ശ്രീമതി ജയലളിതയ്ക്ക് ആദരാഞ്ജലികൾ
ഇ.പി അനിൽ
തമിഴകത്തിന് ലോകത്തെ വളരെ പഴക്കം ചെന്ന ഇന്ത്യയിലെ സാംസ്‌കാരിക ഇടനാഴികകളിൽ ഏറെ പ്രത്യേകതകൾ ഉണ്ട്. ലോകത്തെ ക്ലാസിക് പട്ടികയിൽ പെടുന്ന, എല്ലാ വിഭാഗം ജനങ്ങളും പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന, ഇന്നും ഉപയോഗത്തിൽ ഇരിക്കുന്ന, ചുരുക്കം ഭാഷകളിൽ ഒന്നാണ് തമിഴ്. മലയാളക്കരയുടെ ദേവീസങ്കൽപ്പങ്ങളിൽ മുതൽ ആഹാരശീലങ്ങളിൽ വരെ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന തമിഴകം കേരളത്തിന് വഴികാട്ടിയാണ്.
ആദിമവാസികൾ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹോമോസാപ്പിയൻസുകളാണ് ദ്രാവിഡ ജനവിഭാഗം. മനുഷ്യ വർഗത്തിലെ ആസ്ട്രയിലോടുകൾ എന്ന കൂട്ടത്തിൽ പെടുന്ന ദ്രാവിഡ ജനത കിഴക്കൻ ആഫ്രിക്കയിൽ നിന്നും എത്തിയ ആദിമ മനുഷ്യന്‍റെ തുടർച്ചക്കാരാണെന്ന് നരവംശ ശാസ്ത്രം പറയുന്നു. അക്കൂട്ടർ സാഗ്രോസ്സ് പർവതനിരയിൽ (ഇറാൻ--−ഈജിപ്ത് അതിർത്തിയിൽ) നിന്നും തുർക്മെനിസ്ഥാൻ വഴി ഇന്ത്യൻ ഭൂഖണ്ധത്തിൽ എത്തി എന്ന് കരുതുന്നുണ്ട്. ദ്രാവിഡ വിശ്വാസത്തിലെ ശിവൻ, പാർവതി, ഗണപതി, കൃഷ്ണൻ തുടങ്ങിയ ദൈവങ്ങൾ സുമേരിയൻ വിശ്വാസത്തിന്‍റെ ഉൽപന്നങ്ങളാണ്. ഹാരപ്പ, മോഹൻജദാരോ− സംസ്കാരത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്ന ദ്രാവിഡ ജനത അവരുടെ വിശ്വാസത്തെയും ഭാഷയെയും അഫ്ഗാനിസ്ഥാൻ, ചൈന മുതൽ ശ്രീലങ്ക, വിയറ്റ്നാം, കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വരെ എത്തിച്ചു. കണ്ണകി പോലെയുള്ള ബുദ്ധ അവതാരങ്ങൾ ഹൈന്ദവ ദേവിയുടെ സ്ഥാനത്തേക്ക് ഉയർത്തപെട്ടതിന് (തിരുവനന്തപുരം ആറ്റുകാൽ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങൾ) കാരണം ദ്രാവിഡ ജനതയുടെ സാംസ്‌കാരിക തികവാണ്.
2500 വർഷങ്ങൾ പഴക്കം ചെന്ന സംഘ കാലം (ബി.സി 400 മുതൽ 300 വരെ) ദ്രാവിഡ സാമൂഹിക−സാഹിത്യ ലോകത്തിനു വലിയ സംഭാവനകൾ നൽകിയത് തമിഴ് ഭാഷാ രംഗത്തെ പ്രധാന കൃതികളായ ആകാതിയം, തോൽകാപിയം എന്നിവയുടെ വ്യാകരണ രംഗത്തെ ഇടപെടലുകൾ ആണ്. 500നടുപ്പിച്ച രചനകളും 2300 കവികളും അടങ്ങുന്ന സംഘകാലം ബുദ്ധ ജൈന മതങ്ങളുടെ സ്വാധീനത്തിലായിരുന്നു. തമിഴ് സാഹിത്യത്തിലെ പഞ്ചമഹാ കാവ്യങ്ങളിൽ (ചിലപ്പതികാരം, മണിമേഖല, ജീവക ചിന്താമണി തുടങ്ങിയവയിൽ) പ്രഥമ സ്ഥാനം വഹിക്കുന്ന ചിലപ്പതികാരം രചിച്ചത് ഇളങ്കോവടികൾ ആണ്. (ചേരൻ ചെങ്കിട്ടവന്‍റെ സഹോദരൻ) കവിതയിൽ സാഹിത്യം, സംഗീതം, നാടകം തുടങ്ങിയ മുത്തമിൾ സാഹിത്യമാണ് ചിലപ്പതികാരം എന്ന് അറിയപെടുന്നത്. ലോക സാഹിത്യത്തിൽ പെടുത്തി അംഗീകരിച്ചു വരുന്ന ചിലപ്പതികാരം കണ്ണകിയുടെ പ്രണയവും മറ്റും വിഷയമാക്കുന്നു. സംഘകാലത്തെ സാഹിത്യം മതേതര ആശയങ്ങളാൽ സന്പന്നമായിരുന്നു. തമിഴ് സ്വാധീനം തെക്കെ ഇന്ത്യയിൽ കൊങ്കൺ മുതൽ കേരള, ആന്ധ്രാ തീരങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ ഒരൊറ്റ നാടായി ഒന്നിപ്പിച്ചു നിർത്തി. ചേര−-ചോള-−പാണ്ധ്യ ഭരണം വടക്കെ ഇന്ത്യയിലെ വൻകിട സാമ്രാജ്യ രാജഭരണത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. എന്നാൽ പിൽക്കാലത്ത് ബുദ്ധ ജൈനമതങ്ങളെ സംഘടിതമായി തകർത്ത ബ്രാഹ്മണിക്കൽ മത നേതൃത്വം തമിഴകത്തെ ചാതുർവർണ്യ സംവിധാനത്തിൽ കെട്ടിയിട്ടു. 20ാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യ സമരത്തിനൊപ്പം ദ്രാവിഡ ഭാഷയെയും മറ്റും രണ്ടാം തരമായി കാണുവാൻ ശ്രമിച്ച ബ്രാഹ്മണാധിപത്യത്തിനെതിരായും ജനങ്ങൾ സമരങ്ങൾ ശക്തമാക്കി. അതിനവർ ഉയർത്തിയ മുദ്രാവാക്യം ദ്രാവിഡ ദേശം എന്നതായിരുന്നു. ആ സമരം പിൽക്കാലത്ത് ദ്രാവിഡ കഴകം എന്ന സംഘടനയിലേക്ക് ജനങ്ങളെ എത്തിച്ചു. എന്നാൽ പ്രസ്തുത സംഘടന രാഷ്ട്രീയ സമരങ്ങളെക്കാൾ അന്ധവിശ്വാസത്തിനെതിരായ പ്രചരണങ്ങൾക്കും ഒപ്പം ബ്രാഹ്മണ അധിനിവേശത്തിനെതിരായി ജനകീയ പരിപാടികൾ സംഘടിപ്പിച്ചു. അതിന്‍റെ ചുക്കാൻ പിടിച്ച പെരിയോർ എന്ന ഇ.വി രാമസ്വാമി നായിക്കർ പ്രവർത്തങ്ങൾ കേരളത്തിലേക്കും വ്യാപിപ്പിച്ചു. അദ്ദേഹം വൈക്കം സത്യാഗ്രഹത്തിൽ പങ്കാളിയായി. പിൽക്കാലത്ത് 1949ൽ ദ്രാവിഡ കഴകത്തിൽ നിന്നും വിട്ട് ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുവാൻ അണ്ണാദുരൈ നേതൃത്വം കൊടുത്തു. അത് ഒരു പൂർണ രൂപത്തിലുള്ള രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പ്രവർത്തനം സജീവമാക്കി. ഭാഷാ സംസ്ഥാന രൂപീകരണം തമിഴ്നാടിന്‍റെ പഴയകാല ദ്രാവിഡ ദേശം അതിർത്തിയുടെ വ്യാപ്തി കുറപ്പിച്ചു. കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസരംഗത്തെ ഭാഷാസമീപനവും ദേശീയ ഭരണ ഭാഷയിൽ പ്രാദേശിക ഭാഷകൾക്ക് വേണ്ടത്ര സമീപനം ലഭിക്കാതിരുന്നതും തമിഴ് വികാരത്തെ ചൊടിപ്പിച്ചു. അങ്ങനെ സ്വതന്ത്ര തമിഴ് ദേശീയതയെ പറ്റിയുള്ള ചർച്ചകൾ സജീവമായി. ലങ്കയും കേരളവും കന്നഡയും ആന്ധ്രയും ചേർന്ന ഒരു ദേശീയതയെ തകർക്കുവാൻ കേന്ദ്ര സർക്കാർ യു.എ.പി.എ നിയമം നിർമിച്ച് നടപ്പിൽ കൊണ്ടുവന്നു.(60കളിൽ) ആ നിയമമാണ് ഇന്നു കേരളത്തിലും വിചാരണ കൂടാതെ ജനങ്ങളെ ജയിലിൽ അടക്കുവാൻ കേന്ദ്ര−സംസ്ഥാന സർക്കാരുകൾ ഉപയോഗപ്പെടുത്തുന്നത്.
ഇന്ത്യൻ രാഷ്ട്രീയം വിശ്വാസികളുടെയും അവിശ്വാസികളുടെയും കൂടിച്ചേരൽ എന്ന് പറയാമെങ്കിലും അത് വിശ്വാസികളുടെ ഏകപക്ഷീയമായ ഒരു ലോകത്തിലാണ് പ്രവർത്തിക്കുന്നത്. ഈശ്വര പ്രാർത്ഥനയും വിവിധ മത സംബന്ധിയായ ആരാധന രൂപങ്ങളും പൊതു ഇടങ്ങളിൽ തന്നെ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നു. സ്വാതന്ത്ര്യ സമരത്തിൽ സ്വാതന്ത്ര്യ സങ്കൽപ്പം തന്നെ ദൈവിക പരിവേഷത്തിൽ എത്തിച്ചേർന്നു. ഗണപതിയും സരസ്വതിയും കാളിയും വന്ദേമാതരവും ദേശീയതയെ പ്രകടിപ്പിക്കുവാനുള്ള ഉത്തമ ഉപാധികൾ ആയി. ബഹുസ്വരമായ ഒരു പ്രദേശത്തെ വിവിധ മതങ്ങളുടെ ആശയങ്ങളെ ജനസമരങ്ങളുടെ ഇടങ്ങളിൽ എത്തിച്ച് വിശ്വാസികളായ ജനങ്ങളെ സജീവമാക്കുവാൻ ഗാന്ധിജി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു എങ്കിലും അത് രാഷ്ട്രീയത്തിൽ മത നിരപേക്ഷതക്ക് ക്ഷീണം വരുത്തിവെച്ചു. മുസ്ലീംലീഗ് ഉണ്ടാകുവാനുള്ള കാരണങ്ങളിൽ ഒന്ന് നാഷണൽ കോൺഗ്രസ് ഉപയോഗിച്ച ഹിന്ദു അടയാളങ്ങളും ഹൈന്ദവതയുടെ വർദ്ധിച്ച സ്വാധീനവുമാണ്. അത് പിൽക്കാലത്ത് കൂടുതൽ സജീവമായി. ഹൈന്ദവതയുടെ സാംസ്കാരികവും മറ്റുമായ മുഖം ബ്രാഹ്മണ്യം ആയതിനാൽ ഫലത്തിൽ പൊതു രാഷ്ട്രീയത്തിൽ ബ്രാഹ്മണ ജാതിയുടെ മേൽക്കോയ്മക്ക് കൂടുതൽ അംഗീകാരങ്ങൾ കിട്ടി. സ്വാഭാവികമായും സംസ്കൃതം ഉത്കൃഷ്ഠ ഭാഷയായി അംഗീകരിക്കുകയും ഹിന്ദുസ്ഥാനിയും ഏറെ പഴയ ഭാഷകളിൽ പ്രസിദ്ധമായ ദ്രാവിഡ ഭാഷയെയും മറ്റും രണ്ടാം തരത്തിൽ കാണുന്ന പ്രവണത ഉണ്ടായി. ഇന്ത്യൻ ജനസംഖ്യയിൽ 3% മാത്രമുള്ള ബ്രാഹ്മണരുടെ നിഷ്ഠകൾ നാടിന്‍റെ പൊതു ഇടങ്ങളിൽ മുൻതൂക്കം നേടി എടുക്കുവാൻ കൂടുതൽ അവസരങ്ങൾ കിട്ടിയ സാഹചര്യത്തെ ശക്തമായി എതിർക്കുവാൻ ദ്രാവിഡ സംസ്കാരത്തിൽ വിശ്വസിച്ചു വരുന്നവർ തയ്യാറാകുക സ്വാഭാവികമാണ്. സംഘകാലം മുതൽ മത നിരപേക്ഷമായ ഒരു സമൂഹത്തിൽ ജീവിച്ചു വന്ന കണ്ണകിയുടെയും തിരുവുള്ളവരുടെയും പിൻഗാമികൾ ബ്രാഹ്മണാധിപത്യത്തെ ശക്തമായി എതിർക്കുവാൻ ദ്രാവിഡ കഴകത്തെ ഉപയോഗിച്ചു. പെരിയോർ എന്ന രാമസ്വാമിയും അദ്ദേഹത്തിന്‍റെ ഗുരു നടേശ മുതലിയാരും ശക്തമായ ബ്രാഹ്മണ വിരുദ്ധ ആശയങ്ങളെയും ചാതുർവർണ്യ വിരുദ്ധ പരിപാടികളെയും സജീവമാക്കി.
സ്വാതന്ത്ര്യാനന്തരം തമിഴ്നാട് രാജാജിയെയും മറ്റും രാഷ്ട്രീയമായി അംഗീകരിച്ച് കോൺഗ്രസിനു രാഷ്ട്രീയമായി വേരോട്ടം കിട്ടിയ നാടായിരുന്നു. ഏറെ മുന്‍പേ സജീവമായിരുന്ന ജസ്റ്റീസ് പാർട്ടി (യുക്തിവാദവും ദ്രാവിഡ ആശയങ്ങളും പ്രചരിപ്പിച്ച രാഷ്ട്രീയ പാർട്ടി 1920 മുതൽ സംസ്ഥാനം ഭരിച്ചിരുന്നു.) തകർന്നത് കോൺഗ്രസിനെ കൂടുതൽ ശക്തമാക്കി. രാജാജി, കാമരാജ്, ഭക്തവത്സലൻ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ 1967 വരെ അധികാരത്തിൽ തുടർന്നു. എന്നാൽ അതിനു ശേഷം തമിഴ്നാട് ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ പ്രതീകമായ ഡി.എം.കെയുടെ ഭരണത്തിൽ തുടർന്നു. ദ്രാവിഡ രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന അണ്ണാദുരൈ 67 മുതൽ മരണം വരെ മുഖ്യമന്ത്രിയാകുകയും പിന്നീട് നെടുംചെരനും കരുണാനിധിയും അധികാരത്തിൽ എത്തുകയും ചെയ്തു.
അണ്ണാദുരൈയും കരുണാനിധിയും സിനിമയിലെ തങ്ങളുടെ ജന സ്വാധീനം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗപ്പെടുത്തി. അപ്പോഴും അവർ ദ്രാവിഡ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന നിലപാടുകളെ വളരെ ശക്തമായി പ്രതിനിധീകരിച്ചു. തമിഴ്നാട്ടിൽ നിലനിന്നിരുന്ന (ഇന്നും നിലനിൽക്കുന്ന) ജാതി വിവേചനം പ്രധാന വിഷയമാക്കി നാടകവും മറ്റു കലാരൂപങ്ങളെയും ഉപയോഗിച്ച് മത നീരസത്തെ പ്രധാന വിഷയമാക്കുവാൻ അവർ മടിച്ചില്ല. കരുണാനിധിയുടെ സുഹൃത്തും വെള്ളിത്തിരയിലെ നായകനുമായ ജന്മം കൊണ്ട് ഒറ്റപാലത്തുകാരൻ അണ്ണാദുരയുടെ നേതൃത്വത്തിൽ ഡി.എം.കെ പ്രവർത്തനത്തിൽ സജീവമായിരുന്നു. അണ്ണയുടെ കാലശേഷം അദ്ദേഹം സംഘടനയുടെ ട്രഷറർ ആയി പ്രവർത്തിച്ചു. എന്നാൽ 70 ആയപ്പോഴേക്കും അധികാര തർക്കത്താൽ എം.ജി.ആർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. (എ.ഐ.ഡി.എം.കെ 1972) അടിയന്തിരാവസ്ഥയെ പിന്തുണച്ച എം.ജി.ആർ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായി മരണം വരെ തമിഴകം ഭരിച്ചു. പ്രസ്തുത പാർട്ടിയുടെ പിൽക്കാല നേതാവായി പെട്ടെന്ന് കടന്നുവന്ന ജയലളിത എം.ജി.ആർ കൈക്കൊണ്ട നിലപാടുകളെയും കടത്തി വെട്ടുന്ന ദ്രാവിഡ വിരുദ്ധ രാഷ്ട്രീയത്തിന് മാതൃകയാണ്.
കരുണാനിധി എന്ന സാഹിത്യകാരനും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തിയും കൂട്ടുകാരും ശരാശരി ഇന്ത്യൻ രാഷ്ട്രീയക്കാരുടെ എല്ലാ ദുർഗുണങ്ങൾക്കൊപ്പം പ്രവർത്തിച്ചു വന്നവർ ആണെങ്കിലും അവർ ഉയർത്തിയ ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയത്തെ മറക്കുവാൻ തയ്യാറായിരുന്നില്ല ദേവാലയങ്ങളിൽ നിന്നും അന്ധവിശ്വസങ്ങളിൽ നിന്നും അകന്നു നിൽക്കുക, ഒരു രാഷ്ട്രീയ നിലപാടായി ഇക്കൂട്ടർ കണ്ടു. എ.ഐ.ഡി.എം.കെ രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയ എം.ജി.ആർ ജനങ്ങളിൽ വികാരങ്ങൾ ഉണർത്തി തന്‍റെ താരപരിവേഷത്തിൽ രാഷ്ട്രീയലാഭം കൊയ്യുവാൻ ശ്രമിച്ചു. ദേവാലയങ്ങളിൽ നിന്നും വിശിഷ്യ ബ്രാഹ്മണ രീതികൾ തുടരുന്നവയിൽ നിന്നും അകലം പാലിച്ച, ദ്രാവിഡ കാഴ്ചപ്പാടിനു പകരം ദേവാലയങ്ങളെ സർക്കാർ ചെലവിലും വ്യക്തിപരമായും സ്പോൺസർ ചെയ്യുവാൻ തയ്യാറായ, ശ്രീ.രാമചന്ദ്രൻ ക്ഷേമരാഷ്ട്രത്തിന്‍റെ ചില രൂപങ്ങളെ നടപ്പിൽ വരുത്തി. ഏതൊരു സർക്കാരും ജനങ്ങളുടെ ഇല്ലായ്മകളെ സഗൗരവം കണ്ട് അവർക്ക് ആശ്വാസങ്ങൾ എത്തിക്കേണ്ടവരാണ്. എന്നാൽ അത് ആസൂത്രണങ്ങളിലൂടെയാണ് നടപ്പിൽ വരുത്തേണ്ടത്. പകരം ജനങ്ങൾക്ക് അവരുടെ ജീവിതത്തിൽ ഉപകരിക്കുന്ന ചില വിഭവങ്ങൾ(consumer) വിതരണം ചെയ്യൽ ജനങ്ങൾക്കും ഒപ്പം സർക്കാരിനും ആരോഗ്യകരമായ ഫലം ആയിരിക്കില്ല നൽകുക. (സാരിയും പ്രഷർ കുക്കറും ടി.വിയും മറ്റും) എം.ജി.ആർ ആരംഭിച്ച ഇത്തരം സൗജന്യ സാമഗ്രി വിതരണം തമിഴ്നാട്ടിലെ സാന്പത്തികരംഗത്തെ താറുമാറാക്കി.
തമിഴ്നാട് എന്ന കർഷകരുടെ നാട്ടിലെ അസമത്വവും ജന്മി നാടുവഴി ബന്ധങ്ങളും പിന്നോക്കക്കാരെയും ദളിതരെയും മുഖ്യധാരയിൽ നിന്നും ഒഴിവാക്കുവാൻ കാരണമാകുന്നു. ജാതികൾ തമ്മിൽ ഗോത്ര വികാരത്തിൽ വെട്ടി മരിക്കുവാൻ പോലും തയ്യാറായ ഗ്രാമങ്ങൾ ഉള്ള തമിഴ്നാട്ടിൽ അവയുടെ അടിസ്ഥാന കാരണമായ ഭൂമിയുടെ പുനർവിതരണത്തെ പറ്റി ഒന്നും പറയാത്ത സർക്കാർ ജന്മി നാടുവാഴിത്ത്വത്തെ ഒരു വശത്തുകൂടി പിന്തുണക്കുന്പോൾ ആണ് മറുവശത്ത് ജനനന്മയെ ലക്ഷ്യം വെച്ച് സൗജന്യങ്ങൾ വിതരണം ചെയ്യുന്നത് എന്ന് മറക്കരുത്. ഈ ഇരട്ടത്താപ്പുകൾ പിന്നീട് വന്ന ഡി.എം.കെയും ജയലളിതയും മത്സരിച്ചു തുടരുന്നു. കരുണാനിധി 2006ൽ നടപ്പിലാക്കിയ സൗജന്യ ടി.വി വിതരണം അദ്ദേഹത്തിന് വിജയപാത ഒരുക്കി. അതിനൊപ്പം കരുണാനിധിയുടെ മരുമകന്‍റെ കുടുംബം ഇന്ത്യയിലെ ഏറ്റവും സന്പന്നരിൽ ഒരാളായി ഇടം നേടി. ഈ പാത കുറേകൂടി വളർത്തുവാൻ ജയലളിതയും ആസൂത്രിതമായി ശ്രമിച്ചു. തമിഴ് കുടുംബന്ധങ്ങളിൽ താലി വളരെ വൈകരികമായ വിഷയമായിരിക്കെ താലി സർക്കാർ സമ്മാനമായി നൽകുക (വിവാഹത്തിന് ഒരു തുകയും), കുട്ടികൾക്ക് സൈക്കിൾ നൽകുക തുടങ്ങിയ പദ്ധതികൾ ജനങ്ങൾക്ക് നൽകുന്നതിനു പിന്നിൽ വൈകരികമായ ഒരു ബന്ധം സാധാരണ ജനങ്ങളിൽ ഉണ്ടാക്കി എടുക്കുക എന്ന വൈകാരിക രാഷ്ട്രീയ തന്ത്രമാണ് ഉപയോഗപ്പെടുത്തിയത്.
ജയലളിത നടത്തിയ അഴിമതികൾ മറ്റു രാഷ്ട്രീയക്കാരുടെ അഴിമതികളിൽ നിന്നും ചില കാര്യങ്ങളിൽ വേറിട്ട് നിൽക്കുന്നു. അഴിമതികളിൽ ഉയർന്നു കേട്ട പലതും പഴയ ഫിലിപ്പീൻസ് ഭരണാധികാരിയുടെ സഹധർമ്മിണിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു. ചെരുപ്പ് മുതൽ ഭൂമി വിഷയത്തിൽ വരെ അവർ കാട്ടിയ സാന്പത്തിക തിരിമറികൾ (പലതും തെളിയിക്കപ്പെട്ടില്ല) നാട്ടിൽ ചർച്ച ആയെങ്കിലും കരുണാനിധിയും സർക്കാരും അവർക്കെതിരായി നിയമസഭക്ക് അകത്തും പുറത്തും നടത്തിയ (വ്യക്തിപരമായി പോലും നടത്തിയെന്ന് പറയപെടുന്ന) ആക്ഷേപങ്ങളും ജയിലിൽ അടച്ച സംഭവവും ജയലളിതക്ക് മടങ്ങി വരുവാൻ ആവശ്യമായ സഹതാപം ജനങ്ങളിൽ ഉണ്ടാകുവാൻ കാരണമായി. മാത്രവുമല്ല ജയലളിത നടത്തിയ അഴിമതിയിലും വെല്ലുന്ന അഴിമതികൾ (ദേശീയ തലത്തിലും സംസ്ഥാനത്തും) തന്‍റെ മക്കളും മരുമക്കളും നടത്തുകയും അധികാരത്തിനായി പരസ്പരം സഹോദരങ്ങൾ പടവെട്ടുകയും ചെയ്തപ്പോൾ ജയ കൂടുതൽ ജനങ്ങൾക്കിടയിൽ സ്ഥാനം ഉറപ്പിച്ചു എന്ന് പറയാം.
ഒരു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളുടെ ദാസരായി പ്രവർത്തിക്കേണ്ട ജനപ്രതിനിധികൾ ജനവിരുദ്ധ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്പോഴും അവരുമായി ഇടപഴകുവാൻ അവസരങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ശ്രീമതി ജയലളിത ആ വഴികൾ വിട്ട് പഴയ രാജപ്പാട്ട് രീതിയിൽ ജനങ്ങളിൽ നിന്നും അകന്നു നിൽക്കുവാൻ പരമാവധി ശ്രമിച്ചു. തന്‍റെ പാർട്ടിയിൽ ഉള്ളവരെ തന്‍റെ മുന്നിൽ താണ് വീണു വണങ്ങുന്നവരായി മാറ്റുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. നിയമസഭയിലെ സ്പീക്കർ പോലും അങ്ങനെ വണങ്ങി നിൽക്കുന്ന അവസ്ഥ എത്ര ലജ്ജാകരമാണ്. ഒപ്പം തന്നെ പ്രതിപക്ഷ പാർട്ടിക്കാരെ ശത്രുക്കളെ പോലെ കാണുവാൻ താൽപര്യപ്പെടുന്നു. ഇത്തരം രീതികൾ ജനാധിപത്യ സംവിധാനത്തിന് ഗുണപരമല്ല.
തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡ കക്ഷികളും കോൺഗ്രസും കഴിഞ്ഞാൽ ഏറെ സ്വാധീനം ഉണ്ടായിരുന്ന പാർട്ടിയായിരുന്നു കമ്യുണിസ്റ്റുകൾ. സേലം, ഈറോഡ്, കോയന്പത്തൂർ, മധുര തുടങ്ങിയ ജില്ലകളിൽ ഇരു പാർട്ടികളും ശക്തി ക്ഷയിച്ചു ഇല്ലാതാകുകയിരുന്നു. ഇരു ദ്രാവിഡ കക്ഷിക്കാരുമായി സീറ്റുകൾ തരപെടുത്തി എടുക്കുവാൻ നടത്തിയ വ്യവഹാരങ്ങൾ ആണ് അവർക്ക് ഈ ഗതി ഉണ്ടാക്കി കൊടുത്തത്.
തമിഴ്നാടെന്ന ഇന്ത്യയിലെ ഏറ്റവും സന്പന്നമായ ഒരു സംസ്ഥാനം ഇന്നു കൃഷിയിലും വ്യവസായത്തിലും തിരിച്ചടികൾ നേരിടുന്നു. സംസ്ഥാനത്തെ കടം 1.3 ലക്ഷം കോടിയിൽ എത്തിയിരിക്കുന്നു. നാടിന്‍റെ വരുമാനത്തിന്‍റെ പകുതിയിൽ അധികം കടം പേറുന്ന സംസ്ഥാനത്തെ പ്രകൃതിവിഭങ്ങൾ കൊള്ളയടിക്കുവാൻ സ്വകാര്യ സംരംഭകർ രംഗത്തുണ്ട്. ഭൂമിയുടെ കേന്ദ്രീകരണം തടയുവാനും ജാതി സ്പർദ്ധ അവസാനിപ്പിക്കുവാനും സർക്കാർ സംവിധാനങ്ങൾ വേണ്ട തീരുമാനങ്ങൾ എടുക്കുന്നതിൽ ശുഷകാന്തരല്ല.
തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി തുടർന്ന ശ്രീമതി ജയലളിതയുടെ ദേഹവിയോഗം ആരെയും വേദനിപ്പിക്കും. എന്നാൽ ഒരാളുടെ, വിശിഷ്യ ഒരു നേതാവിന്‍റെ മരണം അവരെ സന്പൂർണ്ണമായും മഹത്വവൽക്കരിക്കുവാനുള്ള അവസരമായി കാണുന്നത് ഗുണപരമായ രാഷ്ട്രീയ നിലപാടല്ല. ഒരാളുടെ മരണത്തെ വേദനയോടെ ഓർക്കുന്പോഴും അവരുടെ സേവനങ്ങളെ മാനിക്കുന്പോഴും അവർ ഉയർത്തിയ രാഷ്ട്രീയത്തിന്‍റെ ശരി തെറ്റുകളെ മറക്കുവാൻ ശ്രമിക്കുന്നത് ഉത്തമ ജനാധിപത്യം വളരുവാൻ സഹായകരമാകുകയില്ല.
ശ്രീ. ജയലളിതയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കട്ടെ.