ഗോ­ ബ്രാ­ഹ്മണെ­ഭ്യ ശു­ഭമസ്തു­ നി­ത്യം ലോ­കാ­ സമസ്താ­ സു­ഖി­നോ­ ഭവന്തു­...


 

(പശുവിനെയും ബ്രാഹ്മണനെയും സംരക്ഷിച്ചാൽ‍ ലോകാ സമസ്താ സുഖിനോ ഭവന്തു)

 

ഇ.പി അനിൽ

കൃഷിയെ പ്രധാന വരുമാന മാർ‍ഗമായി കണ്ടു ജീവിക്കുന്ന സമൂഹത്തിൽ‍ നാൽ‍ക്കാലികൾ‍ ആദരിക്കപെടുന്നു എന്നത് സാമാന്യ യുക്തിയാണ്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലും (ഈജിപ്ത് ഉൾ‍പ്പെടെ) ഇറാനിലും മെക്സിക്കോയിലും 5000 വർ‍ഷങ്ങൾ‍ പഴക്കമുള്ള സുമേറിയൻ സംസ്കാരത്തിലും അവയ്ക്ക് പ്രത്യേക പരിഗണയുണ്ടായിരുന്നു. ദ്രാവിഡ ജീവിത രീതികളിൽ‍ കാർ‍ഷിക രംഗത്തെ നാൽ‍കാലികളുടെ സ്ഥാനം വളരെ പ്രധാനമാണ്. കാർ‍ഷിക രംഗത്ത്‌ മനുഷ്യർ‍ സജീവമാകുന്നതിന് ശേഷം വളർ‍ത്തു മൃഗങ്ങളിൽ‍ പലതിനെയും പ്രത്യേകം പരിഗണിക്കുവാൻ തുടങ്ങി. എല്ലാ വിശ്വാസങ്ങളിലേക്കും മനുഷ്യർ‍ എത്തിച്ചേരുന്നത് അവരുടെ ജീവിത പരിസരങ്ങൾ‍ അവരിൽ‍ ചെലുത്തുന്ന സാഹര്യങ്ങളിൽ‍ നിന്നുമാണ്.

അഹിംസാ മാർ‍ഗത്തിൽ‍ നിന്നും വ്യതിചലിക്കുവാൻ തയ്യറായിട്ടില്ലാത്ത ജൈന മതക്കാരും ബുദ്ധമതവും ശക്തമായിരുന്ന കാലത്തിനു ശേഷം മടങ്ങിവരവ് നടത്തിയ ഹിന്ദുമതം ജന്മിത്വത്തിലേക്ക് എത്തി ചേരുന്നതിന്‍റെയും കൂടി ഭാഗമായി അഹിംസയെ തങ്ങളുടെയും നയമായി അംഗീകരിക്കുകയായിരുന്നു. ഓരോ മതവും മറ്റുള്ളവരും വളരെ വ്യത്യസ്തമായ വിശ്വാസ മാർ‍ഗങ്ങൾ‍ അവലംബിക്കാറുണ്ട്. പന്നിയെ നികൃഷ്ട ജീവിയായി കാണുന്ന യഹൂദ മതവും ഇസ്ലാമും അതിനെ പരിണാമത്തിലെ പ്രധാന കണ്ണിയായി കാണുന്ന ഹിന്ദു മതവും വീക്ഷിക്കുന്നത് വ്യത്യസ്തമായാണ്. ഇത്തരം വൈവിധ്യങ്ങളെ പരസ്പരം മാനിക്കുവാൻ സമൂഹം കാട്ടുന്ന താൽപര്യമാണ് സാമൂഹിക കൂട്ടായ്മയുടെ കരുത്ത്.

നമ്മുടെ നാട്ടിൽ‍ നാട്ടിൽ‍ പശുവും പന്നിയും അവയുടെ മാംസവും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ‍ക്ക് അവസരം ഒരുക്കിയിരുന്നു.(1857 ലെ ഒന്നാം സ്വാത്രന്ത്ര്യ സമരത്തിൽ‍).ഗോവ് ഒരു രാഷ്ട്രീയ വിഷയമായി ഉയരുന്നത് പഞ്ചാബിൽ‍ നിന്നാണ്. സിഖു− ഹിന്ദു സമുദായത്തിൽ‍ പെടുന്ന കുക്കാ (നയംതാരീസ്) വിഭാഗക്കാർ‍ 1882ൽ‍ ഗോവ് സംരക്ഷണ പ്രശ്നം പൊതു ചർ‍ച്ചാ വിഷയമാക്കി. അതിന്‍റെ തുടർ‍ച്ചയായി അതേ വർ‍ഷം ആര്യ സമാജത്തിന്‍റെ ആചാര്യൻ‍ ദയാനന്ദ സ്വാമി വിഷയത്തിനു കൂടുതൽ‍ മാനങ്ങൾ‍ നൽ‍കി. ഗോവ് വിഷയം പതുക്കെ മുസ്ലിം വിഭാഗത്തിനെതിരായി തിരിച്ചു വിട്ടു. ഗോവ് സംരക്ഷണാർ‍ത്ഥം നിരവധി വർ‍ഗീയ കലാപങ്ങൾ‍ വടക്കെ ഇന്ത്യയിൽ‍ അരങ്ങേറി. യു.പിയിലെ അസംഘർ‍ ജില്ലയിലുണ്ടായ വർ‍ഗീയ കലാപം വലിയ ദുരന്തങ്ങൾ‍ ഉണ്ടാക്കി. 1912−-13 കാലത്ത് അയോദ്ധ്യയിലും 1917ൽ‍ ഷഹാബാദിലും കലാപങ്ങൾ‍ ഉണ്ടായത് പശുവിന്‍റെ പേരിലാണ്.

ഇന്ത്യാ വിഭജനവും പെട്ടെന്നു തന്നെ ഉണ്ടായ ഗാന്ധിവധവും അതിന്‍റെ തിരിച്ചടികളും ആർ.എസ്.എസ് തുടങ്ങിയ സംഘടനകളെ ജനങ്ങളിൽ‍ നിന്നും കൂടുതൽ‍ അകറ്റി നിർ‍ത്തി. തിരിച്ചുവരവിന്‍റെ ഭാഗമായി ഗോവ് വിഷയമായി ബന്ധിപ്പിച്ച പ്രക്ഷോഭങ്ങൾ‍ 1966 ഡൽ‍ഹിയിൽ‍ നടത്തി. ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ‍ നടന്ന പ്രതിഷേധം അക്രമാസക്തമായി അതിൽ‍ ഉണ്ടായ വെടിവെപ്പിൽ‍ മരിച്ചത് 8 പേരാണ്. അന്നത്തെ കോൺ‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷ്യൻ കാമരാജ്‌ ആക്രമിക്കപെട്ടു.

ഹിന്ദുക്കൾ‍ പൂർ‍ണ്ണമായും പശു ആരാധകർ‍ ആണ് എന്നും മറ്റു മതക്കാർ‍ അവയെ കൊന്നു തിന്നുന്നവർ‍ ആണെന്നും പ്രചരിപ്പിച്ചവരുടെ ലക്ഷ്യം മറ്റൊന്നാണ്. മുസ്ലിം സമുദായങ്ങൾ‍ പ്രധാനമായി പശുവിനെ കൊന്നു തിന്നുന്നവർ‍ ആണെന്ന് പ്രചരിപ്പിക്കുന്നവർ‍ ചരിത്രത്തെ മറക്കുകയോ മറച്ചു വെക്കുകയോ ആണ്. ബാബർ‍ അധികാരത്തിൽ‍ എത്തുകയും തന്‍റെ പിൻഗാമി ഹുമയൂൺ നേതാവായി തീരുകയും ചെയ്തതു മുതൽ‍ മുഗൾ‍ ഭരണക്കാർ‍ പശുക്കളെ കൊല ചെയ്യരുത് എന്ന് നിർ‍ദേശം നൽ‍കി വന്നു. ഔറംഗസീബും അതേ നിർ‍ദേശം നടപ്പിൽ‍ വരുത്തിയ അധികാരി തന്നെ. ഇതിൽ‍ നിന്നും നാൽ‍ക്കാലികളെ സംരക്ഷിക്കുന്നതിൽ‍ മുഗൾ‍ ഭരണം ശ്രദ്ധാലുക്കൾ‍ ആയിരുന്നു എന്ന് മനസിലാക്കാം. എന്നാൽ‍ ഹിന്ദു മത മൗലിക സംഘടനകൾ‍ പശു വിഷയത്തെ വർ‍ഗീയ വിഭജനം ഉണ്ടാക്കുവാനുള്ള ആയുധമായി ഉപയോഗിക്കുവാൻ ഇഷ്ടപെട്ടു. അതിനായി അവർ‍ നടത്തിയ പ്രചരണങ്ങൾ‍ എല്ലാം തന്നെ തെറ്റിദ്ധാരണ പരത്തുന്നതാണ്. അതിൽ‍ ആര്യസമാജം ഉൾപ്പെടുന്ന സംഘടനകൾ‍ എടുത്ത നിലപാടുകൾ‍ തികച്ചും വർ‍ഗീയ സ്വഭാവങ്ങൾ‍ നിറഞ്ഞതായിരുന്നു. ഹിന്ദുമത ഗ്രന്ഥങ്ങളായി കരുതി വരുന്ന പലതിലും പശുവധത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണാം.

ഹിന്ദുമതത്തിൽ‍ പല പുരാണങ്ങളിലും സ്മൃതികളിലും ഉപനിഷത്തുകളിലും ഗോവധത്തെ അംഗീകരിക്കുന്ന നിരവധി പരാമർ‍ശങ്ങൾ‍ ഉണ്ട്. ഹിന്ദു പണ്ധിതവര്യനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന എസ്. രാധാകൃഷ്ണൻ മൊഴിമാറ്റം വരുത്തിയ ബൃഹദാരണീയ ഉപനിഷത്തിന്‍റെ 6ാം അദ്ധ്യായത്തിൽ‍ പറയുന്നത് ഇപ്രകാരമാണ്..

“Now if one wishes . . . a son, learned, famous, a frequenter of assemblies . . . they should have rice cooked with meat and eat it with clarified butter, then they should be able to beget (such a son), either veal or beef.” (Brihad Aranyaka Upanishad, VI.4.18, “The Principal Upanishads,” translated from the Sanskrit by S. Radhakrishnan.) അർ‍ത്ഥം ചുരുക്കി പറഞ്ഞാൽ‍.വിജ്ഞാനവും പ്രശസ്തിയുമുള്ള മകനെ നിങ്ങൾ‍ക്കു കിട്ടണമെങ്കിൽ‍ അച്ഛനമ്മമാർ‍ (ഉപദേശം രാജാവിനോട്) beef or veal(പശുക്കുട്ടിയുടെ) മാംസം അരിയുമായി വേവിച്ചു തെളിഞ്ഞ നെയ്യിൽ‍ കഴിക്കണം എന്ന്. ഈ വരികൾ‍ ഉപനിഷദ് ആരാധകനായ സർ‍വേപള്ളി രാധാകൃഷ്ണൻ വളച്ചൊടിച്ചതായി സാമാന്യജ്ഞാനമുള്ളവർ‍ ആരും പറയുകയില്ല. മനുഷ്യന്‍റെ പരിണാമത്തെ പറ്റി പഠിച്ചവർ‍ക്കു മനസിലാക്കുവാൻ കഴിഞ്ഞത് മനുഷ്യ− തലച്ചോറിന്‍റെ ഗുണപരമായ (പെട്ടെന്നുണ്ടായ) വളർ‍ച്ചക്ക് കാരണമായതിൽ‍ മാട്ടിറച്ചി ഉപയോഗം വലിയ പങ്കു വഹിച്ചു എന്നാണ്. Poor man’s protein എന്നു വിശേഷിപ്പിച്ചിട്ടുള്ള മാട്ടിറച്ചികളിലും മറ്റും മാത്രമേ vitamin 12 അടങ്ങിയിട്ടുള്ളു. മാത്രമല്ല നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയ സിങ്കും, ഇരുന്പും അടങ്ങിയ ഇറച്ചി സാധാരണക്കാർ‍ക്ക് ആരോഗ്യദായകമാണ്. ഇതു മനസിലാക്കിയിരുന്ന സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ‍, അദ്ദേഹത്തിന്‍റെ (1893) ചിക്കാഗോ പ്രസംഗം കഴിഞ്ഞ ദിവസം തന്നെ ഹോട്ടലിൽ‍ നിന്നും ബീഫ് ഉൾ‍പ്പെടുന്ന ഭക്ഷണം കഴിച്ചതായി ചിക്കാഗോയിലെ സുഹൃത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 1900ൽ‍ അദ്ദേഹം ഷേക്സ്പിയർ‍ ക്ലബ്ബിൽ‍ (കാലിഫോർ‍ണിയ)വെച്ച് പറഞ്ഞത് ബീഫ് കഴിക്കാത്തവൻ നല്ല ഹിന്ദുവല്ല എന്നാണ്.

ബൃഹദാരണ്യ ഉപനിഷത്തിലെ പരാമർ‍ശം ഒറ്റപെട്ടതായി കരുതേണ്ടതില്ല. മഹാഭാരതത്തിലെ വാനപർ‍വ്വം വരികൾ‍ വായിക്കുക. O Brahmana, king Sivi, the son of Usinara, of great forbearance attained to heaven, which is hard to reach, giving away his own flesh. And in days of yore, O Brahmana, two thousand animals used to be killed every day in the kitchen of king Rantideva; and in the same manner two thousand cows were killed every day; and, O best of regenerate beings, king Rantideva acquired unrivalled reputation by distributing food with meat every day. For the performance of the four monthly rites animals ought to be sacrificed daily. ‘The sacred fire is fond of animal food,’ this saying has come down to us. And at sacrifices animals are invariably killed by regenerate Brahmanas, and these animals being purged of sin, by incantation of hymns, go to heaven. If, O Brahmana, the sacred fire had not been so fond of animal food in ancient times, it could never have become the food of any one. And in this matter of animal food, this rule has been laid down by Munis:–Whoever partakes of animal food after having first offered it duly and respectfully to the gods and the manes, is not polluted by the act.”

മഹാഭാരതത്തിലെ ശാന്തിപർ‍വ്വം 24 ബീഫിന്‍റെ അന്നത്തെ പ്രാധാന്യത്തെ പറ്റി വർ‍ണിക്കുന്നു. മഹാരഥന്മാരായ കാളിദാസൻ‍, ഭവഭൂതി, ശരിഹർ‍ഷൻ തുടങ്ങിയവർ‍ ബീഫ് ഉപയോഗിച്ചിരുന്നതായി അവരെ പരിചയപെടുത്തുന്ന പുസ്തകങ്ങളിൽ‍ കണ്ടെത്താം. രാമനെ ഭരദ്വജൻ സ്വീകരിച്ചത് പശുവിനെ ബലികൊടുത്തു കൊണ്ട്. ആശ്വമേധത്തിൽ‍ 60ലധികം മൃഗബലിക്കു സമാപനം കുറിച്ച് നടക്കുന്ന ചടങ്ങിൽ‍ 21 പശുക്കളെ കൊല്ലുകയും യാഗത്തിനു നേതൃത്വം കൊടുക്കുന്ന ബ്രാഹ്മണനും പത്നിയും അതിന്‍റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ‍ ഹിന്ദുമതത്തിലെ പല ചടങ്ങുകളിലും പശുവിനെ കൊല്ലുന്നത് സാധാരണമാണെന്നിരിക്കെ എന്തിനാണ് ബീഫ് വിഷയം ഉയർ‍ത്തി വർ‍ഗീയ ചേരിതിരിവുകൾ‍ ഉണ്ടാക്കി ന്യൂനപക്ഷങ്ങളെ ഭീതിയിലും ചിലപ്പോൾ‍ മാംസം ഭക്ഷിച്ചെന്ന പേരിൽ‍ ചിലരെ കൊലപ്പെടുത്തുക വരെ ചെയ്യുന്നത്?

നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രി മൻമോഹനെതിരായി പറഞ്ഞ പ്രധാന ആരോപണം കോൺഗ്രസ് ഭരണത്തിൽ‍ ആകെയുണ്ടാകുന്നത് പിങ്ക് വിപ്ലവം മാത്രമായിരുന്നു എന്നാണ്. (മാട്ടിറച്ചി കയറ്റുമതി കുതിപ്പ്). എന്നാൽ‍ അതിനുശേഷവും ഇന്ത്യയിൽ‍ നിന്നും ഉള്ള കയറ്റുമതിയിൽ‍ വളർ‍ച്ച രേഖപ്പെടുത്തിയ ഏക രംഗം നാൽ‍ക്കാലികളുടെ മാംസ അളവിൽ‍ മാത്രം. രാജ്യത്തിനു പ്രതിവർ‍ഷം 30000 കോടി രൂപക്കടുത്തു വരുമാനം അത് നേടിക്കൊടുക്കുന്നു. ഒപ്പം കോടി ജനങ്ങൾ‍ ഇതിനെ ജീവിത മാർ‍ഗമായി കാണുന്നു. രാജ്യത്തെ മാട്ടിറച്ചി കയറ്റുമതി രംഗത്ത്‌ പ്രവത്തിക്കുന്നവരിൽ‍ ഏഴിൽ‍ അഞ്ച് പേരും ഹിന്ദു സമുദായത്തിലെ‍‍ അംഗങ്ങളാണ്. അതിൽ‍ ജൈന മതത്തിൽ‍ പെട്ടവരും ഉണ്ട്. ഏറ്റവും പ്രധാന നാൽ‍ക്കാലി മാംസ കയറ്റുമതിക്കാരായ al kabeer കന്പനി, ഗൾ‍ഫ്‌ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് സഹായമാകുവാൻ al kabeer എന്ന അറബി പേരുപയോഗിക്കുന്നെങ്കിൽ‍ ജപ്പാനിലേക്കുള്ള കയറ്റുമതിക്കായ് സ്ഥാപനം ഉപയോഗിക്കുന്ന പേര് സമുറായ് എന്നാണ്. (owner Mr. Shatish & Mr. Atul Sabharwal) അറേബ്യൻ എന്ന കന്പനിയുടെ ഉടമ അനിൽ‍ കപൂർ‍, മറ്റൊരു കന്പനിയുടെ ഉടമ ബിന്ദ്ര തുടങ്ങിയവർ‍ ഏതു സമുദായത്തിൽ‍ പെട്ടവർ‍ ആണെന്ന് പേരിൽ‍ നിന്നും മനസിലാക്കാം യു.പിയിൽ‍ ഗോസംരക്ഷണ സംഘത്തിന്‍റെ പേരിൽ‍ കലാപങ്ങൾ‍ക്ക് (മുസഫർ‍ നഗർ‍) നേതൃത്വം കൊടുത്ത ബി.ജെ.പി എം.എൽ.എ, സംഗീത് സോം Al Daya ഇറച്ചി കയറ്റുമതി സ്ഥാപനത്തിന്‍റെ ഉടമകളിൽ‍ ഒരാളാണ്. വൻകിട മാംസ കയറ്റുമതി കന്പനികളിൽ‍ നിന്ന് ഏറ്റവും അധികം സംഭാവനകൾ‍ കൈപ്പറ്റിയ ബി.ജെ.പി തന്നെ ഗോസംരക്ഷണത്തെപ്പറ്റി വാചാലമാകുന്പോൾ‍ എന്താണ് വ്യക്തമാക്കപെടുന്നത്?

ഒരേ സമുദായത്തിൽ‍ പെട്ടവർ‍ ആണെങ്കിലും  വ്യത്യസ്ത ഗോത്രത്തിൽ‍ പെട്ടവർ‍ ആണെങ്കിലും അവരുടെ വിശ്വാസങ്ങൾ‍ക്ക് സമാനതകളെക്കാൾ‍ വൈജാത്യങ്ങൾ‍ ആണ് ഉള്ളത്. ഏക ശിലാ രൂപത്തിൽ‍ പ്രവർ‍ത്തിക്കുന്നു എന്ന് കരുതുന്ന ഇസ്ലാം മതവും കത്തോലിക്കാ സമുദായത്തിൽ‍ പോലും ഓരോ നാട്ടിലും അവരുടെ ആചാരങ്ങളിൽ‍ വ്യക്തമായ അന്തരം കാണാവുന്നതാണ്. മാത്രവുമല്ല മത ഇതര ബോധം ജനാധിപത്യത്തിന്‍റെ അടിസ്ഥാനമായി കാണുന്ന രാജ്യങ്ങളിൽ‍, ദേശീയത മുഖ്യ പരിഗണന കൊടുക്കേണ്ടത് എല്ലാ മത−ജാതി− മത ഇതര ജന വിഭാഗങ്ങൾ‍ക്കും തുല്യമായ അവസരങ്ങൾ‍ സൃഷ്ടിച്ചുകൊണ്ടാണ്. ഈ ധാരണകൾ‍ നമ്മുടെ സ്വാതന്ത്ര്യ സമരകാലത്ത് വളരെ ശക്തമായിരുന്നു. വിവിധ മതവിശ്വാസികൾ‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ‍ ഒറ്റകെട്ടായി അണി നിരക്കുവാനുള്ള കാരണങ്ങളിൽ‍ ഒന്ന് തങ്ങൾ‍ സ്വതന്ത്രമാക്കുന്ന ഇന്ത്യയിൽ‍ എല്ലാ മതങ്ങൾ‍ക്കും ഒരേപോലെ അംഗീകാരങ്ങൾ‍ കിട്ടുമെന്നു കരുതിയതു കൊണ്ടാണ്. അതിനുള്ള നല്ല മാതൃകകൾ‍ ആയിരുന്നു പൂർ‍ണ്ണ സസ്യഭുക്കും സനാതന ഹിന്ദുവുമായ ഗാന്ധിജിയും യുക്തിവാദികൾ‍ ആയ നെഹ്്റുവും സുഭാഷും ഇസ്ലാം വിശ്വാസിയായ അലി സഹോദരങ്ങളും മൗലാനാ അബ്ദുൾ‍ കലാമും കമ്യൂണിസ്റ്റുകളായ ജോഷിയും ഇ.എം.എസും ഒക്കെ. എന്നാൽ‍ ആ കാലത്തും ഹിന്ദു മതത്തെ പ്രധാന മതമായി അംഗീകരിച്ച് മറ്റു മതസ്ഥർ‍ ജീവിക്കണം എന്നും ശ്രീരാമനെയും ഭഗവത് ഗീതയെയും മുഖ്യസ്ഥാനത്ത് ഇരുത്തണമെന്നും പറയുന്നവർ‍ ഉണ്ടായിരുന്നു. അക്കൂട്ടർ‍ ബ്രിട്ടീഷ് ഭരണത്തിനൊപ്പം ചുവടുറപ്പിച്ച ആർ.എസ്.എസ്, ഹിന്ദുമഹാസഭാ പ്രവർ‍ത്തകർ‍ ആയിരുന്നു.

നമ്മുടെ ഭരണ ഘടനയുടെ മൗലിക അവകാശങ്ങളിൽ‍ മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ പറ്റി പറയുന്നുണ്ട്. (അനുച്ഛേദം 25−28) ഒപ്പം സ്വാതന്ത്ര്യത്തിനുള്ള അവകാശവും (അനുച്ഛേദം19−22) സമത്വത്തിനുള്ള അവകാശവും (അനുച്ഛേദം 14−18).മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിക്കുവാൻ‍ മുതിരുന്ന ഏതൊരു ശ്രമവും ജനാധിപത്യ വിരുദ്ധമാണ്. ഇവിടെയാണ് ഹിന്ദുമത മൗലികത ഉയർ‍ത്തുന്ന, ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യം വെച്ച് നടത്തുന്ന വിധ്വംസക പ്രവർ‍ത്തനങ്ങളെ വളരെ ഗൗരവതരമായി കാണേണ്ടത്. സമൂഹത്തിൽ‍ ഭൂരിപക്ഷം വരുന്ന സമുദായത്തെ മത−വിശ്വാസത്തിന്‍റെ സഹായത്താൽ‍ (വികാരപരമായ അവസരങ്ങൾ‍ സൃഷ്ടിച്ച്) സ്വാധീനിച്ച് തിരഞ്ഞെടുപ്പുകളിൽ‍ വിജയം കണ്ടെത്തുന്ന രീതികളെ പറ്റി നെഹ്റുവിനോ അംബേദ്‌കർ‍ക്കോ ഊഹിക്കുവാൻ കഴിയുമായിരുന്നില്ല. ആഗോളവൽ‍ക്കരണ കാലത്ത് സമത്വ അധിഷ്ഠിത രാഷ്ട്രീയ പ്രതീക്ഷകൾ‍ക്ക് വലിയ തിരിച്ചടികൾ‍ നേടിയ സാഹചര്യത്തിൽ‍ ഇത്തരം അപകടകരമായ പ്രവണതകൾ‍ ഉണ്ടാകുന്പോൾ‍ അതിനെ തടയിടുവാൻ നമ്മുടെ ഭരണഘടന നിസഹായത പ്രകടിപ്പിക്കുന്നു.

ലോകത്താദ്യമായി മൃഗങ്ങൾ‍ക്ക് സംരക്ഷണ നിയമം ഉണ്ടാക്കിയത് ഹിറ്റ്ലർ‍ ആണെന്നത് ഒരു വിരോധാഭാസമായി തോന്നാം. നാസി പാർ‍ട്ടിക്ക് ജൂതരിലും കമ്യൂണിസ്റ്റുകളിലും കത്തോലിക്കരിലും (ജീവനേക്കാൾ‍) വലുത് നാൽ‍ക്കാലികളായിരുന്നു. ഹിറ്റ്ലർ‍ അധികാരത്തിൽ‍ എത്തിയ ഏപ്രിൽ21 ന് തന്നെ മൃഗവേട്ട നിയമം കൊണ്ട് അവസാനിപ്പിച്ചു. പരീക്ഷണത്തിനായി ജീവികളെ കൊല്ലുന്ന (vivisection)രീതി നിരോധിച്ചു. ഒപ്പം koshar killing അവസാനിപ്പിച്ചു. മനുഷ്യ കുരുതിയിൽ‍ കുപ്രസിദ്ധി നേടിയ ഹെർ‍മൻ ഗോറിങ്ങും ഹെന്‍റിച്ച് ഹിമ്ലറും നിയമങ്ങൾ‍ ഉണ്ടാക്കുവാനും നടപ്പിൽ‍ വരുത്തുവാനും കാർ‍ക്കശ്യം കാട്ടി. 1934 ഫെബ്രുവരി 23ന് നടപ്പിലാക്കിയ നിയമം (Reich animal protection act), അതിന്‍റെ ഭാഗമായി കുറുക്കൻ, ഞണ്ട്, കൊഞ്ച് തുടങ്ങിയവയെ സംരക്ഷിക്കുന്ന നിയമം, മരങ്ങൾ‍ വെച്ച് പിടിപ്പിക്കുവാൻ എടുത്ത തീരുമാനങ്ങൾ‍ ഒക്കെ യഥാർ‍ത്ഥത്തിൽ‍ ഹിറ്റ്ലർ‍ പുലർ‍ത്തി വന്ന സസ്യാഹാരപ്രേമത്തിന്‍റെ ഭാഗം മാത്രമായിരുന്നില്ല. മാംസഭുക്കുകളായ ജൂതരെ മാനസികമായി തളർ‍ത്തി, അവരുടെ ജർ‍മ്മൻ രാജ്യത്ത് ജീവിക്കുവാനുള്ള അവകാശത്തിൽ‍ കൈകടത്തൽ‍ ആയിരുന്നു ഹിറ്റ്ലറും കൂട്ടരും ഇതിലൂടെ ലക്ഷ്യം വെച്ചിരുന്നത്.

ഏറെ പഴക്കം ചെന്നതും നിരവധി വ്യത്യസ്തതകൾ‍ അംഗീകരിച്ചു വന്നിട്ടുള്ളതുമായ ഹിന്ദുമതം, പ്രകീർ‍ത്തിക്കുന്ന വേദങ്ങളിലും പുരാണ ഗ്രന്ഥങ്ങളിലും പശുമാംസം ഭക്ഷിക്കുന്നത് സഗുണ ലക്ഷണമായി കരുതുന്നു. സ്മൃതിയിൽ‍ പട്ടിണി കാലത്ത് ബ്രാഹ്മണർ‍ പശുമ മാംസവും പട്ടി മാംസവും ഭക്ഷിച്ച വിവരങ്ങൾ‍ പറയുന്നുണ്ട്. ഹിന്ദു മതത്തിന്‍റെ അധികാരം ഇന്ത്യയിൽ‍ സ്ഥാപിക്കുവാൻ അഹോരാത്രം പ്രയത്നിച്ച സവർ‍ക്കർ‍ (അതിനായി ഗാന്ധിവധ ഗൂഢാലോചനയിൽ‍ പങ്കാളിയായിരുന്നു) പശു ഒരു ഉപയോഗമുള്ള മൃഗമാണ് പരിശുദ്ധിയുമായി അതിനു ബന്ധമില്ല എന്നാണ് പറഞ്ഞത്. വി.എച്ച്.പിയുടെ ആദ്യ അധ്യക്ഷനും ബനാറസ് ഹിന്ദു സർ‍വകലാശാല സ്ഥാപകനും ആയ മദൻ മോഹൻ മാളവ്യ ഗോവധം നിരോധിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ പറ്റി പറഞ്ഞത് ഇങ്ങനെയാണ് “നമ്മൾ‍ വിശ്വാസത്തിന്‍റെ ഭാഗമായി ഗോവധം നിരോധിക്കുന്നു എങ്കിൽ‍ പാകിസ്ഥാൻ അവരുടെ വിശ്വാസത്തിന്‍റെ ഭാഗമായി ക്ഷേത്രങ്ങൾ‍ ഇടിച്ചു പൊളിച്ചു കളഞ്ഞാൽ‍ അതിനെ എങ്ങനെയാണ് നമ്മൾ‍ക്ക് എതിർ‍ക്കുവാൻ കഴിയുക”.

രാജസ്ഥാനിൽ ഇന്നും പശുവിനെ ചന്തയിൽ നിന്നും വാങ്ങികൊണ്ടുപോയ ഒരാളെ ആക്രമിച്ച്  കൊലപ്പെടുത്തുകയുണ്ടായി. രാജ്യത്തെ ഇത്തരം സംഭവങ്ങൾ എത്ര പ്രാകൃതമായ കാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്. നമ്മുടെ രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. കാലാവസ്ഥാ വ്യതിയാനം, മരിച്ച നദികൾ‍, കോർ‍പ്പറേറ്റുകളുടെ ഭോഗവസ്തുവായി തീരുന്ന പൊതുസ്ഥാപനങ്ങൾ‍, തൊഴിലില്ലായ്മ, കർ‍ഷക ആത്മഹത്യകൾ‍, ജനങ്ങളിൽ‍ വളരുന്ന പരസ്പര വിശ്വസരാഹിത്യം, വർ‍ഗീയ കലാപങ്ങൾ‍ അങ്ങനെ പലതും. എന്നാൽ‍ മനുഷ്യരുടെ ജീവനെക്കാൾ‍ മൃഗങ്ങൾ‍ക്ക് പരിഗണന കൊടുക്കുന്ന ആർ.എസ്.എസ് അജണ്ടകൾ‍ക്ക് പിന്നിൽ‍ ഹിറ്റ്ലർ‍ നടപ്പിൽ‍ വരുത്തിയ അന്യ മത വിദ്വേഷവും രാജ്യത്ത് ഞങ്ങളുടെ വിശ്വാസത്തിനു കീഴ്പെട്ടു മറ്റുള്ളവർ ജീവിക്കണം എന്ന ഫാസ്സിസ്റ്റു നിലപാടുകളുമാണ് നിറഞ്ഞാടുന്നത്.

You might also like

Most Viewed