ങൾ മുതലായ) തൊഴിലാളികളെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്നു. വിദ്യാസന്പരായ സ്ത്രീകൾ ഇവിടെ അസംഘടിതരായി മനുഷ്യാവകാശ ലംഘനത്തിന് വിധേയരകുന്നതിൽ മുഖ്യധാര രാഷ്ട്രീയക്കാർക്ക്, പ്രത്യേകിച്ച് ഇടത് പക്ഷത്തിന് പോലും ഉത്കണ്ഠ ഉണ്ടാകാത്തത് അവർ പുലർത്തുന്ന സ്ത്രീവിരുദ്ധ സമീപനത്തിന് തെളിവായി കാണേണ്ടതുണ്ട്.
അര നൂറ്റാണ്ട് മുന്പ് മുന്നാർ തോട്ടം മേഖലയിൽ തൊഴിലാളികൾ അനുഭവിക്കുന്ന വലിയ ചൂഷണത്തിനെതിരെ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടി പിൽക്കാലത്ത് (മറ്റ് പാർട്ടികളും) തൊഴിലാളികളുടെ അവകാശങ്ങൾ നേടിക്കൊ
ടുക്കുന്നതിൽ വരുത്തിയ വലിയ വീഴ്ചകൾ സ്ത്രീ തൊഴിലാളികളെ തൊഴിലാളി സംഘടനകൾക്കെതിരെ പ്രതികരിക്കുവാൻ നിർബന്ധിതമാക്കി. പ്ലാച്ചിമടയിൽ കോളാ കന്പനിക്കെതിരെയുള്ള സമരത്തിൽ നേതൃത്വം കൊടുത്ത മയിലമ്മ, വിളപ്പിൽ ശാലാ സമരത്തെ വിജയിപ്പിച്ച ഗ്രാമത്തിലെ സ്ത്രീകൾ ഒക്കെ രാഷ്ട്രീയ സമരങ്ങൾക്ക് ചെന്നെത്തുവാൻ കഴിയാത്തിടങ്ങളിൽ സമരങ്ങൾ സംഘടിപ്പിക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തിലെ പുതിയ അനുഭവങ്ങളാണ്.
തൊഴിൽ അവകാശങ്ങൾ നേടികൊടുക്കുവാൻ പുതിയ കാലത്ത് കഴിയാത്ത യുണിയനുകളിൽ നിന്നും പുറത്തുവന്ന് രൂപീകരിച്ച പെന്പിളൈ ഒരുമൈ നടത്തിയ പ്രക്ഷോഭങ്ങളെ, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വീഴ്ചകൾ തിരുത്തുവാനുള്ള അവസരമാക്കി കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകൾ കൂടുതലായി തൊഴിൽ ചെയ്യുന്ന തോട്ടങ്ങളിൽ ഏറ്റവും കുറവ് വേതനം പറ്റി അവർ പണി ചെയുന്പോൾ അവരുടെ സമരങ്ങളെ പുച്ഛിക്കുവാൻ കമ്മ്യൂണിസ്റ്റുകാർ തന്നെ, അതും ഒരു മന്ത്രി തന്നെ, തുനിഞ്ഞു എന്നത് വളരെ അപലനീയമാണ്. സ്ത്രീകൾ ഇന്നത്തെ ലോകത്ത് ഇരട്ട ചൂഷണത്തിന് വിധേയരാണ് എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾ വനിതകളുടെ അവകാശങ്ങൾക്ക് പ്രത്യേകം പരിഗണ നൽകുവാൻ ബാധ്യസ്ഥർ ആയിരിക്കെ, അവർ തന്നെ സ്ത്രീകളെ അപമാനിക്കുവാൻ ഉതകുന്ന സമീപനങ്ങളിലേക്ക് എത്തിച്ചേർന്നാൽ അത് ചരിത്രത്തിലേക്ക് ഉള്ള പിന്മടക്കം ആയിരിക്കും എന്ന് വിലയിരുത്തണം.