ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്
ഇ.പി അനിൽ
ഉത്തർപ്രദേശ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്‍റെ ഇന്നത്തെ അവസ്ഥ ഇന്ത്യൻ രാഷ്ട്രീയം എത്തിച്ചേർന്ന ഇടർച്ചയുടെ വ്യാപ്ത്തിയെ ഓർമ്മിപ്പിക്കുന്നു. അയോദ്ധ്യ എന്ന വളരെ പഴക്കം ചെന്ന സ്ഥലം ഇന്നു നമ്മുടെ രാജ്യത്തിലെ ജനങ്ങൾ സ്മരിക്കുന്നത് 25 വർഷങ്ങൾക്ക് മുന്‍പ് നടന്ന ബാബറി മസ്ജീദ് തകർക്കലിലൂടെയാണ്.
അയോദ്ധ്യ എന്ന പേര് യുദ്ധത്തെ അനുവദിക്കാത്ത ഇടം എന്നാണ്. ആ നാടിന് അങ്ങനെ പേര് നൽകിയത് ശ്രീ ബുദ്ധനായിരുന്നു. അദ്ദേഹം തുടർച്ചയായി 12 വർഷം അവിടെ എത്തി ബുദ്ധമത പ്രബോധം നടത്തിയതായി ചരിത്രത്തിൽനിന്നും വായിക്കാം.
അയോദ്ധ്യയിൽ തന്നെയുള്ള ഔത് എന്ന സ്ഥലത്തെ ജനങ്ങൾ നടത്തിയ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ ബ്രിട്ടീഷുകാർ അവിടെയുള്ള ആൽമരത്തിൽ പരസ്യമായി തൂക്കിലേറ്റി. അവരിൽ വിവിധ സമുദായത്തിൽപെട്ടവർ ഉണ്ടായിരുന്നു. പിൽക്കാലത്ത് ആ ആൽമരത്തെ തൊട്ടുവന്ദിക്കുവാൻ നാട്ടുകാർ രംഗത്ത് വന്നപ്പോൾ ആൽമരത്തെ തന്നെ വെട്ടി മാറ്റുവാനും ബ്രിട്ടീഷ്‌കാർ മറന്നില്ല.
ഇന്ത്യയിൽ ആദ്യമായി നടന്ന വർഗ്ഗീയ കലാപഭൂമിയായി അയോദ്ധ്യ രേഖകളിൽ ഇടം നേടിയത് 1877ലാണ്.വിഷയം പശു സംരക്ഷണമായിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചത് വർഗ്ഗീയതയെ അധികാരം നിലനിർത്തുവാനായി ഉപയോഗപ്പെടുത്തിയ ബ്രിട്ടീഷ് ഭരണ സംവിധാനവും.
കാന്‍പൂർ-മീററ്റ് ഗൂഡാലോചനകൾ എന്ന് ചരിത്രത്തിൽ വായിക്കുന്ന സംഭവങ്ങൾ രാജ്യത്തെ കമ്യുണിസ്റ്റ് പാർട്ടി രൂപീകരണ സമ്മേളനത്തെയാണ് സൂചിപ്പിക്കുന്നത്. വിദേശിക ഭരണം എങ്ങനെയാണു ഇടതു മുന്നേറ്റങ്ങളെ ഭയത്തോടെ നോക്കി കാണുന്നത് എന്ന് ഇവിടെ വ്യക്തമാക്കപെടുന്നു. ഒപ്പം ഉത്തർപ്രദേശത്തെ ഇടതു പാർട്ടികൾക്ക് ഉണ്ടായിരുന്ന സ്വാധീനവും ഇവിടെ തെളിവായി കാണാം.
നെഹ്‌റു വളർന്ന അലഹബാദ്, ശ്രീമതി ഇന്ദിര−രാജീവ് തുടങ്ങിയവരുടെ രയിബരെ, ഹിന്ദു പുണ്യ സ്ഥലങ്ങളായ ത്രിവേണി, അതിനു വടക്ക് സ്ഥിതിചെയ്യുന്ന ഹരിദ്വാർ, ഋഷികേശ്, ഉത്തര കാശി, കേദാർ നാഥ് ബദരിനാഥ്, ഗോമുഖ് തുടങ്ങിയ സ്ഥലങ്ങൾ ഉത്തർപ്രദേശിന്‍റെ (പഴയ കാല) ഭാഗമായിരുന്നു. ഇന്ത്യയുടെ പരന്പരാഗത തുകൽ, വള, ലോഹ ഉത്പാദനത്തിൽ വളരെ പ്രധാന സ്ഥാനം അലങ്കരിക്കുന്ന യുപിയിലെ പരന്പരാഗത രംഗത്ത് മാത്രം പ്രവർത്തിക്കുന്നവരുടെ എണ്ണം കേരളം പോലെയുള്ള രണ്ടുമൂന്ന് സംസ്ഥാനങ്ങളുടെ ജനസംഖ്യക്ക് ഒപ്പമെങ്കിലും വരും. കൃഷിയിലും (നെല്ല്, ഗോതന്പ് തുടങ്ങിയ) മറ്റും സംസ്ഥാനം പ്രധാന്യം നൽകുന്നു.
നെഹ്റുവിനു ശേഷം ശ്രീമതി ഇന്ദിരയുടെ നേതൃത്വത്തിന് എതിരെ ജയപ്രകാശ് നാരായൺ തുടങ്ങിയ പ്രക്ഷോഭവും അതിനും മുന്‍പ് ലോഹ്യ രാഷ്ട്രീയവും യുപിയിൽ കോൺഗ്രസ് വിരുദ്ധ ചേരിയുടെ ശക്തികേന്ദ്രമാക്കി. ചരൻസിംഗ്, ജയപ്രകാശ് പ്രസ്ഥാനത്തിലൂടെ കുടുതൽ കരുത്ത് തെളിയിച്ച മുലായം, പിൽക്കാലത്ത് രാജീവ് വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയമായ രാഷ്ട്രീയ നീക്കം നടത്തിയ വിപിസിംഗ്, തുടങ്ങിയ ആളുകളും കാൻഷിറാം ആരംഭിച്ച ഭീം സംഘടനയും ഉത്തരപ്രദേശത്തെ ശ്രദ്ധേയമാക്കി.
വികസനത്തിന്‍റെ കാര്യത്തിൽ പിന്നോക്കമായ യുപി സംസ്ഥാനത്ത് വർഗ്ഗീയ കലാപങ്ങൾ, ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന സർക്കാർ-പോലിസ് സംവിധാനങ്ങൾ (PAC) ഒക്കെ മതേതര ഇടങ്ങളിൽ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. ക്യാപ്പറ്റൻ ലക്ഷ്മി, കാന്‍പൂർ, ഫൈസാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഇടതു പാർട്ടികൾക്ക് ഉണ്ടായിരുന്ന സ്വാധീനം അവിടങ്ങളിൽ പോലും കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ കഴിയാതെ പിൽക്കാലത്ത് കെട്ടടങ്ങി.
90കൾ മുതൽ ഇന്ത്യൻദേശീയ രാഷ്ട്രീയത്തിൽ ഉണ്ടായ മാറ്റങ്ങളുടെ അടിസ്ഥാന കാരണമായ ബാബറി മസ്ജിദ് വിഷയം പുകഞ്ഞു തുടങ്ങിയ നാൾ മുതൽ യുപി മത വിഭജന രാഷ്ട്രീയത്തിന്‍റെ പരീക്ഷണത്തിന് കൂടുതൽ അവസരം ഒരുക്കി. 80കളിൽ കാന്‍പൂർ, മീററ്റ് തുടങ്ങിയ ഇടങ്ങളിൽ നടന്ന വർഗ്ഗീയ കലാപങ്ങൾ യുപി സംസ്ഥാനത്തെ മതേതര രാഷ്ട്രീയ തളർച്ചയുടെ ലക്ഷണങ്ങൾ ആയിരുന്നു. അത് പിന്നീട് കൂടുതൽ രൂക്ഷമായി. ഇവിടെയും കലാപത്തിനുള്ള അടിസ്ഥാന കാരണങ്ങൾ സന്പത്തിലെ അസന്തലുതത്വവും മതാന്തതയുമാണ്.
224 ലോക രാജ്യങ്ങളിലെ ജനസംഖ്യക്കൊപ്പം വരുന്ന യുപിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പിന്നോക്ക സമുദായവും (45%) അത് കഴിഞ്ഞാൽ ദളിതർ 21%ഉം മുസ്ലിം സമുദായക്കാർ 18ഉം ബ്രാഹ്മണർ 13%ഉം ഉണ്ട്. പിന്നോക്കക്കാർ 79 വിഭാഗത്തിലായും ദളിതർ 66 തരത്തിലും പെടുന്നു. മുസ്ലിം സമുദായത്തിൽ 20നടുത്ത് അവാന്തര വിഭാഗങ്ങൾ നിലവിലുണ്ട്. ബ്രാഹ്മണരുടെ എണ്ണം മറ്റു സമുദായത്തിലും കുറവാണ് എങ്കിലും മണ്ധൽ കമ്മിഷൻ നടപടികൾ വരും വരെ അവരുടെ രാഷ്ട്രീയ മുൻ തൂക്കത്തിന് ഉലച്ചിലുകൾ ഉണ്ടായിരുന്നില്ല. ഗോവിന്ദ് വല്ലഭ പന്തും തിവാരിയും ഷീല ദീക്ഷിതും സവർണ്ണ മേൽക്കോയ്മ നിലനിർത്തുവാൻ വേണ്ടതെല്ലം ചെയ്തു. ഭൂപരിഷ്കരണ നടപടികൾ എന്നും ഇഴഞ്ഞു നീങ്ങിയ കാർഷിക ഭൂമിയിൽ ഹരിത വിപ്ലവത്തിന്‍റെ ഗുണങ്ങൾ പടിഞ്ഞാറൻ യുപിയിൽ മാത്രം എത്തി എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിഭജനം കൂട്ടുകയായിരുന്നു. കിഴക്കൻ പ്രദേശം തികച്ചും പിന്നോക്കമായി തുടർന്നു. ചാതുർവർണ്യവും അതിന്‍റെ ഭാഗമായി അസ്പ്രശ്യതയും പ്രാകൃത ജീവിതവും നയിക്കുവാൻ പട്ടികവർഗ്ഗക്കാർ നിർബന്ധിതരായി.മുസ്ലിം സമുദായം കൈവേലകളും ചെറുകിട വ്യവസായവും വഴിയോര കച്ചവടവും തുകൽ വ്യവസായവും ഒക്കെ നടത്തി വരുന്നു എങ്കിലും ദാരിദ്ര്യത്തിന്‍റെ പങ്കുവെയ്ക്കലിൽ അവരും മുന്നിലാണ്. ഇടതുപക്ഷ രാഷ്ട്രീയം വളർന്നു വരുവാൻ കഴിയുമായിരുന്ന ഇവിടെയും പാർട്ടികൾ പലതായി പിളർന്നതും കർഷക സമരങ്ങളിൽ വിജയം നെടാഞ്ഞതും കോൺഗ്രസ് സവർണ്ണ കാർഡുകൾ ഉയർത്തി നടത്തിയ ജന്മി നാടുവാഴി മാതൃകാ ഭരണവും അവരുടെ വളർച്ചക്ക് ആക്കം കുറച്ചു. മറുവശത്ത് അധികാരത്തിൽ നിന്നും സന്പത്തിൽ നിന്നും പൂർണ്ണമായും പുറത്തു നിൽക്കേണ്ടി വന്ന ദളിതരും ഭാഗികമായി അവഗണനക്ക് ഇരകളായ പിന്നോക്കക്കാരും (അവരുടെ ഇടയിലെ പ്രബല ശക്തിയാണ് യാദവർ) അവരവരുടെ രാഷ്ട്രീയ പാർട്ടികൾ ശക്തമാക്കി. അതിന് മണ്ധൽ അനുകൂല−വിരുദ്ധ സമരങ്ങൾ കാരണമായി.
1950 മുതൽ തുടർച്ചയായി 17 വർഷം കോൺഗ്രസ് ഭരിച്ചു വന്ന യുപിയിൽ ചരൻ സിംഗ് 67ൽ അധികാരത്തിൽ വന്നശേഷം ചില ഇടവേളകളിൽ കോൺഗ്രസ് അധികാരത്തിൽ മടങ്ങിവന്നിരുന്നു. 89ൽ എൻഡി തിവാരി അവസാനമായി കോൺഗ്രസ് മുഖ്യമന്ത്രിയായി അധികാരം ഒഴിഞ്ഞു. പിന്നീട് ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസ് മുന്നാം തട്ടിലേയ്ക്ക് ഒഴിവാക്കപ്പെട്ടു. ലോഹ്യ സോഷ്യലിസ്റ്റ് പ്രസ്ഥാനവും (socialist party, Bharatiya Lok dal, janatha party, janatha dal) അതിന്‍റെ വിവിധരൂപങ്ങളും നേരത്തെ മുതൽ പ്രവർത്തിച്ചു. ബ്രാഹ്മണ മേൽകോയ്മയുടെ രാഷ്ട്രീയത്തിൽ നിന്നും പിന്നോക്കക്കാരുടെ രാഷ്ട്രീയ പാർട്ടികളും അവിടെ നിന്നും ദളിത് രാഷ്ട്രീയവും സജീവമായി. അങ്ങനെ ബ്രാഹ്മണ രാഷ്ട്രീയത്തെ sponser ചെയ്യുന്നവരുടെ പാർട്ടിയായ ബിജെപി പോലും പിന്നോക്കക്കാരനെ അധികാരത്തിന്‍റെ മുന്നിൽ നിർത്തുവാൻ നിർബന്ധിതമാക്കി. ശ്രീ. കാൻഷീ റാം സജീവമാക്കിയ ബഹുജൻ സമാജ് പാർട്ടിയെ പോലെ പിന്നോക്ക കർഷകരുടെ പാർട്ടികളും അവരുടെ പോക്കറ്റുകൾ ശക്തമാക്കി. അധികാരത്തിൽ മുൻകാലത്ത് നിന്നും വ്യത്യസ്തമായി ദളിത്− പിന്നോക്കക്കാരുടെ പങ്കാളിത്തം കൂടി എങ്കിലും ഭൂമി− പാർപ്പിടം −തുടങ്ങിയ വിഷയങ്ങളിൽ അവരുടെ ഉടമസ്ഥാവകാശം കൂട്ടുവാൻ വേണ്ടത്ര ശ്രമങ്ങൾ നടത്തിയില്ല. മാത്രവുമല്ല പാർശ്വവൽക്കരിക്കപ്പെട്ടവരെ കൂടുതൽ ദരിദ്രവൽകരിക്കുന്ന ആഗോളവൽക്കരണ നയങ്ങളെ എതിർക്കുവാൻ ഇത്തരം രാഷ്ട്രീയം ശ്രമിക്കാത്തത് അടിസ്ഥാനപരമായി ദളിത്-പിന്നോക്ക ജാതികളുടെ രാഷ്ട്രീയം മുൻകാല കോൺഗ്രസ്-ജനസംഘം രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായ നിലപാടുകളിൽ എത്തുവാൻ കഴിയാതെ പോയി. അങ്ങനെ യുപി മുതൽ ബീഹാർ, ഒറീസ, തുടങ്ങിയ വഴിമാറി ചിന്തിച്ച പിന്നോക്ക-ദളിത് സംസ്ഥാന രാഷ്ട്രീയ ലോകവും വ്യത്യസ്ത വികസന മാതൃകകൾ നൽകാതെ സംസ്ഥാനങ്ങളുടെ അവസ്ഥകൾ തുടർന്നു. അഴിമതിയിൽ പഴയകാല ശീലങ്ങൾ തുടർന്നു. രാഷ്ട്രീയത്തിൽ ക്രിമിനലിസം നിലനിന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ അപകടകരമായി തുടരുന്ന ബാബറിമസ്ജീദ് വിഷയത്തെ ഏറ്റവും വികൃതമായി കൈകാര്യം ചെയ്ത ശ്രീ രാജീവ്‌ഗാന്ധിയുടെ രാഷ്ടീയ നിലപാടുകൾ യുപിയിൽ മാത്രമല്ല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ വർഗ്ഗീയതയ്ക്ക് കൂടുതൽ അവസരം ഒരുക്കി. ഇസ്ലാമിക് മത പൗരോഹിത്യത്തെ തൃപ്ത്തി പെടുത്തുവാൻ അദ്ദേഹം കൈകൊണ്ട ജീവനാംശം അസാധുവാക്കൽ നിയമത്തിനു പകരം ഹിന്ദു മത വർഗ്ഗീയ വാദികൾക്ക് നൽകിയ പ്രത്യേക പരിഗണനയുടെ ഭാഗമായിട്ടായിരുന്നു പള്ളി വിഷയം പൊട്ടിത്തെറിയിൽ എത്തിച്ചത്. അവിടെ സജീവമാക്കി മാറ്റിയ ബാബറി മസ്ജീദ് തർക്കം, പള്ളി തുറന്നു കൊടുക്കുന്നതിനും അതിന്‍റെ തുടർച്ചയായി ശ്രീ അദ്വാനിയുടെ രഥയാത്രയിലേയ്ക്കും കാര്യങ്ങളെ എത്തിച്ചു. അതിന്‍റെ വികാരത്തിന്‍റെ ചെലവിൽ ബിജെപി യുപിയിൽ ആദ്യമായി അധികാരത്തിൽ എത്തി. ശ്രീ കല്യാൺ സിംഗ് നേതൃത്വം കൊടുത്ത മന്ത്രിസഭ പള്ളി പൊളിക്കലിന് അവസരമൊരുക്കി. കേന്ദ്രം നിശബ്ദമായി അനിഷ്ട സംഭവം ഒഴിവാക്കി ആർഎസ്എസ് അജണ്ടയെ ലക്ഷ്യത്തിലെത്തിച്ചു. അത് ഇന്ത്യയിലെ കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാക്കിയ വർഗ്ഗീയ ചെരിതിരുവുകൾ ഭയാനകമാണ്. യുപിയിൽ മാത്രമല്ല ഗുജറാത്തിൽ, മറാത്തയിൽ, ബീഹാറിൽ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ വർഗ്ഗീയ കലാപങ്ങൾ ഉണ്ടാക്കി. നിരവധി ആളുകൾ കൊലചെയ്യപ്പെട്ടു. അതിന്‍റെ മറവിൽ യുപിയെ രാഷ്ട്രീയമായി കാവി പുതപ്പിക്കുവാൻ കഴിയും എന്ന ബിജെപി അജണ്ട വിജയിച്ചില്ല. അതിനു ശേഷം ഇതുവരെയും യുപി സംസ്ഥാന ഭരണത്തിൽ കാവി രാഷ്ട്രീയം അധികാരത്തിൽ എത്തിയിട്ടില്ല.
മായാവതിയുടെ 5 വർഷത്തെ ഭരണത്തിനു ശേഷം എത്തിയ മുലായം സിംഗ് നേതൃത്വം കൊടുക്കുന്ന പാർട്ടിയുടെ ഭരണം സ്വന്തം മകൻ അഖിലേഷിലൂടെ തുടരുന്നു. മുൻകാലങ്ങളെ ഓർമ്മിപ്പിക്കും വിധം കുടുംബ വാഴ്ചയും പഴയകാല മാഫിയ ബന്ധവും തുടരുന്നതിൽ അച്ഛന്‍റെ പാതയിൽതന്നെയാണ് മകനും. മാറി ചിന്തിക്കുവാൻ വിദേശത്തെ അഖിലേഷിന്‍റെ ജീവിതം സഹായിച്ചില്ല എന്ന ധാരണയെ തിരുത്തുവാൻ ഇപ്പോൾ അദ്ദേഹം ചില ശ്രമങ്ങൾ നടത്തുന്നു എന്ന് വാദിക്കുന്നുണ്ട്.
മുസ്ലിം സുരക്ഷയെ പ്രധാന രാഷ്ട്രീയ മുദ്രവാക്യമായി കാണുന്ന യാദവ രാഷ്ട്രീയം അധികാരത്തിൽ ഇരുന്നുകൊണ്ട് മുസ്ലിം വിരുദ്ധ കലാപങ്ങളെ നിരായുധമാക്കുന്നതിൽ താൽപര്യം കാണിച്ചില്ല. ഈ അവസരം മുതലാക്കി ബിജെപി വർഗ്ഗീയ ചേരിതിരുവുകൾ സജീവമാക്കി. അങ്ങനെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 700 ലധികം വർഗ്ഗീയ കലാപങ്ങൾ യുപിയിലെ മൊറോദാബാദ് ജില്ലയിലും തൊട്ടടുത്ത ഇടങ്ങളിലും ഉണ്ടായി. അതിനെല്ലാം നേതൃത്വം കൊടുക്കുവാൻ ബിജെപിയും കൂട്ട് കക്ഷികളും ശ്രദ്ധിച്ചു. അമിത്ഷായുടെ യുപി ഓപ്പറേഷൻ ലക്ഷ്യം വെച്ചതും രഹസ്യമായി ഇത്തരം കലാപങ്ങളെ ഒരുക്കി എടുക്കലായിരിന്നു എന്ന് സംശയമുണ്ട്. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് അങ്ങനെ ഉത്തർപ്രദേശിൽ ബിജെപി തരംഗമായി മാറി. 80 ൽ 70 പാർലമെന്റ് സീറ്റുകൾ ഹിന്ദുത്വ രാഷ്ട്രീയം സ്വന്തമാക്കി. ബിജെപി അനുകൂല തെരഞ്ഞെടുപ്പ് തരംഗം സൃഷ്ടിക്കുവാൻ ഏറ്റവും അപകടകരമായ അളവിൽ അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ബിജെപി അദ്ധ്യക്ഷൻ അമിത്ഷായും ഗുജറാത്ത് കലാപങ്ങളിലൂടെ അധികാരം ഉറപ്പിച്ച ശ്രീ മോദിയും രംഗത്തുണ്ടായിരുന്നു. പഴയ കാല വർഗ്ഗീയ പ്രചാരണത്തിന്‍റെ പ്രധാന മുഖങ്ങൾ അദ്വാനിയും മുരളി മനോഹർ ജോഷിയും മറ്റും അപ്രധാനമായി മാറി. ഹൈന്ദവ പുണ്യ ഭൂമിയും ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ എത്തിച്ചേരുന്ന കുംഭമേളയുടെ നാടുമായ, ഹരിദ്വാറിൽ തന്നെ ശ്രീ മോദി മത്സരിച്ചു വിജയിച്ചു. അങ്ങനെ രാജ്യ ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് പൂർണ്ണ പിന്തുണയുള്ള സർക്കാർ അധികാരത്തിൽ എത്തി. (വിശ്വഹിന്ദ് പരിഷത്ത് ഭാഷയിൽ പറഞ്ഞാൽ 800 വർഷത്തിനു ശേഷം ഹൈന്ദവ ഭരണം ഡൽഹിയിൽ മടങ്ങി എത്തിയിരിക്കുന്നു) ഇന്നു മോദി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രധാന പങ്കു വഹിച്ചത് യുപിയുടെ തെരഞ്ഞെടുപ്പ് ഫലം ആയിരുന്നു എന്ന് മനസിലാക്കാം. സമാജ്്വാദി പാർട്ടി കൈകൊണ്ട സംസ്ഥാന നിലപാടുകൾ ഭരണ വിരുദ്ധ വികാരം ഉണ്ടാക്കിയിരുന്നു. അത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഓർമ്മിപ്പിക്കും വിധം ആവർത്തിച്ചാൽ കേന്ദ്ര സാർക്കരിനെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കുവാൻ ഇന്നു കഴിയുന്ന സാഹചര്യം ഇല്ലാതെയാകും. 31 രാജ്യസഭാ അംഗങ്ങളെ നൽകുന്ന യുപിയിൽ ബിജെപിയുടെ ഭൂരിപക്ഷം ഉള്ള ഒരു സംസ്ഥാന ഭരണം ഉണ്ടായാൽ അത് മോദി സർക്കാരിനു രാജ്യസഭയിലും ഭൂരിപക്ഷം നൽകും. ഇതു വളരെ ദൂരവ്യപകമായ രാഷ്ട്രീയ അട്ടിമറികളിലേയ്ക്ക് ഇന്ത്യ എത്തിച്ചേരും.
ഇന്നത്തെ കേന്ദ്രസർക്കാർ കൈകൊണ്ട ചില തീരുമാനങ്ങൾ ഏറ്റവും പ്രതികൂലമായി ബാധിച്ച നാടാണ് യുപി.അതിനു മുന്‍പ് തന്നെ കാർഷിക ആത്മഹത്യയുടെ കണക്കിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഈ വലിയ സംസ്ഥാനത്തിനായിരുന്നു. ഗോവധ നിരോധനം വർഗ്ഗീയ കലാപങ്ങൾ ഒരുക്കിയ പഴയ ഈ നാട്ടിൽ നാൽക്കാലി കൃഷിക്ക് മാത്രമല്ല തുകൽ വ്യവസായത്തെയും വളരെ സഹായിക്കുന്നു. 10000 കോടി രൂപയിലധികം കച്ചവടം, കോടികളുടെ കയറ്റുമതി തുടങ്ങി ചലനാത്മകമായിരുന്ന നാൽക്കാലികളുടെ ഇറച്ചി −തുകൽ വ്യവസായം തകരുവാൻ ഗോവ് സംരക്ഷണ നിയമങ്ങളും ചർച്ചകളും ഇടം ഉണ്ടാക്കി. പ്രായം എത്തിയ കാളകളും പശുക്കളും സംരക്ഷണം ലഭിക്കാതെ തെരുവിൽ ജീവൻ നഷ്ടപ്പെടുന്പോൾ അതിന്‍റെ തൊലി എടുക്കുവാൻ മുതിരുന്നവരെ പോലും വെറുതെ വിടാത്ത ഹിന്ദുത്വ സംരക്ഷണ ഗുണ്ടാപട കോടിക്കണക്കിന് ജനങ്ങളുടെ ഉപജീവനം മുട്ടിച്ചു. ബാലവേല കൊണ്ട് കുപ്രസിദ്ധി നേടിയ വള നിർമ്മാണ രംഗത്തെ (ഫിറോസാബാദ്) കുട്ടിപ്പണിക്കാർ ഒരു രാഷ്ട്രീയക്കാരനും ഇന്നും ഇവിടെ വിഷയമായിട്ടില്ല.
രാജ്യത്തെ ഏറ്റവും അധികം ചെറുകിട വ്യവസായം നടത്തുന്ന സംസ്ഥാനമാണ് യുപി. കുടിൽ വ്യവസായത്തിൽ കോടിക്കണക്കിനു ജനങ്ങൾ പണിചെയ്യുന്നു. സർക്കാർ സഹായങ്ങൾ ഒന്നും ലഭിക്കാതെ സ്വന്തം പരിശ്രമങ്ങൾ കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ഇത്തരക്കാർ രാജ്യത്തെ ഒട്ടു മിക്ക സ്ഥലങ്ങളിലേയ്ക്കും ഉൽപ്പന്നങ്ങൾ കയറ്റിയയക്കുന്നു. അവരുടെ ജീവിതത്തിൽ ഒരു ദുർ സ്വപനമായി ഇന്ന് നോട്ടു പിൻവലിക്കൽ മാറിക്കഴിഞ്ഞു. ചെറുകിട രംഗത്തെ ഉത്പാദകരും അവരുടെ ഉത്പന്നങ്ങൾ വിലയ്ക്കുവാങ്ങി മാർക്കറ്റിൽ എത്തിക്കുന്നവരും പണമിടപാടുകൾ നോട്ട് രൂപത്തിൽ മാത്രം നടത്തിവരുന്നവരും ആധുനിക കണക്കുപുസ്തക ശീലങ്ങൾ സ്വീകരിച്ചിട്ടില്ലാത്തവരും ആണ്. തൊഴിലാളികൾ ആകട്ടെ വേദനം പണമായി മാത്രം സ്വീകരിച്ചു വരുന്നവരും. ഇത്തരക്കാരുടെ എണ്ണം രാജ്യത്തെ പല സംസ്ഥാന ജനസംഖ്യയിലും എത്രയോ കൂടുതലാണ്. അത്തരം രംഗത്ത് നവംബർ എട്ട് മുതൽ തുടരുന്ന പ്രതിസന്ധിക്ക് ഇന്നും മാറ്റമില്ല. നഷ്ടപ്പെട്ട ഉത്പാദനം തിരിച്ചു കിട്ടില്ല എന്ന് മാത്രമല്ല ഇടിഞ്ഞ മാർക്കറ്റുകൾ പഴയ പടിയിൽ എത്തുവാൻ ഇനി എത്ര കടന്പകൾ കടക്കേണ്ടതുണ്ട്. പകരമായി സാധാരണക്കാരുടെ ജീവിതത്തിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ കിട്ടിയിരുന്നുവെങ്കിൽ അതിനെ അവർക്ക് ആശ്രയിക്കാമായിരുന്നു. എന്നാൽ വിലക്കയറ്റത്തിനു ഒരു കുറവും സംഭവിച്ചില്ല. പുതിയ ബജറ്റുകൾ മാന്ദ്യം നീങ്ങികിട്ടുവാൻ സഹായകരമല്ല. ഈ ദുരിതങ്ങൾ തീർച്ചയായും ഇപ്പോൾ നടന്നു വരുന്ന തെഞ്ഞെടുപ്പിൽ എന്ത് ഫലം സൃഷ്ടിക്കും എന്ന് കാത്തിരുന്നു കാണാം.
കുത്തകകൾ നിയന്ത്രിക്കുന്ന ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങളും വലതുപക്ഷ ബുദ്ധിജീവികളും ചില ബിജെപി വിരുദ്ധ സർക്കാർ പോലും നോട്ടു പിൻവലിക്കൽ എന്തോ വലിയ ധർമ്മയുദ്ധമാണെന്ന് പറയുന്പോൾ ജനം ആരെയാണ് ശിക്ഷിക്കുക എന്ന് ഈ വരുന്ന 11നു മാത്രമെ നമുക്ക് അറിയുവാൻ കഴിയുകയുള്ളൂ. ഉത്തർപ്രദേശ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ദേശീയ മേൽവിലാസം ഉണ്ടാക്കികൊടുത്ത സംസ്ഥാനമാണ്. അതേ സംസ്ഥാനം ആ തെറ്റ് തിരുത്തുമോ എന്ന് നമുക്ക് കാതോർക്കാം...