അധി­കാ­രി­കൾ‍­ക്ക് അതി­രപ്പള്ളി­യാണ് പ്രി­യം. എന്തു­കൊ­ണ്ട് ?


ഇ.പി അനിൽ

കേരളം രാജ്യത്തെ വളരെ പ്രധാനപ്പെട്ട ഉപഭോഗ സംസ്ഥാനമാണ്. ജനതയിൽ‍ ഭൂരിപക്ഷവും മധ്യവർ‍ഗ്ഗ സ്വഭാവക്കാരും. നമ്മുടെ ദേശീയ (ശരാശരി) വൈദ്യുതി ഉപഭോഗം 778 kwh ആണ്. കേരളത്തിൽ‍ അത് 525 kwh മാത്രം. രാജ്യത്തെ ഏറ്റവും കൂടുതൽ‍ വൈദ്യുതി ഉപഭോഗം നടത്തുന്ന സംസ്ഥാനം ഗോവയാണ്. അവരുടെ ഉപഭോഗത്തിന്‍റെ (2263kwh) നാലിലൊന്നാണ് ഇവിടെയുള്ളത്.  ചൈനയുടെ വൈദ്യുതി ഉപയോഗം   2475khwവരും   ബ്രസിലിൽ‍ ഊർ‍ജ്ജ ഉപഭോഗം 2200 khw നടുത്തും. യൂറോപ്പിൽ‍ ശരാശരി  10000 khwനും അടുത്ത് ഉണ്ട്. കാനഡയുടെ അളവ് 17000khw. വിദേശ രാജ്യങ്ങളിലെ അധികമായ ഊർ‍ജ്ജ ആവശ്യങ്ങളുടെ സ്ഥാനത്ത്, നമ്മുടെ രാജ്യത്തെ കുറഞ്ഞ അളവുകൾ‍  ജീവിത നിലവാരത്തിന്‍റെ  പിന്നോക്ക അവസ്ഥയെ സൂചിപ്പിക്കുന്നു.

അമേരിക്കൻ‍ ജീവിത നിലവാരത്തിലെ ചില ഘടകങ്ങൾ‍ക്കൊപ്പം എത്തുവാൻ കഴിഞ്ഞ കേരളത്തിൽ‍ വൈദ്യുതി ഉപഭോഗം കുറവാണ് എന്നത് സംസ്ഥാനത്തിന്‍റെ  വരുമാനത്തിൽ‍ ഉത്പാദനരംഗത്ത്‌ നിലനിൽ‍ക്കുന്ന പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്നു. മാറിയ ലോക സാഹചര്യത്തിൽ‍ വ്യവസായ ശാലകൾ‍ക്കുള്ളതിലും പ്രധാനം സോഫ്റ്റ്‌വെയർ‍ തുടങ്ങിയ രംഗങ്ങൾ‍ക്ക് ഉണ്ട് എങ്കിലും അതുമായി ബന്ധപ്പെട്ടും വൈദ്യതി ഒഴിച്ചുകൂടുവാൻ പാടില്ലാത്തതാണ്. രാജ്യത്തെ വൈദ്യുതി ഉത്പാദനം ഇന്നു മിച്ചമാണ് എന്ന് അറിയുന്പോൾ‍ (2.2 ലക്ഷം മെഗാ വാട്ട്) വിവിധ രംഗത്തെ നമ്മുടെ വളർ‍ച്ചയുടെ മുരടിപ്പ് ബോധ്യപ്പെടും. (വിദേശ നാണയ ശേഖരത്തിൽ‍ പണം എത്തുന്നതിനു വൈദ്യുതി ഉപയോഗം വേണ്ടതില്ല. ഒപ്പം ഇത്തരം പണം ഒഴുക്കുകൾ‍ തൊഴിലവസരവും വർ‍ദ്ധിപ്പിക്കുന്നില്ല എന്ന് മറക്കരുത്.) രാജ്യത്തെ ഊർ‍ജ്ജ ഉത്‌പാദനത്തിലും വിതരണത്തിലും നിലനിൽ‍ക്കുന്ന പരന്പരാഗത വഴികൾ‍ നമ്മൾ‍ പിന്തുടരുന്ന പിന്തിരിപ്പൻ നിലപാടുകളെ ഓർ‍മ്മിപ്പിക്കുന്നു. കേരളം ഉൾ‍പെടുന്ന ഭൂപ്രദേശങ്ങൾ‍ ലോകത്തിലെ തന്നെ വളരെ പ്രധാന പ്രകൃതി വൈവിധ്യങ്ങളുടെ കലവറകളിൽ‍ ഒന്നാണ്. അതിനുള്ള കാരണങ്ങളിൽ‍ പ്രധാനം പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യമാണ്. 1500 കിലോമീറ്റർ നീളത്തിലും 120 കിലോമീറ്റർ വരെ വീതിയിലും വ്യാപിച്ചു കിടക്കുന്ന ലോകത്തെ  പ്രധാന പ്രകൃതിയുടെ വൻ അത്ഭുത കാടുകൾ‍ കടലുമായി ഏറ്റവും അടുത്ത് നിൽ‍ക്കുന്നതിനാൽ‍ വളരെ വ്യത്യസ്തമായ ജൈവ വൈവിധ്യങ്ങൾ‍ ഇവിടെ സാധ്യമായിട്ടുണ്ട്. അഗസ്തർ‍ കൂടം പോലെയുള്ള മല നിരകളിൽ‍ കാണുന്ന വർ‍ദ്ധിച്ച ഔഷധ സസ്യങ്ങളുടെ ലഭ്യത ഇത്തരം പ്രത്യേകതകൾ‍ കൊണ്ട് മാത്രം ആർജ്ജിച്ചതാണ്. കേരളത്തിൽ‍ ലഭിക്കുന്ന വർ‍ദ്ധിച്ച മഴ, ഈ മലനിരകളുടെ അനുഗ്രഹമാണ്. ഉഷ്ണമേഖലയിൽ‍ തന്നെ പൂജ്യം ഡിഗ്രിക്കടുത്ത് ലഭ്യമാകുന്ന മൂന്നാറിലെ കാലാവസ്ഥയും തൊട്ടടുത്ത പ്രദേശത്ത് ചന്ദനകാടുകൾ‍ ഉള്ള മറയൂർ‍, അവിടെയും കഴിഞ്ഞാൽ‍ മഴ നിഴൽ‍ സ്വഭാവം പ്രകടിപ്പിക്കുന്ന ചിന്നാറും അവിടെ മാത്രം കാണുന്ന നക്ഷത്ര ആമകളും മുതൽ‍ ഓരോ പശ്ചിമഘട്ട മലനിരകളും വലിയ വൈവിധ്യങ്ങളുടെ കലവറകളായി പ്രവർ‍ത്തിക്കുന്നു. കേരളത്തിലെ കിഴക്കൻ മലകളിൽ‍ നിന്നും ഉത്ഭവിച്ച് അറബി കടലിൽ‍ പതിക്കുന്ന നദികളുടെ പ്രത്യേകതയാണ് ലോകത്ത് വിരളമായി സംഭവിക്കുന്ന (പുറക്കാട്)ചാകരക്ക് അടിസ്ഥാനം.

രാജ്യത്തെ ആകെ ആവശ്യമുള്ള വെള്ളത്തിൽ‍ 40% സംഭാവന ചെയ്യുന്നത് പശ്ചിമഘട്ടത്തിൽ‍ നിന്നും ഉത്ഭവിക്കുന്ന നദികളാണ്. ഈ കാടുകൾ‍ നൂറ്റാണ്ടുകളായി അതിരുകൾ‍ ഇല്ലാത്ത മനുഷ്യ ചൂഷണത്തിന് ഇരയാക്കപെട്ടു.  അത്തരം ചൂഷണത്തിന്‍റെ തുടക്കക്കാരൻ മറാത്ത രാജാവ്‌ ശിവജിയായിരുന്നു. അതിനു ശേഷം ബ്രിട്ടീഷ് അധിനിവേശം കരുത്തു നേടിയപ്പോൾ‍ കാര്യങ്ങൾ‍ കുറേകൂടി അപകടകരമായി. ആദിമവാസികൾ‍ തുടക്കം മുതൽ‍ അധികൃതരുടെ ലാഭത്തിന്‍റെ ഇരകൾ‍ ആയി ചുരുങ്ങി. വനങ്ങൾ‍ വെട്ടി വെളുപ്പിച്ചു തോട്ടവിളകൾ‍ കൃഷി ചെയ്തു തുടങ്ങിയ മലനിരകൾ‍ക്ക്  വനത്തിന്‍റെ സ്വാഭാവിക രീതികൾ‍ കൈമോശം വന്നു എന്ന് കാണാം. ബ്രിട്ടീഷുകാർ‍ നാടുവിട്ട ശേഷം നമ്മുടെ സർ‍ക്കാർ‍ ഭക്ഷ്യ പ്രതിസന്ധി നേരിട്ടപ്പോൾ‍ വനത്തിലേക്ക് കയറി കൃഷി ചെയ്യുവാൻ നാട്ടുകാർ‍ക്ക് നൽ‍കിയ അനുവാദം ഭക്ഷ്യ ഉത്പാദനത്തെ വർ‍ദ്ധിപ്പിച്ചു. എന്നാൽ‍ അതിനൊപ്പം നമ്മുടെ മഴക്കാടുകൾ‍ നശിക്കുവാൻ ഒരവസരം കൂടി നമ്മുടെ അധികാരികൾ‍ ഒരുക്കി. വനങ്ങൾ‍ വെട്ടി നശിപ്പിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ‍ കൃഷി ചെയ്യുവാൻ കുടിയേറ്റക്കാർ‍ക്ക് അവസരം കിട്ടി. അങ്ങനെ പശ്ചിമഘട്ടത്തിൽ‍ വന നിബിഡ പ്രദേശങ്ങൾ‍ 40%ആയി ചുരുങ്ങി. അപ്പോഴും ഭൂമിയുടെ ഘടനയിൽ‍ മാറ്റങ്ങൾ‍ വ്യാപകമായിരുന്നില്ല.

പശ്ചിമഘട്ടത്തിന്‍റെ സർ‍വ്വ നാശങ്ങൾ‍ തകൃതിയായി ആരംഭിച്ചത് കേരളത്തിലെ നിർ‍മ്മാണ രംഗം സജീവമായ കാലം മുതലാണ്. അത് കൂടുതൽ‍ കൂടുതൽ‍ വളർ‍ന്ന് കേരളത്തിന്‍റെ വികസനരംഗത്തും വ്യക്തിജീവിതത്തിലും മറ്റൊരു ലോകം തീർ‍ത്തു എന്ന് കാണാം. അത്തരം വികസന നയങ്ങളോടെ അനുകൂല നിലപാടുകൾ‍ കൈകൊണ്ടവരാണ് നമ്മുടെ എല്ലാ വിഭാഗത്തിലും പെട്ട രാഷ്ട്രീയ സംഘടനകളും.

കേരളത്തിലെ 80കൾ‍ക്ക് മുന്‍പ് തുടങ്ങിയ വൈദ്യുതി പ്രതിസന്ധികൾ‍ക്ക്  പഴയ കാലത്ത് എന്നപോലെ ജല വൈദ്യുതി നിലയങ്ങൾ‍ തന്നെയാകാം എന്ന സമീപനങ്ങൾ‍ കേരള സർ‍ക്കാർ‍ തുടർ‍ന്നു. അവർ‍ക്കൊപ്പം അണിചേരുവാൻ തൊഴിലാളി സംഘടനകൾ‍ ഉണ്ടായി. അവരെ പിന്തുണക്കുവാൻ സർ‍ക്കാരും അവരുടെ പാർ‍ട്ടിയും തയ്യാറായിരുന്നു. ലോകത്താകെ പരിസ്ഥിതി വിഷയത്തിൽ‍  ചൂടുപിടിച്ച ചർ‍ച്ചകൾ‍ക്ക് തുടക്കം കുറിച്ചു അതിന്‍റെ ഭാഗമായി, 1972ൽ‍ നടന്ന സ്റ്റോക്ക്ഹോം സമ്മേളനത്തിൽ‍ ഇന്ദിരാഗാന്ധി ഇന്ത്യൻ സർ‍ക്കാർ‍ നിലപാട് വിശദമാക്കി. ആ സമയത്ത്  കേരളത്തിൽ‍ സർ‍ക്കാരും ഒട്ടു മിക്ക രാഷ്ട്രീയക്കാരും ഉയർ‍ത്തിയ കുന്തി പുഴയ്ക്കു കുറുകെ ഡാം പണിഞ്ഞ് ജല വൈദ്യുതി നിലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനെതിരായി ഇന്ത്യൻ‍ പ്രധാനമന്ത്രി ശാസ്ത്ര സാഹിത്യ പരിഷത്തിനും മറ്റു പാരിസ്ഥിതിക്കാർ‍ക്കും ഒപ്പം നിൽ‍ക്കുവാൻ മടികാട്ടിയില്ല. അങ്ങനെ രാജ്യത്തെ ശ്രദ്ധേയമായി മാറിയ സൈലന്റ്്വാലി കാടുകളിൽ‍ നിന്നും ഡാം നിർ‍മ്മാണം ഒഴിവാക്കപെട്ടു.  എന്നാൽ‍ നമ്മുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ ഗ്രൂപ്പുകൾ‍ ഇത്തരം പദ്ധതികളെ കൈവെടിയുവാൻ‍ തയ്യാറായില്ല. അതിനുള്ള ഏറ്റവും നല്ല തെളിവാണ് പശ്ചിമഘട്ടത്തെ പറ്റി പഠിക്കുവാൻ കേന്ദ്രസർ‍ക്കാർ‍ നിയോഗിച്ച ഗാഡ്ഗിൽ‍ നേതൃത്വം കൊടുത്ത് മറ്റു 13 പേർ‍കൂടി  ചേർ‍ന്ന്  അവതരിപ്പിച്ച പഠന റിപ്പോർ‍ട്ട്‌.   പ്രസ്തുത കണ്ടെത്തലുകൾ‍ കേന്ദ്രപരിസ്ഥിതിമന്ത്രാലയം പുറത്തു വിടാതെ വെക്കുവാൻ നടത്തിയ ശ്രമം വിവരാവകാശ നിയമത്തിലൂടെ പരാജയപ്പെടുത്തി എങ്കിലും റിപ്പോർ‍ട്ടിൽ‍ തൃപ്തി വരാത്ത സർ‍ക്കാർ‍ മറ്റൊരു കമ്മീഷനെ നിയമിച്ചു. അവരുടെ പ്രധാനിയായി പ്രവർ‍ത്തിച്ച ശ്രീ. കസ്തൂരി രംഗൻ മുൻ റിപ്പോർ‍ട്ടുകളിലെ മിക്ക ആശയങ്ങളെയും മാനിച്ചില്ല. ലോകത്തെ പ്രധാന മലനിരകളെ പറ്റി ആദ്യം പഠിച്ചവർ‍ കൃത്യമായ ചില നിർ‍ദേശങ്ങൾ‍ വെച്ചിരുന്നു. അതിൽ‍ ഏറ്റവും കാതലായത് മലകളെ മൂന്നായി തിരിച്ചു നടത്തിയ വിശദീകരണമാണ്. (Ecologically sensitive Zone1,2,3). ഇവയിൽ‍ ഒരിടത്തും പ്രദേശങ്ങളിൽ‍ താമസിച്ചു വരുന്നവർ‍ നാട് ഉപേക്ഷിക്കണമെന്ന് പറഞ്ഞിരുന്നില്ല. കൃഷി അവസാനിപ്പിക്കുവാൻ തീരുമാനമില്ല.  പുതിയ വീടുകൾ‍ നിർ‍മ്മിക്കുന്നതിന് തടസം നിൽ‍ക്കണം എന്ന് നിർ‍ദേശങ്ങളില്ല. കാടിന്‍റെ ഏറ്റവും പ്രധാന ഭാഗത്ത്‌ പുതിയ ഡാമുകൾ‍, ആണവനിലയങ്ങൾ‍, വൻ‍ കെട്ടിടങ്ങൾ‍, പ്ലാസ്റ്റിക്, ജനിതക വിത്തുകൾ‍ ഉപയോഗിച്ച് കൃഷി, പാറ ഖനനം തുടങ്ങിയവ ഒഴിവാക്കണം എന്നും പുതിയ തീരുമാനങ്ങൾ‍ നടപ്പിലാക്കുന്പോൾ‍ ജനങ്ങൾ‍ക്ക്‌ ഉണ്ടാകുന്ന നഷ്ടം സർ‍ക്കാർ‍ സംവിധാനത്തിൽ‍ കൂടി പരിഹരിക്കണമെന്നും പറയുന്നു. ഗാഡ്ഗിൽ നിലപാട് അംഗീകരിക്കുവാൻ കേന്ദ്രവും കേരളസർ‍ക്കാരും അതുമായി ബന്ധപെട്ട മറ്റു 5 സംസ്ഥാനങ്ങളും തയ്യാറായില്ല. നിലവിൽ‍ തന്നെ  മലനിരകളിൽ‍ 40% വനം ഉണ്ടായിരിക്കണം എന്ന നിയമം നിഷ്ക്കർ‍ഷിക്കുന്പോൾ‍ അതു തന്നെ ആവർ‍ത്തിക്കുന്ന കസ്തൂരിരംഗൻ നിർ‍ദേശങ്ങൾ‍ പ്രത്യേകമായ എന്തെങ്കിലും സംരക്ഷണം  മലനിരകൾ‍ക്കു ഉണ്ടാക്കി കൊടുക്കുന്നില്ല. എന്നാൽ‍ അവിടെ കൊണ്ടും തൃപ്തി വരാതെ, സംസ്ഥാന സർ‍ക്കാരിനും രാഷ്ട്രീയക്കാർ‍ക്കും നിലവിൽ‍ നടക്കുന്ന എല്ലാ നിയമ ലംഘനവും തുടരുവാൻ അവസരം ഉണ്ടാകണം എന്നതിലേക്ക് കാര്യങ്ങൾ‍ ചുരുങ്ങി.

അതിരപ്പള്ളിയിലൂടെ ഒഴുകുന്ന കേരളത്തിലെ ഏറ്റവും നീളം കൂടിയ ചാലക്കുടി പുഴയിൽ‍ ഒരു ഡാം കൂടി പണിയുവാൻ സർ‍ക്കാർ‍ ആഗ്രഹിക്കുവാൻ‍ പ്രധാനമായി ഇടം ഉണ്ടാക്കിയത് പശ്ചിമഘട്ടത്തെ പറ്റിയുള്ള ഗാഡ്ഗിൽ‍ കമ്മീഷൻ റിപ്പോർ‍ട്ട്‌ തള്ളിക്കളഞ്ഞതാണ്. അതിൽ‍ പരാമർ‍ശിക്കുന്ന ഒന്നാം സോണിൽ‍ പെടുന്ന അതിരപ്പള്ളിയിൽ‍ ഡാമുകൾ‍ പണിയുവാൻ അനുവാദം ഇല്ലായിരുന്നു. അതിരപ്പള്ളി വനത്തിന് വളരെ പ്രധാനപ്പെട്ട ചില സവിശേഷതകൾ‍ ഉണ്ട്. അത് അവിടെ കാണുന്ന വെള്ളച്ചാട്ടവും കുറെ മരങ്ങളും മാത്രമല്ല. അതിനും അപ്പുറം പറന്പികുളം എന്ന കേരളത്തിന്‍റെ അവശേഷിക്കുന്ന ഏക കന്യാവനത്തിന്‍റെ തുടർ‍ച്ചയാണിത്‌. പ്രദേശത്തെ പ്രധാന ആന ചാലുകൾ‍ക്ക് ഉണ്ടാകുന്ന തകർ‍ച്ച ആനക്കും മറ്റു ജീവികൾ‍ക്കും കൂടി കൂടുതൽ‍ അസൗകര്യങ്ങൾ‍ വരുത്തി വെക്കും. 100നടുത്ത് മത്സ്യ വിഭാഗങ്ങൾ‍ ഉള്ളതിൽ‍ 35 എണ്ണം endamic(അവിടെ മാത്രം കാണുന്നത്) വിഭാഗത്തിലും ഒരു ഡസൻ അന്യം നിൽ‍ക്കൽ‍ ഭീക്ഷണിയുള്ളതും(endangered)അതിൽ‍ തന്നെ രണ്ടു തരം മത്സ്യങ്ങൾ‍ ഏതു സമയത്തും വംശനാശം കൊണ്ട് അവസാനിക്കുന്നതും ആണ്. കേരളത്തിന്‍റെ പക്ഷിയായി സർ‍ക്കാർ‍ അംഗീകരിക്കുന്ന വേഴാന്പലുകളിൽ‍ നാലു തരവും ഇവിടെ നമുക്ക് കാണാം. അവയെല്ലാം തന്നെ വൻ നിലനിൽ‍പ്പ്‌ ഭീഷണിയിലാണ്. പ്രസ്തുത നദിക്ക് താഴെ നിലവിൽ‍ 20000 ഹെക്ടർ‍ കൃഷി നടത്തുന്നവർ‍  വെള്ളത്തിനായി നദിയെ ആശ്രയിക്കുന്നു. 5 ലക്ഷം ആളുകൾ‍ക്ക് കുടിനീർ‍ നൽ‍കുന്ന ഈ പുഴയിൽ‍ നിലവിലുള്ള 6 ഡാമുകൾ‍  നദിയുടെ സ്വാഭാവികമായ  ഒഴുക്ക് ഇല്ലാതെയാക്കിയിട്ടുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു വനം പ്രദേശത്ത് ഡാം നിർ‍മിച്ച് 163MW(ഒന്നര ലക്ഷം യുണിറ്റ്) വൈദ്യുതി ഉണ്ടാക്കും എന്ന  വാദത്തെ അംഗീകരിച്ചാലും പദ്ധതി കേരളത്തിന് വലിയ പാരിസ്ഥിതിക സാന്പത്തിക ദുരന്തങ്ങൾ‍ വരുത്തി വെക്കും. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കേന്ദ്രം (ജയറാം രമേശ്‌) അനുവദിക്കാതിരുന്നത് പദ്ധതി ഒരു കാരണത്താലും വിജയകരമാകില്ല എന്ന് തെളിയിക്കുന്നു.

കേരളത്തിലെ നിലവിൽ‍ അനുഭവിക്കുന്ന വൈദ്യുതി പ്രതിസന്ധി (ഉണ്ടെങ്കിൽ‍) പരിഹരിക്കുവാൻ‍ പുതിയ പദ്ധതികൾ‍ പ്രഖ്യാപിക്കുന്പോൾ‍ അവ പരിസ്ഥിതിക്ക് ദോഷമാകാതെ, കൂടുതൽ‍ നാൾ‍ ഉപയോഗിക്കുവാൻ കഴിയുന്നതാകണം. ഒപ്പം തന്നെ നിലവിലെ വൈദ്യുതി ഉത്പാദനം ക്ഷമതയും വിതരണവും ഉപയോഗവും കൂടുതൽ‍ കാര്യക്ഷമമാക്കുവാൻ സർ‍ക്കാർ‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വൈദ്യുതി അലങ്കാരത്തിനും മറ്റും ഉപയോഗിക്കുന്ന രീതികൾ‍ നിരുത്സാഹപ്പെടുത്തുവാൻ സർ‍ക്കാർ‍ ശ്രദ്ധിക്കാറില്ല. ഡാമുകൾ‍ ലോകത്തെ പ്രധാന പരിസ്ഥിതി ദുരിതങ്ങൾ‍ വരുത്തി വെക്കുന്നതിനാൽ‍ അവയുടെ നിർ‍മ്മാണത്തിൽ‍ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും താൽ‍പ്പര്യം കാട്ടുന്നില്ല. മാത്രവുമല്ല പഴയ പല ഡാമുകളും പൊളിച്ചു കളയുവാൻ‍ അവർ‍ തയ്യാറാകുന്നു.  ഇന്ത്യയും ചൈനയും മറ്റും തകൃതിയായി ഡാമുകൾ‍ പണിയുന്നതിൽ‍ വളരെ താൽപര്യം നിലനിർ‍ത്തി വരുന്നുണ്ട്. ഹിമാലയൻ മലനിരകളിൽ‍ ആയിരക്കണക്കിന് ഡാമുകൾ‍ തീർ‍ക്കുന്നതിൽ‍ ചൈന ധൃതി കൂട്ടുകയാണ്. അങ്ങനെയിരിക്കെ കേരളത്തിൽ‍ വീണ്ടും ഡാം പണിത് മഴയെ മാത്രം ആശ്രയിക്കുന്ന പദ്ധതികൾ‍ വൈദ്യുതിക്കായി സ്ഥാപിക്കുന്നത് ഊർ‍ജ്ജ ക്ഷാമം പരിഹരിക്കുവാൻ സഹായകരമാകില്ല. ആഗോള താപനവും അനുബന്ധ വിഷയങ്ങളും പ്രധാന പ്രതിസന്ധികൾ‍ തീർ‍ക്കുന്ന വേളയിൽ‍ പുതിയ തരത്തിൽ‍ ഉള്ള ഊർ‍ജ്ജ സ്രോതസുകളെ ഉപയോഗിക്കുവാൻ സർ‍ക്കാർ‍ എന്തുകൊണ്ട് മടിക്കുന്നു?

300ലധികം ദിവസവും നല്ല വെയിൽ‍ കിട്ടുന്ന കേരളത്തിൽ‍ ലോകത്തെ ഇന്നത്തെ പ്രധാന ഊർ‍ജ്ജ ഉത്പാദന മാർ‍ഗ്ഗമായി മാറി വരുന്ന സൗരോർ‍ജ്ജത്തെ ഉപയോഗ പ്പെടുത്തുവാൻ ചൈനയും ജർ‍മ്മനിയും യു.എസും ജപ്പാനും വളരെ അധികം വിജയിച്ചു. കേന്ദ്ര സർ‍ക്കാർ‍ ഏകദേശം 10 ജിഗാ വാറ്റ് വൈദ്യുതി ഉണ്ടാക്കുന്നു. വൈദ്യുതി ഉത്‌പാദനത്തിൽ‍ പഴയതിലും ചെലവ് കുറവായി തീർ‍ന്നു.  യുണിറ്റിനു 3 രൂപ നിരക്കിൽ‍ വൈദ്യുതി ഉണ്ടാക്കുന്ന പ്ലാന്‍റ് മധ്യപ്രദേശിൽ‍ ഇപ്പോൾ‍ പ്രവർ‍ത്തന ക്ഷമമാണ്. സർ‍ക്കാരും ആധുനിക സാങ്കേതിക −സർ‍വകലാശാല  വകുപ്പുകളും‍‍ നിശ്ചയ ധാർഷ്ട്യത്തോടെ പ്രവർ‍ത്തിച്ചാൽ‍ ചെലവ് വീണ്ടും കുറയ്ക്കുവാൻ‍ കഴിയും. സോളാർ‍ ഊർ‍ജ്ജം ഉപയോഗിച്ചുള്ള വൈദ്യുതി കൊണ്ട് മാത്രം പ്രവത്തിക്കുന്ന അന്തർ‍ദേശീയ വിമാനത്താവളം നമ്മുടെ നാട്ടിൽ‍ ഉണ്ട്. 46000 പാനലുകൾ‍ സ്ഥാപിച്ച്, 45 ഏക്കറിൽ‍ നിന്നും  നിന്നും 50000 യുണിറ്റ് വൈദ്യുതി (55 മെഗാവാട്ട്) ഉണ്ടാക്കുന്നു. മൊത്തം ചെലവ് 62 കോടി രൂപയായിരുന്നു. ഈ പദ്ധതിയെ നിലവിൽ‍ സർ‍ക്കാർ‍ ഉദ്ദേശിക്കുന്ന അതിരപ്പള്ളി പദ്ധതിയുമായി തട്ടിച്ചു നോക്കിയാൽ‍ കാര്യങ്ങൾ‍ ബോധ്യപ്പെടും. അതിരപള്ളിയിൽ‍ നിന്നും പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷം യുണിറ്റ് വൈദ്യുതി.(163 MW) എന്നു പറഞ്ഞാൽ‍ വിമാനത്താവള പദ്ധതിയുടെ മൂന്നിരട്ടി എന്ന് പറയാം. പ്രതീക്ഷിക്കുന്ന ചെലവ് 550 കോടിക്ക് മുകളിൽ‍. പദ്ധതിയുടെ പണികൾ‍ എത്ര വേഗം നടത്തിയാലും എടുക്കാവുന്ന ശരാശരി സമയം 3 മുതൽ‍ 5 വർഷം വരെ. ചെലവുകൾ‍ 50 ശതമാനത്തിലധികം കൂടുവാനുള്ള സാധ്യത 90%.  വിമാനത്താവളത്തിൽ‍ സ്ഥാപിച്ച പാനലുകളുടെ 4 മടങ്ങ്‌ ഉണ്ടെങ്കിൽ‍, എകദേശം 4 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് നിന്നും പരമാവധി 6 മാസം കൊണ്ട് അതിരപ്പള്ളി പദ്ധതിക്ക് തുല്യമായ വൈദ്യുതി ഉത്പാദിപ്പിക്കാം. ഒരു മരവും വെട്ടേണ്ടതില്ല. കാടർ‍ എന്ന ആദിവാസി വിഭാഗത്തെ മാറ്റി സ്ഥാപിക്കേണ്ടതില്ല. 100ലധികം ആനകളുടെ അവാസ ഇടത്ത് തടസങ്ങൾ‍ വരുത്തേണ്ട. കൃഷിക്കും കുടിനീരിനും പ്രതിസന്ധി ഉണ്ടാക്കേണ്ടതില്ല. മലമുഴക്കി മുതൽ‍ കോഴി−പാണ്ടൻ നാട്ടുവേഴാന്പലുകൾ‍ക്ക് വംശനാശം സംഭവിക്കില്ല. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ‍, അവരുടെ സഹായികളായ ഉദ്യോഗസ്ഥന്മാർ‍ അതിരപ്പള്ളിക്കായി വാദിക്കുന്നത്?

കേരളത്തിലെ വൈദ്യുതി ഉത്‌പാദനത്തെ വൻ‍ തോതിൽ‍ സഹായിക്കുന്ന പദ്ധതികളെ പറ്റി സർ‍ക്കാർ‍ തന്നെ പുറത്തുവിട്ട കുറെ പദ്ധതികൾ‍ താഴെ ചേർ‍ക്കുന്നു.

1. ചെറുകിടജല നിലയങ്ങൾ‍ എണ്ണം 880  ലഭിക്കാവുന്ന വൈദ്യുതി 500 mw

2. സോളാർ‍ നിലയങ്ങൾ‍  എണ്ണം   25  ലഭിക്കാവുന്ന ഊർ‍ജ്ജം 22000mw

3. കാറ്റിൽ‍ നിന്നും ലഭിക്കാവുന്ന ഊർ‍ജ്ജം 2000 mw

4. ജൈവ മാലിന്യം (per ton 1mw) ലഭ്യമായ പ്രതിദിന മാലിന്യം 6000ton

(ഇതിനൊപ്പം നമ്മുടെ വീടുകളിൽ‍ ഒന്നും രണ്ടും കിലോവാട്ട് യുനിറ്റുകൾ‍ സ്ഥാപിച്ചാൽ‍ മറ്റൊരു 20000 mw കണ്ടെത്താമെന്ന് ശ്രീ. എം.പി പരമേശ്വരൻ എന്ന മുൻ ശാസ്ത്രഞ്ജൻ പറയുന്നു.)

കേരളത്തിലെ ഇന്നത്തെ വൈദ്യതി ഉപഭോഗം 3600mw. ഇപ്പോൾ‍ നമ്മുടെ വക ഉത്പാദനം 2600. എന്തുകൊണ്ടായിരിക്കാം നമ്മുടെ അധികാരികൾ‍ അപ്പോഴും അതിരപ്പള്ളി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്? ഇത്തരത്തിലുള്ള വിഷയങ്ങളുടെ  കാരണം അന്വേഷിക്കലാണ് യഥാർത്ഥ ജനാധിപത്യ ധർ‍മ്മം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed