ജനാധിപത്യത്തിൽ തോക്കുകൾ അപ്രസക്തമാണ്


ഇ.പി അനിൽ 

വ്യവസായ വിപ്ലവത്തിന് മുന്‍പും ലോകത്ത് നിരവധി ഇസങ്ങൾ‍ ഉണ്ടായിരുന്നു. ഹിന്ദുഇസം, ക്രിസ്ത്യനിസം, ഇസ്ലാമിസം, ബുദ്ധിസം അങ്ങനെ പലതും. വ്യവസായ വിപ്ലവത്തിനു ശേഷം പുതിയ ഒട്ടേറെ ഇസങ്ങളും ഉണ്ടായി. അതിൽ‍ മാർ‍ക്സ്-ഏങ്കൽ‍ഇസം, ലെനിനിസം, മോവോഇസം, സോഷ്യലിസം, ഫാസിസം, ഗാന്ധിസം, നെഹ്‌റുഇസം തുടങ്ങിയവ നമുക്ക് പരിചിതമായ ഇസങ്ങളാണ്.

ഇന്ത്യൻ‍ കമ്യുണിസ്റ്റ് പാർ‍ട്ടി രൂപീകരണം 1925ൽ‍ കാൺ‍പൂരിൽ‍ വെച്ച് നടന്നതായി ഒരു വിഭാഗം കമ്യുണിസ്റ്റ്കൾ‍ കരുതുന്പോൾ‍ മറ്റു ചിലർ‍ അത് താഷ്ക്കന്‍റിൽ‍ (920) വെച്ചാണെന്ന് വിശ്വസിക്കുന്നു. (ഇതിനു പിന്നിൽ‍ ഉള്ള കാരണം രാഷ്ട്രീയ അഭിപ്രായ ഭിന്നതകളാണ്.) കമ്യുണിസ്റ്റ് പാർ‍ട്ടികൾ‍ അതിന്‍റെ തുടക്കം മുതൽ‍ വലിയ ആശയ സംഘട്ടനങ്ങളുടെ ഇടം കൂടിയാണ്.

ലോകത്തെ ആദ്യ ശാസ്ത്രീയ കമ്യുണിസ്റ്റ് രാഷ്ട്രീയക്കാരനായ മാർ‍ക്സിന്‍റെ ആശയങ്ങളെ എതിർ‍ക്കുവാൻ‍ അദ്ദേഹത്തിനൊപ്പം ബക്കുനിൽ‍ ഉണ്ടായിരുന്നു. പുറത്തുനിന്നുള്ള വിമർ‍ശനങ്ങളെയും മാർ‍ക്സും സുഹൃത്ത്‌ എങ്കൽ‍സും ഗൗരവതരമായി കണ്ടു. അതിനായി നിരവധി പുസ്തകങ്ങൾ‍ എഴുതി. thesis+anithesis=synthesis (വാദം+പ്രതിവാദം=പുതിയ ആശയങ്ങൾ‍) എന്നത് കമ്യുണിസത്തിന്‍റെ അടിസ്ഥാന നിലപാടാണ്. മാർ‍ക്സിസ്സം പ്രയോഗിക്കുവാൻ‍ തുടങ്ങിയ റഷ്യൻ‍ സാഹചര്യത്തിൽ‍ ആശയ ഭിന്നതകൾ‍ കൂടി വന്നു. റഷ്യയിൽ‍ സ. ലെനിൻ‍ പാർ‍ട്ടി നേതൃത്വത്തിൽ‍ ഉണ്ടായിരുന്നപ്പോൾ‍ പാർ‍ട്ടി രണ്ടായി പിളർ‍ന്നു. അതിനുള്ള കാരണം റഷ്യൻ‍ വിപ്ലവത്തെ പറ്റിയുള്ള വ്യത്യസ്ഥ അഭിപ്രായങ്ങളായിരുന്നു. അതിൽ‍ ഒരു വിഭാഗത്തെ മെൻ‍ഷെവിക്കുകൾ‍ എന്നും മറ്റേ വിഭാഗത്തെ ബോൾ‍ഷെവിക്കുകൾ‍ എന്നും വിളിച്ചു. ഇതിൽ‍ സ.ലെനിൻ‍ രണ്ടാമത്തെ വിഭാഗത്തിൽ‍ പെടുന്നു. അതിൽ‍ ലെനിനും കൂട്ടരും മുന്നോട്ട് വെച്ച നിലപാടുകൾ‍ ശരിയായിരുന്നു എന്ന് പിൽ‍ക്കാല അനുഭവങ്ങൾ‍ തെളിയിച്ചു.

ഇന്ത്യയിൽ‍ കമ്യുണിസ്റ്റ് പാർ‍ട്ടിയുടെ ആദ്യ അഖിലേന്ത്യ സമ്മേളനത്തിൽ‍ തന്നെ ഇന്ത്യൻ‍ വിപ്ലവത്തെ പറ്റിയും അതിനു മുന്‍പ് ഇന്ത്യയിലെ കോൺ‍ഗ്രസ് നടത്തുന്ന സ്വാതന്ത്ര്യ സമരത്തെ വിലയിരുത്തി വന്നതിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ‍ പ്രകടമായിരുന്നു. കമ്യുണിസ്റ്റ് പാർ‍ട്ടിയുടെ ഇന്ത്യയിലെ ഭാവി പരിപാടികൾ ‍വിശദമാക്കുന്ന രേഖ പുറത്ത് വരുന്നത് ഏകദേശം 25 വർ‍ഷങ്ങൾ‍ക്ക് ശേഷമാണ്. പാർ‍ട്ടിയുടെ സ്ഥാപക നേതാവ് എന്ന് പറയാവുന്ന സ. എംഎൻറോയ് എന്ന സാന്പത്തിക വിദഗ്ദ്ധൻ‍ പാർ‍ട്ടിക്ക് പുറത്തു വന്ന് നാഷണൽ കോൺഗ്രസ്സിന്  പിന്തുണ നൽ‍കണമെന്ന വാദം ഉയർ‍ത്തി. രണ്ടാമത്തെ ഏറ്റവും ശ്രദ്ധേയനായിരുന്ന തൊഴിലാളി നേതാവ് സ.ഡാൻ‍കെയും പാർ‍ട്ടി നയങ്ങളിൽ‍ നിന്നും വ്യതിചലിച്ച് പുറത്തുവന്നു. ഇന്ത്യൻ‍ കമ്യുണിസ്റ്റ് പാർ‍ട്ടിയിൽ‍ ആശയപരമായ ഏറ്റുമുട്ടൽ‍ തുടർ‍ന്നു. പാർ‍ട്ടിയിൽ‍ പിളർ‍പ്പുണ്ടായത് 1964 ലാണ്. കമ്യുണിസ്റ്റ് പാർ‍ട്ടി cpi യും cpi.m മായി പിരിഞ്ഞു. ഇവരുടെ പിളർ‍പ്പിനു പിന്നിൽ‍ ഉണ്ടായിരുന്ന കാരണം ഇന്ത്യൻ‍ രാഷ്ട്രീയ വിപ്ലവം എങ്ങനെ നടത്തണം എന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. cpi മുന്നോട്ടു വെച്ച നിർ‍ദ്ദേശങ്ങൾ‍ ഇന്ത്യയിൽ‍ ദേശീയ ജനാധിപത്യ വിപ്ലവം നടപ്പിൽ‍ വരുത്തണം, അതിനായി കോൺ‍ഗ്രസ് തുടങ്ങിയ പാർ‍ട്ടികളുമായി ചേർ‍ന്ന് തന്ത്രങ്ങൾ‍ മെനയണം എന്നാണ്. അതിന്‍റെ അടിസ്ഥാനത്തിൽ‍ cpi ശ്രീമതി ഇന്ദിരയുടെ സർ‍ക്കാരിനെ അടിയന്തിരാവസ്ഥയിലും പിന്തുണച്ചു. മറ്റു വലതുപക്ഷ സർ‍ക്കാരുമായി ചേർ‍ന്ന് (ഇന്നത്തെ BJPയുടെ ആദ്യരൂപമായിരുന്ന ജനസംഘവുമായി ഒത്തുചേർ‍ന്നു ബീഹാറിൽ‍) അധികാരം പങ്കിട്ടു.

cpim എടുത്ത നിലപാട് മറ്റൊന്നായിരുന്നു. ഇന്ത്യയിൽ‍ നടക്കേണ്ട വിപ്ലവം ജനകീയ ജനാധിപത്യ വിപ്ലവമായിരിക്കണം അതിൽ‍ കോൺഗ്രസ് ഉൾ‍പ്പെടെയുള്ള പാർ‍ട്ടികളെ ശത്രുപക്ഷത്ത് നിർ‍ത്തണം. 1964ൽ‍ cpim രൂപീകരിച്ചു. എന്നാൽ‍ 67ൽ‍ പാർ‍ട്ടിയിൽ‍ നിന്നും ഒരു വിഭാഗം പാർ‍ട്ടി വിട്ട് മാവോയുടെ കാർ‍ഷിക വിപ്ലവമാണ് ഇന്ത്യയിൽ‍ നടക്കേണ്ടത്‌ എന്ന് വിലയിരുത്തി. അവരാണ് നക്സൽ ‍ബാരിയിൽ‍ ഭൂമി സമരം നടത്തിയത് (നക്സൽ‍ ബാരി എന്ന പ്രദേശം ഡാർ‍ജിലിങ്ങു ജില്ലയിൽ‍ പെടുന്നു). അവരെ പിൽ‍ക്കാലത്ത് നക്സലൈറ്റുകൾ‍ എന്ന്‍ അറിയപ്പെട്ടു. അവർ‍ ജനാധിപത്യത്തിൽ‍ വിശ്വസിക്കാതെ സായുധ സമരമാർ‍ഗ്ഗമാണ് ജനങ്ങളുടെ പ്രശനങ്ങൾ‍ക്ക് പരിഹാരം എന്ന് കരുതി അട്ടിമറി സമരങ്ങൾ‍ നടത്തി. വ്യക്തികളെ കൊലപെടുത്തി (ഉൻ‍മൂലനം) അത്തരക്കാരെ ഭയപ്പെടുത്തി സ്വത്തുകൾ‍ പിടിച്ചെടുത്ത് ആളുകൾ‍ക്ക് വിതരണം ചെയ്യുക ഒരു പരിപാടിയായി അവർ‍ പലയിടത്തും നടപ്പിൽ‍ വരുത്തി. കേരളത്തിൽ‍ നഗരൂർ‍, കുമ്മിൾ‍, മങ്കോന്പ്, കെണിച്ചിര തുടങ്ങിയ സ്ഥലങ്ങളിൽ‍ അത്തരം ആക്രമണങ്ങൾ‍ നടത്തി. ആന്ധ്രയിലും ബംഗാളിലും ഇത്തരം കൊലപാതകങ്ങൾ‍ അവർ‍ നടത്തുന്നതിൽ‍ വിജയിച്ചു. പക്ഷെ സർ‍ക്കാർ‍ എടുത്ത അടിച്ചമർ‍ത്തലുകൾ‍ക്ക് ഒപ്പം ജനങ്ങളിൽ‍ നിന്നും ഉയർ‍ന്നു വന്ന പ്രതിക്ഷേധം അവരെ കേരളത്തിലും മറ്റും ഒറ്റപ്പെടുത്തി.

തെലുങ്കാന പ്രദേശം ഇന്ത്യൻ‍ കമ്യുണിസ്റ്റുകളുടെ ചെമപ്പൻ‍ താഴ്്വര ആണ്. അവിടെ കമ്യുണിസ്റ്റ് ആശങ്ങളോടെ ജനങ്ങൾ‍ക്ക്‌ വലിയ മമത ഉണ്ടായിരുന്നു. പാർ‍ട്ടിയിൽ‍ ഉണ്ടായ പിളർ‍പ്പും തെരഞ്ഞെടുപ്പിൽ‍ മത്സരിക്കുന്ന കമ്യുണിസ്റ്റ്കളുടെ വിട്ടുവീഴ്ചകളും ജനങ്ങളെ നക്സൽ‍ ഗ്രൂപ്പുകളിലേക്ക് അടിപ്പിച്ചു. അവരുടെ വലിയ സമ്മേളനങ്ങൾ‍, ഗദ്ദർ‍ തുടങ്ങിയ ജനകീയ കവികൾ‍ പ്രദേശത്ത് വളരെ സ്വാധീനം ഉണ്ടാക്കി. പഴയ കാലത്ത് നടപ്പിൽ‍ വരുത്തിയ തെലുങ്കാന വിപ്ലവം(51)അവസാനം പരാജയപ്പെട്ടു എങ്കിലും ജനങ്ങൾ‍ക്ക് കമ്യുണിസ്റ്റ് ആഭിമുഖ്യം കുറഞ്ഞിരുന്നില്ല.

ലോകത്ത് പല രാജ്യങ്ങളിലും USSRന്‍റെ പിന്തുണയോടെ നടത്തിയ ഗറില്ല യുദ്ധങ്ങളിൽ‍ ഫിഡലും ചെഗുവേരയും റോവ്ൾ‍ഫും നേതൃത്വം കൊടുത്തു നടത്തിയ സമരം വിജയിച്ചു എങ്കിലും മറ്റു ദേശങ്ങളിൽ‍ സർ‍ക്കാരിനെ ഉലക്കുകയും ചില ഇടതു സ്വഭാവത്തിലെ സർ‍ക്കാരുകൾ‍ ഉണ്ടാകുവാൻ അവസരം കിട്ടിയെങ്കിലും സോഷ്യലിസത്തിനു ഉണ്ടായി തുടങ്ങിയ അപചയം ഇന്ത്യയിലും സംഘടനകൾ‍ ക്ഷയിക്കുവാൻ‍ കാരണമായി.

ആഗോളവൽ‍ക്കരണം ആത്യന്തികമായി ജനങ്ങളുടെ അവകാശങ്ങളുടെ മുകളിൽ‍ പ്രതിസന്ധി വീഴ്ത്തും എന്നറിയുന്ന ലോക സാമ്രാജ്യത്വം എല്ലാ രാജ്യങ്ങളിലും മുതൽ‍ മുടക്കുവാൻ‍ വരുന്നവർ‍ക്ക് കൂടുതൽ‍ സുരക്ഷ നൽ‍കുവാൻ പരമാവധി ശ്രമിച്ചു. അതിനായി നമ്മുടെ പോലീസിനും അന്തർ‍ദ്ദേശീയ പരിശീലനങ്ങൾ‍ നൽ‍കുവാൻ ലോക നേതാക്കൾ‍ പ്രത്യേകം ശ്രദ്ധിച്ചു. ജനകീയ സമരങ്ങളെ അടിച്ചമർ‍ത്തുവാൻ നിരവധി നിയമങ്ങൾ‍ ഉണ്ടാക്കി. ഇന്ത്യയിൽ‍ അങ്ങനെയാണ് TADAയും POTAയും അതിനു ശേഷം ബ്രിട്ടീഷ്‌കാർ‍ ഇന്ത്യക്കാർ‍ക്കെതിരായി ഉപയോഗിച്ച AFSPAയും UAPAയും ഒക്കെ പല രൂപത്തിൽ‍ വാർ‍ത്തയിൽ‍ ഇടം നേടിയത്. സംസ്ഥാനങ്ങളും അവർ‍ക്ക് ആവശ്യത്തിനു അടിച്ചമർ‍ത്തൽ‍ നിയമങ്ങൾ‍ ഉണ്ടാക്കി. കേരളത്തിലെ KAPA അത്തരത്തിൽ‍ ഒന്നാണ്. അതേസമയം പോലീസ് ജനമൈത്രി പേരിൽ‍ അറിയപ്പെടുവാൻ തുടങ്ങി. ആന്ധ്ര സർ‍ക്കാർ‍ നടപ്പിൽ‍ വരുത്തിയ സുരക്ഷാ നിയമത്തിനു മറവിൽ‍ ശ്രീകാകുളം തുടങ്ങിയ ഗ്രാമങ്ങളിൽ‍ ജനങ്ങൾ‍ക്ക് ഇടയിൽ‍ പ്രവർ‍ത്തിച്ച PWG പോലെയുള്ള സംഘടനയുടെ നേതാക്കൾ‍ തെലുങ്കാനാ പ്രദേശം വിടുവാൻ നിർ‍ബന്ധി തരായി. ഇന്ത്യയിലെ ക്ഷയിച്ചു വന്ന വിവിധ നക്സൽ‍ ഗ്രൂപ്പുകളെ കൂട്ടി യോജിപ്പിച്ച് അവർ‍ ഒരൊറ്റ സംഘടനയുണ്ടാക്കുവാൻ 2004 ൽ‍ തയ്യാറായി. അതാണ് ഇന്ത്യയിലെ 80 ലേറെ ജില്ലകളെ (സർ‍ക്കാർ‍ പറയുന്നത്) നിയന്ത്രിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്യുണിസ്റ്റ് ഗ്രൂപ്പായ Communist party of India( Maoist) എന്ന പാർ‍ട്ടി.

80കളിൽ‍ തന്നെ ആന്ധ്രാപ്രദേശിലെ പ്രവർ‍ത്തകർ‍ വേണുവും കൂട്ടരും ദണ്ടകാരണ്യ എന്ന പിൽ‍കാലത്ത് ഝത്തീസ്ഘട്ട് സംസ്ഥാനത്തിൽ‍ ഉൾ‍പെടുന്ന പ്രദേശവുമായി ബന്ധം സ്ഥാപിച്ചു. ദണ്ടകാരണ്യ− MP, മഹാരാഷ്ട്ര, ഒറീസ്സ, AP, തുടങ്ങിയ 5 സംസ്ഥാനവുമായി അതൃത്തി പങ്കിടുന്നു ഝത്തീസ്ഘട്ട്. ആനാട് ഗോണ്ട എന്ന ആദിവാസികളുടെ പ്രദേശമാണ്. തൊട്ടടുത്ത ബസ്തർ‍ ജില്ലയിലും അവർ‍ ആദിവാസികളുമായി ബന്ധപ്പെട്ടു തുടങ്ങി. സ്വയം പര്യാപ്തമായ ജീവച്ചു വന്ന ആദിവാസികളുടെ പ്രധാന ശത്രുക്കൾ‍ അഴിമതിക്കാരായ വന ഉദ്യോഗസ്ഥർ‍ ആയിരുന്നു. ലൈംഗിക-സാന്പത്തിക ചൂഷണങ്ങളിൽ‍ നിന്നും രക്ഷ നേടുവാൻ വേണുവും കൂട്ടരും ഇവരെ സഹായിച്ചു കൊണ്ട് സംഘടനാ ബന്ധങ്ങൾ‍ സജ്ജീവമാക്കി. ഒറ്റപ്പെട്ട ടാറ്റയുടെയും മറ്റും വൻ‍കിട വ്യവസായ സ്ഥാപനങ്ങൾ‍ ഇവരുടെ സ്വതന്ത്ര്യത്തിനു വിഘാതമായിരുന്നു എങ്കിലും അതിന് ഇന്നത്തെ അത്രയും രൂക്ഷത ഇല്ലായിരുന്നു. ഝത്തീസ്ഘട്ടിൽ‍ ഖനി വ്യവസായികളുടെ ചൂഷണത്തിൽ‍ നിന്നും തൊഴിലാളികളെയും പാരിസ്ഥിതിയെയും രക്ഷിക്കുവാൻ‍ പ്രവർ‍ത്തിച്ച ശങ്കൾ‍ ഗുഹാ നിയോഗിയെ വ്യവസായികൾ‍ക്ക് വേണ്ടി ഗുണ്ടകൾ‍ കൊലപെടുത്തിയിരുന്നു. അദ്ദേഹത്തിന്‍റെ അനുയായിയായിരുന്നു Dr.ബിനായക് സെൻ‍.

ആഗോളവൽ‍ക്കരണം നമ്മുടെ നാട്ടിൽ‍ ഇന്ത്യൻ‍−ബഹുരാഷ്ട്ര കുത്തകകൾ‍ക്ക് അനുവദിച്ച വലിയ ആനുകൂല്യങ്ങൾ‍ ഇന്ത്യയുടെ ധാതുഖനന മേഘലയിൽ‍ ജീവിച്ചു വരുന്ന ആദിവാസികൾ‍ക്കും മറ്റും അവരെ ജൻമഭൂമി ഉപേക്ഷിച്ചു പോകുവാൻ നിർ‍ബന്ധിതരാക്കി. അത്തരത്തിൽ‍ പുറത്താക്കപ്പെട്ട ആദിവാസികളുടെ എണ്ണം അരലക്ഷം കോടിക്കും മുകളിൽ‍ ആണ്. സ്വാഭാവികമായും അവരുടെ സമരങ്ങൾ‍ വിവിധ രൂപത്തിൽ‍ ശക്തിപ്പെടും എന്നതിനാൽ‍ അവരെയും മുഖ്യ ധാരയിൽ‍ നിന്നും പുറം തള്ളുന്നവരെയും അടിച്ചമർ‍ത്തുവാൻ‍കൂടുതൽ‍ സർ‍ക്കാർ‍ നിയമങ്ങൾ‍ ഉണ്ടാക്കി രംഗത്ത്‌ വന്നു. അങ്ങനെ നക്സൽ‍ പ്രവർ‍ത്തകർ‍ വനാന്തരങ്ങളിൽ‍ കൂടുതലായി കേന്ദ്രീകരിക്കുവാൻ‍ തുടങ്ങി. ജനങ്ങളുടെ മുകളിൽ‍ കൂടുതൽ‍ ചൂഷണങ്ങൾ‍ സജ്ജീവമായി.

ദണ്ടകാരണ്യ, ബസ്റ്റർ‍, ബിജാപൂർ‍ തുടങ്ങി ഒറിസയിലെ മിക്ക ജില്ലകളിലും ഝാർ‍ഘണ്ടിലെ 14 ജില്ലകൾ‍, ബീഹാറിലെ 15 ജില്ലകൾ‍, ആന്ധ്രയിലെ 16 ജില്ലകൾ‍, UP,MP, ബംഗാൾ‍ തുടങ്ങിയ ഏകദേശം 90000 sq. km പ്രദേശം red coridor എന്ന പേരിൽ‍ മാവോയിസ്റ്റ്കൾ‍ നിയന്ത്രിക്കുന്നു. എണ്ണം കൊണ്ട് ഏതാനും ആയിരം വരുന്ന ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ‍ നിന്നും ഉള്ള ഗറില്ല മാർ‍ഗ്ഗം സ്വീകരിച്ച മോവോ ആശയക്കാരിൽ‍ ( ഇവരെ മാവോ ആശയക്കാർ‍ എന്ന് വിളിക്കുവാൻ‍കാരണം അകൂട്ടർ‍ മാവോ പരീക്ഷിച്ചു വിജയിച്ച ഗ്രാമങ്ങൾ‍ നഗരങ്ങളെ വളഞ്ഞു വിപ്ലവം ഉണ്ടാക്കുക എന്ന ആശയഗതിയിൽ‍ പ്രവർ‍ത്തിക്കുന്നവരാണ് എന്നതിനാലാണ്) മുൻ‍ നിരക്കാർ‍ ആന്ധ്രയിൽ‍ നിന്നുള്ളവരാണ്. അതിൽ‍ ബംഗാളിൽ‍ വെച്ച് കൊല്ലപെട്ട കിഷൻ‍ജിയും ഇപ്പോൾ‍ പ്രധാനനേതാവായി തുടരുന്ന ഗണപതിയും പെടുന്നു. കേരളത്തിൽ‍ നിന്നും ആ പട്ടികയിൽ‍ പെട്ട രൂപേഷും പൂനെ കേന്ദ്രീകരിച്ചു പ്രവർ‍ത്തിച്ച മുരളിയും (കല്ലന്പള്ളി) ഉണ്ട്. ഇവർ‍ ഇരുവരും ജയിലിൽ‍ അടക്ക പെട്ടിരിക്കുന്നു. മവോസ്വാധീനത്തിൽ‍ ഉള്ള പ്രേശങ്ങളിൽ‍ സാധാരണ ആദിവസികളുടെ അവകാശങ്ങൾ‍ സംരക്ഷിക്കുവാൻ‍ നടത്തിയ ശ്രമങ്ങൾ‍ ആദിവാസികൾ‍ക്ക് പല ഗുണങ്ങളും നേടികൊടുത്തു. ആ പ്രദേശത്തെ പ്രധാന പേപ്പർ‍ മില്ലിന് (Ballarpur paper mill)സർ‍ക്കാർ‍ തുശ്ചമായ വിലക്ക് നൽ‍കിയ മുള വെട്ടികൊടുക്കുന്ന ആദിവാസികൾ‍ക്ക് ഒരു കെട്ടിനു കൊടുത്തിരുന്നത് 10 പൈസ ആയിരുന്നു. അത് 30 പൈസ ആയി ഉയർ‍ത്തുവാൻ‍ വ്യവസായികൾ‍ നിർ‍ബന്ധിതരായി. മറ്റൊരു പ്രധാന വന വിഭവമായ പുകയില വനത്തിൽ‍ നിന്നും പറിച്ചെടുത്തു കരാർ‍ കാർ‍ക്ക് കൊടുക്കുന്പോൾ‍ ആദിവാസികൾ‍ക്ക് കെട്ടോന്നിനു ലഭിച്ചിരുന്നത് 3 പൈസ ആയിരുന്നു. അത് ഒരു രൂപയായി വർ‍ദ്ധിപ്പിക്കുവാൻ‍ മാവോയിസ്റ്റ്കളുടെ സമരത്തിലൂടെ കഴിഞ്ഞു. 3 ലക്ഷം ഏക്കർ‍ ഭൂമിയിൽ‍ വിളവിറക്കുവാൻ‍ ഇവിടെ അവർ‍ വിജയിച്ചു.

ഗറില്ല മാർ‍ഗ്ഗങ്ങളിലൂടെ പ്രദേശത്തെ നിയന്ത്രിക്കുന്ന മാവോയിസ്റ്റ്സംഘടന തങ്ങളുടെ നിയന്ത്രണത്തിൽ‍ ഉള്ള പ്രദേശങ്ങൾ‍ സ്വന്ത്ര പ്രദേശങ്ങൾ‍ ആയി പ്രഖ്യാപിച്ചു. അവിടെ ജനതന സർ‍ക്കാർ‍ രൂപീകരിച്ചു. (people government). അതിനു താഴെ division,areaഎന്ന് തിരിച്ചു 9 വകുപ്പുകളിലൂടെ സമാന്തര ഭരണം നടപ്പാക്കുന്നു. ഇവരുടെ സംഘടിതശേഷി വനത്തിനുള്ളിൽ‍ സ്ഥാപനങ്ങളുള്ള വ്യവസയികൾ‍ക്കും അതൃത്തിയിലെ ഭൂപ്രഭുക്കന്‍മാർ‍ക്ക് അലോസരങ്ങൾ‍ സൃഷ്ടിക്കുക സ്വാഭാവികമാണ്. അങ്ങനെ സർ‍ക്കാർ‍ സേനകൾ‍ക്ക് ഒപ്പം ഭൂപ്രഭുക്കരുടെ സ്വകാര്യ സേനയെയും സർ‍ക്കാർ‍ ചെലവിൽ‍ രംഗത്ത്‌ കൊണ്ടുവന്ന് മാവോയിസ്റ്റ് ബെൽ‍റ്റുകളിൽ‍ ഏറ്റുമുട്ടലുകൾ‍ സജ്ജീവമാക്കി. ഉൻ‍മൂലന സിദ്ധാന്തത്തിൽ‍ വിശ്വസിക്കുന്ന മാവോയിസ്റ്റ്കളും അവരെ കൈകാര്യം ചെയ്യുവാൻ‍ ശ്രമിക്കുന്ന സർ‍ക്കാർ‍ സ്വകാര്യ സേനകളും പ്രദേശത്തെ ആദിവാസികളുടെ ജീവിതത്തിൽ‍ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. സ്വകാര്യ സേനകൾ‍ ആയ സാലവജദൂം (ശുദ്ധീ കരണസേന എന്നർ‍ത്ഥം) 2005ൽ‍ പഴയ കാല cpi നേതാവും പിന്നീട് കോൺ‍ഗ്രസ്കാരനായി മാറിയ മഹേന്ദ്ര കർ‍മ രൂപീകരിച്ചു. അതിനു മുന്‍പ് തന്നെ ബീഹാറിൽ‍ രൺവീർ‍ സേന മാവോയിസ്റ്റ് വേട്ടകൾ‍ നടത്തിവന്നു. മാവോയിസ്റ്റ്കളും അവരുടെ കൊലപെടുത്തൽ‍ രാഷ്ട്രീയം തുടർ‍ന്നു. ഭരണകൂടം വലിയ തുകകൾ‍ നൽ‍കി സേനകളെ അണിനിരത്തി ശത കോടികൾ‍ വരുന്ന ധാതു മണലുകൾ‍ കടത്തികൊണ്ടു പോകുവാൻ‍ വേദാന്ത, ESSAR, TATAതുടങ്ങിയവർ‍ക്ക് അവസരം ഒരുക്കുന്നു. അതിനെതിരായി നടത്തുന്ന ഏതു ശ്രമവും ന്യായമാണ് എങ്കിലും ജനാധിപത്യ സംവിധാനത്തെ അംഗീകരിക്കാത്ത ഒരു സംഘടനയെ പൊതു സമൂഹത്തിന് അംഗീകരിക്കുവാൻ‍ കഴിയുകയില്ല. എന്നാൽ‍ അതിനുള്ള പരിഹാരം അത്തരക്കാരെ വെടിവെച്ചു ഉൻ‍മൂലനം ചെയ്യലല്ല എന്ന് ലോകത്തെ ഒട്ടുമിക്ക ഭരണാധിപനമാരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പം ഗറില്ല സമര പാതയിൽ‍ നിന്നും കൊളംബിയ, നേപ്പാൾ‍ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രൂപ്പുകൾ‍ ജനാധിപത്യ പാതയിൽ‍ മടങ്ങി എത്തികഴിഞ്ഞു.

കേരളത്തിൽ‍ മാവോയിസ്റ്റ് സ്വാധീനം വളരെ കുറവും അവരുടെ ഉൻ‍മൂലന മാർ‍ഗ്ഗം ഒരിക്കൽ‍ പോലും പരീക്ഷിച്ചിട്ടില്ലാത്തതുമാണ്. അവർ‍ ആകെ നടത്തിയ ചില ആക്രമങ്ങൾ‍  വിദ്യർ‍ത്ഥി സമരരീതികളെ ഓർമ്മിപ്പിക്കുന്നു. വയനാട്ടിലെ ആദിവാസികളുടെ പെരിയോൻ‍ എന്ന് പേരിട്ടു വിളിച്ചിരുന്ന സ.വർ‍ഗീസിനെ കേരളത്തിലെ പോലിസ് വ്യാജ ഏറ്റുമുട്ടലിൽ‍ കൊലപ്പെടുത്തിയ സംഭവം വലിയ രാഷ്ട്രീയ ചർ‍ച്ചകൾ‍ക്ക് വേദി ഒരുക്കി. അതിനു കാരണക്കാരനായ പോലിസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുവാനും കോടതി തയ്യാറായി. അതിനു ശേഷം കേരളത്തിൽ‍ മുത്തങ്ങ എറ്റു മുട്ടൽ‍ ഒഴിച്ച് നിർ‍ത്തിയാൽ‍ ഏറ്റുമുട്ടലുകൾ‍ ഉണ്ടായതായി അറിവില്ല. ഒപ്പം തന്നെ വടക്കേ ഇന്ത്യയിലെ ഫ്യൂഡൽ‍ ഭരണാധികാരിമാരിൽ‍ നിന്നും വ്യത്യസ്തനായി ഭരണകൂടത്തിൽ‍ കമ്യുണിസ്റ്റ് സർ‍ക്കാർ‍ ഇരിക്കുന്പോൾ‍, ഇത്തരം ഉൻ‍മൂലന ആശയങ്ങളിൽ‍ വിശ്വസിച്ചു വരുന്ന സംഘടനകളെ മുഖ്യധാരയിൽ‍ എത്തിക്കുവാൻ വളരെയധികം താൽ‍പര്യത്തോടെ പ്രവർ‍ത്തിക്കുവാൻ‍ ബാധ്യതപ്പെട്ടവരാണ്. അത്തരം അവസരത്തിൽ‍ നിലന്പൂർ‍ കാടുകളിൽ‍ വെച്ച് കേരള പോലിസ് രണ്ടു മാവോയിസ്റ്റ്കളെ വെടിവെച്ചു കൊന്ന സമീപനം ഒരു തരത്തിലും ന്യായീകരിക്കുവാൻ‍ കഴിയുന്നതല്ല. ഇത്തരം അപക്വവും കേവലം പോലിസ് വികാരത്തിന് കീഴടങ്ങിയുള്ള സംഭവങ്ങൾ‍ ചിലരെയെങ്കിലും പുതുതായി ഗറില്ലസമര രംഗത്തേയ്ക്ക് കൊണ്ടുവരുവാൻ‍ മാത്രമേ സഹായിക്കൂ എന്ന് ഇടതുപാർ‍ട്ടികളെങ്കിലും ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു.

You might also like

Most Viewed