ജനുവരി ഒന്പതും പ്രവാസ ലോകവും
ഇ.പി അനിൽ
സർക്കാർ ഏറ്റവും കൂടുതൽ ആവർത്തി ചടങ്ങുകൾ നടത്തി സ്മരിക്കുന്ന നേതാവ് ഗന്ധിജിയായതിൽ നമുക്ക് അഭിമാനിക്കാം. അദ്ദേഹത്തിന്‍റെ ജന്മദിനവും രക്തസാക്ഷിദിനവും കൊണ്ടാടുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ ആശയമായിരുന്ന ദണ്ധിയാത്രയും ആഫ്രിക്കയിൽനിന്നും പ്രവാസം അവസാനിപ്പിച്ചു ബോംബയിൽ എത്തിയ 1915 ജനുവരി ഒന്പതും നമുക്ക് ചരിത്ര സംഭവം മാത്രമല്ല. ഗാന്ധിജി എന്ന ബാരിസ്റ്റർ ആഫ്രിക്കയിൽ പോയത് തന്‍റെ നാട്ടുകാരനായ കച്ചവടക്കാരന്‍റെ വ്യവഹാരം
നടത്തികൊടുക്കുവാൻ വേണ്ടിയായിരുന്നു. അക്കാലത്ത് വലിയ അംഗീകാരം ഉള്ള വക്കീൽ പണിക്കായി എത്തിയ അദ്ദേഹം, കണ്ടതും കേട്ടതും തന്‍റെ ജീവിതലക്ഷ്യത്തെ ത
ന്നെ മാറ്റി എഴുതുന്നതിനു കാരണമായി. മൂന്നാം ലോക രാജ്യങ്ങൾക്ക് തന്നെ പുതിയ ചരിത്രം നൽകി. ആ മഹാന്‍റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവിന്‍റെ ഓർമ്മദിനം പ്രവാസി ദിനമായി ആചരിക്കുന്നത് തികച്ചും യുക്തി ഭദ്രമാണ്.
മോഹൻദാസ് കരം ചന്ദ് ഗാന്ധി ആഫ്രിക്കയിൽ പ്രവാസിയായി തൊഴിൽ തേടി പോയ ആളായിരുന്നില്ല. വലിയ ശന്പളം വാങ്ങി മടങ്ങിവരുന്നതിന് പകരം, അദ്ദേഹം തന്‍റെ രാജ്യത്തുനിന്നും കൂലിപ്പണിക്കാരായി പോയവരുടെ ദാരുണ ജീവിതം മനസ്സിലാക്കി അവർക്കായി സമരങ്ങൾ സംഘടിപ്പിച്ചു. ഇന്ന് വിവിധ രാജ്യങ്ങളിൽ മൂന്ന് കോടിയാളുകൾ ഇന്ത്യക്കാർ പ്രവർത്തിക്കുന്നു. അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും പരിഹരിക്കുവാനും കേന്ദ്ര സർക്കാർ നേതൃത്വം കൊടുത്തു നടത്തുന്ന പ്രവാസി ദിന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ബഹു ഭൂരിപക്ഷവും സാധാരണ പ്രവാസി ഇന്ത്യക്കാരുടെ പ്രതിനിധികൾ അല്ല എന്നത് ഗാന്ധിജിയും പ്രവാസ ലോകവും എന്ന സ്മരണകൾക്ക് അത്രകണ്ട് യോജിക്കുന്നതാണോ എന്ന് ആലോചികേണ്ടത് തന്നെ.
ലോകത്ത് മനുഷ്യാവകാശങ്ങളെ പറ്റി കൂടുതൽ കൂടുതൽ ഗൗരവതരമായ ചർച്ചകൾ നടക്കുന്നു. ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് സ്ത്രീ തൊഴിലാളികളുടെ ഇടയിൽ ആണ്. അതിനൊപ്പമോ അതിലും മോശവുമായ അവസ്ഥയിൽ കോൺട്രാക്ട് തൊഴിലാളികളായി തൊഴിൽ ചെയ്യുവാൻ നിർബന്ധിതരാണ് ഗൾഫ് രാജ്യങ്ങളിൽ പണിക്കായി എത്തിയ എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികൾ. ലോകത്ത് മറ്റേതെങ്കിലും രാജ്യത്തെ തൊഴിൽ രംഗത്ത് ഇത്ര വ്യാപകമായി കോൺട്രാക്ട് തൊഴിലാളികൾ ഇല്ല എന്ന് കരുതാം. ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിച്ചു വരാത്ത രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളിൽ അന്തർദേശിയ തൊഴിൽ നിയമങ്ങൾ നടപ്പിൽ വരുത്തുവാൻ വേണ്ട അവസരങ്ങൾ ലഭിക്കുന്നില്ല. വിവിധ രാജ്യങ്ങളിലെ തൊഴിൽ സമയങ്ങളിൽ വ്യത്യസ്തത നിലവിലുണ്ട്. 35 മണിക്കൂർ മാത്രം തൊഴിൽ ചെയ്യേണ്ടുന്ന ഫ്രാൻസ്, ഡെന്മാർക്ക് മുതലായ രാജ്യങ്ങളുടെ സ്ഥാനത്ത് 48 മണിക്കൂർ മിനിമം തൊഴിൽ സമയങ്ങൾ നിലനിർത്തുന്ന ഒട്ടു മിക്ക രാജ്യങ്ങളും GCC രാജ്യങ്ങൾ തന്നെ. പെട്ട്രോ സാന്പത്തിക രംഗത്തെ സ്വാധീനിച്ചു നിലനിന്നു വന്ന അരേബ്യൻ രാജ്യങ്ങളിൽ കുവൈറ്റ്− ഇറാഖ് യുദ്ധം മുതൽ ആരംഭിച്ച മാന്ദ്യം പരിഹരിക്കപെടാതെ നിലനിൽക്കുന്നു. അതിന്‍റെ ഭാരം ചുമക്കുവാൻ ആ നാട്ടിലെ ജനങ്ങളും പ്രവാസി തൊഴിലാളികളും നിർബന്ധിതരായിരിക്കുന്നു. വേതന വർദ്‍ധനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുവാൻ അവസരം ഇല്ലാതെ വേതന ചുരുക്കം പ്രശനങ്ങളെ രൂക്ഷമാക്കുന്നു.
ലോകത്തെ ഏറ്റവും കൂടുതൽ പണം വിദേശ തൊഴിലാളികളിലൂടെ രാജ്യത്ത് എത്തുന്നതിൽ ചീനക്കൊപ്പമാണ് ഇന്ത്യയും. രാജ്യത്തിനു കയറ്റുമതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശ നാണയം ലഭിക്കുന്നത് വിദേശ ഇന്ത്യക്കാർ അയക്കുന്ന പണത്തിലൂടെയാണ്. ഏകദേശം 7000 കോടി ഡോളർ (4 ലക്ഷം കോടി രൂപയിൽ അധികം ഇന്ത്യയിലേയ്ക്ക് അയക്കുന്നുണ്ട്).
അഭ്യസ്തവിദ്യരായ മിടുക്കരെ വിദേശത്തേയ്ക്ക് സ്വാഗതം ചെയ്തിരുന്നു. അതിനെ brain drain എന്നാണ് വിളിച്ചു വന്നത്. അതുവഴി വിദേശ സന്പന്ന രാജ്യങ്ങൾക്ക് രണ്ടു തരത്തിലുള്ള ലാഭം ലഭിച്ചു. മിടുക്കരായ വിദ്യാർത്‍ഥികളെ പഠിപ്പിക്കുവാനുള്ള ചെലവ് കുറയ്ക്കാം. എത്തുന്നവർക്ക് കുറഞ്ഞ വേതനവും മറ്റ് ആനുകൂല്യങ്ങളും കൊടുത്താൽ മതി. പണിക്കാർക്ക് തന്‍റെ രാജ്യത്ത് കിട്ടുന്നതിലും ഭേദപ്പെട്ട വേതനം, ജിവിത നിലവാരം. രാജ്യത്തിന് യഥാർത്ഥത്തിൽ വൻ മൂലധന ചോർച്ച. എന്നാൽ ഗതികെട്ട് വാഴുന്ന നമ്മുടെ സർക്കാറിനു ലഭിക്കുന്ന വിദേശ നാണയ ശേഖരത്തിൽ മാത്രം തൃപ്തികൊണ്ട് അവർ പ്രവാസികളെ വിദേശ തൊഴിൽ ഇടങ്ങളിൽ എത്തിക്കുവാൻ പ്രോത്സാഹിപ്പിച്ചു.അതിൽ രാജ്യത്തെ ഏറ്റവും അടുത്തു നിന്ന് സാന്പത്തിക− സാംസ്‌കാരിക രംഗങ്ങളിൽ ഇടപെട്ടവർ ഗൾഫ് പ്രവാസികൾ. അവരിൽ ബഹു ഭൂരിപക്ഷവും മലയാളികൾ. പണ്ടേ വടക്കേ ഇന്ത്യൻ രാഷ്ട്രീയത്തിൽ തിരശീലക്കുപിന്നിലെ കിംഗ് മേയ്ക്കേഴ്സ് മലയാളികൾ ആണെങ്കിലും രാഷ്ട്രീയ തീരുമാനങ്ങൾ പൊതുവേ കേരള വിരുദ്ധമായി തീരാറുണ്ട്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവള ചരിത്രം മാത്രം മതി കാര്യങ്ങൾ ബോധ്യപ്പെടുവാൻ. അത്തരം നിലപാടുകൾ ഇന്നും തുടരുന്നു എന്ന് മനസ്സിലാക്കുവാൻ എന്തെങ്കിലും പുതിയ ഉദാഹരണം നിരത്തേണ്ടതുണ്ടോ ?
കേരളത്തിൽ 57ലെ കമ്യുണിസ്റ്റ് മന്ത്രിസഭാ രൂപീകരണത്തിനു ശേഷം, പ്രവാസ ജീവിതം വൻ തോതിൽ ഉണ്ടാകുമായിരുന്നില്ല എങ്കിൽ, കേരളത്തിൽ മറ്റൊരു ജനകീയ വിപ്ലവം (കലാപമായി) സംസ്ഥാന−കേന്ദ്ര സർക്കാരുകൾക്ക് എതിരെ ഉണ്ടാകുമായിരുന്നു. തൊഴിൽ അവസരങ്ങൾ ഇല്ലാത്തതായി കേരളം. (അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് കൃഷിയിടങ്ങൾ അവരുടെ തൊഴിൽ ഇടങ്ങളായി കരുതുന്നില്ല. അതുകൊണ്ട് നാണ്യ വിളകൃഷികളിൽ ഉണ്ടായ ഉണർവ്വുകൾ വിദ്യാഭ്യാസ ലോകത്തെ തൃപ്തിപെടുത്തുമായിരുന്നില്ല.) കേരളം ഒരു സംസ്ഥാനമായി മാറിയെങ്കിലും മലബാർ കേരള രാഷ്ട്രീയത്തിൽ വലിയ സ്ഥാനം നേടിയിരുന്നു എങ്കിലും (മുഖ്യമന്ത്രിമാർ ഭൂരിപക്ഷവും വടക്കൻ കേരളക്കാർ) വികസനത്തിൽ മലബാർ മുടന്തിവന്നു. വിദ്യാഭ്യാസ രംഗത്തും അത് പ്രകടമായിരുന്നു.
അങ്ങനെയുള്ള കേരളത്തിന്‍റെ രക്ഷകരായി, 60കളിലെ തങ്ങളുടെ സ്വാത്രന്ത്ര്യ സമര കാലത്തിന്‍റെ പോരാളികളുടെ മക്കൾ, മറ്റൊരു യുദ്ധത്തിനു തയ്യാറാകുകയായിരുന്നു. ഞങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടി പക്ഷേ അന്തസായി ജീവിക്കുവാൻ തൊഴിലും ഭേദപ്പെട്ട വരുമാനവും വേണം, അതിനായി നാടുവിടുവാൻ തയ്യാറാണ്. അങ്ങനെ നാടുവിട്ട ഞങ്ങളുടെ മുൻ തലമുറക്കാർ ഇന്നു സ്വന്തം നാട്ടിൽ മടങ്ങി എത്തി വിശ്രമ ജീവിതത്തിലാണ്. അവരുടെ ധീരമായ തീരുമാനം നാട്ടിൽ വലിയ രാഷ്ട്രീയ മാറ്റത്തിന് വിഘാതം ഉണ്ടാക്കി എന്ന് പറയാതെ പോകുവാൻ കഴിയില്ല. പക്ഷേ കേരളത്തെ സാന്പത്തികമായി രക്ഷിച്ചു. കേരളം ഇന്ന് ഇന്ത്യൻ സമൂഹത്തിലെ പലതിനും മാതൃകയായിതീർന്നത് ജീവൻ പണയം വെച്ച് ഗൾഫ് മരുഭൂമിയിൽ (വൈദ്യുതിയും ഫോണും വിമാനവും മറ്റും ഇല്ലാത്ത) നടത്തിയ ഒട്ടക-കഴുത-ആട് ജീവിതങ്ങൾ ആണ്.
ആട് ജീവിതം അനുഭവിച്ച ശ്രീ. നജീബ്നൊപ്പം ശ്രീ ബെന്യാമിൻ, ബഹ്റിൻ-അമേരിക്കൻ നേവി ക്യാന്പ് പരിസരത്തിരുന്ന് നിഷ്കളങ്കമായി കേട്ട വേദനിപ്പിക്കുന്ന അനുഭവങ്ങൾ പ്രവാസിയായി ജീവിച്ച ശ്രീ.ബെന്യാമനു പെട്ടെന്ന് മനസ്സിലാക്കുവാൻ കഴിയുന്നതായിരുന്നു. കാരണം ബെന്യാമനെ പോലെയുള്ളവർ കണ്ട പലരുടെയും അനുഭവങ്ങൾ ഇതിലും ഒരു പക്ഷേ നമ്മേ പിടിച്ചുലക്കുന്നതാണ്. ആടുജീവിതം എന്ന നോവൽ വലിയ തോതിൽ വായനക്കാരെ സൃഷ്ടിച്ചു. അതിന്‍റെ ഇംഗ്ലീഷ് പതിപ്പ് ഇറങ്ങി. അത് ഗൾഫിലെ മറ്റാളുകൾ വായിച്ചു. അറബികൾ അതിൽ ഒരു പ്രതിക്ഷേധവും രേഖപ്പെടുത്തിയില്ല. പലരും ആശംസകൾ നേർന്നു. എന്നാൽ ആടുജീവിതം തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞവരും നമുക്കിടയിലുണ്ട്.
വിദേശത്തെ ജീവിതങ്ങൾ നാട്ടിൽ വളരെ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് കാരണക്കാരായി. (പറുദ മുതൽ കുഴിമന്തി വരെ വ്യാപകമായി നമ്മുടെ മുന്നിൽ എത്തിചേർന്നതിൽ ഗൾഫ് ജിവിതം നല്ല പങ്കു വഹിച്ചു വരുന്നു) നമ്മുടെ ജനങ്ങൾ അയക്കുന്ന വിദേശ പണം അവരവരുടെ വീട്ടിൽ എത്തുകയും അത് അവരവർ ഉപയോഗപ്പെടുത്തുകയും ചെയ്യുക സ്വഭാവികമാണ്.എന്നാൽ അങ്ങനെ എത്തുന്ന പണം നമ്മുടെ വിദേശ നാണയ ശേഖരത്തിന് കരുത്തു തരുന്നു എന്നതിൽ ഉപരിയായി സാമൂഹികമായ ആസൂത്രണങ്ങൾ സർക്കാർ തലത്തിൽ നടക്കുന്നില്ല. മണലാരണ്യത്തിലെ അദ്ധ്വാനത്തിന്റെ ഫലം (ബജറ്റിലും ഇരട്ടി) ആവർത്തന ക്ഷമതയുള്ള ഇടങ്ങളിലേക്ക് തിരിച്ചുവിടുവാൻ ജനവും സർക്കാരും ഒരുപോലെ പരാജയപ്പെട്ടു. ആഗോളവൽക്കരണത്തിനു ശേഷമുള്ള കാൽ നൂറ്റാണ്ട് കാലത്ത് അഞ്ച് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയ്ക്ക് പണം നമ്മുടെ സാന്പത്തിക രംഗത്ത് എത്തിയിട്ടുണ്ടാകും എന്ന് ഊഹിക്കാം. അങ്ങനെ എത്തിയ പണത്തിൽ മുഖ്യപങ്കും വിവാഹം, വീട് പണി, വിദ്യാഭാസം തുടങ്ങിയ രംഗത്ത് ചിലവാക്കുവാൻ വ്യഗ്രതകാട്ടി. ഈ ധനകാര്യ കൊ
ടുക്കൽ വാങ്ങലുകൾ നമ്മുടെ ഗ്രാമങ്ങളെ വലിയ വിപണി കേ
ന്ദ്രങ്ങളാക്കി. സ്വകാര്യ വിദ്യാലയങ്ങൾ, വൻകിട ആശുപത്രി, ചെലവേറിയ വീടുകൾ സ്വകാര്യ വാഹനങ്ങൾ, വിവാഹത്തിന്‍റെ മോടിക്ക് കരുത്തുപകർന്ന് സ്വർണ്ണ−വസ്ത്ര കടകൾ, ഭക്ഷണകേന്ദ്രങ്ങൾ അങ്ങനെ ആരെയും കൊതിപ്പിക്കുന്ന ഒരു ചന്ത സംസ്കാരം ഇവിടെ ശക്തമായി. ഈ രംഗത്ത് മലയാളി സമൂഹം ചെലവാക്കുന്ന തുക അവിശ്വസനീയമായി ഉയർന്നതാണ്. ഇതിന്‍റെ അനുബന്ധമായി ഭൂമി വിലയിൽ ഉണ്ടായ കുതിപ്പ്, നാട്ടിലെ ഭൂമി ഉള്ളവർക്കും നല്ല തുക ഭൂമിയുടെ കൈമാറ്റത്തിലൂടെ കിട്ടി. അങ്ങനെ മൊത്തത്തിൽ കേരളം വർണ്ണ ശബളമാണ് എന്ന തോന്നൽ ജനിപ്പിക്കുവാൻ കഴിഞ്ഞു. ഇങ്ങനെ ഉണ്ടായ സമൂഹത്തിൽ പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടായത് സേവന മേഖലയിൽ ആയതിനാൽ തൊഴിൽ ദിനങ്ങൾ ഉണ്ടായെങ്കിലും അവർക്ക് സംഘടിതാമാകുവാൻ കഴിഞ്ഞില്ല. തകർന്നടിഞ്ഞ കാർഷിക രംഗത്ത് തുടരുവാൻ ശ്രമിച്ചവരും ഭൂരഹിത (പട്ടിക−വർഗ്ഗ) ജനങ്ങൾക്കും പുതിയ ഉണർവ്വിന്‍റെ ഉപഭോക്താക്കൾ ആകുവാൻ കഴിഞ്ഞില്ല. അവരുടെ വരുമാനം പഴയതിലും തകർന്നു. മുഖ്യധാരാ പാർട്ടികൾ (പ്രത്യേകിച്ച് ഇടതുപക്ഷം) ഇവരുടെ ജീവിത പ്രതിസന്ധിയെ ഗൗരവതരമായി കാണുവാൻ മടിച്ചു. മൊത്തത്തിൽ ഒരു വിഭാഗം മാത്രം സാന്പത്തിക അരിച്ചിറക്കൽ പദ്ധതിയിലൂടെ (percolation theory)ഗുണഭോക്താക്കൾ ആയി. രാജ്യത്തെ ഏറ്റവും കൂടുതൽ സാന്പത്തിക വൈജാത്യം കുറവായിരുന്ന കേരളം ഇന്നേറ്റവും വലിയ സാന്പത്തിക അന്തരമുള്ള നാടായി തീർന്നു.
സാന്പത്തിക രംഗത്തെ വളർച്ച അതിന്‍റെ ഉപഭോക്താക്കളെ സുരക്ഷിതമായ ഒരു ഇടത്തല്ല എത്തിച്ചത്.രാജ്യത്തെ ഏറ്റവും രോഗാതുരമുള്ളവരായി മലയാളികൾ മാറി. ഏറ്റവും കൂടുതൽ മദ്യഉപഭോഗവും ആത്മഹത്യയും ബാങ്ക് വായ്പയും ചൂതാട്ട സംസ്കാരവും നടമാടുന്ന ദുഷ്പേരിലേയ്ക്ക് നാട് എത്തിച്ചേർന്നത് അവിചാരിതമല്ല. രാജ്യ
ത്തെ ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർ നമ്മുടെ നാട്ടിൽ ഉണ്ടായത് വിദ്യാഭ്യാസ രംഗത്തെ കച്ചവട കണ്ണുള്ള സംവിധാനത്തിന്‍റെ ഫലമാണ്. ഒരു വശത്ത് സർക്കാരുകൾക്ക് ഒരു പണിയും ചെയ്യാതെ നിരവധി ആയിരം കോടികൾ കൈകാര്യം ചെയ്യുവാൻ അവസരം ലഭിച്ചു. എന്നാൽ സർക്കാർ നല്ല ആസൂത്രകനാകുവാൻ തയ്യാറാകാതെ കാഴ്ചക്കാരനായി നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങൾ പിടിച്ചു പറിച്ചു എന്ന് പറയുന്നതാകും ഏറെ ശരി.
ലോകത്ത് വീശിയടിക്കുന്ന സാന്പത്തിക മാന്ദ്യം ഇന്നു വളരെ മോശമായി ബാധിച്ചിരുക്കുന്ന രാജ്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ മുന്നിലാണ്. അതിനുള്ള കാരണം അവരുടെ പെട്രോ വിപണിയിൽ കാട്ടിവന്ന അമിത ആശ്രയമാണ്. മറ്റു ഗൾഫ് നാടുകൾ വിപണിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്‌പാദനത്തിൽ അവർ കാട്ടാതിരുന്ന താൽപര്യം (അതിനു വ്യക്തമായ കാരണങ്ങൾ ഉണ്ട്) മറ്റു രാജ്യങ്ങളെയും മോശമായി ബാധിച്ചു. അങ്ങനെയെങ്കിൽ നമ്മുടെ ആളുകൾ ഗൾഫ് നാടുകളെ പതുക്കെ പതുക്കെ കൈഒഴിയേണ്ടി വരും. അത് നാട്ടിൽ നിരവധി സംഭവങ്ങൾ ഉണ്ടാക്കാം. അതിൽ ഒന്ന് ആരോഗ്യവും മറ്റും നശിച്ചെത്തുന്ന വരുടെ സാന്നിദ്ധ്യമാണ്. മറ്റൊന്ന് വിദേശ സ്ഥാപനങ്ങളിൽ പണിചെയ്ത, മറ്റു രാജ്യക്കാരുടെ അനുഭവങ്ങൾ ലഭിച്ച ഒരു വലിയ തൊഴിൽ സേനയുടെ വളർച്ച. മറ്റൊന്ന് ബാങ്കിൽ പണം ഉണ്ട്. സംരംഭങ്ങൾ തുടങ്ങുവാൻ താൽപര്യം ഉണ്ട്. എന്നാൽ എങ്ങനെ തുടങ്ങും, ആരെ വിശ്വാസിക്കാം, മുതൽ മുടക്കിന് ആര് രക്ഷാകർതൃത്വം വഹിക്കും തുടങ്ങിയ പ്രശ്നങ്ങൾ. യഥാർത്ഥത്തിൽ കേരളത്തിന് ഇതുവരെയില്ലാത്ത സാന്പത്തിക വളർച്ചയും അതിന്‍റെ ഭാഗമായി വലിയ മുന്നേറ്റവും ഉണ്ടാക്കുവാൻ കഴിയുന്ന ഒരു സാഹചര്യമായി ഇതിനെ മാറ്റിയെടുക്കാം. പക്ഷെ അതിനായി നമ്മുടെ ത്രിതല പഞ്ചായത്തുകൾ മുതൽ പാർലമെന്‍റ്ു വരെ മാറേണ്ടതുണ്ട്. പ്രവാസികളുടെ ലോക വീക്ഷണത്തിൽ, അവരുടെ വികസന നിലപാടുകളിൽ മാറ്റം ഉണ്ടാകണം. അതിനു തുടക്കം കുറിക്കണം.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ കിടക്കുന്ന ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരുന്ന സന്പാദ്യം, പ്രവാസികൾ പ്രതിവർഷം അയക്കുന്ന ഒരു ലക്ഷം കോടിയ്ക്കടുത്തു വരുന്ന പണം, ജനങ്ങളുടെ കൈവശം ഉള്ള ഏറ്റവും ചുരുങ്ങിയത് 2000 ടൺ സ്വർണ്ണ ശേഖരം. (അതിന്‍റെ വില. 2000∗1000∗28 lakh rs= 5.5 laksham കോടി രൂപ) ഇവയെ ഉപയോഗപ്പെടുത്തി നമുക്ക് നിരവധി സംരംഭങ്ങൾ തുടങ്ങാം. നിർമ്മാണ മേഖലയിൽ നിർമ്മാണ കന്പനി, ആരോഗ്യരംഗത്ത് സർക്കാരിനു ശ്രദ്ധ ചെലുത്തുവാൻ കഴിയാത്ത ഇടങ്ങളിൽ സ്ഥാപനങ്ങൾ: ഉദാഹരണം നിലവാരമുള്ള ക്ലിനിക്കുകൾ, ലാബുകൾ, ആശുപത്രി സാധനങ്ങൾ (പലവെജ്ഞനങ്ങൾ) ഉണ്ടാക്കി വിതരണം ചെയ്യുന്ന യൂണിറ്റുകൾ, മറ്റു അനുബന്ധ സംരഭങ്ങൾ, കാർഷിക രംഗത്ത് വ്യാപകമായ ഭക്ഷ്യ വിളകൾ, അവയുടെ സംസ്കരണം, കയറ്റു മതി, ടൂറിസം രംഗത്ത് മാന്യവും വൃത്തിയും അന്തർദേശീയ നിലവരവും സുതാര്യമായ നിലപാടുകൾ, ഇന്ത്യൻ കോഫീ ഹൗസ് മാതൃകയിൽ ഭക്ഷണ ശാലകൾ, കരകൗശലരംഗത്തെ പുതിയ സാങ്കേതിക വിദ്യയുമായി അടുപ്പിച്ച് ഗുണവും അളവും മെച്ചപെടുത്തൽ, പഴവർഗ്ഗങ്ങൾ സംസ്കരിച്ചു വിപണി കണ്ടെത്തൽ. (35 കോടി ചക്കയിൽ 10% ലോക മാർക്കറ്റിൽ എത്തിച്ചാൽ ഉണ്ടാകുന്ന വരുമാനം എത്രയാകും? യൂറോപ്പിൽ ഒരു കിലോ ചക്കചൊളയ്ക്ക് ഒരു യുറോ മുതൽ ഒന്നര യുറോ വരെ എങ്കിൽ ഒരു ചക്കയിൽ നിന്നും എല്ലാ ചെലവും കഴിഞ്ഞ് 500 രൂപ കിട്ടും. 1500 കോടിയുടെ വരുമാനം. ഇതു തന്നെയാണ് നീരയുടെ കാര്യത്തിലും). KSRTC പോലെ തൂക്കുകയറിൽ നിൽക്കുന്ന സ്ഥാപങ്ങളെ ലാഭത്തിൽ ഓടിക്കുവാൻ പ്രവാസികളുടെ പണം ഉപയോഗിക്കാം. ജല ഗതാഗതം മറ്റൊരു വലിയ സാധ്യതയുടെ ഇടം ആണ്. എന്നാൽ ഇത്തരം കാര്യങ്ങൾ നമ്മുടെ പ്രവാസിസമ്മേളനങ്ങളിൽ ചർച്ച ആയിരുന്നുവോ ?
പ്രധാനമന്ത്രിയും പോർച്ചുഗീസ് പ്രധാനിയും മറ്റും പങ്കെടുത്ത സമ്മേളനത്തിൽ എത്ര സാധരണക്കാരുണ്ടായിരുന്നു? നമ്മുടെ പ്രവാസികളുടെ ഇടയിൽ ജീവിച്ച് തൊഴിൽ ചെയത്, വിശ്രമ സമയങ്ങളിൽ മറ്റുള്ളവരെ സഹായിക്കുവാൻ പാടുപെടുന്ന എത്രപേർ ഉണ്ടായിരുന്നു? കൃത്യമായി ശന്പളം കിട്ടാത്തവർക്ക് പട്ടിണി ഒഴിവാക്കി കിട്ടുവാൻ, അരിയും മറ്റു പലചരക്ക് സാമാനങ്ങളും കൊടുത്ത് വലിയ പുണ്യകർമ്മം ചെയ്യുന്ന ഒട്ടറെ മനുഷ്യർ ഗൾഫ് ലോകത്തുണ്ട്. അവരിൽ ബഹു ഭൂരിപക്ഷവും പല ദശകങ്ങൾ മുതലാളിമാരായി കച്ചവടം ചെയ്തതിനാൽ മുതലാളി എന്ന പേർ നേടിയിട്ടുണ്ടാകും. അവരുടെ മക്കളെ എങ്ങനെയെങ്കിലും കെട്ടിച്ചു വിട്ടു കാണും. ഒരു ചെറു വീട് വെച്ചിട്ടുണ്ടാകും. അവർ പക്ഷെ കോട്ടുധാരികൾ ആയിട്ടുണ്ടാകില്ല. അവരെ സർക്കാർ അവാർഡുകൾ പുണർന്നിട്ടുണ്ടാകില്ല. പക്ഷെ അത്തരക്കാർ നൽകുന്ന സേവനം ഇവിടെ ആരും അറിയുന്നില്ല...
നമ്മുടെ പ്രവാസികളോടുള്ള സർക്കാർ നിലപാടുകൾ മാറ്റമില്ലാതെ തുടരുന്നു. എല്ലാ ചോദ്യങ്ങൾക്കും നമ്മുടെ മന്ത്രിമാർക്ക് ഉത്തരങ്ങൾ ഉണ്ട്. അവരുടെ തലച്ചോറുകൾ ഉത്തരങ്ങൾ പറയുവാൻ ഏറെ കാര്യക്ഷമാണ്. ഒരു പക്ഷെ സ്വർഗത്തു നിന്നും മലക്കുകൾ ചോദ്യങൾ ചോദിച്ചാലും ഉത്തരങ്ങൾ നൽകി വിജയപീഠം കയറുന്നവരാണ് അക്കൂട്ടർ. പക്ഷേ ശരാശരി പ്രവാസികൾ...
നമ്മുടെ നോർക്ക വകുപ്പ് അതിനു നല്ല തെളിവാണ്. NORKA Roots (എന്ന) 30 ലക്ഷം പ്രവാസി മലയാളികളുടെ കാര്യങ്ങൾ ചെയ്യുവാൻ ഉണ്ടാക്കിയ വകുപ്പിന്‍റെ അധിപൻ ഇന്നും മറ്റൊരു വകുപ്പ് കൈകാര്യം ചെയുന്ന IAS ഉദ്യോഗസ്ഥനാണ്/ഗസ്ഥയാണ്. പെൻഷൻ പദ്ധതിയെ പറ്റി അറിഞ്ഞാൽ ചിരിക്കും, പിന്നെ നമ്മൾ കരഞ്ഞു പോകും. അതിനു പണം അടയ്ക്കുന്ന മാർഗ്ഗങ്ങളെ പറ്റി പ്രിയ മലയാളികൾ ശ്രദ്ധിക്കണം. ഏറ്റവും അവസാനമായി നമ്മുടെ മലബാർ കാരൻ കൂടിയായ മുഖ്യമന്ത്രി വന്നു മടങ്ങി. ബഹ്റിനിലും വരുന്നു. പ്രഖ്യാപനങ്ങൾ ഇനിയും ഉണ്ടാകും.
ഒരു ജനുവരി ഒന്പത്കൂടി കഴിഞ്ഞു. ലോകത്തെ വൻകിട NRI മുതലാളിമാർക്ക് അവരുടെ സൗഹൃദങ്ങൾ പങ്കുവെയ്ക്കുവാൻ അവസരം ലഭിച്ചു. അവരുടെ ഭാവികാല പരിപാടികൾക്ക് പുതിയ നിറങ്ങൾ ചാർത്തികൊടുക്കുവാൻ മന്ത്രിമാർ ബംഗളൂരുവിൽ ഉണ്ടായിരുന്നു. അപ്പോഴും പ്രവാസികളിൽ 95% ആളുകളും കുടുസ്സു മുറികളിൽ സാർവ്വ−ലോകമനുഷ്യരായി എല്ലാവർക്കും സ്വന്തമായ ഏക ശൗചാലായത്തിനു മുന്നിൽ തന്‍റെ ഊഴത്തിനായി കാത്തു നിൽക്കുകയാണ്. പ്രവാസം ഞങ്ങൾക്ക് നീറി നീറി കത്തുന്ന ഒരു നെരിപ്പോടാണ് നേതാക്കളെ...