ദേശീയ പണിമുടക്ക് ആർക്കുവേണ്ടി...
ഇ.പി അനിൽ
ഇന്ത്യ ഒരു ദേശിയ പണിമുടക്കിനുകൂടി സാക്ഷ്യം വഹിക്കുന്നു. സപ്തംബർ രണ്ടിനു നടക്കുന്ന രണ്ടാമത്തെ പണിമുടക്ക് എന്തിനുവേണ്ടിയാണ്? പണിമുടക്കുകൾ നമ്മുടെ രാജ്യസുരക്ഷയ്ക്ക് എതിരല്ലേ? തുടങ്ങിയ വാദങ്ങളേയും നമുക്ക് ഇവിടെ കേൾക്കുവാൻ അവസരം ഉണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം നയിച്ച ഗാന്ധിജിയെ anarchi എന്ന് പരസ്യമായി ശാസിച്ചത് കോൺഗ്രസ് പാർട്ടിയുടെ ദേശിയ അദ്ധ്യക്ഷനായിരുന്ന (മലയാളത്തിൽ നിന്നും ചേറ്റൂർ ശങ്കരൻ നായരെന്ന) പ്രഗൽഭൻ തന്നെ. അതിനദ്ധേഹം കണ്ടെത്തിയ കാരണം ഗാന്ധിജി ജനങ്ങളെ സമരരംഗത്ത് അണിനിരത്തി സ്വൈര്യജീവിതം തകർക്കുന്നു എന്നായിരുന്നു. മാത്രവുമല്ല അദ്ദേഹം പിന്നീട് വിദ്യാർത്‍ഥികളോടായി ക്ലാസ് മുറികൾ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോൾ കൂടുതൽ വിമർശങ്ങൾ ഉയർത്തുവാൻ ആളുകൾ രംഗത്ത് വന്നു.
ഇന്നു ലോകത്ത് ജനങ്ങൾ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും ലഭ്യമായത് ജനങ്ങൾ വിവിധ രൂപത്തിൽ (വിവിധ സംഘടനയുടെ) വ്യക്തിപരമായി പോലും നടത്തിവന്ന നീണ്ടകാലത്തെ സമരങ്ങളിലൂടെയാണ്. ആ സമരം കൂടുതൽ കൂടുതൽ ജനങ്ങളിൽ എത്തിച്ചേർന്നപ്പോൾ വലിയ മാറ്റങ്ങൾ നാടിനുണ്ടായി. ഈ സമരങ്ങളെ എല്ലാം അതാത് കാലത്തെ സാമൂഹിക (നിലവിലുള്ള സമൂഹത്തിന്‍റെ) ഗുണഭോക്താക്കൾ തള്ളിപ്പറയുവാൻ മടിച്ചില്ല. അവർ ഭരണകൂടത്തിനൊപ്പം നിന്ന് ജനങ്ങളെ ഒറ്റികൊടുക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുവാൻ കരുക്കൾ നീക്കുകയും ചെയ്തു.
അബലാരയിരുന്ന ജനങ്ങളുടെ ദുരിതകയങ്ങൾക്ക് അവരുടെ സമരങ്ങളിലൂടെ പരിഹാരം കാണുവാൻ കഴിയുമെന്ന് അക്കാലത്തു പലർക്കും വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ലോകത്തുണ്ടായ മാറ്റങ്ങൾ പഴയകാല ചരിത്രത്തെ പാടെ തിരുത്തികുറിക്കുന്നതായിരുന്നു. വടക്കേ മലബാറിൽ കരിക്കാട്ടിടം കുടുംബവും നീലേശ്വരം രാജവംശവും നടത്തിയ ക്രൂരതകൾ അവസാനിക്കുമെന്ന് അക്കാലത്ത് ഊഹിക്കുവാൻ ആർക്കും കഴിയുമായിരുന്നില്ല. കുട്ടനാട്ടിലെ പാട ശേഖരങ്ങളിൽ മടയടച്ചുറപ്പിക്കുവാൻ പണിക്കാരേ ചവിട്ടി താഴ്ത്തി ഉപയോഗിച്ചിരുന്നു എ
ന്ന് അറിയുന്പോൾ അവിശ്വസനീയമായി ഇപ്പോൾ തോന്നാം. ഈനാട് ഇന്നത്തെ അവസ്ഥയിൽ എത്തിയതിനു പിന്നിൽ നിരവധി രക്തസാക്ഷികൾക്ക് ജീവൻ ത്യജിക്കേണ്ടി വന്നു.
ആഗോളവൽക്കരണം ലോകത്തെ 99 ശതമാനത്തെയും പാപ്പരാക്കി കഴിഞ്ഞു. തൊഴിൽ അവസരങ്ങൾ പോകട്ടെ നിലവിലെ അവകാശങ്ങൾ കൂടി തൊഴിലാളികൾക്ക് നഷ്ടപ്പെടേണ്ടി വരുന്നു. ആഗോളകരാറുകളും മറ്റും ലോക ജനതയെ കൂടുതൽ പാപ്പരാക്കി. അതേസമയം ഒരു വിഭാഗം സാന്പത്തിക ഉന്നതിയിലും എത്തിച്ചേർന്നു. പ്രകൃതി വിഭവങ്ങൾ വലിയ തോതിൽ കൊള്ളയടിക്കപ്പെട്ടത് പ്രതികൂലമായ പ്രതിഭാസങ്ങൾ അനുഭവിക്കുവാൻ നിർബന്ധിതമാക്കി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വലിയ തോതിൽ വർദ്ധിച്ചു. 91ലെ മുകൾ തട്ടുകാരും താഴേ തട്ടുകരും തമ്മിൽ ഉണ്ടയിരുന്ന അന്തരം 30:1 ആയിരുന്നു എങ്കിൽ ഇന്നത് 100:1 എന്ന അനുപാതത്തിൽ ആണ്. മുന്നാം ലോക രാജ്യങ്ങൾ മുതൽ വികസിത സന്പന്ന രാജ്യങ്ങളിൽ വരെ ഈ അന്തരം വ്യക്തമാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ വർദ്ധിച്ച പട്ടിണിക്കും ജല ദൗർലഭ്യത്തിനും വംശീയ കലാപത്തിനും കാരണം പ്രകൃതി വിഭവങ്ങളിൽ കൂടുതൽ ഉടമസ്ഥാവകാശങ്ങൾ ദിനം പ്രതി കോർപ്പറേറ്റുകൾക്ക് കൈമാറുന്നതിലാണ്. ആഫ്രിക്കക്കാർക്ക് നൽകുന്ന വിദേശ സഹായത്തിന്‍റെ നാലിരട്ടി തുക വികസിത രാജ്യങ്ങൾ അവിടെ നിന്നും കടത്തുന്നതിനാൽ രാജ്യങ്ങളുടെ കടത്തിൽ ദിനംപ്രതി വർദ്‍ധനവുണ്ടാകുന്നു. ഇത്തരം കടുത്ത ചൂഷണങ്ങൾ ആഫ്രിക്കൻ ജനതയുടെ ആയുസ്സിൽ 4 വർഷത്തെ കുറവുണ്ടാക്കി കഴിഞ്ഞു. ദുരന്തങ്ങൾ മറ്റു രീതിയിൽ മറ്റു രാജ്യങ്ങളെ വേട്ടയാടുന്നു. ഇംഗ്ലണ്ടിൽ 40 ലക്ഷം ആളുകൾ പട്ടിണിക്കാരുടെ പുതിയ പട്ടികയിൽ ഇടം നേടി. 5 ലക്ഷം കുട്ടികൾ ശരിയായ ഭക്ഷണം ലഭിക്കാതെ ദാരിദ്ര്യത്തിൽ കഴിയുന്നു. അമേരിക്കയിൽ തൊഴിൽ രഹിതർ വലിയ തോതിൽ കൂടുകയാണ്. വീടില്ലാത്തവരുടെയും ഉള്ള വീടുകൾ നഷ്ട്പ്പെട്ടവരുടെയും എണ്ണത്തിലെ കുതിപ്പ് ജനങ്ങളെ വല്ലാതെ ഉത്ഘണ്ടാകുലാരക്കി.
ഇന്ത്യ ആഗോള വൽക്കരണത്തിന്‍റെ വിജയ ഭൂമി എന്ന് പറയുന്നതിലും ഇരയാണ് എന്ന് പറയുന്നതാകും കൂടുതൽ ശരി. രാജ്യത്ത് വിദേശ നിക്ഷേപം നടത്തി സാമൂഹിക അന്തരീക്ഷത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കും എന്ന വാദം തികച്ചും തെറ്റാണ് എന്ന്‍ ദിനം പ്രതി സാധാരണ ജനതയുടെ ജീവിതം തെളിയിക്കുന്നുണ്ട്. പൊതുവിപണിയിൽ വിവിധ ബ്രാന്റുകളും വിദേശ ശീലങ്ങളും എത്തുന്നു എങ്കിലും സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് ഇവയൊന്നും സഹായകരമാകുന്നില്ല. രാജ്യത്തിന്‍റെ GDP വളർച്ചയെ പറ്റി വാചാലമാകുന്ന ഭരണ സംവിധാനങ്ങൾ കൃഷിവലന്‍റെ ഗതി മനസ്സിലാക്കുന്നില്ല. ഒരു വശത്ത് വലിയ ശതമാനം ജനങ്ങളും പാപ്പരായിതീരുന്പോൾ ഒരു ന്യുനപക്ഷം എല്ലാത്തിന്‍റെയും ഗുണഭോക്താവ് ആകുവാൻ വിജയിക്കുന്നു. ഇത് പൊതു സമൂഹത്തിൽ ജനങ്ങൾക്ക് തമ്മിൽ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവ വർഗ്ഗീയതയുടെ രാഷ്ട്രീയ രൂപമായി മാറുന്ന അവസരവും സംജാതമാകുന്നു. ഇതിനെതിരായി, ഇവക്കുകാരണമായ സർക്കാർ നിലപാടുകൾക്കെതിരായി, സമരം ചെയ്യുവാൻ ഇന്ത്യൻ തൊഴിലാളികൾ തയ്യാറാകുന്പോൾ അവർ ഉയർത്തി പിടിക്കുന്ന മുദ്രാവാക്യങ്ങൾ ഇന്ത്യയിലെ 95%ത്തോളം വരുന്ന ജനങ്ങളുടെ കൂടി അവകാശങ്ങൾക്കായിട്ടാണ് എന്ന് പൊതു സമൂഹം തിരിച്ചറിയുവാൻ തയ്യാറാകണം. അവയ്ക്ക് രാഷ്ട്രീയമായ ലക്ഷ്യ ബോധം നൽകുവാൻ തൊഴിലാളികൾ സന്നദ്ധമായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് വരാൻ പോകുന്ന അഖിലേന്ത്യ പണിമുടക്ക്.
പണിമുടക്കിൽ വിവിധ തൊഴിലാളി യൂണിയനുകൾ ഉയർത്തുന്ന അവകാശങ്ങൾ ചുരുക്കി എങ്ങനെ പറയാം...
എല്ലാവരുടെയും മിനിമം വേതനം പ്രതിദിനം 600 രൂപയാക്കി അംഗീകരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക. തൊഴിൽ അവസരം വർദ്‍ധിപ്പിക്കുക. തൊഴിൽ നിയമങ്ങൾ കർക്കശമാക്കുക. അന്തർദേശിയ തൊഴിൽ സുരക്ഷിതത്വം ഉറപ്പു നൽകുക. പെൻഷൻ തുക ഏറ്റവും കുറഞ്ഞത് 3000 രൂപയാക്കുക. പൊതുമേഖലാസ്ഥാപനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുക. സ്ഥിരം തൊഴിൽ ലഭ്യമായ മേഖലയിൽ കോണ്ട്രാക്റ്റർ തൊഴിൽ രീതി ഒഴിവാക്കുക. എല്ലാവർക്കും ശന്പളത്തിന് ആനുപാതികമായി ബോണസ്സ് നൽകുക. തൊഴിൽ സംഘടനയ്ക്ക് അംഗീകാരം നൽകുവാൻ 45 ദിവസത്തിനുള്ളിൽ സർക്കാർ തയ്യാറാകുക. റെയിൽവേ, പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം ഒഴിവാക്കുക. തൊഴിൽ നിയമങ്ങൾ ഏകപക്ഷീയമായി മാറ്റി എടുക്കുന്ന സർക്കാർ തീരുമാനത്തിന് പകരം തൊഴിലാളി സംഘടനയെ അതിൽ ഭാഗഭാക്കാകുക.
മുകളിൽ കൊടുത്ത അവകാശങ്ങൾ ഫലത്തിൽ ഇന്ത്യയിലെ സാധാരണക്കാരെ ഏവരെയും ബാധിക്കുന്നതാണ്...
രാജ്യത്തെ ജനങ്ങളുടെ എല്ലാ മേഖലയിലും അസമത്വം വർദ്‍ധിച്ചു വരുന്നു. വേതനത്തിൽ വർദ്ധനവ് പത്തുവർഷത്തിൽ ഒരിക്കൽ ലഭ്യമാകുന്ന കേന്ദ്ര സർക്കാർ തൊഴിലാളികൾക്ക് (അവരുടെ എണ്ണം 45 ലക്ഷം) ഇപ്പോൾ ലഭ്യമായ വർദ്ധന 24 %ത്തിനും താഴെയാണ്. സർക്കാർ വിലകയറ്റതോത് 7 മുതൽ 10% വരെയാണെന്ന് സമ്മതിക്കുന്പോൾ, 10 വർഷത്തിൽ ഉണ്ടാകുന്ന ജീവിത ചെലവിലെ വർദ്ധന 100%. ഇതിനർത്ഥം തൊഴിലാളികളുടെ ജീവിത പ്രയാസങ്ങൾക്ക് ആനുപാതികമായി വർദ്ധനവുകൾ ഉണ്ടാകുന്നില്ല എന്നാണ്. രാജ്യത്തെ സംഘടിത തൊഴിലാളികൾ ആകെ തൊഴിലാളി കൂട്ടത്തിൽ 5%ത്തിനടത്ത്. രാജ്യത്തെ ആകെ പണിയെടുക്കുന്ന 55 കോടിയിലധികം തൊഴിലാളികളിൽ സംഘടിത തൊഴിലാളികൾ 3 കോടി. അവരിൽ തന്നെ കുറച്ചു മാത്രം വരുന്ന സർക്കാർ-അർദ്ധസർക്കാർ−കന്പനി ആക്റ്റിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമാണ് എന്തെങ്കിലും മെച്ചപ്പെട്ടതെന്ന് സാമാന്യ ജനങ്ങൾക്ക് തോന്നുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നത്. സർക്കാർ തൊഴിലാളിക്ക് വരുമാനത്തിൽ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഉണ്ടായ വർദ്‍ധന ശതമാനത്തിൽ പറയാമെങ്കിൽ കോർപ്പറേറ്റു രംഗത്തെ CEO മാരുടെ ശന്പളത്തിലെ വർദ്ധന 40 ഇരട്ടിയും ക്രിക്കറ്റ് കളിക്കാരുടെ വരുമാനത്തിൽ വർദ്ധന 75 ഇരട്ടിയിലും അധികമാണ്. Rilance ആസ്ഥിയിൽ 50 മടങ്ങ് വർദ്ധന ഉണ്ടായതായി കണക്കുകൾ പറയുന്നു. ഇതു കാണിക്കുന്നത് രാജ്യത്തെ തൊഴിൽ മേഖലയിലെ ജനാധിപത്യ വിരുദ്ധ അനുഭവങ്ങളാണ്. കോർപ്പറേറ്റുകളും അതിന്‍റെ തലപ്പത്തിരിക്കുന്നവരും വലിയ സാന്പത്തിക ആനുകൂല്യങ്ങൾ നേടിയെടുക്കുന്പോൾ കോടാനുകോടി വരുന്ന തൊഴിലാളികൾ കൂടുതൽ കൂടുതൽ തിരിച്ചടികൾക്ക് വിധേയമാകുന്നു. നിരാന്തരമായി തൊഴിൽ വേതനം വിലക്കയറ്റത്തിന് ആനുപാതികമായി കുറഞ്ഞു വരുന്പോൾ തൊഴിൽ വേതനം ദിനം പ്രതി 600 എങ്കിലും ആക്കി കിട്ടണം എന്ന ആവശ്യത്തെ ആർക്കാണ് തള്ളിപറയുവാൻ കഴിയുക? രാജ്യത്തെ 55% തൊഴിലാളികളും (അവരിൽ 65% ആളുകളും സ്ത്രീകൾ) പണിയെടുക്കുന്ന കാർഷിക രംഗത്തെ തൊഴിൽ വരുമാനം പ്രതിമാസം 3600 രൂപക്ക് താഴെയാണെന്ന് അറിയുന്പോൾ അവരുടെ ജീവിത നിലവാരം ഊഹിക്കുവാൻ കഴിയുന്നതിനും അപ്പുറമാണ്. സപ്തംബർ 2 ലെ പണിമുടക്കിൽ ഉയരുന്ന 600 രൂപ മിനിമം വേതനം അതിനാൽ അംഗീകരിച്ചു കൊടുക്കുവാൻ സർക്കാർ ബാധ്യസ്ഥമാണ്. പക്ഷെ ഇന്നലെ നടത്തിയ സർക്കാർ പത്ര കുറുപ്പിൽ വേതനമായി സർക്കാർ അംഗീകരിച്ചത് 350 രൂപാ മാത്രം.
പെട്രോളിയത്തിനു ലോക മാർക്കറ്റിൽ വൻ വിലയിടിവ് ഉണ്ടായിരുന്നിട്ടും സർക്കാർ അതിനാനുപതികമായി വില കുറയ്ക്കുവാൻ തയ്യാറായിട്ടില്ല. പെട്രോൾവില യഥാർത്ഥത്തിൽ ലിറ്ററിന് 25 രൂപ മാത്രമാണ് എന്നിരിക്കെ ബാക്കി തുക സർക്കാരുകൾ നികുതിയായി ജനങ്ങളിൽ നിന്നും കൊള്ളയടിക്കുകയാണ്. കർഷകർ തങ്ങളുടെ വിളക്കൾക്ക് ന്യായവില കിട്ടാതെ കൃഷി ഉപേക്ഷിക്കുകയും കൂടുതൽ കടക്കാരായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്പോൾ അവധി വ്യാപാരത്തിലൂടെ വൻകിട വിദേശ-ദേശിയ കോർപ്പറേറ്റുകൾ കർഷകരെ കൊള്ളയടിക്കുന്നു. FCI സംഭരണികൾ സ്വകാര്യ കന്പനികൾക്ക് കൈമാറിയും വിപണിയിൽ നിന്നും വിട്ടുനിന്നും ഇന്ത്യൻ വിപണിയിലെ വിലക്കയറ്റം 10%ത്തിനടുത്ത് എത്തുവാൻ സർക്കാർ അവസരം ഉണ്ടാക്കുന്നു. തൊഴിലാളികൾ ഉയർത്തുന്ന വിലക്കയറ്റം നിയന്ത്രിക്കുവാനുള്ള സമരം ഇന്ത്യൻ ജനങ്ങളുടെ പൊതു വികാരത്തെ പ്രതിഭലിപ്പിക്കുന്നുണ്ട്.
രാജ്യത്തെ തൊഴിൽ മേഖലയിൽ ഉണ്ടായ പല നിയമങ്ങളും അവരുടെ പഴയ അവകാശങ്ങൾ നഷ്ടപെടുത്തുന്നതാണ്. Hire and Fire, golden shake hand തുടങ്ങിയ നിലപാടുകൾ ഒക്കെ സർവ്വീസിൽ നിന്നും തൊഴിലാളികളെ വെട്ടിക്കുറക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ചുള്ളതാണ്. സ്ഥിരം തൊഴിലാളി എന്നതിന് പകരം താൽക്കാലിക തൊഴിലാളി എന്ന പുതിയ സംസ്ക്കാരം വലിയ മനുഷ്യാവകാശ ലംഘനമാണ്. ഒരേ തൊഴിൽ അഞ്ചിൽ ഒന്ന് വേതനത്തിന് നിയമപരിരക്ഷയ്ക്ക് ഇടം നൽകാതെ ചെയ്യിക്കുന്പോൾ അവിടെ എല്ലാ തൊഴിൽ അവകാശവും ഹനിക്കുന്നു. ഈ പ്രവണത റെയിൽവേ പോലെ അതീവ സുരക്ഷ ആവശ്യമുള്ള ഇടങ്ങളിൽ പോലും നടപ്പിലാക്കുന്നത് വലിയ ദുരന്തങ്ങൾ വരുത്തി വെച്ച് കൊണ്ടിരിക്കുന്നു. വിദേശ-ദേശിയ കുത്തകൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുവാൻ ഏതുവരെയും പോകുവാൻ തയ്യാറായി നിൽക്കുന്ന സർക്കാർ അവരുടെ താൽപര്യങ്ങൾ മാത്രം മുന്നിൽ കണ്ട് നടപ്പിലാക്കിയ പുതിയ തൊഴിൽ നിയമങ്ങൾ പുതുതായി 70% വ്യവസായ ശാലകളെയും മറ്റും തൊഴിൽ സുരക്ഷയിൽ നിന്നും പുറത്തു നിർത്തുവാൻ അവസരം ഉണ്ടാക്കിയിരിക്കുന്നു. ഇതിലൂടെ ബാലവേല−മിനിമം വേതനം− ESI മുതലായ ആനുകൂല്യങ്ങൾ കിട്ടുവാൻ തൊഴിലാളിക്ക് ഉണ്ടായിരുന്ന അവസരങ്ങൾ ഇല്ലാതാക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു എന്ന് മനസ്സിലാക്കാം.
തൊഴിൽ അവകാശങ്ങൾ ഇല്ലാതാക്കി കുറഞ്ഞ വേതനത്തിന് പണം മുടക്കുന്ന കുത്തകകൾക്ക് കൂടുതൽ തൊഴിൽ എടുപ്പിക്കുവാൻ അവസരം ഉണ്ടാക്കുന്ന നിയമ ഭേദഗതിയിൽ അവാസനത്തേതായിരുന്നു ബാലവേല നിയമത്തിന്‍റെ വ്യാപ്തി കുറയ്ക്കുവാൻ ജൂലൈ 26 ന് പാർലമെന്റിൽ നടന്ന നിയമഭേദഗതി ബിൽ. നിലവിൽ 64 തരം തൊഴിൽ രംഗത്ത് കുട്ടി തൊഴിൽ നിയമവിരുദ്ധമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.(86ലെ നിയമം) എന്നാൽ പുതിയ നിയമത്തിലൂടെ പടക്കം, കത്തുന്ന മറ്റു സാധനങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിൽ രംഗം, ഖനനം ഉൾപ്പെടുന്ന 3 രംഗം ഒഴിച്ച് നിർത്തി മറ്റെല്ലാ ഇടങ്ങളിലും കുട്ടികളെ തൊഴിൽ എടുപ്പിക്കുവാൻ ഉണ്ടാക്കിയ നിയമം ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ നാണക്കേട് വരുത്തി വെയ്ക്കുന്നതാണ്. ലോക വിപണിയിൽ ഇന്ത്യൻ പരവതാനിയും വളകളും മറ്റും നിരോധിക്കുവാൻ രാജ്യത്തെ കുപ്രസിദ്ധമായ കുട്ടി തൊഴിൽ കാരണമായിരുന്നു. അതിനെതിരായി 86 ൽ ഉണ്ടാക്കിയ നിയമം നിലവിൽ ഉണ്ടായിട്ടും ഒരു കോടിയിൽ അധികം കുട്ടികൾ ഇന്ത്യയിൽ തൊഴിലാളികളായി പണിചെയ്തു വന്നിരുന്നു. പുതിയ നിയമത്തിലൂടെ നിരവധി ലക്ഷം കുട്ടികൾ കൂടി മുതലാളിമാരുടെ ആഗ്രഹപ്രകാരം തുശ്ചവേതനത്തിന് പണിയെടുക്കുവാൻ അവസരം ഉണ്ടാക്കുന്ന നിയമം കുഞ്ഞുങ്ങളോടുള്ള വെല്ലുവിളിയാണ്.
രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ ഒട്ടുമിക്കതും കഴിഞ്ഞ 20 വർഷമായി സ്വകാര്യ കന്പനികൾക്ക് കൈമാറുകയാണ്. അംഗൻവാടി മുതൽ ഖനനം, വിമാനത്താവളം, പ്രതിരോധം തുടങ്ങിയ രംഗങ്ങൾ എല്ലാം കോർപ്പറേറ്റുകൾക്ക് കൈമാറുവാൻ സർക്കാർ മിടുക്ക് കാട്ടുന്നു. ഈ വർഷം 65000 കോടിരൂപയുടെ ആസ്തി വിൽക്കുന്നതിൽ സർക്കാർ വലിയ ഉത്സാഹത്തിലാണ്. സാന്പത്തിക ബുദ്ധിമുട്ട് പറയുന്ന സർക്കാർ കഴിഞ്ഞ വർഷം മാത്രം കോർപ്പറേറ്റുകൾക്ക് നൽകിയ ഇളവുകൾ ഒന്നേകാൽ ലക്ഷം കോടിയിലധികമാണ്. ബാങ്കുകൾ സന്പന്നരുടെ ഏകദേശം അത്രയും വലിയ തുക കിട്ടാകടമായി പ്രഖ്യാപിച്ച് അവരെ ബാധ്യതയിൽ നിന്നും ഒഴിവാക്കി.
രാജ്യത്തിന്‍റെ ഉത്തമ താൽപര്യങ്ങൾക്ക് എതിരായി ഉത്തരവാദിത്തപ്പെട്ടവർ അവരുടെ ധർമ്മം മറന്ന് നമ്മുടെ പൊതു സമൂഹത്തെ വെല്ലുവിളിക്കുന്പോൾ തൊഴിലാളികൾ രാജ്യത്തെ കോർപ്പറേറ്റ് താൽപ്പര്യങ്ങളിൽ നിന്നും രക്ഷിക്കുവാൻ അവരുടെ വ്യക്തിപരമായ രാഷ്ട്രീയ വിശ്വാസങ്ങൾക്കും പുറത്ത് ഒന്നിക്കുവാൻ എടുത്ത തീരുമാനം പ്രശംസനീയമാണ്. ഉത്തമമായ തൊഴിലാളി താൽപ്പര്യങ്ങളെ മാനിക്കുവാൻ തയ്യാറാകുന്ന സർക്കാരുകൾക്കേ നമ്മുടെ രാജ്യതാൽപര്യങ്ങളും സംരക്ഷിക്കുവാൻ കഴിയുകയുള്ളൂ. തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തുന്ന സപ്തംബർ 2 ലെ പണിമുടക്ക് അധികാരികളുടെ കണ്ണ് തുറപ്പിക്കുവാനുള്ള ശ്രമങ്ങളിൽ വളരെ പ്രധാനപ്പെട്ടതു തന്നെ...