ജനാ­ധി­പത്യ മതനി­രപേ­ക്ഷ ഇന്ത്യ


ഇ.പി അനിൽ

ലോകത്തെ ഏറ്റവും വലിയ ഭരണഘടന നമ്മുടെ രാജ്യത്തിന്‌ സ്വന്തം ആണെന്ന യാഥാർ‍ത്ഥ്യം രാജ്യത്തിന്‍റെ ഉത്തരവാദിത്വത്തെ ഓർ‍മ്മിപ്പിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ‍ നാട് പരമാധികാര ജനാധിപത്യ, മതേതര (secular), സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണെന്ന് ഉറപ്പു നൽ‍കുന്നുണ്ട്. ഇതിൽ‍ മതേതര− സോഷ്യലിസ്റ്റ് എന്ന വാക്കുകൾ‍ എഴുതി ചേർ‍ത്തത് 1976ൽ‍ (42ാം ഭേദഗതി) ഇന്ദിരാഗാന്ധിയാണ്. നമ്മുടെ ഭരണഘടന നിരന്തരമായി പുതുക്കി പണിയുന്നു എന്നതിൽ‍ നിന്നും അത് പരിശുദ്ധവും പരിപാവനവും എന്നു പരിഗണിക്കുന്നതിലും ഉത്തമം ജനങ്ങളുടെ പുതിയകാലത്തെ ആവശ്യങ്ങളെ മാനിക്കുവാൻ തയ്യാറാകുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. എഴുതി നിർ‍ത്തിയ (ഭേദഗതികൾ‍ ഇല്ലാത്ത) ഭരണഘടന മരിച്ച മനുഷ്യരുടെതായിരിക്കും എന്ന പരാമർ‍ശം ഇവിടെ പ്രസക്തമാണ്‌. അമേരിക്ക, ഇംഗ്ലണ്ട്, ക്യാനഡ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളുടെ ഭരണഘടനയും മറ്റു അനുബന്ധ ആശയങ്ങളും നമ്മുടെ ഭരണഘടനാ നിർ‍മ്മാണത്തിൽ‍ വിലപ്പെട്ട സംഭാവനകൾ‍ നൽ‍കി. ഇതിൽ‍ ഇംഗ്ലണ്ടിന് എഴുതി തയ്യാറാക്കിയ ഭരണഘടനയില്ല.

നമ്മുടെ ഭരണഘടന രൂപപ്പെടുത്തുവാൻ 1946ലെ പ്രൊവിൻഷ്യൽ‍ അസംബ്ലി(constitution asembly)യെ (1946 December 9 മുതൽ‍ 1950 Jan 24 വരെ പ്രവർ‍ത്തിച്ചു) ചുമതലപ്പെടുത്തി. 389 പേർ‍ അംഗമായ കമ്മിറ്റി ഏകദേശം 3 വർ‍ഷം തുടർ‍ച്ചയായി നടത്തിയ കൂടിയിരുപ്പ് ചർ‍ച്ചകൾ‍ ഇന്ത്യൻ ഭരണഘടന നിലവിൽ‍ വരുവാൻ വഴി ഒരുക്കുകയിരുന്നു. ഡോ. അംബേദ്്കർ‍ ചെയർ‍മാനായ സമിതി 7635 നിർ‍ദേശങ്ങൾ‍ പരിഗണിച്ചു. അംബേദ്ക്കർ‍, നെഹ്‌റു, രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ്‌, കന്യലാൽ‍ മുൻ‍ഷി, ജി.വിമവലാങ്കർ‍, സർ‍ദാർ‍ വല്ലഭായി പട്ടേൽ‍, മൗലാന അബ്ദുൾ‍ കലാം ആസാദ്‌, ശ്യാമപ്രസാദ് തുടങ്ങിയവർ‍ അംഗമായ സമിതിയിൽ‍ പട്ടികജാതിയെ പ്രതിനിധീകരിച്ച് 30 അംഗങ്ങളും പാർ‍സി സമുദായത്തെ പ്രതിനിധീകരിച്ചു എച്ച്.പി മോഡിയും ഗൂർ‍ഖ വിഭാഗത്തിൽ‍ നിന്നും അരി ബഹാദൂർ‍, ന്യൂനപക്ഷ കമ്മീഷൻ ചെയർ‍മാനായ ഹരിന്ദ്ര കൂമർ‍ മുഖർ‍ജി, ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി ഫ്രാങ്ക്ലിൻ, സരോജിനി നായിഡു, വിജയകുമാരി പണ്ധിറ്റ്‌, അമൃത് കവുർ‍ മവ്‌ലങ്കർ‍ തുടങ്ങിയവർ‍ അംഗങ്ങളായിരുന്നു. രാജ്യത്തെ എല്ലാ വിഭാഗത്തെയും പ്രതിനിധീകരിക്കുന്ന അംഗങ്ങളെ ഉൾ‍പെടുത്തി ഭരണഘടനാ സമിതിയുണ്ടാക്കിയത് രാജ്യത്തെ നടപ്പിൽ‍ വരുത്തുവാൻ പോകുന്ന ഭരണഘടന എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങളെയും പരിഗണിക്കുന്നതായിരിക്കും എന്ന പ്രതീതി ജനിപ്പിച്ചു.

ഇന്ത്യൻ ഭരണഘടന ചില വിഷയങ്ങളിൽ‍ ഒരു തീരുമാനത്തിൽ‍ എത്തുവാൻ കഴിയാതിരുന്നിട്ടുണ്ട്. അത്തരം വിഷയങ്ങളിൽ‍ ഭാവിയിൽ‍ വേണ്ട രൂപത്തിൽ‍ തീരുമാനങ്ങൾ‍ എടുക്കുവാൻ അവസരങ്ങൾ‍ ഒരുക്കിയിരുന്നു. ദേശീയത−, ജനാധിപത്യം, േസ്റ്ററ്റ് എന്ന മൂന്ന് സാമൂഹിക സാഹചര്യങ്ങളും നിരന്തരം മാറി വരുന്നതാണ്. അവയുടെ രൂപീകരണവും പരിണാമവും ലോകരാഷ്ട്രീയ സാഹചര്യങ്ങളാൽ‍ സ്വാധീനിക്കപ്പെടുന്നു. നമ്മുടെ ഇന്നത്തെ ഇന്ത്യ രാജ്യത്തിന്‍റെ അതിർത്തികൾ‍ നിർ‍വചിക്കപെട്ടത്‌ ബ്രിട്ടിഷ് ഭരണ സൗകര്യങ്ങളുടെ ഭാഗമായിട്ടാണ്. ഇന്ത്യയും മറ്റ് അയൽ‍ രാജ്യങ്ങൾ‍ തമ്മിലുള്ള അതിർത്തികളും അങ്ങനെ നിർ‍വചിക്കപെട്ടു. മൗര്യരും ചാലൂക്യരും മുഗളരും ചേര−ചോള− പാണ്ട്യരും ഒക്കെ സ്ഥാപിച്ച സാമ്രാജ്യവും അതിന്‍റെ അതിർത്തികളും കാലം മാറ്റി എഴുതി. ബ്രിട്ടീഷ്‌ ഭരണത്തിനു മുന്‍പ് 550ലധികം നാട്ടുരാജ്യങ്ങൾ‍, അതിന്‍റെ ഭരണം, 1500ലധികം ഭാഷകൾ‍, 5000ലധികം ജാതിഉപജാതികൾ‍, ഗോത്രങ്ങൾ‍ ഇവ ഒക്കെ തന്നെ വ്യത്യസ്ത അതിർത്തികളാൽ‍, വ്യത്യസ്ത പേരുകളാൽ‍ അറിയപ്പെട്ടു. അതിൽ‍ ഒട്ടു മിക്കവരും തന്‍റെ ജാതിക്കും മതത്തിനും പ്രത്യേക പരിഗണകൾ‍ നൽ‍കി വന്നവരാണ്. പലരുടെയും ഭരണത്തിൽ‍ സ്വന്തം മത− ജാതി− ഗോത്ര ധാരണകളെ ഔദ്യോഗികമായി മാറ്റപെട്ടു. അശോക ചക്രവർ‍ത്തിയുടെ ഭരണത്തിൽ‍ ബുദ്ധമത പ്രചരണം പ്രധാനമായ വിഷയമായിരുന്നു. വിക്രമാദിത്യ ഭരണത്തിൽ‍ ഹിന്ദുമതം പ്രോത്സാഹിപ്പിക്കപ്പെട്ടു. മുഗൾ‍ ഭരണത്തിൽ‍ ഇസ്ലാമിന് പ്രത്യേക അവസരങ്ങൾ‍ കിട്ടി. ശിവജി എന്ന മാറാട്ട ഭരണാധികാരിയുടെ ലക്ഷ്യം മുഗൾ‍ മേൽ‍കോയ്മയിൽ‍ നിന്നും രാജ്യത്തെ രക്ഷിക്കുകയായിരുന്നു. നാട്ടുരാജ്യങ്ങൾ‍ ഏറെ ഉണ്ടായിരുന്ന നമ്മുടെ രാജ്യത്തെ ഭരണകർ‍ത്താക്കളിൽ‍ ചിലർ‍ പ്രത്യേക മതത്തിന്‍റെ വക്താവും അന്യമത സ്പർ‍ധ വളർ‍ത്തുവാൻ ശ്രമിച്ച വ്യക്തികളും ആണെന്ന് പിൽ‍ക്കാലത്തെ ചില ചരിത്ര വിശദീകരണങ്ങളിൽ‍ നിന്നും നമുക്ക് വായിച്ചെടുക്കാം. പലരും അത്തരം സംഭവങ്ങളിൽ‍ പങ്കാളിയായിട്ടുണ്ട്. എന്നാൽ‍ മിക്ക രാജാക്കന്മാരും അന്യമാതക്കാരെയും അന്യദേശക്കാരെയും മറ്റു ഭാഷയേയും തങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കുവാൻ പ്രത്യേകം ശ്രദ്ധ കൊടുത്തവരാണ്. സാമൂതിരിയും കൊച്ചി രാജാവും തിരുവിതാംകൂറും എല്ലാം ഇങ്ങനെ ചെയ്ത ചരിത്രം നമുക്ക് മുന്‍പിലുണ്ട്. സാമൂതിരിയുടെ ചില എതിർ‍പ്പുകൾ‍ പിന്നീട് ഉണ്ടായി എങ്കിലും തുടക്കത്തിൽ‍ തന്നെ വൈദേശികരുമായി (ഗാമാ) ഒത്തു പോകുന്നതിൽ‍ തടസം കണ്ടില്ല. ക്രിസ്തുമതവും യഹൂദ മതവും ഇസ്ലാമും അതിന്‍റെ ജന്മഭൂമിയിൽ‍ രൂപപ്പെട്ട നാളുകളിൽ‍ തന്നെ ഇവിടെ എത്തിച്ചേർ‍ന്നിട്ടുണ്ട്. വൈദേശിക രാജ്യത്ത് ജന്മം കൊണ്ട മതങ്ങളുടെ പ്രചാരകരും അന്യമത കച്ചവടക്കാരും ഇവിടെ വ്യവഹാരവും മത പ്രചരണവും നടത്തുന്നതിൽ‍ നമ്മുടെ നാട്ടിലെ ഭരണ കർ‍ത്താക്കൾ‍ സഹിഷ്ണരായിരുന്നു. അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയ കരാറുകൾ‍, ജോസഫ്‌ റന്പാൻ എന്ന യഹൂദ പാതിരിക്ക് നാട്ടു രാജ്യപദവി നൽ‍കിയത് അന്യമതങ്ങളെയും സംസ്കാരങ്ങളെയും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തെളിവായി നമുക്ക് കാണാം. (സാമൂതിരി ഇസ്ലാം മതവിശ്വാസികൾ‍ക്ക് വേണ്ട സഹായങ്ങൾ‍ ചെയ്യുവാൻ മടികാണിച്ചിട്ടില്ല. എന്നാൽ‍ അദ്ദേഹം എഴുത്തച്ഛനെ നാടുകടത്താൻ തയ്യാറായത് കൂടി ഓർ‍ക്കുക.)

ഡൽ‍ഹി കേന്ദ്രമായി നൂറ്റാണ്ടുകൾ‍ ഭരിച്ചത് മുഗൾ‍ചക്രവർ‍ത്തിമാരും അവരിൽ‍ അക്ബർ‍ (ദിൻ ഇലാഹി) ഒഴിച്ചുള്ളവർ‍ ഇസ്ലാംമത വിശ്വാസികളും ആയിരുന്നു. എന്നാൽ‍ ജനങ്ങളിൽ‍ ബഹുഭൂരിപക്ഷവും ഹിന്ദു സമുദായമായി തുടർ‍ന്നു. കാശ്മീർ‍ ഭരിച്ചത് ഹിന്ദു രാജാക്കന്മാരായിരുന്നു എങ്കിലും അവിടെയുള്ള ജനങ്ങളിൽ‍ ഭൂരിപക്ഷവും മുസ്ലിംകൾ‍ ആയിരുന്നു. കേരളത്തിൽ‍ മുസ്ലിം സമുദായത്തിന്‍റെ എണ്ണം താരതമ്യേന കൂടുതൽ‍ ആണെങ്കിലും കേരളത്തിൽ‍ അറയ്ക്കൽ‍ രാജകുടുംബം മാത്രമാണ് മുസ്ലിം ഭരണാധികാരിയായി ഉണ്ടായത്. ഇവയൊക്കെ നമ്മളെ ഓർ‍മ്മിപ്പിക്കുന്ന കാര്യങ്ങൾ‍ ഭരിക്കുന്നവരുടെ മതവും വിശ്വാസവും ജനങ്ങളിൽ‍ അടിച്ചേൽ‍പ്പിക്കുവാൻ നമ്മുടെ നാട്ടിലെ ഭരണകർ‍ത്താക്കൾ‍ ആസൂത്രിതമായി ശ്രമിച്ചിരുന്നില്ല എന്നാണ് .

നമ്മുടെ രാജ്യത്തെ മതാതിഷ്ഠിത ഭരണം നടത്തുകയും മറ്റു മതക്കാരെ രണ്ടാം പൗരന്‍മാരായി കാണുകയും ചെയ്തവർ‍ എന്ന പേരു ദോഷത്തിനു വിധേയമായവരെ അടുത്തറിയുവാൻ ശ്രമിച്ചാൽ‍ അവരും ഭരണം നടത്തികൊണ്ട് പോകുവാൻ എല്ലാ മതക്കാരുടെയും സഹായങ്ങൾ‍ നേടി എടുക്കുന്നതിൽ‍ നിന്നും പിന്നോക്കമായിരുന്നില്ല. മുഗൾ‍ ചക്രവർ‍ത്തിമാരെ മൊത്തത്തിൽ‍ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാത്തവരും കുറ്റപ്പെടുത്തുന്ന ഔറംഗസീബ്, ഇസ്ലാംമതത്തിനു പുറത്തുള്ളവർ‍ക്ക് ചുങ്കം ഏർ‍പ്പെടുത്തി യിരുന്നു. അദ്ദേഹം കലയെയും സാഹിത്യത്തെയും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ജേഷ്ഠ സഹോദരൻ ദാര വേദങ്ങൾ‍ അറബിയിലേക്ക് തർ‍ജ്ജമ ചെയ്ത പണ്ധിതനായിരുന്നു. ജർ‍മനിയിലും മറ്റും വേദങ്ങൾ‍ ശ്രദ്ധിക്കപെട്ടത് അറബിയിലൂടെ വേദങ്ങൾ‍ പരിചയപ്പെടുവാൻ‍ തുടങ്ങിയതിലൂടെയാണ്. തികഞ്ഞ ഹിന്ദുവിരുദ്ധനായി അടയാളപെടുത്തിയ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ പ്രധാന സ്ഥാനങ്ങളിൽ‍ സവർ‍ണ്ണ ഹിന്ദുക്കളെ ഇരുത്തുവാൻ അദ്ദേഹം മടികാണിച്ചിട്ടില്ല. പടത്തലവന്മാരിലും ഹിന്ദുമത വിശ്വാസികൾ‍ക്ക് വളരെ പ്രധാന സ്ഥാനങ്ങൾ‍ നൽ‍കിയിരുന്നു. ഹിന്ദു രാജ്യം എന്ന ഇന്നത്തെ ആർ.എസ്.എസ് സ്വപ്നങ്ങളിൽ‍ അവർ‍ ഉയർ‍ത്തികാട്ടുന്ന ശിവജിയും മാറാത്ത ദേശിയതയും ആർ.എസ്.എസ്രൂപീകരണത്തിൽ‍ വളരെ പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ഹൈന്ദവതയുടെ പരമോന്നതനായി കാണുന്ന ശങ്കരനും അദ്ദേഹം സ്ഥാപിച്ച വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ആശ്രമങ്ങൾ‍ ഹിന്ദുരാജ്യ സ്വപനങ്ങൾ‍ കൊണ്ടു നടക്കുന്നവർ‍ക്ക് പുണ്യ സ്ഥാപനങ്ങൾ‍ ആണ്. അങ്ങനെയുള്ള ആശ്രമത്തെ (ശൃങ്കേരി), ശിവജി പട്ടാളത്തെ വിട്ട് ആക്രമിച്ചു. ആ ആക്രമണത്തിൽ‍ നിന്നും സ്വാമിമാർ‍ക്ക് സംരക്ഷണം നൽ‍കിയത് ടിപ്പു എന്ന ഹൈദരാലിയുടെ മകനാണ്. ഇതിനർ‍ത്ഥം ഭരണം നടത്തുന്നവർ‍, മതത്തെ വികാരമായി ഉപയോഗിച്ച് അധികാരം ഉറപ്പിക്കുന്പോഴും തന്‍റെ സ്ഥാനം നിലനിർ‍ത്തുന്നതിനായി മറ്റു മതക്കാരെ കൂടെ കൂട്ടുവാൻ മടിക്കില്ല എന്നാണ്. ഇത്തരം സമീപനങ്ങൾ‍ ഇന്നും നമ്മുടെ ഭരണകർ‍ത്താക്കളിൽ‍ നിന്നും സർ‍വ്വ സാധാരണമായി ഉണ്ടാകുന്നു. ഇവ സൂചിപ്പിക്കുന്നത്, ആധുനിക കാലത്തിനു മുന്‍പും രാജ്യത്ത് ജനങ്ങളുടെ ഇടയിലും അധികാരികളുടെ ഭാഗത്തും മതാതീതമായ ഒരു സമൂഹം ഉണ്ടായിരുന്നു എന്നാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം മതേതര മൂല്യങ്ങൾ‍ക്ക് കൂടുതൽ‍ കരുത്തു നൽ‍കി. വിവിധ മതത്തിൽ‍, വർ‍ണ്ണത്തിൽ‍ വിശ്വസിക്കുന്നവർ‍ വൈദേശിക അടിച്ചമർ‍ത്തലിൽ‍ നിന്നും രക്ഷ കിട്ടുവാനായി ഒരേ മനസോടെ പോരാട്ടത്തിൽ‍ അണിനിരന്നു. വിശ്വാസികളും അവിശ്വാസികളും സമരങ്ങളിൽ‍ ഒത്തുകൂടി. തൂക്കുകയർ‍ ഏറ്റുവാങ്ങേണ്ടിവന്നവർ‍ അവിടെയും ഞങ്ങൾ‍ ഒന്നാണ് എന്ന് തെളിയിച്ച നിരവധി അനുഭവങ്ങൾ‍ നമ്മുടെ മുന്നിൽ‍ ഉണ്ട്. ഗാന്ധിജിയും ഭാഗത്തും നെഹ്റുവും അബ്ദുൽ‍ കലാം അസാദ് തുടങ്ങി വിവിധ ശ്രേണിയിൽ‍ പെട്ടവർ‍ സമരങ്ങളിൽ‍ അവരുടെ കരുത്തു തെളിയിച്ചപ്പോൾ‍ വൈദേശിക ശക്തികൾ‍ ജനങ്ങളുടെ മുന്നിൽ‍ മുട്ടുമടക്കി. എന്നാൽ‍ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന യൂറോപ്യൻ കോളനി സംസ്കാരത്തിന്‍റെ കുത്തിതിരുപ്പുകൾ‍ നമ്മുടെ രാജ്യത്തും വിവിധ ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുവാൻ ഇടയുണ്ടാക്കി. ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ‍ നാട്ടുരാജാക്കന്മാരും ഒപ്പം പട്ടാളക്കാരും സാധരണ ജനങ്ങളും ഒന്നിക്കുന്നതിന്‍റെ അപകടം മനസിലാക്കിയ സായിപ്പ്, പശുവും മതവും ഒക്കെ ജനങ്ങളുടെ വിശ്വാസത്തിൽ‍ വിള്ളൽ‍ ഉണ്ടാക്കുന്നതിനായി വേണ്ട വിധത്തിൽ‍ ഉപയോഗപ്പെടുത്തി. ഗാന്ധിജി കോൺഗ്രസ് നേതൃത്വത്തിൽ‍ എത്തിയതോടെ ഹിന്ദുമതത്തിന്‍റെ രാഷ്ട്രീയ അജണ്ടകൾ‍ നടപ്പിൽ‍ വരുത്തുവാൻ അത്ര വേഗത്തിൽ‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ ഹിന്ദു മത മൗലിക വാദികൾ‍, ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ബ്രാഹ്മണരുടെ കൈകളിൽ‍ നിന്നും നഷ്ടപെടുന്നു എന്ന് തിരിച്ചറിഞ്ഞ്ആർ.എസ്.എസ്രൂപീകരണത്തിലേക്ക് എത്തി. അതിനും മുന്‍പ് സവർ‍ക്കർ‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തിനു മാപ്പ് എഴുതി കൊടുത്ത് (1913) ഹിന്ദുമഹാസഭ ആരംഭിച്ചു. ഹിന്ദുത്വം എന്ന ഒരു പുതിയ പദം ഇന്ത്യൻ രാഷ്ട്രീയത്തിൽ‍ ആദ്യമായി ഉപയോഗിച്ച സവർ‍ക്കർ‍ വ്യക്തിപരമായി സനാതന ഹിന്ദു അല്ലാത്തതിനാൽ‍ ആർ.എസ്.എസിൽ‍ നിന്നും അകലം പാലിച്ചു. ജിന്നയുടെ നേതൃത്വത്തിൽ‍ സാരെജഹംസേ അച്ചാ എഴുതിയ കവിയുടെ കൂടി അനുഗ്രഹത്താൽ‍ പാകിസ്ഥാൻ‍ രൂപീകരണത്തിനായി മുസ്ലീംലീഗ് ജന്മം കൊള്ളുന്പോൾ‍ അത്തരം ഒരു പശ്ചാത്തലം ഉണ്ടാക്കുവാൻ ആവശ്യമായ വർ‍ഗീയ അജണ്ടകൾ‍ മറുഭാഗത്ത്‌ 1900ത്തിന്‍റെ തുടക്കത്തിൽ‍ തന്നെ ആസൂത്രണം ചെയ്തിരുന്നു. ബ്രിട്ടിഷ് വിരുദ്ധ സമരങ്ങളിൽ‍ നിന്നും അകന്ന് നാട്ടിലെ നികുതി പിരിവുകാരുമായി ചേർ‍ന്ന്‍, നാട്ടുരാജ്യക്കന്മാരുടെ അനുയായികളായി വൈദേശിക ശക്തികളുമായി സന്ധി ചെയ്യുന്ന നിലപാടുകൾ മുസ്ലീംലീഗും‍ ആർ.എസ്.എസ്-ഹിന്ദു മഹാസഭയും കൂടി നടത്തിവന്നു. ഈ രണ്ടു വർ‍ഗ്ഗീയ ഗ്രൂപ്പുകളും കോൺഗ്രസ്− ഇടതു ഗ്രൂപ്പുകൾ‍ നടത്തിയ ഒരു ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കാളിയായില്ല. എന്നാൽ‍ വിഭാഗീയതക്ക് വഴിമരുന്നിടുന്ന പല നിലപാടുകളും വിവിധ വർ‍ഗീയ ഗ്രൂപ്പുകൾ‍ കൈകൊണ്ടു. അതിന്‍റെ തുടർ‍ച്ചയായിരുന്നു ഇന്ത്യാ വിഭജനവും തുടർ‍ന്നുണ്ടായ വർ‍ഗീയ കലാപങ്ങൾ‍, കോടിക്കണക്കിനാളുകൾ‍ അനാഥരായത്. അതിന്‍റെ തുടർ‍ച്ചയായ ഗാന്ധിജിയുടെ വധം.

ഇന്ത്യയുടെ ഭരണഘടനാ ശിൽ‍പ്പിയും ആദ്യത്തെ നിയമ മന്ത്രിയും ക്യാബിനറ്റിൽ‍ നിന്നും പുറത്തു പോകുവാനും കോൺ‍ഗ്രസ് പാർ‍ട്ടി ഉപേക്ഷിക്കുവാനും കാരണമായ ഹിന്ദു കോഡ്‌ നടപ്പിൽ‍ വരുന്നതിനെ അട്ടിമറിക്കുവാൻ നടത്തിയ വലിയ ഗൂഢാലോചനകൾ‍ രാജ്യത്തെ വർ‍ഗീയ ശക്തികളുടെ കരുത്ത് ഗാന്ധിവധത്തിനു ശേഷവും സജീവമായി തുടരുന്നു എന്നതിന് തെളിവായി കാണാം. നെഹ്റുവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മത നിരപേക്ഷ വ്യക്തികളും ലോക സോഷ്യലിസ്റ്റ് ചേരിയുമായി ഉണ്ടാക്കിയ സൗഹൃദം, അതിന്‍റെ തുടർ‍ച്ചയായി പഞ്ചവത്സര പദ്ധതികൾ‍ നാട്ടിൽ‍ വരുത്തിവെച്ച ഉണർ‍വ്വ് എല്ലാം വർ‍ഗീയ ശക്തികളുടെയും സാമീപ്യം പൊതുസമൂഹത്തിൽ‍ അപ്രസക്തമാക്കി. അവർ‍ പുതിയ സംഘടനകൾ‍ ഉണ്ടാക്കി പുതിയ തന്ത്രങ്ങൾ‍ മെനഞ്ഞു. ലോക പുരോഗമന പ്രസ്ഥാനതിന് ഉണ്ടായ അപചയങ്ങൾ‍ അവരുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ‍ എത്തി. ഇതേസമയം കൊണ്ട് അമേരിക്കയുടെ ഏക ലോക ക്രമത്തിലേക്ക് ലോകം ചുരുങ്ങി. ഈ അവസരത്തെ സജീവമാക്കുവാന്‍ ആർ.എസ്.എസും സമാന ശക്തികളും ഉണ്ടായിരുന്നു.

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ നടപ്പിൽ‍ വരുത്തിയത് അധികാരം നഷ്ടപെടാതിരുക്കുവാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ‍ തന്‍റെ സോവിയേറ്റ് അനുകൂല നിലപാടുകളെ മറയാക്കി, അടിയന്തിരാവസ്ഥ ജനങ്ങളുടെ മുകളിൽ‍ അടിച്ചേൽ‍പിച്ച ഇന്ദിരാഗാന്ധി, 76ൽ‍ ഇന്ത്യൻ ഭരണഘടനക്ക് ഭേദഗതി വരുത്തികൊണ്ട് (42ാം) സോഷ്യലിസം, സെക്യുലറിസം എന്ന രണ്ടുപദങ്ങൾ‍ ഭരണഘടനയുടെ ആമുഖത്ത് ഉൾ‍പ്പെടുത്തി. രാജ്യത്തെ ഭരണഘടനയിൽ സെക്യുലർ, സോഷ്യലിസം എന്ന രണ്ടു പരാമർ‍ശങ്ങളും ഉൾ‍പ്പെടുത്തിയിട്ട് 40 വർ‍ഷങ്ങൾ‍ മാത്രമേ ആയുള്ളൂ. എങ്കിലും മതനിരപേക്ഷ സമൂഹം എന്ന യാഥാർ‍ത്ഥ്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്ന് കാണാം.

ഇന്ത്യ ബഹുസ്വരതയുടെ നാടാണ് എന്നത് നമ്മുടെ പരിമിതിയല്ല അനുഗ്രഹമാണ്. ജനസംഖ്യയിൽ‍ എത്ര എണ്ണത്തിൽ‍ ചെറുതായ ജാതി−മത ഗോത്രമാണ് എങ്കിലും ആരുടെയും അധീശ്വത്തെ സ്ഥാപിക്കുവാൻ ശ്രമങ്ങൾ‍ നടത്താത്ത സമൂഹത്തിൽ‍ വിവിധ ഗ്രൂപ്പുകൾ‍ തമ്മിലുള്ള സൗഹൃദങ്ങൾ‍ നിലനിൽ‍ക്കും. നമ്മുടെ നാടിന്‍റെ പഴയകാല ചരിത്രം അതിനുത്തമ തെളിവാണ്. സിക്കുമതത്തിന്‍റെ തലസ്ഥാനമായ സുവർ‍ണ്ണ ക്ഷേത്രത്തിന്‍റെ പണി തുടങ്ങിയത് ഇസ്ലാം പള്ളിയിലെ ഇമാം ആയതും എല്ലാവരും ആരാധന നടത്തുന്ന ദർ‍ഗ്ഗകളും ശബരി മാതൃകാക്ഷേത്രങ്ങളും രാജ്യം നീണ്ടകാലമായി തുടരുന്ന പരസ്പര്യത്തെ ഓർ‍മ്മിപ്പിക്കുന്നു. എന്നാൽ‍ ഇന്ത്യൻ സംസ്കാരം ഹിന്ദു സംസ്കാരത്തിന്‍റെ സംഭാവനയാണ് എന്ന നിലയിൽ‍ ഹിന്ദുമത മൗലികത ശബ്ദമുയർ‍ത്തുന്പോൾ‍ അതിലൂടെ ഹിന്ദുമത മേൽ‍ക്കോയ്മാ പ്രശ്നം ഉയരുന്നുണ്ട്. ഇന്ത്യയുടെ മാത്രമല്ല ഏതു രാജ്യത്തെ സംസ്കാരങ്ങളും ആ നാട്ടിൽ‍ ഉള്ള വിവിധ വിഭാഗം ജനങ്ങളുടെ എല്ലാതരം ഇടപെടലുകൾ‍, സൗഹൃദങ്ങൾ‍, ഇവയിലൂടെ ഒക്കെ സ്വാംശീകരിക്കുന്നതാണ്. അതിൽ‍ ഏതെങ്കിലും ഒരു വിഭാഗം മുന്തിയതും മറ്റൊന്ന് പിന്നോക്കവും എന്ന ബോധം വിഭാഗീയവും പിന്തിരിപ്പനുമാണ്. സിയോണിസ്റ്റുകൾ‍ ഇപ്പോൾ‍ ചെയ്തു വരുന്നത് അത്തരം ഇടപാടുകളാണ്. ഹിറ്റ്ലർ ‍−മുസോളിനി ദ്വന്ദം മുന്നോട്ട് വെക്കുന്ന നിലപടുകളിലൂടെയാണ് ലോകത്തിനു വൻ ദുരന്തങ്ങൾ‍, അതിന്‍റെ ഭാഗമായ കൂട്ട കുരുതികൾ‍ എന്നിവ അരങ്ങേറിയത്. 

ഇന്ത്യയുടെ പരമോന്നത കോടതി 95ലെ ഒരു വിധിയിൽ‍ ഹിന്ദുത്വം സംസ്കാരമാണ് എന്ന പരാമർ‍ശം സാമൂഹിക രംഗത്ത്‌ ആരോഗ്യകരമായ അന്തരീക്ഷമല്ല ഉണ്ടാക്കുക. ഹിന്ദു എന്ന സമുദായം ബഹുമുഖ സ്വഭാവം പ്രകടിപ്പിക്കുന്നു എന്നിരിക്കെ ഹിന്ദു സംസ്കാരം എന്ന് പറഞ്ഞാൽ‍ ഹിന്ദുക്കളിലെ ഏതു വിഭാഗത്തിന്‍റെ എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. അത് മനസിലാക്കുവാൻ ഏറ്റവും ഉചിതം രാമനോട് ഹിന്ദുക്കളിൽ‍ ഓരോ വിഭാഗം എടുക്കുന്ന നിലപാട് പരിശോധിച്ചാൽ‍ മതി. ദ്രാവിഡ ജനതക്ക് രാമനെ അത്രകണ്ട് അംഗീകരിക്കുവാൻ കഴിയുകയില്ല. ഇതിനർത്‍ഥം രാമനെ അംഗീകരിക്കുവാൻ‍ മടിക്കുന്നവരും അല്ലാത്തവരും ഹിന്ദു സമുദായത്തിൽ‍ ഉണ്ട് എന്നാണ്. അങ്ങനെയുള്ള പോരായ്മകൾ‍ യാഥാർ‍ത്ഥ്യമാണെന്നിരിക്കെ ഹിന്ദുത്വത്തിലെ ഏതു രൂപത്തെയാണ് ഇന്ത്യയുടെ മുഖാമായി കാണുക? കോടതി അത്തരത്തിൽ‍ ഒരു വിലയിരുത്തൽ‍ നടത്തിയതായി അറിവില്ല. മതം ഒരു സംസ്കാരിക സ്ഥാപനമാണ്‌. എന്നാൽ‍ മനുഷ്യ സംസ്കാരത്തിൽ‍ അതിനുള്ള സ്ഥാനത്തിനൊപ്പം മറ്റു പലതിനും സാംസ്‌കാരികമായ ഒരു തലം ഉണ്ട്. കഴിഞ്ഞ ആഴ്ച ഉണ്ടായ പരമോന്നത കോടതി വിധി മതം, ഭാഷ, വർ‍ണ്ണം തുടങ്ങിയ വിഷയങ്ങളെ മുൻനിർ‍ത്തിയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങളെ വിലക്കുന്നു. കോടതി വിധി കൂടുതൽ‍ വ്യക്തമല്ലെങ്കിലും രാഷ്ട്രീയം മത− ജാതി− വർ‍ണ്ണ−വിഭാഗീയതയിൽ‍ നിന്നും പൂർ‍ണ്ണമായും ഒഴിഞ്ഞു നിൽ‍ക്കേണ്ടതാണ്. ഇന്ത്യയുടെ ദേശീയ കെട്ടുറപ്പ് മത നിരപേക്ഷമാണ് എന്നിരിക്കെ അതിൽ‍ വിള്ളലുകൾ‍ ഉണ്ടാകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. അതിനെതിരായുള്ള ഏതു ശ്രമങ്ങളെയും രാജ്യസ്നേഹികൾ‍ ചെറുത്തു തോൽ‍പ്പിക്കും.

You might also like

Most Viewed