അരിയും കോളയും


ഇ.പി അനിൽ 

ലയാളി എത്രയൊക്കെ മാറിയാലും അവരുടെ ഭക്ഷണ ശീലത്തിൽ‍ ചോറിനുള്ള പ്രാധാന്യം കുറയുന്നില്ല. ആഘോഷങ്ങളിൽ‍ ഒട്ടുമിക്കതിലും നെല്ലിന് വളരെ പ്രാധാന്യമുണ്ട്. മലയാളി തനിമ അറിയിക്കുന്ന ചടങ്ങുകളിൽ‍ നിറപറയുടെയും കറ്റയുടെയും പ്രാധാന്യം ഇന്നും കാണാം. ഓണവും വിഷുവും കുംഭ മാസത്തെ പൊങ്കാലയുമൊക്കെ നെല്ലുമായി മലയാളിക്കുള്ള വൈകാരിക ബന്ധത്തെ കുറിക്കുന്നു. എന്നാൽ‍ എക്കാലത്തും മലയാളികൾ അരി പുറത്തു നിന്നും ഇറക്കുമതി ചെയ്തു വന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ‍ ബർ‍മ്മയിൽ‍ നിന്നും അരിവരവ് ഉണ്ടായിരുന്നു. മഹാഭാരത യുദ്ധരംഗത്ത്‌ ആവശ്യമായ അരി മലയാള നാട്ടിൽ‍ നിന്നും ആണെന്ന പരാമർ‍ശം ചരിത്രത്തിന്‍റെ ഭാഗമല്ല.

നൂറ്റാണ്ടു യുദ്ധം വരെയും തമിഴ് സ്വാധീനത്തിലായിരുന്നു കേരളവും. ചോള-ചോള-പാണ്ധ്യ ഭരണ സംവിധാനങ്ങൾ, തിരുവിതാകൂർ‍ പ്രദേശങ്ങളെയും നിയന്ത്രിച്ചു. തിരുനൽ വേലിയും ചെങ്കോട്ടയും കന്യാകുമാരിയും ബ്രിട്ടീഷ്‌ മദ്രാസിന്‍റെ ഭാഗമായ മലബാറും കേരള-തമിഴ് ബാന്ധവത്തെ ഓർ‍മ്മിപ്പിക്കുന്നു. കാലാവസ്ഥയിൽ‍ ഇരു സംസ്ഥാനങ്ങളും തമ്മിൽ‍ വലിയ വ്യതിയാനങ്ങൾ ഉണ്ട്. മണ്ണിന്‍റെ ഘടന, കുറഞ്ഞ മഴ, ചൂടുകൂടിയ കാലാവസ്ഥ തുടങ്ങിയവ തമിഴ് നാടിനെ കേരളത്തിൽ‍ നിന്നും വ്യത്യസ്തമാക്കുന്നു. തമിഴ്ജനതയുടെ കാർ‍ഷികരംഗവുമായുള്ള വൈകാരിക ബന്ധത്തിൽ‍ കേരളത്തെപ്പോലെ വലിയ തകർ‍ച്ച നേരിട്ടില്ല എന്നതിനാൽ‍ ദ്രാവിഡ സംസ്കാരത്തിന്‍റെ പഴയ കാല ശീലങ്ങളിൽ‍ പലതും അവരുടെ ഇടയിൽ‍ അവശേഷിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള കൃഷികളെ പ്രധാന തൊഴിൽ‍ രംഗമായി കാണുന്ന തമിഴ് ഗ്രാമങ്ങൾ കേരളത്തെ ഊട്ടുന്നതിൽ‍ വളരെ നല്ല പങ്കു വഹിക്കുന്നു. കാർ‍ഷിക വൃത്തിയുടെ നട്ടെല്ലായ ജല സംരക്ഷണവും അതിന്‍റെ ഉപയോഗവും വളരെ ഗൗരവതരമായി കണ്ടുവരുന്ന തമിഴ്നാട്ടിലും കോള കന്പനികൾ‍ നടത്തുന്ന ചൂഷണത്തിനെതിരായി കച്ചവടക്കാർ‍ തന്നെ രംഗത്ത്‌ വന്നത് ആരോഗ്യകരമായ രാഷ്ട്രീയ നിലപാടുതന്നെയാണ്.

ലോകത്തെ കാലാവസ്ഥ വ്യതിയാനം അവിശ്വസനീയമായ അവസ്ഥയിൽ‍ എത്തിക്കുന്നു. ഒന്നര നൂറ്റാണ്ടിനിടയിൽ‍ ഒരു ഡിഗ്രി ചൂട് കൂടി എന്ന കണക്കു കേൾ‍ക്കുന്പോൾ‍ അതത്ര കാര്യമാക്കണമോ എന്ന് നമുക്കു തോന്നാം. എന്നാൽ‍ അത്രയും വർ‍ദ്ധന, ധ്രുവങ്ങൾ‍ തൊട്ട് ഉഷ്ണമേഖലകളിൽ‍ വരെ വരുത്തിയ മാറ്റങ്ങൾ‍ എത്ര ഭീകരമാണ്? അന്റാർ‍ട്ടിക്കയിൽ‍ തുടങ്ങിയ മഞ്ഞുരുക്കം, ഹിമാലയത്തിൽ ഉണ്ടായ മാറ്റങ്ങൾ‍ ഒക്കെ ഗൗരവതരങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം വളരെ വലിയ അട്ടിമറികൾ‍ ഉണ്ടാക്കുകയാണ്. അത് നമ്മുടെ നാട്ടിൽ‍ ദുരിതങ്ങൾ‍ ക്ഷണിച്ചു വരുത്തുന്നു.

നമുക്ക് മഴ തരുന്ന മൺ‍സൂൺ‍ കാറ്റ് വളരെ നീണ്ട യാത്രയുടെ ഭാഗമായി ഇന്ത്യയിൽ‍ എത്തുകയാണ് ചെയ്യുന്നത്. ഇന്തോനേഷ്യയും ഫിലിപ്പൈൻ‍സ്സും ശ്രീലങ്കയും കടന്ന് കേരളത്തിൽ‍ ജൂൺ‍ ഒന്നിന് എത്തുന്ന ഇടവപ്പാതി നമ്മുടെ പ്രധാന മഴക്കാലമാണ്. അതിനു ശേഷം സെപ്റ്റംബർ‍ മുതൽ‍ രണ്ടു മാസം വരെ നീണ്ടു നിൽ‍ക്കുന്ന ഇടിയോടെയുള്ള മഴക്കാലം (തുലാവർഷം). മഴയെ കൊണ്ടുവരുന്ന കാറ്റുകളുടെ ഗതിയിൽ‍ ഉണ്ടാകുന്ന വ്യതിയാനങ്ങൾ‍ മഴയുടെ സ്വഭാവത്തെ മാറ്റി തീർ‍ക്കും. പെറു തീരത്ത് ഉണ്ടായ എൽ‍നിനോ പ്രതിഭാസം പെറുവിൽ‍ മാത്രമല്ല പസഫിക് സമുദ്രത്തിലും അതിന്‍റെ ചുറ്റുമുള്ള ഭൂഖണ്ധത്തിലും അവയുടെ തുടർ‍ച്ചയായി ഇന്ത്യൻ‍ മഹാസമുദ്രത്തിലും കാറ്റിന്‍റെ ഗതിക്കു മാറ്റങ്ങൾ‍ വരുത്തി. പെറുവിന്റെ മത്സ്യ സന്പത്തിൽ‍ ഇടിവുണ്ടാക്കി. അത് അവരുടെ കൃഷിയേയും പോഷകആഹാര ശീലത്തെയും ബാധിച്ചു.എൽ‍നിനോ മഴ ക്കുറവിനും ലാനിനോ എന്ന കാലവസ്ഥ വ്യതിയാനം അധിക മഴക്കും കാരണമായി. മലേറിയ,ഡങ്കി മുതലായ രോഗങ്ങൾ‍ ഉണ്ടാകുവാന്‍ ഈ കാലവസ്ഥ വ്യതിയാനം പ്രധാന പങ്കു വഹിക്കുന്നു.

മഴയിലും അന്തരീക്ഷ ഊഷ്മാവിലും ഉള്ള വർ‍ദ്ധന ലോകത്തെ ഏറ്റവും കൂടുതലായി ബാധിക്കുക ഉഷ്ണമേഖലാ കാടുകളെയും നെൽ‍കൃഷി ചെയ്തു വരുന്ന ഡെൽ‍റ്റകളെയുമാണ്. മഞ്ഞുരുക്കങ്ങൾ‍ ഹിമാലയത്തിലെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാന ഭക്ഷ്യ വിളയായ നെല്ല് ഉത്പാദനം ഏറ്റവും കൂടുതൽ‍ വെള്ളം ആവശ്യമുള്ളതും കാലാവസ്ഥയുമായി അടുത്ത് ബന്ധപ്പെട്ട് നിൽ‍ക്കുന്നതുമാണ്. ബംഗാൾ‍ ഡെൽ‍റ്റകളെ കടൽ‍ വിഴുങ്ങുന്നത് അവിടെയുള്ള നെല്ലുത്‌പാദനം കുറച്ചു. ഈ അവസ്ഥയിലേയ്ക്ക് തന്നെയാണ്‌ ഫിലിപ്പൈൻ‍സ്സും എത്തുന്നത്. ലോകത്തെ ഭക്ഷ്യ ലഭ്യതയിൽ‍ വരും നാളുകളിൽ‍ കുറവ് ഉണ്ടാകുമെന്ന ഭയം ബാലപ്പെടുത്തുന്നു.

കേരളത്തിനാവശ്യമായ അരി ഉത്പാദിപ്പിക്കുവാൻ‍ പണ്ടു മുതൽക്കേ നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നെൽ‍കൃഷിയുടെ അളവിൽ‍ വർ‍ദ്ധന ഉണ്ടായികൊണ്ടിരുന്നു. 1980ൽ‍ 8 ലക്ഷം ഹെക്ടറിലധികം നെൽ‍കൃഷി വ്യാപിച്ചു. ഭൂപരിഷ്കരണം പൂർ‍ത്തിയാക്കിയ ആദ്യ കാലത്ത് നെൽ‍കൃഷിയിൽ‍ വർ‍ദ്ധന ഉണ്ടായി എന്നാണ് ഇതു സൂചിപ്പിക്കുന്നത്. നെൽ‍കൃഷിയുടെ പ്രധാന സ്വഭാവം അതിന് ആവശ്യമായ വർ‍ദ്ധിച്ച കായിക അദ്ധ്വാനമാണ്. കേരളത്തിലെ പുതിയ സാഹചര്യം കാർ‍ഷിക രംഗത്തെ തൊഴിൽ‍ അന്വേഷണത്തെ ബാധിച്ചു. ഈർ‍പ്പത്തിൽ‍ നിന്ന് നീണ്ട നേരം പണിചെയ്യുക എന്ന അവസ്ഥയും പുതിയ തൊഴിൽ‍ മേഖലകളും നെല്ലിന്‍റെ വിലയിലെ ഇടിവും നെൽ‍കൃഷി ലാഭകരമല്ലാതാക്കി. എല്ലാത്തിനും ഉപരി ഭൂമിയുടെ ഊഹ വിലയുടെ വർ‍ദ്ധിച്ച അവസരവും വിദേശതൊഴിൽ‍ രംഗത്ത്‌ ഉണ്ടായ വലിയ സാധ്യതയും നെൽ‍പാടങ്ങൾ‍ തരിശിടുവാൻ ആളുകളിൽ‍ താൽ‍പര്യം ജനിപ്പിച്ചു. കർ‍ഷക തൊഴിലാളികളുടെ വർ‍ദ്ധിച്ച വിലപേശൽ ശേഷി നെൽ‍കൃഷിയെ പ്രതികൂലമായി ബാധിച്ചു. നെൽ‍കൃഷി കുറഞ്ഞു വരുവാൻ‍ തുടങ്ങിയതിനൊപ്പം നെൽ‍പ്പാടങ്ങൾ‍ മറ്റാവശ്യങ്ങൾ‍ക്ക് മാറ്റി ഉപയോഗിക്കുവാൻ‍ ആരംഭിച്ചു. അങ്ങനെ നെൽ‍പ്പടത്തിന്‍റെ വിസ്തീർ‍ണ്ണം കുറഞ്ഞു കുറഞ്ഞ് രണ്ടു ലക്ഷം ഹെക്ടറിനും താഴത്തെത്തി. (2005) സംസ്ഥാനത്തിന് പ്രതിവർ‍ഷം 40 ലക്ഷം ടൺ‍ ഭക്ഷ്യസാധനങ്ങൾ‍ ആവശ്യമാണെങ്കിലും ഉത്പാദനം 45 ദിവസത്തേയ്ക്കു മാത്രമായി ചുരുങ്ങി. ഏകാദേശം 32 ലക്ഷം ടൺ‍ നെല്ല് അന്യ സംസ്ഥാനത്ത് നിന്നും വരുത്തി ഉപയോഗിക്കേണ്ടി വന്നിരിക്കുന്നു.

കർ‍ഷകർ‍ നെൽ‍കൃഷി ഉപേക്ഷിക്കുവാൻ നിരവധി കാരണങ്ങളുണ്ട്. കാർ‍ഷിക രംഗത്തെ തൊഴിലാളികൾ‍ ആ രംഗം വിട്ട് പുതിയ തൊഴിൽ‍ അവസരങ്ങൾ‍ തേടി പോകുവാൻ‍ നിർ‍ബന്ധിതമാക്കിയ അവസരങ്ങൾ‍ നിലനിൽ‍ക്കുന്നു. എല്ലാത്തിനും ഉപരി നമ്മുടെ സാംസ്കാരിക പാരന്പര്യത്തെ ഓർ‍മ്മിപ്പുക്കുന്നത് എന്നവകാശപ്പെടാവുന്ന വിളകൾ പ്രതിസന്ധിയിൽ‍ ആകുന്പോൾ‍ അതിനെ പ്രതിരോധിക്കുവാൻ‍ സർ‍ക്കാരിനും വിശ്വാസികൾ‍ക്കും ഉത്തരവാദിത്തമുണ്ട്. ഇത്തരം വിഷയങ്ങളിൽ‍ പൊതു സമൂഹം നിരുത്തരവാദപരമായ നിലപാടുകൾ‍ ആണ് എടുത്തുവന്നത്. മധ്യവർ‍ഗ്ഗം തൊഴിൽ‍ സംഘടനകളെ കുറ്റപ്പെടുത്തിയപ്പോൾ‍ സർ‍ക്കാർ‍ യഥാർ‍ത്ഥ പ്രശ്നങ്ങളിൽ‍ നിന്നും പുറകോട്ടുപോയി. ജനങ്ങളുടെ ജീവിത ബന്ധിയായ ഭക്ഷ്യ വിഭവങ്ങൾ‍ക്ക് കൃഷിയിൽ‍ 40%പരിഗണ എങ്കിലും കൊടുക്കേണ്ടതുണ്ട്. എന്നാൽ‍ ഭക്ഷ്യ വിളകളുടെ വില നിയന്ത്രണവും മറ്റും ഭക്ഷ്യ കൃഷിയിലെ ലാഭത്തോത്ത് കുറച്ചു നിർത്തുന്നു. ഭക്ഷ്യ സുരക്ഷ നേടുവാൻ‍ വേണ്ടത്ര പദ്ധതികൾ‍ ആസൂത്രണം ചെയ്യേണ്ട സർ‍ക്കാർ‍ ബോധപൂർ‍വ്വം ഭക്ഷ്യ വിള കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. പ്രകൃതിയിലെ ചെറിയ മാറ്റങ്ങൾ‍ പോലും വിളയുടെ ഉത്‌പാദനത്തിൽ‍ വലിയ സ്വാധീനം ചെലുത്തും എന്നിരിക്കെ ഉത്തരവാദിത്തങ്ങൾ‍ എല്ലാം കൃഷിക്കാരന്‍റെ ചുമലിൽ‍ കെട്ടിവെയ്ക്കുന്ന നിലപാടുകൾ‍ സർ‍ക്കാരും സമൂഹവും എടുത്തു. അങ്ങനെ ഭക്ഷ്യ ഉത്പാദനം നടത്തുന്ന കർ‍ഷകൻ‍ പാപ്പരാകുകയും എന്നാൽ‍ നാണ്യവിളയിലേയ്ക്ക് മാറിയ കർ‍ഷകൻ‍ കുറേ കൂടി സാന്പത്തിക സുരക്ഷിതത്വം നേടുകയും ചെയ്തു.

നെൽ‍പ്പാടങ്ങൾ‍ നൽ‍കുന്ന സേവനത്തെ ഗൗരവതരമായി കാണാത്ത ജനതയും അവരുടെ സർ‍ക്കാരും പ്രകൃതി സംരക്ഷണയിൽ‍ എത്ര വലിയ നിരുത്തരവാദികളായിരിക്കും എന്നറിയാൻ‍ പ്രകൃതി സംരക്ഷണ വിഷയത്തിൽ‍ കഴിഞ്ഞ കാലത്തൊക്കെ സർ‍ക്കാർ‍ സംവിധാനവും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർ‍ട്ടികളും എടുക്കുന്ന നിലപാടുകൾ‍ പരിശോധിച്ചാൽ‍ മതിയാകും. (കേരളം രൂപീകരിക്കുന്നതിനു മുന്‍പ് മലബാർ‍ കാടുകൾ‍ സംരക്ഷിക്കുവാനായി സ്വകാര്യവൽക്കരണത്തിനെതിരെ നിലപാടെടുത്ത കർ‍ഷക സംഘത്തെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്). നെൽ‍പ്പാടങ്ങൾ‍ രൂപപെടുവാൻ‍ നീണ്ട കാലം ആവശ്യമാണ്. ചതുപ്പ് നിലങ്ങളിൽ‍ നിന്നും നെൽ‍കൃഷിക്ക് ഉതകുന്ന പാടങ്ങൾ‍ തന്നെ രൂപീകരിക്കുവാൻ‍ വേണ്ടിവരുന്നത് നിരവധി നൂറ്റാണ്ടുകളാണ്. അങ്ങനെ ഉണ്ടാകുന്ന നിലം ഒരു വലിയ ജൈവ ഘടനയെ നിലനിർ‍ത്തുന്നു. മത്സ്യവും ഇഴജന്തുക്കളും തവളകളും തുടങ്ങി നിരവധി സൂക്ഷജീവികളുടെ ആവാസ വ്യവസ്ത. ഇതിന്റെ സാമൂഹിക സേവനം സാന്പത്തിക കൊടുക്കൽ‍ വാങ്ങലിൽ‍ തിട്ടപ്പെടുത്തുവാൻ‍ കഴിയുന്നതല്ല. കേരളത്തിലെ ചതുപ്പ് പ്രദേശങ്ങളുടെ വാർ‍ഷിക സേവന മൂല്യത്തെ പറ്റി ചില വിദഗ്ദ്ധർ‍ പറയുന്നത് അതിന് 1.2 ലക്ഷം കോടി വിലമതിക്കും എന്നാണ്. അരുവികൾ‍ ഉണ്ടാകുവാൻ‍, അതിന്‍റെ ജല ശ്രോതസ് ആകുവാൻ‍, നദികളുടെ വെള്ളപൊക്കം നിയന്ത്രിക്കുവാൻ‍, നദികളിലെ എക്കൽ‍ അടിഞ്ഞ് തീരങ്ങളെ ഫലഭൂയിഷ്ടമാക്കുവാൻ‍ നെൽ‍പ്പാടങ്ങൾ‍ വളരെ പ്രധാന പങ്കുവഹിക്കുന്നു. ജലം ഭൂമിയുടെ ഉള്ളറകളിൽ‍ അരിച്ചിറങ്ങി ഭൂമിയിൽ‍ ജല ലഭ്യത നിലനിർ‍ത്തുവാൻ‍ ചതുപ്പ് സ്വഭാവം ഉള്ള പ്രദേശങ്ങൾ‍ അത്യാവശ്യമാണ്. അന്തരീക്ഷ ഉഷ്മാവ് നിയന്ത്രിക്കുന്നതിൽ‍ വിശാലമായ പാടങ്ങൾ‍ പ്രധാനമാണ്. ഇത്തരം പ്രാധാന്യങ്ങളെ മറച്ചുവെച്ച്, നെൽ‍കൃഷി നടക്കാത്ത പാടങ്ങൾ‍ മണ്ണിട്ട്‌ മൂടി മറ്റാവശ്യങ്ങൾ‍ക്ക് ഉപയോഗിക്കുന്നതിനു കൂട്ട് നിൽ‍ക്കുന്ന സർ‍ക്കാർ‍ തെറ്റായ പാരിസ്ഥിതി സമീപനമാണ് കൈകൊള്ളുന്നത്‌.

കേരളത്തിലെ കുറഞ്ഞു വന്ന നെൽ‍കൃഷി സംസ്ഥാനത്ത് വരുത്തി വെച്ച ഭക്ഷ്യ ലഭ്യത കുറവ് ആഗോളവത്കരണകാലത്ത് കൂടുതൽ‍ പ്രതിസന്ധികൾ‍ വരുത്തി കൊണ്ടിരിക്കുന്നു.കേരളത്തിലെ ജനങ്ങൾ‍ക്ക്‌ ആവശ്യമായ അരി എത്തുന്നത്‌ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ബംഗാൾ‍ തുടങ്ങിയ സംസ്ഥാന ങ്ങളിൽ‍ നിന്നും ആണ്. ആ നാട്ടുകാർ‍ക്ക് അവരുടെ കൃഷി യുടെ സ്വഭാവം മാറ്റുവാൻ‍ പൂർ‍ണ്ണ അവകാശമുണ്ട്‌. നെല്ലിനെക്കാൾ‍ ലാഭകരമായ രംഗത്തേയ്ക്ക് ചുവടു മാറ്റിയാൽ നടപ്പിൽ‍ അയൽപ്പക്കക്കാരെ കുറ്റം പറയുവാൻ‍ നമുക്ക് കഴിയുകയില്ല. മാത്രവുമല്ല അരിയുടെ വിലയിലെ വ്യതിയാനം മൊത്തം ഭക്ഷ്യ വിളകളുടെ വിലകളെ ബാധിക്കും.

നെഹ്‌റു സർ‍ക്കാർ‍ കേരളത്തിന് അനുവദിച്ച statutary rationസംവിധാനം വലിയ പാകപ്പിഴകൾ‍ ഇല്ലാതെ നടന്നു പോയിരുന്നു. യുദ്ധ സമയത്ത് ഉണ്ടായ ദാരിദ്ര്യത്തെ കുറക്കുന്നതിൽ‍ റേഷനിംഗ്  വലിയ സഹായമായിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ‍ അതിന്റെ പങ്ക് പ്രധാനമാണ്. ദേവഗൗഢ സർക്കാർ കൊണ്ടുവന്ന APL-BPLസംവിധാനം റേഷൻ‍ രംഗത്ത് അട്ടിമറികൾ ഉണ്ടാക്കി. അത് കേരളത്തിലെ റേഷൻ‍ വിഹിതം കുറയുവാൻ‍ കാരണമായി. പിന്നീട് മന്‍മോഹൻ‍ സിംഗ് ഭരണത്തിൽ‍ നടപ്പിൽ‍ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ നിയമം മറ്റു സംസ്ഥാനങ്ങൾ‍ക്ക് ഗുണപരമായിരുന്നു. എന്നാൽ‍ ശക്തമായ റേഷൻ‍ സംവിധാനം നിലവിൽ‍ ഉണ്ടായിരുന്ന കേരളത്തിന് കൂടുതൽ‍ അസൗകര്യങ്ങൾ‍ വരുത്തി. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ‍ കൊണ്ട് കേരളത്തിലെ റേഷൻ‍ സംവിധാനം കൂടുതൽ പ്രതിസന്ധിയിലായി.

കേരളത്തിൽ‍ നെൽ‍ കൃഷി പ്രോത്സാഹിപ്പിക്കുവാൻ‍ ശ്രമങ്ങൾ‍ നടക്കുന്നു. അത് വിജയിച്ചാൽ‍ പോലും നമുക്ക് ആവശ്യമായ അരി ഉത്പാദനം സാധ്യമല്ല എന്നത് ഉത്കണ്ഠ വരുത്തുന്ന കാര്യമാണ്. നമ്മുടെ ഇന്നത്തെ എല്ലാ പാടങ്ങളിലും കൃഷി ഇറക്കിയാൽ‍ തന്നെ ആവശ്യമായ നെല്ലിന്‍റെ പകുതി അളവിൽ‍ ഉത്പാദനം സാധ്യമാകുമോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. തമിഴ്നാട്ടിൽ‍ ഒരു കിലോ നെല്ല് ഉത്പാദിപ്പിക്കുവാൻ‍ അവാശ്യമായ ചെലവ് 15 രൂപയ്ക്ക് മുകളിൽ‍ വരുന്നു. എന്നാൽ‍ പൊതു വിപണിയിൽ‍ അരി വില മൂന്നിരട്ടിയോളം ആണ്. 5 വർ‍ഷത്തേയ്ക്ക് വിലക്കയറ്റം ഉണ്ടാകില്ല എന്ന ഇടതു മുന്നണി പ്രഖ്യാപനം അരിയുടെ വിലയിൽ‍ പോലും പരാജയപ്പെടുന്നു. ഭക്ഷ്യ വിളയുടെ സംരക്ഷണത്തിൽ‍ വിവിധ സർ‍ക്കാരുകൾ‍ എടുത്ത തെറ്റായ നിലപാടുകൾ‍ കേരളത്തെ മറ്റൊരു പ്രതിസന്ധിയിൽ‍ എത്തിച്ചിരിക്കുകയാണ്.

തമിഴ്നാട് മഴ കുറവുള്ള പ്രദേശമാണ് എങ്കിലും കൃഷി വളരെ പ്രധാന തൊഴിലായി സ്വീകരിച്ച ഭൂരിപക്ഷ ഗ്രാമങ്ങളും നെല്ലും പച്ചക്കറികളും പഴങ്ങളും പൂ കൃഷിയും നടത്തുന്നുണ്ട്. അവർ‍ക്ക് ലഭിക്കുന്ന ശരാശരി മഴ 750 mm നും കുറവാണ്.എന്നാൽ‍ ജനങ്ങൾ‍ ജല സംഭരണത്തിൽ ഗൗരവതരമായി ശ്രദ്ധിക്കുന്നു. ലഭിക്കുന്ന മഴവെള്ളം പരമാവധി ഭൂ അറകളിലേക്ക് ഒഴുകി ഇറങ്ങുവാൻ‍ ഉതകുന്ന തടയിണകളും മറ്റും പ്രാദേശിക സർ‍ക്കാരുകളും ജനങ്ങളും നിർ‍മ്മിച്ച് നിലനിർ‍ത്തുന്നുണ്ട്. കേരളത്തിൽ‍ നിന്നും ഉത്ഭവിച്ചു തമിഴകത്ത് കൂടി ഒഴുകുന്ന പാന്പാർ‍, ഭവാനി തുടങ്ങിയ നദികൾ‍ ജല ലഭ്യതയിൽ‍ വളരെ വലിയ പങ്കാളിയാണ്. കൃഷി ഒരു ഉപജീവനമാർ‍ഗ്ഗമായി കൊണ്ടു നടക്കുന്ന കാർ‍ഷിക ഗ്രാമങ്ങൾ‍ അതുകൊണ്ട് തന്നെ വെള്ളത്തിന്‍റെ പ്രാധാന്യത്തെ തിരിച്ചറയുന്നു. കേരളത്തിൽ‍ നിന്നുള്ള മുല്ലപ്പെരിയാർ‍ വെള്ളവും കാവേരി വിഷയവും തമിഴ്‍ നാട്ടിൽ‍ കത്തിനിൽ‍ക്കുന്നത് ഇത്തരം കാരണങ്ങൾ‍ കൊണ്ടാണ്.

കേരളീയർ‍ക്ക് വളരെയധികം മഴ ലഭിക്കുന്നു എങ്കിലും വലിയ തോതിലുള്ള ജല ലഭ്യതയുണ്ടെന്ന  പൊതു ധാരണ അവരെ ജലസാക്ഷരതയിൽ‍ പിന്നിലാക്കി. കേരളം രൂക്ഷമായ ജല ക്ഷാമത്തെ അഭിമുഖീകരിക്കുവാൻ‍ തുടങ്ങിയിട്ട് കാൽ‍ നൂറ്റാണ്ട് കഴിഞ്ഞു. വരൾ‍ച്ചാ സമയത്ത് മാത്രം കുടിവെള്ള വിഷയം ഉയരുകയും അല്ലാത്തപ്പോൾ‍ അശ്രദ്ധമായി തീരുകയും ചെയ്യുന്നു. ഇതുകൊണ്ട് ജലം ഊറ്റി കുടിക്കുകയും അവയെ വൃത്തിഹീനമാക്കുകയും ചെയ്യുന്ന വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതിൽ‍ മലയാളി പുറകോട്ടല്ല.

താരതമ്യേന ചൂടുകൂടുതലും എന്നാൽ‍ നെല്ലും തെങ്ങും മറ്റും വ്യാപകമായി കൃഷിചെയ്യുന്ന പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ ഗ്രാമങ്ങളിൽ‍ കേരള വികസനത്തിന്‍റെ ഭാഗമായി ബഹുരാഷ്ട്ര കോളാ കന്പനികളുടെ പ്രവർത്തനങ്ങൾ തുടങ്ങിയത് 90കളുടെ പകുതിയിൽ‍ ആണ്. പ്ലാച്ചിമടയിൽ‍ കൊക്കകോളയും കഞ്ചിക്കോട്ട് പെപ്സിയും സ്ഥാപികപ്പെട്ടു. അതിനു താൽപര്യം കാട്ടിയത് ഇടതു സർ‍ക്കാർ‍ ആയിരുന്നു. പ്ലാച്ചിമടയിൽ‍ വന്ന കോള കന്പനിയുടെ അപകടം തിരിച്ചറിഞ്ഞ ആ നാട്ടിലെ ആദിവാസികളും സാധാരണ കൃഷിക്കാരും അവരുടെ കിണറുകൾ‍ വറ്റുന്നതും ജലവിതാനം കുറയുന്നതും തിരിച്ചറിഞ്ഞു. ലോഹങ്ങളുടെ അളവ് കൂടുതൽ‍ കാട്ടുന്ന മാലിന്യങ്ങൾ‍ കൃഷിക്ക് നൽ‍കി ജനങ്ങളെ പറ്റിച്ചു. നാട്ടുകാർ‍ ഒറ്റകെട്ടായി സമരത്തിനിറങ്ങി. മയിലമ്മയും മുരുഗനും അവിടുത്തെ സാധാരണക്കാരും നടത്തിയ സമരങ്ങളോടെ എവിടെയും എന്നപോലെ രാഷ്ട്രീയക്കാർ‍ തുടക്കത്തിൽ അകലം പാലിച്ചു. സമരക്കാരെ പോലിസ് തല്ലിയോടിച്ചു. സമരം രൂക്ഷമായതോടെ സർ‍ക്കാർ‍ തങ്ങൾ‍ക്ക് പറ്റിയ തെറ്റ് സമ്മതിക്കുവാൻ‍ നിർ‍ബന്ധിതരായി. പ്ലാച്ചിമട പഞ്ചായത്ത് വളരെ ആരോഗ്യകരമായി തീരുമാനങ്ങൾ‍ എടുത്തു. സുപ്രീം കോടതിയിൽ‍ വരെ അവർ‍ നടത്തിയ നിയമ പോരാട്ടങ്ങൾ‍ക്ക് ഫലം ഉണ്ടായി. കേരള സർ‍ക്കാർ‍ കോള കന്പനി വരുത്തിയ കഷ്ടനഷ്ടങ്ങൾ‍ പരിഹരിക്കുവാൻ‍ ഒരു കമ്മിഷനെ വെച്ചു (ജയചന്ദ്രൻ‍ കമ്മിഷൻ‍). 216 കോടിയിൽ‍ അധികം തുക കന്പനി ജനങ്ങൾ‍ക്ക്‌ നൽ‍കണം എന്ന് വിധിച്ചു. എന്നാൽ‍ ആ വിധി നടപ്പിലാക്കുന്നതിന് കേന്ദ്ര സർ‍ക്കാരുകൾ‍ തടസ്സങ്ങൾ ഉയർത്തുന്നു. കുറച്ചു ദൂരത്തു തന്നെ pepsi-cola കന്പനി ജല ചൂഷണം തുടരുകയാണ്. പ്ലാച്ചിമടയിലെ കോള വിരുദ്ധ സമരം ലോകത്തെ കുടിവെള്ള സമരങ്ങളുടെ പട്ടികയിൽ‍ തന്നെ വളരെ പ്രധാനമായ സമരമായി ചരിത്രം രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ബഹു രാഷ്ട്ര കോള കന്പനികൾ‍ നടത്തുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾ‍ക്ക് എതിരായുള്ള വികാരത്തിനൊപ്പം കുടിവെള്ളം കൊള്ളയടിക്കുന്ന സമീപനങ്ങൾക്കെതിരായ വികാരം വർദ്‍ധിപ്പിക്കുവാൻ‍ പ്ലാച്ചിമടയിലെ ജനങ്ങൾ‍ക്ക് കഴിഞ്ഞു.

തമിഴ്നാട്ടിൽ‍ ജെല്ലികെട്ടിനോപ്പം ജനങ്ങൾ‍ കുടിവെള്ളം സംരക്ഷിക്കുവാൻ‍ നടത്തുന്ന സമരങ്ങൾ‍ കൂടുതൽ‍ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. അതിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ കച്ചവടക്കാർ‍ കോളകൾ‍ കച്ചവടം ചെയ്യില്ല എന്നെടുത്ത തീരുമാനം മാതൃകാപരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും അസുഖങ്ങൾ ക്ഷണിച്ചു വരുത്തുന്ന carbonated പാനിയങ്ങൾ ഒരേ സമയം ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും പ്രതികൂലമാണ്. ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ വെള്ളം കച്ചവടമാക്കി മാറ്റുന്നതിനെതിരായ സമരങ്ങൾ ജീവൻ നിലനിർത്തുവാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. ഭക്ഷ്യ വിളകളുടെ ഉത്പാതനത്തിനൊപ്പം നെൽപ്പാടങ്ങൾ പൂർണ്ണമായി സംരക്ഷിക്കുവാൻ നമുക്ക് കഴിഞ്ഞില്ല എങ്കിൽ നാട്ടിലെ ജൈവ അവസ്ഥ പൂർണ്ണമായി അട്ടിമറിക്കപ്പെടും.

You might also like

Most Viewed