ഏകത മാനവികത, പഴയ വീഞ്ഞ് തന്നെ !
സമൂഹത്തിൽ നിലനിന്നു വന്ന, ഇന്നും നിലനിൽക്കുന്ന സംഘടനകൾ എല്ലാം തന്നെ മനുഷ്യന്റെ നന്മകളെ പറ്റിയാണ് പറഞ്ഞുവരുന്നത്. എന്നിട്ടും തിന്മകളെ, വിധ്വേഷങ്ങളെ തോൽപ്പിക്കുവാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ട്? സംഘടനകൾ (മത-ജാതി-സാംസ്കാരിക-രാഷ്ട്രീയ) അവരുയർത്തിയ മുദ്രാവാക്യങ്ങളെ തൃപ്തികരമായി നടപ്പിലാക്കുവാൻ പരാജയപ്പെടുന്നതിലൂടെ ലക്ഷ്യം നേടുവാൻ കഴിയാതെ വരുന്നു. ഹിറ്റ്ലർ പാർട്ടി ഉണ്ടാക്കിയപ്പോൾ അതിന്റെ പേർ Nationalist Socialist Party എന്നായിരുന്നു. മുസ്സോളിനി പ്രവർത്തിച്ചു വന്നത് ഇറ്റാലിയൻ സോഷ്യലിസ്റ്റു പാർട്ടിയിലാണ്. പിന്നീട് അദ്ദേഹം ഫാസ്സിസ്റ്റ് പാർട്ടി രൂപീകരിച്ചു. അവർ ഇരുവരും അവരവരുടെ രാജ്യ താൽപര്യങ്ങളെ മുൻനിർത്തി ഭരണം നടത്തിവന്നു എന്ന് വാദിച്ചവരും അവരെ ആ നാട്ടിലെ നല്ല ശതമാനക്കാർ അംഗീകരിച്ചിരുന്നതുമാണ്. നാട്ടിലെ സംഘടനകളുടെ ആകർഷക മുദ്രാവാക്യത്തിന്റെ കുറവല്ല സാമൂഹിക അനീതികൾ ലോകത്ത് നടമാടുവാൻ കാരണം. അതിന്റെ കാവലാളുകളും അതിന്റെ നടത്തിപ്പുകാരും ഫലം സ്വീകരിക്കുന്നവരും സത്യത്തോട് പുലർത്തിവരുന്ന നിഷേധമാണ് ഇതിനുള്ള അടിസ്ഥാന കാരണമായി പ്രവർത്തിച്ചു വരുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പുകൾ സാമൂഹിക രംഗത്ത് ജനങ്ങളിൽ കൂടുതൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നതിനാൽ, ജനം രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന അവസ്ഥ പൊതുവെ വളർന്നു വരുന്നു. ഇത് ജനങ്ങളിൽ വിഭാഗീയതയുടെ രാഷ്ട്രീയത്തിന് വളരുവാൻ സഹായകരമാകുന്ന മണ്ണ് ഒരുക്കുന്നു. ഇത്തരം രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ലോക രാഷ്ട്രീയത്തെ വളരെ അപകടം പിടിച്ച വലതുപക്ഷ ആഭിമുഖ്യമുള്ളവരുടെ കൈകളിൽ എത്തിക്കുന്നു. യൂറോപ്പിൽ പലയിടങ്ങളിലും ഉയർന്നു വരുന്ന ഫസ്സിസ്റ്റ് സ്വഭാവമുള്ള പാർട്ടികൾ, അമേരിക്കൻ രാഷ്ട്രീയ തെരഞ്ഞെടുപ്പിൽ കുടിയേറ്റക്കാരെയും മുസ്ലിം സമുദായങ്ങളെയും അമേരിക്കയുടെ ശത്രുവായി കാണുന്ന സ്ഥാനാർത്ഥി ഉണ്ടാകുന്നത്, തുർക്കിയും ഈജിപ്പ്റ്റും secular രാഷ്ട്രീയത്തിൽ നിന്നും മതമൗലികതയിൽ എത്തിയത്, പലയിടങ്ങളിലേയും മതനിഷ്ക്കർഷതകൾ, ഐഎസ്ഐസ് തുടങ്ങിയവരുടെ വളർച്ചയും പാകിസ്ഥാൻ കേന്ദ്രമായ ഭീകര പ്രസ്ഥാനങ്ങളും ഒക്കെ ലോകത്തിനു സഹിഷ്ണതയുടെ മതമല്ല സമ്മാനിക്കുന്നത്. ഇന്ത്യയിൽ ഇടതു പാർട്ടികളുടെ തകർച്ചയും കോൺഗ്രസ് പാർട്ടിയുടെ ഇടത് ആഭിമുഖ്യത്തിനുണ്ടായ വ്യതിയാനവും മുകളിൽ സൂചിപ്പിച്ച ലോക രാഷ്ട്രീയ അവസ്ഥയും ആർഎസ്എസ് ഉയർത്തുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് വളരുവാൻ വളരെ അനുകൂല സാഹചര്യം ഉണ്ടായി. ആഗോളവൽക്കരണത്തിന്റെ കാലഘട്ടത്തിൽ സാമ്രാജ്യത്വം അവകാശ സമരങ്ങളുടെ മുനയൊടിച്ചത് വർഗ്ഗീയ-വിഘടനവാദത്തെ തലങ്ങും വിലങ്ങും പ്രോത്സാഹിപ്പിച്ചുകൊണ്ടാണ്. അങ്ങനെ ഇന്ത്യയിലും എക്കാലത്തും അമേരിക്കൻ-ഇസ്രയേൽ-കൊർപ്പറേറ്റുകളുടെ പ്രിയപ്പെട്ട ഹിന്ദു മത മൗലികതയും സാമ്രാജ്യത്വവും തമ്മിൽ ഒത്തുചേർന്ന് ഇന്ത്യയിൽ വിദ്വേഷത്തിന്റെയും ഒപ്പം സ്വകാര്യ വൽക്കരണത്തിന്റെയും രാഷ്ട്രീയത്തിലേയ്ക്ക് നമ്മുടെ ജനാധിപത്യത്തെ എത്തിച്ചു. ഇവിടെ ഇന്ത്യ എന്ന രാജ്യത്തിന്റെ ജനാതിപത്യ-മത നിരപേക്ഷതയെ എന്നും അതൃപ്തിയോടെ കണ്ടുവന്ന ആർഎസ്എസിന് രാഷ്ട്രീയമായ മുന്നേറ്റം ഉണ്ടാകുവാൻ കിട്ടിയ അവസരത്തെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പാരന്പര്യത്തെ തള്ളിപറ യുവാനായി അവർ ഉപയോഗപ്പെടുത്തിവരുന്നു.
ആർഎസ്എസ് എന്ന ഹൈന്ദവ സംഘടനയുടെ രൂപീകരണത്തിലേയ്ക്ക് വഴി തുറന്ന (1925ലെ) ഇന്ത്യൻ രാഷ്ടീയ പശ്ചാത്തലത്തിന്റെ ബീജങ്ങൾ ഒന്നാം ഗോസം രക്ഷണ കലാപത്തിൽ തന്നെ ആരംഭിച്ചിരുന്നു. ആര്യസമാജത്തിന്റെ സ്ഥാപകൻ ദയാനന്ദ സരസ്വതിയുടെ സമകാലീനനും സമാന ഹിന്ദുമത രാഷ്ട്രീയത്തെ സ്വപ്നമായി കണ്ടുവന്ന ബി.എസ് മുഞ്ചെയുടെ ശിഷ്യനുമായ ഡോ.ഹേഡ്ഗേവർ ഇന്ത്യയിൽ വലിയ രൂപത്തിൽ ഉണ്ടായ ഒന്നര ഡസനിലേറെ വർഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുമതത്തിന്റെ സംരക്ഷകരായി മാറുവാനുള്ള അവസരത്തെ മുന്നിൽ കണ്ട് ആർഎസ്എസിന് രൂപം കൊടുത്തു. മാത്രവുമല്ല കോൺഗ്രസ് എന്ന രാഷ്ട്രീയ നേതൃത്വത്തിൽ തിലകൻ-ലജ്പത്്റായി തുടങ്ങിയ ബ്രാഹ്മണ നേതൃത്വത്തിനു പകരം ഗാന്ധിജിയുടെയും നെഹ്റു തുടങ്ങിയ മതനിരപേക്ഷ വാദികളുടെയും സാന്നിദ്ധ്യം ഹൈന്ദവ രാഷ്ട്രീയത്തിന് അനുകൂലമല്ല എന്ന തിരിച്ചറിവ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗ്ഗീയ സംഘടനയ്ക്ക് ജന്മം നൽകി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഘട്ടത്തിലും പങ്കാളിയാകുവാൻ തയ്യാറായിട്ടില്ലാത്ത ആർഎസ്എസ് സംഘടന എന്നാൽ ലോക ഫാസ്സിസ്റ്റ് നേതാക്കളുമായി അടുത്ത് ഇടപെടുവാൻ പ്രത്യേക താൽപര്യം കാട്ടി. ഹെഡ്ഗേവറിന്റെ ഗുരുതുല്യനായ മുഞ്ചെ മുസ്സോളിനിയെ സന്ദർശിച്ചതും ഫാസ്സിസ്റ്റ് നേതാവിന്റെ ദേശീയതയിൽ ആകൃഷ്ടനായി അതിൽ അഭിമാനിച്ചതും അതേ പാത നമ്മുടെ മാതൃരാജ്യവും പിന്തുടരണമെന്ന് നാട്ടിൽ എത്തി ഹെഡ്ഗേവറിനോടും മറ്റും ആവശ്യപ്പെട്ടതും ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ആർഎസ്എസ് എക്കാലത്തും ഇതേ പാതയിലൂടെയായിരുന്നു സഞ്ചരിച്ചത്. ആർഎസ്എസ് രൂപീകൃതമാകുന്നതിനും മുന്പ് (1914) നിലവിൽ വന്ന ഹിന്ദുമാഹാസഭയ്ക്ക് കൂടുതൽ സാംസ്കാരികവും- കേടർഭാവമുള്ള കരുത്തു നൽകുകയായിരുന്നു പുതിയ സംഘടനയുടെ ലക്ഷ്യം. ഹിന്ദുമഹാസഭയുടെ രൂപീകരണം തന്നെ ഫിജി എന്ന ആഫ്രിക്കൻ രാജ്യത്തെ ഹിന്ദു--മുസ്ലിം ഇന്ത്യക്കാർക്കിടയിലും വിഭജനത്തിനിടം നൽകിയിരുന്നു എന്നതിൽ നിന്നും മുസ്ലിം- ഹിന്ദു സമൂഹത്തിന് എത്രമാത്രം അപകടം ചെയ്യുവാൻ ഇവ അന്നേ അവസരം ഉണ്ടാക്കി എന്ന് നമുക്ക് മറക്കുവാൻ കഴിയുകയില്ല. (മുസ്ലിം ലീഗ് രൂപീകരണവും (1906) അതിനു മുന്പ് സവർക്കർ ഉയർത്തിയ ഹിന്ദുത്വ എന്ന മുദ്രാവാക്യവും ഇന്ത്യൻ വർഗ്ഗീയതയ്ക്ക് അടിത്തറ ഒരുക്കി. അതുണ്ടാക്കിയ ദുരന്തങ്ങൾ രാജ്യവിഭജനത്തിനും മൂന്ന് യുദ്ധങ്ങൾക്കും ദശലക്ഷക്കണക്കിനു മരണത്തിനും കോടികളുടെ പലായനത്തിനും ഇന്നും തുടരുന്ന proxy യുദ്ധത്തിനും ഇടം ഉണ്ടാക്കിയത് ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത സംഭവമാണ്.) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണ്ണായക സംഭവമായ ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്നും വിട്ടു നിന്ന ആർഎസ്എസ് പിൽക്കാലത്ത് സ്വതന്ത്ര സമര മുഖത്ത് ഉയർന്നു വന്ന എല്ലാ വികാരങ്ങൾക്കും എതിരുനിൽക്കുവാൻ ശ്രമിച്ചു. ഒപ്പം വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുവാൻ കിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുവാൻ ആർഎസ്എസ്--ഹിന്ദു മഹാസഭ സംഘടനകൾ മടിച്ചില്ല. വന്ദേമാതരം എന്ന ബംഗാളി കവിത ദേശീയ ഗാനം ആക്കുവാൻ നടന്ന അഭിപ്രായ രൂപീകരണത്തിൽ പ്രസ്തുത കവിത ഉൾപ്പെട്ട നോവൽ പങ്കുവെച്ച ഇസ്ലാം വിരുദ്ധ പശ്ചാത്തലത്തെയും കൂടി പരിഗണിച്ച് വന്ദേമാതരം ആദ്യമാ
യി കോൺഗ്രസ് ദേശീയ സമ്മേളനത്തിൽ (1896) പാടിയ ടാഗോർ തന്നെ അത് ദേശീയ ഗാനമായി അംഗീക്കരുത് എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ വന്ദേമാതരം ദേശിയ ഗാനമായി അംഗീകരിക്കുവാനായി ആർഎസ്എസ് പ്രചരണം അഴിച്ചു വിട്ടതിനു പിന്നിൽ വർഗ്ഗീയ ലക്ഷ്യമായിരുന്നു പ്രവർത്തിച്ചത്. (ഇന്നും വന്ദേമാതരത്തെ ചൊല്ലി ആർഎസ്എസ് നടത്തുന്ന വികാര പ്രകടനത്തെ നമ്മൾ മറക്കരുത്).
ഇന്ത്യയുടെ ത്രിവർണ്ണ പതാക 1907 മുതൽ സ്വാതന്ത്ര്യസമര മുഖങ്ങളിൽ ഉപയോഗിച്ചു വന്നു (ഭിക്കാജി കാമ തയ്യാറാക്കിയത്). അതേ പതാകയ്ക്ക് കൂടുതൽ ധാരണയുണ്ടാക്കി രാജ്യം അംഗീകരിച്ചപ്പോൾ (ജൂലൈ 22/47-) ഇന്ത്യൻ സംസ്കാരത്തെ ത്രിവർണ്ണ നിറം പ്രതിഫലിക്കുന്നില്ല എന്ന വാദമുയർത്തിയത് ആർഎസ്എസ് ആയിരുന്നു. അവർക്ക് കാവിക്കൊടി തന്നെ വേണമെന്നു പരസ്യമായി നിലപാടെടുത്തു. ആദ്യമായി സ്വാതന്ത്ര്യദിനമായി കൊണ്ടാടിയ ജനുവരി 26ൽ ആർഎസ്എസ് ഉയർത്തിയത് കാവിക്കൊടി ആയിരുന്നു. എവിടെയും രാജ്യത്തെ പൊതു വികാരത്തെ അംഗീകരിക്കാതെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയതാൽപര്യങ്ങൾക്കായി അവസരങ്ങളെ ഉപയോഗപ്പെടുത്തുവാൻ എന്നും സ്വയം സേവക സംഘം ഉണ്ടായിരുന്നു.
ആർഎസ്എസ് ഇന്ത്യൻ വിഭജനത്തോടെ മുസ്ലിം ലീഗിനൊപ്പം വർഗ്ഗീയത പ്രചരിപ്പിക്കുന്നതിൽ കൂടുതൽ ഉത്സാഹം കാട്ടി. ഒപ്പം ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ഗോൾവർക്കർ 66 ൽ (Bunch of thoughts) പരാമർശിച്ച കമ്യൂണിസ്റ്റുകളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും എന്ന അഭിപ്രായം ഹിന്ദുത്വം എന്ന മുദ്രാവാക്യം ഉയർത്തിയ കാലംമുതൽ ഇക്കൂട്ടർ പറഞ്ഞുവരുന്നതാണ്. ആർഎസ്എസിന്റെ സ്ഥാപകന്റെ മരണത്തിനു ശേഷം സംഘചാലകായി വന്ന ഗോൾവർക്കർ 47 ഡിസംബറിൽ തന്നെ യോഗങ്ങളിൽ ഇന്ത്യയിൽ നിന്നും മുസ്ലീം സമുദായത്തെ പുറത്താക്കാതെ തനിക്കു വിശ്രമമില്ല എന്ന് അഭിപ്രായം പറഞ്ഞ ആളായിരുന്നു. ഏറ്റവും ദാരുണമായി ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോൾ അതിൽ പ്രതിപട്ടികയിൽ പെട്ട സവർക്കറും മദൻ മോഹൻ മാളവ്യയുടെ മകനും ഒക്കെ തൂക്ക് കയറിൽ നിന്നും രക്ഷപെട്ടിട്ടും ആർഎസ്എസ്സുകാർക്ക് കൊലപാതകത്തിൽ പങ്കില്ല എന്ന് കോടതിയിൽ നാഥുറാം വാദിച്ചു. ഗാന്ധിജിയുടെ വധത്തെ ആർഎസ്എസും സംഘവും സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
ഇന്ത്യൻ പൊതു ജീവിതത്തിൽ ഒറ്റപ്പെട്ട (ഗാന്ധി വധം) ആർഎസ്എസ്, നിരോധനത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുവാൻ തീരുമാനിച്ചു. അങ്ങനെ 51ൽ കേന്ദ്ര മന്ത്രിയായിരുന്ന ശ്യാമ പ്രസാദിന്റെ നേതൃത്വത്തിൽ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. Integrated humanity എന്ന ആശയം ഉയർത്തിയ പാർട്ടി ഏകത്വം എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് ഇന്ത്യയുടെ എല്ലാ വൈവിധ്യങ്ങളോടും ഉള്ള അസഹിഷ്ണുതയാണ്. ഇന്ദിരാഗാന്ധിയുടെ പാർട്ടിക്ക് ഉണ്ടായ ആദ്യ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ അധികാരത്തിൽ എത്തുവാൻ അതിനു കഴിഞ്ഞു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ശ്രീമതി ഇന്ദിരയുടെ പരാജയത്തി ലൂടെ രൂപം കൊണ്ട സോഷ്യലിസ്റ്റ് ഗ്രൂപ്പിൽ അംഗമായി നിന്ന് (ജനസംഘം ജനതയിൽ ലയിച്ചു) കേന്ദ്രത്തിൽ അധികാരത്തിൽ പങ്കാളിയായ പഴയ ജനസംഘക്കാർ ആർഎസ്എസ് അംഗത്വ നിലപാടിന്റെ പേരിൽ ജനതാ പാർട്ടിയിൽ പിളർപ്പിനു വഴി ഒരുക്കി പുതിയ പാർട്ടിയുമായി രംഗത്ത് വന്നു.
വാജ്പേയിയുടെ നേതൃത്വത്തിൽ 80ൽ രൂപം കൊണ്ട ബിജെപിയുടെ മുദ്രാവാക്യത്തിൽ ഗാന്ധിജിയും സോഷ്യലിസവും കടന്നുവന്നു. ഗാന്ധിജി വധത്തിൽ സന്തോഷം പങ്കുവെച്ചവർ, സോഷ്യലിസവും അതിന്റെ അടിസ്ഥാന ആശവുമായ കമ്യുണിസ്റ്റ് പാർട്ടികൾ ലോകത്തിന് ഭീഷണിയാണെന്ന് പറഞ്ഞുവന്നവർ എങ്ങനെയാണ് ഇതിന്റെ രണ്ടിന്റെയും വക്താക്കളാകുന്നത് എന്നത് കൗതുകം ഉയർത്തിയ ചോദ്യം ആയിരുന്നു. അമേരിക്കയുടെ വിയറ്റ്നാം ആക്രമണത്തെ ലോകത്തെ എല്ലാവരും അപലപിച്ചപ്പോൾ അമേരിക്ക ധർമ്മത്തിനൊപ്പം ആണ് എന്ന് അഭിപ്രായം പ്രകടിപ്പിച്ച ആർഎസ്എസ് നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സോഷ്യലിസ്റ്റു സ്വപ്നം കേവലം ഒരു തമാശയായിരിക്കും എന്ന് കരുതരുത്.
മണ്ധൽ കമ്മിഷനും ബാബറി മസ്ജിദും മുന്നിൽ നിർത്തി ബിജെപി, വാജ്പേയിയെ സമാധാന ദൂതനും എന്നാൽ എൽ.കെ അദ്ധ്വാനിയും മുരളി മനോഹർ ജോഷിയും ഹൈന്ദവവികാര ജീവികളുമായി രാജ്യത്ത് നടത്തിയ വാഹന യാത്രകൾ ലോകത്തെ തന്നെ ഏറ്റവും വലിയ കൂട്ട കുരുതികൾക്ക് ഇടം ഒരുക്കിയിരുന്നു. അതിന്റെ മറവിൽ ഹിന്ദു വികാരത്തെ വികൃതമായി രാഷ്ട്രീയത്തിൽ ഉപയോഗപ്പെടുത്തി വാജ്പേയി അധികാരത്തിൽ എത്തിയതോടെ ബിജെപി രാജ്യത്തെ കോൺഗ്രസ് കഴിഞ്ഞാൽ വലിയ രാഷ്ട്രീയ പാർട്ടിയായി മാറി. എന്നാൽ വാജ്പേയിയുടെ 5 വർഷ ഭരണം അവരെ 10 വർഷം അധികാരത്തിനുപുറത്തു നിർത്തി. എന്നാൽ കിട്ടിയ അവസരം ഉപയോഗിച്ച് ഇന്ത്യൻ പൊതു ജീവിതത്തെ കാവിയണിയിക്കുവാൻ വേണ്ടതെല്ലാം ചെയ്തു. ഹിന്ദുത്വത്തെ ചെറുക്കുവാൻ soft ഹിന്ദുത്വം പ്രയോഗിച്ച കോൺഗ്രസ് അധികാരത്തിൽ മടങ്ങി വന്നു. എന്നാൽ അവരുടെ ആഗോള വൽക്കരണ നയങ്ങൾ ജനങ്ങളിൽ ഉണ്ടാക്കിയ വെറുപ്പ് ബിജെപിയെ അധികാരത്തിൽ എത്തിച്ചു. 91ന് ശേഷം ഒറ്റയ്ക്ക് ഭരിക്കുവാൻ അവസരം കിട്ടിയ ബിജെപി കൂടുതൽ അപകടകരമായ ഹൈന്ദവ മൗലികതയിൽ എത്തുകയായിരുന്നു.
84ലെ 2 സീറ്റിൽ നിന്നും അവസാനം നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ 282 സീറ്റിലേയ്ക്ക് ബിജെപി വളർന്നത് ഇന്ത്യൻ ജനതയുടെ നീണ്ടകാല സ്വപ്നമായ secular, socialist ആശയങ്ങളോടുള്ള പ്രതിപത്തകൊണ്ടായിരുന്നില്ല. കോൺഗ്രസ് ഉയർത്തിയ തെറ്റായ സന്ദേശം, ഒപ്പം ഗുജറാത്തിൽ ഭരണത്തിൽ ഇരുന്നു നടപ്പിലാക്കിയ കലാപങ്ങളുടെ ചെലവിൽ വർഗ്ഗീയ വാദികൾക്കും കോർപ്പറേറ്റുകൾക്കും പ്രിയങ്കാരനായി മാറിയ, മാധ്യമങ്ങൾക്ക് (വിശിഷ്യ വടക്കേ ഇന്ത്യൻ മാധ്യമങ്ങൾക്ക്) പ്രിയപ്പെട്ട മോദി എന്ന പഴയ ചായകടക്കാരനെ ഹീറോ ആക്കുവാൻ വിജയിച്ച പദ്ധതി ബിജെപിയെ അധികാരത്തിൽ എത്തിച്ചു. ഇതോടെ പഴയകാല വർഗ്ഗീയ കോമരങ്ങളായി കലാപങ്ങൾക്ക് അവസരം ഉണ്ടാക്കി അധികാര കസേര ഒരുക്കിയ പഴയകാല പടക്കുതിരകളെ തൊഴുത്തിൽനിന്നറക്കി കൂടുതൽ നാശനഷ്ടങ്ങൾ നാടിനു നൽകിയ ഗുജറാത്തുകാരനേയും അയാൾക്കൊപ്പം നിരവധി മനുഷ്യ കുരുതികൾക്ക് പശ്ചാത്തലമൊരുക്കിയ വ്യക്തിയെയും പാർട്ടിയുടെ ഏറ്റവും ഉയരത്തിൽ ഇരുത്തി രാജ്യം ഭരിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു.
ബിജെപിയുടെ ദേശീയ സമ്മേളനത്തിനു കോഴിക്കോട് വേദിയായപ്പോൾ അവർ വലിയ സ്വപ്നങ്ങൾ കൂടി തുറന്നു പറയുവാൻ തയ്യാറായി. കേരളത്തിൽ അധികാരം പിടിക്കുക. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം നേടുക. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലപാടുകൾ എടുത്തുവന്ന ആർഎസ്എസും ബിജെപിയും കോഴിക്കോട്ടുകാരുടെ മനസ്സിൽ ഓടിഎത്തുക തളി ക്ഷേത്രത്തിന്റെ പേരിൽ കലാപം ഉണ്ടാക്കുവാൻ നടത്തിയ ശ്രമങ്ങളുടെ പേരിലായിരിക്കും. മലബാറുകാരുടെ സ്വപ്നമായിരുന്ന മലപ്പുറം ജില്ല അനുവദിച്ചഇഎംഎസ് മന്ത്രിസഭയെ ഇന്ത്യവിരുദ്ധമായി വിലയിരുത്തി നടത്തിയ പ്രചരണങ്ങളുടെ പേരിൽ ആയിരിക്കും. നിലയ്ക്കൽ പള്ളിയുടെ പേരിൽ തെക്കൻ കേരളത്തിൽ വർഗ്ഗീയ കലാപങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ ഓർമ്മയിലായിരിക്കും.
ബിജെപിയുടെ രാഷ്ട്രീയം കാശ്മീർ പ്രശ്നത്തെ ആവും വണ്ണം വഷളാക്കി. വിലക്കയറ്റം രൂക്ഷമായി തുടരുന്നു, പൊതു മുതൽ സ്വാകാര്യ വ്യക്തികൾക്ക് കൈമാറുന്നു. അമേരിക്കയുടെ പട്ടാളക്കാർക്ക് നമ്മുടെ തന്ത്ര പ്രദേശങ്ങളിൽ കടന്നു വരുവാൻ അവസരം ഉണ്ടാക്കി. എല്ലാത്തിനും ഉപരി ഇന്ത്യയുടെ വൈവിധ്യങ്ങളെ വെല്ലുവിളിക്കുന്ന ഏകത സവർണ്ണ ഹൈന്ദവതയെ എല്ലാവരും അംഗീകരിക്കുവാനുള്ള ഗൂഡാലോചനയായി മനസ്സിലാക്കണം. എന്നാൽ നമ്മുടെ ദേശീയ പത്രങ്ങളിൽ പലതും ജനങ്ങളെ മറന്ന് കാവി രാഷ്ട്രീയക്കാരെ ഹീറോകൾ ആക്കുവാൻ ശ്രമിക്കുന്പോൾ ജനങ്ങൾ അതിന്റെ അപകടം തിരിച്ചറിയുവാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.