ശ്രീനഗർ തിരഞ്ഞെടുപ്പ് പങ്കാളിത്തം ശുഭസൂചകമല്ല
ഇ.പി അനിൽ
ജനാധിപത്യത്തിൽ ജനങ്ങളുടെ വിശ്വാസം എത്രമാത്രം ഉണ്ട് എന്നത് തിരഞ്ഞെടുപ്പുകളിലെ അവരു പങ്കാളിത്തത്തോടെ വ്യക്തമാക്കപ്പെടുന്നു. ഇന്ത്യയെക്കാൾ ആധുനിക വിദ്യാഭ്യാസം നേടിയ അമേരിക്കൻ ജനത ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്നു എന്ന് പറയുന്നുവെങ്കിലും അവരുടെ ജനാധിപത്യ പ്രക്രിയയിലെ പങ്കാളിത്തം ഇന്ത്യക്കാരോളം ആശാവഹമല്ല. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ അവിടുത്തുകാർ 50 ശതമാനത്തിനുമുകളിൽ മാത്രം അണിചേരുന്നു. ഇന്ത്യക്കാർ സാക്ഷരതയിലും ജന്മിത്തം തുടങ്ങിയ വിഷയങ്ങളിലും പുരോഗമനപരമായ നിലപാടുകളിലേക്ക് എത്തിയിട്ടില്ല എന്ന് പറയാമെങ്കിലും അവരുടെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത അമേരിക്കക്കും മാതൃകയാക്കാവുന്നതാണ്. ഇന്ത്യൻ ജനത വൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞവർ ആണെങ്കിലും അവർ ജനാധിപത്യ പ്രക്രിയയെ ഒരുപോലെ ഇഷ്ടപ്പെടുന്നു.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സംഘടനയായ കോൺഗ്രസും ഇന്നത്തെ ഏറ്റവും ശക്തമായ പാർട്ടി ബി.ജെ.പിയും മറ്റു നിരവധി പ്രാദേശിക പാർട്ടികളും പ്രസിഡൻഷ്യൽ രീതികളെ അംഗീകരിക്കുന്നവരാണ്. ചില പാർട്ടികളിൽ ഫ്യൂഡൽ സ്വാധീനം പോലും ശക്തമാണ്. പക്ഷെ ഇത്തരം പാർട്ടികൾ രാജ്യത്ത് പ്രസിഡൻഷ്യൽ രീതിയിൽ ഭരണം ഉണ്ടാകണമെന്ന് പരസ്യമായി ആഗ്രഹിക്കുന്നില്ല. (തുർക്കിയിൽ അത്തരം മാറ്റം ഇപ്പോൾ നടക്കുകയുണ്ടായി). ഇതിനുള്ള കാരണം ഒരു വ്യക്തിയിൽ ഇല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളിൽ മാത്രമായി അധികാരം എത്തരുത് എന്ന് ഇന്ത്യൻ ജനാധിപത്യം ശഠിക്കുന്നതുകൊണ്ടാണ്. നമ്മുടെ പ്രഥമ പൗരന് പോലും ഏകപക്ഷീയമായി തീരുമാനം എടുക്കുവാൻ കഴിയുന്ന അവസരങ്ങൾ ഇവിടെ ഒരുക്കിയിട്ടില്ല. രാജ്യത്തെ ജനാധിപത്യത്തിൽ അമിത അധികാരം അടിച്ചേൽപ്പിക്കുവാൻ ഇന്ദിരാഗാന്ധി നടത്തിയ ശ്രമങ്ങൾ താൽക്കാലികമായി വിജയിച്ചു എന്ന് പറയാമെങ്കിലും അതിന് എതിരായി ജനം നൽകിയ ശിക്ഷ നിലപാടുകളെ പിൽക്കാലത്ത് തള്ളിപ്പറയുവാൻ അവരെ തന്നെ നിർബന്ധിതമാക്കി. അതിനുള്ള പാത ഒരുക്കിയത് സാക്ഷരതയിലും ലോക രാഷ്ട്രീയ വിഷയങ്ങളിലും ഏറെ പിന്നിലാണ് എന്ന്‍ മറ്റുള്ളവർ കരുതുന്ന ബീഹാർ, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സാധാരണ ഗ്രാമീണരായിരുന്നു.
ലോകത്ത് വലിയ തോതിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അമേരിക്കയും മറ്റും തങ്ങളുടെ താൽപര്യങ്ങളെ മുന്നിൽ കണ്ടു ജനാധിപത്യ −ഇതര അട്ടിമറികൾ നടത്തിവരുകയാണ്. അതിന്‍റെ പല സ്വാധീനവും നമ്മുടെ രാജ്യത്തെ ഭരണ നിർവ്വഹണത്തിലും കാണാം. ഭരണകൂട ഉത്തരവാദിത്വങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ ഇന്നുണ്ടായിട്ടുണ്ട്. സർക്കാർ വിരുദ്ധ സമരങ്ങളെ (കോർപ്പറേറ്റ് താൽപ്പര്യം) എതിർക്കുവാനുള്ള ജനവിരുദ്ധ തീരുമാനങ്ങൾ കൊണ്ട് ലോകത്തെ വിവിധ ജനാധിപത്യ സർക്കാരുകൾ കുപ്രസിദ്ധമായി കൊണ്ടിരിക്കുന്നു. ഇന്ത്യൻ നിയമനിർമ്മാണങ്ങളിൽ പലതും ലോക മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. TADA, POTA, AFSPA, UAPA ഒക്കെ അന്തർദ്ദേശീയമായി ചർച്ചയായിട്ടുള്ള കാര്യങ്ങൾ ആണ്. ഇത്തരം നിയമങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കി കൊണ്ടുവരുന്നതിന് നമ്മുടെ ദേശീയ രാഷ്ട്രീയക്കാർ ഒറ്റകെട്ടായിരുന്നു. (വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ എടുക്കുന്നു എന്നവകാശപെടുന്ന ഇടതുപക്ഷവും നിയമങ്ങളെ ഏകപക്ഷിയമായി എതിർത്തിരുന്നില്ല).
നമ്മുടെ ജനാധിപത്യത്തിൽ നിന്നും സർക്കാർ നടത്തുന്ന ഒളിച്ചോട്ടങ്ങൾ, രാജ്യത്തെ നിയമനിർമ്മാണസഭക്കുള്ള പരമാധികാരം നഷ്ടപ്പെടുത്തുന്നുണ്ട്. ജനങ്ങൾ അപ്പോഴും ജനാധിപത്യത്തിൽ അടിയുറച്ചു നിൽക്കുന്നു എന്നത് വളരെ ശ്ലാഘനീയമാണ്. രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പിലെ (1952) സമ്മതിദാനവകാശം 60%ത്തിനും മുകളിൽ ആയിരുന്നു. 5 വർഷം കഴിഞ്ഞു വന്ന തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിൽ വർദ്ധനവ് ഉണ്ടായി. ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിലെ പങ്കാളിത്തം 65% ആയിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ വോട്ടു ശതമാനം രേഖപ്പെടുത്തുന്നതിൽ കേരളം എക്കാലത്തും മറ്റുള്ള സംസ്ഥാനക്കാർക്ക് മാതൃകയാകാറുണ്ട്. കേരളം കഴിഞ്ഞാൽ ബംഗാളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ആ പതിവ് തുടരുന്നു.
തിരഞ്ഞെടുപ്പുകളിൽ ജനങ്ങളെ അണിനിരത്തുവാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ സംരഭകരും മുന്നിലുണ്ട്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നവരെ ആരെയും അംഗീകരിക്കുവാൻ കഴിയാത്തവർക്ക് NOTA (None of the above) എന്ന് രേഖപ്പെടുത്തുവാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അവസരം ഒരുക്കി തിരഞ്ഞെടുപ്പുകളെ പരമാവധി ജനപങ്കാളിത്തമുള്ളതാക്കുവാൻ ശ്രമിക്കുന്നു. തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ പ്രചരിപ്പിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ അനുഭവം ഐക്യ ജനാധിപത്യമുന്നണി സർക്കാരിൽ നിന്നും ഇടതുപക്ഷ മുന്നണിയിൽ നിന്നും ഉണ്ടായതായി നമുക്കറിയാം.
ഇന്ത്യൻ ദേശീയതാ വിഷയത്തിൽ കലുഷിതമായ പ്രശ്നങ്ങൾ ഇന്നു നിലനിൽക്കുന്നത് കാശ്മീരിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ്. ഇന്ത്യൻ ദേശീയതയെ പ്രതിരോധിക്കുന്നവരിൽ പ്രധാന വിഭാഗക്കാർ നാഗാ വാസികളാണ്. ബ്രിട്ടീഷ് കാലം മുതൽ സ്വന്തം ഗോത്ര സമൂഹത്തിന് (17 തരം ഗോത്രങ്ങൾ) പ്രത്യേക രാജ്യം എന്ന വാദം ഉയർത്തി സമരം ചെയ്യുന്നവരാണവർ. 51ൽ നടത്തിയ ഹിത പരിശോധനയിൽ 99% ജനങ്ങളും സ്വന്തം രാജ്യമെന്ന വാദത്തെ പിൻതാങ്ങി. എന്നാൽ ആ തീരുമാനത്തെ അപ്രാപ്യമാക്കുവാൻ കേന്ദ്രസർക്കാർ (ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് എതിരായി പ്രയോഗിച്ച) AFSPA വീണ്ടും സജീവമാക്കി (1958). നാഗാ പ്രക്ഷോഭം ഇന്നും തുടരുന്നു. തൊട്ടടുത്ത സംസ്ഥാനമായ മണിപൂരിലെ മെയ്ത്തി സമുദായവുമായി നാഗാ ഗോത്രക്കാരും കുക്കികളും വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസത്തിലാണ്. നാഗാ ഗോത്ര സംഘടനകൾ ഗോഹാട്ടി− കൊഹിമ− മണിപ്പൂർ ദേശീയ പാതയിൽ കൂടിയുള്ള ട്രക്കുകളെ തടഞ്ഞ് പ്രതിഷേധിക്കുന്നു. ഇന്ത്യൻ ദേശീയതയെ വെല്ലുവിളിക്കുന്ന നാഗാ ഗ്രൂപ്പുകൾ സംസ്ഥാന− ദേശീയ തിരഞ്ഞെടുപ്പുകളിൽ വളരെ സജീവമായി പങ്കാളികളാകുന്നു. അങ്ങനെ കേന്ദ്ര നിയമങ്ങളെ വെല്ലുവിളിക്കുവാൻ മടിക്കാത്തവർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികൾ ആകുന്നതിൽ മടിക്കുന്നില്ല. മണിപ്പൂർ സംസ്ഥാനത്ത് സ്വാധീനമുള്ള വിഘടന വാദികൾ ഇന്നും സജീവമാണ്. തിരഞ്ഞെടുപ്പുകളിൽ മണിപ്പൂരും വളരെ മെച്ചപ്പെട്ട വോട്ടിംഗ് നിലയാണ് കാണിക്കുന്നത്. (80%ത്തിലധികം) എന്നാൽ രാജ്യത്തെ ഹൃദയഭൂമി എന്നും ഹിന്ദി ഭാഷയിൽ അടിയുറച്ചു നിൽക്കുന്നവരെന്നും അഭിമാനിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പങ്കാളിത്തം ദേശീയ ശരാശരിയിലും 10%വരെ പിറകിലാകുന്നത് എന്തുകൊണ്ടാണ്?
ജമ്മു കാശ്മീർ സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് നാഗാ തീവ്രവാദികൾ ഉയർത്തുന്ന അത്രയും നീണ്ട കാലത്തെ ചരിത്രം ഇല്ല. 1980കൾക്ക് ശേഷമാണ് അവിടെ വിഘടന വാദ മുദ്രാവാക്യങ്ങൾ ശക്തമായി ഉയർന്നു വന്നത്.അതിനു പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ തന്നെയാണ് പഞ്ചാബിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉള്ളത് എന്നു കാണാം. കാശ്മീരിലെ പ്രശ്നങ്ങൾക്ക് ശക്തി പകരുവാൻ കിട്ടിയ അവസരങ്ങൾ പാകിസ്ഥാൻ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ വിഷയത്തിൽ (ഭാഷാ സംസ്ഥാനം) മെച്ചപ്പെട്ട നിലപാടുകൾ സ്വീകരിച്ചു വന്ന പാർട്ടിയാണ്. എന്നാൽ അവർ ജമ്മു കാശ്മീരിലെ പ്രാദേശിക പാർട്ടികളെ ഒതുക്കി അധികാരം പിടിക്കുവാൻ നടത്തിയ ശ്രമങ്ങൾ ഉണ്ടാക്കിയ അവസരങ്ങൾ അപകടകരമായി മറ്റു ചിലർ ഉപയോഗപ്പെടുത്തുവാൻ വിജയിച്ചപ്പോൾ, അത് രാജ്യത്തിനു വലിയ ബാധ്യതയായി മാറുകയായിരുന്നു.
കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിലൂടെ ജമ്മു കാശ്മീർ പ്രശ്നത്തെ നോക്കി കണ്ടവരാണ് ജനസംഘം ഉൾപ്പെടുന്ന ആർ.എസ്.എസ് പ്രത്യയ ശാസ്ത്രവാദക്കാർ. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരിഗണന ജമ്മു കാശ്മീരിനു കൊടുക്കുന്ന 370ാം വകുപ്പിനെ എതിർക്കുവാൻ അവർ പ്രത്യേകം താൽപ്പര്യം കാട്ടിയിരുന്നു. ഇന്ത്യൻ യൂണിയനിൽ ചേരുവാൻ മടിച്ച കാശ്മീർ രാജാവ് (ദോഗ്ര) പാകിസ്ഥാനും ഇന്ത്യക്കും ഒപ്പം ഇല്ല എന്ന വാദം ഉയർത്തി നടത്തിയ വെല്ലുവിളി പാകിസ്ഥാൻ പ്രദേശത്ത് നിന്നുമുള്ള പസ്തൂനികൾക്ക് ആക്രമം നടത്തുവാൻ അവസരം ഒരുക്കി. അവരുടെ ആക്രമണത്തിൽ ശ്രീനഗർ ഉൾപ്പെടെ വീണു പോകും എന്ന സാഹചര്യം ഉണ്ടായി. അന്ന് പാകിസ്ഥാൻ വാദികളിൽ നിന്നും കാശ്മീർ താഴ്്വരയെ സംരക്ഷിച്ച് ഇന്ത്യക്കൊപ്പം നിർത്തുവാൻ സമരം ചെയ്ത ഷേക്ക് അബ്ദുള്ളക്കും കൂട്ടർക്കും പിന്തുണയുമായി എത്തിയ കേന്ദ്ര പട്ടാളം ദോഗ്ര രാജാവിന്‍റെ പ്രദേശങ്ങൾ ഇന്ത്യക്കൊപ്പമാക്കി. അപ്പോഴേക്കും കാശ്മീർ താഴ്്വരയുടെ ഒരു ഭാഗം പകിസ്ഥാനോടൊപ്പം ചേർക്കുവാൻ പാകിസ്ഥാൻ അനുകൂലികൾക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആണ് കാശ്മീരിനെ ഇന്ത്യൻ യുണിയനിൽ ചേർത്ത്, പ്രത്യേകം അവകാശങ്ങൾ നൽകുന്ന നിയമം കൊണ്ടുവരുന്നത്. കാശ്മീരിന് മാത്രമല്ല വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്കും ആൻഡ്‌മാൻ നിക്കോബാർ ദ്വീപുകൾക്കും ലക്ഷദ്വീപുകൾക്കും ചില പ്രത്യേക അവകാശങ്ങൾ നൽകിയിട്ടുണ്ട്. (മറ്റു സംസ്ഥാനക്കാർക്ക് വസ്തു വാങ്ങുവാനും കച്ചവടം നടത്തുവാനും നിയന്ത്രണം തുടങ്ങിയവ).
ഇന്ത്യൻ സംസ്ഥാനങ്ങളിൽ പലതും (കേരളം ഉൾപ്പെടെ)നിരവധി പരാധീനതകൾ കൊണ്ട് വീർപ്പുമുട്ടി വരുന്നു. ഓരോ സംസ്ഥാനങ്ങൾക്കും അവരുടെ പരിമിതികളെ കടന്നുപോകുവാൻ കഴിയുന്ന പ്രത്യേകം അവകാശങ്ങൾ നൽകി കൊണ്ട് ശക്തമായ സംസ്ഥാനങ്ങളും അവയെ സമന്വയിപ്പിക്കുന്ന കേന്ദ്രവും എന്ന തരത്തിൽ കേന്ദ്രസർക്കാർ നിലപാടുകൾ സ്വീകരിക്കേണ്ട കാലം എന്നേ പിന്നിട്ടിരിക്കുന്നു. എന്നാൽ ഇന്ത്യയെ ഏകശിലയായി കാണുന്ന ആർ.എസ്.എസ്സംസ്ഥാനങ്ങളുടെയും മറ്റു പ്രാദേശികമായ പ്രത്യേകതകളെയും അംഗീകരിക്കുന്നില്ല. ഇത്തരം നിലപാടുകൾ രാജ്യത്തിന്‍റെ ബഹുസ്വരതയെ കൂടുതൽ പ്രതിസന്ധിയിലാക്കും.
കലുഷിതമായ ജമ്മു കാശ്മീർ സംസ്ഥാനത്തിന് കഴിഞ്ഞ നാളുകളിൽ നൽകിയിരുന്ന അവകാശങ്ങൾ ഓരോന്നും എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ സംസ്ഥാനത്തെ ജനങ്ങൾ നിരാശരാണ്. ഇപ്പോൾ തുടരുന്ന ചില പ്രത്യേക അവകാശങ്ങൾ കൂടി എടുത്തു കളയണം എന്ന് പറയുന്ന ഒരു പാർട്ടിയെ ആ നാട്ടുകാർ കൂടുതൽ സംശയത്തോടെ മാത്രമെ കാണുകയുള്ളൂ. എന്നാൽ ഈ അവിശ്വാസത്തെ മറികടക്കുവാനായി ജമ്മു കാശ്മീർ സ്വതന്ത്ര പോരാട്ടക്കാരോട് (ഫാറൂഖ് അബ്ദുള്ള നേതൃത്വം കൊടുക്കുന്ന national Conferenceനേക്കാൾ) അടുപ്പം കാണിക്കുന്ന പി.ഡി.പിയുമായി ചേർന്ന് ബി.ജെ.പി സർക്കാർ ഉണ്ടാക്കിയ രാഷ്ട്രീയ ബാന്ധവത്തിലൂടെയുണ്ടായ സർക്കാർ കഴിഞ്ഞ രണ്ടു വർഷമായി അവിടെ ഭരണം നടത്തുന്നു. സാമാന്യ യുക്തിയുടെ ബലത്തിൽ രാഷ്ട്രീയത്തെ വിലയിരുത്തുന്നവർ പ്രതീക്ഷിച്ചത് പോലെ ജമ്മു കാശ്മീരിലെ സംഘർഷം കൂടുതൽ കലുഷിതമാകുവാനെ ബി.ജെ.പിയുടെ തീരുമാനങ്ങൾക്ക് കഴിയൂ എന്ന് ദിനംപ്രതി തെളിയിക്കപ്പെടുകയാണ്. കേന്ദ്രസർക്കാർ കൈകൊള്ളുന്ന മത കേന്ദ്രീകൃത തീവ്ര ദേശീയത പ്രാദേശിക വികാരത്തെ മാനിക്കുന്നില്ല എന്നതുകൊണ്ട് അവരുടെ ഭരണസാന്നിധ്യം ജമ്മു കാശ്മീരിനെ കൂടുതൽ ശബ്ദമുഖരിതമാക്കി തീർക്കുന്നു.
ജമ്മുകാശ്മീരിലെ ഏറ്റവും പ്രധാന പ്രശ്നം പാകിസ്ഥാനിൽ നിന്നും താഴ്്വരയിലേക്ക് ഭീകരവാദികൾ നടത്തുന്ന കടന്നു കയറ്റമാണ്. സർക്കാർ കണക്കു പ്രകാരം 200ൽ താഴെ ഭീകരവാദികൾ ആണ് അതിർത്തി കടന്ന് കാശ്മീരിന്‍റെ തെക്കൻ പ്രദേശങ്ങളിൽ എത്തിയിട്ടുള്ളത്. അവർക്ക് അത്രയും തന്നെ പിൻഗാമികളെ സംഘടിപ്പിക്കുവാനും അവിടെ കഴിഞ്ഞിട്ടുണ്ട്. കാശ്മീർ താഴ്‌വരയിൽ പാകിസ്ഥാൻ നടത്തിയ കാർഗിൽ ആക്രമണ സമയത്ത് കാർഗിൽ, ദ്രാസ് തുടങ്ങിയ കാശ്മീർ നിവാസികൾ ഒറ്റകെട്ടായി ഇന്ത്യൻ പ്രതിരോധത്തിനൊപ്പം അണിനിരന്നു. അന്നത്തെ സർക്കാരിനു കാശ്മീർ ജനങ്ങളുടെ വിശ്വാസം ആർജിക്കുവാൻ കഴിഞ്ഞു എങ്കിൽ അതേ എൻ.ഡി.എ മുന്നണിയുടെ ഇന്നത്തെ കേന്ദ്രസർക്കാരിന് അതിനുള്ള ശേഷി നഷ്ടപ്പെട്ടത് എന്തുകൊണ്ട് എന്നാലോചിക്കേണ്ടിയിരിക്കുന്നു.
ഇസ്രയേൽ ജെറുസലേമിൽ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത (യഹൂദരെ കൂടുതൽ താമസിപ്പിച്ച് പാലസ്തീൻ ജനങ്ങളുടെ അവകാശങ്ങളിൽ കൈ കടത്തുക എന്ന) രീതി കാശ്മീരിലും നടപ്പിൽ വരുത്തുകയാണ് സർക്കാർ. താഴ്്വരയിൽ നിന്നും വിട്ടുപോയ പണ്ധിറ്റുകളെ മടക്കി കൊണ്ടുവരേണ്ടതാണ് എന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും ഉണ്ടാകില്ല. എന്നാൽ പണ്ധിറ്റുകളെ പ്രത്യേകം ബ്ലോക്കുകൾ ആയി താമസിപ്പിക്കുക എന്ന നയം സമുദായങ്ങളെ തമ്മിൽ അകറ്റുവാൻ ലക്ഷ്യം വെച്ചുള്ള പ്രവർത്തനമായി കാണേണ്ടതുണ്ട്. പട്ടാളത്തിൽ നിന്നും പിരിഞ്ഞു വരുന്നവർക്ക് (താഴ്്വരയിൽ ജനിച്ചിട്ടില്ലാത്തവർക്കും കൂടി) സംസ്ഥാനത്ത് താമസിക്കുവാൻ അവസരം ഒരുക്കുന്ന സർക്കാർ തീരുമാനം കാശ്മീർ താഴ്്വരയിലെ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ പ്രതിസന്ധിയിൽ എത്തിക്കും. ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുവാൻ കേന്ദ്രം ശ്രമിക്കുന്പോൾ കാശ്മീർ കൂടുതൽ കൂടുതൽ പ്രശ്നമുഖരിതമാകുകയാണ്.
ലോകത്ത് ഏറ്റവും കൂടുതൽ പട്ടാള സാന്നിധ്യം ഉള്ള പ്രദേശമാണ് കാശ്മീർ. 6.5 ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടക്ക് പട്ടാളക്കാർ അവിടെ തന്പടിച്ചിരിക്കുന്നു. ജെറുസലേം− വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിൽ കാണുന്ന തരത്തിൽ പട്ടാള സാന്നിധ്യം കാശ്മീർ താഴ്്വരയിൽ ഇന്നുണ്ട്. പട്ടാളം രാജ്യരക്ഷയുടെ പേരിൽ നടത്തുന്ന ചെയ്തികളിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ കാണാം. കാശ്മീരികളിൽ ഭീകരവാദത്തെ− തീവ്രവാദത്തെ പിന്തുണക്കുന്നവർ വളരെ കുറവാണ്. പട്ടാളക്കാരോട് ഏതൊരു സമൂഹവും പുലർത്തുന്ന അവിശ്വാസം സാധാരണക്കാരെയും സർക്കാർ വിരുദ്ധരാക്കും. തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി പട്ടാളം നടത്തുന്ന പ്രത്യാക്രമണങ്ങളിൽ പറ്റുന്ന ഏതൊരു പിഴവും ജനങ്ങളെ പ്രകോപിപ്പിക്കുക സാധാരണമാണ്. ഇത്തരം പാളിച്ചകളെ ന്യായീകരിക്കുവാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്പോൾ ജനം കൂടുതൽ സർക്കാർ വിരുദ്ധരായി മാറും. 91നു ശേഷം കാശ്മീരിൽ കാൽ ലക്ഷം ആളുകൾ പട്ടാളത്തിന്‍റെ ആക്രമണത്താൽ കൊല ചെയ്യപ്പെട്ടു. ഇതിൽ എത്രപേരാകും ഭീകരവാദികൾ? എത്രപേർ തീവ്ര നിലപാടുകളെ പിന്തുണച്ചു കാണും? സർക്കാർ കണക്കുകൾ പറയുന്നത് അതിൽ നുഴഞ്ഞു കയറ്റക്കാർ 3000 വരും എന്നാണ്. എങ്കിൽ ബാക്കി 22000 മരണങ്ങൾ ആരുടെ ഒക്കെയായിരിക്കും? കാശ്മീർ താഴ്്വരയിലെ ബാരമുള്ള, കുപ്്വാര, പുഞ്ച്, രജോരി, ബന്ദിപുര, വടക്കൻ കാശ്മീർ ഇവിടങ്ങളിൽ 7000ത്തോളം ശ്മശാനങ്ങൾ സാമൂഹിക സംഘടനകൾ കണ്ടെത്തി. ഈ അവസ്ഥയുടെ പിന്നിലെ ഭീകരത എങ്ങനെയാണ് വർണിക്കുവാൻ കഴിയുക? വടക്കൻ കാശ്മീരിലെ ഒരു ശ്മശാനത്തിൽ അടക്കം ചെയ്ത 750 ആളുകളും നുഴഞ്ഞു കയറ്റക്കാർ ആയിരുന്നു എന്നാണ് പട്ടാളം പറഞ്ഞിരുന്നത്. എന്നാൽ ഡി.എൻ.എ പരിശോധനയിലൂടെ എല്ലാവരും നാട്ടുകാർ തന്നെയാണ് എന്ന് തെളിയിക്കപ്പെട്ടു. പട്ടാളത്തിന് അമിത അധികാരങ്ങൾ നൽകുന്ന AFSPAയും കർഫ്യൂയും മറ്റും സാധരണക്കാരുടെ മുകളിലും ഭീതി പരത്തുന്നുണ്ട്. സ്ത്രീകൾക്ക് എതിരായി ഉണ്ടായിട്ടുള്ള ആക്രമണങ്ങൾ 10000നടുത്ത് വരുന്നു. ലോക രാജ്യങ്ങളുടെ ഇടക്ക് ചർച്ചയായ കുനാൻ −പുഷ്്വാരാ കൂട്ട ബലാത്സംഗത്തിൽ 12 വയസ് മുതൽ 70 വയസുകൾക്ക് മുകളിൽ പ്രായം ഉണ്ടായിരുന്ന 40 സ്ത്രീകൾ ഇരകളാക്കപെട്ടു. 91ൽ നടന്ന ആ കൂട്ട കൊലയിൽ കുറ്റവാളികളായവരിൽ എത്രപേരെ ശിക്ഷിച്ചു എന്ന് ഇന്നും ജനങ്ങൾക്ക് അറിയില്ല. കാശ്മീർ വിഷയം കഴിഞ്ഞ കാലത്തിനെക്കാളും മോശമായ അവസ്ഥയിൽ എത്തിയിരിക്കുന്നു എന്നാണ് ഇക്കഴിഞ്ഞ ശ്രീനഗർ തിരഞ്ഞെടുപ്പ് തെളിയിക്കുന്നത്.
സംസ്ഥാനത്തെ തലസ്ഥാന നഗരി ഉൾപ്പെടുന്ന പ്രദേശത്ത് നടന്ന തിരഞ്ഞെടുപ്പിൽ 7.5% ആളുകൾ മാത്രമെ വോട്ട് രേഖപ്പെ
ടുത്തിയുള്ളൂ എന്ന് പറഞ്ഞാൽ അത് വളരെ വലിയ ജനകീയ പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ 65% ആളുകൾ പങ്കാളികൾ ആയിരുന്നു എങ്കിൽ ഇപ്പോൾ തിരഞ്ഞെടുപ്പിനെ ബഹിഷ്കരിക്കുവാൻ അവർ എടുത്ത തീരുമാനത്തിനുള്ള കാരണങ്ങൾ വളരെ വ്യക്തമാണ്. തീവ്രവാദ നിലപാടുകൾ ഉയർത്തിയ ബുർഹാനെ വെടിവെച്ചു
കൊന്നതിൽ പ്രതിഷേധിച്ച് താഴ്‌വരയിൽ ഉണ്ടായ നീണ്ട പ്രതിഷേധങ്ങൾ, അവയെ അടിച്ചമർത്താൻ പട്ടാളം നടത്തിയ ഷെൽ വർഷങ്ങൾ, അവസാന തിരഞ്ഞെടുപ്പു സമയത്ത് 8 നാട്ടുകാർ കൊല ചെയ്യപ്പെട്ടത് ഒക്കെ കാശ്മീർ പ്രശ്നത്തെ കൂടുതൽ വഷളാക്കി. പട്ടാളം തങ്ങളുടെ ജീപ്പിനു മുന്നിൽ നാട്ടുകാരനെ കെട്ടിവെച്ച് നടത്തിയ പ്രകടനം ഇന്ത്യയുടെ സൽപ്പേര് ഒരിക്കൽ കൂടി ലോകത്തിനു മുന്നിൽ വികൃതമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കരുത്തു നിലനിർത്തുകയും കൂടുതൽ മാനങ്ങളിലേക്ക് എത്തുകയും ചെയ്യണമെങ്കിൽ ജനങ്ങളെ എല്ലാ അർത്ഥത്തിലും വിശ്വാസത്തിൽ എടുക്കുവാൻ സർക്കാർ തയ്യാറാകണം. ഫെഡറൽ അധികാരങ്ങൾ മാനിക്കപ്പെടണം, എല്ലാത്തിനും ഉപരി നമ്മുടെ secular-socialist നിലപാടുകളെ പരിപോഷിപ്പിക്കണം. അവിടെ സംഭവിക്കുന്ന ഏതു പാളിച്ചയും ഇന്ത്യയെ നിർജീവമാക്കും.