USSR ഇല്ലാത്ത 25 വർഷങ്ങൾ...
ഇ.പി അനിൽ
ഒരു രാജ്യത്തിന്‍റെ രൂപീകരണം ലോക രാഷ്ട്രീയത്തെയും മറ്റ് സാമൂഹിക രംഗത്തെയും മാറ്റിമറിക്കുക ഏറ്റവും വലിയ ചരിത്ര സംഭവമാണ്. ലോക സാഹിത്യത്തിൽ ചലനങ്ങൾ സൃഷ്ടിക്കുക, space warഉം ആണവ ആയുധ പരീക്ഷണങ്ങളും ഒളിന്പിക്സ് വരെയും വിഷയമാകുക ചെറിയ കാര്യമായിരുന്നില്ല. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടം എന്ന് പറയുന്നതിലും ജീവിക്കുവാനുള്ള അവകാശവും ആർത്തിയും തമ്മിലുള്ള പോരാട്ടം എന്ന് അതിനെ വിലയിരുത്താം. ലോകത്തെ എല്ലാ തിന്മകൾക്കും കാരണമായ ആ ഭൂതത്തെ തളക്കുന്നതിലൂടെ ലോകം സമാധാനത്തിൽ എത്തിച്ചേരും എന്നു പറയുവാൻ പോപ്പും ദലൈലാമയും ലാദൻമാരും രാജവാഴ്ചയുടെ അവശിഷ്ടങ്ങളും കോർപ്പറേറ്റുകളും ജന്മിമാരും ഒക്കെ ഉണ്ടായിരുന്നു. ദൈവരാജ്യം വരുത്തുവാൻ ചുമതലപ്പെട്ട പോളിഷ് നാട്ടുകാരനായ ഭൂമിയിലെ യഹോവയുടെ പ്രതിനിധി, സ്വന്തം നാട്ടിൽ ദൈവ നിഷേധികളുടെ രാഷ്ട്രീയ പരീക്ഷണത്തെ തകർക്കുവാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കുന്നതിനു നേതൃത്വം നൽകി. ഇത്തരം ഏറ്റുമുട്ടലുകൾ നിരവധി യുദ്ധങ്ങൾക്ക് തന്നെ കാരണമായി. ക്യൂബ ആക്രമിക്കപ്പെട്ടത് (Pig war), വിയറ്റ്നാം ചോരക്കളമാക്കിയത്, ലാറ്റിൻ അമേരിക്കയിലെ ഡസനിലധികം സർക്കാരുകളെ അട്ടിമറിച്ചത്, ലോകത്തിലെ വലിയ ഭൂതത്തെ ഒഴിവാക്കുവാനായിരുന്നു. അങ്ങനെയുള്ള ലോകത്ത് സമാധാനവും അതുവഴി പട്ടിണിയും വികസനവും ജനാധിപത്യവും വിജയിച്ചു കയറും എന്ന് എല്ലാ മാധ്യമങ്ങളും ബുദ്ധിജീവികളെ പടച്ചുവിടുന്ന സർവ്വകലാശാലകളും വിധിച്ചു. എല്ലാവരുടെയും ആഗ്രഹം ദൈവം വൈകിയാണ് (മുക്കാൽ നൂറ്റാണ്ട്) കേട്ടതെങ്കിലും അവൻ പ്രജകളുടെ ആഗ്രഹത്തെ സഫലമാക്കി ! USSR എന്ന യുക്തിവാദിനാട് ഒരു കടങ്കഥയായി..
പഴയ റഷ്യ എന്ന കൊടും തണുപ്പിന്‍റെ രാജ്യത്തെ ഭരണകർത്താക്കൾ (1547−1917) ലോകത്തെ എണ്ണം പറഞ്ഞ സന്പന്ന രാജകുടുംബമായിരുന്ന സർ ചക്രവർത്തിമാരായിരുന്നു. യൂറോപ്പിന്‍റെ ദുഃഖം എന്ന പേരിലായിരുന്നു റഷ്യ അറിയപ്പെട്ടിരുന്നത്. ആ ദുഃഖത്തിൽ സർ കുടുംബം പെട്ടിരുന്നില്ല. ലോകത്തെ ഏറ്റവും സന്പന്നരും മുന്തിയ ആർഭാടം കൊണ്ട് ആരെയും ഞെട്ടിപ്പിച്ച കുടുംബം, ലോകത്തെ 5 ക്രിസ്റ്റ്യൻ കേന്ദ്രങ്ങളിൽ ഒന്നായിരുന്ന റഷ്യയുടെ ചക്രവർത്തിനിക്ക് പതിനായിരത്തിലധികം വസ്ത്രശേഖരവും അനുബന്ധ സ്വർഗ്ഗീയജീവിതവും ലഭ്യമായിരുന്നു. റഷ്യൻ ഓർത്തഡോക്സ് സഭയുടെ ബലത്തിൽ അധികാരം ഉറപ്പിച്ചുവന്ന സർ ചക്രവർത്തി ഭരണം പട്ടിണിയും അടിച്ചമർത്തലും ജനങ്ങൾക്ക് നൽകി. ചക്രവർത്തിയുടെ എതിർ ശബ്ദങ്ങളെ പരസ്യമായി കൊലപ്പെടുത്തി കുഴിച്ചുമൂടുവാനുള്ള കിണർ മോസ്കോ ക്രെംലിൻ ചത്വരത്തിൽ ഇന്ന് നമുക്ക് ഒരു കാഴ്ചവസ്തുവായി കാണാം. ലോകം കണ്ട ഏറ്റവും വലിയ സാഹിത്യകാരൻ ദോസ്കൊ വിസ്ക്കി വെടിവെച്ചുകൊലപ്പെടുത്തുവാൻ തീരുമാനിക്കുകയും കൊലപീഠത്തിൽ നിന്നും നിമിഷങ്ങൾക്ക് മുന്‍പ് മാത്രം രക്ഷ നേടിയ ആളുമാണ്. അതിനു ശേഷമാണ് അദ്ദേഹം ഇടിയ്റ്റ്, കരമോവ് സഹോദരങ്ങൾ തുടങ്ങിയ സാഹിത്യ ലോകത്തെ ഇളക്കി മറിച്ച രചനകൾ നടത്തുന്നത്. റഷ്യയിലെ ഒട്ടുമിക്ക എഴുത്തുകാരും സർ വിരുദ്ധ കലാപത്തിൽ പങ്കാളിയായിരുന്നു. പുഷ്കിൻ, ഗോർഖി തുടങ്ങിയവർ സർ വിരുദ്ധ കലാപത്തിൽ അണി നിരന്നവരാണ്. ലെനിന്റെ മൂത്ത സഹോദരനെ സർ ഭരണകൂടം തൂക്കിലേറ്റിയത് ഒറ്റപ്പെട്ട സംഭവമല്ല.
ഒന്നാം ലോകയുദ്ധം മറ്റു യുദ്ധചരിത്രം പോലെ തന്നെ ചിലരുടെ അധികാരം ഉറപ്പിക്കുവാനായിരുന്നു. അന്നത്തെ പ്രധാന സാമ്രാജ്യത്വങ്ങൾ ജർമ്മനി, ഓസ്ട്രിയ ഹംഗറി, ഓട്ടോമൻ കൂട്ടുകെട്ടും ബ്രിട്ടീഷ്, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും തമ്മിൽ 1914 ജൂലൈ 28 മുതൽ 4 വർഷവും മൂന്നു മാസവും രണ്ടാഴ്ച്ചയും നീണ്ടുനിന്ന യുദ്ധത്തിൽ രണ്ടുകോടി ആളുകൾ മരിച്ചു. യുദ്ധത്തിലൂടെ കൂടുതൽ അധികാരം കിട്ടുവാനായി പങ്കാളികളായ പലരും അധികാരത്തിൽ നിന്നും പുറത്തായി. വലിയ രാഷ്ട്രീയ മാറ്റം ഉണ്ടായ നാടിലൊന്ന് റഷ്യയായിരുന്നു. റഷ്യ യുദ്ധത്തിൽ പങ്കെടുക്കുന്നതിൽ നിന്നും റഷ്യൻ ജനതയ്ക്ക് ഒരു ഗുണവും ചെയ്യില്ല എന്ന നിലപാട് തുടക്കത്തിൽ തന്നെ സ്വീകരിച്ച റഷ്യൻ കമ്യുണിസ്റ്റ് പാർട്ടി നേതാവ് ലെനിന്‍റെയും കൂട്ടരുടെയും സ്വാധീനം ജനങ്ങളിൽ മതിപ്പുളവാക്കി. അങ്ങനെ യുദ്ധത്തിന്‍റെ അവസാന കാലത്ത് (1917 െഫബ്രുവരിയിലും ഒക്ടോബറിലും) രണ്ടു വിപ്ലവങ്ങൾ റഷ്യയിൽ ഉണ്ടായി. വിപ്ലവം സർ ഭരണത്തിനവസാനം കുറിച്ചു. എന്നാൽ ഫെബ്രുവരിയിലെ അധികാരമാറ്റത്തിൽ തൃപ്തിപ്പെടാതെ ജനം റഷ്യൻ കമ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ചരിത്രത്തിലെ ആദ്യ ദേശീയ വിപ്ലവം അരങ്ങേറി. അത് പുതിയ ഒരു ലോക ചരിത്രം തന്നെ എഴുതി ചേർക്കുകയായിരുന്നു.
ലോകത്തെ ആദ്യത്തെ തൊഴിലാളി വിപ്ലവ ഭരണം കൈകൊണ്ട നടപടികൾ ആ രാജ്യത്ത് മാത്രമല്ല മുതലാളിത്ത രാജ്യങ്ങളിൽ തന്നെ നിലവിൽ ഉണ്ടായിരുന്ന തൊഴിലാളി വിരുദ്ധ സമീപനങ്ങൾ തിരുത്തുവാൻ നിർബന്ധിതമാക്കി. ഒരു രാജ്യത്തെ വിവിധ ദേശിയതകളുടെ കൂടിചേരൽ രാജ്യത്തിന്‍റെ കെട്ടുറപ്പിന് തടസ്സമാകില്ല എന്ന ജനാധിപത്യ ബോധം USSR ലോകത്തെ ബോധ്യപെടുത്തി. 8 മണിക്കൂർ തൊഴിൽ, സ്ത്രീവോട്ടവകാശം, ക്ഷേമ പ്രവർത്തനം, തുല്യജോലിക്ക് തുല്യ വേതനം, തൊഴിൽ ഇടങ്ങളിൽ ക്രഷുകൾ, പെൻഷൻ, സൗജന്യ ആരോഗ്യ−വിദ്യാഭ്യാസം, കോളനി വിരുദ്ധ സമരങ്ങൾ ഒക്കെ നടപ്പാക്കിയതിൽ USSR കാട്ടിയ നിശ്ചയദാർഢ്യം അന്നു ലോകം അത്ഭുതത്തോടെ നോക്കിനിന്നു. മുന്നാം ലോകരാജ്യങ്ങളിൽ വളർന്നുവന്ന സ്വാത്രന്ത്ര്യ സമരങ്ങൾ കരുത്തു നേടുന്നതിൽ നിർണ്ണായക പങ്കാണ് USSR വഹിച്ചത്. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത് ലോക ജനതയെ ഫാസ്സിസത്തിൽ നിന്നും രക്ഷിക്കുവാനായി USSR കടന്നുപോയ ത്യാഗങ്ങൾ വിവരണാതീതമാണ്. യുദ്ധമുഖത്ത് അഞ്ചിൽ ഒരാൾ വീതം മരണം വരിച്ചാണ് ഹിറ്റ്ലർ-മുസ്സോളിനി അധിനിവേശത്തെ ചെറുത്തത്.
ജനതയുടെ പൊതു ജീവിത നിലവാരത്തിനായി ആസൂത്രണ പരിപാടികൾ നടപ്പിലാക്കുവാൻ മുന്നോട്ടുവന്ന ആദ്യ സർക്കാർ USSR ആയിരുന്നു. അവർ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാൻ ഉത്തരവാദിത്തം കാണിച്ചു. പഞ്ചവത്സര പദ്ധതികൾ എന്ന ആസൂത്രണ സങ്കൽപ്പം USSR ന്‍റെ മാത്രമല്ല ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ വികസന സങ്കൽപ്പങ്ങളെ സ്വാധീനിച്ചു. ഭൂമിയുടെ ഉടമസ്ഥത കുലാക്കുകളിൽ നിന്നും (ഭൂമിയുടെ ഉടമകൾ) കർഷകസഹകരണ സംഘങ്ങളിലേയ്ക്ക് കൈമാറി. വൈദ്യുതി രംഗത്ത് വലിയ മുന്നേറ്റം, അതിനായി വലിയ കൽക്കരി ഖനനം, തീവണ്ടി ലൈനുകളുടെ വിപുലമായ വ്യാപനം എല്ലാം USSR നെ വികസിത രാജ്യങ്ങളുടെ ആഭ്യന്തര സൗകര്യങ്ങളുമായി കിടപിടിക്കുന്ന അവസ്ഥയിൽ എത്തിച്ചു. സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും ഉണ്ടാക്കിയ മുന്നേറ്റം ആയുസ്സിലും സംക്രമികരോഗ നിവാരണത്തിലും നല്ല ഗുണങ്ങൾ വരുത്തി. അങ്ങനെ USSR യൂറോപ്പിലെ ഉന്നത ജീവിത നിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. ശാസ്ത്ര രംഗത്ത് വിശിഷ്യ വ്യവസായ-മരുന്ന്-കൃഷി, ശൂന്യാകാശ ഗവേഷണ രംഗങ്ങളിൽ അമേരിക്കയെ പിന്നിലാക്കുവാൻ കഴിയും വിധം ഇവർക്ക് സ്ഥാനം നേടുവാൻ കഴിഞ്ഞു. ഇന്ത്യ പോലെയുള്ള രാജ്യങ്ങളെ അസ്ഥിരമാക്കുവാൻ അമേരിക്ക നടത്തിയ ഇടംകോലിടലുകളെ പരാജയപ്പെടുത്തുവാനും ആണവ രംഗത്ത് അമേരിക്കൻ കുത്തകയ്ക്ക് പകരം വെയ്ക്കുവാൻ മറ്റൊരു ശക്തി എന്ന സ്ഥാനം ഇവർക്ക് നേടുവാൻ കഴിഞ്ഞു.
ഒന്നാം ലോകയുദ്ധം യൂറോപ്പിനെയും അമേരിക്കയെയും വലിയ സാന്പത്തിക തിരിച്ചടിയിലേയ്ക്ക് എത്തിച്ചു. തൊഴിൽ രാഹിത്യം വ്യവസായ തകർച്ച തുടങ്ങിയ പരിമിതികളിൽ ലോക മുതലാളിത്ത രാജ്യങ്ങൾ തകർച്ചയുടെ വക്കിൽ എത്തിയപ്പോൾ USSR മാന്ദ്യങ്ങളുടെ ഒരു പിടിയിലും പെടാതെ വലിയ വികസന കുതിപ്പുകൾ നടത്തി ലോകമുതലാളിത്തത്തിന്‍റെ ബദലാണ് ഞങ്ങൾ എന്ന് തെളിയിക്കുവാൻ വിജയിച്ചു. (30കൾ) രണ്ടാം ലോക യുദ്ധം അതിൽ USSR നേടിയ വിജയം മറ്റൊട്ടേറെ രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് ഭരണം സ്ഥാപിക്കുവാൻ അവസരം ഒരുങ്ങി. (പോളണ്ട്, ഹംഗറി, ചെക്ക് മുതലായ). ചൈന എന്ന ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ജനകീയ ജനാധിപത്യ വിപ്ലവം വിജയിക്കുവാൻ USSR സാന്നിധ്യം കാരണമായി. തുടർന്ന് ക്യൂബയിലും ലാവോസ്, വിയറ്റ്നാം, ചിലി, കോസ്റ്ററിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഇടതു ഭരണം സ്ഥാപിക്കപെട്ടു. ലോകത്തെ മൂന്നിൽ രണ്ടു ഭാഗവും USSRനെ മാതൃകയാക്കിയുള്ള വിവിധ രൂപത്തിലും പേരിലും ഉള്ള സോഷ്യലിസ്റ്റ് ഭരണ ക്രമങ്ങളിലേയ്ക്ക് ചുവടുമാറി. സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള ഭരണ നേതൃത്വത്തെ ജനങ്ങൾ തെരഞ്ഞെടുത്തു.
ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നേരിട്ടും അല്ലാതെയും തകർക്കുവാൻ അമേരിക്കയും കൂട്ടരും നടത്തിയ ശ്രമങ്ങൾ പുതിയ സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ പുതിയ രാജ്യങ്ങളിൽ ഉണ്ടാകുവാതിരിക്കുവാൻ സഹായിച്ചു. അമേരിക്കയിലും ബ്രിട്ടനിലും ഉണ്ടായിരുന്ന ശക്തമായ കമ്യുണിസ്റ്റ് പാർട്ടികളെ തുടക്കത്തിലെ തകർക്കുവാൻ പ്രത്യേക മികവുകാട്ടുന്നതിൽ ലോക മുതലാളിത്തം പ്രത്യേക കഴിവുകാട്ടി. എന്നാൽ മഹത്തായ വിപ്ലവപാർട്ടി ഭരിക്കുന്ന റഷ്യ ലോക മുതലാളിത്തം ചെന്ന് പെട്ടിരുന്ന വലിയ പ്രതിസന്ധികളിലേക്ക് തന്നെ 60കൾ മുതൽ മൂക്കുകുത്തുന്നതായി കാണാം. എന്തായിരുന്നു ഇതിനുള്ള കാരണം? സ്വന്തം നാട്ടുകാർക്ക് മെച്ചപ്പെട്ട അടിസ്ഥാന വിഭവങ്ങൾ ഒരുക്കിയ, ലോകത്തെ പിന്നോക്കമായിരുന്നവർ മുന്നോട്ട് കുതിച്ചിട്ടും എന്തുകൊണ്ടാണ് തിരിച്ചടികളുടെ അടയാളങ്ങൾ കാണിച്ചു തുടങ്ങിയത്? ഉത്തരം അന്വേഷിക്കുന്പോൾ അതിന്‍റെ കാരണങ്ങൾക്ക് വിപ്ലവത്തിനൊപ്പം തന്നെ പഴക്കവും ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.
റഷ്യൻ വിപ്ലവം സംഘടിപ്പിക്കുവാൻ നേതൃത്വം കൊടുത്ത ലെനിൻ റഷ്യൻ വിപ്ലവത്തിന്‍റെ പരിമിതിയെ പറ്റി അദ്ധേഹത്തിന്‍റെ രചനകളിൽ സൂചിപ്പിച്ചിരുന്നു. വിപ്ലവം നടക്കുന്ന റഷ്യ വികസിത മുതലാളിത്ത രാജ്യമല്ലാത്തതിനാൽ വിപ്ലവം പൂർത്തീകരിക്കണമെങ്കിൽ വികസിത മുതലാളിത്ത രാജ്യങ്ങളിലും വിപ്ലവങ്ങൾ നടത്തുവാനുള്ള സാഹചര്യം ഉണ്ടാകണം. ഒപ്പം വസ്തുനിഷ്ഠ സാഹചര്യങ്ങൾക്കൊപ്പം ആത്മനിഷ്ഠ സാഹചര്യങ്ങൾകൂടി ഉണ്ടായാലേ വിപ്ലവ സർക്കാർ മുന്നോട്ടുപോകുകയുള്ളൂ. ഇതിനർത്ഥം വിപ്ലവങ്ങൾ സംഘടിപ്പിക്കുന്ന പാർട്ടിയും ജനവും അതിലും വലിയ ത്യാഗങ്ങൾ സഹിച്ചുകൊണ്ടേ നിലനിൽക്കുവാൻ കഴിയൂ എന്നാണ്. ഈ കാര്യങ്ങളിൽ USSR നുണ്ടായ പരാജയം പ്രതിവിപ്ലവങ്ങൾക്ക് പിൽക്കാലത്ത് അവസരം ഒരുക്കി.
ആധുനിക റഷ്യ വിവിധ സോവിയറ്റ്‌കളുടെ (ദേശം)ഒരു കൂട്ടായ്മ എന്ന തീരുമാനം ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകതയെ അംഗീകരിക്കുന്ന ജനാധിപത്യത്തിന്‍റെ നല്ല മാതൃകയായി സങ്കൽപ്പിച്ചിരുന്നു. 1917ലെ വിപ്ലവത്തിന് ശേഷം റഷ്യയും മറ്റു 14 ചെറുരാജ്യങ്ങളും 1922ൽ ഒന്നിച്ച് USSR രൂപീകരിച്ചു. ലെനിൻ എന്ന ലക്ഷണമൊത്ത വിപ്ലവകാരി രണ്ടു വർഷത്തിനു ശേഷം അധികാരം, പിൻഗാമിയും പാർട്ടി ജനറൽ സെക്രട്ടറിയുമായി ഉയർന്ന ജോസഫ് സ്റ്റാലിനിലേയ്ക്ക് കൈമാറി. ജോസഫ് സ്റ്റാലിൻ റഷ്യയെ ആധുനിക രാജ്യമാക്കുന്നതിൽ നിർണ്ണായക പങ്കാളിത്തം വഹിച്ച വ്യക്തിത്തമായിരുന്നു. അദ്ധേഹത്തിന്‍റെ 30 വർഷത്തിലധികമുണ്ടായിരുന്ന ഭരണം വലിയ മുന്നേറ്റത്തിന്‍റെയും ഒപ്പം തന്നെ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെയും വാർത്തകൾകൊണ്ട് സന്പന്നമായി. രണ്ടാം ലോകയുദ്ധത്തിൽ കരുത്തരായ ഹിറ്റ്ലർ ചേരിയുമായി അടവുപരമായി യുദ്ധവിരുദ്ധ കരാർ ഉണ്ടാക്കുകയും അതിനു ശേഷം ഒരു ഘട്ടം കഴിഞ്ഞ് ഏറ്റുമുട്ടി ഫാസ്സിസത്തിന് അവസാനം വരുത്തിയ യുദ്ധത്തിന് ധീരമായ നേതൃത്വം കൊടുത്ത സ്റ്റാലിൻ അത് നടപ്പാക്കുന്നതിനായി സ്വന്തം മകനെ ബലി കൊടുക്കുവാൻ തയ്യാറായതിനൊപ്പം പാർട്ടിയിൽ ഉണ്ടായിരുന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്തി. യുദ്ധകാലത്ത് രാജ്യവും ജനതയും പാലിക്കേണ്ട അച്ചടക്കം യുദ്ധ ശേഷവും തുടരുവാൻ സ്റ്റാലിൻ എടുത്ത തീരുമാനം സോഷ്യലിസ്റ്റു ജനാധിപത്യത്തിന് എതിരായിരുന്നു. അത് മുതലാളിത്തം ജനങ്ങൾക്ക് അനുവദിച്ചു നൽകിയ ജനാധിപത്യ സങ്കൽപ്പങ്ങൾക്കും ഏറെ പിറകിൽ നിന്നു. കൃഷിക്കാർക്ക് മണ്ണിനോടുള്ള വികാരത്തെ പരിഗണിക്കാതെ കൃഷിക്കാരിൽ നിന്നും ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് പൊതു ഉടമസ്ഥതയിൽ കൊണ്ടുവന്ന നീക്കം കർഷകരുടെ ഇടയിൽ അതൃപ്തി ഉണ്ടാക്കി. 15 രാജ്യങ്ങൾ ഒന്നിച്ച് ചേർന്ന് ഉണ്ടായ USSR എന്ന കൂട്ട് രാജ്യങ്ങളിൽ പഴയ ധാരണയ്ക്ക് വിരുദ്ധമായി റഷ്യ എന്ന വലിയ രാജ്യം അവിടെ കേന്ദ്രീകരിച്ചിരുന്ന CPSU എന്ന കമ്യുണിസ്റ്റ് പാർട്ടിയിലൂടെ മറ്റ് 14 രാജ്യങ്ങളെ രണ്ടാം തരക്കാരായി കാണുവാൻ തുടങ്ങിയത് വികസനത്തിലും മറ്റ് വിഷയങ്ങളിലും അതൃപ്തി ഉണ്ടാക്കി.
റഷ്യക്കാരിൽ നല്ല പങ്കും ഓർത്തഡോക്സ് വിശ്വാസികളാണ്. റഷ്യൻ സഭാ നേതൃത്വം സർ ചക്രവർത്തി കുടുംബങ്ങളുമായി എന്നും ചേർന്ന് നിൽക്കുവാൻ ഇഷ്ടം കാട്ടിയവരാണ്. അതുകൊണ്ട് തന്നെ മതവിശ്വാസത്തെ അന്തവിശ്വാസമായി കരുതുന്ന കമ്യുണിസ്റ്റ് പാർട്ടി റഷ്യൻ പള്ളികളെ സംശയത്തോടെ കാണുവാൻ ശ്രമിച്ചു. ഇത് കുരിശുപോലെയുള്ള മത ചിഹ്നങ്ങൾ പൊതു ഇടങ്ങളിൽ നിന്നും മാറ്റുവാൻ കാരണമാക്കി. ചില പള്ളികൾ പൊളിച്ചു നീക്കി. മതപ്രചാരകരെ ജയിലിൽ പാർപ്പിച്ചു. അത്തരക്കാരെ തൊഴിൽ ഇടങ്ങളിൽ ഗുലാക്കുകൾ ഉണ്ടാക്കി (തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ക്യാന്പ്) പണിക്കാരാക്കി. റഷ്യൻ ഭരണം മത പ്രവർത്തനങ്ങൾ അനുവദിക്കുന്നില്ല എന്ന പ്രചരണം ലോകത്താകെ വലിയ രീതിയിൽ ഉണ്ടായി.
റഷ്യൻ കന്പോളം ഊഹ മൂലധനത്തിനും ചന്ത സംസ്കാരത്തിനും എതിരായിരുന്നു. നിത്യ ഉപയോഗ സാധനങ്ങൾ സർക്കാർ സ്റ്റോറുകൾ വഴി മിതമായ വിലയ്ക്ക് നൽകി.എന്നാൽ അവയുടെ വൈപുല്യം കുറവായിരുന്നു. ചിലപ്പോൾ വിഭവങ്ങൾക്ക് ക്ഷാമവും നേരിട്ടു. ജനങ്ങളുടെ കൈയ്യിൽ കുറച്ചു പണം മാത്രം എത്തുകയും അവാശ്യ കാര്യങ്ങൾക്ക് പണം വളരെ കുറച്ച് മാത്രം മതിയാകും എന്ന രീതിയായിരുന്നു അവലംബിച്ചത്. എല്ലാ സാധനങ്ങളും ഉപ്പുമുതൽ വോട്ക വരെ കോട്ട അടിസ്ഥാനത്തിൽ വാങ്ങിയെടുക്കുവാൻ വലിയ ക്യൂകളിൽ നിൽക്കേണ്ടി വന്നു. എന്നാൽ പാർട്ടി അധികാരികളും ഉദ്യോഗസ്ഥരും പ്രത്യേക പരിഗണനകൾ നേടികൊണ്ട് വലിയ ആർഭാട ജീവിതം നയിക്കുവാൻ ശ്രമിച്ചു. പുറം ലോകത്തെ മുതലാളിത്ത പാറൂദീസയിൽ നടക്കുന്ന ഉപഭോഗ ഉത്പന്നങ്ങളെപറ്റിയുള്ള നഷ്ട്സ്വർഗ്ഗ ചിന്തകൾ റഷ്യൻ ജനതയിൽ ഉണ്ടാക്കുവാൻ മുതലാളിത്തം കലയെയും മറ്റും ഉപയോഗപ്പെടുത്തി. സിനിമയും നാടകവും എല്ലാം പരിമിതമായ രൂപത്തിൽ സോവിയറ്റ്‌കളിൽ ഉണ്ടായപ്പോൾ മസാലകളും ഫാന്‍റ്സിയും ഒക്കെ ചേർന്ന വിപുലമായ ഹോളിവുഡ് സംസ്കാരം അവർക്ക് കേൾവിയിലൂടെ മാത്രം അറിയുവാൻ കഴിഞ്ഞു. സ്വന്തമായി വാഹനം, സ്വന്തമായി വിലപിടിപ്പുള്ള സാധനങ്ങൾ ഒക്കെ ശരാശരി റഷ്യക്കാർക്ക് ഒരു സ്വപനമായിരുന്നു. പത്രങ്ങൾ ഒക്കെ സർക്കാർ ജിഹ്യകളായത് നിഗൂഡതകൾ കൂട്ടി. വോട്ടു ചെയ്യുവാൻ അവകാശമുണ്ടെങ്കിലും അത് പാർട്ടി സ്ഥാനാർത്ഥിക്ക് മാത്രം എന്ന അവസ്ഥയിൽ ആയിരുന്നു. മൊത്തത്തിൽ ജീവിക്കുവാൻ തൊഴിലും ആരോഗ്യ പ്രദാനമായ ഭക്ഷണവും ചികിത്സയും മെച്ചപ്പെട്ട വിദ്യാഭ്യാസവും വൃദ്ധസംരക്ഷണവും നടപ്പിൽ ഉണ്ടെങ്കിലും ജനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയും ജീവിതത്തെ നിറം പിടിപ്പിക്കുവാൻ സർക്കാർ അവസരം നിഷേധിക്കുന്നതും സ്വാഭാവികമായും ജനങ്ങളിൽ പ്രതിഷേധം ഉണ്ടാക്കി. ജീൻസ് പോലെയുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ജനങ്ങൾക്ക് അവകാശമില്ലാത്ത സ്ഥിതി 87വരെ തുടർന്നു. രാജ്യം ഉത്പ്പാദന മുരടിപ്പിൽ എത്തി. ഈ അവസരത്തിൽ അധികാരത്തിൽ എത്തിയ USSR ന്‍റെ അവസാനത്തെ അദ്ധ്യക്ഷൻ ഗോബർച്ചെവ് പുനർനിർമ്മാണം (പെരസ്ട്രോയിക്ക) സുതാര്യത (ഗ്ലാസ്റ്റ്സ്ടോന്യിസ്റ്റ്) നടപ്പിൽ വരുത്തുവാൻ ശ്രമിച്ചു. എന്നാൽ ജനങ്ങൾക്ക് അപ്പോഴേയ്ക്കും കമ്യുണിസ്റ്റ് പാർട്ടിയിലും USSR എന്ന സംവിധാനത്തിലും ഉണ്ടായിരുന്ന വിശ്വാസം ഏതാണ്ട് നഷ്ടപ്പെട്ട് പോയിരുന്നു. USSR എന്ന രാജ്യം 1991 ക്രിസ്തുമസ് ദിനത്തിൽ പിരിച്ചുവിടപ്പെട്ടു.
USSR ഇല്ലാത്ത 25 വർഷങ്ങളിൽ ലോകത്തുണ്ടായ മാറ്റങ്ങൾ നിരവധിയാണ്. ആഗോളവൽക്കരണത്തിലൂടെ ലോകം ചലിക്കുന്നു. സാങ്കേതിക വിദ്യ മുന്നേറുന്നു. കണ്ടുപിടുത്തങ്ങൾക്ക് ഒരു കുറവുമില്ല. എന്നാൽ യുദ്ധങ്ങൾ, അവ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ വർദ്ധിക്കുകയാണ്. പട്ടിണിക്കാർ കൂടുകയാണ്. തൊഴിൽ രാഹിത്യം വർദ്ധിക്കുന്നു. വിലക്കയറ്റം രൂക്ഷമാണ് ആഫ്രിക്കൻ ഭൂഖണ്ടത്തിലെ ജനങ്ങളുടെ ആയുസ്സിൽ 4 വർഷത്തെ കുറവ് ഉണ്ടായി. ലോകത്താകെ വിട്ടുമാറാത്ത സാന്പത്തിക മാന്ദ്യം, പൊതുക്കടം. മതമൗലികത പിടിമുറുക്കുന്നു. ലോകം ഉപേക്ഷിച്ച തെറ്റുകളും വിഭാഗീയതകളും പുതിയ രൂപത്തിൽ ഇന്ത്യയിലും പാകിസ്ഥാനിലും തുർക്കിയിലും തുടങ്ങി യൂറോപ്പിലും ആഞ്ഞു വീശുന്നു. സർക്കാരുകൾ ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളെ കൈ ഒഴിയുന്നു. അടിച്ചമർത്തലുകൾ വർദ്ധിക്കുന്നു. എല്ലാ ദുരിതങ്ങളും 90 ശതമാനക്കാരിലും കുതിച്ചുയരുന്പോഴും സന്പത്ത് ചിലരിൽ കുന്നുകൂടുന്നു. പ്രകൃതിദുരന്തങ്ങളുടെ ഇരകളായി ലോകം മാറുന്നു.
ദുരിതങ്ങൾക്ക് ഇന്നത്തെ ലോക രാഷ്ട്രീയം പരിഹാരമല്ല എന്നാണ് അനുഭവങ്ങൾ വിളിച്ചു പറയുന്നത്. എന്നാൽ പരിഹാരം USSR എന്ന രാജ്യം കാട്ടിതന്ന വഴിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം−− USSR മുന്നോട്ട് വെച്ച ക്ഷേമരാഷ്ട്രം, പൊതുമേഖലയുടെ വിപുലമായ നേതൃത്വം, സ്വകാര്യ സ്വത്തിലുള്ള നിയന്ത്രണം, മതങ്ങൾ രാഷ്ട്രീയത്തിൽ നിന്നും അകന്നു നിലക്കൽ, ശാസ്ത്രത്തെ ജനനന്മാക്കായി ഉപയോഗപ്പെടുത്തൽ, സഹവർത്തിത്വം ഒക്കെ ലോകജനത ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ മനുഷ്യ സ്വാതന്ത്ര്യത്തെ പൂർണ്ണമായും അംഗീകരിക്കൽ എല്ലാത്തിലും പ്രധാനമാണ് ലോകത്തിന്‍റെ ഇന്നത്തെ ദുരവസ്ഥക്കുള്ള മറുപടി There is no alternative എന്നല്ല There is people alternative എന്നാണ്.
( Not TINA but TIPA)