ഓണം: മാവേലി എന്ന നായകനും വാമനൻ എന്ന വില്ലനും
മനുഷ്യ വികാസത്തിലെ ഒരു പ്രത്യേക ഘട്ടത്തിന് ശേഷമാണ് അവൻ ഏതെങ്കിലും വിശ്വാസത്തിന്റെ തണലിലേക്ക് എത്തിച്ചേർന്നത്. വിശ്വാസം എന്ന അവസ്ഥയെ ചിന്തയിൽ സാധ്യമാക്കുവാൻ കഴിയുന്ന തരത്തിലേയ്ക്ക് വലിപ്പത്തിലൂടെയും പ്രവർത്തനത്തിലൂടെയും തലച്ചോറിന് എത്തുവാൻ കഴിഞ്ഞ ശേഷം മാത്രമാണ് ദൈവം-മതം തുടങ്ങിയ സമഞ്ചകൾ മനുഷ്യനിൽ ഉണ്ടായത്. (വിശ്വാസം, പ്രണയം, ആഗ്രഹം, തീരുമാനം തുടങ്ങിയ വികാരത്തെ പ്രതിഫലിപ്പിക്കുവാൻ കോർട്ടെക്സ്ന് (Ventro medial prefrontal cortex and amygdala) മുന്തിയകഴിവ് ലഭിച്ചതിനു ശേഷം). ചരിത്ര പൂർവ്വകാലത്തെ വിശ്വാസത്തിന്റെ പ്രത്യേകതകൾ പരിശോധിച്ചാൽ നമുക്കതു ബോധ്യപ്പെടാവുന്നതേയുള്ളൂ. വിശ്വാസങ്ങളിൽ മാത്രമല്ല മനുഷ്യന്റെ എല്ലാ വിചാര വികാരങ്ങളിലും നിരന്തരമായി മാറ്റങ്ങൾ തുടരുന്നു.
ഇന്നു മനുഷ്യൻ കൊണ്ടാടുന്ന എല്ലാ പരന്പരാഗത ചടങ്ങുകളുടെയും രൂപഭാവങ്ങൾ മാറുകയും ചിലപ്പോൾ അവസാനിക്കുകയും പുതിയവ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ലോകം ഇന്നാഘോഷിക്കുന്ന ക്രിസ്തുമസ് പ്രാചീന കാലത്ത് യുറോപ്പിലെ ശക്തമായിരുന്ന മതത്തിന്റെ (സൂര്യ) ഉത്സവ ദിനമായിരുന്നു. മലയാളക്കരയിലെ പ്രബല ആഘോഷമായിരുന്ന മാമാങ്കം18ാം നൂറ്റാണ്ട് കൊണ്ട് അവസാനിക്കുകയും എന്നാൽ ആറാട്ടുപുഴ പൂരം തൃശൂർ പൂരമായി പ്രസിദ്ധി നേടുകയും ചെയ്തു.
ഓരോ ആഘോഷത്തിനും പിന്നിൽ വ്യക്തമായ ദർശനങ്ങൾ അടങ്ങിയിരിക്കുന്നു. മാത്രവുമല്ല അതിനും ഉപരി മനുഷ്യരുടെ സംഘശക്തിയേയും -ശേഷിയേയും ബോധ്യപ്പെടുത്തുവാൻ അവ അവസരം കൊടുക്കുന്നു. കൽപാത്തി രഥോത്സവം, ചെട്ടികുളങ്ങര-ഓച്ചിറ തുടങ്ങിയ ക്ഷേത്രത്തിലെ വലിപ്പമുള്ള കേട്ട് കുതിരകൾ, ക്ഷേത്രത്തിലും ഉറൂസിനും പള്ളി പെരുന്നാളിനും മറ്റും കൊടിമരം ചുവന്ന് അതുയർത്തുന്ന ചടങ്ങ് ഒക്കെ മനുഷ്യർ ഒറ്റ കെട്ടായി നിന്നാൽ വലിയ നേട്ടങ്ങൾ ആകാം എന്ന് ഓർമ്മിപ്പിക്കുന്നു. പല ഉത്സവങ്ങളും അടിച്ചമർത്തപെട്ടവന്റെ പ്രതിഷേധം പ്രകടിപ്പിക്കുവാനുള്ള അവസരമായി മാറാറുണ്ട്. (തെയ്യം, പടയണി, മുടിയാട്ടം മുതലായ) കേരളത്തിന്റെ ദേശീയ ഉത്സവം എന്ന് ഇന്ന് എല്ലാവരും (സർക്കാരും ജനവും) കൊണ്ടാടി വരുന്ന ഓണം ദേശീയ ഉത്സവമായി(69) വ്യാപകമായ തരത്തിൽ പറഞ്ഞു തുടങ്ങിയത് tourism ഒരു വ്യവസായമായി കാണുവാൻ സർക്കാർ തീരുമാനിച്ച 80 ലെ നായനാർ മന്ത്രിസഭാ കാലത്താണ്. (കേരളത്തെ ഒരു ദേശമായി (national) കാണുന്നതിൽ തെറ്റില്ല എന്ന് ഇത് അറിയാതെ പറയുന്നു). കേരളം എന്ന ഇന്നത്തെ സംസ്ഥാനം ഉണ്ടായിട്ട് മുക്കാൽ നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ എങ്കിലും മലയാള നാട് നിരവധി നാട്ട് രാജ്യങ്ങളുടെ (പരസ്പരം പോരടിച്ചുവന്ന) ഇടമായിരുന്നു. മലയാളി എന്ന വികാരം മലയാള ഭാഷ ഉണ്ടായ ശേഷം ആളുകളിൽ പ്രകടമാണ്. ആ വികാരം മറ്റ് സ്ഥലങ്ങളിൽ എന്നപോലെ ഇവിടെയും മത-ജാതി സംബന്ധിയിരുന്നില്ല. നാട് കാർഷിക-സംസ്കാരവുമായി ബന്ധപെട്ടതിനാൽ നമ്മുടെ വിശ്വാസവും ആചാരങ്ങളും ശീലങ്ങളും എല്ലാം കാർഷിക വിളവെടുപ്പുമായി അടുത്ത് കിടക്കുന്നു. മറ്റു ഭൂഖണ്ധങ്ങളിൽ രൂപം കൊണ്ട മതങ്ങളുടെ ആചാരങ്ങൾ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടല്ല എന്നത് സ്വാഭാവികമാണ്. കേരളം ഉൾപ്പെടുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യഭക്ഷണമായ അരിയുടെ ഉത്പാദനവും വിപണനവും വളരെ പ്രധാന സാമൂഹിക വിഷയമായി തീരുക സ്വാഭാവികമാണ്. ബാർട്ടർ സംവിധാനം നിലവിലുണ്ടായിരുന്ന കാലത്ത് അരിയും മറ്റും പണം കൊടുത്ത് വാങ്ങൽ അത്ര സാർവ്വത്രികമായിരുന്നില്ല. അതുകൊണ്ട് നെല്ല് ഉത്പ്പാദനത്തിലെ സ്വയം പര്യാപ്തത ഒരു വൈകാരിക വിഷയവുമായിരുന്നു. ജന്മിത്തം സജീവമായിരുന്ന നാട്ടിൽ നെൽ കൃഷിയും അതിന്റെ അനുബന്ധ പ്രവർത്തനവും ജീവിതചര്യയും അതിന്റെ ഉടമസ്ഥന് നായക പദവി നേടി കൊടുത്തിരുന്നു. നമ്മുടെ ഒട്ടു മിക്ക ചടങ്ങുകളിലും നെൽകതിർ-നെന്മണി തുടങ്ങിയവക്ക് മുന്തിയ സ്ഥാനം ഉണ്ട്. (നിറപറ). പ്രധാന ക്ഷേത്രങ്ങളിൽ പലതിലും കതിർകുലയും പുത്തരിയും പ്രധാന വിഭവമാണ്. തിരുവനന്തപുരം പദ്മനാഭ ക്ഷേത്ര ചടങ്ങുകളിൽ ഉപയോഗിക്കുവാൻ ആവശ്യമായ നെല്ല് ഉത്പാദിപ്പിക്കുന്ന നെൽപ്പാടത്തെ പുത്തരിക്കണ്ടം എന്നാണ് വിളിച്ചത്.(ഇന്നത് മൈതാനമായി മാറി) ഞാറ്റുവേല (വിഷു), കാർത്തിക (വൃശ്ചിക മാസം) പൊങ്കാല, ഓണം തുടങ്ങിയവ നെൽകൃഷിയുമായി അടുത്തുനിൽക്കുന്ന ഉത്സവമാണ്.വീടിന്റെ നിർമ്മാണത്തിലും (പത്തായപ്പുര) നെൽ കൃഷിക്ക് മുന്തിയ പ്രാധാന്യം ലഭിച്ചു വന്നു. ഒരു വീടിന്റെ പ്രതാപം വിളിച്ചറിയിക്കുന്നത് വൈക്കോൽ പുരകളും (തുറു) നിലം ഉഴുവാൻ ഉപകരിക്കുന്ന കാളകളുടെ എണ്ണവുമായിരുന്നു (അതിനും മുന്പ് അടിമകളുടെ എണ്ണം). നാട്ട് കൂട്ടങ്ങൾ ഒത്തുകൂടുന്ന ചടങ്ങുകൾ (ഉത്സവങ്ങൾ) നിലം ഉഴുത് കഴിഞ്ഞ മീനമാസത്തിലെ തുറസ്സായ പാടങ്ങളിൽ ആയിരുന്നു നടന്നിരുന്നത്. അങ്ങനെ മലയാളിയുടെ ഉത്സവ കാലങ്ങൾ എല്ലാ അർഥത്തിലും കൃഷി(നെല്ല്)യുമായി ബന്ധപെട്ടു നിൽക്കുന്നു.
നെൽപ്പാടങ്ങൾ 200ലധികം സൂഷ്മ ജീവികൾക്ക് ആവാസ വ്യവസ്ഥിതി ഒരുക്കുന്നുണ്ട്. അത് ജലവിതാനത്തെ വന്പിച്ച അളവിൽ വർദ്ധിപ്പിക്കുന്നു. നദികളുടെ ഡൽറ്റകളായി അവ പ്രവർത്തിക്കുന്നു. അങ്ങനെ പ്രകൃതിക്കും പൊതു ജീവനും മനുഷ്യന്റെ നിലനിൽപ്പിനും മലയാളിയുമായി വൈകാരികമായി ബന്ധം സ്ഥാപികപ്പെട്ട നെൽകൃഷിയും പാടങ്ങളും അന്യമാകുന്നതിൽ നമുക്കോ നമ്മുടെ സർക്കാർറിനു പോലുമോ ഉത്ക്കണ്ഠയില്ല. നാട്ടിലെ നെൽപ്പാടങ്ങളുടെ വ്യാപ്തി 8.2 ലക്ഷം ഹെക്ടറിൽനിന്നും 2 ലക്ഷം ഹെക്ടറിനു താഴെയായി ചുരുങ്ങി. നാടിനാവശ്യമുള്ള അരിയുടെ 15 ശതമാനം മാത്രം ഉത്പാദിപ്പിച്ച് 5000 കോടി രൂപ അന്യ സംസ്ഥാനത്തിന് നൽകി നാം അരിയാഹാരം കഴിക്കുന്നു. കേരളത്തിലെ ചതിപ്പുനിലങ്ങൾ പ്രതിവർഷം നാടിനു നൽകുന്ന സേവനവില 1.2 ലക്ഷം കോടിയുടേതാണ് എന്ന് സമൂഹം ഓർക്കുന്നില്ല. വികസനത്തിന്റെ മറവിൽ, നെൽപ്പാടങ്ങൾ നികത്തി, നെൽകൃഷി ഇല്ലാതാക്കി, പുതിയ വികസന ലോകം തീർത്തുവരികയാണ് നമ്മൾ. വയലുകളെ ഭൂസാമിമാരിൽ നിന്നും മോചിപിച്ച, കർഷക തൊഴിലാളി അവകാശങ്ങൾ നേടികൊടുക്കാൻ നീണ്ട സമരങ്ങൾ നടത്തിയ, കമൂണിസ്റ്റ് പാർട്ടികൾക്ക് പോലും പാടങ്ങളുടെ നാശത്തിൽ വേണ്ടത്ര ഉത്കണ്ഠയില്ലാത്തത് നിരുത്തരവാദപരമാണ്. ഓണം കേരളത്തിന്റെ ഗ്രമാന്തരീക്ഷവുമായി ചേർന്നു നിൽക്കുന്നു. ഗ്രാമീണ ജനതയുടെ കൂട്ടായ്മയെ അത് അരക്കിട്ടുറപ്പിച്ചിരുന്നു. ഓരോ നാടിന്റെയും പ്രാദേശിക കലാ രൂപങ്ങളുടെ അരങ്ങു കൂടിയായിരുന്നു ഓണ നാളുകൾ. വടക്കൻ കേരളത്തിലെ ഓണപൊട്ടൻ, കുമ്മാട്ടികളി (തൃശൂർ), നാടൻ പന്തുകളി, വടംവലി, തിരുവാതിരകളി, വള്ളംകളി തുടങ്ങിയ നിരവധി ആഘോഷങ്ങൾ ഓണകാലത്ത് അവതരിപ്പിക്കുന്നു. ആദിവാസികളും ഓണോൽസവത്തെ കൊണ്ടാടുന്നുണ്ട്. മാറിയ കേരള സാമൂഹിക പശ്ചാത്തലത്തിന് പഴയ കൂട്ടായ്മയുടെ നാടൻ കളികൾ നഷ്ട്പെട്ടുപോയി. പകരം ആ അവസരങ്ങൾ മറ്റ് കളികൾ ഏറ്റെടുക്കുകയോ ഇല്ലെങ്കിൽ രൂപമാറ്റത്തിനു വിധേയമാകുകയും ചെയ്തു. അത്തരം മാറ്റങ്ങൾ സ്വാഭാവികമാണ്. അപ്പോഴും പഴമയുടെ പല nostalgia കളെയും നിലനിർത്തണമെങ്കിൽ ബോധപൂർവ്വമായ ഇടപെടലുകൾ ഉണ്ടാകാതെ തരമില്ല. നമ്മുടെ കാർഷിക ലോകം നാണ്യവിളകളാൽ നിറഞ്ഞു. ലാഭം മാത്രം ലാക്കാക്കി വൈദേശിക താൽപര്യങ്ങൾക്കു മുൻഗണന നൽകി വളർത്തിയെടുത്ത തോട്ടം കൃഷികൾ സൃഷ്ടിച്ച പുതിയ സംസ്കാരം നമ്മുടെ പ്രകൃതിയിലും മനുഷ്യബന്ധങ്ങളിലും വന്മാറ്റങ്ങൾ വരുത്തി. കൃഷിയും വിളയും മണ്ണും എല്ലാം ലാഭത്തിന്റെ തോതിൽ അടയാളപ്പെടുത്തുന്നു. തൊടിയിലെ പ്രാദേശിക പൂക്കളും വള്ളികളും നിലനിൽക്കാൻ കഴിയാതെ അന്യം നിന്നു. പുതിയ തൊഴിൽ ഇടങ്ങൾ, യൂറോപ്യൻ സംസ്കാരത്തോടുള്ള അതിയായ താൽപര്യം, ആഗോളവൽക്കരണം ഇവയൊക്കെ മലയാളിയുടെ ജീവിത ദർശനത്തെ പുതിക്കി പണിതു. ഇത് കേരളത്തിന്റെ പല പാരന്പര്യശീലങ്ങളും അവസാനിപ്പിച്ചു. ഇന്നു കേരളം ആധുനിക വിപണിയുടെ ഉത്തമ ഇടമായി മാറി. പഴയകാല ഓണം ഓണ തുന്പിയും ഓണത്തപ്പനും പൂവിളിയും കൊണ്ട് മുഖരിതമാണെങ്കിൽ ഇന്നവ സ്വർണ്ണ-തുണി-ഗൃഹോപകരണ മേളകളുടെ ആഘോഷമാണ്. I shop therefore I am എന്ന ദർശനം നമ്മുടെ ജീവിതത്തെ നിർവ്വചിക്കുന്നു.
മലയാളത്തിൽ ഓണം ഒരാഘോഷമായി തുടങ്ങിയത് കുലശേഖര പെരുമാളിന്റെ കാലത്താണ്. (A.D.800). B.C.500 മുതൽ A.D.400 വരെയുള്ള സംഘ കാലത്ത്, തമിഴകത്തിൽ ഓണം വളരെ പ്രാധാന്യത്തോട് കൊണ്ടാടിവന്നു. ഇന്നും അതിന്റെ തുടർച്ചയായി തിരുപ്പതി, മധുര, മൂകാംബിക ക്ഷേത്രങ്ങളിൽ തിരുവോണം ഒരു പ്രധാന ദിനമാണ്. ഓണത്തിന്റെ നിറമായി പരിഗണിച്ചു വരുന്ന മഞ്ഞ, ജൈന-ബുദ്ധമതങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. മധുര ജൈന മതങ്ങളുടെ പ്രധാന ഭൂമിയായിരുന്നു. ഓണം അവിടെ ഏറെ പ്രസിദ്ധമായി ആഘോഷിച്ചു. മധുര രാജസന്നിധിയിൽ ഓണ ദിനത്തിൽ മഞ്ഞ പുടവ കൈമാറൽ ഒരു ചടങ്ങായി നടന്നുവന്നു. എന്നാൽ പിൽകാലത്ത് ജൈന-ബുദ്ധ മതങ്ങളുടെ ശക്തി ക്ഷയിക്കലിനോപ്പം ഓണം അവിടങ്ങളിൽ ക്ഷയോന്മുഖമായി പകരം ഓണം മലയാള നാട്ടിൽ കാര്യമായ ആഘോഷമായി മാറി.
നമ്മുടെ നാട്ടിൽ നിലവിലുണ്ടായിരുന്ന ജാതി-ജന്മി-നാടുവാഴിത്തം ബഹുഭൂരിപക്ഷം സാധാരണക്കാരെയും പൊതു ഇടങ്ങളിൽ ദാസ്യന്മാരായി മാത്രം കണ്ടിരുന്നു. പുതിയ പുടവ, ഓടുമേയൽ, സ്വർണ്ണം തുടങ്ങിയവ നിഷിദ്ധമായിരുന്നു.തൊഴിലിൽ നിന്നും വിട്ടു നിൽക്കുവാൻ അവകാശം അവർക്ക് ഉണ്ടായിരുന്നില്ല. ഭക്ഷണം നൽകിയിരുന്നത് (കരിക്കാടി)മണ്ണിൽ കുഴി കുഴിച്ചായിരുന്നു. മൃഗസമാനരായി ജീവിതം നയിച്ച ഇക്കൂട്ടർക്ക് ഒരു ദിവസം നല്ല ഭക്ഷണവും പുതു കോടിയും കിട്ടുവാൻ അവസരം ഉണ്ടാകുന്നത് ഓണനാളിനാണ്.അതിന്റെ ഭാഗമായി ജന്മിയുടെ വീട്ടിൽ കാഴ്ച വിഭവവുമായി എത്തുന്ന അടിയാൻ ജന്മി-നാടുവാഴി തുണിയും ഭക്ഷ്യസാധനവും നൽകും. ഒരു തരത്തിലുള്ള ഓണം A day “equality” ആയി പ്രവർത്തിച്ചു.
ഓണത്തിന് പിന്നിലെ ഐതീഹ്യം വളരെ മാതൃകാപരമാണ്. ഓണത്തിന്റെ പിന്നാംപുറം കഥയിലെ സത്യം, നീതി, സ്നേഹം, സാഹോദര്യം മുതലായ സങ്കൽപം കഴിഞ്ഞ കാലഘട്ടത്തിലെ ഗോത്ര യുഗത്തെ ഓർമ്മിപ്പിക്കുന്നു. ആദിമ വാസികൾക്കുശേഷം നാട്ടിൽ എത്തിയ ദ്രവീഡിയൻ ജനവിഭാഗം തെക്കേ ഇന്ത്യയിൽ ശക്തമായ സ്വാധീനം ഉറപ്പിച്ചു. അന്നത്തെ കേരളത്തിലെ ഭരണക്കാർ, പുലയ-പാണ-മുതലായ ബുദ്ധ-ജൈന മതവിശ്വാസികളായിരുന്നു. ആയ് രാജ കുടുംബങ്ങൾ പറയ സമുദായക്കാർ ആണെന്നു വിശ്വസിക്കുന്നു. കേരളത്തിന്റെ പ്രാചീന ആഘോഷങ്ങളിൽ പലതും ഹിന്ദു-ഇതര സംസ്കാരത്തിന്റെ ഭാഗമാണ്. (കഥകളിയും കെട്ടുകാഴ്ചയും നാഗരാധനയും) ഇത്തരം ശീലങ്ങളെ എല്ലാം സവർണ്ണ ഹിന്ദുത്വ കടന്നുകയറ്റം മാറ്റിമറിച്ചു. അതിനെ പിന്തുണയ്ക്കുന്ന രണ്ട് കെട്ടുകഥകളാണ് വാമാനവതാരവും പരശുരാമ കഥയും. ഈ കഥകൾ നമ്മുടെ നാടിനെ എങ്ങനെയാണ് ബ്രാഹ്മണരുടെ കൈകളിൽ എത്തിച്ചത് എന്ന് തെളിയിക്കുന്നു. ബുദ്ധ ജൈന കാലഘട്ടത്തിനുശേഷം ഉണ്ടായ ബ്രാഹ്മണ മേൽകോയ്മ പല മുൻകാല ചരിത്രത്തെയും തിരുത്തി. ദ്രാവിഡ സ്വാധീന കാലത്തിന്റെ ഓർമ്മകളെ മാറ്റിവരക്കുന്ന നിരവധി സാംസ്കാരിക പ്രവർത്തനങ്ങളും ഉണ്ടായി. ബുദ്ധ-ജൈന ക്ഷേത്രങ്ങൾ ഹിന്ദു ദേവാലയങ്ങളായി രൂപ-ഭാവ മാറ്റത്തിനു വിധേയമാക്കിയ സംഭവങ്ങളെ ഇന്നാർക്കും തള്ളിപറയുവാൻ കഴിയുകയില്ല. ലോകത്തിനു മാതൃകയായ നാടിന്റെ രാജാവിനെ പ്രത്യേക കാരണങ്ങളില്ലാതെ ദൈവ കുലത്തിന്റെ അധിപരിൽ ഒരാൾ വേഷം മാറിവന്നു ചതിച്ച് പാതളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തിയതായി പുരാണം വിശദമാക്കുന്നു.
മഹാബലി ദ്രാവിഡ രാജാകുടുംബത്തിൽ ഹിരണ്യ രാജാവിന്റെ മകൻ പ്രഹ്ലാദന്റെ പെരകുട്ടിയായി ത്രേതാ യുഗത്തിൽ (രാമൻ ജീവിച്ചിരുന്ന കാലമെന്ന് ഹിന്ദു പുരാണം) ജനിച്ചു. ദൈവിക ഭക്തി കൊണ്ട് അനുഗ്രഹീതനായ പ്രഹ്ലാദൻ തന്നെ നന്മയുടെ പ്രതീകമായിരുന്നു. മഹാബലിയാകട്ടെ ഭരണ തികവുകൊണ്ട് ത്രിലോകത്തിനും മാതൃകാ പുരുഷനായി അറിയപ്പെട്ടു. ത്രിലോകത്തെയും ഭരിച്ചു വരുന്ന സുരന്മാർക്ക് (ദേവന്മാർക്ക്) ബലിയെ പറ്റിയുള്ള സുവാർത്തകൾ തങ്ങളുടെ കസേര തെറിപ്പിക്കും എന്ന ഭീതിയിൽ ചതിയിലൂടെ കൊലെപ്പടുത്തുവാൻ തീരുമാനിച്ചു എന്ന് പുരാണങ്ങൾ പറയുന്നു. ഈ വിവരണം സ്വഭാവികമായി വിഷ്ണു എന്ന ദേവനെ നാടിന്റെ വില്ലനായി നോക്കികാണുവാൻ നമ്മേ നിർബന്ധിതമാക്കും. വിഷ്ണുവിന്റെ അവതാരങ്ങളിൽ അഞ്ചാമൻ ചതിയിലൂടെ അധികാര അട്ടിമറി നടത്തി എന്ന് പറയുന്പോൾ മറ്റുള്ളവരുടെയും track റെക്കോർഡ് ഇതിൽ നിന്നും വ്യത്യസ്തമല്ല.
മഹാബലിയെ ചവിട്ടി താഴ്ത്തിയ ആളിന്റെ നാമധേയത്തിലുള്ള ക്ഷേത്രത്തിൽ നിന്നുതന്നെ (തൃക്കാക്കരഅപ്പൻ)മഹാബലിയെ വാനോളം ആരാധിക്കുന്ന ഓണചടങ്ങുകൾ ആരംഭിക്കുന്നു എന്നത് സാമാന്യയുക്തിക്ക് എങ്ങനെയാണ് നിരക്കുന്നത്? മാത്രവുമല്ല ചതിയിലൂടെ പാതാളത്തിലേയ്ക്ക് എടുത്തെറിയപ്പെട്ട മഹാരാജാവിന് വർഷത്തിൽ നടുകാണൂവാൻ അനുവാദം നൽകിയത് ഏതോ വലിയ കാര്യമായി പറയേണ്ടിവരുന്നു.
കേരളത്തെപറ്റിയുള്ള മറ്റൊരു ഐതീഹ്യം ഇങ്ങനെയാണ്. പരശുരാമൻ അറബിക്കടലിൽ നിന്നും മോചിപ്പിച്ചു തന്ന കേരളത്തെ, 64 ബ്രാഹ്മണർക്കായി വീതിച്ചു നൽകിയെന്നും അവരുടെ കുശിനിക്കാരായി നായർ സമൂഹത്തേ ചുമതല പെടുത്തിയതായും പുരാണം പറഞ്ഞു വെക്കുന്നു. ഇതിൽ നിന്നും അർത്ഥമാക്കേണ്ടത് കേരളത്തിലെ ഈഴവ-ദളിത്-ആദിവാസികൾക്ക് ഭൂമിയിൽ അവകാശങ്ങൾ ഇല്ല എന്നാണ്. ചാതുർവർണ്യത്തിൽ പെടാത്ത പഞ്ചമർക്ക് ഭൂമിയിൽ ഒരു അവകാശവും ഇല്ല എന്ന മനുവാദത്തെ (ശൂദ്രൻ പോലും ഭൂമിയുടെ ഉടമയാകുവാൻ അവസരം ഇല്ലതന്നെ) ഇവിടെ കൂടുതൽ ഉറപ്പിക്കുന്നു. കേരളം പൂർണ്ണമായും ബ്രാഹ്മണാധിപത്യത്തിന് സർവ്വാത്മന കീഴടങ്ങാൻ വിധിക്കപെട്ടവരാണെന്ന ധാരണ ഇത്തരം പുരാണങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന പല സംഭവങ്ങളും ഇന്നു നമ്മുടെ നാട്ടിൽ ശക്തമാണ്. ഹിന്ദു ചടങ്ങുകളുടെ ഭാഗമായ പല അടയാളങ്ങളും പൊതു ചടങ്ങുകളിൽ അരങ്ങ് വാഴുന്പോൾ മറ്റു മതങ്ങൾ ചടങ്ങുകൾക്ക് പുറത്തുമാണ്.
80കൾക്ക് ശേഷം മൂന്നാം രാജ്യങ്ങളിൽ പൊതുവായി മത പുനരുദ്ധാരണം പല രൂപത്തിൽ നടന്നു വരുന്നു. ഓരോ മതവും അവരുടെ അണികളുടെ ജീവിതത്തിൽ മൗലികത പരമാവധി പാലിക്കുവാൻ വേണ്ട ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. അതിനു പിന്നിൽ രാഷ്ട്രീയമായ അജണ്ടകൾ ഉണ്ടായിരുന്നു എന്ന് ഇന്നു വ്യക്തമാണ്. (ഹിന്ദു സംഗമം, സംവരണവിരുദ്ധ പ്രക്ഷോഭം, ശബാനൂ വിരുദ്ധ വാദം, ഇസ്രായേൽ അനുകൂല പ്രചരണം രാമജന്മഭൂമി തുടങ്ങിയവ) ഹിന്ദുവിന്റെ പേരിൽ സാംസ്കാരിക രാഷ്ട്രീയ പദ്ധതികൾ നടപ്പിൽ വരുത്തുന്ന RSS, VHP, BJP മുതലായവർ ഹിന്ദുമതത്തിലെ വിവിധ ജാതി ശ്രേണിയിൽ പെട്ടവരെ ഒരു പോലെ ഒന്നിപ്പിക്കുവാൻ അല്ല പരിശ്രമിക്കുന്നത്. അങ്ങനെ പ്രവർത്തിക്കുവാൻ വർണ്ണ വ്യവസ്ഥ അനുവദിക്കുന്നില്ല എന്ന് മറ്റാരെക്കാൾ കൂടുതൽ അറിയാവുന്നത് ഹൈന്ദവത ഒരു മുദ്രാവാക്യമായി സ്വീകരിച്ചവർക്ക് തന്നെയാണ്. ഹിന്ദു മതം ശക്തമായി ആഘോഷിക്കുന്ന ഉത്സവങ്ങൾ എല്ലാം തന്നെ അവർണ്ണ ജാതിക്കാരുടെ പ്രതിനിധികൾക്ക് മുകളിൽ സവർണ്ണ ദൈവങ്ങൾ നേടിയ വിജമാണ് പരാമർശിക്കുന്നത് (ദൈവങ്ങളിൽ അവർണ്ണനും സവർണ്ണനും ഉണ്ട് എന്ന് സമ്മതിക്കാതെ തരമില്ല. ഈഴവാതി-പിന്നോക്കക്കാരിൽ കൂടുതൽ ആളുകൾക്കും ആരാധനാ മൂർത്തിയായി കാണുന്നത് ശിവനും സുബ്രഹ്മണ്യനും അയ്യപ്പനും മറ്റുമായിരിക്കെ നായർ തുടങ്ങിയ വർണ്ണ വ്യവസ്ഥക്കകത്ത് ഉള്ളവർ ശ്രീകൃഷ്ണൻ തുടങ്ങിയ വിഷ്ണു അവതാരങ്ങളെ കൂടുതലായി പരിഗണിക്കുന്നു. നാരായണഗുരു ശിവനെ പ്രതിഷ്ടിക്കുവാൻ തെരഞ്ഞെടുത്തതും അദ്ധേഹം വർക്കല ആശ്രമം സ്ഥാപിച്ച കുന്നിന് പ്രദേശത്തിനു ശിവഗിരികുന്ന് എന്ന് പെരുനൽകിയതും അവിചാരിതമല്ല). ബംഗാളികൾക്ക് ഏറെ പ്രിയപ്പെട്ട ദുർഗ്ഗാ പൂജ മഹിഷാസുരൻ എന്ന കറുത്തവന്റെ ദൈവത്തിനു മുകളിലുള്ള ദുർഗ്ഗയുടെ വിജമാണ്. അവിടെ മഹിഷാസുരനെ ദുർഗ്ഗ വധിക്കുന്നു. ഹോളി എന്ന ആഘോഷത്തിൽ രാവണ നിഗ്രഹമാണ് ഇതിവൃത്തം. മലയാളിക്ക് പ്രിയപ്പെട്ട വിഷു ആഘോഷത്തിനു പിന്നിലും അവർണ്ണന്റെ വികാരത്തിനു മുകളിൽ സവർണ്ണവികാരത്തിന്റെ വിജമാണ് സൂചിപിക്കപ്പെടുന്നത്.
ദ്രവീഡിയൻ സംസ്കാരത്തിൽ ജീവിക്കുന്ന മലയാളിയുടെ കഴിഞ്ഞകാല ജിവിത മാതൃകയായിരുന്ന മഹാബലിയെ നിഗ്രഹിച്ച വാമനനെ (വിഷ്ണു) നാട്ടുകാരുടെ ശത്രുവായി കാണുവാൻ ഓണം ചടങ്ങുകൾ അനുവദിക്കുന്നില്ല. അതിനു കാരണം ഓണം മതേതര ഉത്സവമായി സർക്കാർ പറയാറുണ്ടെങ്കിലും തിരുവോണവും അതിന്റെ ചടങ്ങുകളും ഹിന്ദുമത രീതിയിൽ കൊണ്ടാടി വരുന്നതിനാൽ (ബ്രാഹ്മണ ആരാധന) വിഷ്ണു എന്ന വികാരത്തെ എല്ലാവരും അംഗീകരിക്കുവാൻ ബാധ്യസ്താരായിരിക്കുന്നു എന്ന് കാണാം. അങ്ങനെ ഓണം ആഘോഷം തന്നെ.
മലയാളിയെ സംബന്ധിച്ച് ഓണം ഒരാഘോഷവും ഓർമ്മകൾ അയവിറക്കുവാനുള്ള അവസരവും ആണന്നിരിക്കെ അതിലടങ്ങിയിരിക്കുന്ന സൈദ്ധാന്തിക തയിലേയ്ക്ക് പലരും ഊഴ്ന്നിറങ്ങാറില്ല. എന്നാൽ ഓണത്തിന്റ ഐതീഹ്യത്തിനു പിന്നിൽ മഹാബലി അപ്രധാനവും അങ്ങനെ ഒരാൾ കേരളക്കരയിൽ ഇല്ലാ എന്നും വാമനനെയാണ് നമ്മൾ പരിഗണിക്കേണ്ടത് എന്നുമുള്ള വാദം സവർണ്ണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ആശയം പ്രചരിപ്പിക്കലാണ്. കേരളത്തിലെ കാവി രാഷ്ട്രീയം അജണ്ടയാക്കിയ സംഘടനയും അവരുടെ മാസികയും വാമനനെ നായകനാക്കുന്പോൾ അവിടെ മലയാളിയുടെ മഹാബലി എന്ന അസുരനെ പോലും ചാതുർവർണ്യക്കാർക്ക് അംഗീകരിക്കുവാൻ കഴിയില്ല എന്ന വെല്ലുവിളി ഉയർത്തുകയാണിവിടെ.