നമുക്ക് ജാതിയില്ല... നമുക്കും...
നവോത്ഥാനം എന്ന സാമൂഹിക മാറ്റം യുറോപ്പിൽ (സ്പെയിൻ) ഉണ്ടാക്കിയ ചലനങ്ങൾ ലോകത്താകെ വലിയ പൊളിച്ചെഴുത്തുകൾക്ക് അടിത്തറ ഒരുക്കി. പതിമൂന്നാം നൂറ്റാണ്ടിൽ തുടങ്ങിയ ഈ പ്രവർത്തനം തെക്കേ ഇന്ത്യയിൽ ബസവയും നന്ദനരും തിരുവുള്ളവരും മദ്ധ്യ ഇന്ത്യയിൽ കബീറും തുടക്കം കുറിച്ചു. എന്നാൽ നവോത്ഥാനം കേരളത്തിൽ ഭക്ത കവികളിലൂടെ തുടങ്ങിയെങ്കിലും ശക്തമായത് പത്തൊന്‍പതാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനു വലിയ തരത്തിൽ നേതൃത്വം കൊടുത്തവരിൽ മിക്കവരും പാർശ്വവൽക്കരിക്കപെട്ടവരിൽ തന്നെ അംഗമായവരാണ്. വൈകുണ്ടാസ്വാമികൾ, ആറാട്ടുപുഴ വേലായുധനിൽ തുടങ്ങി നാരായണഗുരുവും ചട്ടന്പിസ്വാമികളും അയ്യങ്കാളിയും കറുപ്പനും പൊയ്കയിൽ അപ്പച്ചനും വാക്ക് ഭഡാനന്ധനും ശ്രേണിയിൽ ഉൾപ്പെടുന്നു. ഇവർ ഓരോരുത്തരും അവരുടെ പരിസരങ്ങളിൽ ഉണ്ടാക്കിയ മത-ജാതി പൊളിച്ചെഴുത്തകൾ നിരവധി മാറാലകൾ അവസാനിപ്പിക്കുവാൻ അവസരം ഒരുക്കി.
നവോത്ഥാനം എന്ന പരിവർത്തനം മത-ജാതി ലോകത്ത് ഉണ്ടാക്കിയ ഉടച്ചു വാർക്കൽ ഫ്യൂഡൽ വ്യവസ്ഥയെ പുതിയ ഒരു സാമൂഹിക അവസ്ഥയിലേയ്ക്ക് എത്തിക്കുവാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അത് നിലവിലെ വിശ്വാസം മുതൽ വ്യവഹാരങ്ങൾ വരെയുള്ള ഇടങ്ങളെ പൊളിച്ചെഴുതി. ഈ പോളിച്ചെഴുത്തിൽ നിന്നാണ് പിൽക്കാല വിപ്ലവങ്ങൾ ജന്മം കൊണ്ടത്. (വ്യവസായ വിപ്ലവം, സാംസ്‌കാരിക വിപ്ലവം, തൊഴിലാളി വിപ്ലവം തുടങ്ങിയവ). വിപ്ലവം വ്യവസ്ഥക്കുള്ളിലെ പൊളിച്ചെഴുത്തിനും അപ്പുറം വ്യവസ്ഥയെ തന്നെ കീഴ്മേൽ മറിക്കുന്നു. അതുകൊണ്ട് വിപ്ലവം സാമൂഹിക ബന്ധങ്ങളിൽ (ഭരണകൂട) സന്പൂർണ്ണ പൊളിച്ചെറിയൽ സൃഷ്ടിക്കുന്നു.
കേരളം പലതുകൊണ്ടും ശ്രദ്ധേയമായ ഭൂവിഭാഗമാണ്. കടലിനോടുള്ള അഭിമുഖവും കിഴക്കൻ മലനിരകളും പ്രത്യേക സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചു. വിദേശ ശക്തികളുടെ ശ്രദ്ധകിട്ടുവാൻ ഇവിടുത്തെ പ്രകൃതി വിഭവങ്ങൾ സഹായകരമായിരുന്നു. അവർക്ക് മുന്‍പ് കേരളത്തിൽ നിലനിന്ന ബുദ്ധ-ജൈന സ്വാധീനം ഒരു സമത്വ ആഭിമുഖ്യമുള്ള ഗോത്രവർഗ്ഗ ഭരണമാണ് സൃഷ്ടിച്ചത്. നമ്മുടെ നാട്ടിൽ നടന്ന നൂറ്റാണ്ട് യുദ്ധത്തിനു ശേഷം (A.D.1000) പുതിയ ഒരു സാമൂഹിക അന്തരീക്ഷം നാട്ടിൽ നിലവിൽ വന്നു. കേരളം ചാതുർവർണ്ണ്യ സംവിധാനത്തിലേയ്ക്ക് വഴിമാറി. അങ്ങനെ ഉണ്ടായ വർണ്ണവ്യവസ്ഥിതി വടക്കേ ഇന്ത്യൻ ഗ്രാമങ്ങളെ കടത്തി വെട്ടുന്നതരത്തിൽ ഉള്ളതായിരുന്നു. തൊട്ടു കൂടാത്തവർ തീണ്ടി കൂടാത്തവർ എന്ന വടക്കൻ അവസ്ഥയിൽ നിന്നും ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ എന്ന ഘട്ടത്തിലേയ്ക്ക് കാര്യങ്ങൾ എത്തി.
മലയാളക്കരയിലെ ജാതിവ്യവസ്ഥിതിക്കെതിരായി വൈകിയാണെങ്കിലും പല കോണിൽ നിന്നും ചലനങ്ങൾ ഉണ്ടാക്കി. അത്തരം ചലനങ്ങൾ ഉണ്ടാക്കുവാൻ ബംഗാളിലും മറ്റുമെന്നപോലെ ഇവിടെയും കാരണമായത് വൈദേശിക ആശങ്ങളുടെ സാന്നിദ്ധ്യമാണ്. തിരുവിതാംകൂറിൽ ചലനങ്ങൾക്ക് തുടക്കം കുറിച്ച വൈകുണ്ഠ സ്വാമികൾ നടത്തിയ അവകാശസമരത്തിനു കാരണമായ സംഭവം ചാന്നാർ (നാടാർ) സമുദായത്തിലെ ക്രിസ്തുമതം സ്വീകരിച്ചവർക്ക് ലഭിച്ചുവന്ന അവകാശങ്ങൾ ഹിന്ദു നാടാർ സമുദായങ്ങൾക്ക് ലഭിക്കുന്നില്ല എന്നതായിരുന്നു. ഇതിൽ നിന്നും വൈദേശിക സാന്നിദ്ധ്യം സമൂഹത്തിൽ ഉണ്ടാക്കിയ ചലനങ്ങളാണ് വൈകുണ്ഠസ്വാമികളെ സമര സജ്ജനാക്കിയത് എന്ന് മനസ്സിലാക്കാം. അന്നത്തെ തിരുവിതാംകൂർ രാജാവ് സ്വാതിതിരുന്നാൾ, സ്വാമി സമരം അവസാനിപ്പിച്ചാൽ ജയിൽ ശിക്ഷയിൽ നിന്നും വിടുതൽ കൊടുക്കാമെന്ന് അറിയിച്ചിട്ടും വൈകുണ്ഠ സ്വാമികൾ സമരവുമായി മുന്നോട്ട് പോയി. ജയിൽ ഉദ്യോഗസ്ഥൻ തയ്ക്കാട് അയ്യാവു തന്നെ സ്വാമിയുടെ ശിഷ്യനായി മാറി. തയ്കാട് യോഗിയുടെ ശിഷ്യന്മാരായി ചട്ടന്പിസ്വാമിയും നാരായണഗുരുവും പിൽക്കാലത്ത് മാറി.
ആലപ്പുഴയിൽ പ്രബല സമുദായമായ ഈഴവ ജാതിക്കാർ അനുഭവിച്ചുവന്ന അവസ്ഥയിൽ പ്രതിക്ഷേധിച്ച് ആറാട്ടുപുഴ വേലായുധൻ സ്വന്തമായി ശിവ ക്ഷേത്രം തുടങ്ങിയതും മാറുമറയ്ക്കുവാനുള്ള അവകാശ സമരങ്ങളിലും കൂലിക്ക് വേണ്ടിയും സ്ത്രീകളെ രംഗത്ത് ഇറക്കി അവകാശ ബോധമുള്ളവരാക്കി മാറ്റി. ഇത്തരം പ്രവർത്തനം അദ്ദേഹം സജ്ജീവമാക്കിയത് നാരായണ ഗുരു അരിവിപ്പുറം പ്രതിഷ്ഠ നടത്തിയതിനും മുപ്പതിലധികം വർഷങ്ങൾക്കുമുന്‍പാണ്. അയ്യങ്കാളിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ നടന്ന കൂലിക്കും വിദ്യാഭ്യാസ അവകാശങ്ങൾക്കും വേണ്ടിയുള്ള സമരം നാട്ടിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ചേർത്തലയിൽ നികുതി പിരുവിൽ പ്രതിക്ഷേധിച്ചു മുല സ്വയം വെട്ടിമുറിച്ചാണ് നങ്ങേലി എന്ന ഈഴവ സ്ത്രീ പ്രതിക്ഷേധം അറിയിച്ചത്. പൊയയ്കയിൽ അപ്പച്ചൻ ക്രിസ്തുമതത്തിലെ സവർണ്ണ നിലപാടിനെതിരായി സമരം ചെയ്തു. ഒരു ഘട്ടത്തിൽ അദ്ദേഹം ബൈബിൾ കത്തിക്കുവാൻ ആഹ്വാനം ചെയ്തു. പണ്ധിറ്റ് കറുപ്പൻ കൊച്ചിയിലെ ധീവരർക്കും പുലയ, കുടുംബി, ഉള്ളാളർ തുടങ്ങിയവരുടെ അവകാശങ്ങൾക്കും വേണ്ടി വിവിധ രൂപത്തിൽ സമരങ്ങൾ സംഘടിപ്പിച്ചു.അവരുടെ സമ്മേളനത്തിന് സ്ഥലം അനുവദിക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ കൊച്ചി കായലിൽ വള്ളങ്ങൾ അടുക്കി വേദി ഉണ്ടാക്കി നടത്തിയ കായൽ സമരം വളരെ പ്രശസ്തമാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പകുതി മുതൽ കേരളത്തിൽ സജീവമായി മാറിയ നവോത്ഥാന പ്രവർത്തനങ്ങൾ ആഗോളമായ ഒട്ടേറെ സംഭവങ്ങളുമായി നേരിട്ട് അല്ലെങ്കിൽ കൂടി ബന്ധപ്പെട്ടിരിക്കുന്നു. ഇതേ കാലത്ത് ലോക തൊഴിലാളി വർഗ്ഗം ആധുനിക തൊഴിലാളി ആയി മാറികഴിഞ്ഞിരുന്നു. അതിന്‍റെ ഭാഗമായി ലോക തൊഴിലാളികൾ സംഘടിക്കുകയും അവർക്കായി ഒരു പ്രകടന പത്രിക ഉണ്ടാകുകയും ചെയ്തു. ഇതാണ് പിൽക്കാലത്ത് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരിൽ അറിയപ്പെട്ടത്. തുടർന്ന് യുറോപ്പിൽ നിരവധി തൊഴിലാളി സമരങ്ങൾ ഉണ്ടായി.
ഇന്ത്യയിൽ ഒന്നാം സ്വാതന്ത്ര്യ സമരം സംഘടിതമായി അരങ്ങേറിയ 1857നു ശേഷം 1885 കോൺഗ്രസ് രൂപപ്പെട്ടു. കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തനം ആരംഭിക്കുവാനും അതിന്‍റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം സജ്ജീവമാകുവാനും തുടങ്ങി. 1880കൾ പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. സാഹിത്യം (ഇന്ദുലേഖ), കൃഷി (റബ്ബർ), സാന്പത്തികലോകം, (ബാങ്കിംഗ്)അച്ചടി രംഗം (ദീപികയും മനോരമയും), സർവ്വകലാ ശാലാ വിദ്യാഭ്യാസം (മഹാരാജാസ്, യുണിവേഴ്സിറ്റി കോളേജ്) തുടങ്ങിയ നിരവധി നൂതന സാമൂഹിക സംഭവങ്ങൾക്ക് നമ്മുടെ നാട് സാക്ഷ്യം വഹിച്ചു. ഇതിൽ ഏറ്റവും പ്രധാന സംഭവം പിന്നോക്ക സമുദായത്തിൽ ഉണ്ടായ സാമൂഹിക വിപ്ലവ സമരങ്ങളാണ്. അതിലെ നായക പദവിയിലേയ്ക്ക് ഉയർന്നു വന്ന വ്യക്തിത്വമായിരുന്നു നാരായണഗുരു.
കേരളത്തിലെ എണ്ണത്തിൽ രണ്ടാം സ്ഥാനം കൊണ്ട് പ്രബലമായ ഈഴവ-തീയ്യ സമുദായത്തിന്, 16ാം നൂറ്റാണ്ടിൽ ഡച്ച്കാരുടെ വരവോടെ ശാസ്ത്രീയമായി തീർന്ന തെങ്ങ്കൃഷി സാന്പത്തികമായ ഉണർവ്വു നൽകി. കയറിന്‍റെ കയറ്റുമതി വർദ്ധിച്ചു. കള്ളുചെത്ത് രംഗത്തുണ്ടായ കുതിപ്പ് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി. സമുദായത്തിലെ ഒരു വിഭാഗം കുടിയന്മാരായി കൂലിക്ക് ആളുകളെ പണിക്ക് നിർത്തി കൃഷി നടത്തിച്ചു. സമുദായം പുലർത്തി വന്ന ബുദ്ധമത ബന്ധം (ഈഴം നാട്ടുകാർ എന്നും ഇവരെ പരിചയപെടുത്താറുണ്ട്) സംസ്കൃതം, വൈദ്യം തുടങ്ങിയ രംഗത്തേയ്ക്ക് പലരെയും എത്തിച്ചു. ബ്രിട്ടീഷ് തൊഴിലാളികളായി (ചെത്ത്−തോട്ടംപണി) കുറെ അധികം ആളുകൾ മലയ, സിലോൺ ഇവിടങ്ങളിൽ എത്തി. പിൽകാലത്ത് ക്രിസ്തീയ വിശ്വാസികളിൽ കണ്ടുവന്ന കുടിയേറ്റ താൽപര്യം ഇവരും പ്രകടിപ്പിച്ചു. അങ്ങനെ സാന്പത്തികമായും സാംസ്കാരികമായും സമുദായം മൊത്തത്തിൽ മെച്ചപെട്ടു. മലബാറിലെ തീയ്യ സമുദായത്തിന് ഈഴവരിലും മെച്ചപെട്ട അവസ്ഥയിൽ ഉയരുവാൻ കഴിഞ്ഞത് ബ്രിട്ടീഷ് ഭരണത്തിന്‍റെയും കൂടി സ്വാധീനത്തിലാണ്. തിരുവിതാംകൂറിലും കൊച്ചിയിലും പടയാളികളെ സംഭാവന ചെയ്തത് നായർ സമുദായം മാത്രമായിരുന്നു എങ്കിൽ മലബാറിൽ ഒതേനൻ കുടുംബങ്ങൾക്കൊപ്പം തീയ്യരിൽ നിന്നും ചേകവന്മാർ പടയാളികളായി. (ഉണ്ണിയാർച്ചയും മറ്റും). തീയ്യസമുദായത്തിൽ നിന്നും നാട്ടുരാജാക്കന്മാർ അവിടെ ഉണ്ടായിരുന്നു. ഈഴത്ത് മാന്നാർ കുടുംബം കണ്ണൂർ, കാസർഗോഡ്, കുടക് പ്രദേശങ്ങൾ ആറു മുതൽ 12ാം നൂറ്റാണ്ട് വരെ ഭരിച്ചുവന്നു. വർക്കത്തു ഇല്ലക്കാർ ഭരിച്ച നാട്ടിൽ 200 നായർ പടയാളികൾ ഉണ്ടായിരുന്നു. 17ാം നൂറ്റാണ്ടിൽ രചിച്ച ബ്രഹുത് സസ്യ ശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസിൽ ഇട്ടി അച്യുതൻ പ്രധാനപങ്കു വഹിച്ചു. ചേർത്തലയിൽ പ്രസിദ്ധ കൊല്ലാട്ട് ആയുർവ്വേദ കുടുബംഗം ആയിരുന്നു അദ്ദേഹം.
സാന്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഒട്ടും പിന്നിലല്ലാത്ത, എണ്ണത്തിൽ വളരെ കരുത്തുള്ള, ഒരു സമുദായം ജാതീയമായ വലിയ വിവേചനത്തിനു വിധേയമായിരുന്നു എന്ന് ഇന്നു വിശ്വസിക്കുക തന്നെ പ്രയാസം ആയിരിക്കും. വിവേചനത്തിന് വിധേയരായ സമുദായത്തിൽ ചാതുർവർണ്യപട്ടികയിലെ ശൂദ്ര സ്ഥാനക്കാരായ നായർ സമുദായവും പെട്ടിരുന്നു എങ്കിലും അവർക്ക് ബ്രാഹ്മണരുടെ മുന്നിൽ മാത്രം ദാസ്യനയാൽ മതിയായിരുന്നു. കാരണം മലയാള നാട്ടിൽ ക്ഷത്രിയനും വൈശ്യനും ഇല്ലാത്തതിനാൽ നായർ എന്ന ശൂദ്രന് മുകളിൽ ജാതീയമായ മേൽകോയ്മ ബ്രാഹ്മണനു മാത്രമേ ഉണ്ടായിരുന്നുള്ളു. (നായരുടെ ബ്രാഹ്മണ ഭക്തി മനസ്സിലാക്കുവാൻ സാഹിത്യകാരൻ കുട്ടി കൃഷ്ണൻ (മാരാർ) വലിയ കോയിതന്പുരാന്‍റെ വീട്ടിലെ എച്ചിലിലയിൽ നിന്നും ഭക്ഷിക്കുന്നതിൽ കാട്ടിയ പ്രത്യേക താൽപര്യത്തിൽ നിന്നും വ്യക്തമാണ്). ഈഴവ സമുദായവും മറ്റു പിന്നോക്കക്കാരും കേരളത്തിൽ വിശിഷ്യ തിരുവിതാംകൂറിൽ അനുഭവിച്ച പീഡനങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കുവാൻ കഴിയുമായിരുന്നില്ല. തിരുവിതാംകൂറിലെ അടിമകളിൽ മോശമല്ലാത്ത പങ്കാളിത്തമാണ് ഈഴവർക്കും ഉണ്ടായിരുന്നത്. ഊഴിയം വേല എന്ന സൗജന്യ സേവനം ചെയ്യുവാൻ വിധിക്കപ്പെട്ട ഇവർക്കും നിസ്സാര കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയാണ് നൽകിവന്നത്. കൊല്ലത്ത് തേങ്ങ മോഷണ കുറ്റത്തിന് നട്ടെല്ലിന് സമാന്തരമായി ഒരു പാര അടിച്ചുകയറ്റിയ ശേഷം മിശരിൻ കൂട് ചാർത്തി ഒരു പിന്നോക്ക സമുദായക്കാരനെ ആലിൻ ചുവട്ടിൽ ഇരുത്തിയ സംഭവം നേരിൽ കണ്ടതായി ശ്രീ.വിഷർ എന്ന സഞ്ചാരി രേഖപ്പെടുത്തിയത് ഒറ്റപെട്ട സംഭവമല്ല. അന്പലപ്പുഴയിൽ 5 ഈഴവരെ തൂക്കികൊന്നതിനെ പറ്റി ബർത്തിലോമ എഴുതിയിട്ടുണ്ട്. പാലും പർപ്പിടകവും പുതു കൊടിയും ശീലക്കുടയും സ്വർണ്ണവും ഓടുമേയാൻ അവകാശവും പൊതു നിരത്തുകൾ ഉപയോഗിക്കുവാൻ സ്വാതന്ത്ര്യവും ഇവർക്ക് നിക്ഷിധമായിരുന്നു.
ഈഴവ സമുദായത്തിലെ ആദ്യ BA ബിരുദധാരി Dr. പൽപ്പുവിന്‍റെ മൂത്ത സഹോദരൻ ശ്രീ.വേലായുധൻ, വെളി നാട്ടിൽ നിന്നും പഠനം പൂർത്തിയായ ശേഷം സർക്കാർ തൊഴിലിന് തിരുവിതാംകൂർ ഭരണകർത്താക്കളുമായി ബന്ധപ്പെട്ടപ്പോൾ ഈഴവനായതിനാൽ തൊഴിൽ നിഷേധിച്ചു. ശ്രീ.പൽപ്പു പന്ത്രണ്ടാം ക്ലാസ് പഠനത്തിനുശേഷം അപ്പോത്തിക്കറി പഠിക്കുവനായി എഴുതിയ പ്രവേശന പരീക്ഷയിൽ രണ്ടാം സ്ഥാനം കിട്ടിയിട്ടും അദ്ദേഹത്തിന് പ്രവേശനം നൽകുവാനുള്ള ശുപാർശക്ക് രാജഭരണം തയ്യാറല്ലായിരുന്നു. പഠനം കഴിഞ്ഞെത്തിയ Dr.പൽപ്പുവിന്‍റെ അഭ്യർത്ഥനക്ക് ഭരണ കർത്താക്കൾ നൽകിയ മറുപടി ഇന്നു കേൾക്കുന്പോൾ രസാവഹമായി തോന്നാം. നിങ്ങൾ അപ്പോത്തിക്കറി പണിചെയ്താൽ തെങ്ങുചെത്തുവാൻ ആരെയാണ് കിട്ടുക അതുകൊണ്ട് നിങ്ങൾ തെങ്ങ് ചെത്തിയാൽ മതി എന്നായിരുന്നു മഹാരാജാവിനായി ഇറക്കിയ മൊഴിയിൽ പറഞ്ഞിരുന്നത്. അതി സന്പന്നനായ മാവേലിക്കരക്കാരൻ ആലുംമൂട്ടിൽ ചാന്നാർ കാറിൽ യാത്ര ചെയ്ത് കണ്ടിയൂർ ശിവക്ഷേത്രത്തിനു മുന്നിൽ എത്തുന്പോൾ അദ്ദേഹം കാറിൽ നിന്നും ഇറങ്ങി ക്ഷേത്രത്തിനു പുറകുവശം കൂടി നടന്ന് ക്ഷേത്രത്തിനപ്പുറം എത്തി കാറിൽ മടങ്ങികയറി യാത്ര തുടരണമായിരുന്നു. അദ്ദേഹത്തിന്‍റെ ഡ്രൈവർ നായർ സമുദായ അംഗം ആയതിനാൽ യാത്രക്ക് തടസ്സം ഉണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പോലും ഇത്തരം ഒരു അവസ്ഥ മലയാള നാട്ടിൽ ഉണ്ടായിരുന്നു എന്ന് അറിയുന്പോൾ ഇന്നു ലജ്ജിക്കാത്തവർ കുറവയിരിരിക്കും. ഈ കാലത്താണ് അവധൂതനായി ശ്രീ.കുഞ്ഞന്‍പിള്ള എന്ന ചട്ടന്പിസ്വാമികൾക്കൊപ്പം തിരുവനന്തപുരത്തും പരിസര പ്രദേശത്തും ഉണ്ടായിരുന്ന നാണു എന്ന നാരായണ ഗുരു മരുത്വ മലയിലും അരുവിപ്പുറത്തും ധ്യാനത്തിൽ കഴിഞ്ഞുവന്നത്. അദ്ദേഹം ധ്യാനം ചെയ്തു വന്ന മലകൾക്ക് താഴെയുള്ള നാട്ടുകാരുമായി ഇടപഴകാനും മടികാണിച്ചിരുന്നില്ല. അങ്ങനെ അരുവിപ്പുറത്ത് ധ്യാനത്തിലായിരുന്ന അദ്ദേഹം (32ാം വയസ്സിൽ) ശിവരാത്രി ദിനത്തിൽ നെയ്യാർ എന്ന അരുവിയിൽ നിന്നും ഒരു കല്ല് മുങ്ങി എടുത്ത് പ്രതിഷ്ടിച്ചു. അതുണ്ടാക്കിയ സാമൂഹിക ചലനം കേരളത്തിൽ പിൽക്കാലത്ത് സമാനതകൾ ഇല്ലാത്ത പരിവർത്തനങ്ങൾക്കാണ് വഴി ഒരുക്കിയത്. അദ്ദേഹത്തിന്‍റെ ഈ വിശ്വാസ വിപ്ലവപ്രവർത്തനത്തെ ചോദ്യം ചെയ്യുവാൻ വന്ന നായർ പ്രമാണിമാരോടായി പറഞ്ഞ മറുപടി മറ്റൊരു വലിയ സാമൂഹിക വിപ്ലവ ആശയമായിരുന്നു. താൻ പ്രതിഷ്ടിച്ചത് ഈഴവ ശിവനെ ആയിരുന്നു എന്നു പറഞ്ഞപ്പോൾ ദൈവത്തിനു പുതിയ ഉടമസ്ഥരെകൂടി ഗുരു കണ്ടെത്തുകയായിരുന്നു എന്ന് മനസ്സിലാക്കാം. നാരായണ ഗുരു വിപ്ലവകരമായ ഒരു ക്ഷേത്ര സങ്കൽപ്പം ഉണ്ടാക്കുക മാത്രമായി പ്രവർത്തനം അവസിപ്പിച്ചില്ല. പ്രതിഷ്ഠസ്ഥാപനത്തിനും മുന്‍പ് അദ്ദേഹം എഴുതി തുടങ്ങി, പിന്നീട് പൂർത്തിയാക്കിയ ആത്മോപദേശശതകം എന്ന ദാർശനിക കൃതിയിൽനിന്നും നാരായണഗുരു അദ്വൈത സംഹിതയെ വളരെ വിപ്ലവകരമായി സ്വാംശീകരിച്ച ധ്യാനിയാണെന്ന് മനസ്സിലാക്കാം.
“അറിവിലുമേറിയറിഞ്ഞിടുന്നവൻ തന്നുരുവിലുമൊത്ത് പുരതുമുജ്വലിക്കും” എന്നു തുടങ്ങി “അതുമിതുമില്ല സദർധമല്ലഹം സച്ചിദമൃതമെന്ന് തെളിഞ്ഞു ധീരനായി സദസദിതി പ്രതിപത്തിയറ്റ് സത്തോമിതി മൃദുവായി മൃദുവായ് അമർന്നിടേണം” എന്നവസനിക്കുന്ന 100 ശ്ലോകങ്ങൾ ആധ്യാത്മിക സത്യത്തെ വ്യാഖ്യാനിക്കുവാൻ വളരെ സഹായകരമായി കരുതാം. അദ്ദേഹം തന്‍റെ തമിഴ്-സംസ്കൃത-മലയാളം ഭാഷയിലൂടെ അന്‍പതിലധികം രചനകൾ നടത്തിയിരുന്നു. പ്രാർത്‍ഥനയ്ക്ക് ഉതകുന്ന രചനകളും (ദൈവദശകം, വിനായക−ഗുഹ−ചിദംബര−കാഷ്ടങ്ങൾ മുതലായവ), അത്മോപദേശം, ദർശന മാല, അറിവ് തുടങ്ങിയ ദാർശനിക ഗ്രന്ധങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
അദ്ധ്യാത്മികത ജീവിതത്തിലും സാഹിത്യ രചനയിലും തുടരുന്പോൾ തന്നെ Dr.പൽപ്പുവിന്‍റെ ക്ഷണപ്രകാരം (വിവേകാനന്ദന്‍റെ നിർദ്ദേശത്തെ മാനിച്ച്) ധർമ്മപരിപാലന യോഗം 1903 തുടങ്ങിയപ്പോൾ അതിന്‍റെ അദ്ധ്യക്ഷനാകുന്നതിൽ ഒരു മടിയും അദ്ദേഹം കാട്ടിയില്ല. മാത്രവുമല്ല അതിന്‍റെ സെക്രട്ടറിയായി തന്‍റെ അടുത്ത അനുയായി ആയിരുന്ന ശ്രീ.കുമാരുവിനെ നിയമിക്കുകയും സജ്ജീവമായി പ്രവർത്തങ്ങളിൽ മുഴുകുകയും ചെയ്തു. SNDPയുടെ (2nd) കൊല്ലം സമ്മേളനത്തിൽ വ്യവസായ പ്രദർശനം സംഘടിപ്പിച്ചതും 17ാം സമ്മേളനത്തിൽ മറ്റു സമുദായങ്ങളെ അംഗമാക്കുവാൻ ബോധപൂർവ്വ ശ്രമങ്ങൾ നടത്തിയതും ഗുരു സന്യാസത്തോടൊപ്പം സംഘടിച്ചു ശക്തരാകുവിൻ എന്ന തന്‍റെ തന്നെയുള്ള ആഗ്രഹത്തെ പ്രയോഗത്തിൽ കൊണ്ടുവരുന്നതിനായി ആയിരുന്നു.
അന്തവിശ്വാസം അകറ്റുന്നതിനായും (ബലി−കല്ല് നിരോധനം) മദ്യം (മദ്യം വിഷമാണ്), എല്ലാ തരം ദൂർത്ത്, (കരിയും കരിമരുന്നുംവേണ്ട, വിവാഹ ചടങ്ങിൽ പത്താളുകൾ മതി) ശുചിത്വം (പഞ്ചശുദ്ധി), ശാസ്ത്രബോധം (ശിവഗിരി തീർഥാടനത്തിൽ കൃഷി, വ്യവസായം, വിദ്യാഭ്യാസം, പരന്പരാഗത തൊഴിൽ ക്ലാസ്സുകൾ ഉൾപെടുത്തിയത്) തുടങ്ങിയ എല്ലാ ദൈനം ദിനവിഷയങ്ങളിലും അദ്ദേഹം മാതൃകകൾ തീർത്തു.
നമ്മുടെ നാട്ടിലെ വർണ്ണ വ്യവസ്ഥിതിയെ തകർക്കുവാൻ ക്ഷേത്ര പ്രതിഷ്ഠാ കർമ്മങ്ങളെ തന്നെ ഉപയോഗപ്പെടുത്തിയ ശ്രമം ഏവർക്കും എക്കാലത്തും മാതൃകയാണ്. ഈഴവ ശിവൻ ഇരിക്കുന്ന ക്ഷേത്രത്തിൽ ജാതി ഭേദം മതദ്വേഷം ഏതുമിലാത്ത ഇടം എന്ന്‍ എഴുതുന്പോൾ ക്ഷേത്രങ്ങൾ തന്നെ സാമൂഹിക വിപ്ലവ കേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു. ഗുരു നടത്തിയ 43 ക്ഷേത്ര പ്രതിഷ്ടകളിൽ എല്ലാത്തിലും പഴമയെ ഏതെങ്കിലും തരത്തിൽ തിരുത്തുന്ന ശ്രമങ്ങൾ നടത്തിയിരുന്നു. തന്‍റെ അവസാന നാളുകളിൽ ഇനി ക്ഷേത്രത്തിൽ വായനശാലകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നിർബന്ധത്തിനു വഴങ്ങി പിന്നീടു നടന്ന കാരമുക്കു ദേവാലയത്തിൽ ദ്വീപവും കലവങ്കോട്ട് കണ്ണാടിയും സ്ഥാപിക്കുകയുണ്ടായി. ഈ പ്രവർത്തനങ്ങൾ ക്ഷേത്ര സങ്കൽപ്പങ്ങളെത്തന്നെ പുനർ വ്യാഘ്യാനിക്കുവാൻ സഹായകരമായിരുന്നു.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു വചനത്തെപറ്റി പല തരത്തിലും ചർച്ചകൾ ഉയർന്നു വന്ന വിഷയം എസ്എൻഡിപി നേതാവും കേരളാകൗമുദി പത്ര സ്ഥാപകനുമായ CV കുഞ്ഞുരാമൻ ശ്രദ്ധയിൽ പെടുത്താതായപ്പോൾ ഗുരു നൽകിയ വിശദീകരണം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ്. ഇവിടെ മതത്തിനും അതിന്‍റെ ഉള്ളടക്കമായ ദൈവത്തിലും പ്രധാനം നല്ല മനുഷ്യരാണെന്ന് ഗുരു പറയുകയാണ്. നല്ല മനുഷ്യനാകുവാൻ മതവും ജാതിയും ഇല്ലങ്കിലും കഴിയുമെന്ന് അദ്ദേഹം ഒരു സംശയവും ബാക്കിവെക്കാതെ ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ആലുവ അദ്വൈത ആശ്രമത്തിൽ വെച്ച് ഒരു ജാതിയിലും മതത്തിലും ഞാൻ പെടുന്നില്ല എന്ന്‍ അദ്ദേഹം പറയുന്പോൾ തന്‍റെ ജീവിതത്തിൽ തുടങ്ങിവെച്ച ജാതിവിരുദ്ധ സമരത്തിന്‍റെ യഥാർത്ഥ ലക്ഷ്യത്തിൽ അദ്ദേഹം എത്തിചേർന്നു എന്ന് മറ്റുള്ളവരോടായി നേരിട്ട് പറയുകയാണ്...
അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യുവാൻ അന്നും ഇന്നും പൊതു സമൂഹത്തിലെ ഒരു പറ്റം ആളുകൾക്ക് കഴിയുന്നില്ല എന്നത് വളരെ ഗൗരവതാരമായ സാമൂഹിക വിഷയമായി നമ്മെ പിന്തുടരുന്നു. നാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ പോലും തന്‍റെ സമുദായ പ്രമാണിമാരിൽ ചിലർ ദളിത് വിഭാഗത്തെ അകറ്റി നിർത്തിയപ്പോൾ അതിശക്തമായി പ്രതികരിക്കുവാൻ അദ്ദേഹം മടിച്ചില്ല.
ഗുരുവിന്‍റെ സമത്വബോധ സ്വപ്നങ്ങളിൽ കൂരിരുട്ടു വീഴ്ത്തുവാൻ എന്നും വ്യഗ്രത കാട്ടിയ ഹൈന്ദവ സവർണ്ണ രാഷ്ട്രീയം രാജ്യത്ത് ഭീഷണിയായിമാറിയ ഈകാലത്ത് ജാതിയും മതവും നമുക്കില്ല എന്ന് പ്രഖ്യാപിക്കുവാൻ ഓരോരുത്തരും ബാധ്യസ്ഥമാണ്. അതായിരിക്കട്ടെ ഗുരുവിനായി നമുക്ക് നൽകുവാൻ കഴിയുന്ന സ്മരണിക..