നോട്ട് പിൻവലിക്കൽ: തെറ്റിൽ നിന്ന് തെറ്റിലേയ്ക്ക്...
ഇ.പി അനിൽ
I promise to pay the bearer the sum of 10 rs. Governor
മുകളിൽ സൂചിപ്പിച്ച വരികൾ നമ്മുടെ റിസർവ്വ ബാങ്ക് ഗവർണറുടേതാണ്. എല്ലാ ഇന്ത്യൻ രൂപയിലേയും ഗാന്ധിജിയുടെ ചിത്രം വരുന്ന വശത്ത് (ഹിന്ദിയിലും) ഗവർണർ എഴുതി ഒപ്പിട്ടിരിക്കുന്ന ഉറപ്പ് രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സർക്കാർ നിയമിക്കുന്ന RBIയുടെ അധിപൻ രാജ്യത്തെ ഏതൊരാളോടും നൽകുന്ന വിശ്വാസ പ്രമാണമാണ്. ഒരാളുടെ അദ്ധ്വാനശക്തിയിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ അയാൾ സ്വന്തമാക്കിയ പണം അയാൾ സ്വരുക്കൂട്ടുന്നതിനോ (നിയന്ത്രണങ്ങളോടെ) മറ്റൊരാളുമായോ സ്ഥാപനവുമായോ ഇന്ത്യൻ അതൃത്തിക്കുള്ളിൽ (ചില ഇളവുകൾ ഉണ്ട്) കൈവശം വെയ്ക്കുന്നതിന് നമ്മുടെ പരമാധികാര രാജ്യം അനുവദിച്ചു തന്നിട്ടുള്ള ഇന്ത്യൻ രൂപ എന്ന വിനിമയ ഉപാധി രാജ്യത്തെ പൊതു ജീവിതത്തിൽ കുടിവെള്ളം പോലെ പരമ പ്രധാനമാണ്.
ജനങ്ങൾ നടത്തുന്ന അധ്വാനത്തിലൂടെ ഉത്പാദിപ്പിക്കുന്ന മൂല്യം (വില) രൂപയായി കൈമാറുന്നതിനുള്ള സംവിധാനമായ രൂപയുടെ വിലയിലുള്ള ഏറ്റകുറച്ചിലുകൾ അവരുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്നുണ്ട്. വിനിമയം ചെയ്യുവാൻ ഉപയോഗിക്കുന്ന പണത്തിനു വിലയിടിഞ്ഞാൽ അത് ജനങ്ങളുടെ അധ്വാനത്തിന്‍റെ(ശക്തി)യുടെ വിലയാണ് ഇടിക്കുന്നത്. നമ്മുടെ നാണയവില നിരന്തരമായി വിലയിടിയുന്നതിനാൽ പണപെരുപ്പവും അത് വിലക്കയറ്റവും ഉണ്ടാക്കുന്നു. ലോകത്തെ പണങ്ങളുടെ മൂല്യം ഡോളറുമായി ബന്ധപ്പെട്ട് നിൽക്കുന്നു. (കാരണം ഡോളറിനെയാണ് അന്തർദേശീയ വ്യാപാര നാണയമായി അന്തർദേശീയ സംവിധാനങ്ങൾ അംഗീകരിച്ചു പോരുന്നത്. (IMF,WB,UN തുടങ്ങിയവർ ഡോളർ പണം കൈകാര്യം ചെയ്യുന്നവരാണ്). നമ്മുടെ രാജ്യത്തെ പണവും ഡോളറുമായുള്ള വിനിമയത്തിൽ ഉണ്ടായ വ്യതിയാനം എത്ര വലുതാണെന്ന് ഓർക്കുക. 47ൽ ഒരു ഡോളർ=7.5 രൂപയായിരുന്നു. 66ൽ അത് 19 രൂപയായി. 91ൽ ഇന്ത്യൻ രൂപ 21 ആയി. ഇന്ന് ഒരു ഡോളർ എന്നത് 65നുമുകളിൽ എത്തി. ഇങ്ങനെ നിരന്തരമായി നമ്മുടെ നാണയ വില ഇടിയുന്നതും ഇടിക്കുന്നതും നമ്മുടെ സാന്പത്തിക രംഗത്തെ നേരിട്ട് ബാധിക്കുന്നു. കയറ്റുമതി പ്രോത്സാഹിപ്പിച്ച് കൂടതൽ വിദേശ നാണയം നേടി എടുക്കുവാൻ നമ്മുടെ സർക്കാരും നാണയവില കുറയ്ക്കുവാൻ ഇഷ്ടപെടുന്നു. എന്നാൽ ഇറക്കുമതി ചെലവുകൾ കൂട്ടുവാൻ ഇത് സാഹചര്യം ഉണ്ടാക്കും. നമ്മുടെ രാജ്യത്തെ ഇറക്കുമതി കയറ്റുമതിയെക്കാൾ കൂടുതൽ ആയതിനാൽ (negative balance of payment) രൂപയുടെ മൂല്യ ശോഷണം നാട്ടിൽ വിലക്കയറ്റത്തിനവസരം ഒരുക്കും.
ഒരു രാജ്യത്തെ സാന്പത്തിക രംഗത്തെ തകർത്ത് എറിയുവാൻ ശ്രമിക്കുന്ന എതിർ ചേരിയിലെ രാജ്യം മറ്റൊരു രജ്യത്തെ കള്ളനോട്ടുകൾ (fake note) അടിച്ചുണ്ടാക്കി അതിർത്തികൾ കടത്തിവിടുന്നുണ്ട്. ഇത്തരം സാന്പത്തിക ആക്രമണങ്ങൾ അമേരിക്ക ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നടത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തേക്കും ഇത്തരം ശ്രമങ്ങൾ പാകിസ്ഥാൻ നടത്തുന്നതായി തെളിവുകൾ ഉണ്ട്.
ഒരു കാലത്ത് പുതിയ രൂപയുടെ അടിച്ചിറക്കൽ സർക്കാർ നടത്തുന്പോൾ അതിനു തുല്യമായ സ്വർണ്ണം മാർക്കറ്റിൽ നിന്നും പിൻവലിക്കുന്ന രീതി (സ്വർണ്ണ മാനവ വ്യവസ്ഥ)നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ആ സമീപനം മാറ്റുകയും പകരം സർക്കാർ നോട്ടിനു മുകളിൽ പൂർണ്ണമായും ഉത്തരവാദിത്തം ഏറ്റെടുത്തു ജനങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നുണ്ട്.
വിവിധ രാജ്യങ്ങൾ ഓരോ കാലത്തും നിലവിലുള്ള നോട്ടുകൾക്ക് പകരം പുതിയ നിറത്തിലും വലിപ്പത്തിലും ഉള്ള നോട്ടുകൾ അടിച്ചിറക്കാറുണ്ട്. ചില രാജ്യങ്ങൾ ചില അക്കം നോട്ടുകൾ തന്നെ പിൻവലിക്കുയും ചെയ്യാറുണ്ട്. നമ്മുടെ രാജ്യത്തെ എല്ലാ ജനങ്ങളും ഇന്ന് എല്ലാ പണവും നോട്ട് രൂപത്തിൽ ഉപയോഗിച്ച് വരുന്നു. നാട്ടിൽ പ്രതിവർഷം debit-credit കാർഡുകളിലൂടെ കൈമാറ്റം ചെയ്യുന്ന പണം 3.5 ലക്ഷം കോടിയിൽ താഴെയാണ്. നമ്മുടെ GDP പ്രതിവർഷ വരുമാനം 130 ലക്ഷം കോടി രൂപയാണ്. അതിൽ കാർഡ് വഴിയുള്ള വരുമാനം എത്ര തുശ്ചമാണ് എന്ന് നമുക്ക് മനസിലാക്കം. അതിൽതന്നെ ഉയർന്ന വരുമാനമുള്ളവർ− സാങ്കേതിക മേഖലയിലെയും മറ്റും ഉന്നത സ്ഥാനം അലങ്കരിക്കുന്നവർ paperless പണം ഉപയോഗിക്കുന്പോൾ സാധാരണ ഇന്ത്യക്കാർ ഇന്നും ഒരുപക്ഷേ വരുന്ന ചിലവർഷങ്ങളിലും ഈ രീതിതന്നെ തുടരാതെ തരമില്ല.
നമ്മുടെ രാജ്യത്തെ കള്ളപ്പണം വളരെ ഗൗരവതരമായ പ്രശ്നമാകുന്നത് അഴിമതിയുമായി ബന്ധപ്പെട്ടാണ്. അതിൽ രഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നല്ല നിലയിൽ പങ്കാളികളും. വലിയ തുകകൾ കൂടുതലും വിദേശത്തേക്ക് കടത്തുന്നു. രാജ്യത്തെ ആകെ കള്ളപ്പണത്തിൽ 80%വരെ വിദേശത്താണ് സൂക്ഷിക്കുന്നത്. ഭൂമിയെ മുന്നിൽ നിർത്തി ആളുകൾ നടത്തുന്ന ഭൂമികൈമാറ്റം, അതിന്‍റെ തുടർച്ചയായി നടത്തുന്ന വീടുനിർമ്മാണവും അതിന്‍റെ കൈമാറ്റവും കള്ളപ്പണം വിരാജിക്കുന്ന ഇടമാണ്. മറ്റൊരു കള്ളപ്പണത്തിന്‍റെ ഉറവിടം കച്ചവടക്കാർ അവരുടെ കച്ചവട തോത് കുറച്ചുകാണിച്ചുള്ള അധിക വരുമാനമാണ്. ഡോക്ടർമാർ, വക്കീലന്മാർ, പരസ്യ മേഖല, സിനിമ രംഗത്തെ ആളുകൾ തുടങ്ങി വലിയ വരുമാനമുള്ളവർ നടത്തുന്ന നികുതി വെട്ടിപ്പ് മറ്റൊരു വിഷയമാണ്. രാജ്യത്തെ വന്പൻ ആളുകൾ ഏറ്റവും സുരക്ഷിതത്വവും രഹസ്യ സ്വഭാവവും നിലനിർത്തുവാൻ തെരഞ്ഞെടുക്കുന്ന മാർഗ്ഗം സ്വിറ്റ്സർലൻഡിൽ നിലനിൽക്കുന്ന 258 സ്വിസ്സ് ബാങ്കുകളെയാണ്. ഇത്തരം ബാങ്കുകൾ കൃത്യമായും രഹസ്യസ്വഭാവം നിലനിർത്തി കള്ളപ്പണക്കാരെ തുണയ്ക്കുന്നു. അത്തരം ബാങ്കുകളിൽ ഇന്ത്യയിൽ നിന്നും എത്തിയിട്ടുള്ള കള്ളപ്പണം 1.6 ട്രില്യൺ ഡോളർ വരും. എന്നുപറഞ്ഞാൽ ഇന്ത്യൻ തുകയിൽ 100 ലക്ഷം കോടിരൂപയുടേത് ലോകത്തെ ഏറ്റവും ക്രിമിനൽ സംഘം പ്രവർത്തിക്കുന്ന റഷ്യയിൽ നിന്നും 50000 കോടി ഡോളർ നിക്ഷേപമുണ്ട് എന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. മാത്രവുമല്ല മറ്റുചില രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നും പണം എത്തി അവിടെ നിന്നും ഇന്ത്യയിൽ മടങ്ങി എത്തുന്ന money route മൗറീഷ്യസ്, ഹോംകോഗ്, സിങ്കപ്പൂർ വഴി എത്തുന്നതോടെ വെള്ളപ്പണമായി മാറുന്നു. ഇത്തരത്തിൽ കുപ്രസിദ്ധമായ ഒരു ബ്രിട്ടീഷ് നിയന്ത്രണ ദ്വീപാണ് വിർജീനിയ ഐലന്റ്. അവിടെ നിന്നും രാജ്യത്ത് ഒരു വർഷം 85000 കോടി രൂപ എത്തി എന്ന് പറഞ്ഞാൽ അത്രയും തുക ഇവിടെ എത്തുവാൻ കാരണം ഇന്ത്യക്കാർ അവിടെ എത്തിച്ച പണം ഇന്ത്യയിലേയ്ക്ക് മടങ്ങിവരുകയാണ് എന്ന് സ്പഷ്ടം. ഇവയിൽ നിന്നും ഇന്ത്യയിലെ കള്ളപ്പണത്തിൽ മുഖ്യപങ്ക് രാജ്യതൃത്തി കടന്ന് പോയി വരുന്നു എന്ന് സംശയങ്ങൾക്ക് ഇടമില്ലാതെ പറയുവാൻ കഴിയും.
കള്ളപ്പണം ചൂതാട്ട വിപണിയുടെ പ്രധാന ഉൽപ്പന്നമാണ്. സമൂഹത്തിന്റെ ഭക്ഷണം ഉൽപ്പാദിപ്പിക്കുന്ന പ്രാധമിക മേഖലയായ കൃഷിയിൽ നിന്നും രണ്ടാമത് ഉൽപാദന രംഗമായ വ്യവസായത്തിൽ നിന്നും ഏറെ മുന്നിൽ സേവന ചൂതാട്ട വിപണി സജ്ജീവമാകുന്പോൾ സമൂഹത്തിൽ അദ്ധ്വാനത്തിന്റെ മതിപ്പ് ഇടിയുകയും ഊഹക്കച്ചവടം രംഗത്ത് സജീവമാകുകയും ചെയ്യുന്നു. അങ്ങനെ വളർന്നുവന്ന പുതിയ നിലപാട് ജീവിത മൂല്യങ്ങളെ മാറ്റിമറിച്ചു. ലോകത്തെ യഥാർത്ഥ ഉൽപ്പാദനത്തിന്റെ 12 മടങ്ങ് പണ കൈമാറ്റം ചൂതാട്ട രംഗത്തുണ്ടാകുന്നു. ഇതിന്റെ ഭാഗമായി അഴിമതിയും കള്ളപ്പണവും വ്യാപകമായി. ലോകത്ത് പ്രതിവർഷം 1 ലക്ഷം കോടി ഡോളർ അഴിമതികൾ നടക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
ആഗോളവൽക്കരണത്തെ രാഷ്ട്രീയമായി അംഗീകരിക്കുന്ന ആർക്കും തന്നെ കള്ളപ്പണത്തെ ഇല്ലാതാക്കുക സാധ്യമല്ല. ആഗോളവൽക്കരണത്തിൽ ഉൽപ്പാദന ഉപാധിയും ഉൽപ്പന്നവും കള്ളപ്പണമായി മാറുന്നു.
‘നമ്മുടെ രാജ്യത്തെ കള്ളപ്പണത്തിന്റെ അഭൂതപൂർവ്വമായ വളർച്ച ഉണ്ടായത് 91നു ശേഷമാണ്. 47 മുതൽ 91 വരെയുണ്ടായ ആകെ കള്ളപ്പണം 40000കോടിയാണെങ്കിൽ കഴിഞ്ഞ 25 വർഷം കൊണ്ട് അത് 100 ഇരട്ടിയിലധികം വർദ്ധിച്ചു. ഇന്ന് യഥാർത്ഥ പണവ്യവസ്ഥിതിയിൽ 40% കള്ളപ്പണമാണെന്ന് സർക്കാർ സമ്മതിക്കുന്നു.
കള്ളപ്പണം എന്നാൽ സർക്കാരിൽ നിന്നു മറച്ചുവെക്കുന്ന പണം എന്നണല്ലൊ അർത്ഥം. സർക്കാർ സംവിധാനത്തിനു പുറത്ത് നടത്തുന്ന അവിഹിത ബന്ധങ്ങളിൽ നിന്നും കള്ളപ്പണം ഉണ്ടാകുക സ്വാഭാവികമാണ്. അവരിൽ ഉന്നത ഉദ്യോഗസ്ഥന്മാർ, രാഷ്ട്രീയക്കാർ, പൊഫ്രഷണലുകൾ, സിനിമാരംഗത്തു പ്രവർത്തിക്കുന്നവർ, വസ്തുവിപണി മറ്റു ചൂതാട്ടം തുടങ്ങിയവർ പെടുന്നുണ്ട്.
വിദേശ രാജ്യങ്ങളായ മക്കാവെ, ഇംഗ്ലീഷ് നിയന്ത്രണത്തിലുള്ള വിർജീനിയ ദ്വീപ്, സിംഗപ്പൂർ, ഹോംങ്കാേഗ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ വൻതോതിൽ ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം എത്തുവാൻ കാരണമായിട്ടുള്ളത് അത്തരം രാജ്യങ്ങളുമായി ഇന്ത്യ ഉണ്ടാക്കിയ ഇരട്ട നികുതി ഒഴിവാക്കലിന്റെ മറവിൽ ലഭിക്കുന്ന ആനുകൂല്യങ്ങളാണ്. അവിടങ്ങളിൽ നിന്നുള്ള രാജ്യത്തേക്കുള്ള പണം ഒഴുക്ക് ലക്ഷം കോടികളാണ്. ഈ പറഞ്ഞതിൽ നിന്നും കള്ളപ്പണത്തിന്റെ 80% വും രാജ്യാന്തരമാണെന്ന് ബോധ്യപ്പെടുന്നു. രാജ്യത്തിനുള്ളിലെ കള്ളപ്പണം കാശായി സൂക്ഷിച്ചു വെച്ചിരിക്കുന്നത് കള്ളപ്പണത്തിന്റെ 6% (പരമാവധി) എന്ന് സർക്കാർ പറയുന്നു. അതിൽ ചെറിയ പങ്ക് ആണ് മയക്കുമരുന്ന് വിപണിയുമായി ബന്ധപ്പെട്ട് നിൽക്കുന്നത്. രാജ്യത്ത് വ്യാജ നോട്ടുകൾ 400 കോടിയാണെന്ന് സർക്കാർ പറയുന്നു. ഇതിനർത്ഥം കള്ളപ്പണത്തിൽ സിംഹഭാഗവും നോട്ടായി സൂക്ഷിക്കുന്നില്ല എന്നർത്ഥം. അങ്ങനെയെങ്കിൽ നോട്ടുകൾ പിൻവലിച്ച തീരുമാനം 10% പോലും കള്ളപ്പണം പിടിച്ചെടുക്കുവാൻ സഹായകരമല്ല എന്നു മനസ്സിലാക്കുവാൻ നമ്മൾ നിർബന്ധിതമാണ്.
ലോകത്തെ വ്യാപരിച്ചിരിക്കുന്ന അഴിമതി പഠനത്തിൽ (CPI= corruption persistent index) ഇന്ത്യയെ പറ്റി ആശാവഹമായ റിപ്പോർട്ട് അല്ല പുറത്തു വന്നിട്ടുള്ളത്. 177 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നേടിയ മാർക്ക് 100ൽ 36 മാത്രം. അഴിമതിയിൽ സ്ഥാനം 97. ഏറ്റവും കുറവ് അഴിമതി നടക്കുന്ന ഫിൻലാന്റ്, ഡെൻമാർക്ക്, ഇംഗ്ലണ്ട് (12ാം സ്ഥാനം) തുടങ്ങിയ രാജ്യങ്ങൾ അഴിമതി വിരുദ്ധ നിലപാടുകളിൽ മാതൃകയാകുന്പോൾ നമ്മുടെ അനുഭവം മറിച്ചാണ്. ലോകത്തെ അഴിമതിയിൽ മുങ്ങിക്കുളിച്ച 10 രാജ്യങ്ങളിൽ 5 ഇടങ്ങളിലും ഭീകരവാദം സജ്ജീവമാണ്. അഴിമതി ഭീകരവാദത്തെയും വിഘടന വാദത്തെയും പ്രോത്സാഹിപ്പിക്കുന്നു എന്ന് ഇവിടെ തെളിയിക്കുന്നു.
രാജ്യത്തെ 86% പണ കൈമാറ്റവും നടത്തുന്ന നോട്ടുകൾ ഒരു ദിനം പിൻവലിക്കുവാൻ എടുത്ത തീരുമാനം സർക്കാർ വലിയ സാമൂഹിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.കള്ളപ്പണത്തിൽ ബഹു ഭൂരിപക്ഷവും ഇന്ത്യക്കു പുറത്തും രാജ്യത്തിനുള്ളിൽ ഉള്ളതിൽ തന്നെ ചെറു ശതമാനം മാത്രം നോട്ടുരൂപത്തിൽ സൂക്ഷിച്ചിരിക്കെ നോട്ടുകൾ ഒരു ദിനം പിൻവലിച്ചാൽ അത് 40-50 ലക്ഷം കോടി കള്ളപ്പണത്തെ ഇല്ലാതാക്കുവാൻ ഉതകുകയില്ല. 17.70 ലക്ഷം കോടി രൂപയുടെ നോട്ടുകളിൽ 86% ഉപയോഗരഹിതമായി തീരുന്പോൾ രാജ്യത്തുണ്ടാകുന്ന സാന്പത്തിക കൈമാറ്റ പ്രതിസന്ധി വളരെ രൂക്ഷമാണ്.
ജനങ്ങളിൽ ചെറിയ ശതമാനത്തെ ഒഴിച്ചു നിർത്തിയാൽ എല്ലാവരും Hard notesകൾ ഉപയോഗിച്ചു വരുന്നു. രാജ്യത്തിന്റെ നട്ടെല്ലായ കർഷകർ വിഭവങ്ങൾ കൈമാറുന്നത് പണ രൂപത്തിലാണ്. മത്സ്യ ബന്ധന മേഖലയിലും ചെറുകിട വിപണിയിലും എല്ലാം പണം പ്രധാന കൈമാറ്റ ഉപാധിയായിരി ക്കെ അതിൽ ഉണ്ടാകുന്ന ഏത് അസ്വൗകര്യവും കച്ചവടത്തെ വളരെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ 2 ആഴ്ചയായി ഇന്ത്യൻ സാന്പത്തികരംഗം അത്തരം പ്രതിസന്ധിയിൽ കുടുങ്ങി കഴിഞ്ഞിരിക്കുന്നു. ഒപ്പം നോട്ടിലുള്ള വിശ്വാസം കുറഞ്ഞതിനാൽ സ്വർണ്ണം വാങ്ങുവാൻ സന്പന്നർ കാട്ടിയ താൽപര്യം സ്വർണ്ണത്തിന്റെ ഇറക്കുമതി വർദ്ധിപ്പിക്കും. ഒപ്പം രൂപയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ ഇറക്കുമതി വർദ്ധിപ്പിക്കുന്നു. ഇവ രാജ്യത്തെ വ്യാപാര രംഗത്ത് ഉണ്ടാക്കുന്ന തിരിച്ചടി നാടിന്റെ എല്ലാ രംഗങ്ങളെയും പുറകോട്ടടിക്കും.
ഇന്ത്യയിൽ വിവിധ ബാങ്കുകൾ നിലനിർത്തുന്ന ATM കളുടെ എണ്ണം 2.01ലക്ഷമാണ്. അതിനർത്ഥം 6550 ആളുകൾക്ക് ഒരു ATM എന്നർത്ഥം. രാജ്യത്തെ ബാങ്കുകളുമായി ബന്ധപ്പെട്ടുവരുന്നവർ 48% മാത്രം. Debit ,Credit Card കളിലായി കൊമറ്റം ചെയ്യുന്ന ആകെ തുക 2% പോലും വരുന്നില്ല എന്നിരിക്കെ പേപ്പർെലസ്സ് സാന്പത്തിക രംഗത്തെ പ്രയോഗവൽക്കരിക്കുവാൻ ഏറെ കടന്പകൾ നമുക്ക് കടക്കേണ്ടതുണ്ട്.
കള്ളപ്പണത്തെ പുറത്തു കൊണ്ടുവരുവാനും ബാങ്കുകളിലെ 6 ലക്ഷം കോടി കിട്ടാക്കടം കോർപ്പറേറ്റുകളിൽ നിന്നും തിരിച്ചു പിടിക്കുവാനും സർക്കാർ ജാഗരൂപരല്ല. പണം എഴുതിതളളിയ കോർപ്പറേറ്റുകളുടെ വിശദാംശങ്ങൾ പുറത്തുവിടുവാൻ മടിക്കുന്ന സർക്കാറിന്റെ പ്രവർത്തനങ്ങളെ സംശയത്തോടെയെ കാണുവാൻ കഴിയൂ.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് വലിയ ജനകീയ ചരിത്രമാണ് ഉള്ളത്. കേവലം പണ ഇടപാടുകൾക്ക് ഉപരിയായി നിരവധി സാമൂഹിക ധർമ്മങ്ങൾ നിർവ്വഹിച്ചു വരുന്ന സഹകരണ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 15500ൽ അധികമാണ്. അവർ 6550 വരുന്ന ബാങ്കുകളുടെ എണ്ണത്തിലും ജനകീയതയിലും ഏറെ മുന്നിലാണ്.
1.60 ലക്ഷം കോടിയുടെ പണമിടപാടും നടത്തുന്ന സഹകരണ മേഖലയിലെ സംസ്ഥാന-ജില്ലാ ബാങ്കുകളെ റിസർവ്വ് ബാങ്ക് തന്നെ നിയന്ത്രിക്കുന്നു. എന്നിട്ടും നോട്ട് പ്രതിസന്ധിയിൽ നോട്ടുകൾ കൈമാറി സഹായിക്കുവാൻ സഹകരണ ബാങ്കുകളെ അനുവദിക്കാതിരിക്കുന്ന ദേശീയ സർക്കാർ തീരുമാനം തികച്ചും അനാരോഗ്യകരമാണ്. സഹകരണ രംഗത്ത് പണമിടപാടുകളിൽ കള്ളപ്പണമുണ്ടെങ്കിൽ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം സഹകരണ സംഘത്തിന്റെ പ്രവർത്തനത്തെ മുൻവിധിയുടെ അടിസ്ഥാത്തിൽ സ്തംഭിപ്പിക്കുന്ന നിലപാടുകൾ ജനാധിപത്യ വിരുദ്ധമാണ്.
രാജ്യത്തെ കള്ളപ്പണം പൊതു ഖജനാവിലേയ്ക്ക് കണ്ടു കെട്ടണമെങ്കിൽ വിദേശ ബാങ്കുകളിൽ പണം സൂക്ഷിക്കുന്ന ഇന്ത്യക്കാർ നിശ്ചിത കാലത്തിനുള്ളിൽ പണം മടക്കി കൊണ്ടു വരുവാൻ കർശ്ശന തീരുമാനങ്ങൾ എടുക്കണം. അതിന് സഹകരിക്കാത്ത വ്യക്തികളുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടുവാൻ സർക്കാർ തീരുമാനിക്കേണ്ടതുണ്ട്.
10000രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ പൂർണ്ണമായും പേപ്പർലെസ്സ് സംവിധാനത്തിലേക്കും മാറേണ്ടതുണ്ട്. ആദായ നികുതികൊടുക്കുന്നവരുടെയെങ്കിലും വാങ്ങലുകളുടെ രേഖകൾ എല്ലാം വരുമാനവുമായി തട്ടിച്ചു നോക്കുവാൻ സൗകര്യം ഉണ്ടാക്കണം. എന്നാൽ ഇത്തരം വിഷയങ്ങളിൽ താൽപ്പര്യം കാട്ടാത്ത സർക്കാർ കള്ളപ്പണത്തിനെതിരെ നോട്ടുകൾ മടക്കി വിളിച്ചാൽ പരിഹാരം കണ്ടെത്താൻ കഴിയും എന്ന വാദം യാഥാർത്ഥ്യ ബോധമില്ലാത്തതാണ്.’ പിന്നെ എന്തിനാണ് സർക്കാർ ഇത്തരം മണ്ടൻ തീരുമാനം എടുത്തത് ? നോട്ടു പിൻവലിക്കൽ തീരുമാനം സാന്പത്തികമായ കാരണങ്ങളേക്കാൾ രാഷ്ട്രീയമായ അജണ്ടകളാൽ തീരുമാനിക്കപ്പെട്ടതാണ്.
സാന്പത്തിക ലോകത്ത് എക്കാലവും വലതുപക്ഷ നിലപാടുകൾ എടുത്തിട്ടുള്ളവരാണ് ആർഎസ്എസ്സുകാർ. 1971ൽ ഇന്ദിരാഗാന്ധി നടപ്പിൽ വരുത്തിയ ബാങ്കുകളുടെ ദേശസാൽക്കരണത്തെ ഇക്കൂട്ടർ ശക്തമായി എതിർക്കുവാൻ തയ്യാറായത് സ്വകാര്യ ബാങ്കുകളുടെ താൽപര്യങ്ങളെ സംരക്ഷിക്കുവാനാണ്. അത്തരം വിഷയങ്ങളിൽ കാവി രാഷ്ട്രീയം എടുക്കുന്ന നിലപാടുകൾ സോഷ്യലിസ്റ്റുവിരുദ്ധമാണ്.
2014ലെ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി നടത്തിയ സാന്പത്തിക ആലോചനാ യോഗത്തിൽ നിലവിലെ നികുതി രീതികൾ അവസാനിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. പകരം ബാങ്കുകളിൽ നടത്തുന്ന പണമിടപാടുകളിൽ ചുങ്കം ഏർപ്പെടുത്തുക. ഇതിനർത്ഥം നികുതി വരുമാനത്തിന് ആനുപാതികമായിരിക്കണം എന്ന സോഷ്യൽ ഡെമോക്രാറ്റിക് സങ്കൽപ്പങ്ങളെയും അംഗീകരിക്കാതെ ബാങ്കുകളിൽ നടത്തുന്ന പണമിടപാടിന് ഫീസ് ഏർപ്പെടുത്തുക എന്നതായിരുന്നു പ്രകടിപ്പിച്ച അഭിപ്രായം. ഇവിടെ കടന്നു വരുന്ന വിഷയം നികുതി (ചുങ്കം) എല്ലാവർക്കും ഒരുപോലെയായിരിക്കണം എന്നതാണ്. മാത്രവുമല്ല ബാങ്കുകളിലൂടെ മാത്രം നടക്കുന്ന പണമിടപാട് പണക്കൈമാറ്റത്തിന്റെ അവസാന വാക്കാകുന്നതിലൂടെ സമാന്തര (കള്ളപ്പണ) സാന്പത്തികരംഗം കൂടുതൽ ശക്തമായി മാറും. ഇതൊക്കെ നമ്മെ ഓർമ്മിപ്പിക്കുന്ന വസ്തുത ആർഎസ്എസ് ദർശനത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കള്ളപ്പണത്തെ ജനങ്ങളുടെ പൊതു സ്വത്തായി കാണുന്നില്ല എന്നാണ്. മാത്രവുമല്ല അതിരുകളില്ലാത്ത ആഗോളവൽക്കരണത്തെ അവർ വല്ലാതെ ഇഷ്ടപ്പെടുകയും സാമ്രാജത്യവുമായി ചങ്ങാത്തത്തിൽ തുടരുവാൻ എന്നും ഇഷ്ടപ്പെടുന്നു എന്നാണ്.
strategeic Strike ഒരു അഭിമാനമായി കാണുന്ന മതമൗലിക ഫാസിസ്റ്റ് മനോ ലോകത്തിൽ ജീവിച്ചു വരുന്ന ശ്രീ മോഡിക്ക് സാന്പത്തിക രംഗത്തും അത്തരം ഒരോളം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത തെറ്റായ നിലപാട് ഇന്ത്യയിലെ 133 കോടി ജനങ്ങളുടെയും ജീവിതത്തോട് നടത്തിയ വെല്ലുവിളിയായി നമുക്ക് കാണേണ്ടതുണ്ട്.