ബി­ജെ­പി­യെ­ ജയി­പ്പി­ച്ച പ്രതി­പക്ഷം...


ഇ.പി അനിൽ

ന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഏറ്റവും കലുഷിതമായ പ്രദേശത്തും ഹിമാലയൻ ശിഖരങ്ങളിലും താഴ്്വാരങ്ങളിലുമായി വ്യാപരിച്ചിരിക്കുന്ന സംസ്ഥാനത്തും കാർഷിക സംസ്ഥാനമായി പരിഗണിക്കുന്ന പഞ്ച നദികളുടെ നാട്ടിലും തെക്കേ ഇന്ത്യയിൽപ്പെട്ട, പോർച്ചുഗീസ് ശീലങ്ങളിൽ പലതും ഇന്നും കണ്ടെത്തുവാൻ കഴിയുന്ന ടൂറിസത്തിന്റെയും ഇരുന്പ് ഖനനത്തിന്റെയും സാനിദ്ധ്യമറിയിക്കുന്ന ഭൂവിഭാഗത്തിലും നടന്ന തെരഞ്ഞെടുപ്പുകൾ  ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് വളരെ പ്രധാനപ്പെട്ട സംഭവം തന്നെയാണ്. ഇന്ത്യയുടെ ഹൃദയഭൂമിയായി കരുതുന്ന യുപിയിലെ തെരഞ്ഞെടുപ്പുകൾ എക്കാലത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പുകൾ കേവലമായ സംസ്ഥാന സർക്കാരിന്റെ മാത്രം വിലയിരുത്തലല്ല. അതിൽ ദേശീയ രാഷ്ട്രീയം വളരെ പ്രധാനമാണ്. ദേശീയ രാഷ്ടീയ പാർട്ടികൾക്ക് മുഖ്യ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന ജനാധിപത്യ പ്രകൃയയിൽ പ്രാദേശിക വിഷയത്തെപോലും രണ്ടാമതു കണ്ട് ദേശീയ നേതാവിന് മുഖ്യ പരിഗണന കൊടുക്കുന്ന രീതി നമ്മുടെ രാഷ്ട്രീയത്തിൽ സാധാരണമാണ്. ഗാന്ധി കുടുംബത്തിലെ മൂന്ന് തലമുറക്കാരും കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷർക്കൊപ്പം പ്രാദേശികമായി ജനങ്ങളെ വളരെയധികം സ്വാധീനിക്കുവാൻ കഴിഞ്ഞവരാണ്. അവർക്കു ശേഷം ഒരു നേതാവിനെ ഏറെ മുന്നിൽ നിർത്തി പ്രാദേശിക-സംസ്ഥാന-ദേശിയ രാഷ്ടീയം കൈകാര്യം ചെയ്യുന്ന രീതി ഇന്ന് വീണ്ടും ബിജെപിയിലൂടെ മടങ്ങി എത്തിയിരിക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗാന്ധിജി-പട്ടേൽ തുടങ്ങിയവരെ ഒഴിച്ചു നിർത്തിയാൽ നെഹ്റു മുതലുള്ള പ്രമുഖർ എല്ലാവരും തന്നെ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ മണ്ധലത്തിൽ ചുവടുറപ്പിച്ചവരാണ്. പ്രധാനമന്ത്രിമാരിൽ കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും മറ്റുള്ളവരിൽ നിന്നും ശ്രീ. നരസിംഹ റാവുവിനെയും ശ്രീ നരേന്ദ്ര മോഡിയെയും മാറ്റി നിർത്തിയാൽ യുപിയുമായുള്ള അവരുടെ  ബന്ധം വളരെ പ്രധാനമാണ്. എറ്റവും അധികം വർഗ്ഗീയ കലാപം നടന്ന സംസ്ഥാനത്തു തന്നെയാണ് ഇന്ത്യൻ ദേശീയതയ്ക്ക് വലിയ നാണക്കേടുവരുത്തി വെച്ച ബാബറി മസ്ജിദ് തകർക്കൽ അരങ്ങേറിയത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബ്രിട്ടീഷുകാർ ആസൂത്രിതമായി തുടങ്ങി വെച്ച വർഗ്ഗീയ വിഭജന അജണ്ടകൾ ആദ്യം പരീക്ഷിച്ചത് ഇവിടെ തന്നെ (1877). മണ്ധൽ കമ്മീഷൻ വിരുദ്ധ കലാപത്തിന് വലിയ തരത്തിൽ യുപി സാക്ഷിയായി. കലാപങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ സംസ്ഥാനത്തെ PAC എന്ന പോലീസ് വിഭാഗം മുസ്ലീം വേട്ടയിൽ പ്രത്യേകം കഴിവുകാട്ടി വാർത്ത സൃഷ്ടിച്ചവരാണ്. 13% ദളിതർ ഉള്ള സംസ്ഥാനത്ത് 1980 കൾക്കു ശേഷം കാൻഷിറാം നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയം (BSP) പ്രധാന റോളിലേയ്ക്ക് ഉയർന്നു. അടിയന്തിരാവസ്ഥാ വിരുദ്ധ സമരങ്ങളിലൂടെ ജയപ്രകാശ് ലോഹ്യ രാഷ്ട്രീയ ധാരയിലെ നേതാവായി മാറിയ മുലായം സിംഗും ചരൺ സിംഗിന്റെ പിൻഗാമികളും കോൺഗ്രസ്സ് വിരുദ്ധ രാഷട്രീയത്തെ ശക്തിപ്പെടുത്തി. ജനതാ സർക്കാരിൽ അംഗമായിരുന്ന ജനസംഘക്കാർ (വാജ്പെയും അദ്വാനിയും) അവരുടെ സ്വാധീനം വർദ്ധിപ്പിക്കുവാൻ വേണ്ട കരുക്കൾ നീക്കി. 

രാമക്ഷേത്രം മുഖ്യവിഷയമാക്കി ബിജെപി നടത്തിയ രഥയാത്രകളും ശിലാന്യാസവും നിരവധി കലാപങ്ങളും ബിജെപിക്ക് യുപിയിൽ അധികാരത്തിൽ എത്തുവാൻ അവസരം ഒരുക്കി.  അവസാനം ബാബറി പള്ളി തകർത്തതോടെ ബിജെപിയ്ക്ക് വോട്ടു നൽകിയ ഒരു വിഭാഗം അവരെ കൈ ഒഴിഞ്ഞു. കഴിഞ്ഞ 25 വർഷമായി ബിജെപി യുപി സംസ്ഥാനത്ത്  അധികാരത്തിൽ നിന്നു മാറ്റി നിർത്തപ്പെട്ടു.

2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉയർന്നു വന്ന പ്രധാന രാഷ്ട്രീയ വിഷയം കോൺഗ്രസ്സ് 10 വർഷം കൊണ്ട് രാഷ്ട്രത്തിനു വരുത്തിവെച്ച വൻ പ്രതിസന്ധികളായിരുന്നു. ആഗോളവൽക്കരണം വരുത്തിവെച്ച വ്യത്യസ്തമായ ദുരിതങ്ങൾക്കെതിരായി ജനങ്ങൾ നടത്തിയ ബാലറ്റ് വഴിയുള്ള ശിക്ഷയുടെ ഗുണഭോക്താവാകുവാൻ ബിജെപി ക്ക് കഴിഞ്ഞു. ഒപ്പം ആഗോളമായി ശക്തി പ്രാപിച്ച islamophobia ഇന്ത്യയിൽ സജ്ജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പാർട്ടി, അതിന്റെ ദേശീയ നേതാവായി അതുവരെ കേന്ദ്ര നേതൃത്വത്തിൽ ഒന്നാമനായി അംഗീകരിച്ചിട്ടില്ലാത്ത ഗുജറാത്ത് മുഖ്യമന്ത്രിയെ രംഗത്തിറക്കി. 2001 ലെ ഗുജറാത്തുകലാപത്തിന് അനുകൂല അവസരങ്ങൾ ഒരുക്കി 2000ലധികം നിരപരാധികളെ കൊന്നൊടുക്കിയ കലാപകാരികളെ നേരിട്ടും അല്ലാതെയും സഹായിച്ച ഒരാൾ മുഖ്യ പ്രചാരകനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായി എന്നത് അവിചാരിതമല്ല.

91നു ശേഷമുള്ള തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പാർലമെൻ്റിൽ ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയാകുവാൻ ബിജെപിക്കു കഴിഞ്ഞു. യുപിയിലെ 80 സ്ഥലങ്ങളിൽ 71 ഇടത്ത് പാർട്ടിക്ക് ജയിക്കുവാൻ കഴിഞ്ഞു. അതിനു മുൻപത്തെ തെരഞ്ഞെടുപ്പുകളെക്കാൾ 27% വോട്ടുകൾ കൂടുതൽ ലഭിച്ചതിനു പിന്നിൽ വർഗ്ഗീയ ചേരിതിരുവുകൾ ഉണ്ടാക്കുവാൻ ബിജെപി കാട്ടിയ സാമർത്ഥ്യമായിരുന്നു പ്രവർത്തിച്ചത്. മൊറാദാബാദിലും ചുറ്റുമുള്ള പ്രദേശങ്ങളിലും നിരവധി കലാപങ്ങൾ നടന്നു. കലാപം ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കൂടുതൽ സ്ഥാനങ്ങൾ നേടികൊടുത്തു.

കേന്ദ്രത്തിൽ അധികാരം നേടിയ ബിജെപിബീഹാറിൽ നേടിയ പാർലമെന്റ് വിജയം പശു സംരക്ഷണ വിഷയം ഉയർത്തി ബീഹാർ സംസ്ഥാന തെരഞ്ഞെടുപ്പിൽ ആവർത്തിച്ച് (ശ്രീ. നിതീഷിന്റെ ഭരണം അവസാനിപ്പിച്ച്) അധികാരം പിടിക്കാമെന്ന ലക്ഷ്യം തകർക്കുവാൻ മറ്റു പാർട്ടികൾക്കു കഴിഞ്ഞു. ശ്രീ നിതീഷും ലാലു പ്രസാദും കോൺഗ്രസ്സും ഒന്നിച്ച് നിന്നപ്പോൾ ബിജെപിക്ക് 53 സീറ്റുകളേ ലഭിച്ചുള്ളു. ‘നിയമസഭാ സാമാജികരെ വിജയിപ്പിക്കുവാനേ കഴിഞ്ഞുള്ളു’ . 

ഉത്തർപ്രദേശിലെ 2014ൽ ബിജെപിക്ക് ലഭിച്ച വോട്ടിനേക്കാൾ 3% വോട്ടുകൾ കുറച്ചാണ് ഇപ്പോൾ ലഭിച്ചത് എങ്കിലും 47 സീറ്റിൽ നിന്നും 325 സീറ്റുകളിലേയ്ക്ക് അവർ വളർന്നു. ഇവിടെ ബിജെപിക്ക് തിളക്കമാർന്ന വിജയം നേടുവാൻ കഴിഞ്ഞത് ബിഎസ്പിക്കും RLD (Rash treeya Lok Dal) ക്കും. എസ്പി സഖ്യവുമായി ചേർന്ന് നിന്ന് ബിജെപിയെ തെരഞ്ഞെടുപ്പിൽ ഒറ്റ കെട്ടായി എതിർക്കുവാൻ കഴിയാതിരുന്നതിനാലാണ്. ബിജെപി ഉയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യം കേവലം വലതുപക്ഷ രാഷ്ട്രീയത്തിനും അപ്പുറം രാജ്യത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 

കഴിഞ്ഞ 5 സംസ്ഥാന തെരഞ്ഞെടുപ്പുകളും വിലയിരുത്തിയാൽ ബിജെപി നേടി എന്നവകാശപ്പെടുന്ന മിന്നുന്ന വിജയത്തെ പറ്റിയുള്ള വാർത്തകൾ എത്രമാത്രം വസ്തുതാപരമാണ്?. ഉത്തരാഖണ്ധ് ഒഴിച്ചു നിർത്തിയാൽ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയുടെ വിജയം അത്രകണ്ട് തിളക്കമാർന്നതല്ല. എന്നാൽ യുപിയിൽ ബിജെപിക്ക് ലഭിച്ചത് 41.40% വോട്ടുകൾ. മറ്റു കക്ഷികൾ ഒന്നിച്ചു നിന്നിരുന്നു എങ്കിൽ (SP + BSP + INC= 50 % +) തെരഞ്ഞെടുപ്പ് വാർത്തകളിൽ ശ്രീ. മോഡി പരാജിതന്റെ റോളിൽ പരാമർശിക്കപ്പെടുമായിരുന്നു. മോഡി നടപ്പിലാക്കിയ നോട്ടു പിൻവലിക്കൽ വിജയകരമായിരുന്നു എന്ന് വിലയിരുത്തുവാൻ തെരഞ്ഞെടുപ്പു ഫലം ബിജെപിയെ സഹായിക്കും. യുപിയിലെ വിജയം കോൺഗ്രസ്സ് എന്ന ദേശീയ പാർട്ടി അപ്രസക്തമാകുവാൻ പോകുകയാണ് എന്ന് ആവർത്തിച്ചു പറയുവാൻ കാവി രാഷ്ട്രീയക്കാർക്ക് അവസരം ലഭിക്കും. ശ്രീ മോഡിയും അമിത്ഷായും ദേശീയ രാഷ്ട്രീയത്തിലെ കിംഗ് മേയ്ക്കേഴ്സ് എന്ന ഖ്യാദി ഉണ്ടാക്കുന്നതിലൂടെ പ്രാദേശിക പാർട്ടികളിൽ മിക്കതിനെയും വരുതിയിൽ കൊണ്ടുവരുവാൻ ബിജെപിക്ക് കൂടുതൽ അവസരം കിട്ടുന്നു. ദളിത് രാഷ്ട്രീയത്തെയും പിന്നോക്കക്കാരുടെ രാഷ്ട്രിയത്തെയും കൂടി സ്വന്തം പാർട്ടിയുടെ ആഭ്യന്തര വിഷയമായി കാണുവാൻ കാവി രാഷ്ട്രീയത്തിനു ലഭിക്കുന്ന അവസരം നമ്മുടെ ദളിത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ പാരന്പര്യത്തിനു ലഭിക്കുന്ന തിരിച്ചടിയാണ്.

നോട്ടു പിൻവലിക്കൽ രാജ്യത്തെ കള്ളപ്പണത്തിന് അന്ത്യം കുറിക്കും എന്നും കോടിപതികളുടെ അവിഹിത സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും സർക്കാർ വാദിച്ചു. സാധാരണക്കാരിൽ  ഒരു വിഭാഗം അച്ഛാദിനിലേയ്ക്ക് രാജ്യം എത്തിച്ചേരുകയാണെന്ന് വിശ്വസിച്ചു. ചുരുക്കം ചില മാധ്യമത്തളെ ഒഴിച്ചു നിർത്തിയാൽ മറ്റുള്ള മാധ്യമങ്ങൾ മോദി ഭക്തി ഏറ്റവും അധികം പ്രകടിപ്പിച്ച കാലമായിരുന്നു കഴിഞ്ഞു പോയത്. രാജ്യത്തെ ഏറ്റവും അധികം ചെറുകിട വ്യവസായ യൂണിറ്റുകളും കരകൗശല നിർമ്മാണവും തുകൽ യൂണിറ്റുകളും ഉള്ള യുപിയിൽ നോട്ട് പിൻവലിക്കൽ 40 % ഉൽപ്പാദനക്കുറവ് വരുത്തിവെച്ചു. തൊഴിൽ നഷ്ടം അത്രയും തന്നെ ഉണ്ടായി. കാർഷിക രംഗത്തെ പണികളും വിളകളുടെ കൈമാറ്റവും പഴയ പോലെ നടക്കാതെ വന്നു. വിലക്കയറ്റത്തിന് ഒരു കുറവും ഉണ്ടായില്ല. തുകൽ വ്യവസായത്തിൽ പണി ചെയ്തുവരുന്ന കോടിയിലധികം തൊഴിലാളികൾക്ക് പണി നഷ്ടപ്പെടുകയും 10000-15000 കോടി രൂപയുടെ വ്യാപാര കൈമാറ്റം അട്ടിമറിക്കപ്പെടുകയും ചെയ്തു. നോട്ടു പിൻവലിക്കൽ ഇത്തരം സമാനമായ പ്രശ്നങ്ങൾ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കി.യിട്ടുണ്ട്. അത് രാജ്യത്തിനു വരുത്തിവെച്ച നഷ്ടം രൂപ കണക്കിൽ 3.5 ലക്ഷം കോടിയാണ്. എന്നാൽ ഏറ്റവും വലിയ പ്രതിസന്ധികൾ വരുത്തിവെച്ച യുപിയിൽ ബിജെപിക്ക് നേടുവാൻ കഴിഞ്ഞ വിജയം നോട്ടു പിൻവലിക്കലിന്റെ തുടർച്ചയായി രാജ്യത്തുണ്ടാകേണ്ട സർക്കാർ വിരുദ്ധ സമരത്തിന്റെ ശക്തി ചോർത്തിക്കളയും.

യുപി ജനസംഖ്യയിൽ 19% വരുന്ന മുസ്ലീം സമുദായം എല്ലാ അർത്ഥത്തിലുമുള്ള അരക്ഷിതാവസ്ഥയിലൂടെയും കടന്നു പോകുന്നു. മുസ്ലീം അനുകൂല നിലപാടുകൾ എടുക്കുന്നു എന്ന ധാരണ ഉണ്ടാക്കുവാൻ കഴിഞ്ഞ എസ്പി മൊറാദാബാദിൽ നടന്ന വർഗ്ഗീയ കലാപത്തിലെ ഇരകളെ കൈവെടിയുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 325 നിയമസഭാ മണ്ധലങ്ങളിൽ വിജയിച്ച ബിജെപിക്ക്  ന്യൂനപക്ഷ സമുദായത്തിൽ നിന്നും ഒരു എംഎൽഎ പോലും ഇല്ല എന്ന് അറിയുന്പോൾ എത്ര വിഭാഗീയമായിട്ടാണ് കാവിപ്പട നമ്മുടെ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത് എന്നു മനസ്സിലാക്കാം. ഇത്തരം ഒറ്റപ്പെടുത്തലുകൾ രാഷട്രീയ വിശ്വാസത്തിൽ മതനിരപേക്ഷ പാരന്പര്യമുള്ള യുപി മുസ്ലീംങ്ങളെ ന്യൂനപക്ഷ മതങ്ങളുടെ പാർട്ടികളിൽ (മുസ്ലീം ലീഗ് തുടങ്ങിയ) വരും നാളുകളിൽ കൂട്ടമായി അണിചേരുവാൻ നിർബന്ധിതമാക്കും.

ഇന്ത്യൻ രാഷട്രീയത്തിൽ, അഴിമതിയുടെ കാര്യത്തിലും അതിന് വലിയ തോതിൽ അവസരങ്ങൾ ഒരുക്കുന്ന ആഗോളവൽക്കരണ കാര്യത്തിലും എല്ലാവരും ഒറ്റകെട്ടാണ് എന്നു തെളിയിക്കുന്നതാണ് ഗോവ രാഷ്ട്രീയ ലോകവും. രാജ്യത്തെ ഏറ്റവും കൂടുതൽ GDP വരുമാനമുള്ള  അവിടെ അഴിമതി ഇല്ലാത്ത രാഷ്ട്രീയം അത്ഭുതകരമായ സംഭവമാണ്. വോട്ടുകൾ പണം കൊടുത്തു വാങ്ങി ഇരുന്പു ഖനന ലോബിയെയും  സ്വകാര്യ ലോട്ടറി-കാസിനോ വ്യവസായികളെയും സഹായിക്കുന്നതിലൂടെ (ബിനാമികളായും) കോടികൾ സ്വന്തമാക്കുന്നവരുടെ മാത്രം ലോകത്തിലാണ് ഇന്നു ഗോവ രാഷ്ട്രീയം. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം നമ്മൾ അറിഞ്ഞു കൊണ്ടിരിക്കുന്നു. ഭരിക്കുന്ന കക്ഷിയുടെ സീറ്റുകൾ കുറഞ്ഞ് രണ്ടാം കക്ഷിയായിട്ടും ബിജെപി തങ്ങളെ എതിർത്തവരെ കൂട്ടുപിടിച്ച് അധികാരത്തിൽ എത്തുവാൻ നടത്തുന്ന ശ്രമം എന്താണ് സൂചിപ്പിക്കുന്നത്. ? 

പഞ്ചാബ് പലതുകൊണ്ടും ദേശീയ ശ്രദ്ധ നേടിയിട്ടുള്ള സംസ്ഥാനമാണ്. പാകിസ്ഥാനുമായി അതിർത്തി പങ്കുവെയ്ക്കുന്ന പഞ്ചാബ് (വാഗ) സിക്കുകാരുടെ പ്രാദേശിക പാർട്ടിയിലൂടെ സംസ്ഥാന രാഷ്ട്രീയത്തെ നിയന്ത്രിച്ചു വന്നു. ഹരിതവിപ്ലവത്തിലൂടെ നേട്ടം കൊയ്ത കൃഷിക്കാർ അവരുടെ രാഷ്ട്രീയ പാർട്ടിയിലൂടെ ദേശീയ രംഗത്തും സ്വാധീനം ഉറപ്പിച്ചു. അതിർത്തിയുമായുള്ള ബന്ധം മയക്കുമരുന്ന് ഉപയോഗം സംസ്ഥാനത്തു വർദ്ധിപ്പിച്ചു. അഴിമതിയുടെ കാര്യത്തിൽ  പിന്നിലല്ലാത്ത സ്ഥാനം പഞ്ചാബിനുണ്ട്.  അവിടെ നിന്നും നാല് എംപിമാരെ വിജയിപ്പിക്കുവാൻ കഴിഞ്ഞ എഎപി ഭരണകക്ഷിയായി മാറും എന്ന് കെജ്്രിവാളും കൂട്ടരും വിശ്വസിച്ചിരുന്നു. അതിനു കഴിഞ്ഞില്ല എങ്കിലും പഞ്ചാബിലെ ഇന്നത്തെ മോശം രാഷ്ട്രീയത്തിന്  തടയിടുവാൻ  വരുംനാളുകളിൽ അവർക്ക് കഴിയും എന്നു പ്രതീക്ഷിക്കാം. 

ഉത്തരഖാണ്ധ് എന്ന ഹിമാലയൻ മലനിരകളുടെ നാട്ടിൽ നീണ്ട കാലത്തെ കോൺഗ്രസ്സ് ഭരണത്തെ അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തി. പൊതുവേ ഹൈന്ദവ മതമൗലികതയ്ക്ക് സ്വാധീനമുള്ള പുണ്യഭൂമികളുടെ നാട്ടിൽ വർഗ്ഗീയ രാഷ്ട്രീയ നിലപാടുകളെ പിന്തുണക്കുവാൻ കോൺഗ്രസ്സും മടിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിളക്കമാർന്ന വിജയം നേടുവാൻ കഴിഞ്ഞ സംസ്ഥാനമാണ് ഉത്തരാഖണ്ധ്.

മണിപ്പൂർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും കലുഷിതമാണ്. 1972 മുതലുള്ള മണിപ്പൂർ സംസ്ഥാന രാഷ്ട്രീയത്തിൽ മെയ്ത്തി, തങ്കൂൽ, കഹംയി, കുക്കി മുതലായ വ്യത്യസ്ത സമുദായക്കാർ അവരവരുടെ പരാധീനതകൾ ഉയർത്തി കൊണ്ടിരുന്നു. 

ഒരു വശത്ത് AFSPA നിയമത്തിന്റെ മറവിൽ സ്ത്രീകളെ പോലും വെടിവെച്ചു കൊല്ലുവാൻ മടിക്കാത്ത പട്ടാളം, മണിപ്പൂർ-നാഗാലാന്റ് റോഡിലെ ട്രക്കുകളിൽ നിന്നും മൂന്നു തരം ചുങ്കം പിരിക്കുന്ന നാഗാ ഗ്രൂപ്പുകളെ നിയന്ത്രിക്കുവാൻ മടിക്കുന്നു. കഴിഞ്ഞ മൂന്നു മാസമായി ട്രക്കുകളെ ഇവിടെ തീവ്രവാദി ഗ്രൂപ്പുകൾ നിരോധിച്ചിരിക്കുന്നു. തീവെച്ചു നശിപ്പിച്ച ട്രക്കുകളെ റോഡിൽ നമുക്കു കാണാം. ചില ഇടങ്ങളിൽ കുക്കികൾ റോഡ് നിയന്ത്രിക്കുന്നു.

ഈറോം ശാർമ്മിളയും കൂട്ടരും നടത്തിയ പ്രതിഷേധത്തെ തുടർന്ന് താഴ്്വാരങ്ങളിൽ പെടുന്ന 7 ജില്ലകളിൽ നിന്നും AFSPA പിൻവലിച്ചു. എന്നാൽ ഉൾഗ്രാമങ്ങളിൽ അടിച്ചമർത്തൽ തുടരുന്നു.

കഴിഞ്ഞ 15 വർഷത്തെ കോൺഗ്രസ്സ് ഭരണം സംസ്ഥാനത്തെ അഴിമതി വ്യാപകമാക്കി. ശ്രീ. ഒക്രാം ഇബോബിയുടെ നിലപാടുകൾക്കെതിരെ നാഗ പ്രദേശവാസികൾ ഉൾപ്പെടെ രംഗത്തുണ്ടായിരുന്നു. 

ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഴിമതിയും നാഗന്മാരുമായി കേന്ദ്ര സർക്കാർ ഉണ്ടാക്കിയ കരാറും മെയ്ത്തി സമുദായത്തിന് നിലവിലെ ഭരണത്തോടുള്ള അതൃപ്ത്തിയും മറ്റുമായിരുന്നു പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങൾ.

AFSPA യെയും UAPA യും മറ്റും സമഗ്രമായി പിൻതുണക്കുന്ന ദേശീയ പാർട്ടികൾ അവരെ പ്രത്യക്ഷമായും പരോക്ഷമായും പിൻതുണക്കുന്ന മാധ്യമങ്ങൾ എല്ലാം തന്നെ സർക്കാർ നടപ്പിൽ വരുത്തുന്ന ജന വിരുദ്ധ നിയമങ്ങളെ തെരഞ്ഞെടുപ്പിൽ വിഷമയാക്കാതിരിക്കുവാൻ ശ്രദ്ധിച്ചു.

AFSPA മുതലായ കിരാത നിയമങ്ങളെ വെല്ലുവിളിക്കുക മുഖ്യ രാഷ്ട്രീയ വിഷയമായി കണ്ടുവരുന്ന ഈറോം ശാർമ്മിളയും അവരുടെ പാർട്ടിയും തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ മുഖ്യധാരയിൽ നിന്നും പുറത്താകുവാൻ വികസനത്തെ മറയാക്കി നിർത്തി തെരഞ്ഞെടുപ്പുകളിൽ വിജയം നേടുന്ന ചരിത്രമുള്ള പരന്പരാഗത പാർട്ടികൾ വീണ്ടും വിജയിച്ചു എന്ന് മണിപ്പൂർ തെരഞ്ഞെടുപ്പു ഫലങ്ങളിൽ നിന്നും മനസ്സിലാക്കാം. 

മണിപ്പൂർ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം നടന്ന സംഭവങ്ങൾ ബിജെപി എത്രമാത്രം കോൺഗ്രസ്സിൽ നിന്നു വ്യത്യസ്തമല്ല എന്ന് തെളിയിക്കുന്നു. 

പരസ്പരം മത്സരിച്ചു ജയിച്ച എംഎൽഎമാരെ (NPF, LPJ etc) ബിജെപി കൂടെ കൂട്ടാൻ കരുക്കൾ നീക്കുന്നു. അഴിമതിയിൽ മുങ്ങി നിൽക്കുന്ന മണിപ്പൂരിൽ അധികാരത്തിൽ വരുമെന്നു പ്രതീക്ഷിക്കുന്ന ബിരേൻ സിംഗിൽ നിന്നും മറ്റു മന്ത്രിമാരിൽ നിന്നും അഴിമതിയുടെ നീണ്ട കഥകൾ പ്രതീക്ഷിക്കാം. 

ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ബിജെപി നേടിയ വിജയം മതനിരപേക്ഷ-സമത്വ-ജനാധിപത്യ പാരന്പര്യത്തെ ക്ഷയിപ്പിക്കും എന്ന തിരിച്ചറിവിലേയ്ക്ക് മറ്റു രാഷ്ട്രീയ പാർട്ടികൾ എത്തുവാൻ വൈകുന്നത് ഉത്ഖണ്ധാകരമാണ്.

You might also like

Most Viewed