കള്ളപ്പണവും ഇന്ത്യൻ സാന്പത്തികരംഗവും
ഇ.പി അനിൽ
അസന്തുലിതമായ ജീവിത സാഹചര്യങ്ങൾ മനുഷ്യ നിർമ്മിതമാണെന്ന് ലോകം അംഗീകരിക്കുന്നു. അധീശ വർഗ്ഗവും അധീന വർഗ്ഗവും മനുഷ്യചരിത്രത്തോളം പഴക്കമുള്ള സാമൂഹിക യാഥാർത്‍ഥ്യമാണ്. മോശയെയും കൂട്ടരെയും ഫെറോ രാജ്യഭരണം പുറത്താക്കിയത് ഒറ്റപ്പെട്ട സംഭവമല്ല. കണ്ണിന് പകരം കണ്ണ് എന്ന വാദം തന്നെ കായികമായ കരുത്തിന്‍റെ യോഗ്യതയെ സൂചിപ്പിക്കുന്നു. എന്നാൽ മനുഷ്യർ സഹവർത്തിത്തത്തോടെ കഴിയണമെന്ന് പിൽക്കാലത്ത് ബുദ്ധനും ക്രിസ്തുവും പറഞ്ഞത് കയ്യൂക്കിന്‍റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥക്ക് പകരം സ്നേഹത്തിന്‍റെയും അതുവഴി സഹോദര്യത്തിന്‍റെയും അടിസ്ഥാനത്തിൽ സമൂഹം വളരണം എന്നഗ്രഹത്തോടെയായിരുന്നു. ആധുനിക ജനാധിപത്യം അത്തരം മൂല്യങ്ങളെയാണ് ഉയർത്തിപിടിക്കുന്നത്.
ഒരു സമൂഹത്തിൽ ഉള്ളവനും ഇല്ലാത്തവനും എന്ന അവസ്ഥ സാമൂഹികമായ അസ്വാരസ്യങ്ങൾ ഉണ്ടാക്കും എന്നതിനാൽ മനുഷ്യർ തമ്മിലുള്ള ജീവിത അന്തരങ്ങൾ കുറച്ചുകൊണ്ടുവരിക സമാധാനമായ ഒരന്തരീക്ഷത്തെ നിർമ്മിക്കുവാൻ സഹായിക്കും. ഗാന്ധിജി ഉയർത്തി കാട്ടിയ trusty ship സിദ്ധാന്തം മുന്നോട്ട് വെയ്ക്കുന്നത് സ്വത്തുള്ളവന്‍റെ ബാധ്യതയാണ് സ്വത്തില്ലാത്തവരെ സംരക്ഷിക്കുക എന്നതായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ കൈവശം ഉള്ള ഒരാളുടെ സ്വത്തിൽ അയാൾക്ക് കൈവശാവകാശമേ ഉണ്ടായിരിക്കു, അയാൾ അത് പൊതു സമൂഹത്തിനെ സഹായിക്കുന്ന തരത്തിൽ ഉപയോഗപ്പെടുത്തുവാൻ ബാധ്യതയുണ്ട്. പഴയ നിയമത്തിൽ 10% മിച്ചം മറ്റുള്ളവർക്ക് കൊടുക്കുക എന്നും ഇസ്ലാം വിശ്വാസത്തിൽ സക്കാത്ത് നൽകൽ പ്രധാന പുണ്യകർമ്മമായി പരിഗണിക്കുന്നതും മനുഷ്യന്‍റെ കൂട്ടുത്തരവാദിത്തത്തിന്‍റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
ആധുനിക ജനാധിപത്യത്തിൽ സർക്കാർ സംവിധാനവും അതിന്‍റെ നേതൃത്വവും പ്രാധാനമായി ഊന്നൽ കൊടുക്കുന്നത് സാന്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരെ സഹായിക്കുവാൻ ആവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്ന കാര്യത്തിലാണ്. അതിനാവശ്യമായ പദ്ധതികൾ കണ്ടെത്തി നടപ്പിലാക്കുവാൻ സർക്കാർ കണ്ടെത്തിയ മാർഗ്ഗമാണ് നികുതി സംവിധാനം. പഴയ കാലത്ത് രാജാവും അദ്ദേഹത്തിന്‍റെ മിത്രങ്ങളും ആർഭാടപരമായി ജീവിച്ചു വന്നത് ഭൂമിൽ നിന്നും കയറ്റുമതി വിഭവങ്ങളിൽ നിന്നും മറ്റും വൻ ചുങ്കവും മറ്റു തരത്തിലുള്ള ഫീസും വാങ്ങിയെടുത്തു കൊണ്ടാണ്. പിൽക്കാലത്ത് വിവിധ രാജ്യങ്ങളിൽ തൊഴിലാളിവർഗ്ഗ സർക്കാർ അധികാരത്തിൽ വന്നതോടെ മുതലാളിത്ത രാജ്യങ്ങളും ക്ഷേമ പദ്ധതികൾക്ക് വേണ്ട പരിഗണനകൾ നൽകി. രണ്ടാം ലോകയുദ്ധത്തിൽ തകർന്ന മുതലാളിത്തത്തെ പുതിയ രൂപത്തിൽ ഉയർത്തി കൊണ്ടുവരുവാൻ പ്രയത്നിച്ച ഇംഗ്ലീഷ് സാന്പത്തിക ശാസ്ത്രജ്ഞൻ ലോർഡ് കെയിൻസ് ക്ഷേമ പദ്ധതികളിലൂടെ കൂടുതൽ പണം ജനങ്ങളിൽ എത്തിക്കുവാൻ ആവശ്യമായ പദ്ധതികൾ അവതരിപ്പിച്ചു. അവിടെ അദ്ദേഹം കൊടുത്ത പ്രധാന ഊന്നൽ ജനങ്ങൾ സർക്കാരിനും സർക്കാർ ജനങ്ങൾക്കും പരസ്പരം ബാധ്യതയായിരിക്കും എന്നാണ്. നികുതി കൊടുക്കുവാൻ ഏവരും തയ്യാറാകണം. വരുമാനം കൂടുന്നതിനനുസരിച്ച് നികുതി തോത് കൂടുതൽ ഉണ്ടായിരിക്കും. ചൂതാട്ടം, വാടക വാങ്ങി കഴിയുക തുടങ്ങിയ സമീപനത്തെ കെയിൻസ് ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. ഈ നിലപാടുകൾ മുതലാളിത്ത പ്രതിസന്ധികൾ താൽക്കാലികമായി പരിഹരിക്കുവാൻ സഹായിച്ചു. പിൽക്കാലത്ത് സോഷ്യലിസ്റ്റ് ചേരികൾ തകർന്നപ്പോൾ മുതലാളിത്ത നേതൃത്വത്തിൽ ഉണ്ടായിരുന്ന അമേരിക്ക ക്ഷേമ രാഷ്ട്രത്തെ കൈഒഴിയുകയും പകരം ആഗോള വൽക്കരണത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് ലോക രാജ്യങ്ങളെ അതിലേയ്ക്ക് നയിക്കുകയും അവരുടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.
കെയിൻസ് മുന്നോട്ടു വെച്ച ക്ഷേമ സങ്കൽപ്പങ്ങളെ മാനിച്ച് പിൽക്കാലത്ത് നയരൂപീകരണം നടത്തിയ നൊറാടിക്−സ്കാണ്ടിനെവ്യൻ രാജ്യങ്ങൾ ക്ഷേമ സങ്കൽപ്പങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ മുന്നോട്ട് പോയി. 100 വർഷങ്ങൾക്കു മുന്‍പ് ദാരിദ്ര്യം അനുഭവപെട്ട സ്വീഡൻ കഴിഞ്ഞ കാലത്ത് നേടിയെടുത്ത മാനവിക സൂചികയിലെ വളർച്ചക്ക് കാരണമായത് സർക്കാർ നടപ്പിലാക്കിയ ക്ഷേമ സങ്കൽപ്പങ്ങളാണ്. cradle to graveyard എന്ന പേരിൽ നടപ്പിലാക്കിയ നയസമീപനങ്ങൾ USSR നടപ്പിൽ വരുത്തിയ പല പദ്ധതികളെയും ഓർമ്മിപ്പിക്കുന്നു. ജനിച്ചു വീഴുന്ന കുട്ടിയുടെയും അമ്മയുടെയും സംരക്ഷണം ഏറ്റെടുക്കുന്ന സർക്കാർ അമ്മക്ക് 6 മാസം അവധിയും സഹായത്തിനു എത്തുന്നവർക്ക് വേതനവും നൽകുന്നു. സൗജന്യ വിദ്യഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴിൽ ലഭിക്കുന്നത് വരെ തൊഴിൽ രഹിത വേതനം തൊഴിൽ കൊടുക്കുക എല്ലാം സർക്കാർ ബാധ്യതയാണ്. തൊഴിൽ സമയം ഏറ്റവും കുറവുള്ള നോറാടിക്ക് രാജ്യങ്ങളിൽ പെൻഷൻ തുക കിട്ടിയിരുന്ന വേതനത്തിന്‍റെ 60% അധികമാണ്. അഴിമതി ഏറ്റവും കുറവുള്ള, ഏറ്റവും മാന്യമായി സ്ത്രീകൾക്ക് ജീവിക്കുവാൻ അവസരം ഒരുക്കിയ, പ്രകൃതി നശീകരണത്തെ ഗൗരവതരമായി കാണുന്ന ഇത്തരം സർക്കാർ അവർക്ക് ക്ഷേമ നിലപാടുകൾ നടപ്പിൽ വരുത്തി human happiness indexൽ മുന്നിൽ വരുവാൻ കഴിഞ്ഞത് ജനങ്ങളിൽ നിന്നും കൃത്യമായും (50% നികുതി) പിരിക്കുവാൻ സർക്കാർ കാട്ടുന്ന ശുഷ്ക്കാന്തിയാണ്. അങ്ങനെ for the people by the people എന്ന ജനാധിപത്യ സംവിധാനം വിജയകരമായി അവിടങ്ങളിൽ നടപ്പിൽ വരുത്തിവരുന്നു.
ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയുടെ ജനാധിപത്യ രീതികൾ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ്. അമേരിക്കൻ രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വികാരത്തെ മാനിക്കാതിരിക്കുവാൻ ഇലക്‌ട്രൽ കോളത്തിന് അവസരം ഉണ്ടെന്നിരിക്കെ അവരുടെ തെരഞ്ഞെടുപ്പ് രീതികളെ പറ്റി അമേരിക്കക്കാർ തന്നെ വിമർശനം ഉയർത്താറുണ്ട്. താരതമ്യേന വളരെ കുറച്ചു മാത്രം വിമർശനം ഉള്ള ഇന്ത്യൻ തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ എത്തുന്ന സർക്കാർ നിലപാടുകൾ പക്ഷേ രാജ്യത്തെ സാധാരണക്കാരുടെ പൊതു വികാരത്തെ പരിഗണിക്കുന്നില്ല. ഇന്ത്യ സ്വതന്ത്രമായി തീരുന്ന കാലത്ത് തന്നെ അഴിമതികളുടെ കഥകൾ കേൾക്കുവാൻ തുടങ്ങി. ഇന്ത്യൻ സാന്പത്തിക രംഗത്തെ പദ്ധതികൾ ഗാന്ധിയൻ സമീപനത്തിന് പകരം കുത്തകകളെ സഹായിക്കുന്ന നിലപാട് കൈകൊള്ളുവാൻ കോൺഗ്രസ് തയ്യാറായി. അങ്ങനെ തുടക്കം മുതൽ ക്യാബിനറ്റിൽ നിന്നും അഴിമതിയുടെ പേരിൽ ചിലർ പുറത്തു പോകുവാൻ അവസരം ഉണ്ടായി.
ഇന്ത്യ സ്വാതന്ത്ര്യമായ കാലത്തെ ദേശീയ വിപണിയിലെ കള്ളപ്പണം 2500 കോടി രൂപയായിരുന്നു. എന്നാൽ പിന്നീടുള്ള കാലത്ത് കള്ളപ്പണത്തിന്‍റെ സമാന്തര ലോകം തന്നെ ഇവിടെ ഉണ്ടായി. ആയുധ ഇടപാടിൽ മുതൽ ഭൂമി കച്ചവടത്തിലും മാറ്റ് ഒട്ടുമിക്ക ഇടങ്ങളും അഴിമതിയുടെ സാന്നിദ്ധ്യം തുടർന്നു. ലോകത്തെ കള്ളപ്പണം വളരുന്നതിലും വേഗത്തിൽ ഇന്ത്യയിൽ കള്ളപ്പണം വളർന്നു. സ്വിസ്സ്, മൗറേഷ്യസ്, ഹോങ്ങോക്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്കുകളിൽ കള്ളപ്പണം എത്തുന്ന പ്രവണത സജീവമായി. അതിൽ ഏറ്റവും വലിയ സംഭാവന നൽകിയവർ ഇന്ത്യക്കാരാണെന്ന് അവരുടെ ബാങ്കുകൾ തന്നെ പറയുന്നു.
1991ൽ ആരംഭിച്ച ആഗോളവൽക്കരണം അഴിമതിയെ സജീവമാക്കി. ഊഹ വിപണിക്ക് ഉത്പ്പാദന രംഗത്തിനെക്കാളും ഏറെ മുന്നിൽ പോകാൻ അവസരം ഉണ്ടാക്കിയ പുതിയ ലോക രാഷ്ട്രീയം കള്ളപ്പണത്തെ കണ്ടില്ല എന്ന് നടിക്കുന്നു. കാസിനോ സംസ്ക്കാരം കൂടുതൽ ശക്തമായി മാറുവാൻ സഹായകരമായ ഷെയർ മാർക്കറ്റ് ഇന്ത്യയെ പോലെയുള്ള മുന്നാം ലോക രാജ്യങ്ങളുടെ സാന്പത്തിക രംഗത്ത് പോലും വലിയ സ്വാധീനം ചെലുത്തുന്നു. പ്രതിദിനം ലക്ഷം കോടിയുടെ ഇടപാടുകൾ നടത്തുന്ന ഇന്ത്യൻ ചൂതാട്ട വിപണിയുടെ സ്വാഭാവിക പരിണാമം കൂടിയാണ് കള്ളപ്പണം.
(കള്ളപ്പണം എന്നാൽ സർക്കാരിന്‍റെ അറിവിൽ നിന്നും നികുതി കൊടുക്കാതെ മറച്ചുവെയ്ക്കുന്ന പണം എന്നാണ് അർത്ഥം. ഒരാൾക്ക് വിവിധ രൂപത്തിൽ കൈയ്യിൽ എത്തുന്ന പണം രേഖകളുടെ അടിസ്ഥാനത്തിൽ സൂക്ഷിക്കുവാൻ അവകാശമുണ്ട്. ഓരോ രാജ്യവും അത്തരം വരുമാനത്തിൽ നികുതി ചുമത്തുന്നു. ഏറ്റവും കാര്യക്ഷമമായി നികുതി പിരിക്കുന്ന സ്വീഡൻ, ഫിൻലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ 50% വരെ നികുതികൊടുക്കുവാൻ ജനങ്ങൾ ബാധ്യസ്ഥമാണ്. അവിടെ ഒരാൾക്ക് ശന്പളം ലാഭിക്കുന്നത് നികുതി സർക്കാർ പിടിച്ചു വെച്ചശേഷം മാത്രം. ഇംഗ്ലണ്ടിലും അമേരിക്കയിലും നികുതിയുടെ തോത് 30%വരെ വരുന്നു. ഇന്ത്യയിലും ഒരാളുടെ വരുമാനം, അയാളുടെ ആസ്ഥി മുതലായ കാര്യങ്ങൾ സർക്കാരിനെ (income tax വകുപ്പിനെ) ബോധ്യപ്പെടുത്തേണ്ടതുണ്ട്. എല്ലാ സാന്പത്തിക വർഷവും (April 1 മുതൽ March 31) ഓരോരുത്തരും അവരവരുടെ വരുമാനം പ്രഖ്യാപിക്കുവാൻ സർക്കാർ പരസ്യങ്ങൾ കൊടുക്കുന്നു. നമ്മുടെ രാജ്യത്ത് 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവർ നികുതി കൊടുക്കേണ്ടതില്ല. (കഴിഞ്ഞ കാലങ്ങളിൽ ഈ തുകയുടെ പരിധികൾ കൂട്ടിയിട്ടുണ്ട്. വരുമാനം 2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിൽ ആണെങ്കിൽ നമ്മൾ 2.5 ലക്ഷത്തിൽ അധികം വരുന്ന പണത്തിന് 10% നികുതി കൊടുക്കണം. വരുമാനം 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ആണെങ്കിൽ 20% വും 10 ലക്ഷത്തിനു മുകളിൽ 30% വും നികുതി കൊടുക്കണം. (അധികം വരുന്ന തുകകൾക്ക് എന്നത് മൂന്ന് സ്ലാബിലും ബാധകം). രാജ്യത്തെ എല്ലാവരും കൊടുക്കുന്ന നികുതി (പരോക്ഷ) മെച്ചപെടുത്തുവാൻ VAT റ്റും ഇപ്പോൾ GSTയും ഗൗരവതരമായി നടപ്പിലാക്കുവാൻ ചർച്ചകൾ തുടരുന്നു. അതിന് ചുക്കാൻ പിടിക്കുന്നത് ലോക ബാങ്ക് പോലെയുള്ള സ്ഥാപനങ്ങളാണ്. എന്നാൽ നമ്മുടെ രാജ്യത്തെ പ്രത്യക്ഷ നികുതി പിരിവിൽ അത്തരം ജാഗ്രതാനിർദ്ദേശം ഉണ്ടാകുന്നില്ല. രാജ്യത്ത് കോടിയിൽ അധികം വരുമാനമുള്ളവർ 18358 ആളുകൾ മാത്രമാണെന്ന് സർക്കാരിനു പറയേണ്ടിവരുന്നതിൽ നിന്നും സർക്കാർ പ്രത്യക്ഷ നികുതിയോടെ കാട്ടുന്ന നിലപാട് വ്യക്തമാണ്. രാജ്യത്ത് 10 മുതൽ 12% ആളുകൾ വരെ പ്രത്യക്ഷ നികുതി കൊടുക്കുവാൻ ഉണ്ടെന്നിരിക്കെ രാജ്യത്തെ നികുതിദായകർ ഒരു ശതമാനം മാത്രമായി തുടരുന്നു.
രാജ്യത്തിനുള്ളിൽ നടക്കുന്ന നികുതി വെട്ടിപ്പുകൾ കുപ്രസിദ്ധമാണ്. അതിലും വലിയ അനാരോഗ്യ പ്രവണതയാണ് രാജ്യത്ത് നടത്തുന്ന അഴിമതിയിലും മറ്റും കിട്ടുന്ന പണം വിദേശ ബാങ്കുകളിൽ നിക്ഷേപിക്കുന്ന സമീപനം. ലോകത്തെ ഏറ്റവും കൂടുതൽ ദരിദ്രരും നിരക്ഷരരും ക്ഷയരോഗികളും ഉള്ള രാജ്യത്തുനിന്നും ഏറ്റവും കൂടുതൽ തുക swiss ബാങ്കുകളിലേയ്ക്ക് എത്തിച്ചേർന്നത് ഇന്ത്യയിൽ നിന്നും ആണെന്നത് ഒരു തരത്തിലും ആശാവഹമായ വാർത്തയല്ല. ചില കണക്കുകൾ സൂചിപ്പിക്കുന്നതും കഴിഞ്ഞ ദേശീയ തെരഞ്ഞെടുപ്പിൽ BJP സർക്കാർ പറഞ്ഞിരുന്നതും 70 ലക്ഷം കോടിയുടെതായിരുന്നു. എന്നാൽ swiss കണക്കുകൾ പറയുന്നത് 1.6 trillion ഡോളർ(1.6x67 ലക്ഷം കോടിരൂപ) ഇന്ത്യക്കാരുടേതായി ഉണ്ടെന്നാണ്. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക മാഫിയകളുടെ രാജ്യമായി പിൽക്കാലത്ത് കുപ്രസിദ്ധി നേടിയ റഷ്യയിൽ നിന്നും. അതാകട്ടെ ഇന്ത്യക്കാരുടെ മൂന്നിൽ ഒന്ന് മാത്രമാണ്. അതിനും പുറത്ത് മൗറീഷ്യസ്, സിങ്കപ്പൂർ, ഹോങ്ങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് ശതകോടികൾ ഒഴുകുന്നതിനു പിന്നിൽ ഇന്ത്യയിലെ അഴിമതിക്കാരായവരുടെ അജണ്ടകൾ പ്രവർത്തിക്കുന്നു. ലോക മാന്ദ്യത്തിൽ പെട്ട് അമേരിക്കയും ജർമ്മനിയും മറ്റും അവരുടെ നാട്ടുകരുടെ വിവരങ്ങൾ വിദേശ ബാങ്കുകളിൽ നിന്നും കണ്ടെത്തിയപ്പോൾ അതിൽനിന്നും ഇന്ത്യക്കാരുടെയും വിവരങ്ങൾ കേന്ദ്രസർക്കാരിനു ലഭിച്ചു. അതിന്‍റെ വിശദാംശങ്ങൾ പുറത്ത് പറയണമെന്ന് സുപ്രീകോടതി നിർദ്ദേശിച്ചിട്ടും മന്‍മോഹൻ സർക്കാർ തയ്യാറായില്ല. BJP സർക്കാർ തെഞ്ഞെടുപ്പിൽ വലിയ വിഷയമാക്കിയ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി ലക്ഷ്യത്തിനടുത്തെങ്ങും എത്തിയില്ല എന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. വിദേശ ബാങ്കുകളിൽ നിന്നും ഇന്ത്യയിലേയ്ക്ക് പണം മടക്കികൊണ്ടുവരുവാൻ മാതൃകാപരമായ നടപടികൾ എടുക്കുവാൻ മോദി സർക്കാർ കർക്കശമായിട്ടില്ല.
സർക്കാർ മുന്നോട്ട് വെച്ച കള്ളപ്പണം വെളുപ്പിക്കൽ (45% പണം അടച്ചാൽ കള്ളപ്പണം വെളുത്ത പണമാക്കാം) പരാജയപ്പെട്ടതിനുള്ള പരിഹാരമായി രാജ്യത്തെ 500, 1000 നോട്ടുകൾ പിൻവലിക്കുവാൻ സർക്കാർ എടുത്ത തീരുമാനം രോഗം കണ്ടുള്ള ചികിത്സയല്ല. കള്ളപ്പണക്കാർ അവരുടെ ആസ്ഥികൾ സൂക്ഷിക്കുന്നത് നോട്ടുകളുടെ രൂപത്തിലാണ് എങ്കിൽ നോട്ടുകൾ ഒരു രാത്രികൊണ്ട് പിൻവലിക്കുന്നതിന് ഗുണപരമായ ഫലം ഉണ്ടാക്കുവാൻ കഴിയും. എന്നാൽ കള്ളപ്പണക്കാർ അവരുടെ ആസ്ഥികൾ സൂക്ഷിക്കുക മറ്റു രീതിയിലാണ് എന്ന്‍ അറിയാത്തവരായി ആരും ഇവിടെയില്ല. കള്ള നോട്ടുകൾ എന്ന് നമ്മൾ വിളിക്കുന്ന വ്യാജനോട്ടുകൾ കൈയിൽ വെച്ചിരിക്കുന്നത് അസാധുവാക്കുവാൻ ഇത്തരം നയങ്ങൾ സഹായിക്കും എന്നത് സത്യമാണ്. (മൊറാർജിയുടെ ഭരണ കാലത്ത് സർക്കാർ 1000 മുതൽ 10000 രൂപയുടെ നോട്ടുകൾ പിൻവലിച്ചിരുന്നു). അതൃത്തി കടന്ന് എത്തുന്ന കള്ളനോട്ടുകൾ രാജ്യത്തെ ശിഥിലമാക്കുവാൻ സഹായിക്കും. (അത്തരം ശ്രമങ്ങൾ അമേരിക്ക പലപ്പോഴും തങ്ങൾക്ക് എതിർ നിൽക്കുന്ന രാജ്യങ്ങളിൽ പയറ്റിനോക്കിയിട്ടുണ്ട്). ഇന്ത്യയെ പുറകിൽ നിന്നും (shadow war) ആക്രമിക്കുവാൻ ശ്രമിക്കുന്ന പാകിസ്ഥാന്‍റെ വ്യാജനോട്ടുകൾ കയറ്റിവിടുന്ന തന്ത്രങ്ങളെ നിഷ്പ്രഭമാക്കുവാൻ ഈ നയം താൽക്കാലികമായി സഹായിക്കും എന്ന് മറക്കുന്നില്ല. എന്നാൽ കഴിഞ്ഞ നാളുകളിൽ ഇന്ത്യൻ സാന്പത്തിക രംഗത്ത് കൈമാറിയിരുന്ന രൂപ (50% വും 500, 1000 നോട്ടുകൾ) വ്യാജമായിരുന്നു എന്ന ധാരണ ഇന്ത്യക്കാർക്കും വിദേശികൾക്കും ഉണ്ടാകുന്നത് ഇന്ത്യൻ സാന്പത്തിക രംഗത്തിൽ വിശ്വാസ്യത കുറയുവാൻ കാരണമാകും. ഇന്ത്യൻ സാന്പത്തിക രംഗത്തെ കുറച്ചു ദിവസം എങ്കിലും പിടിച്ചു നിർത്തുന്ന രൂപയുടെ പിൻവലിക്കലും അനുബന്ധ പ്രശ്നങ്ങളും രാജ്യത്തെ ഗൗരവതരമായി വിഴുങ്ങികൊണ്ടിരിക്കുന്ന കള്ളപ്പണത്തിന്‍റെയും മറ്റു സമാന്തര സാന്പത്തിക ക്രമങ്ങളെയും നിയന്ത്രിച്ച് രാജ്യത്തെ നികുതി വരുമാനം വർദ്ധിപ്പിച്ച് ആഭ്യന്തര−വിദേശ കടങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാൻ ഉപകരിക്കില്ല എന്നതാണ് വസ്തുത.
ഇന്ത്യൻ സാന്പത്തിക രംഗം ലക്ഷ്യം വെയ്ക്കുന്നത് ഇന്ത്യൻ ജനങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതത്തിന് സുരക്ഷിതത്വം നൽകൽ ആണെങ്കിൽ, കേന്ദ്ര സർക്കാർ ഇന്ത്യൻ സാന്പത്തിക രംഗം കയ്യടക്കി വെച്ചിരിക്കുന്ന മുതലാളിമാരിൽ നിന്നും നികുതി പിരിവ് ശക്തമാക്കേണ്ടതുണ്ട്. കള്ളപ്പണം പുറത്ത് പറയാതെ സൂക്ഷിച്ചിരിക്കുന്ന എല്ലാ വ്യക്തികളുടെയും ആസ്ഥികൾ കണ്ടുകെട്ടുവാൻ തയ്യാറകണം. വിദേശ ബാങ്കുകളിൽ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങൾ പുറത്ത് കൊണ്ടുവരണം. അത്തരം പട്ടികയിൽ പെട്ട രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. വിദേശ ബാങ്കുകളിലെ പണം ഇന്ത്യയിൽ എത്തിച്ചാൽ ഓരോ ഇന്ത്യക്കാർക്കും ലക്ഷം രൂപയ്ക്ക് മുകളിൽ വിതരണം ചെയ്യാമെന്ന വാഗ്ദാനം ഇന്നും ജനങ്ങൾ മറന്നിട്ടില്ല. അതിനു പകരം ഇന്ത്യൻ സാന്പത്തിക രംഗത്ത് ചില പൊടിക്കൈകളും അതിൽ കൂടുതലായി വാർത്തകളും സൃഷ്ടിക്കുന്ന നയസമീപനങ്ങൾക്ക് പിന്നിൽ രാജ്യതാൽപര്യത്തിലും അപ്പുറം മറ്റുചില അജണ്ടകൾ ഉണ്ടെന്ന് പറയേണ്ടിയിരിക്കുന്നു.