എന്തുകൊണ്ട് ട്രംപ്സ് ...?
ഇ.പി അനിൽ
കോടി വർഷങ്ങൾ പഴക്കമുള്ള അമേരിക്കൻ ഭൂഖണ്ധം. അതിൽ 20000 വർഷങ്ങൾക്ക് മുന്‍പു മുതൽ താമസിച്ചു തുടങ്ങിയ മനുഷ്യവർഗ്ഗങ്ങൾ. 1492ൽ ക്രിസ്റ്റഫർ കൊളംബസ്, സ്പാനിഷ് രാജാവ് ഫെർഡിനാന്‍റെ അനുഗ്രഹത്തോടെ ഇന്നത്തെ അമേരിക്കയിൽ എത്തിയത് ഇന്ത്യയെ കണ്ടെത്തുക എന്ന ലക്ഷ്യം വെച്ചായിരുന്നു. അതിനു ശേഷം മറ്റൊരു സ്പാനിഷ് യാത്രികന്‍റെ പേരിൽ ഇന്നാഭൂഖണ്ധം അറിയപ്പെടുന്നു. (Amigo Vespucci). ഈ നാടിനെ ലോകത്തിനു മുന്നിൽ (അന്നത്തെ ലോകം യൂറോപ്പ്) പരിചയപ്പെടുത്തിയവർ അവരുടെ ഉടമസ്ഥതയിൽ നാടിനെ എഴുതി ചേർക്കുകയായിരുന്നു. അങ്ങനെ നിരവധി ആയിരങ്ങളുടെ പാരന്പര്യമുള്ള ഒരു നാട്ടുകാരെ ആ നാടിന്‍റെ ഉടമസ്ഥതയിൽ നിന്നും പറിച്ചെറിഞ്ഞു.
അമേരിക്കയെ രണ്ടര നൂറ്റാണ്ട് കോളനിയായി വെച്ചിരുന്ന യൂറോപ്യന്മാർ, അവിടെ തുടങ്ങിയ തോട്ടങ്ങളിൽ പണിചെയ്യുവാനായി വലിയ പായിക്കപ്പലുകളിൽ ആഫ്രിക്കൻ വൻ കരയിൽ നിന്നും ആ നാട്ടുകാരെ ബലപ്രയോഗം നടത്തിഎത്തിച്ച് അടിമപ്പണിചെയ്യിച്ചു. അതേ കപ്പലിൽ അമേരിക്കയിലെ വിഭവങ്ങൾ യൂറോപ്പിൽ കൊണ്ട് വന്ന് കച്ചവടം നടത്തി. അങ്ങനെയുണ്ടാക്കിയ പണം ഏഷ്യൻ−ആഫ്രിക്കൻ ഭൂഖണ്ധങ്ങളിൽ എത്തിച്ച് ആ രാജ്യങ്ങളെയും കീഴടക്കി യൂറോപ്പ് അധിനിവേശം തുടർന്നു.
അമേരിക്കൻ ഭൂഖണ്ധത്തിന്‍റെ നേരവകാശികൾ ബഹുഭൂരിപക്ഷവും കൊലചെയ്യപ്പെടുകയും (എണ്ണത്തിൽ കുറയുകയും) അന്നത്തെ ആധുനികർ എന്നവകാശപ്പെട്ടിരുന്ന യൂറോപ്യൻ കച്ചവടക്കാർ തദ്ദേശ വാസികൾക്ക് ലൈംഗിക രോഗങ്ങൾ നൽകി. (നമ്മുടെ നാട്ടിൽ എന്നപോലെ ലൈംഗികമായി ഉപയോഗിച്ചതിന് തെളിവായി അതിനെ കാണാം) ഭൂമി പിടിച്ചടക്കലിലൂടെ അടിമകൾ ആകുവാൻ നിർബന്ധിതമായ അവസ്ഥ, തോട്ട കൃഷിയുടെ വ്യാപനത്തിലൂടെ തനതു ഭക്ഷ്യലഭ്യതയിൽ ഉണ്ടായ കുറവ്, അങ്ങനെ പുതിയ സായിപ്പന്മാർ വരുത്തിവെച്ച ദുരിതങ്ങളാൽ red indians എന്ന് വരുത്തർ വിളിച്ച മനുഷ്യസമൂഹം താനേ എണ്ണത്തിൽ കുറഞ്ഞ് അപ്രത്യക്ഷരായി തീരുകയോ പിടിച്ചുനിൽക്കുവാൻ കഴിഞ്ഞവർ അധിനിവേശക്കാരുടെ ദാസ്യന്മാരായി സ്വത്ത ബോധം നഷ്ടപെട്ടവരായോ മാറുവാൻ നിർബന്ധിതരായി. (red indians എന്ന യൂറോപ്പ്യന്മാർ ഇവരെ വിളിക്കുവാൻ കാരണം കൊളംബസ് ഇന്ത്യയെകണ്ടെത്തുവാൻ നടത്തിയ യാത്രയിൽ ഈ നാട്ടുകാർ ഇന്ത്യക്കാർ ആണെന്ന് കരുതി നൽകിയ പേരായിരുന്നു). യൂറോപ്പ് രാജ്യങ്ങൾ നിയന്ത്രിച്ച കോളനിയിലെ ജനങ്ങളും ആഫ്രിക്കയിൽ നിന്നും പിടിച്ചുകൊണ്ടുവന്ന അടിമപ്പണിക്കാരും ആധുനിക അമേരിക്കയുടെ സ്വന്തം ജനങ്ങളായി മാറി. അങ്ങനെ അമേരിക്കക്കാരെ ഏഷ്യൻ അമേരിക്കൻ, സ്പാനിഷ് അമേരിക്കന്‍(ഹിസ്‌പാനിക്), ആഫ്രോ അമേരിക്കൻ, ലാറ്റിനോ അമേരിക്കൻ, ആഗ്ലോ അമേരിക്കൻ എന്നൊക്കെ വിളിക്കുന്നു. ഇതിൽ നിന്നും ഇവരൊക്കെ വിവിധ ഭൂഖണ്ധങ്ങളിൽ നിന്നും വ്യത്യസ്ഥ കാലത്ത് അമേരിക്കയിൽ കുടിയേറിയവർ ആണെന്ന് വ്യക്തമാണ്. അമേരിക്ക ലോകത്തെ കുടിയേറ്റക്കാരുടെ രാജ്യമാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. കുടിയേറ്റക്കാർ തമ്മിൽ എത്ര നാൾക്കുമുന്‍പ് വന്നവർ എന്ന വ്യത്യാസമേ അവിടെനിലനിൽക്കുന്നുള്ളൂ.
അമേരിക്കയുടെ ആദ്യ രാഷ്‌ട്രപതി വാഷിംഗ്‌ടൺ പിന്നീട് വന്ന ജഫേർസൻ, എബ്രഹാം ലിങ്കൻ തുടങ്ങിയവർ ലോക രാഷ്ട്രീയത്തിൽ ലെനിൻ, ഗാന്ധിജി തുടങ്ങിയവരുടെ മുൻഗാമികളും അവർക്ക് പോലും മാതൃകകൾ ആകുവാൻ കഴിഞ്ഞവരുമാണ്. കാറൽ മാർക്സ്, അടിമവ്യവസ്ഥിതിക്ക് എതിരായി അബ്രാഹം ലിങ്കനെടുന്ന നിലപാടിനെ മുക്തകണ്ടം പുകഴ്ത്തിയത് ലിങ്കൺ നൽകിയ വിശ്വസംഭാവനയെ ശരിവെക്കുന്നു. ലോകത്ത് ആദ്യം തന്നെ പെട്രോൾ കണ്ടെത്തിയ അമേരിക്ക ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപമുള്ള രാജ്യം ആയിട്ടും അവർ പിൽക്കാലത്ത് ശ്രദ്ധിക്കപ്പെടുന്നത് ഒന്നാം ലോകയുദ്ധത്തിൽ വെച്ചാണ്. അമേരിക്കൻ ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള കാലം അവർ ഒറ്റകെട്ടായി രാജ്യത്തെ വളർത്തി വലുതാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. അതിന്‍റെകൂടിഭാഗമായി അബ്രഹാം ലിങ്കൺ നടപ്പിൽ വരുത്തിയ അടിമവ്യാപാര നിരോധനം അവരുടെ ധാർമ്മിക മൂല്യത്തിനു കൂടുതൽ പ്രശസ്തി നേടികൊടുത്തു. ജനങ്ങൾ സമാധാനപൂർണ്ണമായ ഒരു ലോകത്തെ സ്വപ്നം കണ്ടു.
അമേരിക്കയിൽ എത്തിയ യൂറോപ്യന്‍മാരിൽ നല്ലപങ്കും അന്നത്തെ ശാസ്ത്ര സാങ്കേതികതയിൽ മികവുള്ളവരായത് കൊണ്ട് ജീവിതത്തിന്‍റെ വിവിധ തുറകളിൽ അവർ യൂറോപ്യൻ ജീവിതത്തെയും കടന്ന് മുന്നോട്ട് പോയി. വിസ്തൃതമായ ഭൂപ്രദേശം, നദികൾ ധാതു നിക്ഷേപം എല്ലാം അവരുടെ വിസ്തൃത ഭൂമിയിൽ ഉണ്ടായിരുന്നു. ഒന്നാം ലോക യുദ്ധത്തിനു തൊട്ട് മുന്‍പ് ജനങ്ങൾ യുദ്ധവിരുദ്ധ വികാരത്തിൽ നിന്നുകൊണ്ട് ജീവിതം മെച്ചപ്പെടുത്തുവാൻ വളരെയധികം കഠിന പ്രയത്നം ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിൽ തന്നെ ആഗോളകുത്തകകൾ സജ്ജീവമായി തുടങ്ങി. ബ്രിട്ടീഷ്-ഡച്ച്-ഫ്രഞ്ച് മുതലായ, കോളനികൾ നിയന്ത്രിച്ചു വന്ന രാജ്യങ്ങളുടെ കുത്തക സ്ഥാപനങ്ങൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും വ്യാപരിച്ചു. അമേരിക്കയിൽ പ്രധാനമായി ബഹുരാഷ്ട്ര കുത്തകകൾ പിടിമുടുക്കിയത് ഒന്നാം ലോക യുദ്ധത്തിനു തൊട്ടുമുന്‍പുള്ള നാളുകളിലാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനം അമേരിക്കയിൽ നിന്നുള്ള standard oil company യുടെ രൂപീകരണവും വാഹനവ്യവസായത്തിലും ആയുധ വ്യവസായത്തിലും രാസവ്യവസയത്തിലും കൃഷിവ്യവസായത്തിലും ഊർജ്ജ വ്യവസായത്തിലുംഅമേരിക്ക കാട്ടിയ താൽപ്പര്യം അവരെ ലോക വ്യപാരത്തിന്‍റെ നെറുകയിൽ എത്തിച്ചു. എന്നാൽ ഇത്തരം കന്പനികൾ അമേരിക്കയുടെരാഷ്ട്രീയ അജണ്ടകൾ തീരുമാനിക്കുവാൻ തുടങ്ങി.
ഒന്നാം ലോക യുദ്ധത്തിനനുകൂലമായി ജനങ്ങളിൽ വികാരം ഉണ്ടാക്കുവാൻ ഒരു കമ്മിഷനെ തന്നെ സർക്കാർ നിയമിച്ചു. യുദ്ധത്തിൽ ആവശ്യമായ ആയുധങ്ങളും വാഹനങ്ങളും നിർമ്മിക്കുവാൻ നല്ല ഓർഡറുകൾ അമേരിക്കൻ കന്പനികൾക്ക് ലഭിച്ചു. ഫോർഡ് എന്ന വാഹന കന്പനിക്ക് വലിയ നിലയിൽകച്ചവടം വർദ്ധിപ്പിക്കുവാൻ കഴിഞ്ഞു.
യുദ്ധം കഴിഞ്ഞതോടെ അമേരിക്കയുടെ ആസ്ഥിയിൽ രണ്ട് മുതൽ 4 മടങ്ങുവരെ വർദ്ധന ഉണ്ടായി. സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ക്ഷയിക്കുകയും അമേരിക്ക അവരുടെ കോളനികളിൽ അധികാരം ഉറപ്പിക്കുകയും ചെയ്തു. അത്തരം നീക്കങ്ങൾ പൂർണ്ണമായും വിജയിക്കുവാനും പുതിയ സ്ഥലങ്ങളിൽ മുതൽ മുടക്കുവാനും അമേരിക്കയെ സഹായിച്ചത് ഒന്നാം ലോക യുദ്ധ രംഗത്ത് നടത്തിയ കച്ചവടമാണ് (അതിനും 50 വർഷങ്ങൾക്ക് മുന്‍പ്തന്നെ മെക്സിക്കോയെ ആക്രമിച്ച ആമേരിക്ക കാലിഫോർണിയ, ന്യൂ മെക്സിക്കോ തുടങ്ങിയ പ്രദേശങ്ങൾ കൈ അടക്കിയിരുന്നു). ഒന്നാം ലോക യുദ്ധത്തിൽ തകർന്ന് പോയ സ്പയിൻ, പോർത്തുഗീസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെ മറികടന്ന് അമേരിക്ക ലോകത്തെ ഒന്നാംകിട രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി. രണ്ടാം ലോകയുദ്ധത്തോടെ അമേരിക്ക, ബ്രിട്ടനെയും പൂർണ്ണ അർത്ഥത്തിൽ പിന്തള്ളിഒന്നാം നന്പർ സ്ഥാനം കൈയടക്കി. യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാതെ എന്നാൽ യുദ്ധത്തിന്‍റെ സമഗ്രഹികൾ വിറ്റ് ലാഭം കുന്നുകൂട്ടുവാൻ അമേരിക്ക മറന്നില്ല. യുദ്ധത്തിൽ രണ്ടുകോടി ജനങ്ങൾ രക്തസാക്ഷികളായികൊണ്ട് ഹിറ്റ്ലറിനെയും മുസോളിനെയും പരാജയപ്പെടുത്തിയ റഷ്യ ലോകത്തെ വലിയശക്തിയായി ജനങ്ങൾ അംഗീകരിക്കും എന്ന് ഭയന്ന് യുദ്ധത്തിൽ കീഴടങ്ങുവാൻ തയ്യാറായിരുന്ന ജപ്പാന് മുകളിൽ അമേരിക്ക നടത്തിയ രണ്ട് ബോംബാക്രമണങ്ങളും ലോക പോലീസ് ആയി തീർന്ന് മറ്റു രാജ്യങ്ങളെ കച്ചവട തുരുത്തുകൾ ആക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ടുള്ളതായിരുന്നു.
രണ്ടാം ലോക യുദ്ധത്തിൽ പഴയ യുദ്ധ കന്പോളത്തിലും കൂടുതൽ കച്ചവടംനടത്തി അവർ ലോക സാന്പത്തിക രംഗത്തിന്‍റെ നേതാവായി സ്വയം അവതരിച്ചു. അപ്പോഴെക്കും ലോക സ്വർണ്ണ ശേഖരണത്തിൽ അമേരിക്കയുടെ പങ്ക് 70% ആയി ഉയർന്നു. അന്തർദേശിയ സാന്പത്തിക രംഗം സ്റ്റാർലിംഗ് പൗണ്ടിൽനിന്നും ഡോളർ വ്യവസ്ഥയിലേയ്ക്ക് മാറി. അമേരിക്കയുടെ ലോക സാന്പത്തിക അജണ്ടകൾ നടപ്പിൽ വരുത്തുവാൻ IMF, ലോകബാങ്ക് നിലവിൽ വന്നു. UNനെ നിയന്ത്രണത്തിൽ ആക്കി. എന്നാൽ ലോകയുദ്ധത്തിന്‍റെ മാന്ദ്യം അമേരിക്കയെയും ബാധിച്ചു. മറ്റൊരു ചേരിയിൽ നിന്നുകൊണ്ട് USSR സാന്പത്തികവും ജനക്ഷേമകരവുമായ നിരവധി കാര്യങ്ങളിലൂടെ ലോക ശ്രദ്ധ നേടുകയും ലാറ്റിൻ −ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങളിൽ വിമോചന സമരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ ഘട്ടത്തിൽ ലോർഡ് കൈൻസ് മുന്നോട്ട്്വെച്ച ക്ഷേമ സങ്കൽപ്പം നടപ്പിൽ വരുത്തുവാൻ അമേരിക്ക നിർബന്ധിതരായി. അങ്ങനെ അമേരിക്കൻ രാഷ്ട്രപതിയായി വന്ന (ഡെമോക്രാറ്റിക് പാർട്ടി) ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് ന്യൂ ഡീൽ എന്ന പരിഷ്കാരം നടപ്പിലാക്കി. സമൂഹത്തിൽ കൂടുതൽ ക്ഷേമ പദ്ധതികൾ കൊണ്ടുവന്നു. സൗജന്യങ്ങൾ കൂടുതലായി ജനങ്ങൾക്ക് നൽകി. അമേരിക്കയിൽ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടു. അതിന്‍റെ അംഗീകാരമായി രാഷ്ട്രപതി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർഥിതന്നെ അധികാരത്തിൽ എത്തുകയും ചെയ്തു.
സോഷ്യലിസ്റ്റു ചേരിയെ അട്ടിമറിക്കുവാൻ ട്രൂമാനും മറ്റും ശ്രമങ്ങൾ നടത്തിയെങ്കിലും അതിന്‍റെ ഫലം കണ്ടുതുടങ്ങിയത് റൊണാൾഡ് റെയഗന്‍റെ കാലത്താണ്. പോളണ്ടിൽ നിന്നും ഉള്ള പോപ്പും സോളിഡാരിറ്റിയും ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗറ്റും ഒന്നിച്ചുകൊണ്ട് നടത്തിയ സോഷ്യലിസ്റ്റ് ചേരിക്കെതിരെയുള്ള യുദ്ധം ഫലം കണ്ടു തുടങ്ങിയതോടെ അമേരിക്ക അവരുടെ ക്ഷേമരാഷ്ട്ര നിലപാടുകൾ മാറ്റിവെച്ചു ജനങ്ങളിൽ സ്വകാര്യവൽക്കരണ അജണ്ടകൾ നടപ്പിൽ വരുത്തുവാൻ ആരംഭിച്ചു. അങ്ങനെ 60 കളിൽ തന്നെ ലോകമുതലാളിത്തം കൊണ്ടുനടന്ന ആഗോളവൽക്കരണം എന്ന സ്വപ്നം അമേരിക്കയിലും ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും നടപ്പിൽ വരുത്തുവാൻ ആരംഭിച്ചു.അതിനു മുന്‍പ് തന്നെ അമേരിക്ക സാന്പത്തിക മാന്ദ്യങ്ങളുടെ രോഗലക്ഷണങ്ങൾ കാട്ടിത്തുടങ്ങി കഴിഞ്ഞിരുന്നു. ശ്രീ റെയ്ഗൻ നടപ്പിൽ വരുത്തിയ പുതിയ പരിഷ്കാരങ്ങൾ ജനങ്ങളെ കൂടുതലായി വലയ്ക്കുവാൻ തുടങ്ങി. തൊഴിൽ അവസരവും വരുമാനവും കുറഞ്ഞു. ജീവിത ചിലവിൽ വർദ്ധനവുണ്ടായി. സ്വകാര്യവൽക്കരണത്തോടുള്ള ജനങ്ങളുടെ പ്രതിക്ഷേദ്ധത്തിൽ പെട്ട് റിപബ്ലിക്കൻഭരണം അവസാനിപ്പികേണ്ടി വന്നു. ബ്രിട്ടിഷ് ഉരുക്ക് വനിതയായി അറിയപ്പെട്ട താച്ചർ പുറത്താക്കപ്പെട്ടു. ആഗോളവൽക്കരണം വരുത്തിവെച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ അമേരിക്കയെയും കൂട്ടുകക്ഷികളെയും ജനങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി. എന്നാൽ എല്ലാ മുഖ്യധാരാലോകരാഷ്ട്രീയപ്രസ്ഥാനങ്ങളും ആഗോളവൽക്കരണത്തിന്‍റെ ഗുണഭോക്താക്കളായ കോർപ്പറേറ്റ് താൽപര്യങ്ങളാൽ നിയന്ത്രിതമായതിനാൽ പ്രതിപക്ഷത്തിരിക്കുന്പോൾ ആഗോളവിരുദ്ധ സമരങ്ങൾ നടത്തുകയും അധികാരത്തിൽ വരുന്പോൾ അതേ ആഗോളവൽക്കരണ നിലപാടുകൾ നടപ്പിൽ വരുത്തുകയും ചെയ്തുവരുന്നു. (ഈരീതി നമ്മുടെ രാഷ്ട്രീയലോകത്തും സുപരിചിതമാണ്) അങ്ങനെ അമേരിക്കയിലും ഡെമോക്രാറ്റിക് പാർട്ടികളും റിപബ്ലിക്കന്‍മാരും നിലപാടുകളിൽ ഏറെക്കുറെ ഒരേ സമീപനങ്ങളിലേയ്ക്ക് എത്തിച്ചേർന്നു. ഇരു കക്ഷി രാഷ്ട്രീയം മാത്രം നിലനിൽക്കുന്ന അമേരിക്കയിൽ പാർട്ടികൾ കൂടുതൽ സമയവും രണ്ടുടേം (4+4years) വീതം പ്രതിപക്ഷ−ഭരണ കസേരകൾ അലങ്കരിക്കുന്നു.
അമേരിക്ക വലിയ സന്പന്ന രാജ്യമായി അറിയപ്പെടുന്പോഴും അവിടെയുള്ളകോർപ്പറേറ്റുകൾ തടിച്ചു കൊഴുക്കുന്പോഴും സർക്കാരും സാധാരണ ജനങ്ങളും പാപ്പരായി വരികയാണ്. അതുവഴി ലോകത്തെ ഏറ്റവും കൂടുതൽ കടം ഉള്ളരാജ്യമായി അമേരിക്ക മാറി. സർക്കാർ പൊതു കടം 20 ലക്ഷം കോടി ഡോളർ (നമ്മുടെ രാജ്യത്തെ പൊതുകടം അരലക്ഷം കോടി ഡോളർ). ഒരുകോടി നാൽപ്പത്ലക്ഷം ആളുകൾക്ക് വീട് നഷ്ട്പ്പെട്ടു. ആത്മഹത്യയിൽ 28%വർദ്ധനയുണ്ടായി. ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ചരിത്രത്തിൽ ഇല്ലാത്തവണ്ണം സാന്പത്തിക രംഗത്ത് അന്തരമുണ്ടായി. സന്പന്നരായ 1%ആളുകളിൽ 24% അസ്ഥികൾ എത്തിച്ചേർന്നു. എന്നാൽ 90% ആളുകളിൽ ആകെ സ്വത്തിൽ 49.5%മാത്രം, (40 കളിൽ 1% ക്കാരന്‍റെ കയ്യിൽ 11.3%വും 90%ക്കാർ വശം 67.5%വും). എന്നാൽ മറുവശത്ത് അമേരിക്കൻ സർക്കാർ കോർപ്പറേറ്റുകൾക്കായി വിവിധ രാജ്യങ്ങളിൽ പട്ടാളത്തെ അയച്ചും മാറ്റും യുദ്ധ കച്ചവടം കൊഴിപ്പിച്ചു. ഈ പരീക്ഷണങ്ങൾ അമേരിക്ക എന്ന രാജ്യത്തിന്‍റെ ഖജനാവിന് വരുത്തിവെച്ച നഷ്ടം 4 ലക്ഷം മുതൽ 6 ലക്ഷംകോടി ഡോളർ. ഒപ്പം 6000ത്തിലധികം അമേരിക്കൻ പട്ടാളക്കാർ മരണപ്പെട്ടു.ലോകത്ത് ഇന്നു ഇറാഖിലും അഫ്ഗാനിലും മുതൽ സിറിയയിലും ലിബിയയിലും isiഅധീന കേന്ദ്രങ്ങളിലും ഉണ്ടായ മനുഷ്യ ദുരിതങ്ങൾ വിവരിക്കുവാൻ കഴിയുന്നതല്ല. യുദ്ധ−വ്യവസായവും ഊഹാകച്ചവടവും ഉണ്ടാക്കിയ സാന്പത്തികമാന്ദ്യം ലോക രാജ്യങ്ങളിൽ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ സജ്ജീവമാക്കി. വർഗ്ഗീയ−വർണ്ണ വെറിയൻ രാഷ്ട്രീയം അമേരിക്കയിലും യൂറോപ്പിലുംമടങ്ങിവരുന്നു.
ബരാക്ക് ഹുസൈൻ ഒബാമ എന്ന അമേരിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരൻ ചരിത്രത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും എന്ന് അമേരിക്കയിലെയും ലോകത്തെ വിവിധ രാജ്യങ്ങളിലെയും ജനങ്ങൾ കരുതി. പറഞ്ഞിരുന്നതുപോലെ അഫ്ഗാനിൽ നിന്നും ഇറാഖിൽ നിന്നും സേനയെ പിൻവലിച്ചു. എന്നാൽ സിറിയയിലും ലെബനലിലും നടത്തിയ ഇടപെടലുകൾ, ആളില്ലാ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ പല ആക്രമണങ്ങളും(Drawn) നിരപരാധികൾ മരണപെടുവാൻ കാരണമായി. അമേരിക്കയിൽ വളർന്നു വന്ന തൊഴിൽ ഇല്ലായ്മയെ കുറച്ചുകൊണ്ടുവരുവാൻ അദ്ദേഹം പരമാവധി വിജയിച്ചു. വാൾ സ്ട്രീറ്റ് തകന്നു വീണ അവസരത്തിൽ സർക്കാർ പണം പന്പ് ചെയ്താണെങ്കിലും രാജ്യത്തെ വലിയ തകർച്ചയിലേയ്ക്ക് വീണുപോകാതെ നിറുത്തി. ഒപ്പം വർദ്ധിച്ച ചികിത്സാചെലവുകൾക്ക് പരിഹാരം എന്ന നിലക്ക് പാവപെട്ടവർക്ക് ആരോഗ്യ പരിരക്ഷ നൽകുവാൻ പദ്ധതികൾ മുന്നോട്ട് വെച്ചു. ലോക പരിസ്ഥിതി വിഷയത്തിൽ പഴയതിൽ നിന്നും കുറേകൂടി ഉത്തരവാദിത്തത്തോടെ പ്രശ്നങ്ങളിൽ ഇടപെടുവാൻ ശ്രമിച്ചു. അഭയാർത്‍ഥികൾക്ക് ഇളവുകൾ നൽകുവാൻ ഒബാമ ചില നിലപാടുകൾ സ്വീകരിച്ചു.
അമേരിക്ക വെളുത്തവന്‍റേതാണ് എന്നും മറ്റുള്ളവർ അവരുടെ സുഖ സ്വകര്യങ്ങളെ മാനിച്ച് രണ്ടാം തരം പൗരർ ആയി ജീവിക്കണമെന്നും ശഠിക്കുന്ന ഒരുവിഭാഗം അവിടെയുണ്ട്. അവർക്ക് അവരെ നയിച്ച കറുത്ത രാഷ്ട്രപതിയെ ഒരിക്കലും മനസ്സുകൊണ്ട് അംഗീകരിക്കുവാൻ കഴിയുമായിരുന്നില്ല. രാജ്യത്തെഞങ്ങളുടെ ജീവിത ദുരിതത്തിന് കാരണക്കാർ മെക്സിക്കോക്കാരും ഏഷ്യൻരാജ്യക്കാരും അഭയാർത്ഥികളും ആണെന്ന് വർണ്ണ വെറിയൻ ബോധത്തിൽ കഴിഞ്ഞുവന്ന നിശബ്ദരും എന്നാൽ രഹസ്യമായ വിദ്വേഷം വെച്ച്പുലർത്തിയവർ അവരുടെ വിഭാഗീയ രാഷ്ട്രീയം ഒബാമയുടെ പിൻഗാമിക്ക് എതിരായി തെരഞ്ഞെടുപ്പിൽ പ്രയോഗിക്കുകയായിരുന്നു.
ട്രംപ്സ് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ താൻ വെറുക്കുന്ന ജനങ്ങളെ പറ്റിയാണ് സംസാരിച്ചത്. ഇസ്ലാമിനെ അമേരിക്കയിൽ നിന്നും ഒഴിവാക്കും. ഇറാനോട് ഒബാമ എടുത്ത നിലപാട് ശരിയായിരുന്നില്ല, മെക്സിക്കക്കാർ ഉൾപ്പെടെ 40 ലക്ഷംകുടിയേറ്റക്കാർ അമേരിക്ക വിട്ടു പോകണം, വിദേശ കന്പനികളെ നിയന്ത്രിക്കണം, ആരോഗ്യ പരിരക്ഷ ഒഴിവാക്കണം, പണക്കാരുടെ നികുതികൾ കുറയ്ക്കണം തുടങ്ങിയ പിൻതിരുപ്പൻ നിലപാടുകൾ ഉയർത്തിയ ട്രംപ്്സ് നമ്മുടെ രാജ്യത്തും പാകിസ്ഥാനിലും സിറിയൻ താഴ്്വരയിലും ബ്രിട്ടനിലും ജർമ്മനിയിലും ഫ്രാൻസിലും മറ്റും സജ്ജീവ സാന്നിദ്ധ്യമായി മാറിയിരിക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കുന്നു. ലോകം എത്തിചേർന്നിരിക്കുന്ന വളരെ അപകടകരമായ ഇത്തരം രാഷ്ട്രീയത്തിൽ നിന്നും നമ്മളെ തന്നെ രക്ഷിക്കുവാൻ അതാത് രാജ്യത്തുള്ളവർ ഉത്തരവാദിത്ത രാഷ്ട്രീയത്തിലേയ്ക്ക് എത്തിചേരുകയാണ് ഇതിനുള്ള പരിഹാരം.