ജല്ലിക്കെട്ടും തമിഴകവും
ഇ.പി അനിൽ
മനുഷ്യ ചരിത്രത്തിന്‍റെ തുടക്കം മുതൽ അവർ മൃഗങ്ങളെ ഇണക്കി വളർത്തുവാൻ തുടങ്ങിയിരുന്നു എന്ന് ഗുഹാമനുഷ്യരുടെ ചുറ്റുപാടുകളിൽ നിന്നും വ്യക്തമാണ്. അത്തരം അനുഭവങ്ങൾ വിശ്വാസത്തിലും പുരാണ കഥകളിലും സംസ്കാരത്തിലും പിൽക്കാലത്ത് രാഷ്ട്രീയത്തിലും വളരെ പ്രാധാന പങ്കുവഹിക്കുന്നു.
കായിക അദ്ധ്വാനത്തിൽ വലിയ സ്ഥാനം ഉണ്ടായിരുന്ന കാലങ്ങളിൽ മനുഷ്യന്റെ ശാരീരിക ക്ഷമതയ്ക്ക് പ്രത്യേക പരിഗണനകൾ കിട്ടിയിരുന്നു. അധികാരങ്ങൾ ഉറപ്പിക്കുവാനുള്ള (രാജ്യങ്ങൾ തമ്മിലുള്ള) മത്സരങ്ങൾ യുദ്ധങ്ങളിലൂടെ മാത്രം തീരുമാനിക്കപ്പെട്ടു. അങ്ങനെ കൃഷിയും കാലികളും (സന്പത്തും) അധികാരവും (യുദ്ധവും) കായിക ക്ഷമതയുമായി ഒത്തു പോയിരുന്നു. ആചാരങ്ങൾക്ക് കാലത്തിനനുസരിച്ച് രൂപ ഭാവമാറ്റങ്ങൾ വന്നു കൊണ്ടിരിക്കും. പഴയ പല ആചാരങ്ങളും പുതിയവയ്ക്കു വഴി മാറുകയോ ചിലപ്പോൾ അപ്രത്യക്ഷമാകുകയോ ചെയ്ത അനുഭവങ്ങൾ വിരളമല്ല. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായിരുന്ന മാമാങ്കം, ടിപ്പുവിന്‍റെ പടയോട്ടത്തിനു മടങ്ങി വരാത്തത് സാമൂതിരിയുടെ പ്രശസ്തിക്കു മങ്ങൽ ഏറ്റതുകൊണ്ടാണ് എന്ന് പറയുവാൻ കഴിയുകയില്ല. നമ്മുടെ ഓണം തമിഴകത്ത് അപ്രധാനം ആകുകയും പകരം കേരളത്തിൽ വളരെ പ്രസിദ്ധമാകുകയും ചെയ്തു. ഇത്തരം മാറ്റങ്ങൾ ചരിത്രത്തിൽ എവിടെയും സംഭവിക്കുന്നുണ്ട്.
സ്പെയിനിലും മെക്സിക്കോയിലും ഫ്രാൻസിലും നൂറ്റാണ്ടുകളായി നടന്നുവന്ന കാളപ്പോരിനെതിരെ മൃഗസ്നേഹികൾ ശക്തമായി പ്രതിക്ഷേധിച്ചു വന്നിരുന്നു. അങ്ങനെയാണ് സ്പാനിഷ് നിയമനിർമ്മാണ സഭ കാളപ്പോർ അവസാനിപ്പിക്കുവാൻ നിയമം പാസ്സാക്കിയത്. അവാസനമായി ബാർസിലോണയിൽ കാളപ്പോർ നടന്നത് സെപ്റ്റംബർ 2011. സ്പെയിനിലും മറ്റു രാജ്യങ്ങളിലും വളരെ സന്പന്നരുടെ ആഘോഷമായിരുന്ന കാളപ്പോരിൽ കാളയുടെ ഉടമസ്ഥരും പരിപാടിയിൽ പങ്കെടുക്കുന്നവരും മൈതാനത്തെ ഗ്യാലറിയിൽ കാണികളായിരിക്കും. മൈതാനത്ത് തുറന്നു വിടുന്ന പ്രത്യേകം പരിശീലിപ്പിച്ച കാളയുടെ മുന്നിൽ വളരെ ആകർഷകമായി എത്തുന്ന ടോറിയോറോ എന്ന പോരാളി അടിവെച്ച ചില ചലനങ്ങളിലൂടെ കാളയുമായി നീങ്ങുകയും കാളയുടെ പൂഞ്ഞിലേയ്ക്ക് (കാളയുടെ ചുമലിൽ കഴുത്തിനടുത്തു പിൻഭാഗത്ത് ഉയർന്നുനിൽക്കുന്ന മാംസപേശി) കത്തിയിറക്കി കൊലപെടുത്തുകയും ചെയ്യുന്നു. യൂറോപ്പിലെ ജനങ്ങൾ കാളകളെ സ്നേഹിക്കുന്നില്ല എന്ന് ഈ ചടങ്ങുകൾ അർത്ഥമാക്കുന്നില്ല. യൂറോപ്പിൽ പ്രത്യേകിച്ച് സ്പെയിനിലും മെക്സിക്കോയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കാളയെ ആരാധിക്കുന്ന ദേവാലയങ്ങൾ ഉണ്ട്.
സന്പന്നരുടെ വിനോദത്തിനായി റോമിലെ കൊളോഷ്യത്തിൽ മൃഗങ്ങളുമായി യുദ്ധം ചെയ്യുവാൻ അടിമകളെ നിർബന്ധിക്കുകയും ജീവൻ പണയപ്പെടുത്തി സിംഹവുമായി യുദ്ധം ചെയ്തു വിജയിക്കുന്നവരെ (വിരളമായി) സമ്മാനങ്ങൾ കൊടുത്ത് അംഗീകരിക്കുകയും ചെയ്യുന്ന രീതി ഉണ്ടായിരുന്നു. അവിടെ പ്രഭുക്കൾക്കായി നടത്തിവന്ന ഈ പോരാട്ടത്തിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല റസലിംഗ്, ബോക്സിംഗ് മറ്റുമായി വിളിപ്പേരുള്ള വിനോദങ്ങളും.
പുരാണങ്ങളിൽ നിന്നും പരിചിതമായ അശ്വമേധ യാഗം, വില്ല് കുലച്ചുള്ള വിവാഹ ചടങ്ങുകൾ ഒക്കെ സൂചിപ്പിക്കുന്നത് സമൂഹത്തിന്‍റെ നായകത്വം കായിക ക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. കൃഷിയും കാലി മേയ്ക്കലും പ്രധാനമായിരുന്ന കാലത്ത് കാലികളെയും കൃഷിവിഭവങ്ങളും സംരക്ഷിക്കുവാൻ ആയുധമെടുത്തു പോരാടുകയായിരുന്നു പ്രധാന മാർഗ്ഗം. പ്രത്യേക പ്രദേശത്തെ മനുഷ്യ കൂട്ടങ്ങൾ ഒരു ഗോത്രമായി പ്രവർത്തിച്ചു. ഒരു ഗോത്രത്തിന്‍റെ സ്വത്തുക്കൾ അവരുടെ പിൻഗാമികൾക്ക് എന്ന അവസ്ഥയുണ്ടായി. ഗോത്രസ്വത്തുക്കളിൽ ഭൂമി ഓരോത്തരുടെയും ആണെന്ന് ധാരണയും ആവശ്യത്തിനു ഭൂമി ലഭ്യമായതിനാൽ, ഭൂമിയുടെ ഉടസ്ഥാവകാശ തർക്കം വലിയ വിഷയമായിരുന്നില്ല. മെരുക്കിയ മൃഗം പ്രധാന കൈമാറ്റം ചെയ്യുവാൻ സാധ്യമായ വസ്തു ആയതിനാൽ മൃഗങ്ങുടെ ഉടമസ്ഥാവകാശത്തിനായി ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ പാരന്പര്യത്തിൽ യുദ്ധത്തിനും അതിഥിക്കും നൽകിയിരുന്ന പേരുകൾ ഗോവുമായി ബന്ധപ്പെട്ടാണ്. (ഗോവിഷ്ടി=യുദ്ധം, ഗോഘ്നൻ=അതിഥി, ദുഹിത്രി=മകളുടെ പര്യായം).
കാർഷിക രാജ്യമായ നമ്മുടെ നാട്ടിൽ നിലം ഒരുക്കുന്നതിൽ, ഭാരം ചുമക്കുന്നതിൽ, വളവും പാലും മാംസവും മറ്റും നൽകുന്നതിൽ നാൽക്കാലികൾ നിർണ്ണായക പങ്കുവഹിക്കുന്നു. വളർത്തു മൃഗങ്ങളുമായി വൈകാരിക ബന്ധം ജനങ്ങൾക്ക് നൂറ്റാണ്ടുകളായി നിലവിലുണ്ടാകുക സ്വാഭാവികമാണ്. ഇന്നും കൃഷിയിലും ഭാരം കടത്തുന്നതിലും വളരെ വലിയ സംഭാവന കന്നുകൾ നൽകിവരുന്നു. രാജ്യത്തെ തീവണ്ടികൾ വഴികടത്തുന്ന ഭാരത്തിന്‍റെ 10 ഇരട്ടി ഇന്നും കാളവണ്ടികൾ കൈകാര്യം ചെയ്യുന്നു. 2 കോടി ജനങ്ങൾ കാളവണ്ടികളുമായി ബന്ധപെട്ട് ജീവിക്കുന്നു. എന്നാൽ മൃഗങ്ങളെ പണിചെയ്യിക്കുന്നതിനുപകരം യന്ത്രങ്ങൾ ഉപയോഗിച്ചു മൃഗ സംരക്ഷണം സാധ്യമാക്കുക, യന്ത്രങ്ങൾ തന്നെ പരിസ്ഥിതി സൗഹൃതമായി തീരുക തുടങ്ങിയ വിഷയങ്ങൾ (സോളാർ അടിസ്ഥാന) നടപ്പിൽ വരുത്തുവാൻ പൊതു സമൂഹം ബാധ്യസ്ഥമാണ്. യൂറോപ്യൻ ജീവിതത്തിൽ ഉണ്ടായ പരിവർത്തനങ്ങളിൽ താൽപര്യം കാട്ടുവാൻ ഏഷ്യൻ രാജ്യങ്ങളിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും ഗോത്ര മത ബന്ധങ്ങൾ അനുവദിക്കുന്നില്ല. യൂറോപ്പിനെ മാതൃകയാക്കുക എന്നതിൽ നിന്നും മാറി, തങ്ങളുടെ ബന്ധങ്ങളിൽ, ആഘോഷങ്ങളിൽ പാരന്പര്യങ്ങളേക്കാൾ മാനവികതക്കും ജീവിവർഗ്ഗങ്ങളുടെ സുരക്ഷക്കും തങ്ങളുടേതായ പങ്കു വഹിക്കുന്നതിൽ ഈ കൂട്ടർ തൽപരരല്ല എന്നത് ഒറ്റപ്പെട്ട സംഭവമല്ല. അങ്ങനെ വികസിത രാജ്യങ്ങൾ ഒഴിവാക്കിയ പല ശീലങ്ങളെക്കാളും വൈകൃതങ്ങൾ ഉള്ള പല ചടങ്ങുകൾക്കും ഇടം നൽകുന്നതിൽ മതങ്ങളുടെയും മറ്റു സംസ്കാരങ്ങളുടെയും ജന്മഭൂമികൾക്ക് തടസ്സങ്ങളില്ല.
ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും പ്രാദേശിക തനിമയിലും സംസ്കാരത്തിലും വേറിട്ടു നിൽക്കുന്നവരുമായ തമിഴ് ജനതയുടെ ദ്രവീഡിയൻ സ്വത്തവാദത്തിനു ചരിത്രപരമായ ഏറെ പ്രത്യേകതകൾ ഉണ്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സാംസ്കാരിക തട്ടകമായ സംഘ കാലത്തെ സാഹിത്യ സൃഷ്ടികളും സാമൂഹിക രംഗവും (BC400 മുതൽ) ഗ്രീക്കു യവന കാലത്തെ ഓർമ്മിപ്പിക്കുന്നു. അന്നത്തെ തിരുക്കുറലും തോൽക്കാപ്പിയം തുടങ്ങിയവ സാഹിത്യ രംഗത്തെ ക്ലാസിക്കലുകളാണ്. ഇന്ത്യയുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടയുണ്ടാക്കിയ ചാതുർവർണ്യത്തിന്റെ സ്വാധീനത്തെ പിൽക്കാലത്ത് തങ്ങളുടെ പാരന്പര്യങ്ങൾ കൊണ്ടു ചെറുക്കുവാൻ തമിഴ് ജനത തയ്യാറായിരുന്നു. സംസ്കൃതം, ലാറ്റിൻ ഭാഷകളുടെ അത്രയും തന്നെ പഴക്കമുണ്ട് തമിഴ് ഭാഷക്കും, രാമനു പകരം രാവണൻ, സരസ്വതിക്കു പകരം കണ്ണകി, ഗണപതിക്കു പകരം സുബ്രഹ്മണ്യൻ തുടങ്ങിയ വിശ്വാസങ്ങളിൽ പ്രാദേശികമായ തനിമകൾ നിലനിർത്തുന്നതിൽ തമിഴ്ജനത കാട്ടിയ താൽപപര്യം സവർണ്ണ ഹൈന്ദവ സങ്കൽപ്പങ്ങളെ വെല്ലുവിളിച്ചു. മാത്രമല്ല യുക്തിവാദത്തിലേയ്ക്ക് സമൂഹത്തെ അത്തരം പ്രവർത്തനങ്ങൾ എത്തിച്ചു.
പെരിയോർ എന്ന പേരിൽ മലയാളിക്കു പരിചിതനായ രാമസ്വാമി നായിക്കറും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു നടരാജ മുതലിയാറും സജീവമാക്കിയ യുക്തിവാദ പ്രസ്ഥാനങ്ങൾ ദ്രവീഡിയൻ മുന്നേറ്റമായി തീർന്നു. അതിന്റെ തുടർച്ചയായിരുന്നു ദ്രാവിഢ മുന്നേറ്റ ഘടകം എന്ന രാഷ്ട്രീയ പാർട്ടി. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ പങ്കാളിയായിരുന്ന പെരിയോർ, കോൺഗ്രസ് എടുത്തു വന്ന ഹൈന്ദവ പക്ഷപാതത്തിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തനം ഉപേക്ഷിച്ച് അന്ത വിശ്വാസങ്ങൾക്കും ബ്രാഹമണ മേൽക്കോയ്മക്കെതിരായും പോരാടി. പിന്നീട് ദ്രവീഡിയൻ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് അണ്ണാ ദുരെ തമിഴ്നാടിന്റെ മുഖ്യ മന്ത്രിയായ കാലത്ത് ദ്രാവിഡ രാജ്യം എന്ന വാദത്തിന് ശക്തി കൂടി. കേന്ദ്ര സർക്കാർ ഹിന്ദിയെ ദേശീയ ഭാഷയായി നിർത്തി ജനങ്ങൾക്കു മുകളിൽ കെട്ടി വെയ്ക്കുവാനുള്ള ശ്രമത്തിനെതിരായുള്ള സമരങ്ങൾക്ക് വലിയ സ്വാധീനമുണ്ടാക്കുവാൻ കഴിഞ്ഞു.
അണ്ണാ ദുരെക്കു ശേഷം എത്തിയ കരുണാനിധിയും ദ്രാവിഢ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടു പോയി. തന്റെ പാർട്ടിയിൽ, ജനങ്ങളുടെ ഹിറോയായി (സിനിമ) തീർന്ന M.G രാമചന്ദ്രനെ ട്രഷറർ ആക്കി കൂടുതൽ ജനകീയമാകുവാൻ നടത്തിയ ശ്രമം പിന്നീട് പാർട്ടിയെ രണ്ടാക്കി പിളർത്തി. എംജിആർ രൂപീകരിച്ച AIDMKയിലൂടെ MGR തുടർച്ചയായി 10 വർഷം തമിഴ്നാട് ഭരണം തുടർന്നു. ലിബറൽ പാർട്ടിയായി പ്രവർത്തിച്ചു വന്ന ദ്രാവിഢ കഴകം കാർഷിക രംഗത്ത് വളരെ പ്രധാനമായ തീരുമാനങ്ങളായ ഭൂപരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങളോട് മുഖം തിരിച്ചു. അപ്പോഴും വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിക്കുവാൻ DMK മറന്നില്ല. സിനിമയുടെ തിളക്കത്താൽ ജനങ്ങളുടെ വിശ്വാസം നേടി എടുത്ത ശ്രീ. രാമചന്ദ്രൻ അന്തവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങൾ കൂടി നടപ്പിൽ വരുത്തുവാൻ മുതിർന്നതോടെ തമിഴ് രാഷ്ട്രീയം എല്ലാ അർത്ഥത്തിലും പിൻതിരിപ്പൻ സ്വഭാവം ആർജ്ജിച്ചു.
MGRന്റെ 10 വർഷത്തെ ഭരണം കരുണാനിധി എന്ന ദ്രാവിഡ സാഹിത്യ പ്രതിഭയെയും വഴിപിഴപ്പിച്ചു. വ്യക്തിപരമായി യുക്തിവാദിയായി ജീവിച്ച കരുണാനാധി രാഷ്ട്രീയത്തിൽ സവർണ്ണതക്കെതിരായ യുദ്ധം അവസാനിപ്പിച്ച് കൂടുതൽ അഴിമതിക്കാരുടെ സ്വഭാവങ്ങൾ പ്രകടിപ്പിച്ചു. തമിഴ്‌നാട്ടിൽ വടക്കേ ഇന്ത്യയെ വെല്ലുന്ന ജാതി സ്പർദ്ധ കൂടുതൽ പ്രകടമായി. ഗോത്രങ്ങൾ തമ്മിൽ ആഘോഷങ്ങളുടെയും പ്രണയ വിവാഹങ്ങൾ, പൊതുനിരത്തുകൾ തുടങ്ങിയവയുടേയും പേരിൽ ഏറ്റുമുട്ടി. ഇടതുപാർട്ടികൾ നടത്തിയ തെരഞ്ഞെടുപ്പ് പരീക്ഷണങ്ങൾ അവരുടെ നിലവിൽ ഉണ്ടായിരുന്ന കേന്ദ്രങ്ങളിലും അവരെ ക്ഷയിപ്പിച്ചു. RSSനു സ്വാധീനം വർദ്ധിക്കുവാൻ ഇതു വഴിയൊരുക്കി. കരുണാനിധിയും ജയലളിതയും നടപ്പിലാക്കിയ സൗജന്യങ്ങൾ (അതും ഗാർഹിക ഉൽപ്പന്ന വിതരണം) കൈയ്യടി നേടുവാനുള്ള രാഷ്ട്രീയ ലക്ഷ്യത്തെ മുന്നിൽ കണ്ടു കൊണ്ടുള്ളതാണ്. അതിന്റെ മറവിൽ വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയം വളർന്നു. കുമാരി ജയലളിത തമിഴകത്തിന്റെ അമ്മയായി സ്വയം പ്രഖ്യാപിക്കപ്പെട്ടു. തമിഴ്നാട് എന്ന സന്പന്ന സംസ്ഥാനം രാജ്യത്തെ ഏറെ കടമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. തലൈവ ജയലളിതയുടെ മരണവും കരുണാനിധിയുടെ പ്രായവും തമിഴ് രാഷ്ട്രീയത്തിൽ നേതൃത്വ ക്ഷാമം ഉണ്ടാക്കി എന്നു പറയാം. ഇങ്ങനെ ഒരവസ്ഥ, എനിക്കു ശേഷം പ്രളയം എന്നു വിശ്വസിച്ചു വരുന്ന ഏകാധിപതികളായ വ്യക്തികൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണ്.
തമിഴ്നാട് വ്യാവസായികമായി മുന്നേറിയെങ്കിലും കർഷികവൃത്തി പ്രധാന രംഗമായി തുടരുന്നു. നെല്ല്, പച്ചക്കറികൾ പഴവർഗ്ഗങ്ങൾ ഒക്കെ വിശാലമായ തോട്ടങ്ങളിൽ വിളയിച്ചെടുക്കുന്നതിൽ സാധാരണ തൊഴിലാളിയുടെ അദ്ധ്വാനവും കന്നുകളും ഇന്നും പ്രധാന പങ്കുവഹിക്കുന്നുണ്ട്. നൂറ്റാണ്ടുകൾ പാരന്പര്യമുള്ള വിളവെടുപ്പ് ഉത്സവമായ മകര പൊങ്കൽ തമിഴർക്ക് വളരെ പ്രധാനമാണ്. നെൽകൃഷി ബന്ധപ്പെട്ട ചടങ്ങുകൾ പൊങ്കലിൽ മുഖ്യ പങ്കുവഹിക്കുന്നു. നാലു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ ആദ്യ ദിവസം പഴയ പാത്രങ്ങളും തുണികളും ഒഴിവാക്കി വീട് കഴുകി വൃത്തായാക്കുന്നു. രണ്ടാം ദിനം തായ് പൊങ്കൽ. അന്ന് പുതിയ പാത്രത്തിൽ പാൽ തൂകും വിധം തിളപ്പിക്കുകയും അതിലേയ്ക്ക് തൊട്ടുമുന്പ് വിളവെടുപ്പിൽ നിന്നു കിട്ടിയ നെല്ലു കുത്തിയ അരി ഇട്ടു വേവിക്കുന്നു. ചടങ്ങുകൾക്ക് സ്ത്രീകൾ നേതൃത്വം കൊടുക്കും.
മൂന്നാം ദിനം മാട്ടം പൊങ്കൽ. അന്നത്തെ പ്രധാനചടങ്ങ് ജല്ലികെട്ടാണ്. മാടുകൾക്കായി ഒരു ഉത്സവ ദിനം എന്നർത്ഥം. അന്ന് കാലികളെ ഒരുക്കി മധുരപലഹാരങ്ങൾ നൽകി വന്ദിക്കുന്നു. ഒപ്പം പ്രത്യേകം പരിശീലിപ്പിച്ച കന്നിനെ ജല്ലികെട്ടിന് ഒരുക്കുന്നു (ജല്ലികെട്ട്, ജല്ലി=പണം-കെട്ട് എന്നാണ്). കാലിയെ ഒരു സ്ഥലത്തു നിന്നും ആൾകൂട്ടത്തിലേയ്ക്ക് തുറന്നു വിടുന്നു. കാലിയുടെ പൂഞ്ഞിൽ കടന്നു പിടിച്ച് അതിനെ തളക്കുക എന്നതാണ് മത്സരം കൊണ്ടു ദ്ദേശിക്കു
ന്നത്. പരിശീലനം ലഭിച്ച കാളകൾ കൂടുതൽ ക്ഷുഭിതരായി ഓടുന്പോൾ ജനങ്ങൾ കൂടുതൽ ആർപ്പുവിളിയിൽ മുഴുകുന്നു. കാലിയെ ക്ഷുഭിതനാക്കാൻ വാലിൽ കടിക്കുക, ലഹരിപദാർത്ഥങ്ങൾ കൊടുക്കുക തുടങ്ങിയവ രഹസ്യമായി ചെയ്യാറുണ്ട്. തങ്ങളുടെ കാലികളെ വളരെ വൈകാരികമായി സ്നേഹിക്കുന്നു എങ്കിലും വർദ്ധിച്ച സമ്മാന തുകകൾ കാലികൾക്കു മുകളിൽ വർദ്ധിച്ച പീഡനങ്ങളുടെ തോതു വർദ്ധിപ്പിച്ചിട്ടുണ്ട്. കാലികളെ പിടിച്ചുകെട്ടുവാൻ ശ്രമിക്കുന്നവർക്കും അപകടങ്ങൾ ഉണ്ടാകുക സാധാരണമാണ്. അന്ന് കിളികൾക്ക് ഭക്ഷണം കൊടുക്കുന്ന ചടങ്ങുകൾ ഉണ്ട്. കാക്ക പിടി കാണുപിടി എന്ന പേരിലുള്ള കാക്കകൾക്കും മറ്റും പ്രത്യേകം പരിഗണന കൊടുക്കുന്ന ആ ദിവസവും പ്രകൃതിയോടുള്ള തങ്ങളുടെ കൂറ് തമിഴർ പ്രകടിപ്പിക്കുന്നു.
നാലാം ദിനം കാണുപൊങ്കൽ. പേരു സൂചിപ്പിക്കുന്നതു പോലെ അന്നേ ദിവസം ബന്ധുക്കളെയും മറ്റു മിത്രങ്ങളെയും സന്ദർശിച്ച് സമ്മാനങ്ങൾ നൽകുന്ന ചടങ്ങുകളോടെ പൊങ്കൽ ഉത്സവങ്ങൾ അവസാനിക്കുന്നു. സൂര്യൻ അടുത്ത 6 മാസങ്ങൾ ഉത്തരായനത്തിലേയ്ക്ക് നീങ്ങി തുടങ്ങുന്ന ദിനം സൂചിപ്പിക്കുന്ന മകരപൊങ്കൽ, 12 മാസമായി വിഭജിട്ടുള്ള നമ്മുടെ ആകാശ മണ്ധലത്തിൽ മകരം എന്നു മലയാളത്തിൽ വിളിച്ചു വരുന്ന നക്ഷത്രം ഭൂമിക്ക് അഭിമുഖമായി വരുന്ന മാസത്തിലെ ആദ്യ ദിവസമാണ്. (ശബരിമലയിലെമകരജ്യോതി ദർശനം ഈ നക്ഷത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.)
രാജ്യത്ത് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ നിയന്ത്രിക്കുന്നതിന് 1960ൽ പാസ്സാക്കിയ നിയമം നിലനിൽക്കുന്നു. (Prevention of Cruelty to Animals Act)അതിന്റെ ഭാഗമായി വളർത്തു മൃഗങ്ങളെയാണെങ്കിലും എങ്ങനെ പരിപാലിക്കുകയും ഭക്ഷണത്തിനായി ഉപയോഗിക്കുന്പോൾ എങ്ങനെ കൊലപ്പെടുത്തണം എന്നു നിഷ്ക്കർഷിക്കുന്നു. അത്തരം നിയമങ്ങളെ പരിഗണിക്കാതെ ഇന്നും മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതികൾ നമ്മുടെ നാട്ടിൽ തുടരുന്നുണ്ട്. കേരളത്തിൽ ബലിദാനത്തിന് ഒരു ജീവിയെയും വിധേയമാക്കരുത് എന്ന് സംസ്ഥാന നിയമം വ്യക്തമാക്കുന്നു. എന്നാൽ ബംഗാളിലും മറ്റും മൃഗബലികൾ തുടരുന്നു. പാലക്കാട്ടും തമിഴ്നാട്ടിലും സജ്ജീവമായിരുന്ന കോഴിപ്പോർ നിയമത്തിനു മുന്നിൽ കുറ്റകരമാണ്. കേരളത്തിൽ വിളവെടുപ്പിനു ശേഷം കാളയോട്ടം ഒരുകാലത്തെ പ്രധാന പരിപാടിയായിരുന്നു. എന്നാൽ അവിടെയും കാളകളെ വേദനിപ്പിച്ചുള്ള രഹസ്യ പദ്ധതികളിലൂടെ പരിപാടികൾ കൊഴിപ്പിച്ചിരുന്നു.
ആന ഏറെ പ്രത്യേകതകൾ ഉള്ള ജീവിയാണ്. അവയെ വിശ്വാസത്തിന്റെ ഭാഗമായി നിരവധി പീഢനങ്ങൾക്കു വിധേയമാക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കുവാൻ കഴിയുന്നതല്ല. ദേവാലയങ്ങളിൽ നടക്കുന്ന നീണ്ട ചടങ്ങുകൾ ആനകൾക്ക് വലിയ ക്ഷതങ്ങൾ ഉണ്ടാക്കുന്നു. ആന എന്ന വളരെ വലിയ ജീവിയെ ഉറച്ച തറയിലൂടെ ഓടിക്കുന്ന ആനയോട്ടവും മറ്റും മൃഗങ്ങളോടുള്ള ക്രൂരതയാണ്.
തമിഴ് പാരന്പര്യത്തിന്റെ ഭാഗമായ പൊങ്കലിലെ പ്രധാന ചടങ്ങുകളിൽപെട്ട മാട്ടുപൊങ്കൽ നിരോധിക്കുവാൻ സുപ്രീം കോടതി കാട്ടിയ തിടുക്കം, നമ്മുടെ കോടതികൾ സാമൂഹിക പ്രശ്നങ്ങളെ ഗൗരവതരമായി പരിഹരിക്കുവാനുള്ള കഴിവുകൾ ഇല്ലാത്ത സ്ഥാപനമാണെന്ന പേരുദോഷത്തെ ഒരിക്കൽ കൂടി സ്വയമണിഞ്ഞു. മാട്ടുപൊങ്കലിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ജനങ്ങളുമായി വേണ്ടത്ര ആശയ കൈമാറ്റങ്ങൾ നടത്താതെ കോടതി നടത്തിയ ഇടപെടൽ തമിഴ്നാട്ടിൽ നിലനിൽക്കുന്ന ജനങ്ങളുടെ അസഹിഷ്ണുതയെ ആളിക്കത്തിച്ചു. കാർഷിക മേഖലയിലെ വൻ തിരിച്ചടികൾ, മഴക്കുറവ് വരുത്തിയ വൻ വരൾച്ച, രക്ഷകരായ രാഷ്ട്രീയ നേതാക്കളുടെ പൊടിക്കൈയിൽ തമിഴ് ജനതയ്ക്ക് നഷ്ടപ്പെട്ട ദ്രാവിഡ സ്വത്വ ബോധം, ദേശീയ തലത്തിൽ ചാതുർവർണ്യ രാഷ്ട്രീയത്തിന്റെ വർദ്ധിച്ച സ്വാധീനം തുടങ്ങിയ തിരിച്ചടികൾ ഒരു പൊട്ടിത്തെറിയിൽ തമിഴ്നാടിനെ എത്തിച്ചിരിക്കുന്നു എന്ന് ജല്ലികെട്ട് സംരക്ഷണത്തിനായി നടന്ന പ്രക്ഷോഭങ്ങളിൽ നിന്നു രാജ്യം ഗൗരവതരമായി മനസ്സിലാക്കണം.