ഹരിത കേരളം കേരളത്തെ രക്ഷിക്കുമോ?
ഇ.പി അനിൽ
ആധുനിക മനുഷ്യന്‍റെ ജീവിതം മണ്ണിനെ മറന്നുകൊണ്ടാണ് എന്നത് ഒരു ശുഭ വാർത്തയല്ല. കൃഷിയും അനുബന്ധ പ്രവർത്തനവും സാമൂഹിക ഉത്പാദന രംഗത്തെ അടിസ്ഥാന വിഭാഗമായി നിന്ന് പ്രവർത്തിക്കുന്പോൾ അതിൽ പണിയെടുക്കുന്നുവരുടെ വരുമാനം ഇന്നു കുറഞ്ഞു വരുന്നു. കൃഷിയിൽ നിന്നും മനുഷ്യർക്കുള്ള അകലംകൂടുകയാണ്. ഈ സമീപനം കാർഷിക രംഗത്ത് മാത്രമല്ല മറ്റു മേഖലയിലും പ്രശ്നങ്ങൾ വരുത്തി വെക്കുന്നു. ഇതിനൊക്കെ കാരണമായ ഒരു സാമൂഹിക സാഹചര്യം ഇവിടെ ഉണ്ടാക്കിയത് ആഗോളവൽക്കരണമാണ്. ഇടതു മുതൽ കാവി രാഷ്ട്രീയക്കാർ വരെ ആഗോളവൽക്കരണത്തെ അംഗീകരിക്കുന്പോൾ ആഗോളവൽക്കരണം കൃഷിക്കും അനുബന്ധവ്യവസ്തയ്ക്കും തടസ്സങ്ങൾ സൃഷ്ടിക്കുവാൻ അവസരം ഒരുക്കുന്നു.
കേരളത്തിന്‍റെ പ്രകൃതിയെ പറ്റി കവികൾ നടത്തിയ വിവരണങ്ങൾ കഴിഞ്ഞ കാലത്തു നമുക്ക് കൈമോശം വന്ന ചുറ്റുപാടുകളെ മനസ്സിലാക്കുവാൻ സഹായിക്കും. പ്രകൃതി സന്പത്ത്കൊണ്ട് സന്പന്നമായ ഉഷ്ണമേഖലാ മഴക്കാടുകളുടെ നാട്ടിൽ ഉണ്ടാകുന്ന ഏത് പ്രകൃതി നശീകരണവും ഭൂമിയുടെ സന്തുലനത്തെ ഗൗരവതരമായി ബാധിക്കും. നമ്മുടെ പാരന്പര്യത്തെ മറന്നുകൊണ്ടും വ്യവസായ സന്പന്തിയായി കൃഷിയെ കാണുവാനും സാമൂഹിക ചുറ്റുപാടുകളെ കൂടുതൽ ലഭാതിഷ്ടിതാമാക്കു വാനും നിലവിലെ സംവിധാനങ്ങൾ ശ്രമിക്കുന്നു. അത് വികസനത്തെ പറ്റി തെറ്റായ ധാരണകൾ ഉണ്ടാകുവാൻ കാരണമാക്കി. പ്രകൃതി വിഭവങ്ങൾ ഉപയോഗപെടുത്തുന്നതിൽ പൂർണ്ണ അവകാശം ഉണ്ടെന്ന ധാരണയിൽ അനിയന്ത്രിതമായി ചൂഷണം തുടർന്ന മനുഷ്യർ ഭൂമിയുടെ നിലനിൽപ്പിനു ഭീക്ഷണിയായി.
കേരളത്തിന് നേടുവാൻ കഴിഞ്ഞ വിദ്യാഭ്യാസലോകത്തെ മുന്നേറ്റം, ഭൂ ബന്ധങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, പുറം രാജ്യങ്ങളിൽ പോയി ജോലി കണ്ടെത്തി ജീവിക്കുവാൻ ജനങ്ങൾ കാട്ടിയ താൽപര്യം, വൈദേശിക ജിവിതം ജനങ്ങൾക്ക് നൽകിയ പുതിയ ജീവിത ധാരണകൾ ഒക്കെ പ്രതികൂലമായി ബാധിച്ചത് കൃഷിയുടെ രംഗത്തെയും പരന്പരാഗത തൊഴിൽ− ജീവിത വീക്ഷണങ്ങളെയും ആണ്. അത് കേരളത്തിന് ചെറുതല്ലാത്ത പ്രതിസന്ധികൾ വരുത്തി വെച്ചിട്ടുണ്ട്. എന്നാൽ കാർഷിക രംഗത്തും അതിന്‍റെ തുടർച്ച എന്നോണം വ്യവസായ രംഗത്തും ഉണ്ടായ തിരിച്ചടികളെ മറികടന്ന് സേവന രംഗത്തുണ്ടായ വലിയ വളർച്ച ജനങ്ങളുടെ ഉപഭോഗ ശീലത്തെ പ്രോത്സാഹിപ്പിക്കുന്നു. ആഗോള വൽക്കരണകാലത്തെ ജനങ്ങളുടെ തൊഴിൽ വരുമാനത്തിൽ ഏറ്റവും ഇടിവ് ഉണ്ടായത് കർഷകർക്കാണ്. സർക്കാർ സേവനത്തിൽ പങ്കാളികളായവർക്ക് കഴിഞ്ഞ രണ്ടു ദശകത്തിനുള്ളിൽ 3 മുതൽ 5 വരെ ഇരട്ടി വർദ്ധന ഉണ്ടായി എങ്കിൽ കന്പനിCEO മാരുടെ വരുമാനത്തിൽ 20 ഇരട്ടിയിലധികം വളർച്ച കാണാം. എന്നാൽ കർഷകരുടെ വരുമാനം കുറയുകയാണ് ചെയ്തത്. ശരാശരി കർഷകന്‍റെ പ്രതിമാസ പ്രതിഫലം 3600 രൂപയാണ്. ഇത്തരത്തിൽ ഉണ്ടായ വരുമാനത്തിലെ തിരിച്ചടി രാജ്യത്തെ GDP യിൽ കാർഷിക രംഗത്തിന്‍റെ സംഭാവന 17% ആയി കുറഞ്ഞു. അപ്പോഴും മേഖലയിൽ പണിചെയുന്നവർ 52%ആയി തുടരുന്നു. ഇതിനർത്ഥം രാജ്യത്തെ ഭൂരിപക്ഷം ആളുകളും തുച്ഛ വരുമാനക്കാരായി ജീവിക്കുവാൻ നിർബന്ധിതരായി എന്നാണ്. കാർഷിക രംഗത്തെ അനാകർഷത്വം ഏറ്റവും കൂടുതൽ പ്രകടമായ നാടാണ് കേരളം. NRIക്കാരുടെ സാനിധ്യവും അവരുടെ വരുമാനം കേരളത്തിൽ സൃഷ്ടിച്ച സാന്പത്തികരംഗത്തെ പുതിയ പ്രവണതകളും ഒട്ടു മിക്ക രംഗത്തും ചലനങ്ങൾ ഉണ്ടാക്കി. വിദ്യാഭ്യാസരംഗത്ത് പുതിയ സ്ഥാപനങ്ങൾ, കോഴ്സുകൾ ഒക്കെ കാണുവാൻ തുടങ്ങി. ആരോഗ്യ രംഗത്ത് സാങ്കേതികതയും മറ്റു പശ്ചാത്തല സർവ്വകര്യവും മെച്ചപ്പെട്ടു. വാഹന ലോകവും വീട് നിർമ്മാണവും പുതിയ പരീക്ഷണങ്ങൾ നടത്തി. ഭക്ഷണ രംഗവും വിപണിയും ആഗോളലോകവുമായി വളരെ അടുത്തു. എന്നാൽ ഇത്തരത്തിൽ സജ്ജീവമായ മാറ്റങ്ങൾ ഉണ്ടാകാത്ത രംഗമായി കാർഷിക രംഗം തുടർന്നു. ഒപ്പം തന്നെ ആഗോളവൽക്കരണത്തിന്‍റെ ഭാഗമായ അന്തർ ദേശീയ കരാറുകളും മറ്റും കാർഷിക രംഗത്തെ സ്വയം പര്യാപ്തത എന്ന അവസ്ഥയെ അട്ടിമറിച്ചു.
കേരളത്തിലെ ഭൂമി ഊഹ കച്ചവടത്തിന്‍റെ ഉപാധിയായി കാണുന്ന പ്രവണത കൃഷിയെ മാത്രമല്ല പ്രകൃതിയെയും പ്രതികൂലമായി ബാധിച്ചു. ഇവിടെ എല്ലാ രാഷ്ട്രീയ നേതൃത്വവും ഏതാണ്ട് ഒരുപോലെ ഇത്തരം കാര്യങ്ങളിൽ ഇടപ്പെട്ടു. വികസനത്തെ പറ്റിയുള്ള തെറ്റായ നിലപടുകൾ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തി. ആലപ്പുഴയിലെ തണ്ണീർമുക്കം ബണ്ടും മാവൂർ മാതൃകയിൽ ഉള്ള വ്യവസായ പരീക്ഷണവും ഭക്ഷ്യ സുരക്ഷയുടെ പേരിൽ വനത്തിൽ കടന്നു കൃഷിചെയ്യുവാൻ സർക്കാർ നൽകിയ പ്രോത്സാഹനവും നദീ തടങ്ങളുടെ പ്രാധാന്യം മറന്നുള്ള തീരുമാനങ്ങളും കേരളത്തിന്‍റെ പാരിസ്ഥിതിക രംഗത്ത് നികത്താനാവാത്ത ദുരന്തങ്ങൾ ഉണ്ടാക്കി. വന ഭൂമിയും പഴയ കാല തോട്ടങ്ങളും അവഗണിക്കപ്പെട്ടു. കേരളത്തിന്‍റെ വില മതിക്കുവാൻ കഴിയാത്ത സംരക്ഷണം നൽകുന്ന പശ്ചിമ ഘട്ടത്തിന്‍റെ ശോഷണം വരുത്തുന്ന അപകടത്തെ മറന്നുള്ള തീരുമാനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റകെട്ടായി നിൽക്കുന്പോൾ കേരളം മരുഭൂമിയായി തീരുകയാണ്.
കേരളത്തിന്‍റെ നീരുറവകൾ വറ്റി വരളുന്പോൾ അതുണ്ടാക്കുന്ന സാന്പത്തികവും മറ്റുള്ള തിരിച്ചടികളും ആരോഗ്യ രംഗത്തും കാർഷിക രംഗത്തും ഉണ്ടാക്കുന്ന സാന്പത്തിക നഷ്ടത്തെ പരിഗണിക്കുവാൻ സർക്കാരുകൾ മടിക്കുന്നു. തണ്ണീർ തടങ്ങളുടെ നാശം, മഴയിലെ കുറവ്, ജല ക്ഷാമം, ഭക്ഷ്യ രംഗത്തെ തിരിച്ചടി മുതൽ കടലിൽ ഉണ്ടാകുന്ന മത്സ്യ വിഭവങ്ങളുടെ ശോഷണം തുടങ്ങിയ പ്രശ്നങ്ങൾ ഏറെ രൂക്ഷമായി കഴിഞ്ഞു. അപ്പോഴും മാറി മാറി വരുന്ന സർക്കാരുകൾ വെച്ച് പുലർത്തുന്ന അപകടകരമായ വികസന സങ്കൽപ്പങ്ങളെ മുറുകെ പിടിക്കുന്നതിൽ അവരെല്ലാം ഒരേപോലെ ശുഷ്കാന്തി കാണിക്കുന്നുണ്ട്.
മലയാളിയുടെ പ്രധാന വിളയായ നെൽ കൃഷി ഭക്ഷ്യ സുരക്ഷയുടെ അടിസ്ഥാനമാണ്. കഴിഞ്ഞ കാലങ്ങളിൽ അരിയുടെ ഉൽപ്പാദന കാര്യത്തിൽ നമ്മൾ സ്വയം പര്യാപ്തമായിരുന്നില്ല. ബർമ്മയും ആന്ധ്രയും ബംഗാളും നമ്മുടെ നെല്ലിന്‍റെ ഉത്പാദകരായിരുന്നു. നമ്മൾ 1980 കാലത്ത് വരെ നെൽകൃഷിയിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. അവയുടെ കാർഷിക വിസ്തൃതി വർദ്ധിച്ചു വന്നു. നെൽപാടങ്ങൾ മാതൃകാപരമായ ഭക്ഷ്യ−മത്സ്യ ഉത്പാദന രംഗമായി നിലനിന്നു. പാടങ്ങൾ തണ്ണീർ തടങ്ങളെ സംരക്ഷിച്ചു. നദികൾക്ക് കരുത്തു നൽകി. സൂക്ഷ്മ ജീവികൾക്കും ജല ജീവികൾക്കും അവാസമൊരുക്കി. മത്സ്യ സന്പത്ത് വർദ്ധിപ്പിച്ചു. കിണറുകളും കുളങ്ങളും ആരോഗ്യകരമായി നിലനിൽക്കുവാൻ കഴിഞ്ഞു. എന്നാൽ പാടങ്ങളുടെ സാമൂഹിക മൂല്യത്തെ മറക്കുവാൻ മലയാളികൾ തയ്യറായി. അതിനു സർക്കാരുകൾ തന്നെ നേതൃത്വം നൽകി. അവയുടെ വിസ്തീർണം നാലിൽ ഒന്നായി കുറഞ്ഞു (6 ലക്ഷം ഹെക്ടർ).
ഒരു ഹെക്ടർ നിലം രണ്ടു കോടി ലിറ്റർ വെള്ളത്തെ ഭൂഗർഭത്തിൽ എത്തിക്കുവാൻ സഹായിക്കുന്പോൾ അത് കേരളക്കരയെ എത്രമാത്രം വെള്ളം ലഭ്യമാക്കുന്ന മണ്ണാക്കി തീർത്തു എന്നു മനസ്സിലാക്കാം. ഏറ്റവും കൂടുതൽ തൊഴിൽ അവസരം ഒരുക്കിയിരുന്ന നെൽകൃഷിയുടെ തളർച്ച കർഷക തൊഴിലാളികളെ തൊഴിൽ രഹിതരാക്കി.
നെൽപാടങ്ങൾ നികത്തിയുള്ള വികസനത്തെ ഗൗരവതരമായ പിശകായി കാണുവാൻ സർക്കാർ വൈകിയത് കേരളത്തിൽ വലിയ അപകടങ്ങൾ വരുത്തിയിട്ടുണ്ട്. പശ്ചിമ ഘട്ടത്തെ പറ്റിയും സർക്കാരുകൾ ഇതേ നിലപാടുകൾ തുടരുന്പോൾ കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഇടങ്ങൾ (തീരവും മലനാടും) വലിയ ദുരന്തങ്ങൾ ഏറ്റുവാങ്ങിവരുന്നു. കേരളം വലിയ ജലക്ഷാമത്താൽ പൊറുതിമുട്ടുകയാണ്. ചൂടിന്‍റെ വലിയ തരത്തിലുള്ള വർദ്ധന, തെറ്റിവരുന്ന മഴ, പുതിയ തരം അസുഖങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളെ വർദ്ധിപ്പിക്കുന്നു.
കേരളത്തിലെ വർദ്ധിച്ച എണ്ണത്തിലുള്ള മധ്യവർഗ്ഗത്തിന്‍റെ നിത്യജീവിതം പുറം തള്ളുന്ന മാലിന്യം കേരളത്തിന് വലിയ തലവേദനയാണ്. അത് ശാസ്ത്രീയമായി പരിഹരിക്കുവാൻ പൊതു സമൂഹം പരാജയപ്പെടുന്പോൾ അത് പുതിയ തരം അസുഖങ്ങൾക്ക് കാരണമാകുന്നു. നഗരങ്ങളിലുണ്ടാകുന്ന മാലിന്യങ്ങൾ ഏറ്റു വങ്ങേണ്ടവരായി ഗ്രാമീണർ മാറുക എന്ന സർക്കാർ നിലപാടുകൾക്ക് എതിരായി ഉണ്ടായ സമരങ്ങൾ പലരുടെയും കണ്ണു തുറപ്പിക്കുവാൻ ചില അവസരങ്ങൾ ഉണ്ടാക്കി. സർക്കാർ പരിസ്ഥിതി വിഷങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ മാതൃകാ പരമല്ലാത്തതിനാൽ ജനങ്ങളും പരിസ്ഥിതി രംഗത്തെ വേണ്ട വണ്ണം പരിഗണിക്കുവാൻ മടിക്കുന്നു.
കേരളം എത്തപ്പെട്ട പരിസ്ഥിതി രംഗത്തെ വലിയ തിരിച്ചടികൾ കാർഷിക രംഗത്തും മറ്റു രംഗങ്ങളിലും വരുത്തിവെക്കുന്ന പിന്നോട്ടടികൾ പരിഹരിക്കുവാൻ സർക്കാർ നിർബന്ധിതമായി കഴിഞ്ഞു. അതിന്‍റെ ഭാഗമായി ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച ഹരിത കേരളം പദ്ധതിയെ വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. കേരളത്തിന്‍റെ കഴിഞ്ഞ അരനൂറ്റാണ്ടിനും അധികമായ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവർക്ക് പറ്റിയ പല തെറ്റായ പരിസ്ഥിതി−വികസന നിലപാടുകളെയും തിരുത്തുവാൻ ലഭിക്കുന്ന അവസരമായി ഈ അവസരത്തെ കാണാം.
ഹരിത കേരളം എന്നതുകൊണ്ട് സർക്കാർ ഉദ്ദേശ്ശിക്കുന്നത് കൃഷി വികസനം, ജല സംരക്ഷണം, മാലിന്യ സംസ്കരണം, ശിചിത്വം തുടങ്ങിയ രംഗത്ത് നടപ്പിൽ വരുത്തേണ്ട പദ്ധതികളാണ്. ഇവിടെ പ്രഖ്യാപിച്ച പദ്ധതികൾക്ക് ദേശീയ സർക്കാർ പദ്ധതികളുമായി സമാനതകൾ ഉണ്ട്. ഇത്തരം സമാനതകൾ എപ്പോഴും കൂടുതൽ മെച്ചപ്പെട്ട ഫലങ്ങൾ ജനങ്ങൾക്ക് ഉണ്ടാക്കികൊടുക്കും. നമ്മുടെ സംസ്ഥാനത്തെ മാലിന്യങ്ങളുടെ കൈകാര്യം ചെയ്യലിൽ സർക്കാർ നാളിതുവരെയായി എടുത്ത നിലപാടുകൾ അവരുടെ കാര്യക്ഷമത ഇല്ലായ്മയെ വിളിച്ചറിയിക്കുന്നു. മലയാളി പ്രതിദിനം ശരാശരി 500gm ജൈവമാലിന്യം പുറം തള്ളുന്നുണ്ട്. അതിനർത്ഥം പ്രതിദിനം കേരളം 16000ടൺ മാലിന്യങ്ങൾ ഉണ്ടാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രതിമാസം ഏകദേശം 30000 ടൺ ആണ്. ജൈവ−അജൈവ മാലിന്യങ്ങൾ മൂല്യങ്ങളുള്ളതും പ്രകൃതി സൗഹൃതവുമായ ഉത്പന്നങ്ങൾ ആക്കി മാറുവാൻ പല രാജ്യങ്ങളും വിജയം കണ്ടെത്തിക്കഴിഞ്ഞു. ഉദാഹരണമായി ജപ്പാൻ, ആണവ ദുരന്തത്തിന് ശേഷം ജൈവവളങ്ങളിൽ നിന്നും വൈദ്വുതി ഉത്പതിപ്പിക്കുവാൻ അവർ മെച്ചപെട്ട മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഒരു ടൺ ജൈവ മാലിന്യത്തിൽ നിന്നും ഏകദേശം ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ കഴിയും. അങ്ങനെയെങ്കിൽ കേരളത്തിന് 100% മാലിന്യത്തിൽ നിന്നും 16000 megawatt വൈദ്യുതി ഉണ്ടാക്കാം. ഇപ്പോൾ ഉത്പദാനം 2600 mega watt മാത്രം. ഒരു കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും 500 ml പെട്രോൾ ലഭിക്കും (അതിന്‍റെ സാങ്കേതിക പരിജ്ഞാനം വികസിപ്പിച്ചത് ഇന്ത്യൻ ശാസ്ത്രഞ്ജൻ). ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തുവാൻ ഇതുവരെയായി വേണ്ട ശ്രദ്ധ നമ്മൾ പുലർത്തുന്നില്ല. കേരള സർക്കാർ പുതുതായി മുന്നോട്ടു വെച്ച മാലിന്യ സംസ്കരണത്തിൽ പുനർ ചങ്ക്രമണം ഒരു പ്രധാന വിഷയമാണ്. അവയിൽ നിന്നും ഉൽപ്പന്നങ്ങൾ ഉണ്ടാക്കി മൂല്യവത്താക്കി മാറ്റുന്ന പ്രവർത്തനം ആരോഗ്യകരമായ സമീപനമാണ്. എന്നാൽ പ്രാദേശികമായ മാലിന്യങ്ങളെ പ്രാദേശികമായി സംസ്കരിച്ച് മാലിന്യങ്ങളുടെ ഉറവിടത്തിൽ തന്നെ സംസ്കാരിക്കുവാൻ എടുക്കുന്ന തീരുമാനങ്ങൾ മാലിന്യസംസ്കരണത്തിലെ അനാരോഗ്യ പ്രവണത പരിഹരിക്കുവാൻ അവസരം ഒരുക്കും. എന്നാൽ ജില്ലാ കേന്ദ്രങ്ങളിൽ സംസ്കരണത്തിനായി കണ്ടെത്തുവാൻ 20 ഏക്കർ ഭൂമി ആവശ്യമാണെന്ന പരാമർശം മാലിന്യങ്ങളുടെ കേന്ദ്രീകരണത്തിനുള്ള അവസരം ഒരുക്കും.
ശുചിത്വത്തിൽ മാതൃകയാണ് കേരളീയർ എന്ന ധാരണയ്ക്ക് ഇടിവ് പറ്റിയിട്ടുണ്ട്. പകർച്ചവ്യാധികൾ മടങ്ങിവരുന്നതും നിലവിലെ കക്കൂസ് മാലിന്യ ശേഖരത്തിലെ ചോർച്ചകളും നമ്മുടെ കിണറൂകളെ (40 ലക്ഷം) മലീമസമാക്കി കഴിഞ്ഞു. ഒപ്പം നദികളുടെ നീരൊഴുക്കുകൾ ശോഷിച്ചതും പല നദികളും ഗർത്തങ്ങളായതും നമ്മുടെ മാലിന്യങ്ങൾ നദികളിൽ വലിച്ചെറിയുന്നതും ചെറു അരുവികൾ അപ്രത്യക്ഷമായതും ഉള്ളത് തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ കെട്ടി അടച്ചതും ശുചിത്വത്തിന് ഭീഷണിയാണ്. പ്ലാസ്റ്റിക്കുകളുടെ സമയബന്ധിതമായ നിരോധനവും പകരം പാരിസ്ഥി സൗഹൃതവിഭവങ്ങൾ കണ്ടെത്തിയുള്ള പുതിയ ഉൽപ്പന്നങ്ങളും ശുചിത്വ സംരക്ഷണത്തിന് വളരെ പ്രധാനമാണ്. നഗരങ്ങളിലെ അശാസ്ത്രീയമായ സീവേജു സംവിധാനം, ഒഴുക്ക് നിലച്ച കനാലുകൾ ഇവയൊക്കെ വൃത്തിയായി സംരക്ഷിക്കുവാൻ വേണ്ടത്ര ജനകീയവും സമയബന്ധിതവുമായ പരിപാടികൾ സർക്കാർ ഇപ്പോഴും പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് പഴയ കാലത്തെ ഇത്തരം പദ്ധതികളുടെ പിഴച്ചുപോയ കഥകളെ ഓർമ്മിപ്പികുകയാണ്. ശുചിത്വമുള്ള ഒരു സമൂഹം സാധ്യമാകണമെങ്കിൽ എല്ലാ ജനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്തികൊണ്ട് മാത്രമേ ലക്ഷ്യത്തിൽ എത്തുവാൻ കഴിയൂ. കേരളത്തിലെ ലക്ഷം വീടുകൾ പുറം പോക്ക് വീടുകൾ ആദിവാസി കോളനികൾ ഒക്കെ വേണ്ടത്ര പരിസര ശുചിത്വമില്ലാത്തവയാണ് എന്നത് ശുചിത്വ കേരളം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിലയാണ്. ഇടതു സർക്കാർ അത്തരത്തിൽ ഒരു സംഘടിത നീക്കം മുന്നോട്ട് വെയ്ക്കുവാൻ ശ്രമിച്ചിട്ടില്ല.
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ജല ദൗർലഭ്യത്തിന്‍റെതാണ്. 3 മീറ്റർ മഴ ലഭിക്കുന്ന കേരളം ശുദ്ധജല ലഭ്യതയിൽ 12ാം സ്ഥാനത്താണെന്നത് നമുക്ക് വിശ്വസിക്കുവാൻ ഇഷ്ടപ്പെടാത്ത യാഥാർത്ഥ്യമാണ്. പശ്ചിമഘട്ടത്തിന്‍റെ ശോഷണത്തിൽ ഒരു താൽപര്യവും കാണിക്കാത്ത ഇടതു വലതു മുന്നണികൾ കേരളത്തിൽ കുറഞ്ഞുവരുന്ന മഴയെ പഴിക്കുന്പോൾ അതിനുള്ള അടിസ്ഥാന കാരണത്തെ മറക്കുന്നവർക്ക് എങ്ങനെയാണ് ജല സംരക്ഷണത്തിൽ ഭാവനാസന്പന്നമായ പദ്ധതികൾ ആവിഷിക്കരിക്കുവാൻ കഴിയുക?
കേരളത്തിലെ കാർഷിക രംഗം നിരവധി പ്രതിസന്ധികളിലൂടെ കഴിഞ്ഞ 30 വർഷമായി കടന്നു പോകുന്നു. ഭക്ഷ്യ വിളകൾ മുതൽ നാണ്യ വിളകൾ വരെ തിരിച്ചടികൾ നേരിടുകയാണ്. ആഗോളവൽക്കരണത്തിന്‍റെ ഭാഗമായ കരാറുകൾ വളരെ വലിയ ദുരിതങ്ങൾ നമുക്ക് നൽകുന്നുണ്ട്. അതിൽ വിലയിടുവും സബ്സിഡി ഒഴിവാക്കലും തുടങ്ങി വിത്തിലും വളത്തിലും ബഹുരാഷ്ട്ര കുത്തകൾ നടത്തുന്ന ഇടപെടലുകൾ, ഉത്‌പ്പന്നങ്ങൾ അവധിവ്യപാരത്തിലൂടെ ബഹുരാഷ്ട്ര കുത്തകൾ കൈപിടിയിൽ ഒതുക്കുന്നത് ഒക്കെ തന്നെ കാർഷിക രംഗത്തെ പ്രതിസന്ധികൾ ആണ്. ഒപ്പം നെൽകൃഷിയുടെ അപകടരമായ ഉത്‌പാദനക്കുറവ് പരിഹരിക്കേണ്ടത് തന്നെ. പരമാവധി പാടങ്ങൾ കൃഷിയോഗ്യമാക്കേണ്ടതുണ്ട്. ജൈവകൃഷിയിലേക്ക് നമ്മൾ മടങ്ങിവരാതെ നമ്മുടെ ആരോഗ്യ രംഗത്തെ ദുരന്തങ്ങളെ പ്രതിരോധിക്കുവാൻ കഴിയുകയില്ല. എന്നാൽ കേരളത്തിലെ കൃഷിയുടെ അടിസ്ഥാന പ്രശ്നം കൃഷിഭൂമി കൃഷിക്കാരനല്ല എന്ന വിഷയമാണ്. കൃഷി ഭൂമി കർഷകന് എന്ന മുദ്രാവാക്യവുമായി അരനൂറ്റാണ്ടായി നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഇടതുപക്ഷ പാർട്ടികൾ ഭൂമിയുടെ ഉടമസ്ഥാവകാശം കർഷകരിൽ എത്തിച്ചു കൊടുക്കുവാൻ ആവശ്യമായ തീരുമാനങ്ങളിൽ മൗനം അവലംബിക്കുന്നു എന്നത് ഗൗരവതരമായ പിശകാണ്. കേരളത്തിലെ കാർഷിക രംഗത്ത് വിപ്ലവകരമായ പരിവർത്തങ്ങൾ വരുത്തുവാൻ പ്രാഥമികമായി എടുക്കേണ്ട തീരുമാനത്തെ മറന്നുകൊണ്ട് ജനങ്ങളെ കൃഷിയുടെ ലോകേ എത്തിക്കുവാൻ നടത്തുന്ന ഏത് ശ്രമവും രോഗത്തെ കാണാതെയുള്ള ചികിത്സയായി മനസ്സിലാകേണ്ടതുണ്ട്.
കേരളത്തിലെ ഇന്നത്തെ ഇടതു സർക്കാർ മുന്നോട്ട് വെച്ച ഹരിത കേരളം പദ്ധതികൾ കേവലം സർക്കാർ പ്രഖ്യാപനങ്ങളിൽ നിന്നും കേരളത്തിന് പുതിയ ദിശാബോധം നൽകേണ്ടതുണ്ട്. അതിൽ ഉണ്ടാകുന്ന പരാജയം കേരളത്തെ കൂടുതൽ പ്രതിസന്ധിയിൽ എത്തിക്കും.