മോഡിയും വരാനിരിക്കുന്ന ഡിസംബർ 30ഉം
ഇ.പി അനിൽ
2016ലെ ഡിസംബർ 30ന് ഇതുവരെ ഇല്ലാത്ത പ്രാധാന്യം ഉണ്ടായതിനു കാരണം നമ്മുടെ പ്രധാനമന്ത്രിയുടെ നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണ്. നവംബർ 8 രാത്രി എട്ട്മണിക്ക് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തോടെ സാന്പത്തിക രംഗത്തുണ്ടായ സംഭവങ്ങൾ ജനങ്ങളിൽ ഉണ്ടാക്കിയ ഉത്കണ്ഠയാണ് ഇത്തരം ഒരു വിശദീകരണം നടത്തുവാൻ നമ്മുടെ ദേശീയ നേതാവിനെ നിർബന്ധമാക്കിയത്. ഡിസംബർ 30ഓടെ അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്താൽ, നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് ഉണ്ടായ എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയാണ്. പകരം ഇന്ത്യക്ക് കള്ളപ്പണം ഇല്ലാത്ത രാജ്യമായി ലോകത്തിന്റെ മുന്നിൽ തല ഉയർത്തി നിൽക്കാം. അങ്ങനെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും മെച്ചപ്പെട്ട ജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാൻ അവസരം കിട്ടുകയാണ്. രാജ്യത്തെ 80% ജനങ്ങളുടെയും പ്രതിമാസ കുടുംബവരുമാനം 10000 രൂപയിൽ കുറവാണ് എന്നിരിക്കെ അവരുടെ ജീവിത പശ്ചാത്തലത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ഏതു തീരുമാനവും സ്വാഗതാർഹമാണ്. എന്നാൽ കഴിഞ്ഞ സർക്കാർ നിലപാടുകളെ പോലെ പാഴായി തീർന്നു കൊണ്ടിരിക്കുന്ന മറ്റൊരു സംഭവമായി നോട്ടു പിൻവലിക്കലും മാറുമോ?
നവംബർ എട്ടിന് നമ്മുടെ പ്രധാനമന്ത്രി രാജ്യത്തോടായി നടത്തിയ പ്രസംഗത്തിലെ വാക്കുകൾ സാമൂഹികമായ യാഥാർത്ഥ്യങ്ങളാണ്. 51 മുതൽ രാജ്യത്ത് പ്രവർത്തിക്കുന്ന ജനസംഘവും അതിന്റെ തുടർച്ചയായ ബിജെപിയും എടുത്തു വരുന്ന നിലപാടുകൾ ജനങ്ങളെ എത്തരത്തിലാണ് നോക്കിക്കണ്ടത്? എക്കാലവും ജനസംഘവും അതിന്റെ സൈദ്ധാന്തിക രൂപമായ ആർഎസ്എസ്സും സോഷ്യലിസ്റ്റു, മതനിരപേക്ഷ രാഷ്ട്രീയത്തെ തള്ളിപ്പറയുവാൻ മടിച്ചിട്ടില്ല. ഇന്ത്യയിലെ ഇടതു പാർട്ടികളും നെഹ്റു-ഇന്ദിര-രാജീവ് രാഷ്ട്രീയ നേതൃത്വവും സോഷ്യലിസ്റ്റ് രാജ്യങ്ങളുമായി ഒത്തു ചേർന്ന് ലോക രാഷ്ട്രീയത്തിൽ പങ്കാളിയാകുവാൻ ശ്രമിച്ചിരുന്നു. അന്നും ഇന്നും സോഷ്യലിസ്റ്റ്കാർക്ക് എതിരായി അമേരിക്കൻ-ഇസ്രയേൽ ചേരിയിൽ നിന്നും അവരുടെ വികസന നിലപാടുകളിൽ മാത്രമല്ല യാങ്കി-സിയോണിസ്റ്റുകാർ നടത്തി വരുന്ന നീചമായ ആക്രമണങ്ങളെ ന്യായീകരിക്കുവാൻ ആർഎസ്എസ് തയ്യാറായിരുന്നു. വിയത്നാമിനെ അമേരിക്ക ആക്രമിച്ച് 30 ലക്ഷം ജനങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇസ്രയേൽ ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളും സംഘടനകളും അമേരിക്കക്കെതിരെ നിലപാടുകൾ എടുത്തപ്പോൾ ആർഎസ്എസ് അമേരിക്ക നടത്തിയ മനുഷ്യ കുരുതിയെ ന്യായീകരിച്ചു. ഹിറ്റ്ലർ-മുസോളിനി അച്ചുതണ്ടിനോടും ആർഎസ്എസ് ഒത്തുപോകുവാൻ തയ്യാറായിരുന്നു. ഭൂപരിഷ്കാരങ്ങൾ, രാജ്യത്തെ ബാങ്ക് ദേശസാൽക്കരണം, പഞ്ചവൽസര പദ്ധതികൾ തുടങ്ങി സോഷ്യലിസ്റ്റു രീതികളോടെല്ലാം യുദ്ധം പ്രഖ്യപിച്ച് അരനൂട്ടാണ്ടിലേറെ ആയി പ്രവർത്തിക്കുന്ന കാവി രാഷ്ട്രീയ രൂപം ഗാന്ധിജിയുടെ വികസന നിലപാടുകളെ എല്ലാ അർത്ഥത്തിലും എതിർത്തു. മാത്രമല്ല ഗാന്ധിജിയുടെ വധത്തിൽ പങ്കളിയായവരെ തള്ളിപ്പറയുവാൻ ഓർക്കിലും തയ്യാറായിട്ടില്ല. ഏകാത്മകതയെ പറ്റി പറഞ്ഞു വന്ന ജനസംഘം ഗാന്ധിജിയുടെ കൊലയ്ക്ക് ശേഷം ഗാന്ധിയൻ സോഷ്യലിസത്തെ പറ്റി പറഞ്ഞു തുടങ്ങി. ശ്യാമപ്രസാദിനു ശേഷം ദേശിയ നേതാവായ വാജ്പേയും ശിഷ്യൻ അദ്വാനിയും ഇന്ദിര വിരുദ്ധ ഗ്രൂപ്പിൽ അണിനിരന്നു കൊണ്ട് ദേശീയ മുഖ്യധാരയിൽ ആർഎസ്എസ് രാഷ്ട്രീയം നടപ്പിൽ വരുത്തുവാൻ വേണ്ട അവസരങ്ങൾ ഉണ്ടാക്കി.
രാജ്യത്തെ ആദ്യ ആർഎസ്എസ് -നിയന്ത്രിത ദേശീയ സർക്കാർ കൈകൊണ്ട സമീപനങ്ങൾ ആഗോളവൽക്കരണത്തെ പൂർണ്ണമായും ന്യായീകരിക്കുന്നതരത്തിൽ ആയിരുന്നു. ഒരു പക്ഷേ മൻമോഹൻ സിംഗ് ആഗ്രഹിക്കുന്നതിനും അപ്പുറമായിരുന്നു അവർ. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിന് നരസിംഹറാവു സർക്കാർ തീരുമാനമെടുത്തപ്പോൾ അത് നടപ്പിൽ വരുത്തുവാൻ മന്ത്രിയെ തന്നെ നിയമിച്ച ശ്രീ. വാജ്പേയ് കോൺഗ്രസ്സ് നയങ്ങളെ പിന്നിലാക്കി. ശ്രീമോദി, കോൺഗ്രസ്സ് മന്ത്രിസഭയെയും കടത്തിവെട്ടി പെട്രോൾ വില നിയന്ത്രണത്തിനൊപ്പം പാവങ്ങളുടെ എണ്ണയായ ഡീസൽ വില നിയന്ത്രണവും എടുത്തു കളഞ്ഞു.
രാജ്യത്തെ ആസൂത്രണം (പഞ്ചവത്സര പദ്ധതി) തന്നെ അവസാനിപ്പിച്ച് FDI (വിദേശ മുതൽ മുടക്കിനെ)യെ പറ്റി സംസാരിക്കുന്ന BJP സർക്കാർ ഊഹമൂലധനത്തിനെ വികസനത്തിന്റെ കണ്ണിയിൽ ചേർക്കുന്പോൾ പാവങ്ങളുടെ ജീവിത പ്രശ്നങ്ങളെ പരണത്തു വെയ്ക്കുവാനെ അവർക്കു കഴിയൂ. മൻമോഹൻ കോർപ്പറേറ്റുകൾക്ക് നൽകിയ ഇളവുകൾ, ആണവ കരാർ, ധാതു സന്പത്ത്, ബാങ്കു സ്വകാര്യവൽക്കരണം മുതലായ വിഷയങ്ങൾ എല്ലാം തന്നെ കോർപ്പറേറ്റുകൾക്ക് വൻ സ്വത്തുകൾ കേന്ദ്രീകരിക്കുവാൻ അവസരം ഒരുക്കി. 91ൽ 10000 കോടി രൂപ ആസ്തി ഉണ്ടായിരുന്ന ദിരൂഭായി കുടുംബ ആസ്ത്തികൾ 100 മടങ്ങ് വർദ്ധിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം നിലപാടുകളെ വികസനമായി മനസ്സിലാക്കുന്ന ഏതൊരു രാഷട്രീയ ഗ്രൂപ്പിനും അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളുമായി സന്ധി ചെയ്യാതെ പ്രവർത്തിക്കുവാൻ കഴിയില്ല. അങ്ങനെ എങ്കിൽ നമ്മുടെ പ്രധാനമന്ത്രിയുടെ നവംബർ എട്ടിലെ ലെ പ്രസംഗത്തിലെ ആദ്യ ഭാഗത്തോട് എങ്ങനെയാണ് അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് കൂറുപുലർത്തുവാൻ കഴിയുക.!
ശ്രീ മോഡി നവംബർ 8 ന് രാജ്യത്തെ കള്ളപ്പണത്തിനും ഭീകരവാദികളുടെ പ്രവർത്തനങ്ങൾക്ക് സാന്പത്തിക സഹായമായി പ്രവർത്തിക്കുന്ന കള്ളനോട്ടുകൾക്കും (counter Fiat notes) അവസാനം കുറിക്കുവാനായി 500, 1000 രൂപ നോട്ടുകളെ അസാധുവായി പ്രഖ്യാപിച്ചു. നോട്ടുകൾ ബാങ്കുകളിൽ നിന്നു മാറ്റി എടുക്കാമെന്നും 100 മുതൽ താഴേയ്ക്ക് 1 രൂപ വരെയുള്ള നോട്ടുകൾ തുടർന്നും ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി അറയിച്ചു. 86% പണമിടപാടുകൾ നടത്തുവാൻ ഉപയോഗിച്ചു വന്ന രണ്ടു തരം നോട്ടുകൾ പിൻവലിക്കുന്നതിലൂടെ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചുരുക്കം ചില ദിനങ്ങൾ കൊണ്ട് പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. കള്ളപ്പണക്കാരെ സമയ പരിധിക്കുള്ളിൽ കൈകാര്യം ചെയ്യുവാൻ കഴിയും എന്ന് പ്രഖ്യാപിച്ചു. പകരം ജനങ്ങൾ ബാങ്കുകളിൽ അടക്കുന്ന പണം നഷ്ടപ്പെടാതെ പുതിയ നോട്ടുകളായി മടക്കി നൽകുമെന്ന് പറഞ്ഞു. പുതുതായി ഇറക്കുന്ന നോട്ടുകൾ കൂടുതൽ സുരക്ഷാ മാനദന്ധങ്ങൾ ഉള്ളതാണെന്ന് സർക്കാർ ഉറപ്പു നൽകി. എല്ലാ നിയന്ത്രണങ്ങളും പ്രതിസന്ധികളും 50 ദിവസത്തിനകം പരിഹരിക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള ഉറപ്പ്. അങ്ങനെ ഒരു ശക്തമായ ഉറപ്പ് നൽകുവാൻ അദ്ദേഹം നിർബന്ധിതമാകുന്ന തരത്തിൽ പുതിയ തീരുമാനം ജനങ്ങളെ അസ്വസ്തമാക്കി.
കള്ളപ്പണവും കരിഞ്ചന്തയും കള്ളനോട്ടും നമ്മുടെ രാജ്യത്തെ ചുരുക്കം ആളുകളുടെ ജീവിതത്തിൽ നിർണ്ണയകമായി പ്രവർത്തിക്കുകയും അതിന്റെ അപകടങ്ങൾ 95% വരുന്ന എല്ലാ ഇന്ത്യക്കാരെയും വല്ലാതെ വേട്ടയാടുകയും ചെയ്യുന്ന വേളയിൽ, അവയെ നിരയുധമാക്കുന്ന പ്രവർത്തനത്തിൽപ്പെട്ട് നിരാലംബരായി ഇക്കാലമത്രെയും ജീവിക്കേണ്ടിവന്ന കോടികണക്കിന് ജനങ്ങൾക്ക് പുതിയ പ്രതിസന്ധികൾ കൂടി നീണ്ടകാലങ്ങളിൽ ഉണ്ടാകുന്പോൾ ഒരിക്കൽ കൂടി നിരപരാധികൾ, പ്രതികൾക്ക് വേണ്ടി ശിക്ഷകൾ അനുഭവിക്കേണ്ടി വരുന്നു. മാത്രവുമല്ല രാജ്യത്തെ പൊതു മുതലുകൾ കൊള്ളയടിക്കുന്നവരും അത്തരം ദശകോടി രൂപ രാജ്യത്ത് നിന്നും കടത്തികൊണ്ടു പോയവരും കള്ളനോട്ട് കള്ളപ്പണ വേട്ടയിൽ ഉത്ഘണ്ടകൾ പങ്കുവെയ്ക്കുന്നില്ല. വരും ദിനങ്ങളിൽ നീതിയുടെ പ്രതിരൂപമായി രാജ്യത്തെ രക്ഷിക്കുവാൻ തീരുമാനം എടുത്തു കഴിഞ്ഞു എന്ന് ഒരാൾക്കും തോന്നാവുന്ന തരത്തിൽ അവർ മാറിയതായി നമുക്ക് മനസ്സിലാക്കുവാൻ പറ്റിയ സംഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടില്ല. അത്ഭുതകരമായി സന്പത്ത് കുന്നുകൂട്ടിയവർ, (അദാനിയും മറ്റും), ഖനന മേഖലയിൽ നിയമങ്ങളെ വെല്ലുവിളിക്കുന്നവർ (വേദാന്തയും മറ്റും), സ്പെക്ട്രം കുംഭകോണക്കാരും (Tata and others) മദ്യലോബികളും വൻകിട കാസിനോ ഉടമകൾ, റിയൽ എേസ്റ്ററ്റ് മാഫിയകൾ (DLF like giants) തുടങ്ങിയ രാജ്യത്തെ 80% ജനങ്ങളുടെ ആസ്തിയിലും എത്രയോ കൂടുതൽ സ്വത്തുക്കൾ ഉള്ള സ്ഥാപനങ്ങളും അതിലെ ഉടമകളും എന്തെങ്കിലും തരത്തിലുള്ള കള്ള-പ്പണവേട്ടയിൽ കുടിങ്ങി ജയിലിൽ പെട്ടതായി ഒരു വാർത്തയും നമുക്ക് വായിക്കുവാൻ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ക്രിമിനൽ പശ്ചാത്തലങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ മുൻ BJP മന്ത്രിയുടെ മകളുടെ വിവാഹം, കർണ്ണാടക BJP യുടെ മുൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ 500 കോടി രൂപ ചെലവാക്കി (ഇന്ത്യൻ ജനങ്ങളിൽ 93% കുടുംബ ആസ്തി 10000 ഡോളറിനും (7 ലക്ഷംരൂപ) നടത്തുവാൻ എവിടെനിന്നാണ് ഊർജ്ജം ലഭിച്ചത്? ഇതൊറ്റപ്പെട്ട സംഭവമാണോ? നമ്മുടെ കേന്ദ്ര മന്ത്രിയും മുൻ BJP അദ്ധ്യക്ഷനുമായ നിതിൻ ഘട്കരിയുടെ മകളുടെ വിവാഹത്തിന്റെ (ദേശീയ നേതാക്കളുടെ കുടുംബ ചടങ്ങുകളും ദേശീയമായിരിക്കണം!) ചടങ്ങുകൾ നാഗപൂരിൽ ആരംഭിച്ച് ഡൽഹിയിൽ രണ്ടു ദിവസത്തെ കലാശകൊട്ട് പരിപാടിയിലൂടെയെ അവസാനിക്കൂ (ശവം ചുമലിൽ എടുത്ത് 12km ചുമക്കേണ്ടി വരുന്നവരുടെ നാട്ടിൽ നേതാക്കൾ നമുക്ക് ഇങ്ങനെതന്നെയാകണം മാതൃകകൾ തീർക്കേണ്ടത്). വിവാഹത്തിലെ ആദ്യദിന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാ പാർട്ടിയിലും പെട്ട നേതാക്കൾ (സ്നേഹിതരുടെ ധാർമ്മിക ഐക്യം) അണിനിരന്നു എന്നാണ് വാർത്ത. വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ 30 വിമാനങ്ങൾ (50 എന്നും കണക്കുണ്ട്) വാടകയ്ക്ക് എടുത്തു എന്ന വിവരം ഒരാളും നിക്ഷേധിച്ചിട്ടില്ല. കേരളത്തിലെ ഗാന്ധിയൻ ആശയങ്ങൾ കൊണ്ട് ധന്യമായ ജീവിതം നയിച്ച് വരുന്ന കഴിഞ്ഞ, കാൽ നൂറ്റാണ്ടായി നിയമസഭയിൽ ഇരുന്നു ജനങ്ങളെ സേവിക്കുന്ന, കോൺഗ്രസ് നേതാവ് ശ്രീ പ്രകാശിന്റെ മകന്റെ വിവാഹം ഗാന്ധിജിയുടെ ഓർമ്മകൾക്ക് മാത്രമല്ല വേദന ഉണ്ടാക്കിയത്, ശ്രീനാരായണഗുരു സ്മരണകളിൽ ജീവിക്കുന്ന Dr ബിജു രമേശ് ഗുരുപൂജയിലും (നിന്ദ) കളങ്കം ചാർത്തി. ഇത്തരം വാർത്തകൾ, രാജ്യത്തെ നോട്ടുകളുടെ പിന്മടക്കം സാധാരണക്കാരുടെ ജീവിതത്തിൽ ആഹാരകാര്യത്തിലും ചികിത്സയിലും തുടങ്ങി വിവാഹത്തിലും മറ്റും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്പോൾ രാഷ്ട്രീയത്തിലെയും സന്പന്നരിലെയും വന്പൻ മാർക്ക് ഒരു തരത്തിലും അലോസരങ്ങൾ ഉണ്ടാക്കിയിട്ടില്ല എന്നാണറിയിക്കുന്നത്.
നോട്ടു പിൻവലിക്കലുമായി ബന്ധപ്പെട്ട് ശ്രീ മോഡി വ്യക്തമാക്കിയ കാര്യങ്ങളിൽ പറഞ്ഞിരുന്ന പ്രധാന വിഷയം കള്ള നോട്ടുകളുടെ വ്യാപനത്തെ തടയുക എന്നതായിരുന്നു. അങ്ങനെയെങ്കിൽ കള്ളനോട്ടുകളെ തടയിടുവാൻ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാകും ?
വലിയ വിലകൾ ഉള്ള നോട്ടുകൾ ഒഴിവാക്കുക, നോട്ടുകൾ അച്ചടിക്കുന്നതും അതിന്റെ എല്ലാ രംഗത്തും രാജ്യത്തെ സാങ്കേതികത ഉപയോഗിക്കുക.
ഇത്രയുമെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിൽ ശ്രീ മോഡി സർക്കാർ തയ്യാറാണോ..? ഫെയ്ക് നോട്ടുകൾ ഒഴിവാക്കുവാൻ ശ്രമിച്ചവർ പകരം അതിലും വലിയ നോട്ടുകൾ ഇറക്കുവാൻ മടികാണിക്കുന്നില്ല. ഇനിയും നമ്മുടെ നോട്ടടിയുടെ പിന്നാം പുറം കഥകൾ.....
നമ്മുടെ നോട്ടുകൾ 1920 മുതൽ നാസിക്കിലെ സർക്കാർ സംവിധാനത്തിൽ അടിചിറക്കുവാൻ തുടങ്ങി. അതിനാവശ്യമായ പേപ്പർ, മഷി, സുരക്ഷാ ചരടുകൾ, സൂക്ഷ്മ പരിശോധനാ രീതികൾ എല്ലാം പുറം രാജ്യങ്ങളാണ് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ നോട്ടുകൾ അടിച്ചിറക്കുന്ന കന്പനി Thomas De La re യെ ഇന്നു നിയന്ത്രിക്കുന്നത് സ്വിസ്സ് കാരൻ Roberto Grigori യാണെങ്കിലും ബ്രിട്ടീഷ് അധിനിവേശത്തിനായി കഴിഞ്ഞ 350 വർഷമായി എല്ലാ സഹായവും ചെയ്തുവന്ന കന്പനി എത്ര രാജ്യങ്ങളെ അട്ടിമറിക്കുവാൻ ബ്രിട്ടന് വേണ്ടി ഗൂഡാലോചന നടത്തിയെന്നത് ദുരൂഹമാ ണ്. പ്രസ്തുത കന്പനി പാകിസ്ഥാനുവേണ്ടിയും നോട്ടുകൾ അച്ചടിക്കുന്നു. കന്പനിയുടെ അട്ടിമറി ശ്രമങ്ങൾ RBI പരിശോധന സംഘം അവരുടെ ഗോഡവുണ്ണിൽ എത്തി നേരിൽ കണ്ടു ബോധ്യപ്പെടുകയും അതിന്റെ പേരിൽ കന്പനിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മറ്റു കന്പനികളായ lieusnthal, G&D, തുടങ്ങിയവക്കും നല്ല കഥകൾ അല്ല പറയുവാൻ ഉള്ളത്. 2011ൽ രാജ്യ സുരക്ഷാർത്ഥം പുറത്താക്കിയ കന്പനിക്കു വീണ്ടും നോട്ട് അടിക്കലിൽ പ്രധാന പങ്കളിയാകുവാൻ കഴിഞ്ഞത് എങ്ങനെയാണ്? make in India പദ്ധതിയിൽ പെടുത്തി De La reu വിനെ പുതിയ നോട്ടടിക്കൽ യുണിറ്റിന്റെ ചുമതലക്കാരനായി മോഡി സർക്കാർ തീരുമാനിച്ചത് (2015 നവംബർ, മധ്യപ്രദേശിൽ) രാജ്യതാൽപര്യത്തെ മാനിച്ചാണെന്ന് എങ്ങനെ പറയുവാൻ കഴിയും? ഈതാൽപര്യത്തിനു പിന്നിൽ എന്തായിരുന്നു എന്ന് പനാമ പേപ്പർ എന്ന പേരിൽ പുറത്തു വന്ന ലോകത്തെ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയക്കാരുടെ അവിഹിത ബന്ധത്തെ പറ്റിയുള്ള വിശദമായ വിവരങ്ങളിൽ നിന്നും മനസ്സിലാക്കാം. പ്രസ്തുത കന്പനി ഇന്ത്യയിൽ നിന്നും നോട്ടുകളുടെ ഓർഡർ ലഭിക്കുവാൻ 15% കമ്മിഷൻ കൊടുക്കുന്നു എന്ന് വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കാരും പ്രസ്തുത വാർത്തയെ നിക്ഷേധിച്ചിട്ടില്ല. ഇതിൽ നിന്നും ഇന്ത്യക്കാർ എന്താകും അർത്ഥമാക്കേണ്ടത്?
ഇപ്പോൾ പ്രധാനമന്ത്രി പറയുന്നത് നോട്ടുനിരോധനം നടപ്പിൽ വരുത്തിയത് paperless currencyയിലേയ്ക്ക് ജനത്തെ മാറ്റി രാജ്യത്തെ രക്ഷിക്കുവാൻ ആണെന്നാണ്. പുതിയ സാങ്കേതിക വിദ്യകൾ രാജ്യത്തെ രക്ഷിക്കുവാൻ നടപ്പിൽ വരുത്തേണ്ടതാണ്. അതിനാരും എതിരല്ല. ഇന്നു ലോകത്തിൽ ഏറ്റവും കൂടുതൽ നോട്ടുകൾ ഉപയോഗിക്കുന്ന രാജ്യം ചൈന കഴിഞ്ഞാൽ ഇന്ത്യയാണ്. നാട്ടിലെ 52% ആളുകൾക്കെ ബാങ്ക് അക്കൗണ്ടുകൾ ഉള്ളൂ. സെൽഫോണുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് നമ്മൾ. എന്നാൽ ആധുനിക സാങ്കേതിക വിദ്യ ജീവിതത്തിൽ നടപ്പിൽ വരുത്തുന്നവരിൽ ഇന്ത്യക്കാരുടെ സ്ഥാനം 120മാത്രം. (ശ്രീ മോഡിയെ മാതൃകയാക്കി സെൽഫോണിൽ സെൽഫി എടുക്കന്നതിൽ ഇന്ത്യക്കാർ ഒന്നാമതായിരിക്കാം?) ഇന്റർനെറ്റ് ഉപയോഗത്തിൽ നമ്മുടെ രാജ്യത്തെ വേഗതയും അതിന്റെ തികവും ഇന്നെത്രയാണ്.? ലോക ശരാശരി ഇന്റർനെറ്റ് വേഗത 5.6 mbps ആണെങ്കിൽ നമ്മുടെ വേഗത 3.7. ലോകത്തെ ഏറ്റവും ശക്തമായ cashless സാന്പത്തിക രാജ്യമായ Denmark ലെ internet വേഗം 16.5. കൊറിയയുടെത് 26 mbpsനും മുകളിൽ ...
നമ്മുടെ രാജ്യത്തിനു കള്ളപ്പണക്കാരുടെ തുരുത്തുകളെ തകർത്ത് എറിയാതെ മുന്നോട്ട് പോകുവാൻ കഴിയുകയില്ല. രാഷ്ട്രീയത്തിലും മതത്തിലും മറ്റു സംഘടനകളിലും നിലവിൽ പിടി മുറുക്കിയിരിക്കുന്ന രാജ്യ ദ്രോഹികളെ അടിച്ചു പുറത്താക്കുവാൻ നമുക്ക് കഴിയുമോ? അതിന് നോട്ടുപിൻ വലിക്കൽ തീരുമാനം പല ശ്രമങ്ങളിൽ അവസാനത്തേത് മാത്രം. അത് എല്ലാ സാധാരണക്കാരെയും വിശ്വാസത്തിൽ എടുത്തു ചെയ്യേണ്ടുന്ന തീരുമാനമായിരിക്കണം. സഹാറ ഗ്രൂപ്പിന്റെ ഉടമയിൽ നിന്നും ആദിത്യ ബർലയിൽ നിന്നും sunpharma ഉടമയിൽ നിന്നും അച്ചാരങ്ങൾ വാങ്ങി ചരിത്രമുള്ള ഒരു രാഷ്ട്രീയ പാർട്ടിക്കും നേതാവിനും ഇതിനു കഴിയില്ല. നവംബർ 8ന് ശ്രീ മോഡി നടത്തിയ പ്രഖ്യാപനം നമ്മുടെ രാജ്യത്തെ മറ്റൊരു വലിയ പ്രതിസന്ധിയിൽ എത്തിച്ചു എന്ന് പറയേണ്ടി വരുന്നതിൽ ഓരോ ഇന്ത്യകാരനും ഉത്കണ്ഠ പെടതിരിക്കുവാൻ കഴിയുകയില്ല.
അച്ചാദിൻ വാചക കസർത്തിലൂടെ സാധ്യമാക്കാവുന്ന സ്വപ്നമല്ല. ആഗോള വിരുദ്ധ നിലപാടുകളിലൂടെ മാത്രമേ അതിനു കഴിയൂ...