ഹിലാരി, ട്രംപ്; ആര് തിരഞ്ഞെടുക്കപ്പെട്ടാലും...


ഇ.പി അനിൽ

ഴുതയും കുതിരയും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയമൃഗങ്ങളാണ്. ലോകത്തെ അടക്കി വാഴുന്ന അമേരിക്കൻ‍ ഐക്യനാട്ടിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ‍ പരസ്പരം വീതം വെച്ചു വരുന്ന ഡെമോക്രാറ്റിക്‌-റിപ്പബ്ലിക്കൻ‍ പാർ‍ട്ടികളുടെ ചിഹ്നങ്ങളാണിവർ‍. (കഴുത ഡെമോക്രാറ്റിക്കി‌നും കുതിര റിപബ്ലിക്കിനും) എക്കാലത്തും മുതലാളിത്ത താൽ‍പര്യങ്ങളെ മുൻനിർ‍ത്തി ലോകത്തെ തങ്ങളുടെ വരുതിയിൽ‍ നിർ‍ത്തുവാൻ‍ ശ്രമം തുടരുന്ന അമേരിക്കയിലെ നൂറ്റാണ്ടുകൾ‍ പഴക്കമുള്ള ഈ രണ്ടു പാർ‍ട്ടികളും ഒറ്റക്കെട്ടായി എതിർ‍ത്തു വരുന്നതിൽ‍ എന്നും തൊഴിലാളി അവകശങ്ങൾ‍ മുൻ‍നിർ‍ത്തി പ്രവർത്തിക്കുന്ന കമ്യുണിസ്റ്റ് പാർ‍ട്ടികളെയും അനുബന്ധ സംഘടനകളെയും പ്രത്യേകം പരിഗണിക്കുന്നു. 1957ലെ കേരളത്തിൽ‍ കമ്യുണിസ്റ്റ് പാർ‍ട്ടി അധികാരത്തിൽ‍ എത്തിയപ്പോൾ‍ അതിനെതിരായി ജനങ്ങളെ തെരുവിൽ‍ ഇറക്കുവാൻ‍ കത്തോലിക്ക സഭയ്ക്കും മറ്റു സംഘടനക്കൾ‍ക്കും CIA 21കോടി രൂപ കൈമാറി എന്ന് പറഞ്ഞത് അന്നത്തെ അമേരിക്കയുടെ ഇന്ത്യൻ‍ സ്ഥാനപതിയായിരുന്ന മൊയീൻ‍ ഖാനായിരുന്നു. ഇതിൽ‍ നിന്നും അമേരിക്കൻ‍ രാഷ്ട്രീയം വെച്ചുപുലർ‍ത്തുന്ന കമ്യുണിസ്റ്റ് വിരുദ്ധത എത്ര വിപുലമാണ് എന്ന് മനസ്സിലാക്കാം.

ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് എങ്ങനെയാണ് മറ്റു രാജ്യങ്ങളിലും ഗൗരവതരമാകുന്നത് എന്നത് അമേരിക്കയുടെ കാര്യത്തിൽ‍ നമുക്ക് അത്ര വലിയ സംശങ്ങൾ‍ ഉണ്ടാക്കാറില്ല. കാരണം ഇവിടെ വളരെ വ്യക്തമാണ്‌. ലോകം എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കുന്നത്‌ അമേരിക്കയാണ് എന്ന് പറയുന്നതാകും അതിന്‍റെ പിന്നിലെ ശരി. ഇറാഖ് ഭരണാധിപനോടും ലോകത്തോട്‌ തന്നെയും അമേരിക്കൻ‍ ഭരണ കൂടം പറഞ്ഞത് ഒന്നുകിൽ‍ ഞങ്ങൾ‍ക്കൊപ്പം ഇല്ലെങ്കിൽ‍ ഭീകര വാദികൾ‍ക്കൊപ്പം എന്നാണ്. അമേരിക്കയാണ് ഭീകരവാദത്തെ ചെറുക്കുവാൻ‍ ഏറ്റവും യോഗ്യതനേടിയവർ‍ എന്ന് അവർ‍ ഇവിടെ പ്രഖ്യാപിക്കുന്നു. എന്നാൽ‍ ചരിത്രം അങ്ങനെയല്ല നമ്മളെ പഠിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും പഴയ ഭീകരവാദം അമേരിക്കയിൽ‍ തുടങ്ങി ഇന്നും അതിന്‍റെ പുതിയ രൂപങ്ങൾ‍ നിലനിൽ‍ക്കുന്നു എന്നതാണ് യഥാർ‍ഥ്യം. കു ക്ലുക്സ് ക്ലാൻ‍ എന്ന സംഘടന 18ാം നൂറ്റാണ്ട് മുതലുള്ള പ്രവർ‍ത്തനങ്ങൾ‍ മതത്തിന്‍റെ തീവ്ര ആശയങ്ങളെ മുന്നിൽ‍ നിർ‍ത്തിയാണ് നടത്തിവന്നത്. അവർ‍ക്ക് കത്തോലിക്കരും പുരോഗമന പ്രസ്ഥാനക്കാരും കുടിയേറ്റക്കാരും എല്ലാം അമേരിക്കയുടെ ശത്രുക്കളാണ്. അവരെ തള്ളിപ്പറയുവാൻ‍ അമേരിക്കയുടെ മുഖ്യരാഷ്ട്രീയം വിജയം കാണാത്തത് അവിചാരിതമല്ല. ഇന്നും അമേരിക്കൻ‍ രാഷ്ട്രീയം ലോകത്ത് പിടിമുറുക്കുന്ന ഭീകര ശക്തികളെ രാഷ്ടീയമായി ഒറ്റപ്പെടുത്തുവാൻ‍ തയ്യാറല്ല എന്ന് തെളിയിക്കുന്നു.

ലോകത്തെ മനുഷ്യാവകാശങ്ങളെ വല്ലാതെ വേദനിപ്പിക്കുന്ന ഇസ്രായേൽ‍ നിലപാടുകളെ തള്ളിപറയുവാൻ‍ മടിക്കുന്ന അമേരിക്ക സപ്റ്റംബർ‍ 11ലെ സംഭവങ്ങളിൽ‍ കാരണക്കാരനായ ഒസാമയും കൂട്ടരും അമേരിക്കയുടെ സാന്പത്തിക−രാഷ്ട്രീയ ഉത്പ്പന്നമായിരുന്നു. തങ്ങളുടെ രാഷ്ട്രീയ അജണ്ടക്കായി വാർ‍ത്തെടുത്ത ഭീകര പ്രസ്ഥാനങ്ങൾ‍ ഇന്ന് അമേരിക്കയെയും അനുബന്ധ സ്വപനങ്ങളെയും ആക്രമിക്കുന്പോൾ‍ മറ്റു ചില ഭീകര വാദികളെ നിലനിർ‍ത്തുന്ന ചില രാജ്യങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നു.

ലോകത്തെ ഇന്നു നടപ്പാക്കി വരുന്ന ആഗോളവൽ‍ക്കരണത്തിലൂടെ എല്ലാ രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്ന സാന്പത്തിക പ്രതിസന്ധിയുടെ കാരണക്കാർ‍ അമേരിക്കൻ‍ രാഷ്ട്രീയക്കാരാണ്. മുതലാളിത്തത്തിന്‍റെ അവസനവാക്കായി മാറിയ അമേരിക്ക, മുതലാളിത്തം ലോകത്തിനു നൽ‍കിയ വാഗ്ദാനങ്ങളെ നിരന്തരമായി തകിടം മറിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന സ്വപ്നത്തെ ഫ്രഞ്ച് വിപ്ലവത്തിലൂടെ പ്രയോഗത്തിൽ‍ കൊണ്ടുവരുവാൻ‍ മുതലാളിത്തം തയ്യാറായിരുന്നു. ആധുനിക ജനാധിപത്യത്തിൽ‍ asetic capitalism (സന്യാസി മുതലാളിത്തം) എന്ന സങ്കൽ‍പ്പങ്ങൾ‍ക്കും അവസരം ഉണ്ട്. ലോക മുതലാളിത്തം അവർ‍ തന്നെ സൃഷ്ടിച്ച പ്രതിസന്ധികളിലൂടെ കടന്നുപോയ ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാതത്തിൽ‍ ക്ഷേമ സങ്കൽപ്പങ്ങളെ അംഗീകരിക്കുന്ന മുതലാളിത്തത്തിലേയ്ക്ക് എത്തുകയും അവരുടെ കാലിനടിയിൽ‍ നിന്നുമുള്ള കൊഴിഞ്ഞു പോക്ക് അവസാനിപ്പിക്കുവാൻ‍ കെയിൻ‍ സായ്പ്പിന്‍റെ നിർ‍ദ്ദേശങ്ങൾ‍ നടപ്പിൽ‍ വരുത്തുകയും ചെയ്തു. അങ്ങനെ മുതലാളിത്തം മനുഷ്യത്തമുള്ള ലോകത്തെ പറ്റി സംസാരിക്കുവാൻ‍ വ്യഗ്രത കാട്ടി. അമേരിക്കയിൽ‍ ഫ്രാങ്ക്ലിന്‍ റൂസ്‌വെൽ‍റ്റ്‌ രാഷ്ട്രപതി പദവിയിൽ‍ ഇരുന്ന് അതിനുള്ള ശ്രമങ്ങൾ‍ ആരംഭിച്ചു. സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ വ്യാപനം തടയിടുവാൻ‍ മറ്റു രാജ്യങ്ങളിലും പദ്ധതികൾ‍ ആസൂത്രണം ചെയ്ത ലോക മുതലാളിത്തം, സോവിയറ്റ് ചേരിയുടെ തളർ‍ച്ച മനസ്സിലാക്കി അവർ‍ ക്ഷേമ സങ്കൽ‍പ്പങ്ങളെ കൈഒഴിയുവാൻ‍ തയ്യാറായി. അങ്ങനെ ചങ്ങാത്ത മുതലാളിത്ത(ലെസൻ‍ ഫെയർ‍ കാപ്പിറ്റലിസം) ത്തിലേക്ക് ചുവടുമാറിയ മുതലാളിത്തം ഇന്നു ലോകത്ത് അസമത്വങ്ങളുടെ വലിയ ദുരിതങ്ങളെ ക്ഷണിച്ചു വരുത്തുന്നു. ഈ വിഷയങ്ങളിൽ‍ അതിനിർ‍ണ്ണായക നേതൃത്വം വഹിക്കുന്ന അമേരിക്ക കച്ചവടവും അനുബന്ധ ലാഭ വിപണിയും മാത്രം ലക്ഷ്യം വെച്ച് ലോക ജീവിതത്തെ ചൂതാട്ടത്തിൽ‍ എത്തിച്ചിരിക്കുകയാണ്. ലാഭത്തിനായി യുദ്ധവും ലാഭത്തിനായി സമാധാനവും ലാഭത്തിനായി വിശ്വാസവും ശാസ്ത്രവും പ്രകൃതി തന്നെയും മാറിതീരണം എന്ന് അമേരിക്കൻ‍ രാഷ്ട്രീയം ലോക ജനതയെ പഠിപ്പിക്കുന്നു. അമേരിക്ക മുന്നോട്ട് വെയ്ക്കുന്ന ജീവിത മൂല്യങ്ങൾ‍ എന്ത് പ്രതിസന്ധികളാണ് നമുക്കു ചുറ്റും വരുത്തികൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയുവാൻ‍ ഓരോരുത്തർ‍ക്കും ബാധ്യതയുണ്ട്.

പ്രകൃതി വിഭവങ്ങളുടെ അതിർ കടന്ന ചൂഷണം, തൊഴിൽ‍ രഹിത വളർ‍ച്ച, വിലക്കയറ്റം, കാർ‍ഷിക−ചെറുകിട രംഗത്തെ പിന്നോട്ടടി തുടങ്ങി വംശീയ വർ‍ഗ്ഗീയ സംഘർ‍ഷങ്ങൾ‍ക്കും മറ്റും വലിയനിലയിൽ‍ അവസരം ഒരുക്കി ആഗോള വൽ‍ക്കരണത്തെ മുന്നോട്ട് നയിക്കുന്ന അമേരിക്ക ലോകത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിൽ‍ വലിയ അന്തരം ഉണ്ടാക്കുന്നു. ഇതു പല രാജ്യങ്ങളിലും അഭ്യന്തര−രാജ്യാന്തര സംഘർ‍ഷങ്ങൾ‍ വരുത്തി വെയ്ക്കുന്നുണ്ട്. യൂറോപ്പിൽ‍ വളർ‍ന്നുവരുന്ന ഏഷ്യൻ‍ രാജ്യക്കാരോടുള്ള വിദ്വേഷത്തിന് അടിസ്ഥാനം സ്വന്തം രാജ്യത്ത് ഉണ്ടായിതീരുന്ന ജീവിത ദുരിതങ്ങളാണ്. അത് അമേരിക്കക്കാർ‍ക്കും പ്രതിസന്ധികൾ‍ സൃഷ്ടിക്കുന്നു. ലോകം ഇന്നനുഭവിക്കുന്ന വിചിത്രമായ പ്രതിസന്ധികൾ‍ (സന്പത്തിക−ശാസ്ത്ര−രംഗത്തെ വളർ‍ച്ചയിലും ഭൂരിപക്ഷം ജനങ്ങൾ‍ക്കും ജീവിക്കുവാൻ‍ അവസരം നഷ്ടപ്പെടുന്ന അവസ്ഥ) യഥാർ‍ത്ഥത്തിൽ‍ കോർ‍പറേറ്റുകാരുടെ ആസ്തി വർദ്‍ധിപ്പിക്കുക മാത്രം ലക്ഷ്യം വെയ്ക്കുന്നതിലൂടെ സംഭവിക്കുന്നതാണ്. എന്നാൽ‍ ബഹുഭൂരിപക്ഷവും അതിലൂടെ ഇരകൾ‍ ആക്കപ്പെടുന്നു. ഇവിടെ ലോകത്ത് നിലനിൽ‍ക്കുന്ന ഈ പ്രവണതയെ തളയ്ക്കുവാൻ‍ കഴിയുന്ന ഏറ്റവും യോഗ്യതയുള്ള സംവിധാനം (അമേരിക്കൻ‍ അധ്യക്ഷപദവി) അതിനു തയ്യാറാണോ എന്ന ചോദ്യം അമേരിക്കൻ‍ തെരഞ്ഞെടുപ്പ് വേളയിൽ‍ കൂടുതൽ‍ പ്രസക്തമാണ്‌.

അമേരിക്കൻ‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് എല്ലാ നാലുവർ‍ഷം കൂടുന്പോഴും നവംബർ‍ മാസത്തിലെ രണ്ടാം തിങ്കളാഴ്ച കഴിഞ്ഞു വരുന്ന ചൊവ്വാഴ്ചയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ‍ ജനം നേരിട്ട് പങ്കെടുക്കുന്നില്ല. രാജ്യത്തെ ഇലക്ട്രൽ കോളേജുകളിലെ ജനങ്ങൾ‍ 50 അമേരിക്കയുടെ സംസ്ഥാനങ്ങളിൽ‍ നിന്നും district of colombia (3 പേർ‍) തെരഞ്ഞെടുക്കുന്നു. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന 538 പേർ‍ നടത്തുന്ന വോട്ടിംഗിലൂടെ ആർ‍ക്കാണോ 270 വോട്ടുകൾ‍ ലഭിക്കുന്നത് അവർ‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായി അടുത്ത 4 വർ‍ഷം ഉണ്ടാകും. ജനങ്ങൾ‍ പങ്കെടുക്കുന്ന വോട്ടിംഗ് (popular voting) തീരുമാനത്തിന് വിരുദ്ധമായി ഇലക്ട്രൽ‍ തീരുമാനം ഉണ്ടായ നിരവധി സംഭങ്ങൾ‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനമായി അൽ‍ഗോറും ജോർ‍ജ്ജ് ബുഷും ഏറ്റുമുട്ടിയപ്പോൾ‍ അൽ‍ഗോറിന് കൂടുതൽ‍ പോപ്പുലർ‍ വോട്ടുകൾ‍ കിട്ടിയിട്ടും ഇലക്ട്രൽ‍ വോട്ട് കൂടുതൽ‍ കിട്ടിയ ബുഷ്‌ തെരഞ്ഞെടുക്കപ്പെട്ടു. മാത്രവുമല്ല ഓരോ സംസ്ഥാനത്ത് നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഇലക്‌ട്രൽ‍ വോട്ടിംഗിലെ വ്യത്യാസം ജന വികാരത്തെ നേരിട്ടു പ്രതിഫലിപ്പിക്കുന്നതിൽ‍ പരാചയപ്പെടുന്നു. നഗര കേന്ദ്രങ്ങളെ കൂടുതൽ‍ പരിഗണിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ‍ ഗ്രാമീണ ജീവിതത്തെ വേണ്ട വിധത്തിൽ‍ പരിഗണിക്കുന്നതിൽ‍ പരാജയമാണ്. ഇതുകൊണ്ടൊക്കെതന്നെ രണ്ട് തെരഞ്ഞെടുപ്പുകൾ‍ക്ക്‌ ഇപ്പുറം തുടങ്ങിവെച്ച പ്രാതിനിത്യ അംഗങ്ങളിൽ‍ നിന്നും രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന അമേരിക്കൻ‍ രീതിയെ അമേരിക്കക്കാർ‍ തന്നെ തള്ളിപറയുന്നുണ്ട്. അതിലും ഉപരി അമേരിക്കയിൽ‍ ശക്തമായി തുടരുന്ന ഇരുപാർ‍ട്ടി സംവിധാനം ഒരു തരത്തിലുള്ള കൂട്ടു കച്ചവടമായി മാറിയിട്ടുണ്ട്. അമേരിക്കയിലെ ആദ്യ പാർ‍ട്ടി യായിരുന്ന ഫെഡറൽ‍ പാർ‍ട്ടിയുടെ നിലപാടിൽ‍ നിന്നും മാറി നിന്ന് കൂടുതൽ‍ ജനായത്ത ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൽ‍ രൂപീകരിച്ച റിപബ്ലിക്കൻ‍-ഡെമോക്രാറ്റിക്‌ പാർ‍ട്ടി പിന്നീട് പിളർ‍ന്ന് റിപ്ലബ്ലിക്കൻ‍ പാർ‍ട്ടിയും ഡെമോക്രാറ്റിക്ക് പാർ‍ട്ടിയും ആയി മാറിയത് രാഷ്ട്രീയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ‍ ആയിരുന്നു. അതിൽ‍ ഡെമോക്രാറ്റിക്‌ പാർ‍ട്ടി സാധാരണക്കാരുടെ അവകാശങ്ങളെ പറ്റി സംസാരിക്കുകയും ക്ഷേമ അവസ്ഥയിൽ‍ കൂടുതൽ‍ താൽ‍പര്യം കാട്ടുകയും ചെയ്തു. റിപ്പബ്ലിക്കൻ പാർ‍ട്ടി വലിയ കച്ചവടക്കാരെ പിന്തുണയ്ക്കുകയും അവർ‍ക്ക് നികുതിയിളവുകളും മറ്റും നൽ‍കി കച്ചവട വ്യവസായങ്ങൾ‍ വളരുവാൻ‍ അവസരം ഉണ്ടാക്കുവാൻ‍ ശ്രമിക്കണമെന്ന് വാദിച്ചു വന്നു. ഡെമോക്രാറ്റിക്‌ പാർ‍ട്ടിയുടെ രണ്ടുവട്ടം അധികാരത്തിൽ‍ തുടർ‍ന്ന ഫ്രാങ്ക്ളിൻ‍ റൂസ്‌വെൽ‍റ്റ്‌ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ‍ അമേരിക്കൻ‍ ജനാധിപത്യ രംഗത്തെ ഏറ്റവും ജനകീയ നിലപാടുകളുടെ കാലമായിരുന്നു ഒരുക്കിയത് അദ്ദേഹത്തിനു തുടർ‍ച്ചയായി മുന്നാം തവണയും ഡെമോക്രാറ്റുകൾ‍ അധികാരത്തിൽ‍ എത്തുവാൻ‍ നിലപാടുകൾ‍ സഹായിച്ചു. എന്നാൽ‍ ക്ലിന്‍റൺ‍ അധികാരത്തിൽ‍ എത്തിയതിനു ശേഷം ഡെമോക്രാറ്റിക്‌ പാർ‍ട്ടിയും റിപ്പബ്ലിക്കന്മാരുടെ നിലപാടുകളിലേയ്ക്ക്‌ കൂടുതൽ‍ അടുത്തു. ജോർ‍ജ്ജു ബുഷിൽ‍ നിന്നും അകലം പാലിക്കാത്ത സമീപനമാണ് പിൽ‍ക്കാലത്ത് ക്ലിന്‍റൺ‍ ഗൾ‍ഫ്‌ പ്രശ്നത്തിലും മറ്റും എടുത്തത്‌. ഇപ്പോൾ‍ ഡെമോക്രാറ്റിക്‌ പ്രതിനിധിയായി മത്സരിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിത പങ്കാളിയും കഴിഞ്ഞ പ്രാവശ്യം രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ‍ പങ്കാളിയാകുവാൻ‍ ഒബാമയ്ക്ക് എതിരായി പാർ‍ട്ടി നോമിനിയാകുവാൻ‍ രംഗത്തുണ്ടായിരുന്ന ഹിലാരി പിന്നീട് ഒബാമയുടെ കീഴിൽ‍ വിദേശ സെക്രട്ടറി പദവിയിൽ‍ തുടർ‍ന്ന വ്യക്തിയാണ്. അമേരിക്കയുടെ ആദ്യ വനിത അദ്ധ്യക്ഷയാകുവാനായി  തെരഞ്ഞെടുപ്പിൽ‍ മത്സരിക്കുന്ന അവരുടെ നയ സമീപനങ്ങൾ‍ ലോക കോർ‍പ്പറേറ്റു താൽ‍പ്പര്യങ്ങൾ‍ക്ക് ഒപ്പമാണ്. യുദ്ധ കന്പനികളുടെ പ്രതിനിധിയാകുന്നതിൽ‍ ഒരിക്കലും വിമുഖത കാട്ടുവാൻ‍ ക്ലിന്‍റനെപോലെ തന്നെ ഹിലാരിയും മടിക്കുന്നില്ല.

അമേരിക്കൻ‍ കറുത്തവരുടെ സ്വതന്ത്രത്തിനായി സമരം ചെയ്ത മാർ‍ട്ടിൻ‍ ലൂഥർ‍ കിംഗ് ജൂനിയർന്‍റെ ആഗ്രഹങ്ങൾ‍ സഫലീകരിക്കുവാൻ‍ ഒബമാക്കുകഴിയും എന്ന് ലോകം സ്വപ്നം കണ്ടിരുന്നു എങ്കിൽ‍ ഒബാമയും കോർ‍പ്പറേറ്റു താൽപര്യങ്ങൾ‍ സംരക്ഷിക്കുവാൻ‍ വളരെ ശ്രദ്ധ കാണിച്ച വ്യക്തിയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ‍ ഗൾ‍ഫ്‌ യുദ്ധത്തിൽ‍ അമേരിക്കയെ പങ്കാളിയാക്കിയതിൽ‍ പ്രതിക്ഷേധിക്കുവാൻ‍ മറക്കാതിരുന്ന അദ്ദേഹം അഫ്ഗാൻ‍ തുടങ്ങിയ രാജ്യങ്ങളോടുള്ള നിലപാടിൽ‍ ഒരു മാറ്റവും വരുത്തിയില്ല. അനുസരണയുള്ള മുതലാളിത്തത്തിന്‍റെ പ്രതിനിധിയായി 8 വർ‍ഷം ഭരണം നിയന്ത്രിച്ച ഒബാമയും അമേരിക്ക ആര് ഭരിച്ചാലും നയങ്ങളിൽ‍ വലിയ അന്തരങ്ങൾ‍ ഇല്ല എന്ന് അറിയിച്ചു.

റിപബ്ലിക്കൻ‍ സ്ഥാനാർ‍ത്ഥിത്വം പൊതുവെ വലതു പക്ഷ നിലപാടുകളാൽ‍ കുപ്രസിദ്ധമാണ്. ഈ തവണ ഡൊണാൾ‍ഡ്‌ ട്രംപ് സ്ഥാനാർ‍ത്ഥി ആയതിലൂടെ തീവ്ര വലതുപക്ഷ നിലപാടുകളിലേയ്ക്ക് റിപബ്ലിക്കനുകൾ‍ കൂടുതൽ എത്തി എന്ന് പറയാതിരിക്കുവാൻ‍ നിർ‍വ്വാഹമില്ല. അടിസ്ഥാനപരമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കാത്ത അമേരിക്കയിലെ ഇരു പാർട്ടികളും തുടരുന്ന രീതികളാൽ ലോകം സാന്പത്തിക മാന്ദ്യത്തിൽ തുടരുന്പോഴും (അമേരിക്ക ഉൾപ്പെടെ) അതിനുള്ള കാരണങ്ങളെ അവർ മറക്കുകയാണ്. ഹിലാരിക്കെതിരായി ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയാകുവാൻ മത്സരിച്ച ബോബ് സാൻഡേഷ്സൺ പരാജയപ്പെടുവാനുള്ള കാരണം അദ്ദേഹം മുന്നോട്ടുവെച്ച, സർക്കാർ ഭാവിയിൽ നടപ്പിലാക്കേണ്ട, സാമൂഹിക സുരക്ഷാ പദ്ധതികളായിരുന്നു. അമേരിക്കക്കാരുടെ മിനിമം വേതനം 15 ഡോളർ ആയി ഉയർത്തുക, പൊതുമേഖലയ്ക്ക് മുന്തിയ പരിഗണന നൽകുക, ക്ഷേമ പദ്ധതികൾ വിപുലീകരിക്കുക തുടങ്ങി അദ്ദേഹം മുന്നോട്ട് വെച്ച  കാഴ്ചപ്പാടുകൾ അമേരിക്കൻ മുഖ്യധാരയ്ക്ക് ദഹിക്കുന്നതല്ല. സാൻഡേഷ്സൺ സ്ഥാനാർത്ഥിയായി എത്തുന്ന അവസരം  ഒഴിവാക്കുന്നതിൽ ഹിലാരിയും സംഘവും കാട്ടിയ താൽപര്യത്തിനു പിന്നിൽ ആഗോളവൽക്കരണ ശാഠ്യങ്ങളാണ് പ്രവർത്തിച്ചത്.

അമേരിക്കയുടെ പിന്നോട്ടടിക്ക് കാരണം കുടിയേറ്റക്കാരാണ് എന്നു കരുതുന്ന ഡൊണാൾഡ്‌ ട്രംപ് അമേരിക്ക നടത്തുന്ന ഇടങ്കോലിടിലുകളിൽ നിന്നും പിൻമാറി ആഭ്യന്തര സുരക്ഷിതത്വത്തിന് പരിഗണന നൽകണമെന്ന് പറയുന്നു. യുദ്ധങ്ങളെ തള്ളിപ്പറയാത്ത റിപ്പബ്ലിക്കൻമാരുടെ മാറി വന്ന നിലപാടല്ല അതിനു കാരണം. ഹിലാരിയും അവരുടെ പാർട്ടിയും എടുത്ത വൈദേശിക നിലപാടുകളെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിൽ മുന്നിലെത്തുക മാത്രമെ ഇതിലൂടെ ട്രംപ് ആഗ്രഹിക്കുന്നുള്ളു. അമേരിക്കയിലെ ഉപരിവർഗ്ഗം തുടർന്നു വന്ന ആംഗ്ലോ അമേരിക്കനിസത്തെ പിന്തുണയ്ക്കുന്ന ട്രംപ് എല്ലാ കുടിയേറ്റക്കാരെയും വിദ്വേഷത്തിന്റെ ഭാഷയിലാണ് പരിചയപ്പെടുത്തുന്നത്.

അമേരിക്കൻ ജനസംഖ്യയിലെ ഒരു ശതമാനം വരുന്ന ഇന്ത്യക്കാർ (32 ലക്ഷം) ചൈനക്കാരും ഫിലിപ്പിനോകൾക്കും പിന്നിൽ ഏറ്റവും വലിയ കുടിയേറ്റ ശക്തിയാണ്. ഇന്ത്യൻ അമേരിക്കക്കാരിൽ 70% ആളുകളും ഡെമോക്രാറ്റുകളെ കഴിഞ്ഞ നാളുകളിൽ പിന്തുണച്ചിരുന്നു. സാങ്കേതിക രംഗങ്ങളിൽ മികച്ച സ്ഥാനങ്ങൾ നേടി എടുക്കുവാൻ കഴിഞ്ഞിട്ടുള്ള (Silicon valley CEO മാരിൽ 7%, എഞ്ചനിയറിംഗ് രംഗത്ത് 22% വരെ തുടങ്ങിയ). അവരുടെ ഭാവി റിപ്പബ്ലിക്കർക്കൊപ്പം സുരക്ഷിതമല്ല എന്നതിനാലാണ് കാലാ കാലമായി മെക്സിക്ക ക്കാരെ പോലെ ഇന്ത്യക്കാരും ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നത്.

ഡൊണാൾഡ് ട്രംപ് ഊഹക്കച്ചവടത്തിന്റെ പ്രതിരൂപമായി അറിയപ്പെടുന്നതിനൊപ്പം അയാൾ പിന്തുടരുന്ന സ്ത്രീവിരുദ്ധ നിലപാടുകൾ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതാണ്. നികുതി വെട്ടിപ്പിൽ കുപ്രസിദ്ധി നേടിയ ട്രംപിന്റെ വർണ്ണ ലിംഗവെറിയൻ നിലപാടുകളെ സ്വന്തം പാർട്ടിക്കാർ തന്നെ തള്ളിപ്പറയുന്പോൾ ട്രംപിന്റെ ആരാധകരിൽ പ്രധാനികളായിതീർന്നവർ, ഹൈന്ദവ മതമൗലികതാ വാദത്തിൽ നില ഉറപ്പിച്ച് ആർ.എസ്.എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന അമേരിക്കയിലെയും ഇന്ത്യയിലെയും കാവി നിറമുള്ള സംഘടനകളാണ്. അന്യ മതവിദ്വേഷം ഫാഷനായി കൊണ്ടു നടക്കുന്ന ഇക്കൂട്ടരിലെ പ്രധാനപ്പെട്ട നേതാവ് ഷാലികുമാറും അയാളുടെ ജീവിതപങ്കാളിയും ചേർന്ന് റിപ്പബ്ലിക്കൻ പാർട്ടിക്ക് നൽകിയ സംഭാവന 898800 ഡോളർ. (ട്രംപിനു കിട്ടിയ ഏറ്റവും വലിയ വ്യക്തിപരമായ സംഭാവന ഇതു തന്നെ). സെപ്റ്റംബർ 23ന് റിപ്പബ്ലിക്കൻ പാർട്ടിക്കായി ഹൈന്ദവ സംഘടനകൾ നടത്തിയ fund Risingപരിപാടിയിൽ ഇന്ത്യയിലെ സന്യാസിവര്യൻമാരുടെ എല്ലാ പിന്തുണയും പരസ്യത്തിലും ഉണ്ടായിരുന്നു. ഗുജറാത്തി, മാർവാടി കച്ചവടക്കാരുടെ മൂലധന താൽപര്യങ്ങൾ ക്കൊപ്പം Islamphobia രാഷ്ട്രീയത്തെ Sponser ചെയ്യുന്ന ആരെയും ലോകത്തിന്റ നെറുകയിൽ എത്തിക്കുവാൻ ഇഷ്ടപ്പെടുന്ന കാവി രാഷ്ട്രീയം അതിന്റെ തനി വിഭാഗീയത വീണ്ടും പ്രകടമാക്കപ്പെടുകയാണിവിടെ. നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന ഏതു സംഭവത്തെയും അന്യമത വിദ്വേഷത്തിനായി ഉപയോഗപ്പെടുത്തുന്ന ആർ.എസ്.എസ് രാഷ്ട്രീയം അമേരിക്കയിലും അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നു.

ലോകം ഇന്നനുഭവിക്കുന്ന പരിസ്ഥിതി, മാനവിക ജീവിത പ്രതിസന്ധികൾക്ക് കാരണക്കാരായ അമേരിക്കയുടെ രണ്ടു രാഷ്ട്രീയ പാർട്ടികളിൽ നിന്നും ആരെ തെരഞ്ഞെടുത്താലും ലോക ജനതയുടെ ദുരിതങ്ങൾ കൂടുതൽ കലുഷിതമായി തുടരാനെ അത് സഹായിക്കുകയുള്ളു. അപ്പോഴും പുരുഷാധിപത്യ ബോധത്തിലും ചൂതാട്ട സംസ്കാരത്തിലും അന്യമതനിന്ദയിലും ആനന്ദം കണ്ടെത്തുന്ന ഡൊണാൾഡ് ട്രംപിന്റെ വിജയം ലോക രാഷ്ട്രീയത്തെ കുറേക്കൂടി കലുഷിതമാക്കുക തന്നെ ചെയ്യും.

You might also like

Most Viewed