ജാതിരഹിത ഇന്ത്യ സാധ്യമാണ് ...
ചാതുർവർണ്യം മയാ സൃഷ്ടം
ഗുണകർമ്മ മഹാവിഭാവഗഹ ഭഗവത്‌ഗീ-ത (4.13).
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ ദൃഷ്ടിയിൽ
പെട്ടാലും ദോഷമുള്ളോർ കുമാരനാശാൻ.
ഇന്ത്യൻ ഭൂവിഭാഗം ലോക സാന്പത്തിക−സാംസ്‌കാരിക രംഗത്ത് വൻ ശക്തിയായിരുന്നു എന്ന് പ്രാചീന ചരിത്രം പറയുന്നു. ശാസ്ത്രത്തിലും സാഹിത്യത്തിലും ഒക്കെ പ്രസ്തുത ഭൂവിഭാഗത്തിനുണ്ടായ മുന്നേറ്റങ്ങൾക്ക് പിന്നിലെ ശക്തി ആരുടേതായിരുന്നു?
ജനാധിപത്യത്തിൽ ബുദ്ധ മതശാലകൾ, അഹിംസയിൽ ജൈന മതം. ലോകത്തെ ഏറ്റവും വലിയ വിദ്യാലയങ്ങളായി തലയുയർത്തി നിന്ന നളന്ദയും തക്ഷശിലയും ബുദ്ധമത വിശ്വാസികളുടെ വലിയ കേന്ദ്രങ്ങളായിരുന്നു. ഭരണരംഗത്ത് അശോക ചക്രവർത്തിയും മൗര്യ ഭരണവും അക്ബറും. ചികിത്സയിലും (നാഗാർജ്ജുനൻ, അഷ്ടാംഗ ഹൃദയം) വിദ്യാഭ്യാസത്തിലും ബുദ്ധമതം പ്രകടിപ്പിച്ച സ്വാധീനം. ഇന്ത്യൻ ഭൂവിഭാഗത്തിലെ ക്ലാസിക്കൽ രചനകൾ രാമായണം, മഹാഭാരതം എഴുതിയവർ ശൂദ്ര ജാതിക്കാർ.
ലോകത്തെ വലിയ യോദ്ധാവ് അലക്സാണ്ടർ ഇന്ത്യൻ ഭൂഖണ്ധത്തിൽ പരാജയം സമ്മതിച്ചു പിൻവാങ്ങാൻ (ജ്ജലം യുദ്ധം BC 326) കാരണക്കാരായ ജനത ബുദ്ധമതത്താൽ പ്രചോതിതരായിരുന്നു.
ഇന്ത്യൻ ഭൂഖണ്ധത്തിൽ ഉണ്ടായ 6 ദർശങ്ങളിൽ നാലും യുക്തിവാദാതിഷ്ടിതമാണ്. ഹൈന്ദവ ധാരയായി കരുതിവരുന്ന ഉപനിഷത്തുകളും വേദങ്ങളും രാമായണാദി ക്ലാസ്സിക്കുകളും വലിയ സാംസ്‌കാരിക ലോകമാണ് ഇവിടെ തീർത്തത്.
പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള രാജ്യം വിദേശശക്തിക്ക് മുന്‍പിൽ കീഴടങ്ങിയത്? എന്തായിരുന്നു അതിനുള്ള അടിസ്ഥാന കാരണം? അതിനുള്ള ഉത്തരം ഒന്ന് മാത്രമാണ്. ക്രിസ്തു വർഷം 800 മുതൽ ശക്തമായി ഇന്ത്യയിൽ പിടിമുറുക്കിയ ചാതുർവർണ്യം വ്യവസ്തിഥി അല്ലാതെ മറ്റൊന്നുമല്ല പരാജത്തിനു കാരണം. അതുകൊണ്ടാണ് ഡിആർ അംബേദ്‌കർ ലോകത്തെ ഏറ്റവും വലിയ അപരിഷ്കൃത, അടിമ വ്യവസ്ഥിതിയാണ് എന്നും എന്നാൽ ഈ അടിമവ്യവസ്ഥിതി ഇന്ത്യൻ സമൂഹത്തിലെ ചാതുർവർണ്യ സംവിധാനവുമായി തട്ടിച്ചു നോക്കിയാൽ എത്രയോ മനുഷ്യത്തപരമാണെന്ന് ഉറക്കെ പറഞ്ഞത്.
ഇന്ത്യയുടെ ദേശിയഗ്രന്ഥമായി ഭഗവത്ഗീതയെ അംഗീകരിക്കണമെന്ന് പറയുന്നവരുടെ പിന്നിലെ മുഖ്യ പ്രേരകശക്തി പ്രസ്തുത ഗ്രന്ഥം ജാതിവിഭജനത്തോടെ കാട്ടുന്ന സംശയരഹിതമായ ന്യായീകരണമല്ലാതെ മറ്റൊന്നുമല്ല. പ്രസ്തുത ഗ്രന്ഥം വർണ്ണ സങ്കരത്തെ എത്ര കർക്കശത്തോടെ ഭയപ്പെടുന്നു എന്ന് മനസ്സിലാക്കുക. രാമരാജ്യം സ്വപനം കാണുന്നവർ ശംബുകന്‍റെ തലകൊയ്യുവാൻ ശ്രീരാമൻ എടുത്ത തീരുമാനത്തിന് പിന്നിലെ ശൂദ്രവിരുദ്ധ നിലപാടുകളെ കാണാൻ മടിക്കുന്നു. (ഗാന്ധിജി രാമന്‍റെ ശൂദ്ര നിലപാടിൽ മൗനം പാലിച്ചു)
എന്നെ മനുഷ്യനാക്കിയതിൽ ബ്രിട്ടീഷുകാർ വിജയിച്ച ഭീമ ഖോരിയൂൺ (1818) യുദ്ധം വലിയ പങ്കുവഹിച്ചു എന്ന ബാബാസാഹിബ് നടത്തിയ പരാമർശം ഇന്നുകേൾക്കുന്പോൾ നമുക്ക് ഉൾക്കൊള്ളുവാൻ പ്രയാസമായിരിക്കും. മറാത്തയിലെ (പൂനെ) പെഷവാർ രാജാക്കന്മാരെ പുറത്താക്കുവാൻ ബ്രിട്ടീഷ്‌കാർ നടത്തിയ യുദ്ധത്തിൽ നാട്ടുകാരായ മഹർ സമുദായക്കാർ സായിപ്പന്മാർക്കൊപ്പം അണിനിരന്നു. 500 പേർ അംഗമായിരുന്ന മഹർ പടയാളികൾ 30000 വരുന്ന പെഷവാർ ബ്രാഹ്മിൻ പടയെ ഒറ്റ ദിവസം കൊണ്ട് കീഴ്പ്പെടുത്തി. പെഷവാർ ഭരണത്തെ അധികാരത്തിൽ നിന്നും പുറത്താക്കി വൈദേശികതയ്ക്ക് അവസരം ഒരുക്കിയതിനു പിന്നിലെ ദളിത് വികാരം മനുസ്മൃതി ഭരണത്തെ തകർത്തെറിയുവാൻ കിട്ടിയ അവസരത്തെ ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു. പെഷവാർ ഭരണത്തിന്‍റെ അന്ത്യമാണ് ഭീമിൻ പള്ളിക്കൂടത്തിൽ പ്രവേശനം നേടികൊടുത്തത്. പെഷവാർ ഭരണം തുടർന്നിരുന്നുവെങ്കിൽ അടിമകൾ എന്ന് മാത്രം പരിഗണിക്കപ്പെട്ടിരുന്ന മഹർ സമുദായക്കാരനായ അംബേദ്‌കർക്ക് വിദ്യാഭ്യാസം അനുവദിക്കപ്പെടുമായിരുന്നില്ല. ഇതിനു സമാനമായ അനുഭവമാണ് നാരായണ ഗുരുവും പ്രകടിപ്പിച്ചിരുന്നത്. തനിക്കു സന്യാസ ദീക്ഷ നൽകിയത് സായിപ്പന്മാരാണ് അതുകൊണ്ട് അവാരാണെന്‍റെ ഗുരുവെന്ന് ഗുരു പറയുന്പോൾ അത്ഭുതപ്പെടേണ്ടതില്ല. അലോപ്പതി യോഗ്യത നേടിയ ഡോക്ടർ പൽപ്പുവിനോടായി തനിക്ക് ഞാൻ ജോലി നൽകിയാൽ തെങ്ങു കയറുവാൻ ആരെ കിട്ടും എന്ന് ചോദിച്ച തിരുവിതാംകൂർ രാജ ഭരണവും ചരിത്രത്തിന്‍റെ ഭാഗമാണ്.
സ്വതന്ത്ര ഇന്ത്യ വലിയ സാമൂഹിക മുന്നേറ്റങ്ങൾ നടത്തുന്പോഴും ഇന്ത്യൻ സമൂഹം പിന്തുടരുന്ന ജാതി സങ്കൽപ്പങ്ങൾ ആരെയും വേദനിപ്പിക്കും. ഇതിനുള്ള കാരണങ്ങൾക്ക് ഗാന്ധിജി മുതൽ ഇഎംഎസ് വരെയുള്ളവർ ഏറിയും കുറഞ്ഞും ഉത്തരവാദികൾ ആണ്. നവോത്ഥനത്തിന്‍റെ ഇന്ത്യൻ തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്‍റെ തലസ്ഥാന നഗരിയിൽ ഇന്നും ഒച്ചാട്ടൽ എന്ന ചടങ്ങ് നടക്കുന്നു. ബ്രാഹ്മണൻ പദ്മനാഭ ക്ഷേത്രത്തിൽ ചടങ്ങിനായി പോകുന്പോൾ അഭിമുഖമായി വരുന്ന ശൂദ്രരും സ്ത്രീകളും ദൂരെ മാറി നിൽക്കണം എന്ന വാദം ഭരണഘടനാവിരുദ്ധമാണ്. ഇത്തരം വിവേചനങ്ങൾ ഇന്ത്യയിൽ ഇന്നും എത്രയോ സജീവമാണ്. തമിഴ്നാട്ടിൽ 60 ഓളം വിവേചനങ്ങൾ നിലനിൽക്കുന്നു.
നമ്മുടെ രാജ്യത്തെ ഭരണഘടന നിലവിൽ വരുന്നതിനും മുന്‍പ് 1930, 31, 32 വർഷങ്ങളിൽ നടന്ന വട്ടമേശ സമ്മേളനങ്ങളിൽ (സൈമൺ കമ്മിഷൻ ചർച്ച) ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ഡോ.അംബേദ്‌കർ, ആർ. ശ്രീനിവാസൻ, റാവ്വ് ബഹദൂർ തുടങ്ങിയവർ ദളിതരുമായി ബന്ധപെട്ട നിരവധി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
തുല്യ പൗരത്വം, രാഷ്ട്രീയ പങ്കാളിത്തം, സംവരണം, മർദ്ദിത വിഭാഗങ്ങളിൽ നിന്നും മന്ത്രിസഭയിൽ പ്രാതിനിത്യം തുടങ്ങിയ അവകാശങ്ങൾ വലിയ തരത്തിൽ സമൂഹവും രാഷ്ട്രീയ സംഘടനകളും ചർച്ച ചെയ്തു. അതിൽ പലതും പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തി. ഭരണഘടനയുടെ അനുശ്ചേദം (section)14 മുതൽ 18 വരെ സമത്വത്തിനുള്ള അവകാശം ഉറപ്പു തരുന്നു.ഇവയിൽ ഒട്ടനവധി നിയമങ്ങൾ ജാതി വിവേചനത്തിനെ കർക്കശമായി നിരുത്സാഹപ്പെടുത്തുന്നുണ്ട്. 19 അനുശ്ചേദം ജനസമിതിയിലെ അവകാശങ്ങൾ ഉറപ്പിക്കുന്നു. ഇത്തരം നിയമങ്ങൾ നിലവിൽ ഉണ്ടായിട്ടും ദളിത് ജീവിതം സുരക്ഷിതമല്ലത്തതിനാൽ 1989ൽ പട്ടിക ജാതി−പട്ടിക വർഗ്ഗ അതിക്രമങ്ങൾ തടയുവാൻ പുതിയ ഒരു നിയമവും കൊണ്ടുവന്നു. എന്നാൽ ദളിതരെ രണ്ടാം തരം പൗരന്മാരായി കാണുന്ന നമ്മുടെ സാമൂഹിക ശീലങ്ങൾ തുടരുന്നു. അതിനു കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് BJP−മറ്റു സമാന സ്വഭാവമുള്ള സംഘടനകൾക്ക് മുന്തൂക്കമുള്ള സർക്കാർ നിലവിൽ തുടരുന്പോൾ സംഭവിച്ചുവരുന്നത്.
ഇന്ത്യൻ ജനസംഖ്യയിൽ ദളിതുകളും ആദിവാസികളും കൂടിയുള്ള ജനസംഖ്യാ അനുപാതം 25% ആണ് (ദളിത്16.6ഉം ആദിമാവാസികൾ 8.6കളും). എന്നാൽ സംവരണം ഇല്ലാത്ത ഇടങ്ങളിൽ അവരുടെ സാ്നിദ്ധ്യം നമമാത്രമായി തുടരുന്നു. ഇന്ത്യയിൽ ഭൂരഹിതരിൽ 80ശതമാനത്തിനടുത്ത് ആളുകളും ദളിത്-ആദിവാസികളിൽ നിന്നുള്ളവരാണ്. വികസനത്തിനായി കുടിയിറക്കപ്പട്ടവരായ 3 കോടിയിൽ നല്ലൊരു പങ്കും ആദിവാസി-−ദളിത് വിഭാഗത്തിൽ പെട്ടവർ. എന്നാൽ ഇന്ത്യൻ റെയിൽവേ യിലെ തോട്ടിപണിക്കാരിൽ നല്ലൊരു പങ്കും ദളിതരാണ്. ശുചീകരണ തൊഴിൽ രംഗത്തെ വലിയ പങ്കും വാൽമീകി സമുദായക്കാർ. തൊഴിൽ രംഗത്തെ ഇത്തരം അനാരോഗ്യ സ്വഭാവങ്ങൾ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ചാതുർവർണ്യ സംവിധാനത്തിന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നു.
തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായികൊണ്ട് ഭൂമിക്കും ജാതി പരിഹാസത്തിനും എതിരായി സമരം ചെയ്ത നഗപട്ടണം ജില്ലയിലെ കീഴ്മേൽ മണിഗ്രമത്തിലെ 50 തിനടുത്ത് വരുന്ന ദളിതരെ സവർണ്ണ ജാതിനേ താക്കൾ കൂട്ടകൊല ചെയ്തു. തമിഴ്നാട്ടിലെ ലക്ഷ്മിപുരത്ത് ചാതുർവർണ്യ സംവിധാനത്തിനു പുറത്തുകടക്കുവാനും ഇസ്ലാം മതം സ്വീകരിക്കുവാനും തീരുമാനിച്ച ഗ്രാമീണരെ ആർ.എസ്.എസ് മറ്റു ഹിന്ദുമത മൗലികവാദികളും മതം മാറുവാനുള്ള അവകാശത്തെ കായികമായി ചെറുത്തു.
ഹിന്ദു ധർമ്മത്തിന്‍റെ അടിത്തറ ബ്രാഹ്മണ സേവയായി അംഗീകരിക്കുന്ന മതം ഇന്ത്യൻ ജനസംഖ്യയിലെ ബഹുഭൂരിപക്ഷം ആളുകളും ബ്രാഹ്മണന്‍റെ ദാസനായി ജീവിക്കുവാൻ ചുമതലപ്പെട്ടിരിക്കുന്നു എന്നാണ് പഠിപ്പിക്കുന്നത്. ഈ നിലപാട് സ്വാതന്ത്ര്യ കാലത്ത് തന്നെ ഹൈന്ദവ ധർമ്മ ഭരണം പുനസ്ഥാപിക്കുക ലക്ഷ്യം വെച്ച് പ്രവർത്തിച്ചു തുടങ്ങിയ ഹിന്ദു മഹാസഭയും പിന്നീട് ആർ.എസ്.എസും മറച്ചുവെച്ചില്ല. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ജനുവരി 26 ആയി ആഘോഷിക്കുവാൻ ലാഹോർ കോൺഗ്രസ് സമ്മേളനം തീരുമാനിച്ചശേഷം 1929ൽ ആർ.എസ്.എസ്ആദ്യവും അവസാനവുമായി പങ്കെടുത്ത സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ ഉയർത്തിയ ദേശീയ പതാക കാവിക്കൊടി ആയിരുന്നു. ഭരണഘടന ചർച്ചകൾ നടന്ന 40കളുടെ അവസാനം ഹിന്ദുമഹാസഭയും ബന്ധപ്പെട്ടവരും മനുസ്മൃതിയെ പരിഗണിക്കാത്ത ഭരണഘടന ഹൈന്ദവവിരുദ്ധമാണെന്ന് പറയുവാൻ മടിച്ചില്ല. ഹിന്ദു സമുദായ ബിൽ ഹൈന്ദവതയെ ഒന്നിപ്പിക്കുവാനും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഏക സിവിൽക്കോടിനും എതിരായിരുന്നു. ബില്ലിലൂടെ സിക്കുകാരും ബുദ്ധമതവിശ്വാസിയും ജൈനനും ഒരു നിയമത്തിനു പിന്നിൽ വന്നത് ഹൈന്ദവമത മേൽകോയ്മയെ അംഗീകരിപ്പിക്കലിന്‍റെ ഭാഗമായിരുന്നു. എന്നിട്ടും ആ ബിൽ കൊണ്ടുവന്ന അംബേദ്കർ മന്ത്രിസഭയിൽ നിന്നും പുറത്തു പോകുവാനും രാഷ്ട്രീയമായി ഒറ്റപ്പെടുവാനും കാരണമായി. യുക്തിവാദിയായിരുന്ന പ്രധാനമന്ത്രിയുടെ തണലിൽ പോലും അംബേദകർ ഒറ്റപെട്ടു. ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന ഡോ. രാധാകൃഷ്ണൻ ബില്ലിൽ അതൃപ്തി രേഖപ്പെടുത്തി. ഹിന്ദുസമുദായത്തിന് ഭാവിയിൽ മതപരമായി സംഘടിക്കുവാൻ കൂടുതൽ അവസരം ഒരുക്കുന്ന ഒരു പൊതു നിയമം സർക്കാർ ഉണ്ടാക്കിയതിനെ ബ്രാഹ്മണ മത നേതൃത്വം ഒറ്റകെട്ടായി എതിർക്കുവാൻ കാരണമായത് നിയമത്തിൽ അനുശാസിക്കുന്ന സ്ത്രീകൾക്ക് സ്വത്തിൽ നൽകുവാൻ നിർദ്ദേശിച്ച സ്വത്തിലെ തുല്യ അവകാശമായിരുന്നു.
സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ ദളിത് വിരുദ്ധ നിലപാടുകൾ കൂടുതൽ ശക്തി നേടി. ഇടതുപക്ഷ രാഷ്ട്രീയം മുൻകൈ നേടിയ ഇടങ്ങളിൽ മാത്രമാണ് ജാതിസ്പർദ്ധ പ്രകടമായി കുറഞ്ഞത്. ദ്രാവിഡ രാഷ്ട്രീയത്തിൽ മുന്നേറിയ തമിഴ്നാട്ടിൽ പോലും ദളിതുകൾ വലിയ തോതിൽ പൊതു ഇടങ്ങളിൽ നിന്നും പുറത്താക്കപെട്ടിരിക്കുന്നു. ഗാന്ധിജിയുടെ കോൺഗ്രസ് എല്ലാ കാലത്തും ദളിതുകളെ തുല്യപദവി നൽകി അംഗീകരിക്കുവാൻ തയ്യാറായില്ല. ഹൈന്ദവ രാഷ്ടീയത്തിൽ നിന്നും അത്തരം ഒരു നിലപാട് പ്രതീക്ഷിക്കുവാൻ ആർക്കും കഴിയുകയുമില്ല. സോഷ്യലിസ്റ്റുകൾ ചില അവസരങ്ങളിൽ എങ്കിലും അതിനു മുതിർന്നു. അപ്പോഴും നമ്മുടെ രാജ്യത്തെ അംഗൻവാടികൾ മുതൽ ശവപറന്പുകൾ വരെ ദളിത് വിരുദ്ധതയിൽ അടിയുറച്ചു നിൽക്കുന്നു. അതുവഴി ദളിതുകളും ആദിവാസികളും വലിയ തോതിൽ കായികമായും സാംസ്കാരികമായും നിരന്തരം ആക്രമണങ്ങൾക്ക് വിധേയമാണ്.
ഇന്ത്യൻ പൊതു സമൂഹത്തിൽ ബ്രാഹ്മണ ജാതിയിൽ പെട്ടവർ 5% (5.6 കോടി) മാത്രമാണെങ്കിലും പ്രധാന രാഷ്ട്രീയ പാർട്ടികളുടെ മുഖ്യസ്ഥാനം മുതൽ എല്ലാ മേഖലയിലും അവരുടെ സാന്നിദ്ധ്യം ശക്തമാണ്. (അതില്ല എങ്കിൽ ബ്രാഹ്മണ്യത്തെ ആദരിക്കുന്നവർ നിർണ്ണായക സ്ഥാനങ്ങളിൽ ഉണ്ട്). സർക്കാർ ഉദ്യോഗങ്ങളിൽ ഇക്കൂട്ടരുടെ സാന്നിദ്ധ്യം സ്വാഭാവിക അനുപാതത്തിന്‍റെ 10 ഇരട്ടിക്കു മുകളിലാണ്. ഇന്ത്യൻ ചീഫ് സെക്രട്ടറിമാരിൽ 26ൽ, 19ഉം ബ്രാഹ്മണർ, 27 ലെഫ്റ്റ്. ഗവർണർ. −ഗവർണർമാരിൽ 13 പേരും ബ്രാഹ്മണർ സുപ്രീംകോടതി ജഡ്ജിമാരിൽ 47%ഉം ഇതേ സമുദായക്കാർ. പാർലമെന്‍ററിൽ 20% കസേരകളും അവർക്കായിരുന്നു. അതിൽ ഇന്ന് ചെറിയ മാറ്റമുണ്ടെങ്കിലും (10%) ക്യാബിനറ്റുകളിൽ മുന്നോക്കക്കാർ 50%. എന്നാൽ അവിടെ 16.6% വരുന്ന ദളിത് പ്രാതിനിത്യം 3 മാത്രം. നമ്മുടെ മാധ്യമ ലോകമാണ് ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ കരുത്തുള്ളതാക്കുന്നത്. മാധ്യമങ്ങളിലെ പ്രധാനപ്പെട്ട 315 സ്ഥാനങ്ങളിൽ ഒരാൾ പോലും ദളിത്-ആദിവാസി വിഭാങ്ങളിൽ നിന്നും ഇല്ല. പത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ 4ൽ ഉടമസ്ഥരുടെ കൂട്ടത്തിലെ 3 ആളുകൾ ബനിയ സമുദായക്കാരും ഒരാൾ ബ്രാഹ്മണ സമുദായക്കാരുമാണ്. വാർത്താ ചാനലുകളുടെ അവസ്ഥയും ഇതേ പടിയിൽ തന്നെ.
വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽ തുടർന്നുവരുന്ന വിവിധ തരം സ്കൂൾ സംവിധാനങ്ങൾ പുതു തലമുറയെയും ജാതി വിവേചനം പഠിപ്പിക്കുന്നു. മേട്രുക്കുലേഷൻ എത്തുന്പോഴേക്കും 72% ദളിത് കുട്ടികളും വിദ്യാഭ്യാസം ഉപേക്ഷിക്കുന്നു. ഡിഗ്രീ തലത്തിൽ ദളിതരുടെ പങ്കാളിത്തം 2.5% മാത്രം. ഇന്ത്യൻ സർവ്വകലാശാലയിലെ പ്രസിദ്ധമായ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ദളിത് അദ്ധ്യാപക പങ്കാളിത്തം 3.3%. ആദിവാസി ഉദ്യോഗസ്ഥർ 1.5%. ഇരുവിഭാഗവും കൂടി 22.5% പ്രാതിനിത്യം ഉണ്ടാകണമെന്നിരിക്കെയാണ് ഈ കൂട്ടരുടെ സാന്നിദ്ധ്യം ഇത്ര കുറവായിരിക്കുന്നത്.
ഇന്ത്യൻ ജനങ്ങളിൽ ഭൂരഹിതരിൽ 80 ശതമാനവും ദളിതുകളാണ്. ഇന്ത്യൻ കാർഷികരംഗത്തെ പണിയാളുകളിൽ 75% ആളുകളും ഇത്തരത്തിൽ അവാഗണിക്കപ്പെടുന്നു.
ഇന്ത്യയിൽ ആഗോളവൽക്കരണം നടപ്പിൽ വരുത്തിതുടങ്ങിയ കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും വലിയ തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടി വന്നവർ ദളിത് ആദിവാസികളാണ്. മദ്ധ്യ−ഇന്ത്യയുടെ പ്രകൃതി സ്വത്തുക്കൾ അന്തർദേശിയ-ദേശീയ ഖനന മാഫിയകൾ വലിയ തോതിൽ തട്ടിയെടുക്കുന്നതിനെതിരെ ആദിവാസി-−ദളിത് വിഭാഗങ്ങൾ നടത്തുന്ന ചെറുത്തു നിൽപ്പുകളെ അടിച്ചും വെടിവെച്ചും തകർക്കുവാൻ ആർ.എസ്.എസ് മുതലായ ഹൈന്ദവ സംഘടനകളുടെ ആശിർവാദത്തോടെയും മറ്റും പ്രവർത്തിക്കുന്ന രൺവീർസേന, ഭൂമി സേന, ബ്രഹ്മർഷി സേന, സവർണ്ണ liberation front, ഗംഗാ സേന തുടങ്ങിയ സവർണ്ണ ഗുണ്ടാസംഘങ്ങൾ ദളിത് ആദിവസികൾക്കെതിരെ നിരവധി കൂട്ടകൊലകൾ നടത്തിക്കഴിഞ്ഞു. തങ്ങളുടെ ഭൂമിയിൽ നിന്നും പുറത്താക്കപെടുന്നതിനെതിരായി നടത്തുന്ന സമരങ്ങളെ സർക്കാർ നൽകുന്ന ആയുധവും പണവും വാങ്ങി സവർണ്ണ ഗുണ്ടാപട ആക്രമിക്കുന്നു. ഇത്തരം ആക്രമങ്ങൾക്ക് പിന്തുണ നൽകുവാൻ വിവിധ സംസ്ഥാന സർക്കാരുകൾ തയ്യാറാണ്. അതിൽ മുന്തിയ താൽപര്യം ബിജെപിയുടെ സർക്കാരുകൾ കാട്ടിവരുന്നു. രാജ്യത്തെ കാർഷിക രംഗത്തെ അനിശ്ചിതത്വം, സർക്കാർ തൊഴിൽ അവസരങ്ങൾ കുറയുന്നത്, സ്വകാര്യ സ്ഥാപനങ്ങൾ വെച്ചു പുലർത്തുന്ന ദളിത് വിരുദ്ധ സമീപനങ്ങൾ, വിദ്യാഭ്യാസ −ആരോഗ്യരംഗം സ്വകര്യവൽക്കരിക്കുന്ന നിലപാട്, ഭക്ഷ്യ രംഗത്തെ വിലക്കയറ്റം ഒക്കെ വലിയ തരത്തിൽ പ്രതികൂലമായി ആദ്യം ബാധിക്കുക ദളിത് തുടങ്ങിയ പാർശ്വവൽക്കരിക്കപെട്ട സമൂഹങ്ങളെയാണ്. ഒപ്പം നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ മനുവാദികൾക്കുണ്ടായ മുന്തിയ സ്വാധീനം പ്രശ്നങ്ങൾ കൂടുതൽ കലുഷിതമാക്കി.
പ്രസിദ്ധമായ സർവ്വകലാശാലകളിൽ പോലും ദളിത് പ്രവർത്തകർ പുറത്താക്കപ്പെടുവനും സ്വയംഹത്യക്ക് വിധേയമാകുവനും നിർബന്ധിതമായ സാഹചര്യം ഒറ്റപ്പെട്ടതല്ല. ചെന്നൈ ഐഐടിയിൽ ദ്രാവിഡ സംഘടനകളെ നിരോധിച്ചതും ഇന്ത്യൻ ജനാധിപത്യത്തിനു മറ്റൊരു കളങ്കമാണ്.
ഇന്ത്യൻ ഭക്ഷ്യ രംഗത്ത് മാട്ടിറച്ചിക്ക് മുന്തിയ സ്വാധീനമാണ് ഉള്ളത്. എന്നാൽ പശുവിന്‍റെ പേരിൽ കലാപങ്ങൾ നടത്തിയിട്ടുള്ള ആർഎസ്എസും മറ്റും തങ്ങൾക്ക് ഒറ്റയ്ക്ക് പാർലമെന്‍റിൽ ഭൂരിപക്ഷം കിട്ടിയ നാൾ മുതൽ ഗോ സംരക്ഷണം ഒരു വിഷയമായി എടുത്ത് നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുകയുണ്ടായി. അതിൽ അവസാനം നമ്മൾ കേട്ട ഗുജറാത്തിൽ നിന്നും ഉണ്ടായ വാർത്തകൾ ആരെയും ലജ്ജിപ്പിക്കുന്നതാണ്. ഇന്ത്യൻ തുകൽ വ്യവസായം അരക്കോടിയിൽ അധികം ആളുകൾക്ക് തൊഴിൽ കൊടുക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള ഇന്ത്യയിൽ നാൽക്കാലികളുടെ തോലാണ് വ്യവസായത്തിന്‍റെ അടിസ്ഥാന ഘടകം. എന്നാൽ ജീവനില്ലാത്ത പശുവിന്‍റെ തോൽ എടുക്കുന്ന പണി ചെയ്തു ജീവിച്ചു വന്ന 3 പേരെ പൊതു നിരത്തിൽ വെച്ച് മൃഗീയമായി മർദ്ദിക്കുകയും അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ഗോസംരക്ഷണ സേന യഥാർത്ഥത്തിൽ ആർ.എസ്.എസ് ആശയങ്ങളെ നടപ്പിൽ വരുത്തുകയായിരുന്നു. മധ്യപ്രദേശിൽ കാളഇറച്ചി കൈയിൽ സൂക്ഷിച്ചു എന്നാരോപിച്ച് സ്ത്രീകളെയും പരസ്യമായി തല്ലുകയുണ്ടായി. കുറച്ചു നാൾക്കു മുന്‍പ് ഉത്തർപ്രദേശിലെ ദാദ്രിയിൽ അഖ്ലാഖിനെ കൊലപ്പെടുത്തുവാൻ നേതൃത്വം കൊടുത്തത് ബിജെപി എംഎൽഎയും അയാളുടെ മകനും. ഹിമാചൽ പ്രദേശിൽ അച്ഛനെയും മകനെയും കെട്ടിതൂക്കി കൊലപ്പെടുത്തി. ഇന്ത്യൻ ദളിത് പിന്നോക്ക സമുദായം ബ്രാഹ്മണ−രാഷ്ട്രീയത്തിന്‍റെ വർദ്ധിച്ച ഇരകളായി കൊണ്ടിരിക്കുന്നു. ഇതിൽ നിന്നും മോചനം നേടുവാൻ തമിഴ്നാട്ടിലെ രണ്ടു ഗ്രാമങ്ങളിലെ ദളിതർ ഇസ്ലാം മതത്തിൽ ചേരുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. (വേദർനയം, കരൂർ). ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ അനുവദിക്കാത്തതിൽ പ്രധിക്ഷേതിച്ചായിരുന്നു അവർ മതം ഉപേക്ഷിക്കുവാൻ തയ്യാറായത്.
ഇന്ത്യൻ രാഷ്ട്രീയം ഇന്നെത്തി നിൽക്കുന്ന കോർപ്പറേറ്റു താൽപ്പര്യങ്ങൾക്കും കൂടുതൽ കൂടുതൽ ദളിത് വിരുദ്ധമായിരിക്കുന്ന അവസ്ഥക്കെതിരായും ഗുജറാത്തിലും യുപിയിലും തമിഴ്നാട്ടിലും കർണ്ണാടകയിലും ഉയർന്നു വരുന്ന ദളിത് മുന്നേറ്റം എല്ലാ മനുഷ്യരെയും ഒരുപോലെ ആദരിക്കപ്പെടേണ്ടവർ എന്ന ചിന്തയിലേയ്ക്ക് രാജ്യത്തെ കൊണ്ടെത്തിക്കും എന്ന് പ്രതീക്ഷിക്കാം.