ഉപദേശവും രാഷ്ട്രീയ പ്രവർ‍ത്തനമാണ്...


USSR എന്ന രാജ്യത്തെപറ്റി ഏറെ കഥകൾ‍ കേട്ട നാടാണ്‌ കേരളം. ഇന്ത്യൻ‍ കമ്മ്യൂണിസ്റ്റുകളുടെ രൂപീകരണം (താഷ്കണ്ട്) മുതൽ‍ 89 വരെ സോവിയറ്റ് യൂണിയൻ‍ കേരളത്തിലെ ഇടതുപക്ഷക്കാരെ വല്ലാതെ മതിപ്പിച്ചു. 70കൾ‍ക്ക് ശേഷം കമ്മ്യൂണിസ്റ്റുകളുടെ ഇടയിൽ‍ രണ്ടുതരം അഭിപ്രായങ്ങൾ‍ ഈ രാജ്യത്തെപറ്റി ഉണ്ടായി. ഭരണകക്ഷിയായ ഉയർ‍ന്ന കാമ്മ്യൂണിസ്റ്റുകൾ‍ സോവിയറ്റ്‌ റഷ്യ ലോക സോഷ്യലിസത്തിനു ഉത്തമ മാതൃകയാണെന്നും രാജ്യം വന്പൻ‍ കുതിപ്പിലൂടെ മുതലാളിത്ത ലോകത്തെ കീഴടക്കും എന്ന് പ്രചരിപ്പിച്ചു. എന്നാൽ‍ നക്സൽ‍ ആശയക്കാരായ കമ്മ്യുണിസ്റ്റുകൾ‍, റഷ്യ സോഷ്യലിസ്റ്റു രാജ്യമല്ല, അത് ജനാധിപത്യം അസാധ്യമാക്കിയ, ജനങ്ങൾ‍ ഏറെ ഭയക്കുന്ന ഒരു സോഷ്യൽ‍ ഫാസ്സിസ്റ്റ് രാജ്യമാണെന്നും അവിടെ നേതാക്കന്മാരുടെ അഴിമതിവാഴ്ച്ചയാണ് നടക്കുന്നതെന്നും വിശദമാക്കി. ഇതിൽ‍ ആദ്യത്തെ ഗ്രൂപ്പിൽ‍ പെട്ട EMSഉം കൂട്ടരും റഷ്യൻ‍ രാജ്യം പലകുറി സന്ദർ‍ശിച്ചവരാണ്. രണ്ടാമത്തെ ആളുകൾ‍ ഒരിക്കലും ആനാട് നേരിൽ‍ കാണാത്തവരും. 89ൽ‍ റഷ്യ ചീട്ടുകൊട്ടാരം പോലെ തകർ‍ന്നു വീണപ്പോൾ‍ നക്സൽ‍ വാദികൾ‍ പറഞ്ഞ അഭിപ്രായം സത്യത്തിന് കൂടുതൽ‍ അടുത്തു നിൽ‍ക്കുന്നതായി മനസ്സിലാക്കുവാൻ‍ കഴിഞ്ഞു. ആദ്യകൂട്ടർ‍ക്ക് ഇത്തരത്തിൽ‍ തെറ്റായ നിലപാടുകൾ‍ ഉണ്ടായത് പച്ചകള്ളം ജനങ്ങളുടെ ഇടയിൽ‍ പ്രചരിപ്പിക്കണം എന്നതിനാണെന്ന വിലയിരുത്തലിലും സോവിയറ്റു‌കളെ പറ്റിയുള്ള തെറ്റായ രാഷ്ട്രീയ നിലപാടുകളാണ് അബദ്ധങ്ങൾ‍ പ്രചരിപ്പിക്കുവാൻ‍ കാരണമായത് എന്ന് പറയുന്നതാകും കൂടുതൽ‍ ശരി. ഈ അനുഭവം രാഷ്ട്രീയമായ മറ്റെല്ലാ കാര്യങ്ങൾ‍ക്കും ബാധകമാണ്. രാഷ്ട്രീയമായ തെറ്റായ നിലപാടുകൾ‍ ജനവിരുദ്ധമായ തീരുമാനങ്ങളിലേയ്ക്ക് നേതാക്കന്മാരെ അവർ‍ ആഗ്രഹിച്ചില്ല എങ്കിൽ‍പ്പോലും എത്തിക്കും എന്ന് ചരിത്രത്തിൽ‍ നിന്നും ബോധ്യപ്പെടാവുന്നതാണ്.

ശ്രീ എപിജെഅബ്ദുൽ‍കലാമിനെ വ്യക്തിപരമായി ഇഷ്ടപ്പെടുന്നവരിൽ‍ ചിലർ‍ അദ്ദേഹം രാഷ്ട്രപതിയായിരുന്നപ്പോൾ‍ കേരളത്തിന്‍റെ വികസനത്തെ പറ്റി നടത്തിയ അഭിപ്രായങ്ങളെ വിമർ‍ശിക്കുവാൻ‍ കാരണം വികസനം എന്നത് ഒരു രാഷ്ട്രീയ സമരമായി കാണുവാൻ‍ കലാം  വിജയിച്ചിട്ടില്ലാത്തതിനാലാണ്. വികസനം ഏതെങ്കിലും ചില പദ്ധതികളുടെ പ്രഖ്യാപനമല്ല അത് വികസനത്തെപറ്റിയുള്ള നിലപാടുകളാണ്. ആണവ നിലയങ്ങളെ ന്യായീകരിക്കുവാൻ‍ ശ്രീ കലാം മുന്നിൽ‍ നിന്നതിനു പിന്നിൽ‍ വികസനത്തെ പറ്റി അദ്ദേഹം വെച്ചുപുലർ‍ത്തിയ തെറ്റായ നയങ്ങളാണ് കാരണം.

ആഗോള വൽ‍ക്കരണത്തെ  വിജയകരമായി നടപ്പിലാക്കി വരുന്ന രണ്ടുരാജ്യങ്ങൾ‍ ഇന്ത്യയും ചൈനയുമാണെന്ന് ഹാർ‍വാട് പഠനങ്ങൾ‍ വ്യക്തമാക്കുന്നു. അതിനായി അവർ‍ അവലംബിക്കുന്ന മാനദണ്ധങ്ങൾ‍ സാന്പത്തിക ലോകത്തിനു വഴങ്ങുന്നുണ്ടായിരിക്കും. സാധാരണക്കാരന്‌ ആ അഭിപ്രായങ്ങളിൽ‍ ഒരിക്കലും ജീവിതം കൊണ്ട് അംഗീകരിക്കുവാൻ‍ കഴിയുകയില്ല. രാജ്യത്തിന്‍റെ GDP സൂചികയെയും കടത്തിവെട്ടി കേരളത്തിന്‍റെ GDP യും വളർ‍ച്ചയിലാണ്. അതിന്‍റെ ഭാഗമായി രാജ്യത്തെ ഉപഭോഗ വിപണിയിൽ‍ നല്ല ചലനം അനുഭവപ്പെടുന്നുണ്ട്. ഷെയർ‍ മാർ‍ക്കറ്റിൽ‍ വൻ‍തോതിൽ‍ കൈമാറ്റങ്ങൾ‍ നടക്കുന്നു. കാർ‍−സ്വർ‍ണ്ണവിപണികളും വീടുനിർ‍മ്മാണവും മറ്റും മറ്റും ഉയർ‍ന്ന ഗ്രാഫുകൾ‍ കാണിക്കുന്നു. യുണിവേഴ്സിറ്റികളുടെയും അവിടെനിന്നും പഠിച്ചിറങ്ങുന്നവരുടെ എണ്ണത്തിൽ‍ പുതിയ റിക്കാർ‍ഡുകൾ‍ സൃഷ്ടിക്കുന്നുണ്ട്. എല്ലാത്തിനും ഉപരി സന്പന്നരുടെ പട്ടിക അത്ഭുതങ്ങൾ‍ തീർ‍ക്കുന്നു. ശതകോടീശ്വരന്‍മാരുടെ വർ‍ദ്ധനവിൽ‍ ഇന്ത്യ ചൈനയേയും പിന്നിലാക്കിയതായി പറയപ്പെടുന്നു. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തിൽ‍ കഴിഞ്ഞ 10 വർ‍ഷത്തിനുള്ളിൽ‍ ഇരട്ടി വർ‍ദ്ധനവ് ഉണ്ടായി. അടുത്ത നാളുകളിൽ‍ അവരുടെ എണ്ണം 5.5 ലക്ഷം ആകുവാൻ‍ പോകുന്നു. (ഇപ്പോൾ‍ 2.3 ലക്ഷമാണ്). എന്നാൽ‍ ആഗോളവൽ‍ക്കരണത്തിന്‍റെ മറുപുറം അറിയുവാൻ‍ നമ്മുടെ ഗ്രാമങ്ങളിലേയ്ക്ക് പോയാൽ‍ മതിയാകും. കർ‍ഷകരുടെ ആത്മഹത്യകൾ‍ തുടരുന്നു. അതിനുള്ള കാരണങ്ങൾ‍ ആഗോളവൽ‍ക്കരണ സംബന്ധിയാണ്. അന്തർ‍ദ്ദേശീയ കരാറുകളെ പ്രതിരോധിക്കുവാൻ‍ നമ്മുടെ ഭരണ സംവിധാനം തയ്യാറല്ല. തൊഴിൽ‍ മേഖല നിശ്ചലമാണ്. തൊഴിൽ‍ അവകാശങ്ങൾ‍ എല്ലാം ഓരോന്നായി നഷ്ട്പ്പെടുന്നു. പൊതുമുതൽ‍ സ്വകാര്യ വ്യക്തികൾ‍ക്ക് കൈമാറുന്നതിൽ‍ തെറ്റ് കാണുന്നില്ല. സർ‍ക്കാർ‍ കേവലം കോർ‍പ്പറേറ്റുകളുടെ നടത്തിപ്പുകാരുടെ റോളിൽ ‍(facilitator) പ്രവർ‍ത്തിക്കുന്നു. രാജ്യനിയമങ്ങൾ‍ ഓരോന്നും പാസ്സാക്കുന്നതും നടപ്പിൽ‍ വരുത്തുന്നതും ബഹുരാഷ്ട്ര കുത്തകൾ‍ക്കായി മാത്രം. നിരവധി പുതിയ അടിച്ചമർ‍ത്തൽ‍ നിയമങ്ങൾ‍ നിയമമാക്കി വരുന്നു. സർ‍ക്കാർ‍ വകുപ്പുകളിൽ‍, വളർ‍ച്ചയും ആധുനികവിദ്യയിൽ‍ വിപ്ലവകരമായ മാറ്റവും ഉണ്ടാകുന്നത് പോലീസ് സേനയിൽ‍ മാത്രമാണെന്നത് അവിചാരിതമല്ല.

സാമ്രാജ്യത്ത വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധ നേടിയ ഇന്ത്യൻ‍ ഇടതുപക്ഷം ആഗോളവൽ‍ക്കരണ വിരുധമാകുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ രാജീവ് സർ‍ക്കാർ‍ തുടങ്ങിവെച്ച സ്വകാര്യ വൽ‍ക്കരണ നിലപാടുകളെ തുടക്കത്തിൽ‍ തന്നെ എതിർ‍ക്കുവാൻ‍ ഇടതുപാർ‍ട്ടികൾ‍ മുന്‍പിൽ‍ ഉണ്ടായിരുന്നു. പക്ഷേ അവർ‍ നിലപാടുകളിൽ‍ ഉറച്ചു നിൽ‍ക്കുവാൻ‍ മടിച്ചു. ലോകബാങ്കുകൾ‍ ഒരുക്കിയ നിരവധി കൺ‍കെട്ടു പണികളെ  കമ്മ്യൂണിസ്റ്റുകൾ‍ അംഗീകരിച്ചു. (സാക്ഷരത−വികേന്ദ്രീകൃത ആസൂത്രണം തുടങ്ങിയവ). എന്നാൽ‍ പാർ‍ട്ടികൾ‍ക്കുള്ളിൽ‍ ഒരു വിഭാഗം ആളുകൾ‍ ആഗോളവൽക്കരണത്തെ ചെറുക്കുന്നതിൽ‍ ശ്രദ്ധ കാണിച്ചു. പക്ഷെ പാർ‍ട്ടിയുടെ ഒൗദ്യോഗിക നേതൃത്വം ആഗോളവൽ‍ക്കരണ നയങ്ങളെ പുതിയ പ്രതീക്ഷയായി കണ്ടു. ഇന്ത്യൻ‍ രാഷ്ട്രീയപാർ‍ട്ടികൾ‍ ഒറ്റകെട്ടായി ആഗോളവൽ‍ക്കരണത്തെ പ്രണയിച്ചപ്പോൾ‍ അതിന്‍റെ ദുരന്തങ്ങളുടെ ഫലത്തെ ഉപയോഗപ്പെടുത്തി പ്രതിപക്ഷം അധികാരം പിടിക്കുകയും വീണ്ടും ഭരണകക്ഷിയായി മാറിയവർ‍ ഇതേ നിലപാടുകൾ‍ എടുത്തതിലൂടെ പ്രതിപക്ഷവുമായി മാറിമറിഞ്ഞു. ആഗോളവൽ‍ക്കരണം നടപ്പിലാക്കുവാനുള്ള പ്രയാണത്തിൽ‍ വലിയ പ്രഹരം ഏൽ‍ക്കേണ്ടി വന്നവർ‍ CPIM നേതൃത്വം തന്നെ. അവരുടെ ബംഗാളിലെ നീണ്ട നാലു ദശകത്തെ ഭരണം നഷ്ടപ്പെടുവാനും മടങ്ങിവരവ് സാധ്യമാകില്ല എന്ന് തോന്നിപ്പിക്കും വിധം ഒറ്റപ്പെടുവാനും കാരണമായത് സിങ്കൂർ‍-നന്ദിഗ്രാം വിഷയങ്ങൾ‍ ആയിരുന്നു. ഏതു പ്രശ്നത്തിൽ‍ ഇടപെട്ടാണോ സംഘടന ജനങ്ങളുടെ വിശ്വാസം ആർ‍ജ്ജിച്ചത് അതേ വിഷയത്തിൽ‍ തട്ടി പാർ‍ട്ടി തകിടം മറിഞ്ഞതിനെ ഗൗരവതരമായി കണ്ട് നിലപാടുകൾ‍ തിരുത്തുവാൻ‍  എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് സംശയിക്കുന്നവർ‍ ഉണ്ടാകും. എന്നാൽ‍ വിഷയം അത്ര എളുപ്പമായി പരിഹരിക്കുവാൻ‍ കഴിയാത്ത തരത്തിൽ‍ എത്തപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാകും കൂടുതൽ‍ ശരി. ഏറെകാലത്തെ ഇടതു പാർ‍ട്ടികൾ‍ തുടർന്നുവന്ന വലതുപക്ഷ നിലപാടും ലോക സോഷ്യലിസ്റ്റ് തകർ‍ച്ചയും അവരെ ആഗോളവക്കരനത്തിന് കീഴടക്കി. ഇതു മനസ്സിലാക്കുവാൻ‍ 2000 ത്തിൽ‍ പാർ‍ട്ടി നടത്തിയ പ്ലീനവും അതിൽ‍ നിന്നും ഉരുത്തിരിഞ്ഞു വന്ന രേഖകളും പരിശോധിച്ചാൽ‍ മനസ്സിലാകും. ഭൂപരിഷ്കരണ വിഷയത്തിൽ‍ പോലും അവരുടെ പഴയ നിലപാടുകളെ മയപെടുത്തി എന്ന് കാണാം.

90കൾ‍ക്ക് ശേഷം ദേശീയ തലത്തിൽ‍ പ്രവർ‍ത്തിച്ച BJP ഒഴികെയുള്ള മിക്ക സർ‍ക്കാരുകളിലും CPIM നു നിർ‍ണ്ണായക സ്വാധീനം ഉണ്ടായിട്ടും എല്ലാപേരും ആഗോളവൽ‍ക്കരണ അജണ്ടയുമായി മുന്നോട്ട് പോയി. അവരെ ഇന്ത്യൻ‍ സോഷ്യലിസ്റ്റ്‌പാതയിൽ‍ എങ്കിലും തുടരുവാൻ‍ നിർ‍ബന്ധിതമാക്കുന്നതിൽ‍ ഇടതുപാർ‍ട്ടികൾ‍ പൂർ‍ണ്ണമായി പരാജിതരായി. മാത്രവുമല്ല VAT നികുതി പോലുള്ള വിഷയങ്ങൾ‍ രാജ്യത്തുനടപ്പാക്കുന്നതിൽ‍ മുൻ‍നിര പങ്കാളിത്തം വഹിച്ചത് ഇടതു പാർ‍ട്ടികളായിരുന്നു. ഇപ്പോൾ‍ നടപ്പിൽ‍ വരുത്തുവാൻ‍ മോഡി സർ‍ക്കാർ‍ ശ്രമിക്കുന്ന GST എന്ന നികുതി സംവിധാനം ആഗോള സാന്പത്തിക താൽ‍പര്യങ്ങൾ‍ക്കായി ആണെന്നതും അത് നമ്മുടെ ഫെഡറൽ‍ സംവിധാനത്തിനെതിരാണെങ്കിലും ഇടതുപാർ‍ട്ടികൾ‍ പ്രാദേശിക പാർ‍ട്ടികളേക്കാളും വിഷയത്തിൽ‍ താൽപര്യം കാട്ടുന്നത് പാർ‍ട്ടികളുടെ രാഷ്ട്രീയനിലപാടിന്‍റെ ഭാഗമായിട്ടാണ്. ജനിതക വിത്ത് വിഷയത്തിലും SEZ രംഗത്തും PPP യിലും ആണവ നിലപാടിലും തുടങ്ങി ഒട്ടെല്ലാ വിഷയത്തിലും ഇടതു പാർ‍ട്ടികൾ‍ ഇടതു രാഷ്ട്രീയ ധാരണയെതന്നെ വെല്ലുവിളിച്ചു വരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർ‍ട്ടികൾ‍ക്ക് നാട്ടിൽ‍ ഉണ്ടാക്കുവാൻ‍ കഴിഞ്ഞ സ്വാധീനം ബംഗാളിനെക്കളും വ്യാപകമായിരുന്നു. തുടർ‍ച്ചയായ നവോത്ഥാന സമരങ്ങളാൽ‍ കേരളത്തിന്‍റെ രാഷ്ട്രീയലോകം കക്ഷിഭേതമന്യേ പൂർ‍ണ്ണമായും ഇടതുവൽ‍ക്കരണത്തിനു വിധേയമാകുവാൻ‍ വിജയിച്ചു. ലക്ഷം വീട്, കോളനികൾ‍, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പദ്ധതികൾ‍ നടപ്പിൽ‍ വരുത്തുവാൻ‍ കോൺ‍ഗ്രസ് പാർ‍ട്ടിക്ക് പങ്കാളിത്തം ഉള്ള സർ‍ക്കാരുകൾ‍ തയ്യാറായത് ഈ കാരണത്താലാണ്. എന്നാൽ‍ കമ്മ്യൂണിസ്റ്റ് പാർ‍ട്ടി അവരുടെ നിലപാടുകളിൽ‍ വെള്ളം ചേർ‍ക്കുവാൻ‍ തുടങ്ങി എന്ന് 67 ലെ മന്ത്രിസഭ മുതൽ‍ വ്യക്തമാക്കപ്പെട്ടു. EMSനെ പോലെയുള്ള സൈദ്ധാന്തികനേതൃത്വം അതിനു മാർ‍ക്സിസ്റ്റ്‌ പദാവലികൾ‍ ഉപയോഗിച്ച് ഭാക്ഷ്യങ്ങൾ‍ ചമച്ചു വന്നതിനാൽ‍ സാധാരണ ഇടതുപക്ഷക്കാർ‍ക്ക് പാർ‍ട്ടിയുടെ വലതുവശം ചേർ‍ന്നുള്ള പോക്ക് പെട്ടന്നു മനസ്സിലായില്ല. നക്സൽ‍ വിഭാഗക്കാർ‍ നടത്തിയ വിശദീകരണങ്ങൾ‍ കുറേക്കൂടി ദൂരുഹവും ഒറ്റപ്പെട്ട തുരുത്തുകൾ‍ മാത്രവുമായി ചുരുങ്ങി. ഇടതുപക്ഷ പാർ‍ട്ടികളുടെ ഭരണം നിലനിർ‍ത്തിവാനുള്ള അടവുകൾ‍ സംഘടനയുടെ യഥാർ‍ഥ ലക്ഷ്യങ്ങളെ അട്ടിമറിച്ചു. മുസ്ലിം ലീഗിനെ ഒപ്പം കൂട്ടിയാൽ‍ മുസ്ലിം സമുദായം ഒപ്പം ഉണ്ടാകും എന്ന് തുടങ്ങി വ്യവസായ നയം (മാവൂർ‍ റയോൺ‍സ്) ഭൂപരിഷ്കരണത്തെ മുഖ്യവിഷയമല്ലാതാക്കിയത്, കർ‍ഷക തൊഴിലാളികളെ ലക്ഷം കോളനിവാസികൾ‍ മാത്രമാക്കിചുരുക്കി ഭൂമിയുടെ അവകാശികൾ‍ അല്ലാതെയക്കുവനുള്ള തീരുമാനം ഒക്കെതന്നെ ദൂരവ്യാപകമായി കേരളത്തെ ഇടതു രാഷ്ട്രീയ പശ്ചാത്തലത്തിൽ‍ നിന്നും വലതുപക്ഷ നിലപാടുകളിൽ‍ എത്തിച്ചു. കേരളം കണ്ട ഏറ്റവും ജനധിപത്യവിരുദ്ധ ഭരണകാലം അടിയന്തിരാവസ്ഥയിലെ സി അച്യുതമേനോൻ‍ മന്ത്രിസഭയിരിക്കെ അത് കേരളത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ സർ‍ക്കാർ‍ ആണെന്നുള്ള (CPIM ഒഴികെയുള്ള) പാർ‍ട്ടികളുടെയും നിക്ഷ്പക്ഷർ‍ എന്ന് പറയപെടുന്നവരുടെയും അഭിപ്രായങ്ങളിൽ‍ നിന്നും നമ്മുടെ രാഷ്ട്രീയ അപചയം വായിച്ചെടുക്കുവാൻ‍ കഴിയും.

ലോക ഇടതു ചേരിക്കുണ്ടായ തകർ‍ച്ച, അതിനു പകരം വെയ്ക്കുവാൻ‍ മുതലാളിത്തത്തിനേ കഴിയൂ എന്ന പ്രചരണം തുടങ്ങിയവ ഇന്ത്യൻ‍ ഇടതുപാർ‍ട്ടികൾ‍ക്ക് വലിയ പരിക്കുകൾ‍ ഏൽ‍പ്പിച്ചില്ല. എന്നാൽ‍ ഒഴിക്കിനെതിരെ നീന്തുക എന്ന കമ്മ്യൂണിസ്റ്റ് നിലപാടുകളെ ഇന്ത്യൻ ഇടതു പാർ‍ട്ടികൾ‍ കൈ ഒഴിയുകയും നെഹ്റുവിയൻ‍ ഇടതു നയങ്ങളിൽ‍ ഇന്ത്യൻ‍ രാഷ്ട്രീയം തുടരുന്നതിൽ‍ പാർ‍ട്ടി ശരികണ്ടെത്തുവാൻ‍ തുടങ്ങി.(അപ്പോഴേയ്ക്കും കോൺ‍ഗ്രസ് നെഹ്റുവിയൻ‍ നിലപാടുകളെ തള്ളി പറഞ്ഞിരുന്നു.) അത് ഏറെ പ്രകടമായത് ആഗോളവൽ‍ക്കരണ കാലത്താണ്. 90കളുടെ തുടക്കത്തിൽ‍ മൻ‍മോഹൻ‍സിംഗ്‌ നരസിംഹറാവു മന്ത്രിസഭയിൽ‍ ഇരുന്നുചെയ്തു തുടങ്ങിയ ആഗോളവൽ‍ക്കരണ നയങ്ങളെ പാർ‍ട്ടി എതിർ‍ത്തു. 96ലെ നായനാർ‍ മന്ത്രിസഭ പതുക്കെ പതുക്കെ ആഗോളവൽ‍ക്കരണ നയങ്ങളിൽ‍ ആകൃഷ്ടരായി. അതിന്‍റെ മുന്നൊരുക്കങ്ങൾ‍ 87 കാലത്തും നമുക്കുകാണുവാൻ‍ കഴിയും (കർ‍ഷക തോഴിലാളി പെൻ‍ഷൻ‍ കർ‍ഷ തൊഴിലാളികൾ‍ക്ക് ഭൂമിയിൽ‍ ഒരവകാശവും ഉണ്ടാകില്ല എന്ന ഓർ‍മ്മപെടുത്തലായിരുന്നു. സ്വാശ്രയ BED കോളേജുകൾ‍ പിൽ‍ക്കാല സ്വാശ്രയ വിദ്യാലയങ്ങളുടെ പരീക്ഷണ ശാലയായിരുന്നു)

കൊക്കകോളയും പെപ്സിയും വ്യവസായം തുടങ്ങിയാൽ‍ അത് വലിയ കാര്യമാണെന്ന് പറയുന്നവർ‍ ഒന്നുകിൽ‍ വൈകൃത വികസന നയങ്ങളുടെ പ്രയോക്താക്കളോ അതും അല്ലെങ്കിൽ‍ വികസനവിഷയത്തിലെ നിരക്ഷരരോ ആയിരിക്കുവാനെ വഴിയുള്ളൂ. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഇതിൽ‍ ഏതു പട്ടികയിൽ‍ പെടുത്താം എന്ന്‍ ജനം തീരുമാനിക്കട്ടെ. (ഇതിനും മുന്‍പ് പെരിങ്ങോത്ത് സ്ഥാപിക്കുവാൻ ശ്രമിച്ച ആണവ നിലയത്തെയും സയലന്‍റ് വാലിയെ പറ്റിയും ഇടതു മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായം ഇന്നോർ‍ത്തെടുത്താൽ‍ ആ വ്യക്തി നമ്മുടെ മുഖ്യമന്ത്രിയായിരുന്നു എന്നതിൽ‍ പാർ‍ട്ടിയിലെ പോലും നല്ല പങ്കാളുകളും ലജ്ജിക്കുന്നുണ്ടാകും.) പ്ലാച്ചിമടയിലെ കൊക്കകോളക്കെതിരെ നടന്ന ലോകം ശ്രദ്ധിച്ച സമരവും സ്ഥാപനം ഒരു താലൂക്കിലെ ജനതയ്ക്ക് വരുത്തിവെച്ച ദുരിതങ്ങളും യഥാർ‍ത്ഥത്തിൽ‍ നമ്മുടെ രാഷ്രീയക്കാരുടെ കണ്ണ് തുറപ്പിക്കുവാൻ‍ പര്യാപ്തമായിരുന്നു. എന്നാൽ‍ ഇടതു പാർ‍ട്ടികളും കൂടി തങ്ങളുടെ ആഗോളവൽ‍ക്കരണ നയങ്ങളിൽ‍ ഉറച്ചു നിൽ‍ക്കുവാൻ‍ പരമാവധി ശ്രമിക്കുന്നു.

വികസനത്തെ പറ്റി അമേരിക്ക മുന്നോട്ട് വെയ്ക്കുന്ന നിലപാടുകൾ‍ അതേപടി സ്വീകരിക്കുന്നതിൽ‍ കേരളത്തിലെയും ഇടതുപക്ഷം ഒരു പ്രതിസന്ധിയും കാണുന്നില്ല. വിദ്യാഭ്യാസം മുതൽ‍ വിമാനത്താവളം വരെയുള്ള വിഷയത്തിൽ‍ ഇവരുടെ നിലപാടുകൾ‍ ബിജെപി, −കോൺ‍ഗ്രസ് പാർ‍ട്ടികളിൽ‍ നിന്നും ഒട്ടും അകലെയല്ല. തൊഴിലാളിവർ‍ഗ്ഗത്തിന്‍റെ ശവപ്പറന്പായി രേഖപെടുത്തിയ Special Economic Zone കേരളത്തിൽ‍ കൊണ്ടുവരുന്നതിൽ‍ അഭിമാനിച്ചു വരുന്നവരാണിവർ‍. (സ്മാർ‍ട്ട്‌ സിറ്റി). ഗോവയിലെ SEZ പാടില്ല എന്ന് സംസ്ഥാനം നിയമം പാസ്സാക്കിയിട്ടുണ്ട്. പുന്നപ്ര− വയലാർ‍ സമരനായകൻ‍ കേരളം ഭരിക്കുന്പോൾ‍ ഇവിടെ അത് വരുന്നതിൽ‍ ഒരു തെറ്റും ഇടതു കക്ഷികൾ‍ കാണുന്നില്ല. സ്വാശ്രയ വിഷയത്തിലും സ്വകാര്യ ആശുപത്രി വിഷയത്തിലും ഒക്കെ അടിസ്ഥാനപരമായി ഇടതു കക്ഷികൾ‍ അവരുടെ മുദ്രാവാക്യങ്ങളെ കൈഒഴിഞ്ഞു. ഇതിനുള്ള ഉത്തമ തെളിവാണ് CPIM തിരഞ്ഞെടിപ്പിനു മുന്‍പ് നടത്തിയ കേരള പഠന കോൺ‍ഗ്രസ്. അതിനു ചുക്കാൻ‍ പിടിച്ച സഖാവ് തോമസ്‌ ഐസക്ക് പരിപാടിക്ക് ഒപ്പം ഇറക്കിയ തന്‍റെ പുസ്തകത്തിൽ‍ കോൺ‍ഗ്രസ് കേരളത്തിൽ‍ നടപ്പിൽ‍ വരുത്തിയ വികസനത്തെ എതിർ‍ത്ത് എഴുതുന്പോഴും അദ്ദേഹം കുറ്റകരമായ മൗനം അവലംബിക്കുന്ന വിഷയം ഭൂമിയുടെ ഇന്നത്തെ കേന്ദ്രീകരണത്തെ പറ്റിയാണ്. ഇന്ത്യയിൽ‍ ഏറ്റവും കൂടുതൽ‍ ഭൂമി കേന്ദ്രീകരണം നടക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറുന്നതിൽ‍ ഈ ആസൂത്രണ വിദഗ്ദ്ധന് ഒരു ഉത്കണ്ഠയുമില്ല. പ്ലാൻ‍ടെഷനുകളെ പിടിച്ചെടുത്തു തൊഴിലാളി സഹകരണ സംഘങ്ങൾ‍ക്ക് നൽ‍കുന്നതിൽ‍ നിശബ്ദത തുടരുന്നു. എന്നാൽ‍ ജൈവ കൃഷിയെയും സ്വയംപര്യാപ്ത ഗ്രാമങ്ങളെയും പറ്റി വാചാലമാണ്‌.

കേഡർ‍ സ്വഭാവം കൈമോശം വന്നുകൊണ്ടിരിക്കുന്നു എങ്കിലും കമ്മ്യൂണിസ്റ്റുകാരെ പറ്റി ഇന്നും തുടരുന്ന ഒരു സങ്കൽപം അവർ‍ പാർ‍ട്ടിക്ക് കീഴ്പെട്ടു പ്രവർ‍ത്തിക്കുന്നു എന്നാണ്. അവിടെയും വ്യക്തി കേന്ദ്രീകൃതമാണ്‌ കാര്യങ്ങൾ‍ എന്ന് വ്യക്തമാക്കുന്നതാണ് VS ൽ‍ നിന്നും പിണറായി വിജയനിലേയ്ക്ക് ഉള്ള ദൂരം. ആ വ്യത്യസ്ത ഇന്നു കൂടുതൽ‍ പ്രകടമാണ്. സ്വാഭാവികമായും പഴയകാല കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ‍ ചിലതെങ്കിലും വെച്ചുപുലർ‍ത്തുന്ന VS മൂന്നാർ‍ ഭൂമി വിഷയത്തിലും അഴിമതിയോടുള്ള സമീപനത്തിലും മറ്റും എടുക്കുന്ന നിലപാടുകളിൽ‍ പഴയകാല ഇടതു രാഷ്രീയ സ്വാധീനം കാണാം. അതൊരിക്കലും നമുക്ക് തോമസ്‌ ഐസക്കിൽ‍ നിന്നോ പിണറായി നയിക്കുന്ന ഗ്രൂപ്പിൽ‍ നിന്നോ പ്രതീക്ഷിക്കേണ്ടതില്ല. പിണറായി വിജയൻ‍ മന്ത്രി സഭയെ ചരിത്രത്തിൽ‍ രേഖപെടുത്തുക അത്തരത്തിൽ‍ ആയിരിക്കും.

കേരള വികസനത്തെ പറ്റിയുള്ള നിലവിലെ ഇടതു സർ‍ക്കാരിന്‍റെ നയസമീപങ്ങൾ‍ ഉമ്മൻ‍ ചാണ്ടി നയങ്ങൾ‍ക്കും തീവ്ര അപകടകാരിയായ മോഡിക്കും ഒപ്പമാണ്...

നാലുവരി പാത 45 മീറ്റർ‍ ആക്കുന്നതിൽ‍ മൂവരും ഒറ്റകെട്ടാണ്. ഫലമോ 80000 കോടി രൂപ ജനത്തിന് നഷ്ട്ടം. കുടി നഷ്ടപെടുന്നവർ‍ ലക്ഷങ്ങൾ‍.

വിഴിഞ്ഞം പദ്ധതി മാറ്റമില്ലാതെ തുടരും. 6000 കോടി അഴിമതിയിൽ‍ പരിഭവമില്ല എന്ന്. അദാനിയുടെ ഭൂമികച്ചവടത്തിന് പച്ചകൊടി.

വിമാനത്താവളങ്ങൾ‍ ഇനിയും വരും, ഹൈസ്പീഡ് തീവണ്ടി ഓടിക്കും.

ഇങ്ങിനെ തുടരുന്ന വികസന നിലപാടുകൾ‍ ലോക ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് പറയുന്നവർ‍ അമർ‍ത്യാസെന്നും ജോസഫ്‌ സ്റ്റിഗ്ലിറ്റ്സ് മുതലായ മുതലാളിത്ത വികസനപാതയുടെ വ്യക്താക്കൾ‍ തന്നെ. വലതു-ഇടതു കക്ഷികൾ‍ ഇന്നു സ്വപ്നം കാണുന്ന കേരള വികസന മാതൃകയ്ക്ക് ഏറ്റവും നല്ല ഉപദേശകർ‍ രാജീവ് മുതൽ‍ മൻ‍മോഹനും മോഡിയും ഇറക്കുമതി ചെയ്തുവരുന്ന ഹാർ‍വാർ‍ഡ്−കോർ‍പ്പറേറ്റ് സാന്പത്തിക വിദഗദ്ധർ‍ തന്നെയാണ്. (സം പിട്ട്രോട മുതൽ‍ രഘുരാം രമേശ്‌ വരെ പട്ടിക നീളുന്നു).

മോഡി സർ‍ക്കാർ‍ നടപ്പിൽ‍ വരുത്തുന്ന, കോൺ‍ഗ്രസ്സിനെയും കടത്തിവെട്ടുന്ന ആഗോളവൽ‍ക്കരണ നയങ്ങളിൽ‍ ഏറ്റവും അപകടം പിടിച്ച ഭൂമി ഏറ്റെടുക്കൽ‍ ബിൽ‍, പൊതുമേഖലയുടെ വിൽ‍പ്പന, തൊഴിലുറപ്പ് പദ്ധതിയോടുള്ള നിസ്സംഗത തുടങ്ങിയവയിൽ‍ കടുത്ത തൃപ്തിതേടുന്ന ഒരാൾ‍ പിണറായി വിജയൻ‍ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഉപദേശക ആകുന്നതിൽ‍ ഒരു രാഷ്ട്രീയമുണ്ട്. അത് എന്താണെന്നു വ്യക്തവുമാണ്. പിണറായി വിജയൻ‍ നേതാവായ പാർ‍ട്ടി ഒന്ന് ഓർ‍ക്കുക... നിങ്ങൾ‍ ഒരുക്കുവാൻ‍ വെന്പുന്ന വികസന പാത കേരളത്തെ BJPയും ആഗോള കോർ‍പ്പറേറ്റുകളും വല്ലാതെ തിമർ‍ത്താടുന്ന ഇരുളിൽ മൂടിയ ഒരു ലോകത്തേക്കായിരിക്കും എത്തിക്കുക.

You might also like

Most Viewed