മതാന്ധതയുടെ ഇരകൾ
ചരിത്രത്തിലെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന സംഭവ പരന്പരകൾക്ക് പിന്നിൽ നിരവധി അന്തർദേശിയ−ദേശിയ−പ്രാദേശിക കാരണങ്ങൾ ഒത്തു പ്രവർത്തിക്കാറുണ്ട്. അവയുടെ ഇഴയടുക്കം പലപ്പോഴും നമുക്ക് വായിച്ചെടുക്കുവാൻ കഴിയണമെന്നില്ല. കേരളത്തിൽ 1850 മുതലുള്ള അരനൂറ്റാണ്ട് കാലത്തിനിടയിൽ അരങ്ങേറിയ സാമൂഹിക സംഭവങ്ങൾ അന്തർദേശീയമായ പലതിന്‍റെയും തുടർച്ച കൂടിയാണെന്ന് പറയാവുന്നതാണ്. വ്യവസായ വിപ്ലവത്തിന്‍റെ രണ്ടാം ഘട്ടം, അതിന്‍റെ ഭാഗമായി രൂപം കൊണ്ട അന്തർദേശിയ തൊഴിലാളികളുടെ രാഷ്ട്രീയ ഗ്രൂപ്പ്, ഇന്ത്യയിൽ സ്വതന്ത്രസമരത്തിന്‍റെ പുതിയ ഘട്ടവും അതിനായി കോൺഗ്രസ് രൂപീകരണവും (1885) കേരളത്തിൽ നോവൽ രചനയും പത്രവും ബാങ്കും റബ്ബർ കൃഷിയും അരുവിപ്പുറം വിപ്ലവവും (1880 മുതൽ പത്തു വർഷത്തിനകത്തു സംഭവിച്ചു) എല്ലാം പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നു.
സമൂഹം നേർരേഖയിൽ അല്ല ചലിക്കുന്നത്. അത് മുന്നേറ്റത്തിനൊപ്പം തിരിച്ചടികളിലൂടെയും കടന്നു പോകുന്നു. (ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന ലെനിൻ വരികൾ). പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിമോചനസമരങ്ങൾ കൂടുതലായി വിജയം നേടുന്നതുപോലെ മറ്റു ചിലപ്പോൾ തിരിച്ചടികളും ഉണ്ടാകുന്നു. രണ്ടാം ലോക യുദ്ധത്തിനും തൊട്ടു മുന്‍പുള്ള ഘട്ടം മുതലാളിത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയും അതിലൂടെ ഫാസ്സിസം അധികാരത്തിൽ എത്തുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിന്‍റെ അവസാനത്തോടെ സോഷ്യലിസ്റ്റ് ചേരിയും മൂന്നാം ലോക രാജ്യങ്ങളും കൂടുതൽ കരുത്തു കാട്ടുന്ന അവസ്ഥയിൽ എത്തി. അതിന്‍റെ അലകൾ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പുതിയ പ്രതീക്ഷകൾ നൽകി. നിരവധി രാജ്യങ്ങളിൽ ഇടതു അധികാര പരീക്ഷണങ്ങൾ നടന്നു. ക്യൂബാ വിപ്ലവത്തിന് വിധേയമായി. വിമോചനം നേടിയ രാജ്യങ്ങളിൽ ജനകീയ ബദലുകൾ ഉണ്ടായി. എന്നാൽ ഇത്തരം ഉണർവ്വുകൾക്ക് 60കളുടെ അവസാനം മുതൽ മങ്ങലേറ്റു. പ്രാഗ് വസന്തവും ഹംഗറിയിലെ ഭരണാധിപനെ പുറത്താക്കിയ റഷ്യൻ നിലപാടുകളും സോഷ്യലിസ്റ്റു ചേരിയുടെ വരും നാളുകളിൽ സംഭവിക്കുവാൻ പോകുന്ന അതി ദാരുണമായ തിരിച്ചടികൾക്ക് തുടക്കമാണെന്ന് ആരും കരുതി കാണുകയില്ല. ഇന്ന് ലോകം അത്തരം തിരിച്ചടികൾ ഏൽപ്പിച്ച ദുരന്തങ്ങളിൽ പെട്ട് നിൽക്കുന്നു.
ലോകത്തെ പുരോഗമന ശക്തികളുടെ നിലപാടുകൾ മതാതിഷ്ടിത രാജ്യങ്ങളെ വല്ലാതെ പിടിച്ചുലച്ചുവന്നിരുന്നു. യമൻ, അഫ്ഗാനിസ്ഥാൻ മുതലായ ഇസ്ലാം ഭൂരിപക്ഷ രാജ്യത്ത് ഇടതു ധാരയുടെ പ്രതിനിധികൾ അധികാരത്തിൽ വരിക, ഇറാനിലും ഇന്തോനേഷ്യയിലും കമ്യുണിസ്റ്റുകൾ പ്രബല ശക്തിയായി പ്രവർത്തിക്കുക, ഖത്തറിലും മറ്റും മാർക്സിസ്റ്റു ഗ്രൂപ്പുകൾ സജ്ജീവമാകുക തുടങ്ങിയ യാഥാർത്ഥ്യങ്ങൾ മത മൗലികതാവതികളെ വല്ലാതെ കുഴക്കി. തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്‍റെ മുന്നണി പോരാളികളായ സോവിയറ്റ് യൂണിയനും ചൈനയും മുട്ടു മടക്കുവാൻ തുടങ്ങിയ 87കൾ മുതൽ ലോകത്തെ ഇടതു ചേരികൾ അപ്രത്യക്ഷമായി തുടങ്ങി എന്ന് മനസ്സിലാക്കാം. ഇതിന്‍റെ അലയൊലികൾ വളരെ പ്രകടമായി കണ്ടത് മൂന്നാം ലോകത്താണ്. അവരുടെ മുൻകാല സ്വാത്രന്ത്ര്യ വാഞ്ചനക്ക് പതുക്കെ പതുക്കെ മങ്ങലേൽക്കുവാൻ തുടങ്ങി.അധികാരത്തിൽ വന്ന സർക്കാരുകളുടെ നിലപാടുകളും അതിന് കാരണമായി.
മതം പ്രധാന സാമൂഹിക യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുന്പോൾ തന്നെ, ജനങ്ങളുടെ പൊതു വിഷയങ്ങളിൽനിന്നും (social issues) മതങ്ങൾ മാറി നിൽക്കുകയും വിശ്വാസ വിഷങ്ങളിൽ അവർ പങ്കാളികൾ ആകട്ടെ എന്നതുമായിരുന്നു നിലവിലെ സാമാന്യ ധാരണ. മുഹമ്മദാലി ജിന്ന പാകിസ്ഥാനെ ഇസ്ലാമിക് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുവാൻ മുതിർന്നില്ല. എന്നാൽ കാര്യങ്ങൾ 80 കളിൽ തകിടം മറിഞ്ഞതോടെ മൂന്നാം ലോക മനുഷ്യരുടെ സമസ്ത ഇടങ്ങളിലും ജാതി−മത ബോധം ശക്തമായി നിലനിൽവിൽ വന്നു. അതിനു മുന്‍പും ജനങ്ങൾ ദൈവവിശ്വാസികളും ദേവാലയങ്ങളിലും തൽപ്പരരായിരുന്നു. എന്നാൽ പ്രാദേശിക സംസ്കാരവുമായി ഒത്തു പോകുവാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു വന്നു. സ്വന്തം നാട്ടിലെ വൈവിദ്ധ്യ പൂർവ്വമായ ചടങ്ങുകളെ സ്വംശീകരിക്കുന്നതിൽ അവർ വിമുഖരായിരുന്നില്ല. ഇന്ത്യൻ മണ്ണിൽ കച്ചവടക്കാരിലൂടെ പ്രചരിപ്പിക്കപ്പെട്ട സെമറ്റിക് മതങ്ങളിൽ ജനങ്ങൾ അണിനിരന്നതിനുള്ള കാരണങ്ങളിൽ പ്രധാനമായിരുന്നത് അത്തരം മതങ്ങൾ കാട്ടിയ സമത്വബോധവും (പ്രാർത്‍ഥനാ കേന്ദ്രങ്ങളിൽ എങ്കിലും) നമ്മുടെ നാടിന്‍റെ ശീലങ്ങളെകൂടി സ്വായത്തമാക്കുവാൻ കാട്ടിയ താൽപര്യവുമാണ്. വലിയ തോതിൽ അണികളെ ചേർക്കുവാൻ കഴിഞ്ഞ സംഘടിത മതങ്ങൾ (ക്രിസ്തു-ഇസ്ലാം)ഈ കാര്യത്തിൽ വിജയിച്ചിരുന്നു. ആദ്യ കാല ക്രിസ്ത്യാനി സഭകൾ സുറിയാനി സ്വാധീനത്തിൽ ആയിരുന്നപ്പോൾ പ്രാദേശികമായ എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊണ്ടു. അതിന് വിഘാതം ശ്രുഷ്ടിക്കുവാൻ പോർച്ചുഗീസുകാർ നടത്തിയ ശ്രമമായിരുന്നു സുനഹദോസ്. ഏവരും പോപ്പിനൊപ്പം ചേർന്ന് സിറിയൻ രീതികൾ ഉപേക്ഷിക്കണമെന്ന ഭീഷണിയെ മറികടക്കുവാൻ നാട്ടുകാരായ ക്രിസ്തു വിശ്വസികൾ പിന്നാലെ കൂനൻ കുരിശു ചേർന്നു. അങ്ങനെ ക്രിസ്തുമതത്തെ കൂടുതൽ പ്രാദേശിക സ്വഭാവത്തിൽ നിലനിർത്തുവാൻ നാട്ടുകാർ താൽപര്യം കാട്ടി. ഓശാന പെരുന്നാളിൽ ഒലിവു ചില്ലകളുടെ സ്ഥാനം കുരുത്തോലകൾക്ക് ലഭിച്ചു. കൊടി ഉയർത്തൽ, (ബുദ്ധമത സംബന്ധി) നിലവിളക്ക് കൊളുത്തൽ, താലി കെട്ടൽ, എഴുന്നള്ളത്, വെടിക്കെട്ട് തുടങ്ങിയ ചടങ്ങുകൾക്ക് ക്രിസ്തീയ പള്ളികളിലും ഇടം കിട്ടുവാൻ കഴിഞ്ഞത് ക്രിസ്തു മതം കൂടുതൽ പ്രാദേശിക രൂപത്തിലാകുന്നതിനു കാട്ടിയ താൽപര്യം കൊണ്ടാണ്.
ഇസ്ലാം മതം ഏറെ സംഘടിതമാകുക സ്വാഭാവികമാണ്. ഇസ്ലാം കേരളത്തിൽ പ്രചരിപ്പിക്കപെട്ടപ്പോൾ അതിനു കൂടുതൽ അംഗീകാരം കിട്ടുന്നതിൽ പ്രധാന പങ്കു വഹിച്ചത് മതത്തിലെ പ്രചാരകർ വെച്ചു പുലർത്തിയ സ്വഭാവവിശേങ്ങളാണ്. വിരലിൽ എണ്ണാവുന്ന ഇസ്ലാം പള്ളികൾ ലോകത്താകെ ഉണ്ടായിരുന്ന കാലത്തുതന്നെ സ്ഥാപിക്കപ്പെട്ട ചേരമാൻ പള്ളിയുടെ നിർമ്മാണ രീതിയും അതിൽ വെച്ചിട്ടുള്ള നിലവിളക്കും ഒറ്റപ്പെട്ട സംഭവമല്ല. ആദ്യകാല ഇസ്ലാമിക പ്രബോധകരിൽ ഒട്ടുമിക്കവരും സൂഫികൾ ആയിരുന്നു. പാട്ടും നൃത്തവും പാപമാണെന്ന് പഴയകാലത്തും ഇസ്ലാമിലെ ചില ധാരയിൽ പെട്ടവർ കരുതി വന്നു. എന്നാൽ ഒരു ഭാഷയെ പാട്ടിലൂടെ പരിപോഷിപ്പിച്ച സൂഫികൾ പ്രണയത്തെയും സ്നേഹത്തെയും പറ്റി അതിരുകളില്ലാതെ പറഞ്ഞു നടന്നു (ഹിന്ദുസ്ഥാനി). ലോകത്ത് ഒരാളെ ഒഴിച്ച് മറ്റാരെയും ആരാധിക്കരുത് എന്ന വിശ്വാസത്തിന്‍റെ ഭാഗമായി എല്ലാ തീർത്ഥാടനങ്ങളും മക്ക−മദീന പുണ്യ ഭൂമിയിലേയ്ക്ക് എന്ന വിശ്വാസത്തിനൊപ്പം ജനങ്ങളുടെ പ്രിയപ്പെട്ടവരായിരുന്ന സൂഫീ ആചാര്യന്മാരുടെ കബർ സ്ഥാനങ്ങളെ തീർഥാടന കേന്ദ്രങ്ങളായി കാണുവാൻ ഇസ്ലാംമതത്തിലെ വലിയ വിഭാഗങ്ങൾ തയ്യാറായി. ലോകത്തെ ഏറ്റവും വലിയ ആരാധനാ കേന്ദ്രമായി അറിയപ്പെടുന്ന ജയ്പൂരിലെ (ചിസ്തി) ദർഗ്ഗ എല്ലാ മതസ്ഥരിൽ പെട്ട വിശ്വാസികൾ എത്തുന്ന സ്ഥലമാണ്. ശ്രീനഗറിൽ ഹസ്രത്ത്‌ബാൽ പള്ളി കാശ്മീർ താഴ്്വരയിലെ ഏറ്റവും പ്രസിദ്ധമായ ആരാധനാലയമാണ്. കേരളത്തിലും ഉറൂസുകൾക്കും ചന്ദനക്കുട മഹോത്സവങ്ങൾക്കും ചില പള്ളികളിൽ പ്രാധാന്യമാണ്ട്. അവിടങ്ങളിൽ മറ്റു മതസ്തരും ആരാധകരായി നേർച്ചകൾ നേരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വാവരും സന്നിധാനത്ത് സ്ഥാപിക്കപെട്ട കബറും ഇസ്ലാം മതവും ഹിന്ദുമതവും തമ്മിലുള്ള സഹോദര്യത്തെ ഓർമ്മിപ്പിക്കുന്നു.
കേരളത്തിലെ ഇസ്ലാം മത പ്രചാരകരുടെ തുടക്കക്കാരൻ ശ്രീ മാലിക് ബിൻ ദീനാർ പ്രവാചകന്‍റെ കാലത്ത് തന്നെ മലബാറിൽ എത്തി എന്ന് വിശ്വസിക്കുന്നു. മാലിക്കും ഹസൻ ബസ്രി, മാന്പുറം അലവി തുടങ്ങിയവരും തുടക്കം മുതൽ മക്കയിലും മദീനയിലും പ്രചരിപ്പിക്കപെട്ട ഇസ്ലാമിന്‍റെ അതേ മാതൃകകളെ ഇവിടെ പകർത്തി എഴുന്നതിനു പകരം നമ്മുടെ നാടിന്‍റെ പല ശീലങ്ങളെയും കൂടിപിന്തുടരുവാൻ അവർ മടിച്ചു നിന്നില്ല. അവരുടെ പിൻഗാമി സയ്യിദ് മക്തി തങ്ങൾ(1847−12 ) നടത്തിയ പ്രസംഗങ്ങൾ, പുസ്തക രചനകൾ (മലയാള ഭാഷയെ പ്രോത്സഹിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു) ഇസ്ലാം വിശ്വാസിളുടെ ജീവിതത്തിനു കൂടുതൽ അംഗീകാരങ്ങൾ നേടികൊടുത്തു. അദ്ദേഹത്തിന്‍റെ കാലത്ത് ജീവിച്ചിരുന്ന അറക്കൽ രാജകുടുംബത്തിലെ മയീൻ കുട്ടി ഹിജറാ വർഷം 1294 ൽ (1870) ഖുറാൻ ആദ്യമായി മലയാളത്തിൽ തർജ്ജമ ചെയ്തു. ബൈബിൾ മലയാളത്തിൽ തർജ്ജമ ചെയ്യുവാനുള്ള ശ്രമങ്ങൾക്കെതിരെ എന്നപോലെ ഖുറാൻ പരിഭാഷ ദൈവ നിന്ദയാണെന്ന് പറയുവാനും അന്ന് ചിലർ ഉണ്ടായിരുന്നു. വക്കം ഖാദർ മൗലവി ഖുറാൻ പരിഭാഷ ദീപികയിൽ ഖ ണ്ണശയായി പ്രസിദ്ധീകരിച്ചു. (പദ്യരൂപത്തിൽ ഖുറാൻ പരിഭാഷപ്പെടുത്തിയവർ. കോന്നിയൂർ രാഘവൻ നായരും ഒറ്റപ്പാലത്തുകാരൻ K.G രാഘവൻ നായരുമായിരുന്നു. (അമൃത വാണി). മഹാകവി മൊയീൻ കുട്ടി വൈദ്യർ (1852−1892) എന്ന ആയുർവ്വേദ പണ്ധിതന്‍റെ പട പാട്ടുകളും മറ്റു രചനകളും സംഗീതത്തോടും കലയോടും ഉള്ള മലബാർ മുസ്ലിം സമൂഹത്തിന്‍റെ ഇഷ്ടങ്ങളെ ഓർമ്മിപ്പിക്കുന്നു.
കേരളത്തിലെ ആദ്യകാല ഇസ്ലാമിക നേതൃത്വം വടക്കേ ഇന്ത്യയിൽ രംഗത്ത് വന്ന സലാഫി പ്രസ്ഥാനത്തിൽ നിന്നും വ്യത്യസ്തമായിരുന്നു. വടക്കേ ഇന്ത്യയിൽ മുഗൾ ഭരണാധിപൻ അക്ബർ ചക്രവർത്തി ദിൻ ഇല്ലാഹി മതം ഉണ്ടാക്കുകയും അതിനൊപ്പം ഇസ്ലാമിന്‍റെ പാരന്പര്യ രീതികളിൽ നിന്നും സൂഫി പാരന്പര്യത്തിലേയ്ക്ക് ജനങ്ങൾ കൂടുതലായി അടുക്കുന്നത് ദൈവ നിഷിദ്ധമാണെന്ന വിശ്വാസത്തിൽ ഷേക്ക് അഹമ്മദ് സിർഹിന്ദി ഇന്ത്യൻ സലാഫി പ്രവർത്തനങ്ങൾക്ക് (1564−1624) നേതൃത്വം നൽകി. മുസ്ലിമുകൾ അറേബ്യൻ വിശ്വാസ പ്രമാണങ്ങളിൽനിന്നും വ്യതിചലിക്കുന്നത് അവസാനിപ്പിക്കലായിരുന്നു ലക്ഷ്യം.
(ഇസ്ലാമിൽ പ്രബലമായ രണ്ട് ധാരകളാണ് സലാഫിഇസംവും വഹാബിസവും. സലാഫിസം കൊണ്ട് അർത്ഥമാക്കുന്നത് പ്രവാചകന്‍റെ പരന്പരയിൽപ്പെട്ട ആദ്യമൂന്ന് തലമുറയിൽ പെട്ടവരും (pious predecessors) അവരെ പിന്തുടർന്ന് വിശ്വാസികളായി തുടരുന്നവരും എന്നാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഇബിൻ തായ്മിയായും ശിഷ്യഗണങ്ങളും ഇറാക്കിൽ ആരംഭിച്ച പ്രസ്ഥാനം അവിടെ തകരുകയും അവരെ പുറത്താക്കുകയും ചെയ്തു. അവർ പിൽക്കാലത്ത് നജദിലേക്ക് കുടിയേറി (central saudi arabia). ഇവരുടെ നിലപാടുകളെ തള്ളികൊണ്ട്, ഇസ്ലാം മതത്തിൽ ഉണ്ടായി എന്നവകാശ പെടുന്ന വ്യതിയാനങ്ങൾക്ക് എതിരായി രൂപം കൊണ്ട പ്രസ്ഥാനമാണ് വഹാബിസം. 18ാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് നജദിൽ തന്നെ തുടങ്ങിയ പ്രസ്ഥാനത്തിന്‍റെ നേതാവ് മുഹമ്മദ് ഇബിൻ അബ്ദുൽ വഹാബ്, സലഫിസത്തിന്‍റെ നിലപാടുകളെ തിരുത്തുവാൻ ശ്രമിച്ചു. എന്നാൽ അദ്ധേഹത്തിനെതിരായി എതിർപ്പുകൾ ഉണ്ടാകുകയും ജയിലിൽ അടക്കപെടുകയും ചെയ്തു. പിന്നീടു പത്തൊന്‍പതാം നൂറ്റാണ്ടിൽ അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ വാഹബിസത്തെ ശക്തമായി നയിച്ചു. സലാഫിസം താരതമ്യേന മറ്റു വിശ്വസങ്ങളോടെ സൗഹൃദപരമായിരിക്കുന്പോൾ വാഹിബിസം കൂടുതൽ കർക്കശവും മൗലിക വാദത്തിൽ അടിയുറച്ചു നിൽക്കുന്നു എന്ന് അവകാശപെടുന്നുണ്ട്. വാഹബിസത്തിനൊപ്പം നിലവിലെ സൗദി രാജകുടുബം കൈകോർത്ത ത്തിലൂടെയാണ് നജാദിൽ മാത്രം ഒതുങ്ങി നിന്ന ഇന്നത്തെ സൗദി രാജകുടുംബത്തിന് മറ്റു പ്രദേശങ്ങൾ കൂടി തങ്ങളുടെ അധികാര അതിർത്തിയിൽ കൊണ്ട് വരുവാൻ കഴിഞ്ഞത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ബ്രിട്ടന്‍റെ തുർക്കി ഖലീഫയെ ശിഥിലമാക്കുവാനുള്ള ആഗ്രഹമായിരുന്നു.
ലോക ഇസ്ലാമിന്‍റെ പുണ്ണ്യഭൂമി വൈദേശിക സ്വാധീനത്തിൽ പെട്ട് അനിസ്ലാമികമായി തീരുന്നു എന്ന വാദമുയർത്തികൊണ്ട് അൽ−ഒത്യബി കുടുംബക്കാരുടെ നേതൃത്വത്തിൽ മക്കാ വലിയ പള്ളി ആക്രമിച്ചു കീഴ്പെടുത്തി (1979). രണ്ടാഴ്ച നിയന്ത്രിച്ച ജുഹയമനും അബ്ദുള്ള അല ഖഹന്തിയും മറ്റു ആളുകളും സൗദി കോടതികളുടെ ശിക്ഷ ഏറ്റുവാങ്ങി. എന്നാൽ സൗദി രാജാ കുടുംബ വാഴ്ചക്ക് എതിരായി ഉയർന്നവരുടെ പിൻഗാമികളെ ഭരണകൂടം യമനിൽ എത്തിച്ചു. ലോകത്തെ ഇസ്ലാം വ്യതിയാനത്തിനെതിരായി പ്രവർത്തിക്കുവാനും ജനങ്ങളിൽ കൂടുതൽ ഇസ്ലാമിക മൗലിക ജീവിത വീക്ഷണം പരിപോഷിപ്പിക്കുവാനും അവർക്ക് പണവും മറ്റു സൗകര്യങ്ങളും ഒരുക്കി. ലോകത്തെ പാൻ ഇസ്ലാമിക്ക് ആക്കി മാറ്റുവാൻ ആവശ്യമായ പദ്ധതികൾക്കായി കോടികൾ ഒഴുക്കുന്ന സൗദി ഭരണ കൂടം ഇന്നും എട്ടാം നൂറ്റാണ്ടിൽ യമനിൽ നിലനിന്ന കാലിമേയ്ക്കൽ ജിവിതത്തെ പുണ്യ കർമ്മമായി കരുതി സ്വർഗ്ഗാരോഹണം ആഗ്രഹിക്കുന്നവർക്കായി എത്തുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ പങ്കാളിയാണ്.
ഇന്ത്യൻ ഇസ്ലാമിക ചരിത്രത്തിലെ പ്രധാന നേതാക്കളിൽ പലരും സ്വാതന്ത്ര്യ സമരത്തിൽ സജ്ജീവമായി പങ്കാളികളായിരുന്നു. മക്തി തങ്കളുടെ ശിക്ഷന്മാർ മലബാർ ലഹളയിൽ നേതൃത്വപരമായി പങ്കുവഹിച്ചു. വക്കം മൗലവിയും അബ്ദുൽ റഹ്മാൻ സാഹിബും മുഹമ്മദ് അബ്ദു എന്ന ഈജിപ്റ്റിലെ ഇസ്ലാമിക പണ്ധിത ശ്രേഷ്ഠന്‍റെ വിചാര ധാരയിൽ നിന്നും മാതൃകകൾ കണ്ടെത്തിയവരായിരുന്നു. എല്ലാ മതങ്ങളെയും അംഗീകരിക്കുവാനും മതം രാഷ്ട്രീയത്തിൽ നിന്നും അകലം പാലിക്കണമെന്ന് അവർക്ക് നിഷ്കർഷയുണ്ടായിരുന്നു. വടക്കേ ഇന്ത്യയിലെ സ്വതന്ത്ര്യ സമര നായകരിലും മതേതര മുല്യങ്ങൾ നമുക്ക് കണ്ടെത്തുവാൻ കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിനൊപ്പം മുസ്ലിം സമൂഹത്തിന്‍റെ വിദ്യാഭ്യാസ കാര്യത്തിൽ പ്രത്യേകം താൽപര്യം കാട്ടുകയും അതിനായി ജാമിയ മിലിയ സർവ്വകലാശാല തന്നെ സ്ഥാപിച്ച സയിദ് മുഹമ്മദ് അലിയും (പറുദ ഉപേക്ഷിക്കുവാൻ ആഹ്വാനം ചെയ്തു) അബ്ദുൽ കലാം ആസാദും അലി സഹോദരരും മറ്റും വിശ്വാസം രാഷ്ട്രീയത്തിൽ കലരുന്നതിന്‍റെ അപകടത്തെ പറ്റി ശക്തമായി പ്രതികരിച്ചവരാണ്. മുഹമ്മദാലി ജിന്ന ഖിലാഫത്ത് സമരകാലത്ത് മത സംബന്ധിയായ വിഷയത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നതിലെ അപകടം ഗാന്ധിജിയെ ബോധ്യപെടുത്തുവാൻ മറന്നില്ല. എന്നാൽ ഇന്ത്യൻ സ്വതന്ത്ര സമരത്തിന്‍റെ പൊതു ധാരയിൽ ചെറിയ കാലം മാത്രം പങ്കാളിയായിരുന്ന അബ്ദുൽ അൽ മൗദൂദി ഇന്ത്യ ദാറുൽ ഇസ്ലാംമിൽ എത്തണമെന്ന ആശയം പ്രചരിപ്പിച്ചു. അതിനു കഴിയണമെങ്കിൽ ഇന്നത്തെ ഇന്ത്യയിലെ ബഹു ഭൂരിപക്ഷവും ഇസ്ലാമിൽ എത്തപെടാതെ കഴിയുകയില്ല. അതുവരെ ഇന്ത്യ ദാരൽ ഹർബ് ആയിരിക്കും. (അവിശ്വാസികളുടെ നാട്). മനുഷ്യന്‍റെ ഏല്ലാ വിഷയങ്ങളുടെയും അടിസ്ഥാനം മതമാണെന്നും മത മൗലികതയിൽ ഉറച്ചു നിന്നുള്ള ഒരു ഭരണത്തിനു മാത്രമേ മനുഷ്യന്‍റെ പ്രശ്നങ്ങളെ പരിഹരിക്കുവാൻ കഴിയുകയുള്ളൂ എന്നും പ്രചരിപ്പിച്ച മൗദൂദിയുടെ അനുയായികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായിരുന്നില്ല. വിവിധ മതത്തിൽ നിന്നുള്ള അത്തരം ആശയങ്ങളുടെ പിൻഗാമികൾ നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നിന്നും എപ്പോഴും പല വാര അകലം പാലിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമര മുഖങ്ങൾക്ക് മതേതര മുഖം നേടുവാൻ ഇടം നൽകി.
ലോകത്തെ സോഷ്യലിസ്റ്റു ചേരിക്കുണ്ടായ വൻ തിരിച്ചടിയുടെ ഭാഗമായി ലോക മുതലാളിത്തം വലിയ കരുത്തു നേടി. അവരുടെ ചൂഷണത്താൽ ലോക ജനത വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. ഓരോ രാജ്യത്തെയും തൊഴിൽ രാഹിത്യം, വിലക്കയറ്റം, പ്രകൃതി നാശം, ജീവിത പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഇതു രാജ്യങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലും സംഘർഷങ്ങൾ ഉണ്ടാകുവാൻ കാരണമാക്കുന്നു. ലോക കോർപ്പറേറ്റ് താൽപര്യങ്ങൾ ചരിത്രത്തിൽ എന്നും ക്രിസ്തീയ−സിയോണിസ്റ്റ് താൽപര്യങ്ങളെ പരിഗണിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കമ്മ്യുണിസ്റ്റ് രംഗം നേരിട്ട തിരിച്ചടി, മുതലാളിത്തം സൃഷ്ടിക്കുന്ന (ക്രിസ്തീയ വിശ്വാസം) ദുരിതങ്ങൾക്ക് പരിഹാരം ഇവക്കു പുറത്തുള്ള മറ്റു വിശ്വാസങ്ങൾ ആണെന്ന് ജനങ്ങൾക്ക് തോന്നിയാൽ അതിനവരെ പൂർണ്ണമായും കുറ്റപെടുത്തുവാൻ കഴിയുകയില്ല. ഒപ്പം തന്നെ മുതലാളിത്തവുമായി സന്ധി ചെയ്തു അറബ് ലോകത്ത് നിലനിൽക്കുന്ന ഇസ്ലാമിക ഭരണത്തിനെതിരായി പരിശുദ്ധ വിപ്ലവത്തെ ചിലർക്ക് സ്വപ്നം കാണുവാൻ അവസരം ലഭിക്കുന്നുണ്ട്.
ഇന്ത്യൻ സാന്പത്തിക രംഗത്തെ പരിഷ്കാരങ്ങൾകൊണ്ട് സാധാരണ ജനത കഴിഞ്ഞ കാൽ നൂറ്റാണ്ടായി വലിയ തിരിച്ചടികൾക്ക് വിധേയരാണ്. കടലിലെ മത്സ്യ ലഭ്യത മുതൽ ഹിമാലയത്തിനുണ്ടാകുന്ന മഞ്ഞുരുകൽ വരെ പ്രദേശത്തെജന ജീവിത്തെ പ്രതികൂലമാക്കികൊണ്ടിരിക്കുന്നു. അത് ജനങ്ങൾക്ക് ഇടയിൽ സ്പർദ്ധ വളരുവാൻ ഇടം ഉണ്ടാക്കുന്നു. ആഗോള വൽക്കരണത്തിനൊപ്പം ഇന്ത്യയിൽ വലിയ നിലയിൽ ശക്തി പ്രാപിച്ച ഹിന്ദുത്വ രാഷ്ട്രീയം (മണ്ധൽ വിരുദ്ധ പ്രക്ഷോഭം മുതൽ) മുസ്ലിം സമുദായത്തിനും ദളിത് ആദിവാസികൾക്കും എതിരായി അവരുടെ ആയുധം തിരിച്ചു വിടുന്ന വാർത്തകൾ എല്ലാ സാമാന്യ ജനങ്ങൾക്കും ഉത്ഘണ്ട ജനിപ്പിക്കുന്നതാണ്.
അന്തർ ദേശിയമായി (എൺപതുകളിൽ) സോഷിലസത്തിനെതിരെ യുദ്ധം ചെയ്തവർ ഇന്നു മുതലാളിത്തത്തിനെതിരായി യുദ്ധം ചെയ്യുന്നത് ജിഹാദ് ആണെന്ന് പ്രചരിപ്പിക്കുന്നു. അൽ ഖ്വയ്ദയും താലിബാനും ഐഎസുംഅമേരിക്ക നേതൃത്വം കൊടുത്തുവരുന്ന ഇസ്ലാമിക വേട്ടകളെ മുൻ നിർത്തി (അവരുടെ മുൻ കാല sposnser മാർക്കെതിരായിതന്നെ) ലോക മുസ്ലിംകളെ ജിഹാദിനായി ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ പലപ്പോഴും കൂട്ടകുരുതിക്ക് വിധേയമാക്കിവരുടെ ഭരണത്തിന്‍ കീഴിൽ തങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന ധാരണയെ മുന്നിൽ നിർത്തി വിശ്വാസികളുടെ മാത്രം ലോകം നേടിയെടുക്കുവാൻ പുറപെടുന്ന ഇസ്ലാം മതത്തിലെ അതിതീവ്രപക്ഷക്കാർ (എണ്ണി തിട്ടപെടുത്തുവാൻ കഴിയുന്ന തരത്തിൽ കുറവെങ്കിലും) തെറ്റായ സന്ദേശമാണ് ലോകത്തിനു നൽകുന്നത്. ലോകത്തെ വർഗ്ഗീയതയിലൂടെയും വംശീയതയിലൂടെയും വിഭജിക്കുവാൻ തക്കം പാർത്തിരിക്കുന്ന സമ്രാജ്യത്വ അജണ്ടകൾക്ക് വിജയിക്കുവാൻ അവസരം ഒരുക്കുവാനെ ഇത്തരം മത മൗലികതയുടെ രാഷ്ട്രീയം കൊണ്ട് സാധിക്കുകയുള്ളൂ.