ഇന്ത്യൻ നികുതി പരിഷ്കാരങ്ങളിൽ ജനങ്ങൾ തമസ്കരിക്കപ്പെട്ടു
ഇ.പി അനിൽ
ആലപ്പുഴയിലെ ഒരു പ്രദേശം മുലച്ചിപറന്പ് എന്നാണ് അറിയപ്പെടുന്നത്. അതിന് അങ്ങനെ പേരു വീണതിനു പിന്നിൽ ഒരു ചരിത്ര സംഭവമുണ്ട്. നങ്ങേലി എന്ന ഈഴവ സ്ത്രീ മുലക്ക് ഏർപ്പെടുത്തി വന്ന കരത്തിൽ പ്രതിക്ഷേധിച്ച് മുല ച്ഛേദിച്ച സംഭവമായിരുന്നു ആ നാടിന് മുലച്ചി പറന്പ് എന്ന പേര് നേടുവാൻ കാരണമായത്.
ബംഗാളിലെ പ്രസിദ്ധമായ തെഭാഗാ കർഷക സമരത്തിനു പിന്നിൽ കർഷകർ ഉൽപാദിപ്പിക്കുന്ന വിഭവങ്ങളിൽ ഭൂമിയുടെ ഉടമയ്ക്കുള്ള അവകാശം പകുതിയിൽ നിന്നും മൂന്നിലൊന്നായി അവസാനിപ്പിക്കണമെന്നാവശ്യമാണ് ഉയർന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിർണ്ണായക സംഭവമായിരുന്നു ഉപ്പ് സത്യാഗ്രഹം. ഉപ്പിന് ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ നികുതിക്കെതിരായി ഉപ്പു കുറുക്കി നടത്തിയ സമരം ബ്രിട്ടീഷ് നികുതിക്കെതിരായിരുന്നു.
ഒരു സമൂഹത്തിലെ ഉള്ളവരിൽ നിന്നും പണം കണ്ടത്തി ഇല്ലാത്തവർക്ക് ക്ഷേമം എത്തിക്കുക എന്നത് സർക്കാരുകളുടെ പ്രാഥമിക കടമയാണ്. അതിനായി ആധുനിക കാലത്ത് വിവിധ നിലയിലുള്ള നികുതികൾ ഉണ്ടായി. നമ്മുടെ രാജ്യത്തെ ആധുനിക ഭരണസംവിധാനത്തിൽ പ്രധാന ഉദ്യോഗസ്ഥനായ കലക്ടറുടെ തൊഴിൽ നികുതി കലക്ട് ചെയ്യുവാനുള്ള ഉത്തരവാദിത്വമായിരുന്നു. പഴയകാല തിരുവിതാംകൂർ ധനകാര്യ വകുപ്പ് മന്ത്രിയുടെ പേര് മുളക് മടിശീലക്കാരൻ എന്നായിരുന്നു. കുരുമുളക് കൈമാറ്റത്തിലെ നികുതി പ്രധാന വരുമാനമായിരുന്ന നാട്ടിൽ ധനമന്ത്രിക്ക് ഏറ്റവും ഉചിതമായ പേര് ഇതുതന്നെയാണ്. സ്മൃതികളിൽ മുന്‍പനായ മനു നിയമങ്ങളിൽ നികുതി ഘടനയെപറ്റി വിശദമാക്കുന്നു. അവിടെ നികുതിയുടെ അടിസ്ഥാനം വർണ്ണവ്യവസ്ഥയാണ്. വർണ്ണത്തിൽ പിന്‍പന്‍ കൂടിയ നികുതി നൽകണം ബ്രാഹ്മണൻ നികുതി രഹിതനുമാണ്. വ്യഭിചാരവും നൃത്തവും നികുതിയുടെ പരിധിയിൽ കൊണ്ടുവരുവാൻ മനു സ്മൃതി ശ്രദ്ധിച്ചു. എന്നാൽ നികുതി നിർദേശങ്ങളുടെ കാര്യത്തിൽ ആധുനിക സാന്പത്തികരംഗത്തിന് ഇന്നും ചില ഇടങ്ങളിലെങ്കിലും മാതൃകയാകുവാൻ കഴിയുന്ന കൗടില്യന്‍റെ അർത്ഥശാസ്ത്രം ചന്ദ്രഗുപ്തന്‍റെ ഭരണകാലത്ത് ഉണ്ടായതായി കരുതി വരുന്നു. ക്രിസ്തബ്ദം 175നും 300നും ഇടയ്ക്ക് എഴുതപെട്ടു എന്ന് കരുതുന്ന അർത്ഥശാസ്ത്രം ഭരണത്തിലെ വിവിധ വകുപ്പുകൾക്ക് മാർഗ്ഗദർശകം നൽകുന്നുണ്ട്. അതിലെ പ്രധാന നിർദേശങ്ങൾ നികുതി പിരിവിനെ പറ്റിയുള്ളതാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് നികുതി ഏർപ്പെടുത്തി പൊതു സ്ഥാപനങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കുന്നു. കർഷകർക്ക് നികുതിയുണ്ട്. എന്നാൽ കൃഷി പ്രതികൂലമാകുന്ന ഘട്ടത്തിൽ നികുതി ഇളവുകൾ ലഭ്യമാകും. നികുതി വെട്ടിപ്പുകൾ നടത്തുന്നവർക്ക് തക്കശിക്ഷ നിർേദശിക്കുന്നു. നികുതികൾ 16 മുതൽ 25 വരെ ഉയരുന്നു. തീർത്ഥാടകരും (യാത്ര വേതനം) മതവിശ്വാസവും നികുതിക്ക് വിധേയമായിരുന്നു. (ബലി) നികുതിപ്പണം ജനങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ചിലവഴിക്കുവാൻ ഭരണകർത്താവിന് ബാധ്യതയുണ്ട്.
ആധുനിക മുതലാളിത്തത്തിലെ കച്ചവടരംഗത്തെ വലിയ തരത്തിൽ ഉണ്ടായ കുതിപ്പുകൾ പുതിയ രീതിയിലുള്ള നികുതികൾ ജനിക്കുവാൻ അവസരം ഒരുക്കി. ആധുനിക സമൂഹമായി മാറുവാൻ വ്യഗ്രത കാട്ടിയ യൂറോ രാജ്യങ്ങൾ പിൽക്കാലത്ത് അവലംബിച്ച ക്ഷേമ സങ്കൽപ്പം നടപ്പിലാക്കുവാൻ അവസരം ഉണ്ടാക്കിയത് നികുതി പിരിച്ചെടുക്കലിൽ അവർ കാട്ടിയ താൽപര്യത്തിലൂടെയാണ്. നികുതി കൊടുക്കുവാൻ താൽപര്യപ്പെടുന്ന ജനങ്ങളും അത് നിഷ്കർഷിക്കുന്ന സർക്കാരും ഒന്നിക്കുന്പോൾ മനുഷ്യപറ്റുള്ള സമൂഹത്തെ രൂപപെടുത്തുവാൻ അവസരം ഒരുക്കുന്നു. ഇതുവഴി കൂട്ടുത്തരവാദിത്വം ഉള്ള ഒരു സമൂഹം ഉണ്ടായി തീർന്നു എന്നുപറയാം.
ഐസ്്ലന്റ്, ഡെന്മാർക്ക്, നോർവേ, സ്വീഡൻ തുടങ്ങിയ നൊറാഡിക് രാജ്യങ്ങൾ cradle to grave എന്ന ക്ഷേമപദ്ധതികൾ നടപ്പിൽ വരുത്തുന്പോൾ അത് ജനങ്ങളിൽ നിന്നും നികുതി പിരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ്. ഇത്തരം രാജ്യങ്ങൾ തൊഴിൽ നികുതിയായി 30 ശതമാനത്തിൽ കുറയാത്ത നികുതി ഓരോ വ്യക്തികളിൽ നിന്നും പിരിക്കുന്നു. റേഡിയോ, ടി.വി തുടങ്ങിയവയുടെ ഉപയോഗവും ശന്പളവും നികുതി ഘടനയിൽ വരുന്നു. അങ്ങനെ കണ്ടെത്തുന്ന നികുതി പണം ജനിക്കുന്ന സമയം മുതൽ മരണ ചടങ്ങുകൾ വരെയുള്ള കാര്യങ്ങൾക്ക് സർക്കാർ ഓരോ വ്യക്തികൾക്കും വേണ്ടി ചെലവഴിക്കുവാൻ ബാധ്യസ്ഥമാണ്. അങ്ങനെ പഠനവും (12ാം ക്ലാസ് വരെയുള്ള പഠനം) ആരോഗ്യ രംഗവും പെൻഷൻ പൊതു ഇടങ്ങളും എല്ലാം സേവനമായി ജനങ്ങൾക്ക് സർക്കാർ നൽകുന്നു. ജനനം മുതൽ മരണ ചടങ്ങുകൾക്കായി അവശ്യം വരുന്ന ചിലവുകൾ വരെ സർക്കാർ വഹിക്കുകയായി. നികുതി മറികടക്കുവാൻ ഒരു പഴുതും തേടുവാൻ അവിടെ ആരും ശ്രമിക്കുകയില്ല. അങ്ങനെ ശ്രമിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുവാൻ ഭരണ കൂടം തയ്യാറാകുന്നു. ഏറ്റവും നല്ല ക്ഷേമപദ്ധതികൾ നടപ്പിൽ വരുത്തുന്ന സംവിധാനം അത്തരം രാജ്യങ്ങളിൽ വിജയിക്കുവാൻ അവസരം ഒരുക്കിയത് നികുതി പിരിവിലെ അവരുടെ നിഷ്ക്കർഷയാണ്. നമ്മുടെ രാജ്യം അത്തരത്തിലുള്ള മാതൃകാ സമൂഹമായി മാറുവാൻ മടിച്ചു നിൽക്കുന്നു.
നമ്മുടെ രാജ്യത്ത് നികുതിയുടെ എണ്ണം രണ്ടു ഡസനുകളിലും കൂടുതൽ ആണ്. ഇതിൽ തന്നെ സാധാരണക്കാർ നൽകുന്ന പരോക്ഷ നികുതിയും സന്പന്നർ നൽകുന്ന നികുതിയും പെടുന്നു. ഇതിൽ പ്രത്യക്ഷ നികുതിയിൽ സന്പന്നർ നൽകുന്ന ഇൻകം ടാക്സ്, ലക്ഷ്വറി ടാക്സ്, കോർപ്പറേറ്റ് ടാക്സ് തുടങ്ങിയവയും പരോക്ഷ നികുതിയിൽ സെയിൽസ് ടാക്സ്, സേവന നികുതി, കസ്റ്റംമ്സ് നികുതി, എക്സൈസ് നികുതി, റോഡ് നികുതി തുടങ്ങിയവയും വിവിധ സെസ്സുകളും ഉണ്ട്.
പെട്രോളിയം വിഭവങ്ങൾക്ക് മുകളിൽ വെച്ചുകെട്ടിയിരിക്കുന്ന നികുതികളെ പറ്റി പഠിച്ചാൽ നികുതികൾ കൊടുത്ത് എങ്ങനെയാണ് സാധാരണ ജനത കുഴയുന്നത് എന്ന് മനസിലാകും. പെട്രോളിയം ഇനങ്ങളുടെ വിലയിൽ പെട്രോളിന് 52 ശതമാനവും ഡീസൽ വിലയിൽ 40 ശതമാനവും നികുതിയാണ് ഇന്നുള്ളത്. ഒരു ബാരൽ പെട്രോളിയം വില 50 ഡോളർ ആണെങ്കിൽ (159 ലിറ്റർ) അടിസ്ഥാനവില ലിറ്ററിന് 20 രൂപ വരും. ശുദ്ധീകരിക്കുന്നതിനും പന്പുകളിൽ എത്തിക്കുന്നതിനും കൂടിവരുന്ന ചെലവ് പരമാവധി 11 രൂപ. അങ്ങനെയെങ്കിൽ പെട്രോൾ/ഡീസൽ ലിറ്ററിന് 31 രൂപയ്ക്കു നൽകുവാൻ കഴിയും. എന്നാൽ പെട്രോൾ വില 64 രൂപയായിരിക്കുവാൻ കാരണം നികുതികളുടെ വൻ കൂട്ടു ചേരലാണ്. ഇത്തരത്തിൽ നമ്മുടെ രാജ്യത്ത് വിറ്റഴിക്കുന്ന 40 ലക്ഷം ബാരൽ/പ്രതിദിനം പെട്രോൾ വിഭവങ്ങളിൽ നിന്നും ഒന്നര ലക്ഷം കോടി രൂപ നികുതിയായി പിരിച്ചെടുക്കുന്നു. പണക്കാരും പാവങ്ങളും ഒരു പോലെ കൊടുക്കുന്ന പെട്രോൾ നികുതി നാട്ടിൽ വിലക്കയറ്റം ഉണ്ടാക്കുന്നു. അതിന്‍റെ വലിയ ഇരകൾ സാധാരണക്കാർ ആയിരിക്കുക സ്വാഭാവികമാണ്.
നമ്മുടെ രാജ്യത്തെ പ്രതിവർഷ നികുതി വരുമാനം 15 ലക്ഷം കോടിക്കടുത്താണ്. അതിൽ പരോക്ഷനികുതി പങ്കാളിത്തം 63.3 ശതമാനവും പ്രത്യക്ഷ നികുതി കേവലം 37.7 ശതമാനവുമാണ്. ലോകത്തെ ഏറ്റവും കുറവ് നികുതി ജി.ഡി.പി അനുപാതമുള്ള മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (17.7). മറ്റുള്ളവർ മെക്സിക്കോയും ഇന്തോനേഷ്യയും. നമ്മുടെ അനുപാതം 65ലെ 10.4 ശതമാനത്തിൽ നിന്നും 91ൽ 16 ശതമാനവും ഇന്നത് 17.7 ശതമാനവുമായി. പരോക്ഷ നികുതിയിൽ കഴിഞ്ഞ നാളിൽ 41 ശതമാനം വർദ്ധന ഉണ്ടായപ്പോൾ പ്രത്യക്ഷ നികുതിയുടെ കാര്യത്തിൽ നിരന്തരം കുറവു വരുന്നു. കഴിഞ്ഞ വർഷം മാത്രം പ്രത്യക്ഷ നികുതിയിലെ ഇളവുകൾ കാൽ ലക്ഷം കോടിക്കടുത്തായിരുന്നു. ഇന്ത്യൻ സർക്കാരിന്‍റെ നികുതി പിരിവിലെ കള്ളക്കളി മനസ്സിലാക്കുവാൻ മറ്റു രാജ്യങ്ങളുടെ അവസ്ഥ മനസിലാക്കുന്നത് സഹായകരമാകും. അമേരിക്കയിൽ നികുതി-ജി.ഡി.പി അനുപാതം 75 ശതമാനം, സൗത്ത് ആഫ്രിക്ക, റഷ്യ 44 ശതമാനം. ഇതു സൂചിപ്പിക്കുന്നത് നമ്മൾ നികുതി വിഷയത്തിൽ അനാരോഗ്യ നിലപാടുകൾ തുടരുന്നു എന്നാണ്. ഈ നിലപാടുകൾ പ്രോപ്പർട്ടി ടാക്സിലും (ഇന്ത്യ 0.47, ഫ്രാൻസ് 4.3) വെൽത്ത് ടാക്സിലും പ്രകടമാണ്. (ഇന്ത്യ 0.007, ഫ്രാൻസ് 0.89). ഇതിനർത്ഥം നാട്ടുകാർ നികുതി കൊടുക്കുന്നില്ല എന്നല്ല. ഇവിടെ സർക്കാർ പണക്കാരെ നികുതിഘടനയിൽ നിന്നും പരമാവധി മാറ്റി നിർത്തുന്നു എന്നതാണ് സത്യം. ഒരു വശത്ത് നികുതിയിലൂടെ ജനം വലയുന്പോൾ സന്പന്നരെ നികുതിയിൽ നിന്നും മാറ്റി നിർത്തുന്നു. സർക്കാർ കണക്കുകൾ തന്നെ സമ്മതിക്കുന്ന കാര്യം ഇന്ത്യയിലെ 78 കോടി മുതിർന്നവരിൽ 2.9 കോടി ജനങ്ങൾ നികുതി ഘടനയിൽ വരുന്നു. ഒരു കോടി രൂപയിൽ അധികം വരുമാനം ഉള്ളവരായി കണ്ട് സർക്കാരിനു നികുതി കൊടുത്തവർ 18350 പേർ മാത്രം. പ്രത്യക്ഷ നികുതി കൊടുക്കുന്നവർ മൂന്ന് ശതമാനക്കാർ. ഇന്ത്യയിലെ കോടീശ്വരന്മാർ ഇംഗ്ലീഷ്− രാജ്യത്തിലും കൂടുതലാണ്. ഇന്ത്യൻ ബില്ലിയനേഴ്സ്ന്‍റെ ശരാശരി സ്വത്ത് ചൈനക്കാരായ ബില്ലിയനർസിന്‍റെ നാലിരട്ടിയിലധികം വരും. ഇന്ത്യൻ ജനങ്ങളിൽ അഞ്ച് ശതമാനം വരുമാനക്കാർ അമേരിക്കൻ സമൂഹത്തിലെ ഉപരി വർഗത്തിനെ കിടപിടിക്കുന്ന തരത്തിൽ സാന്പത്തിക വ്യവഹാരം നടത്തുന്നവരാണ്. (ഇന്ത്യൻ ജനസംഖ്യയിൽ 5 ശതമാനം എന്നാൽ 7 കോടി ആളുകൾ). ഇന്ത്യയിലെ 90 കോടി ജനങ്ങളുടെ വരുമാനം പ്രതിമാസം 5000 രൂപയും 93 ശതമാനം ജനങ്ങളുടെ ആസ്തി (വരുമാനമല്ല) 10000 ഡോളർ=6.5 ലക്ഷത്തിൽ കുറവുമാണ്. എന്നാൽ കാർ വിപണി മാത്രം പഠിച്ചാൽ സന്പന്നരുടെ പണക്കൊഴുപ്പ് മനസ്സിലാകും. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 10 കാറുകളുടെ ഇന്ത്യയിലെ കച്ചവടം മാത്രം പരിശോധിച്ചാൽ ഇതു വ്യക്തം. 38 കോടി വിലയുള്ള ബുഗാട്ടിയും 6.5 കോടി വിലയുള്ള റവ്ൽസ് രയ്സ്, ലാംബോർജിനി തുടങ്ങിയ കാറുകളുടെ കച്ചവടം പൊടിപൊടിക്കുന്ന രാജ്യത്ത് കോടിശ്വരന്മാരുടെ കീശകളിൽ നിന്നും നികുതി പിരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറല്ല. രാജ്യത്തെ നികുതിപിരിവ് മെച്ചപ്പെടുത്തിയാൽ ഏറ്റവും കുറഞ്ഞത് 25 ലക്ഷം കോടിയുടെ വരുമാന വർദ്ധനവ് പ്രതിവർഷം കണ്ടെത്തുവാൻ നമുക്ക് കഴിയും. (രാജ്യത്തിന് ഉപയോഗപെടുത്തുവാൻ കഴിയുന്ന മറ്റൊരു 250 ലക്ഷം കോടി രൂപ നിഷ്ക്രിയമായി കിടക്കുന്നു എന്നുകൂടി ഓർമ്മിക്കുക). എന്നാൽ ആഗോളവൽക്കരണ കാലത്ത് എല്ലാ സർക്കാർ തീരുമാനങ്ങളും പണമുള്ളവർക്കായി പുനർക്രമീകരിക്കുന്പോൾ പാവങ്ങളുടെ നികുതി ഭാരം കൂടുകയും സന്പന്നർ കൂടുതൽ സുരക്ഷിതരാകുകയും ചെയ്യും. അത്തരത്തിലുള്ള അന്തർദേശീയ ശ്രമങ്ങൾ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും കഴിഞ്ഞ 25 വർഷമായി നടന്നുവരുന്നു. അതിന്‍റെ ഭാഗമായി വാറ്റ് - ജി.എസ്.ടി നികുതി പരിഷ്കാരങ്ങളെ വിലയിരുത്തേണ്ടതുണ്ട്.
ഇന്ത്യൻ നികുതി ഘടന പൊളിച്ച് എഴുതണമെന്നു നമ്മോളോടു പറഞ്ഞുവന്ന ലോക സാന്പത്തിക സ്ഥാപനങ്ങൾ ഇന്ത്യൻ സർക്കാരിനെ കൊണ്ട് അത് 2005ൽ നടപ്പിലാക്കിക്കുവാൻ വിജയിച്ചപ്പോൾ ഓരോ സംസ്ഥാനവും മുന്‍പേ പോകുന്ന ഗോക്കൾക്കൊപ്പം എന്ന സമീപനം സ്വീകരിച്ചു. ആഗോളവൽക്കരണ വിരുദ്ധ കലാപകാരികളായി സ്വയം വേഷം കെട്ടിവരുന്ന സി.പി.ഐ.എം നേതൃത്വം കൊടുത്ത ബംഗാൾ സർക്കാരിന്‍റെ ധനവകുപ്പ് മന്ത്രി അസീം ഗുപ്ത ഇന്ത്യയിൽ അത് നടപ്പിലാക്കുവാനുള്ള സമിതിയുടെ അദ്ധ്യക്ഷനായിരുന്നു എന്ന് ഓർക്കുന്പോൾ ഇന്ത്യൻ കമ്യുണിസ്റ്റുകൾ അമേരിക്കൻ സർക്കരിനേക്കാളും ആഗോളവൽക്കരണ നയങ്ങളുടെ പ്രയോക്താക്കൾ ആണെന്ന് പറയേണ്ടിവരുന്നു. അമേരിക്ക വാറ്റ് നടപ്പിലാക്കാതിരിക്കുവാൻ ഇന്നും പറഞ്ഞു വരുന്ന വാദങ്ങൾ (അമേരിക്കയെ എല്ലാത്തിലും മാതൃകയാക്കുന്നവർ എന്തുകൊണ്ട് അമേരിക്ക വാറ്റ് നടപ്പിലാക്കിയില്ല എന്ന് തിരക്കുന്നില്ല?) പ്രസക്തമാണ്.അത് മനസ്സിലാക്കണമെങ്കിൽ വാറ്റ് നടപ്പിലാക്കിയ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇന്നനുഭവിക്കുന്ന സാന്പത്തിക രംഗത്തെ സംഭവങ്ങൾ താരതമ്യം ചെയ്താൽ മതി. അമേരിക്ക വ്യക്തമാക്കിയ ഉത്കണ്ഠകളെ ഇപ്പോൾ ശരിവെക്കുന്നതായി മനസിലാക്കാം. അവർ പറഞ്ഞത് വാറ്റ് വിലക്കയറ്റം ഉണ്ടാക്കും തൊഴിൽരാഹിത്യം വർദ്ധിപ്പിക്കും സർക്കാർ ചെലവ് കൂട്ടും എന്നാണ്. ഒരു ഉദാഹാരണം മാത്രം ഇവിടെ തെളിവിനായി രേഖപ്പെടുത്താം. 67ലെ അമേരിക്കൻ നികുതിഭാരം 25 ശതമാനം ഇന്നും മാറ്റമില്ലാതെ തുടരുന്നു. എന്നാൽ വാറ്റ് നടപ്പിലാക്കിയ യൂറോപ്യൻ രാജ്യങ്ങളിൽ നികുതിഘടനയിൽ 27 ശതമാനത്തിൽ നിന്നും 42 ശതമാനത്തിലേക്ക് ശരാശരി നികുതി വർദ്ധിച്ചു.
ഇന്ത്യയിൽ വാറ്റ് നടപ്പിലാക്കുന്പോൾ നമ്മുടെ രാഷ്ട്രീയധാരകൾ എന്തൊക്കെ കഥകൾ നമ്മളുമായി പങ്കുവെച്ചിരുന്നു എന്ന് ഓർക്കുന്നുണ്ടോ? നികുതി ആവർത്തനം ഇല്ലാതാകും. കൂട്ടിച്ചേർക്കുന്ന മുല്യത്തിന് മാത്രം അതാത് തലങ്ങളിൽ അപ്പോളപ്പോൾ നികുതി വരുന്നതിനാൽ നികുതിയിൽ 50 ശതമാനം ഇളവുണ്ടാകും. അത് വിലക്കുറവിന് അവസരം ഉണ്ടാക്കും എന്ന് തുടങ്ങുന്നു വാറ്റ്സ്വപ്നാടനങ്ങൾ. എന്നാൽ 10 വർഷത്തോളമായി നമ്മുടെ നാട്ടിൽ വാറ്റ് നികുതി എത്തിയിട്ട്. നമുക്ക് കടകളിൽ നിന്നും കിട്ടുന്ന വാങ്ങൽ ചീട്ടിൽ സെയിൽസ് ടാക്സ് എന്ന പേരിനു പകരം വാറ്റ് എന്ന പുതിയ പേരു കാണാം എന്നതല്ലാതെ സാധാരണക്കാരന് എന്ത് പ്രയോജനം ഉണ്ടായി എന്ന്‍ നമ്മളിൽ എത്രപേർ ശ്രദ്ധിച്ചു.? മാത്രവുമല്ല വാറ്റ് നടപ്പിൽ വരുത്തുവാൻ ബുദ്ധി കൂടുതൽ എരിച്ച ഇടതു പക്ഷം തന്നെ പറയുന്നു കേരളത്തിലെ കഴിഞ്ഞ 5 വർഷത്തെ നികുതി ചോർച്ച 21000 കോടിയുടെത് ആണെന്ന്.
ജി.എസ്.ടി എന്ന വാറ്റിന്റെ (സംസ്ഥാന നികുതി) ദേശീയ തുടർച്ച ജന്മം കൊള്ളുന്പോൾ ജി.എസ്.ടിയെപറ്റിയും രാഷ്ട്രീയ നേതാക്കന്‍മാർക്ക് (ഇടതുപക്ഷത്തിനടക്കം) നല്ലതേ പറയുവാനുള്ളു. എന്നാൽ വാറ്റിലും മോശമായ അനുഭവങ്ങൾ ആയിരിക്കും നമുക്ക് ജി.എസ്.ടി നൽകുവാൻ പോകുന്നത്. രാജ്യത്തിന്‍റെ ഫെഡറൽ അവകാശങ്ങളെ ജി.എസ്.ടി ഇല്ലാതാക്കും എന്നതാണ് ഏറ്റവും അപകടമായ വസ്തുത. ഏറെ നാളുകളായി സംസ്ഥാന അവകാശങ്ങൾ നിരന്തരമായി കേന്ദ്ര അധികാരികളിലേക്ക് മാറ്റപെടുന്നു. ഇത്തരം കേന്ദ്ര സർക്കാരുകളുടെ കൈകടത്തലുകളാണ് വടക്ക്കിഴക്കൻ, കാശ്മീർ സംഘർഷങ്ങൾക്ക് കാരണമായിട്ടുള്ളത്. നികുതികളുടെ വിവിധ കാര്യങ്ങൾ തീരുമാനിക്കുന്ന ദേശീയ സമിതിയിലെ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളെ കേന്ദ്രം തീരുമാനിക്കും എന്ന് കൂടി അറിയുന്പോഴേ ചതിക്കുഴികൾ കൂടുതൽ വ്യക്തമാകുകയുള്ളു. നിലവിലെ കേന്ദ്ര നികുതികൾ ശരാശരി 16 ശതമാനം സംസ്ഥാനനികുതി (വാറ്റ്) 14 ശതമാനവും ആണ്. പകരം 18 മുതൽ 22 ശതമാനം നികുതി എന്ന് കേൾക്കുന്പോൾ നമുക്ക് ആശ്വാസം തോന്നാം. പക്ഷേ കേന്ദ്രസർക്കാർ ഉപദേശകർ പറയുന്നത് എല്ലാ വസ്തുക്കൾക്കും മുകളിൽ പറഞ്ഞ തരത്തിൽ നികുതി ഏർപെടുത്തി നികുതി ഘടന ലഘൂകരിക്കാം എന്നാണ്. നമ്മുടെ നാട്ടിൽ ഓരോ ഉൽപ്പന്നങ്ങൾക്കും ഓരോ തരം നികുതി നിലനിൽക്കുന്നു. ഉദാഹരണത്തിനു ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന സാധങ്ങൾക്ക് അരി, പഞ്ചസാര തുടങ്ങിയവക്ക് 5 ശതമാനം നികുതിയാണുള്ളത്. അത് 4 ഇരട്ടിയാകുമെന്ന് ജി.എസ്.ടി ആരാധകർ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ 30 ശതമാനത്തിലധികം നികുതി ചുമത്തുന്ന സാധങ്ങളുടെ പട്ടികയിൽ വരുന്ന എൽ.ഇ.ഡി, എയർ കണ്ടീഷണർ, വിലപിടിച്ച കാറുകൾ, സ്റ്റാർ ഹോട്ടൽ ഭക്ഷണം തുടങ്ങിയവയുടെ നികുതിയിൽ വലിയ കുറവുണ്ടാകും. ഇത്തരം മാതൃകയിലുള്ള നികുതി പൊളിച്ചെഴുത്ത് ആരുടെ താൽപര്യങ്ങൾക്കായിട്ടായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ആഗോളവൽക്കരണം എന്നാൽ എല്ലാ നിയമവും ഉള്ളവന് സൗഭാഗ്യങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.
ഇന്ത്യ വിഭവ ദാരിദ്ര്യം അനുഭവിക്കുന്നു എന്ന് ആർക്കും പറയുവാൻ കഴിയുകയില്ല. ലോകത്തെ കോടിപതികളിൽ നല്ലപങ്ക് ആളുകൾ ഇന്ത്യൻ ദേശിയതയുടെ ഭാഗമാണ്. നികുതി പിരിക്കലും നികുതി കൊടുക്കലും ഒരു സംസ്കാരമായി വളരുവാനും വളർത്തുവാനും ഇവിടുത്തെ രാഷ്ട്രീയ− സാമൂഹിക സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. രാഷ്ട്രീയ ലോകം നിരന്തരം ചുവടു മാറ്റം നടത്തി തങ്ങൾ രാജ്യത്തിന് നൽകുന്ന (?) ധീര (?) പ്രവർത്തനത്തിൽ അഭിരമിക്കുന്നു. കണക്കുകളിൽ നമ്മുടെ നാട് വെട്ടിതിളങ്ങുന്നു. എന്നാൽ ബഹുഭൂരിപക്ഷം ജനതയും സാന്പത്തിക അരക്ഷിതാവസ്ഥയിലാണ്. ജീവിക്കുവാനായി തോട്ടി പണിചെയ്യുന്ന ജനങ്ങൾ ഇവിടെ ലക്ഷങ്ങൾ വരുന്നു. അവരിൽ കൂടുതലും പ്രധാനമന്ത്രിയുടെ നാട്ടിൽ പണിചെയ്യുന്നു. ബാല തൊഴിൽ നിയമം നിലവിലുള്ള ഇന്ത്യയിൽ ഇന്നും കുട്ടി പണിക്കാർ ഒരു കോടിയിലധികമാണ്. ബാല നിയമത്തിൽ വെള്ളം ചേർത്ത് ബാലവേലയെ പ്രോത്സാഹിപ്പിക്കുവാൻ ശ്രമിക്കുന്ന ബാലവേലാ ഭേദഗതി നിയമം 2016 നിലവിൽ വരുന്നു. പശുവിന്‍റെ തോൽ എടുത്തു ജീവിച്ചു വന്നവരെ പ്രാകൃത ലോകത്തെ ഓർമ്മിപ്പിക്കും വിധം കായികമായി സവർണ്ണർ മർദ്ദിക്കുന്നു. എല്ലാ തീരുമാനങ്ങളും ജനാധിപത്യത്തിന്‍റെ സാമാന്യ ധാരണകളെ വെല്ലുവിളിച്ചു കൊണ്ട് സർക്കാർ നടപ്പിലാക്കുന്നു . എല്ലാ രാഷ്ട്രീയക്കാരും ഒരേ സ്വരത്തിൽ പ്രസംഗിക്കുന്നു. പുതിയ നികുതി പൊളിച്ചെഴുത്തുകളിൽ 90% ജനങ്ങളും കളത്തിനു പുറത്താണ് എന്ന് നമ്മൾ എന്നാണ് തിരിച്ചറിയുക?.