വ്യാജമാണ് രാഷ്ട്രീയം, രാഷ്ട്രീയക്കാരൻ ത്യാഗിയും - ഇ.പി അനിൽ
എന്റെ മനസ്സിലൂടെ ചെളിപുരണ്ട കാലുമായി ഒരാളെയും നടക്കുവാൻ ഞാൻ അനുവദിക്കുകയില്ല എന്ന ഗാന്ധിജിയുടെ വാക്കുകളിലൂടെ എന്തിനെയാണ് അദ്ദേഹം ഭയപ്പെട്ടിരുന്നത് എന്ന് വ്യക്തമാണ്. അദ്ദേഹത്തിന്‍റെ പ്രതീക്ഷയ്ക്കും എത്രയോ ഉയരങ്ങളിൽ എത്തിയ ആ ഭയം നമ്മുടെ പൊതുസമൂഹത്തെ കടന്നാക്രമിച്ചു വരുന്നു. ജനാധിപത്യത്തിന്‍റെ എല്ലാ ലക്ഷ്യങ്ങളേയും ഇരുളിൽ എത്തിച്ച് അത് സമൂഹത്തിൽ വരുത്തി വെയ്ക്കുന്ന ദുരന്തങ്ങൾ വിവരണാതീതമാണ്.
പണം സമൂഹത്തിന്‍റെ അജണ്ടകൾ തീരുമാനിക്കുന്ന സ്ഥലങ്ങളിൽ, സമയങ്ങളിൽ, അഴിമതിയുടെ വ്യാപ്തി വളരെ കൂടുതലായിരിക്കും. ജന്മിനാടുവാഴി കാലത്ത് സർക്കാർ എന്ന സംവിധാനം ചെറുതും അവയുമായി ബന്ധപ്പെടുന്നവർ വരേണ്യരു(മാത്രം)മായതിനാൽ അഴിമതി വിഷയമായി കടന്നുവന്നിരുന്നില്ല. പണം പ്രധാന അഴിമതി വ്യവഹാരരൂപമല്ലാതായിരുന്ന കാലത്ത് അഴിമതിയുടെ സാധ്യതകൾ വിരളമായിരുന്നു. സമൂഹം കൂടുതൽ ലാഭാധിഷ്ടിതമാകുന്നതിലൂടെ അഴിമതികൾ വ്യാപകമായിമാറി. ആഗോളവൽക്കരണ രാഷ്ടീയ പശ്ചാത്തലം അഴിമതിയുടെ പുതിയ നിരവധി സാധ്യതകൾക്ക് ഇടം ഒരുക്കുന്നു. മാത്രവുമല്ല അഴിമതിയുടെ സിലബസ്സുകൾ തന്നെ മാറിക്കഴിഞ്ഞു. അഴിമതിയുടെ അപകടങ്ങൾ അതിരുകൾ കടന്ന് സാധാരണക്കാരുടെ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയ സാഹചര്യത്തിലാണ് UN സമിതി അഴിമതിക്കെതിരായി 2003ൽ (Mexico) സമ്മേളനം വിളിച്ചു കൂട്ടിയത്.
പുതിയ ലോക സാഹചര്യങ്ങളിൽ അഴിമതിയുടെ പഴയ രൂപവും രീതികളും മാറുകയും അതിനു മാന്യമായ അംഗീകാരങ്ങൾ ലഭിക്കുകയുമുണ്ടായി. പൊതു ഉടമസ്ഥതയ്ക്ക് പകരം സ്വകാര്യ സംരംഭങ്ങൾ ഉണ്ടാകുകയും അവരുടെ താൽപര്യങ്ങൾക്കായി സർക്കാർ സംവിധാനത്തെ ഉടച്ചു വാർക്കുന്നതിൽ കോർപ്പറേറ്റ് താൽപ്പര്യങ്ങളെ പ്രത്യേകം പരിഗണിക്കുക കച്ചവടത്തിന്‍റെ അവിഭാജ്യഘടകവുമായിതീർന്നു. പരസ്യമായി രാഷ്ട്രീയ −ഉദ്യോഗസ്ഥരെ തൃപ്തി പെടുത്തുവാൻ പ്രത്യേക വിദഗ്ദ്ധരെ രംഗത്ത് ഇറക്കി. ലോബ്ബീയിംഗ് എന്ന പേരിൽ ഇക്കൂട്ടർ പ്രൊഫഷണൽ മികവോടെ പ്രവർത്തിക്കുന്നു. അമേരിക്കയിൽ ഇത്തരത്തിലുള്ള നൂറിലധികം സ്ഥാപനങ്ങൾ ഉണ്ട്. അവരുടെ പ്രതിനിധികൾ പണവും സ്ഥാനമാനങ്ങളും മുതൽ എന്തും അധികാരികൾക്ക് അവരുടെ താൽപ്പര്യങ്ങളെ കണ്ടറിഞ്ഞെത്തിക്കുന്നു. ഇവിടെ ഉദ്ധിഷ്ടക്കാർക്ക് ലഭിക്കുന്ന ലാഭവിഹിതം 22000% ആണെന്ന് കണക്കുകൾ പറയുന്പോൾ ഇടപാടുകളുടെ കാര്യക്ഷമത (അഴിമതിയിലെ) നമുക്ക് ബോധ്യപ്പെടും. ഇത്തരം സംസ്കാരങ്ങളിലേയ്ക്ക് മുന്നാം ലോക രാജ്യങ്ങളെ എത്തിക്കുന്നതിൽ അമേരിക്ക കാട്ടുന്ന താൽപ്പര്യങ്ങൾ കുപ്രസിദ്ധമാണ്.
അഴിമതി പകർച്ചവ്യാധി പോലെ വളർന്ന ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ അവരുടെ സ്വാതന്ത്രത്തെപറ്റിയുള്ള വലിയ പ്രതീക്ഷകൾ അട്ടിമറിക്കപ്പെട്ടതിലെ കാരണങ്ങളിൽ അഴിമതി വലിയ തോതിലുള്ള പങ്കുവഹിക്കുന്നു. അതിന്‍റെ വലിയ സാക്ഷിയാണ് ഇന്ത്യ. നമ്മുടെ പൊതു മണ്ധലത്തിൽ അഴിമതി ഒരു വിഷയമായി ആദ്യ മന്ത്രിസഭയുടെ കാലത്ത് തന്നെ മാറിയിരുന്നു. രാജ്യത്തെ ആദ്യകാല പ്രതിരോധ കരാറിൽ (ഇംഗ്ലണ്ട്) ജീപ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉണ്ടായ ആരോപണത്തിൽ പങ്കാളിയായിരുന്നത് പിൽക്കാലത്ത് നെഹ്റുവിനും ഇടതു പക്ഷത്തിനും വളരെ പ്രിയപ്പെട്ടവനായി മാറിയ VK കൃഷ്ണമേനോൻ ആയിരുന്നു. കൃഷ്ണമാചാരിയും മുണ്ട്ര സംഭവവും (ആദ്യ കൃഷി മന്ത്രിയും രാസവള വിരുദ്ധ നിലപാടുകൾ ഉയർത്തിയ) ശ്രീ.മുൻഷിയെ വകുപ്പിൽ നിന്നും ഒഴിവാക്കിയതും അഴിമതിയുടെ വ്യാപനത്തിന്‍റെ തെളിവുകൾ ആണ്. ദേശീയമായി നമ്മുടെ പ്രധാനമന്ത്രിയും അഴിമതിയുടെ നിഴലിൽ എത്തിയ സംഭവം ഉണ്ടാകുന്നത് ഇന്ദിരാഗാന്ധിയുടെ കാലത്താണ് (നാഗർവല). അതിലെ പ്രതി പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടപ്പോൾ സംഭവത്തിന്‍റെ ദുരൂഹതകൾ വർദ്‍ധിച്ചു. എന്നാൽ ആ സംഭവം എങ്ങുമെത്താതെ അവസാനിച്ചു. അതിനു മുന്‍പ് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പെട്ടന്നുള്ള മരണം (താഷകണ്ടിൽ) അദ്ദേഹത്തിന്‍റെ സഹധർമ്മിണി ആഗ്രഹിച്ചിട്ടും അന്വേഷിക്കുവാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടായിരിക്കും?
ഇന്ത്യ സ്വതന്ത്രമാകുന്പോൾ രാജ്യത്തെ കള്ളപ്പണം 2500 കോടി ആയിരുന്നു എന്ന് സർക്കാർ പറയുകയുണ്ടായി. ഇന്നതിന്‍റെ വ്യാപ്തിയെ പറ്റി സർക്കാർ രേഖകൾ പറയുന്നത് ശ്രദ്ധിച്ചാൽ നമ്മുടെ നാടിന്‍റെ അവസ്ഥ ബോധ്യപ്പെടും. ഇന്ത്യയുടെ സാന്പത്തികരംഗത്ത് ചലിക്കുന്ന പണത്തിൽ 50%ത്തിൽ അധികവും ഇന്നു കള്ളപ്പണമാണെന്ന് റിസർവ്വ് ബാങ്ക് അംഗീകരിക്കുന്പോൾ ആ തുക 75 ലക്ഷം കോടിക്കടുത്തു വരുന്നു. (Indian Total GDP= 2 trillion dollars). കള്ളപ്പണത്തിനു പുറത്ത് വിദേശത്തേയ്ക്ക് കടത്തിയ പണം ഇത്രയും തന്നെയാണ്. കഴിഞ്ഞ എഴുപതു വർഷത്തിൽ നടന്ന സാന്പത്തിക രംഗത്തെ ഈ അവസ്ഥ എത്ര വലിയ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്? ദേശീയമായി 91വരെ ഉണ്ടായ ആകെ അഴിമതി ആരോപണങ്ങളിൽപ്പെട്ട തുകകളിൽ അധികമാണ് പിന്നീട് ഉണ്ടായ പല ഒറ്റപ്പെട്ട അഴിമതി കഥയിൽ നിന്നും കേൾക്കുവാൻ കഴിയുന്നത് രാജ്യത്തെ പിടിച്ചു കുലുക്കുകയും രാജീവ് സർക്കാർ പുറത്ത് പോയി പകരം vp സിംഗ് അധികാരത്തിൽ വരികയും ചെയ്ത സംഭവത്തിൽ ഉണ്ടായ അഴിമതി തുക 150 കോടി. കൽക്കരി ഖനനമായി ബന്ധപ്പെട്ട ആരോപണ തുക ഒരുലക്ഷം കോടിയിലധികം. കർണ്ണാടകയിലെ വക്കഫ് ബോർഡ് ഭൂമി അട്ടിമറിയിലൂടെ നടന്ന സാന്പത്തിക ചോർച്ചയും ലക്ഷം കോടിയിൽ അധികമാണ്. രാജ്യത്തെ 93% ജനതയിൽ ഓരോത്തരുടെയും ആസ്ഥി 10000 ഡോളറിൽ (6.3ലക്ഷംരൂപ) കുറവാണെങ്കിലും അഴിമതിയിലെ തുകകൾ എത്ര ഭയാനകമാണ്.
ഒരു രാജ്യത്തെ പൊതു സ്വത്ത് എന്നത് ആരാജ്യത്തെ പ്രകൃതി വിഭവങ്ങളും അവിടെ താമസിച്ചു വരുന്ന ജനതയും ആണ്. ജനതയുടെ അദ്ധ്വാനം പ്രകൃതി വിഭങ്ങളിൽ ചെലുത്തുന്പോൾ മൂല്യമുള്ള വസ്തുക്കൾ ഉണ്ടാകുകയും അവ ചരക്കുകളായി വിപണിയിൽ എത്തി നാടിന്‍റെ സാന്പത്തിക അസ്തി വർദ്ധിക്കുകയും ചെയ്യും. ഇതിൽ നിന്നും ഒരു രാജ്യത്തിന്‍റെ സാന്പത്തിക പുരോഗതി ആ നാട്ടിൽ ജനങ്ങൾ നടത്തുന്ന അദ്ധ്വാനം ആണെന്ന് മനസ്സിലാക്കാം. അതിൽ പങ്കാളികളായവർ അതിന്‍റെ ഫലങ്ങൾ അനുഭവിക്കുകയും മറ്റ് അനുബന്ധ വ്യക്തികൾക്കും അതിന്‍റെ പ്രയോജനം ലഭിക്കുകയും ചെയ്യും എന്നത് സാമാന്യ സാന്പത്തിക ചലന നിയമമാണ്. നമ്മുടെ രാജ്യത്തെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടായതായി സ്തൂലാർത്ഥത്തിൽ നമ്മുക്ക് മനസ്സിലാക്കാം. നമ്മുടെ സാക്ഷരതാ ശതമാനം വർദ്ധിച്ചു. നമ്മുടെ സർവ്വകലാശാലകളുടെ എണ്ണം പതിൻ മടങ്ങ് കൂടി. ആധുനിക സാങ്കേതിക രംഗത്ത് ലോകത്തെ പ്രധാന ശക്തിയായി. ഇതിന്‍റെ ഒക്കെ ഫലമായി രാജ്യത്തെ ആയുർദൈർഘ്യത്തിൽ നല്ല മാറ്റമുണ്ടായി (50%). അതുകൊണ്ട് നാട്ടിൽ പൊതുവെ ഉണർവ്വ് ഉള്ളതായി നമുക്ക് കാണാം. എന്നാൽ ഈ ഉണർവ്വുകൾ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിനും ഇല്ല എന്നതാണ് വസ്തുത. അതിനുള്ള കാരണം രാജ്യത്തെ വളർച്ചയിൽ ആനുപാതികമായ പ്രയോജനം ജനങ്ങൾക്ക് ലഭ്യമാക്കുവാൻ വേണ്ട അവസരങ്ങൾ ഉണ്ടാക്കുന്നതിൽ സർക്കാർ നിരന്തരമായി പരാജയപ്പെടുന്നു എന്നത് കൊണ്ടാണ്. ഈ വലിയ വീഴ്ചയെ അംഗീകരിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറല്ല. ഇതു മനസ്സിലാക്കാൻ കാർഷിക രംഗത്തെ വിലയിരുത്തിയാൽ മതി. കർഷിക രംഗത്ത് കഴിഞ്ഞ നൂറ്റാണ്ട് മുതൽ വലിയ ഉത്പാദന വിപ്ലവം നടക്കുന്നുണ്ട്. (ഹരിത വിപ്ലവം) 50 കളിൽ ഉത്പാദനം 5 കോടി ടൺ ആയിരുന്നു എങ്കിൽ ഇപ്പോൾ അത് 25 കോടിക്കടുത്തെത്തി. എന്നാൽ നാട്ടിലെ ശരാശരി ഭക്ഷ്യ ലഭ്യതയിൽ വേണ്ടത്ര വർദ്‍ധനവുണ്ടായില്ല എന്ന് മാത്രമല്ല ലഭ്യതയിൽ കുറവുണ്ടായി എന്ന് കാണാം. നാടിനാവശ്യമായ പയർ വിഭവങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. കാർഷിക രംഗത്ത് ഇന്നും 55% ആളുകൾ പണി ചെയ്യുന്പോഴും GDP യിലെ കർഷകരുടെ വരുമാനത്തിലെ പങ്കാളിത്തം 15% മാത്രമാണ്. ഇത്തരത്തിൽ ആരോഗ്യമുള്ള ഒരു സമൂഹത്തിനും അംഗീകരിക്കുവാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളിലൂടെ നമ്മുടെ നാട് കടന്നു പോകുന്നു.
ജനങ്ങളുടെ പൊതു സുരക്ഷ ഉറപ്പു വരുത്തുവാൻ ഒരു സംവിധാനം. ആ സംവിധാനത്തിനോട് ജനങ്ങൾക്ക് കൂറും വിശ്വാസവും. ജനങ്ങൾ വ്യക്തിപരമായി പ്രവർത്തിക്കുന്പോൾ അതിനു പൂരകമായി സമൂഹത്തിനു ഗുണം ലഭിക്കുന്ന അവസ്ഥ. അങ്ങനെ തന്നിൽ നിന്നും പരമാവധി സമൂഹത്തിന്, സമൂഹത്തിൽ നിന്നും തനിക്ക് ആവശ്യമുള്ള വിഭവവും മറ്റു സുരക്ഷയും ഇങ്ങനെയുള്ള ഒരു സങ്കൽപ്പമാണ് ആധുനിക ജനാധിപത്യ സമൂഹത്തെ പറ്റിയുള്ളത്. അത്തരം ഒരു സമൂഹത്തിൽ ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാരുണ്ട് എന്ന അവസ്ഥ നടപ്പിലാക്കുവാൻ നേതൃത്വ പരമായ പാങ്കളിത്തം വഹിക്കുകയാണ് രാഷ്ട്രീയ പാർട്ടികളുടെ ധർമ്മം. ഇതിലേയ്ക്ക് വിവിധ പാതകൾ തിരഞ്ഞെടുക്കുന്നവർ വിവിധ പാർട്ടികളിൽ അണിനിരക്കുന്നു. നമ്മുടെ രാജ്യത്തെ ആദ്യ രാഷ്ട്രീയ സംവിധാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകുകയും അതിൽ നിന്നും പിൽക്കാലത്ത് ഇടതു ഗ്രൂപ്പുകൾ രൂപപ്പെടുകയും ചെയ്തത് ഇത്തരം വേറിട്ട വീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. ജനാധിപത്യത്തിൽ മത വിശ്വാസം അടിസ്ഥാനമായി കണ്ട് സമൂഹ നിർമ്മിതി നടത്തണം എന്ന് വാദിച്ചവർ ഇസ്ലാം-ഹിന്ദു മതങ്ങളെ പ്രത്യേകം പരിഗണിക്കുന്ന പാർട്ടികൾ ഉണ്ടാക്കി. അവരും സമൂഹം (തന്‍റെ മത വിശ്വാസത്തെ (അധീശത്തമായി) അംഗീകരിച്ചുകൊണ്ടു) ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ഇവരിൽ വളരെ വ്യത്യസ്തമായി സാമൂഹിക ചലന നിയമങ്ങളെ വിലയിരുത്തുന്ന കമ്യൂണിസ്റ്റ് പ്രത്യശാസ്ത്രം നമ്മുടെ രാജ്യത്തും വളരെ വിപ്ലവകരമായ സാന്നിദ്ധ്യമാണ് നൽകിവരുന്നത്. ഗാന്ധിജിയെയും സുബാഷിനെയും നെഹ്്റുവിനെയും അംബേദ്‌കറിനെയും വിമർശിച്ച അവർ സ്വകാര്യ സ്വത്തിനെ മഹത്വ വൽക്കരിക്കുന്ന സംവിധാനം ഭൂരിപക്ഷം ജനങ്ങളുടെ അവകാശത്തെ ഹനിക്കും എന്ന് വിലയിരുത്തി. മാത്രവുമല്ല അധികാരം സന്പന്നരുടെ താൽപര്യങ്ങളെ വല്ലാതെ പരിഗണിക്കുമെന്നും സന്പന്നർ കൂടുതൽ സന്പന്നരും ഭൂരിപക്ഷം കൂടുതൽ ദാരിദ്രരുമാകുമെന്ന് വ്യക്തമാക്കി. രാജ്യത്തു നിലവിലുള്ള ജന്മിത്തം മുതലാളിത്ത നിർമ്മിതിക്ക് പോലും തടസ്സം നിൽക്കുന്നതിനാൽ ഭൂമിയുടെ ജനകീയവൽക്കരണം സ്വാതന്ത്ര ഇന്ത്യയുടെ ആദ്യ ചുമതലയാണെന്നവർ പറയുകയും അതിനായി സമരങ്ങളും കേരളത്തിൽ നിരവധി പ്രക്ഷോഭങ്ങളും നടത്തുകയുണ്ടായി. നിലപാടുകൾക്കൊപ്പം രാഷ്ട്രീയ സംശുദ്ധതയിൽ അവർ പ്രത്യേകം പരിഗണന നൽകി. ഒരുപക്ഷെ കമ്യുണിസ്റ്റുകൾ ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് ഒപ്പം ജനങ്ങളുടെ ഇടയിൽ അംഗീകാരം ലഭിക്കുവാൻ സഹായകരമായത് അവർ വെച്ച് പുലർത്തിയ രാഷ്ട്രീയ സതാചാരമായിരുന്നു. അത് കേവലം വ്യക്തി നിഷ്ടമല്ല എന്നും അതിലേയ്ക്ക് എത്തിച്ചേരുവാൻ തൊഴിലാളിപക്ഷ രാഷ്ട്രീയം തന്നെ സഹായകരമാണെന്നും അവർക്ക് തെളിയിക്കുവാൻ കഴിഞ്ഞു. ഒന്നാം കേരള മന്ത്രിസഭ അതിനൊരു തെളിവാണ്. (കേരളത്തിലെ മന്ത്രിമാർ ഡൽഹിയിൽ എത്തുന്പോൾ ധരിക്കുവാനായി എല്ലാവക്കും കൂടി പൊതുവായ കോട്ടാണ് ഉണ്ടായിരുന്നത് എന്ന വാർത്ത ശരിയല്ലായിരിക്കാം എങ്കിലും ആ വാർത്തയിൽ ഒരു വലിയ സന്ദേശം ഉണ്ട് എന്ന് സമ്മതിക്കാതിരിക്കുവാൻ നിർവ്വാഹമില്ല). പിൽക്കാലത്ത് കമ്യുണിസ്റ്റ്കൾക്ക് അവർ തന്നെ പറഞ്ഞു വന്ന രാഷ്ട്രീയ ജീവിതത്തിലെ സംശുദ്ധത കൈമോശം വന്നു എന്ന യാഥാർത്‍ഥ്യത്തെ അംഗീകരിക്കേണ്ടിവരുന്നു. ആഗോളവൽക്കരണ കാലത്ത് അഴിമതിയുടെ രൂപഭാവങ്ങൾ കൂടുതൽ സജീവമായപ്പോൾ ആ രോഗത്തിന് ഇടതുപക്ഷ രാഷ്ട്രീയവും വിധേയമായത് വളരെ ഗുരുതരമായ വിഷയമാണ്.
അഴിമതിയുടെ നിർവ്വചനവും അതിന്‍റെ നിയമപരമായ വ്യാഖ്യാനങ്ങളും നമുക്ക് വേണ്ടത് തന്നെ. എന്നാൽ എല്ലാത്തിലും വലുത് രാഷ്ട്രീയ ധാർമ്മികതയാണ്. ധാർമ്മികതയും നിരന്തരം മാറ്റങ്ങൾക്കു വിധേയമാണ്. എന്നാൽ ആ മാറ്റം ജനാധിപത്യ സമൂഹം വളരുന്നതിനനുസരിച്ചു പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. പൊതു സമൂഹത്തിൽ സംഭവിക്കുന്നത് മറിച്ചായിരിക്കുന്നു. ഒരു നേതാവ് സമൂഹത്തിനായി സ്വന്തം സുഖ−സൗകര്യങ്ങളെ ത്യജിക്കുവാൻ തയ്യാറാകുക അനിവാര്യമാണ്. അതുകൊണ്ട് മാത്രം അയാളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. അയാളുടെ സ്വപ്നങ്ങൾ എല്ലാവർക്കും ഒരുനല്ല നാളയെ ലക്ഷ്യം വെച്ച് ഉള്ളതാകണം. അതിന്‍റെ ഫലങ്ങൾ പങ്ക് വെയ്ക്കുന്പോൾ അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്കെന്ന ക്രിസ്തു വചനങ്ങൾ അവർ ഓർക്കേണ്ടതുണ്ട്. ഒരമ്മ എല്ലാ വിഭവവും മക്കൾക്കും മറ്റുള്ളവർക്കും പങ്ക് വെച്ചശേഷം അവസാനം മാത്രം എനിക്ക് എന്ന് ജീവിതത്തിൽ നടപ്പിൽ വരുത്തുന്പോൾ, രാഷ്ട്രീയക്കാരൻ പൊതു മണ്ധലത്തിൽ അത്തരം സമീപനങ്ങൾ പിന്തുടരുവാൻ ബാധ്യസ്ഥനാണ്. ഈ വിഷയത്തിൽ ഗാന്ധിജിയുടെ നിലപാടുകൾ സ്വന്തം ജീവിതത്തിൽ തെളിയിക്കുകയുണ്ടായി. അത്തരം നന്മകൾ നമ്മുടെ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് കൈമോശം വന്നുപോയത് വ്യക്തി നിഷ്ട്ശുദ്ധിയിലും രാഷ്ട്രീയസംശുദ്ധതയിലും ഒരുപോലെ പിഴച്ചു പോകുന്നതുകൊണ്ടാണ്. ജന പ്രതിനിധികൾ ആരോപണങ്ങൾക്കും സംശയങ്ങൾക്കും അതീതനായിരിക്കണം എന്ന നിഷ്കർഷക്കൊപ്പം തങ്ങൾ എടുക്കുന്ന ഒരു തീരുമാനവും സമൂഹത്തിന് നഷ്ടം വരുത്തി വെയ്ക്കില്ല എന്ന ഉത്തരവാതിത്തം പാർട്ടിക്കാർ ഏറ്റെടുക്കുന്നില്ല. ജനപ്രതിനിധികൾക്ക് ലഭ്യമായിരിക്കുന്ന അധികാരം ജനകീയ പ്രശ്നങ്ങളിൽ, പൊതുജീവിതത്തിൽ, ഏറ്റവും സാധാരണക്കാർക്കൊപ്പം, അവരെ പോലെ ജീവിച്ചുകൊണ്ട് നിർവ്വഹിക്കുവാൻ വിമുഖതകാട്ടുന്നു. ആധികാരവും സൗകര്യങ്ങളും തന്‍റെ അപദാനങ്ങൾ (ഫ്ലെക്സ് സംസ്കാരം) പാടി നടക്കുവാനുള്ള അവസരമായി നേതാക്കൾ ഉപയോഗിക്കുന്നു. വ്യക്തി ജീവിതം പാരിസ്ഥി−വിദ്യാഭ്യാസം− ആരോഗ്യം മറ്റു വിഷയങ്ങളിൽ സമൂഹത്തിനു മാതൃകയായിരിക്കണം എന്ന ഒരു ശാഠ്യവും അവർക്കില്ല. ജനപ്രതിനിധികളുടെ സ്വകാര്യങ്ങൾ എന്തുകൊണ്ട് സാധാരണക്കാർക്ക് ലഭ്യമാക്കാതെ തനിക്ക് ലഭിക്കുന്നു എന്ന് ആലോചിക്കുന്നതിൽ അവർ താൽപ്പരരല്ല. തെറ്റായ സന്ദേശങ്ങൾ നൽകുന്ന വ്യക്തികളുമായും സ്ഥാപനങ്ങളുമായും അകലം പാലിക്കുവാൻ ഇടതു നേതാക്കൾ പോലും ജാഗ്രത കാണിക്കുന്നില്ല. അത്തരം ഒരു സമൂഹം വളരെ അപകടകരമായ അവസ്ഥയിൽ എത്തികൊണ്ടിരിക്കുകയാണ്. നാട്ടിൽ മിനിമം പെൻഷൻ ആയിരം രൂപയായിരിക്കെ ജനപ്രതിനിധികൾ സേവനം ചെയ്തതിനു ആജീവനാന്തം പതിനായിരം (MLA) −ഇരുപതിനായിരം (MP) തോതിനു മുകളിലേയ്ക്ക് വാങ്ങുന്നതിൽ ഒരു തെറ്റും അവർകാണുന്നില്ല. ലോകത്തെ ഏറ്റവും കൂടുതൽ വേതനം പറ്റുന്ന ജനപ്രതിനികൾ (GDP അനുപാതത്തിൽ ശരാശരി ഇന്ത്യക്കാരന്‍റെ വരുമാനത്തിൽ 33 മടങ്ങ്) ഏറ്റവും മോശപെട്ട അവസ്ഥയിൽ ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇവർക്കൊപ്പം കൂടി നിന്ന് ഉദ്യോഗസ്ഥ−കോടതി സംവിധാനങ്ങൾ ജനങ്ങളുടെ നികുതി പണം സ്വന്തം സൗകര്യങ്ങൾക്കായി മാറ്റി വെയ്ക്കുന്നതിൽ തെറ്റായ മിടുക്ക് കാട്ടുന്നു.
കേരളത്തിലെ നിലവിൽ അധികാരം തിരിച്ചുപിടിച്ച സർക്കാർ ഏറ്റവും ശ്രദ്ധേയമായി പറഞ്ഞ വസ്തുത തങ്ങൾ അഴിമതിയെയും സ്വജനപക്ഷപാതത്തെയും അധികാരത്തിന്‍റെ ഇടനാഴിയിൽ നിന്നും മാറ്റി നിർത്തും എന്നായിരുന്നു. എന്നാൽ പുന്നപ്ര−വയലാർ രക്തസാക്ഷി സ്മരണകളുടെ 70ാം വാർഷികം ആചരിക്കുന്ന വേളയിൽ (പാർട്ടി ത്യാഗികളെ ഇന്നും സ്മരിക്കുന്നു) CPIM പാർട്ടിയുടെ ഭരണത്തിൽ വ്യാപകമായി സർക്കാർ സ്ഥാനങ്ങളിൽ നേതാക്കന്മാരുടെ സ്വന്തക്കാരെ നിയമിക്കുവാൻ എന്തുകൊണ്ടാണ് തയ്യാറായത് എന്നത് വളരെ ഗൗരവതാരമായ രാഷ്ട്രീയ പ്രതിസന്ധിയായി നമ്മൾ വീക്ഷിക്കേണ്ടതുണ്ട്. സർക്കാർ ഇടങ്ങളിൽ സ്വന്തം പാർട്ടി ബന്ധുക്കൾക്ക് പ്രത്യേകം പരിഗണന നൽകുക, ജനാധിപത്യ സംവിധാനത്തെ കൊഞ്ഞനം കുത്തി കാണിക്കലായി വിലയിരുത്തണം. രാജ്യം വലതുപക്ഷ−വർഗ്ഗീയ അജണ്ടകളാൽ വീർപ്പുമുട്ടുന്പോൾ ദർശനത്തിലും പ്രയോഗത്തിലും വ്യത്യസ്തമായ ചരിത്രമുള്ള കമ്യുണിസ്റ്റ് പാർട്ടിക്കാർ അവരുടെ ഉത്തരവാദിത്തം മറന്നു പ്രവർത്തിച്ചാൽ അത് ഉണ്ടാക്കുന്ന ആപത്തുകൾ ആ പാർട്ടിയുടെ ആഭ്യന്തര വിഷയത്തിനും പുറത്ത് വലിയ അപകടങ്ങൾ വരുത്തി വെക്കും എന്ന് അവരെങ്കിലും ഓർക്കേണ്ടതുണ്ട്.