അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളും കേന്ദ്രസർ‍ക്കാരും


ഇ.പി അനിൽ

നാധിപത്യ സംവിധാനത്തിൽ‍ നടക്കുന്ന എല്ലാ തരത്തിലുമുള്ള തെരഞ്ഞെടുപ്പുകൾ‍ക്ക്‌ ദേശീയ രാഷ്ടീയത്തിൽ‍ വരെ നിർ‍ണ്ണായക സ്വാധീനം ചെലുത്തുവാൻ കഴിയും. പ്രാദേശിക സംവിധാനത്തിലെ ഭരണ മാറ്റങ്ങളിൽ‍ നിന്നും വ്യത്യസ്തമായി നിയമനിർ‍മ്മാണ സഭകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നവരുടെ രാഷ്ട്രീയം, ദേശീയ സംസ്ഥാനങ്ങളുടെ വികസനവും വിദ്യാഭ്യാസ/ആരോഗ്യ/പൊതുവിതരണം തുടങ്ങി എല്ലാ രംഗങ്ങളിലും വളരെ പ്രധാന സ്വാധീനങ്ങൾ‍ ചെലുത്തും. (തമിഴ്‍ദേശത്തെ രസ−നാടകങ്ങൾ‍ മറന്നുകൊണ്ടല്ല ഇതു പറയുന്നത്)

രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. യുപി മുതൽ‍ മണിപ്പൂർ‍, ഉത്തരാഞ്ചൽ‍, പഞ്ചാബ്‌, ഗോവ ഇവിടങ്ങളിൽ‍ നടക്കുന്ന തെരഞ്ഞെടുപ്പുകൾ‍ ദേശീയ രാഷ്ട്രീയത്തിൽ‍ ഉണ്ടാക്കുവാൻ‍ സാധ്യതയുള്ള ചലനങ്ങൾ‍ വളരെ വിപുലമാണ്. നിലവിലെ കേന്ദ്രസർ‍ക്കാർ‍ അവരുടെ തന്നെ പാർ‍ട്ടിയുടെ മുൻ‍കാല സർ‍ക്കാരിൽ‍ നിന്നും കൂടുതൽ‍ ഹിന്ദുത്വ രാഷ്ട്രീയ നിലപാടുകൾ‍ ഉയർ‍ത്തി പിടിക്കുന്നതായി ബിജെപി അഭിമാനത്തോടെയാണ് പറഞ്ഞുവരുന്നത്. നീണ്ട 800 വർ‍ഷത്തിനു ശേഷം വീണ്ടും ഹിന്ദുത്വ ഭരണം തിരിച്ചു വന്നിരിക്കുന്നു എന്ന ശ്രീ അശോക്‌ സിംഗാളിന്‍റെ അവകാശ വാദം ഒറ്റപ്പെട്ട പ്രഖ്യാപനമല്ല എന്ന് പിൽ‍ക്കാല സംഭവങ്ങൾ‍ ബോധ്യപ്പെടുത്തുന്നുണ്ട്. അതിനുള്ള ഇന്നത്തെ വലിയ തടസ്സം രാജ്യസഭയിൽ‍ ബിജെപിയ്ക്ക് ഭൂരിപക്ഷം ഇല്ല എന്നതാണ്. നിയമങ്ങൾ‍ പാസ്സാക്കുവാൻ ആവശ്യമായ പിൻ‍ബലം രാജ്യസഭയിൽ‍ ഇല്ലാത്ത അവസ്ഥ ബിജെപിയെ പലപ്പോഴും അവരുടെ തീവ്ര ഹിന്ദുത്വത്തിലേക്ക് എത്തിക്കുവാൻ‍ തടസ്സം നിൽ‍ക്കുന്നു. രാജ്യസഭയിൽ‍ ആകെയുള്ള 250 സീറ്റുകളിൽ‍ ഭൂരിപക്ഷം ആളുകളുടെയും അംഗീകാരം കിട്ടുന്പോൾ‍ മാത്രമേ പാർ‍ലമെന്‍റിൽ‍ പാസ്സാക്കുന്ന നിയമം നിലവിൽ‍ വരൂ. ഇന്ന് നിലവിൽ‍ ബിജെപിയുടെ രാജ്യസഭാംഗങ്ങൾ‍ 45ഉം എൻഡിഎ സഖ്യകക്ഷികൾ‍ക്കെല്ലാം കൂടി 72 അംഗങ്ങൾ‍ ഉണ്ട്. യുപിഎ സഖ്യത്തിൽ‍ 66 പേരുണ്ട്. ഇവിടെയാണ് ഇപ്പോൾ‍ നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം ഉണ്ടാകുന്നുത്. 31 രാജ്യസഭംങ്ങളെ നൽ‍കുന്ന യുപിയിൽ അടുത്ത നാളുകളിൽ‍ ഉണ്ടാകുവാൻ‍ പോകുന്ന രാജ്യസഭാ അംഗങ്ങളുടെ ഒഴിവുകൾ‍ 21 വരുന്നു. മറ്റുള്ള നാല് സംസ്ഥാനങ്ങളിൽ‍ പഞ്ചാബ് മോശമല്ലാത്ത അംഗങ്ങളെ സംഭാവന ചെയ്യുവാൻ കഴിയുന്ന സംസ്ഥാനങ്ങളാണ് (7). അതുകൊണ്ട് കേന്ദ്ര സർ‍ക്കാർ‍ ഭരണം കൂടുതൽ‍ ബിജെപി അജണ്ടകളിലൂടെ മുന്നോട്ട് പോകണമെങ്കിൽ‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ‍ നിർ‍ണ്ണായക രീതിയിൽ‍ വിജയം നേടുക തന്നെവേണം.

7 നാളുകളിലായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ‍ ഫെബ്രുവരി 11നു തുടങ്ങി മാർ‍ച്ച്‌ 8നവസാനിക്കുന്ന തെരഞ്ഞെടുപ്പ് പ്രവർ‍ത്തനങ്ങൾ‍ ഗോവ, പഞ്ചാബ്‌, ഉത്തരാഞ്ചൽ‍ ഇവിടങ്ങളിൽ‍ അവാസിനിച്ചു. മണിപ്പൂർ‍ തെരഞ്ഞെടുപ്പ് മാർ‍ച്ച്‌ 4, 8 തീയ്യതികളിൽ‍ നടക്കും. യുപിയിൽ 8ാം തീയ്യതി 40 സീറ്റുകളിൽ‍ നടക്കുന്ന അവസാന വോട്ടെടുപ്പോടെയും മാർ‍ച്ച്‌ 11 ലെ ഫലപ്രഖ്യാപനത്തോടെയും തെരഞ്ഞെടുപ്പു പ്രവർ‍ത്തനങ്ങൾ‍ക്ക് അവസാനമാകും.

തെരഞ്ഞെടുപ്പ് കഴിഞ്ഞ പഞ്ചാബ് ഇന്ത്യൻ‍ രാഷ്ട്രീയത്തിൽ‍ വളരെ പ്രധാന സംഭവങ്ങൾ‍ക്ക് സാക്ഷ്യം വഹിച്ചു വരുന്ന സംസ്ഥാനമാണ്. രാജ്യത്തെ സന്പന്ന സംസ്ഥാനങ്ങളിൽ‍ പ്രധാന സ്ഥാനമുള്ള, പാകിസ്ഥാനുമായി (വാഗ) അതൃത്തി പങ്കിടുന്ന അഞ്ചു നദിയുടെ നാട് രാജ്യത്തെ ഭക്ഷ്യ ഉത്പാദനത്തിന്‍റെ മുഖ്യ കേന്ദ്രമാണ്. ഗോതന്പും പരുത്തിയും നെല്ലും ഉത്പാദിപ്പിക്കുന്ന അവിടെ രാജ്യത്തെ ഹരിത വിപ്ലവത്തിന്‍റെ പരീക്ഷണങ്ങൾ‍ വലിയ നിലയിൽ‍ നടപ്പിൽ‍ വരുത്തിയിരുന്നു. ഉത്പാദനത്തിൽ‍ മറ്റു സംസ്ഥാനങ്ങളെ പിന്നിൽ‍ ആക്കിയ പഞ്ചാബ് വളം−കീടനാശിനി തുടങ്ങിയ ഉപയോഗത്തിലും മറ്റു സംസ്ഥാനങ്ങളെക്കാൾ‍ മുന്നിൽ‍ തന്നെ. വർദ്‍ധിത രൂപത്തിലുള്ള വള പ്രയോഗവും മറ്റും വിലയുടെ ഉത്പാദന ക്ഷമതയിൽ‍ തിരിച്ചടി ഉണ്ടാക്കുന്നു. 5 നദികൾ‍ ഒഴുകി വരുന്ന നാട്ടിൽ‍ ഹിമാലയൻ‍ മലനിരകളിൽ‍ കാണുന്ന പരിസ്ഥിതി തകർ‍ച്ച വെള്ളത്തിന്‍റെ ലഭ്യതയിൽ‍ കുറവ് വരുത്തുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ‍ ഭൂഗർ‍ഭ അറകളിൽ‍ ചെന്ന്ചേരുന്ന കുഴൽ‍ കിണറുകളുടെ വ്യാപനം ജല വിതാനം വളരെയധികം കുറച്ചു. വർ‍ദ്ധിച്ച അർ‍ബുദം പഞ്ചാബിൽ‍ വ്യാപകമാണ്. കാർ‍ഷിക രംഗത്തെ പാരിസ്ഥി തകർ‍ച്ച കൃഷിക്കാരെ കടക്കരാക്കി ഒപ്പം നിത്യ രോഗികളും. പഞ്ചാബ്‌ ഇന്ന് ഒരു പൊട്ടിത്തെറിയുടെ വക്കിൽ‍ എത്തിയിട്ടുണ്ട് എന്ന് പറഞ്ഞാൽ‍ അത് അത്ര അധികം തെറ്റായ ഒരു വാർ‍ത്തയായി കാണേണ്ടതില്ല. ഇതിന്‍റെ ഭാഗമായി രാജ്യ അതൃത്തികൾ‍ കടന്നുള്ള മയക്കുമരുന്ന് കടത്തും അതിന്‍റെ ഉപയോഗവും വ്യാപകമായി. പഞ്ചാബിലെ വൻകിട കൃഷിക്കാരുടെ രാഷ്ട്രീയ പാർ‍ട്ടിയായ അകാലിദൾ‍ ഗുരുദ്വാരകളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ‍ പ്രവർ‍ത്തിക്കുന്ന പ്രാദേശിക രൂപമാണ്‌.(നമ്മുടെ കേരളാ കോൺ‍ഗ്രസ് പോലെ) അവർ‍ക്കൊപ്പം കൂട്ട് കക്ഷിയായ ബിജെപിയും ചേർ‍ന്നുള്ള ഇന്നത്തെ ഭരണം പഞ്ചാബിന്‍റെ പ്രതിസന്ധികളെ മറന്നു പ്രവർ‍ത്തിക്കുന്നു എന്നാരോപണം കോൺ‍ഗ്രസ്സും മറ്റും ഉയർ‍ത്തുന്നുണ്ട്. നമ്മുടെ പാർ‍ട്ടികൾ‍ അഴിമതി വിരുദ്ധ പ്രചാരകർ‍ ആയിതീരുന്നത് അവർ‍ പ്രതിപക്ഷമായി പ്രവർ‍ത്തിക്കുന്പോൾ‍ മാത്രമാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ‍ ആം ആത്മി പാർ‍ട്ടി കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ‍ നാല് പേരെ എംപിമാരാക്കുവാൻ‍ പഞ്ചാബിൽ‍ അവർ‍ക്ക് കഴിഞ്ഞു. നിലവിലെ തെരഞ്ഞെടുപ്പിൽ‍ എഎപിഅധികാരം പിടിക്കുവാൻ‍ കഴിയും എന്ന വാദം ഉയർ‍ത്തി പ്രചരണ രംഗത്തുണ്ട്. എന്നാൽ‍ അവരുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങൾ‍, സ്ഥാനാർ‍ത്ഥിക്ക് സീറ്റുകൾ‍ കൊടുക്കുന്നതിൽ‍ സാന്പത്തിക ആരോപണങ്ങൾ‍ മുതലായവ എഎപി പാർ‍ട്ടിക്കെതിരായി ഉയർ‍ന്നുവരുന്നു എങ്കിലും അവർ‍ക്ക് അധികാരത്തിൽ‍ എത്തുവാൻ‍ കഴിഞ്ഞാൽ‍ പഞ്ചാബിന് പുതിയ രാഷ്ട്രീയ അനുഭവങ്ങൾ‍ ഉണ്ടാകും എന്ന് പ്രത്യാശിക്കാം. ഒരു കാലത്ത് കോൺ‍ഗ്രസ്സിന്‍റെ മാത്രം കുത്തകയായിരുന്ന പഞ്ചാബ് അകാലിദളിൽ‍ നിന്നും ഹൈന്ദവ രാഷ്ട്രീയത്തിൽ‍ നിന്നും മാറി മറ്റൊരു ഘട്ടത്തിൽ‍ എത്തുന്നത് ഗുണപരമായിരിക്കും. കമ്യുണിസ്റ്റ് പാർ‍ട്ടിക്ക് മോശമല്ലാത്ത സ്വാധീനം ഉണ്ടായിരുന്ന പഞ്ചാബിൽ‍ ഇന്നു പാർ‍ട്ടികൾ‍ പലതായി പിരിഞ്ഞ് അടിത്തൂൺ‍ പറ്റിക്കഴിഞ്ഞു.

കേരളത്തിൽ‍ നിന്നും അത്ര ഒന്നും അകലെയല്ലാത്ത ഗോവ ഇന്ത്യൻ‍ രാഷ്ട്രീയം കൊണ്ടുനടക്കുന്ന എല്ലാ മാഫിയ പ്രവർ‍ത്തനങ്ങൾ‍ക്കും സാക്ഷിയാണ്. തെഞ്ഞെടുപ്പുകളിൽ‍ അത്തരം മാഫിയ ബന്ധങ്ങൾ‍ വളരെ പ്രകടമാണ്. ബ്രിട്ടീഷുകാർ‍ രാജ്യം വിട്ടുപോയിട്ടും പോർ‍ച്ചുഗൽ‍ പിന്നെയും ഭരണം തുടർ‍ന്നു. പോർ‍ച്ചുഗൽ‍ ക്രൂരത കഥകൾ‍ inquision വരെ വ്യാപിച്ചു. അങ്ങനെ 1961ൽ‍ സ്വന്തമായ ഗോവ കേന്ദ്ര ഭരണ പ്രദേശമായി. അവിടുത്തെ ജനങ്ങൾ‍ പഴയ പോർ‍ച്ചുഗീസ് ശീലങ്ങളിൽ‍ പലതും തുടരുവാൻ‍ ഇഷ്ടപ്പെട്ടു. യൂറോപ്യൻ ‍ജീവിതത്തിലെ പല നല്ല ഗുണങ്ങളും അവിടെ എത്തുന്നവർ‍ക്ക് അനുഭവിക്കുവാൻ അവസരം കിട്ടുന്നുണ്ട്‌. മദ്യം യഥേഷ്ടം ലഭ്യമായിട്ടുള്ള അവിടെ മലയാളികൾ‍ മദ്യത്തെ കൈകാര്യം ചെയ്യുന്ന രീതിയൽ‍ അല്ല അവിടെയുള്ള ആളുകൾ‍ സമീപിക്കുന്നത്. വൃത്തിയിലും വെടുപ്പിലും വളരെ ശ്രദ്ധ കാണിക്കുന്നവരാണ് ഗോവൻ‍ ജനത. ഒൗദ്യോഗിക ഭാഷ കൊങ്കൺ‍ ആണെങ്കിലും ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കുന്നു.

സംസ്ഥാന രൂപീകര‍ണത്തിനു ശേഷമുള്ള (10 വർ‍ഷങ്ങൾ‍ കഴിഞ്ഞ്) കോൺ‍ഗ്രസ് സ്വാധീനം വളരെയുണ്ടായിരുന്ന അവിടെ നിരന്തരമായി സർ‍ക്കാർ‍ മാറി മാറി വരുവാൻ‍ കോൺ‍ഗ്രസ് ചേരിപ്പോരുകൾ‍ അവസരം ഒരുക്കി. ഗോവ ഗോമന്തക പാർ‍ട്ടി പ്രാദേശിക താൽ‍പര്യങ്ങളിൽ‍ ഊന്നി പ്രവർ‍ത്തിച്ചുവന്നു. ഗോവ വിമോചന സമരങ്ങളിൽ‍ പങ്കാളിത്തം വഹിച്ച ഗാന്ധിയൻ‍−കൊങ്കൺ‍ രാഷ്ട്രീയം എന്നാൽ‍ പിൽ‍ക്കാല ഗോവയിൽ‍ മൂല്യങ്ങളെ വേണ്ട തരത്തിൽ‍ പരിഗണിച്ചില്ല.

ഗോവയിൽ‍ സ്ഥിരതയുള്ള സർ‍ക്കാർ‍ അധികാരത്തിൽ‍ ഉണ്ടായത് 2007 മുതൽ‍ ആണ്. ഇപ്പോൾ‍ ബിജെപി നേതൃത്വത്തിൽ‍ 5 വർ‍ഷങ്ങളായി ഭരണം തുടരുന്ന സർ‍ക്കാരിൽ‍  മനോഹർ‍ പരീക്കർ‍ മുഖ്യമന്ത്രിയായിയിരുന്നു. കോൺ‍ഗ്രസ് ഭരണത്തിൽ‍ പുറത്തു വന്ന അഴിമതിയെയും മറ്റും ഓർ‍മ്മിപ്പിക്കുന്നതാണ് നിലവിലെ ബിജെപി ഭരണവും. രാജ്യത്തെ ഏറ്റവും കൂടുതൽ‍ ഇരിന്പു അയിർ നിക്ഷേപമുള്ള ഇവിടെനിന്നും രാജ്യത്തെ 40 ശതമാനത്തിലധികം അയിർ കുഴിച്ചെടുക്കുന്നു. പ്രതിവർ‍ഷം 4 കോടി ടൺ‍ ഘനനം നടത്തുന്ന ഗോവയുടെ കിഴക്കൻ‍ മലനിരകൾ‍ (പശ്ചിമ ഘട്ടം) വലിയ ചൂഷണ ഇടങ്ങളാണ്. ഒരു ഡോളറിന് താഴെ മാത്രം സർ‍ക്കാരിനു നൽ‍കി അയിർ 120 മുതൽ‍ 140 ഡോളർ‍ വിലയ്ക്ക് വിൽ‍ക്കുന്നതിലൂടെ സംസ്ഥാന സർ‍ക്കാരിന് ഉണ്ടായ നഷ്ടങ്ങൾ‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ 10ലധികം വർ‍ഷത്തിനുള്ളിൽ‍ ഒരു ഗോവാക്കാരനും 10 ലക്ഷം രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിന് വരുത്തി വെച്ചു എന്ന് പരിസ്ഥിതിവാദികൾ‍ പറയുന്നു. നിലവിലെ ഒൗദ്യോഗിക ഘനികളിലും എത്രയോ ഇരട്ടി ഘനികൾ‍ അനധികൃതമായി പ്രവത്തിക്കുന്നു. രാഷ്ട്രീയക്കാർ‍ ഘനന മാഫിയകളുടെ ബിനാമികളായോ സ്വയം തന്നെ ഉടമകളോ ആണ്. ഘനനത്തിലെ പ്രകൃതി വിരുദ്ധ നിലപാടുകൾ‍ ശ്രീ ഗാട്ഗിലും കൂട്ടുകാരും പലകുറി വ്യക്തമാക്കിയതാണ്. കഴിഞ്ഞ നാളുകളിലെ ഘനന രംഗത്തെ അഴിമതി 35000 കോടി രൂപയുടേതാണ് എന്ന് സർ‍ക്കാർ‍ പഠനങ്ങൾ‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഒട്ടുമിക്ക രാഷ്ട്രീയക്കാർ‍ക്കും അതിൽ‍ പങ്കുണ്ട്. എന്നാൽ‍ നടപടികൾ‍ അസാധ്യമായി തുടരുന്നു.

ഗോവയുടെ രണ്ടാമത്തെ വലിയ വരുമാന രംഗമായ ടൂറിസം പുതിയ പരീക്ഷണമായി 90കൾ‍ക്ക് ശേഷം തുടങ്ങിയ കാസിനോകൾ‍ (വലിയ കപ്പലുകളിൽ‍ ചൂതാട്ടം−മദ്യം−മദിരാശി എല്ലാത്തിനും ഒരു കുടക്കീഴിൽ‍ അവസരം) വലിയ പ്രതിഷേധങ്ങൾ‍ വരുത്തിവെയ്ക്കുന്നുണ്ട്. ഇപ്പോൾ‍ അവയുടെ എണ്ണം 10 ആയി കൂടി. പ്രതിവർ‍ഷം 1200 കോടിയുടെ വരുമാനം ഉണ്ടാക്കുന്ന പൂർ‍ണ്ണമായി ചൂതാട്ടത്തെ പ്രധാന ആകർ‍ഷകമായി കാണുന്ന ഇത്തരം രീതികൾ‍ പാരിസ്ഥിതിക്കും ദോഷകരമാണ്. കുത്തഴിഞ്ഞ ടൂറിസം രീതികൾ‍ അവസാനിപ്പിക്കുവാൻ‍ നിരവധി സമ്മർ‍ദ്ദങ്ങൾ‍ ജനങ്ങൾ‍ നടത്തുന്നുണ്ട്. എന്നാൽ‍ നിലവിലെ ബിജെപി കാസിനോകൾ‍ അടയ്ക്കുവാൻ‍ തയ്യാറല്ല എന്ന് തുറന്നു പറഞ്ഞുകഴിഞ്ഞു. നിലവിലെ ഭരണ കക്ഷികളുടെ അവിഹിത ബന്ധങ്ങൾ‍ കൂടുതൽ‍ വ്യക്തമാക്കപ്പെട്ട സംഭവങ്ങളിൽ‍ ഒന്നാണിത്. 

ഗോവയിൽ‍ വ്യാപകമായി തുടരുന്ന രണ്ടക്ക ലോട്ടറിയുടെ നിയന്ത്രണം മുംബൈയിൽ‍ നിന്നുമാണ്. എല്ലാം സ്വകാര്യ വ്യക്തികളാൽ‍ നിയന്ത്രിക്കപ്പെടുന്നു. സർ‍ക്കാരിന് പ്രത്യേക റോൾ‍ ഇതിലില്ല. ഒരേസമയം ചതിക്കും ജനങ്ങളിൽ‍ ചൂതാട്ട കന്പം വളർ‍ത്തുവാനും സഹായിക്കുന്ന ഈ സംവിധാനത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ‍ സംരക്ഷിക്കുന്നു. ഇത്തരം സംവിധാനങ്ങളുടെ sailent partner ആയി രാഷ്ട്രീയ-ഉദ്യോഗസ്ഥന്മാർ‍ തുടരുകയും ലാഭ വിഹിതം വാങ്ങി അനാശ്യാസ കച്ചവങ്ങൾ‍ക്ക് സംരക്ഷണം നൽ‍കിവരികയാണ്.

മറുനാട്ടുകാർ‍ ഗോവൻ‍ സർ‍ക്കാർ‍ സംവിധാനത്തിലും മറ്റും പണിയെടുക്കുവാൻ‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ‍ കഴിഞ്ഞു. എന്നാൽ‍ മനോഹർ‍ പരീക്കർ‍ എന്ന ബിജെപിയുടെ പ്രധാന നേതാവും മുൻ‍ മുഖ്യമന്ത്രിയും ഇന്നത്തെ കേന്ദ്ര ക്യാബിനറ്റ് അംഗവും ആയ നേതാവ് അന്യനാട്ടുകാരെ പ്രധാന സ്ഥാനങ്ങളിൽ‍ നിന്നും ഒഴിവാക്കുവാൻ‍ നിർ‍ദ്ദേശം നൽ‍കിയിരുന്നു. കൊങ്കൺ‍ മാതൃഭാഷയായി അംഗീകരിച്ച് ഇംഗ്ലീഷ് വിരുദ്ധ വികാരം ഉണ്ടാക്കി എടുക്കുവാൻ‍ ബിജെപി മടിക്കുന്നില്ല. ഇത്തരം സമീപനങ്ങൾ‍ ഉയർ‍ത്തുന്ന വിഷയത്തിൽ‍ ആർഎസ്എസ് മുൻ സംസ്ഥാന നേതാവ് പുതിയ ഒരു രാഷ്ട്രീയ സംഘടനയുണ്ടാക്കി പുറത്തുവന്നു.

ഗോവയിലെ മത്സ്യബന്ധന രംഗവും കൃഷി രംഗവും പ്രവർ‍ത്തനങ്ങൾ‍ അവസാനിച്ച തരത്തിൽ‍ പ്രതിസന്ധിയിൽ‍ ആണ്. സാന്പത്തികമായി ഏറെ മുന്നേറെണ്ട ഗോവയിലെ സാധാരണ ജനങ്ങൾ‍ ആഗോള വൽ‍ക്കരണ കാലത്ത് തിരിച്ചടികൾ‍ നേരിടുന്നു. ഒരു വശത്ത് സാധാരണ ജനങ്ങളുടെ വരുമാനം പരിതാപകരമായി തുടരുന്പോൾ‍ അഴിമതികളുടെ തോത് പതിനായിരം കോടികളുടേതാണ്. പട്ടിണി വ്യഭിചാരത്തെ കൂടുതൽ‍ വിപുലമാക്കിയിട്ടുണ്ട്.

ഗോവ സംസ്ഥാന രൂപീകരണം മുതൽ‍ പത്തുവർ‍ഷം ഭരിച്ച മഹാരാഷ്ട്ര ഗോമന്തക പാർ‍ട്ടി ഗോവൻ‍ മണ്ണിൽ‍ ഹിന്ദുത്വത്തിന്‍റെ വേരുകൾ‍ ഉറപ്പിച്ചു ഭരണം നടത്തിയവരാണ്. ഹൈന്ദവതയുടെ മാതൃഭൂമിയായി ആർഎസ്എസ് കണ്ടു വരുന്ന ശിവജിയുടെ മറാത്തയിൽ‍ ഗോവയെ ലയിപ്പിക്കുവാൻ‍ അഭിപ്രായവോട്ടെടുപ്പ് നടത്തും വരെ പോയ പാർ‍ട്ടി ഇന്നു ദേശീയ ഹൈന്ദവ വാദക്കാരുടെ junior partnership കാരായി ബിജെപിക്കൊപ്പം ഭരിക്കുന്നു. കാലുമാറ്റവും മന്ത്രിസഭകൾ‍ തകിടം മറിയലും ദൈനം ദിനം അരങ്ങേറിയ ഗോവയിൽ‍ 90−2005 വർ‍ഷങ്ങളിൽ‍ 14 മന്ത്രിസഭകൾ‍ വരികയും പോകുകയും ചെയ്തു. ഇപ്പോഴത്തെ ബിജെപി ഭരണത്തിന്‍റെ നിലപാടുകൾ‍ മുൻകാല കോൺ‍ഗ്രസ് സമീപനങ്ങളിൽ‍ നിന്നും ഒട്ടും വ്യതസ്തമല്ല. ഇവിടെ ആം ആദ്മി പാർ‍ട്ടി മെച്ചപ്പെട്ട പ്രവത്തനത്തിൽ‍ ഇപ്പോൾ‍ സജീവമാണ്. വരും നാളുകളിൽ‍ ക്വാറികൾ‍ നിയന്ത്രിക്കുകയും പൂട്ടേണ്ടവ പൂട്ടുകയും ചെയ്യും എന്ന വാഗ്ദാനം നൽ‍കുവാൻ എഎപി മാത്രമാണ് തയ്യാറായത്. ഗോവയിൽ‍ ബിജെപിക്കും കോൺ‍ഗ്രസ് പാർ‍ട്ടിക്കും ബദലായി ഉയർ‍ന്നു വരേണ്ട പാർ‍ട്ടികൾ‍ പരിസ്ഥിതിക്കും മാഫിയ ഘനനങ്ങൾ‍ക്കും എതിരായി ശക്തമായ നിലപാടുകൾ‍ എടുക്കുവാൻ തയ്യാറായാൽ‍ മാത്രമേ ഗോവൻ ഗ്രാമങ്ങളും കടൽ‍ തീരവും മലനിരകളും സംരക്ഷിക്കപ്പെടുകയുള്ളൂ.

ഹിമാലയൻ‍ മല ശിഖരങ്ങളിൽ‍ സ്ഥിതിചെയ്യുന്ന ഉത്തരകാണ്ഡം− ഹരിദ്വാർ‍, ഋഷികേശ്, കേദാർ‍ നാഥ്, ബദരി നാഥ്, ഗോമുഖ് തുടങ്ങിയ ഹിന്ദു തീർത്‍ഥാടനകേന്ദ്രങ്ങളും യമുനയും ഗംഗയും അവയുടെ നിരവധി ഉപ നദികളും കൊണ്ട് സമൃദ്ധമാണ്. ടൂറിസം കേന്ദ്രങ്ങളിൽ‍ പ്രധാനമായ മസൂരി, ദെരാദൂൻ‍ ഇവിടെ സ്ഥിതി ചെയ്യുന്നു. ബിജെപിയും കോൺ‍ഗ്രസ്സും മാറി മാറി ഭരിച്ചിട്ടുള്ള അവിടെയും അയാറാം ഗയറാം തന്നെയാണു പ്രധാനം. മലമുകളിലെ സാധാരണക്കാരുടെ ജീവിത ദുരിതങ്ങൾ‍ക്ക് മാറ്റമില്ല. രാഷ്ട്രീയക്കാർ‍ പലരും മലന്പ്രദേശങ്ങളിൽ‍ ജനിച്ചു വളർ‍ന്നവർ‍ ആണെങ്കിലും പിന്നീട് നഗരങ്ങളിൽ‍ താമസം ഉറപ്പിച്ച് ഗ്രാമീണ ജീവിതത്തെ കണ്ടില്ല എന്ന് നടിക്കുന്നു. ഇരു രാഷ്ട്രീയ പാർ‍ട്ടികളും ഹിന്ദുത്വ സേവയെ തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി അംഗീകരിക്കുന്നു. സംസ്കൃതം രണ്ടാം ഭരണ ഭാഷയായി അഗീകരിച്ചിട്ടുള്ള ഉത്തരഖണ്ധ്, ചില മാസങ്ങൾ‍ക്ക് മുന്‍പ് ബിജെപിആസൂത്രണം ചെയ്തു സംഘടിപ്പിച്ച രാഷ്ട്രീയ അട്ടിമറി സുപ്രീംകോടതി ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടു. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപി ദേശീയ രാഷ്ട്രീയത്തിന് മുകളിൽ‍ ഹിമാലയൻ‍ മലനിരകളിൽ‍ താമസിക്കുന്നവരുടെ വികാരം രേഖപ്പെടുത്തുവാൻ‍ ലഭിക്കുന്ന അവസരമായി കാണാം.

ഹിമാലയൻ മലനിരകൾ‍ അഭിമുഖീകരിക്കുന്ന വൻ‍ തോതിലുള്ള പരിസ്ഥിതി തകർ‍ച്ചയെ പറ്റി ഇരു രാഷ്ട്രീയ പാർ‍ട്ടികളും ഒട്ടും തന്നെ ഉത്കണ്ഠാകുലരല്ല. കേദാർ‍നാഥിലും ഋഷികേശിലും ഉണ്ടായ വൻ‍ ദുരന്തങ്ങൾ‍ ഒരു പാഠവും രാഷ്ട്രീയക്കാരെ പഠിപ്പിച്ചിട്ടില്ല എന്ന് തെരഞ്ഞെടുപ്പു പ്രചരണ രംഗത്തുനിന്നും മനസിലാക്കാം. ഗംഗയുടെയും മറ്റും തീരങ്ങളിൽ‍ ആശ്രമ വ്യവസായം നടത്തുന്ന ഹിന്ദു സന്യാസികൾ‍ വിശാലമായ സ്ഥലങ്ങൾ‍ കൈയ്യേറി കെട്ടിടങ്ങൾ‍ തീർ‍ത്തു. ഗംഗയുടെ തീരങ്ങൾ‍ വലിയ തരത്തിൽ‍ മണൽ‍, വ്യവസായ ലോബികൾ‍ കൈകടത്തി നശിപ്പിക്കുന്നു. ഇത്തരം വിഷയങ്ങൾ‍ കോൺ‍ഗ്രസ്സിനും ബിജെപിക്കും ഗൗരവതരമായി പരിഗണിച്ചിട്ടില്ല.

ഇന്ത്യൻ‍ ദേശീയ രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്ന നോട്ട് പിൻ‍വലിക്കൽ‍ തീരുമാനങ്ങൾ‍ക്ക് മുകളിൽ‍ ജനങ്ങൾ‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാൻ‍ കിട്ടുന്ന ആദ്യ അവസരം എന്ന നിലയിലും ഹിന്ദുത്വ അജണ്ടകൾ‍ കൂടുതൽ‍ നടപ്പിൽ‍ വരുത്തുവാൻ ‍(രാമക്ഷേത്രം മുതലായ) ആഗ്രഹിക്കുന്ന ആർഎസ്എസിനോട് എങ്ങനെയാണ് ജനം പ്രതികരിക്കുന്നത് എന്ന് മനസ്സിലാക്കുവാനും 5 സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾ‍ സഹിയിക്കും എന്ന് പ്രതീക്ഷിക്കാം.

You might also like

Most Viewed