കാശ്മീരും കാശ്മീരികളും നമ്മുടെ മിത്രങ്ങൾ...
ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയതകളിൽ ഒന്നായ ഇന്ത്യ എന്ന രാജ്യത്തിന്‍റെ അതിർത്തികൾ ഒരു വൈദേശിക സംഭാവനയാണെന്ന് അംഗീകരിക്കുവാൻ നമുക്ക് ബുദ്ധിമുട്ട് തോന്നുക സ്വാഭാവികമാണ്. ലഡാക്കും നന്ദാവനവും (ചൈനീസ് അതിർത്തിയിലുള്ള ഇന്ത്യൻ പ്രദേശം) കന്യാകുമാരിയും ഒരു ദേശീയതയെ പ്രതിനിധീകരിക്കും എന്ന് നൂറ്റാണ്ടുകൾക്ക് മുന്‍പ് ആർക്കും ഊഹിക്കുവാൻ കഴിയുമായിരുന്നില്ല. എല്ലാം മാറ്റത്തിന് വിധേയമാണെന്നംഗീകരിക്കുന്നവർ പോലും ദേശീയ വിഷയത്തിൽ പവിത്രത കൽപിച്ചു വരുന്നു. ദേശീയതയും കാലത്തിനനുസരിച്ചു മാറി മറിയുമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. യു.എസ്.എസ്.ആറിന്റയും ചെക്ലോസോവാക്യയുടെയും ചരിത്രം ഇതു ശരിവെക്കുന്നു. എല്ലാ ദേശീയതയുടെയും അവസാന വാക്കായ ജനങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുന്ന ഏതൊരു ദേശീയഭരണവും പരജയപ്പെടാതെ വഴിയില്ല.
ഇന്ത്യൻ ഭൂഖണ്ധത്തിലെ ശ്രദ്ധേയമായ സംസ്ഥാനം ജമ്മു കാശ്മീർ എന്ന് പറയുവാൻ ഒരു സംശയവും ബാക്കി വെക്കേണ്ടതില്ല. നാലു രാജ്യങ്ങളുമായി അതിർത്തി പങ്കുവെയ്ക്കുന്ന സംസ്ഥാനം ഹിമാലയൻ താഴ്‌വരയുടെ എല്ലാ മഹിമയെയും ആവാഹിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ മൂന്നു റോഡുകളും കടന്നു പോകുന്ന പ്രദേശം. (ഖർദുങ്ങാ പാസ്സ് അത് കഴിഞ്ഞാൽ രോത്താൻ പാസ്സ് പിന്നീട് ദ്രാസ്) ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങൾ വുളാർ− ദാൽ− പാങ്ങോങ്ങ് ഇവിടെയാണ്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം ലെയിൽ സ്ഥിതി ചെയ്യുന്നു. ഇതിനൊക്കെ ഉപരി ഈ സംസ്ഥാനം മൂന്ന്‍ തരത്തിലുള്ള ഭൂപ്രദേശത്തിനെ ഉൾക്കൊള്ളുന്നു. ജമ്മു എന്ന താഴ്്വര പഞ്ചാബിന്‍റെ തുടർച്ചയാണ്. അവിടെ ഹിന്ദു സമുദായക്കാർ ജനസംഖ്യയിൽ പ്രധാന പങ്കാളികളും. കാശ്മീർ, മലനിരകൾ കൊണ്ടു നിറഞ്ഞ പ്രദേശം. ശ്രീനഗറും ദാൽ തടാകവും ഗുൽമർഗും അമർനാഥും ഒക്കെ കൊണ്ട് ശ്രദ്ധേയമായ കാശ്മീരിൽ 96% ജനങ്ങളും മുസ്ലിം സമുദായക്കാർ. ലഡാക് ലോകത്തിന്‍റെ നെറുകയിലെ സ്വർഗ്ഗഭൂമി. അവിടുത്തെ പ്രധാന സമുദായം ബുദ്ധമതക്കാർ. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ ലെയിലെ ജനസംഖ്യ മൂന്നു ലക്ഷത്തിനടുത്ത് മാത്രം. ഇവിടങ്ങളിൽ സാധാരണ ജീവിതം സാധ്യമാക്കുവാൻ പട്ടാളക്കാർ വേണ്ട സഹായങ്ങൾ ചെയ്തു വരുന്നു. പസ്തൂൻകാർ ഉൾപ്പെടെ അര ഡസൻ വിവിധ വിശ്വാസികളും അവരുടെ ഭാഷകളും നിലനിൽക്കുന്ന ലഡാക്ക് ബുദ്ധമതക്കാരുടെ നിരവധി ആരാധനാലയങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു.
കാശ്മീർ എന്ന ബഹുമുഖ പ്രത്യേകതകൾ അടങ്ങിയ പ്രദേശം ഇന്ത്യക്ക് എന്തുകൊണ്ടും അഭിമാനമാണ്. അവിടുത്തെ ജനങ്ങളുടെ ചരിത്രം സാന്ധലുകളെയും മറ്റു ഗോത്രങ്ങളെയും ഓർമ്മിപ്പിക്കുന്നു. എന്നാൽ ഏറെ പ്രത്യേകതകൾ അടങ്ങിയ ജമ്മു കാശ്മീർ മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പോലെ അവഗണയിലാണ്. ശിശുമരണ നിരക്കും ജനന നിരക്കും വിജയകരമായി നിയന്ത്രിക്കുവാൻ കഴിഞ്ഞ സംസ്ഥാനത്തെ സാക്ഷരത 54 ശതമാനം മാത്രമെന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കേണ്ടത്? കാർഷിക പ്രധാന സംസ്ഥാനത്തെ കാർഷിക മേഖലയുടെ തളർച്ച തൊഴിലില്ലായ്മ കൂടിവരുന്നു. ടൂറിസവും ആശാവഹമായി വളരുന്നില്ല. പ്രത്യേക അവകാശങ്ങൾ അനുവദിച്ചിട്ടുള്ള സംസ്ഥാനത്തിനു നൽകിയ ഉറപ്പുകൾ നിരന്തരം മറന്ന ദേശീയ സർക്കാരുകൾ പ്രദേശത്തെ ജനങ്ങളിൽ നിരാശ പരത്തി.
ഇസ്ലാം വിശ്വാസികൾക്ക് മുൻതൂക്കമുള്ള ഏക ഇന്ത്യൻ സംസ്ഥാനത്തെ 20ാം നൂറ്റാണ്ടിലെ ഭരണാധിപൻ ഹിന്ദു രാജാവായതിൽ ഒരു അസ്വാരസ്യവും ഹിമാലയൻ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. സൂഫി പാരന്പര്യത്തെ പിന്തുടർന്ന ഇസ്ലാം വിശ്വാസികളിൽ (ഷിയാ) ബഹുഭൂരിപക്ഷവും മത സൗഹാർദ പ്രിയരായിരുന്നു. കശൂർ(kashoor) എന്ന ഭാഷ സംസാരിക്കുന്ന വിഭാഗത്തിൽ പെട്ടവരുടെ തുടക്കക്കാർ 12ാം നൂറ്റാണ്ടിൽ ബുൾ ബുൾ ഷായുടെ നേതൃത്വത്തിൽ ഇസ്ലാം മതം പ്രചരിപ്പിച്ചു. അവരുടെ പിൻഗാമികളാകുവാൻ റിൻചാൻ ഷായെ പോലെയുള്ളവർ തയ്യാറയതിലൂടെ ഇസ്ലാംമതം നല്ലവണ്ണം പ്രചരിപ്പിക്കപെട്ടു. ഇന്ത്യൻ സന്യാസ ജീവിതത്തെകൂടി പരിഗണിക്കുന്ന സൂഫിജീവിത രീതി മറ്റു മതങ്ങളുടെ പല ചടങ്ങുകളെയും സംഗീതത്തെയും കലകളെയും പ്രോത്സാഹിപ്പിച്ചു. കാശ്മീർ താഴ്‌വരയിൽ കലാകാരന്മാരുടെ സാന്നിധ്യം വർദ്ധിക്കുവാൻ ഇതു കാരണമായി. 1846ലെ സിക്ക് −ബ്രിട്ടിഷ് യുദ്ധത്തോടെ ഗുലാംസിംഗ് ദോഗ്ര രാജവാഴ്ചക്ക് തുടക്കം കുറിച്ചു. ആ പട്ടികയിലെ അവസാനക്കാരനായിരുന്നു ഹരിസിംഗ്. ഇന്നത്തെ പാക് നിയന്ത്രണത്തിൽ ഉള്ള പാകിസ്ഥാനും (Azad കാശ്മീർ) ഇന്ത്യൻ കാശ്മീരും ദോഗ്ര ഭരണക്കാർ ഭരിച്ചു പോന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തമായ കാലത്ത് കാശ്മീരും സ്വാതന്ത്ര്യ സമരത്തിനു വേദിയായി. ദോഗ്ര രാജവിന്‍റെ നിലപാടുകൾ പിൽകാലത്ത് ഇസ്ലാം വിരുദ്ധമായി. ഇസ്ലാം വിരുദ്ധ നിലപാടുകൾ എടുക്കുവാൻ മടിക്കാത്ത രാജവാഴ്ചക്കെതിരായി 1931ൽ തന്നെ കലാപങ്ങൾ ആരംഭിച്ചിരുന്നു. ജമ്മുവിലെ ഇസ്ലാം വിരുദ്ധ ആക്രമണത്തിന് കാശ്മീരിൽ മറുപടി കൊടുക്കുവാൻ മുസ്ലിം സമുദായത്തിലെ ചിലരും ശ്രമിച്ചു വന്നു.
തിരുവിതാംകൂർ രാജാവിനെ പോലെ ബ്രിട്ടീഷ് സൗഹൃദം ആഗ്രഹിച്ച നാട്ടുരാജാവായിരുന്നു ദോഗ്ര രാജ കുടുംബവും. 1846ലെ അമൃതസർ ഉടന്പടിയിലൂടെ 75 ലക്ഷം രൂപ ബ്രിട്ടീഷുകാർക്ക് നൽകി കാശ്മീർ ഭരണം സ്വന്തമാക്കിയ ദോഗ്ര രാജകുടുംബം എക്കാലത്തും ബ്രിട്ടീഷ് പക്ഷപാതികൾ ആയിരുന്നു. ദോഗ്ര ഭരണ തലസ്ഥാനമായിരുന്ന ജമ്മുവിൽ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങൾ ഉണ്ടാകാതെ നോക്കുവാൻ രാജാവ് ശ്രദ്ധ ചെലുത്തി. പൊതുവെ അസ്വസ്ഥരായിരുന്ന കാശ്മീരികൾ രണ്ടാം ലോകയുദ്ധ സമയത്ത് കയ്യൂരിലും ഒഞ്ചിയത്തും മറ്റും പോലെ കർഷക കലാപം താഴ്്വരയിൽ ആരംഭിച്ചു. പഷ്‌സ്തൂൻ വിഭാഗത്തിനു മുൻതൂക്കമുള്ള പൂഞ്ച്, മുസാഫർബാദ്, North –West-province പ്രദേശത്തെ ജനജീവിതം വർദ്ധിച്ച ചുങ്കത്താൽ വഴിമുട്ടി നിന്നിരുന്നു അതൊരു കലാപമായി മാറി. കാശ്മീർ താഴ്‌വരയിൽ ഷേക്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ ആരംഭിച്ചു. സമരത്തെ എതിർക്കുവാൻ കിട്ടിയ അവസരങ്ങൾ രാജാവ് ഉപയോഗപ്പെടുത്തി. അങ്ങനെ ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യുന്ന സൂഫി നേതൃത്വം ഷേക്ക് അബ്ദുള്ളയെ രാഷ്ട്രീയ നേതാവായി അംഗീകരിച്ച് കൂടുതൽ പ്രക്ഷോഭങ്ങളിൽ മുഴുകി. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുവാൻ തീരുമാനിച്ചതിന്‍റെ ഭാഗമായി Independent Act 7 പ്രകാരം ബ്രിട്ടീഷ് ഭരണ പ്രദേശങ്ങൾ സ്വതന്ത്രമായി. അങ്ങനെ സ്വതന്ത്രമായ നാട്ടുരാജ്യങ്ങളിൽ പ്രക്ഷോഭങ്ങൾ ഉണ്ടെങ്കിൽ അവിടെ ഹിതപരിശോധന നടത്തുവാൻ അവസരം ഉണ്ടാകും എന്ന നിർദേശത്തെ ഹരിസിംഗ് പിന്തുണച്ചു. (ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിൽക്കാലത്ത് നെഹ്‌റു ഹിതപരിശോധന നടത്തുന്നതിൽ ഞങ്ങൾക്ക് വിരോധമില്ല എന്ന് UNൽ പറഞ്ഞത്). ജമ്മുവിൽ മുസ്ലിം വിരുദ്ധ കലാപവും റാവൽപിണ്ടി ഭാഗത്ത് ഹിന്ദുവിരുദ്ധ കലാപവും അരങ്ങേറി. കാശ്മീർ രാജാവ് നിഷ്ക്രിയത്വം തുടർന്നു. തിരുവിതാംകൂറും ഹൈദരാബാദ് നൈസാമും ഗ്വാളിയോർ രാജാവും ഇന്ത്യൻ യൂണിയനിൽ ചേരുവാൻ എടുത്ത മുട്ടാതർക്കങ്ങളുടെ വഴിയിലൂടെ ദോഗ്ര രാജാവും കരുക്കൾ നീക്കി. മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീർ ഇന്ത്യക്കൊപ്പം ചേരുന്നത് മുസ്ലിംകൾക്ക് ഉത്കണ്ഠ ഉണ്ടാക്കും എന്ന വാദം രാജാവ് ഉയർത്തി ഇന്ത്യൻ ദേശീയതയിൽ നിന്നും മറിനിൽക്കുവാൻ ശ്രമിച്ചു. ഒപ്പം കാശ്മീർ പണ്ധിറ്റുകളും സിക്ക് ബുദ്ധക്കാരും പാകിസ്ഥാനൊപ്പം പോകുവാൻ ഇഷ്ടപെടില്ല എന്നതിനാൽ സ്വതന്ത്ര കാശ്മീർ രാജ്യമായി തന്‍റെ നാട് തുടരട്ടെ എന്ന ന്യായത്തിൽ എത്തുവാൻ രാജാവ് ചർച്ചകൾ നടത്തി.
ഗാന്ധിജിയുടെ 47ലെ കാശ്മീർ സന്ദർശനം വളരെ നിർണ്ണായകമായിരുന്നു. ആഗസ്റ്റ് അഞ്ചിലെ സന്ദർശനവും അദ്ദേഹം നടത്തിയ പ്രസ്താവനയും വളരെ ആവേശം നൽകുന്നതായിരുന്നു. കാശ്മീർ താഴ്്വരയിലെ ഇസ്ലാം −സിക്ക്− ബുദ്ധ− ഹിന്ദു വിശ്വാസികൾ ഒറ്റകെട്ടായി നടത്തുന്ന സമരം ഇന്ത്യൻ ദേശീയതയ്ക്ക് വലിയ രീതിയിൽ പ്രചോദനം നൽകുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. (പിൽകാലത്ത് ഇന്ത്യൻ പട്ടാളം കാശ്മീർ സമരക്കാരെ സഹായിക്കുവാനായി അവിടെ എത്തുന്നതിൽ ഗാന്ധിജി നൽകിയ നിർദേശം ഇതിന്‍റെ തുടർച്ചയായിരുന്നു.) ദോഗ്ര രാജാവിന്‍റെ രണ്ടു രാജ്യങ്ങളിൽ നിന്നും അകന്നു നിൽക്കുന്നു എന്ന നിലപാട് മനസ്സിലാക്കി പാകിസ്ഥാനിൽ നിന്നും ഉള്ള 50000 ഗോത്ര സേനക്കാർ മുസഫർബാദ് കീഴടക്കി. ഈ വിവരം പുറംലോകം അറിയുന്നത് ഇന്ത്യൻ കമാണ്ടർ ഇൻ ചീഫിനു പാക് സൈന്യത്തിൽ നിന്നും ലഭിച്ച ടെലഗ്രാമിലൂടെയാണ്. ഗാന്ധി−-നെഹ്‌റു-അബ്ദുള്ള ചർച്ചകൾ നടന്നു. കലാപകാരികൾ ശ്രീനഗറിനും 32 കിലോമീറ്റർ അകലെയുള്ള ബാരാമുള്ള വരെ എത്തി. ദോഗ്ര രാജാവിന്‍റെ സമീപനം കാശ്മീർ മുഴുവനും ഇന്നത്തെ ആസാദ് കാശ്മീരിൽ നിന്നുള്ള കലാപകാരികളാൽ കീഴടക്കപെടും എന്നുകണ്ട് കേന്ദ്ര സർക്കാർ അന്നത്തെ ആർ.എസ്.എസ് മുഖ്യൻ ഗോൾവൾക്കറിനെ ജമ്മുവിലേക്ക് അയച്ചു. (ഒക്ടോബർ 16) കാശ്മീർ ഭരണ നിർവഹണസമിതി നേതാവായി തെരഞ്ഞെടുക്കപെട്ട ഷേക്ക് അബ്ദുള്ളയെയും കൂട്ടരെയും സഹായിക്കുവാൻ ഇന്ത്യൻ പട്ടാളം കൊടുത്തുവിട്ട ആയുധം പൂഴ്ത്തി വെക്കുവാൻ ശ്രമിച്ച ഹരിസിംഗിന്‍റെ ലക്ഷ്യം കലക്കവെള്ളത്തിൽ മീൻ പിടിക്കൽ ആയിരുന്നു. ഒക്ടോബർ 26ന് പാക് സൈന്യം കാശ്മീരിനെ ആക്രമിച്ചു. പാകിസ്ഥാൻ യുദ്ധം തുടങ്ങും എന്ന് മനസിലാക്കിയ രാജാവ് രണ്ടു ദിവസത്തിന് മുന്‍പ് ഇന്ത്യൻ പട്ടാളത്തിന്‍റെ സഹായം അഭ്യർത്ഥിച്ചു. യുദ്ധം തുടങ്ങിയ ദിവസം തന്നെ ഹരിസിംഗ് ഇന്ത്യൻ യൂണിയനിൽ ചേരുവാൻ തയ്യാറായി. അതിനു മുന്‍പ് തന്നെ കാശ്മീർ ജനത ഒറ്റകെട്ടായി പാക്‌സൈന്യത്തിനെതിരായി അണിനിരന്നു. അതിൽ സ്ത്രീകളും പങ്കാളികളായി. പാകിസ്ഥാൻ നടത്തിയ യുദ്ധത്തിനു കാശ്മീർ ജനതയെ തോൽപ്പിക്കുവാൻ കഴിഞ്ഞില്ല. ഇന്നത്തെ ആസാദ് കാശ്മീരിൽ മാത്രമായി പാക് നിയന്ത്രണം ഒതുങ്ങി. കാശ്മീർ രാജാവ് ഇന്ത്യൻ യുണിയനിൽ ചേരുവാൻ നേരത്തെ തീരുമാനിച്ചിരുന്നു എങ്കിൽ സ്വാഭാവികമായും കാശ്മീർ നാട്ടുരാജ്യം മുഴുവനായും ഇന്ത്യൻ യുണിയന്‍റെ ഭാഗമാകുമായിരുന്നു. ഇന്ത്യൻ യുണിയനിൽ ചേർന്ന ജമ്മു−കാശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുവാൻ കേന്ദ്രം തീരുമാനിച്ചു. അങ്ങനെ 370ാം വകുപ്പ് കാശ്മീരിനു പ്രത്യേക അവകാശങ്ങൾ നൽകി. യഥാർത്ഥത്തിൽ ഇന്ത്യയിലെ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് ഒക്കെ അതാതിന്‍റെ പ്രത്യേകതകൾ മാനിച്ച് ഇത്തരം അവസരങ്ങൾ നൽകേണ്ടതാണ്. സംസ്ഥാനങ്ങളുടെ ശക്തമായ അടിത്തറയിൽ മാത്രമേ ഒരു ദേശം മുന്നേറുകയുള്ളൂ.
ഇന്ത്യൻ യുണിയനുകളിൽ ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് കാശ്മീർ− ഹിമാചൽ− ഒപ്പം വടക്കുകിഴക്കൻ സപ്ത സംസ്ഥാനങ്ങളും. ഇന്ത്യയുടെ GDP യിൽ മഹാരാഷ്ട്ര− ഗുജറാത്ത് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങൾ 45% പങ്കാളികൾ ആയിരിക്കെ, തെക്കൻ സംസ്ഥാനങ്ങൾ 25%ത്തിലധികം സാന്നിധ്യം അറിയിക്കുന്പോൾ വടക്ക് കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ അവസ്ഥ 2.6% മാത്രമാണ്. പ്രതികൂലമായ കാലാവസ്ഥയിൽ കഴിയുന്ന ആളുകൾ അവരുടെ നിത്യവൃത്തിക്കുള്ള സാധനങ്ങൾ 100 കണക്കിന് കിലോമീറ്റർ താണ്ടി കൊണ്ടുവന്നു ജീവിക്കേണ്ടി വരുന്നു. റെയിൽ ഇന്നും ഇല്ല എന്നു പറയാം. മംഗോളിയൻ −പഷ്തൂൺ തുടങ്ങിയ ഇന്ത്യൻ മുഖധാരയുമായി ഒരു ബന്ധവുമില്ലാത്ത ജനങ്ങളുടെ വികാരങ്ങളെ− ജീവിത സൗകര്യങ്ങളെ ഒരിക്കലും മാനിക്കുവാൻ നമ്മുടെ ദേശീയ സർക്കാരുകൾ തയ്യാറായിട്ടില്ല. അതിനുള്ള മറുപടിയായിരുന്നു നാഗാരാജ്യം വേണമെന്ന ആഗ്രഹത്തിന് അനുകൂലമായി ആ നാട്ടുകാരിൽ 95%ലധികം ആളുകൾ (1957) വോട്ടു ചെയ്തത്. എന്നാൽ ആവശ്യം അംഗീകരിച്ചില്ല എന്നുമാത്രമല്ല അവരെ അടിച്ചമർത്തുവാൻ സർക്കാർ ഉണ്ടാക്കിയ നിയമമാണ് AFSPA. ആ നിയമത്തിലൂടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സമരങ്ങളെ അതിക്രൂരമായി സർക്കാരുകൾ അടിച്ചമർത്തുന്നു. 1958ൽ സർക്കാർ ഉണ്ടാക്കിയ ഈ നിയമം നിരപരാധികളായ ആയിരക്കണക്കിന് ജനങ്ങളെ കൊലപെടുത്തുവാൻ സർക്കാർ സംവിധാനത്തിന് അവസരം ഒരുക്കി. അതിനെതിരായി കഴിഞ്ഞ 15 വർഷമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന ഈറോംശാർമില വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഇന്ത്യൻ സ്വാതന്ത്ര്യ വാഞ്ഛയുടെ പ്രതീകമാണ്.
കാശ്മീർ താഴ്്വര കലുഷിതമായതിനു പിന്നിൽ പാകിസ്ഥാൻ ചാര സംഘടനകൾക്കും (അമേരിക്ക ഊട്ടി വളർത്തിയ) മറ്റു ഭീകരവാദ സംഘങ്ങൾക്കും നല്ല പങ്കുണ്ട്. എന്നാൽ ഒരു കാലത്ത് ഇന്ത്യൻ യുണിയനൊപ്പം ചേരുവാൻ വിജയകരമായി സമരം നയിച്ച ഒരു ജനതയുടെ പിൻഗാമികൾ എന്തുകൊണ്ട് ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകൾക്കനുകൂലമായി തെരുവിൽ ഇറങ്ങുന്നു? ഇതിനുള്ള അഭ്യന്തരമായ കാരണക്കാർ പൊട്ട കിണറ്റിൽ മാത്രം ജീവിക്കുന്ന നമ്മുടെ മുഖ്യധാരാ രാഷ്ട്രീയക്കാരാണ്. കാശ്മീർ ജനതയുടെ ധീരനായകൻ ഷേക്ക് അബ്ദുള്ളയെ ജയിലിൽ അടച്ച ഇന്ദിരാഗാന്ധിക്ക് തന്‍റെ പാർട്ടിയുടെ വിജയം മാത്രമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. അതിനു ശേഷം ആർ.എസ്.എസ് താൽപര്യങ്ങൾ താലോലിച്ചു വന്ന ദോഗ്ര രാജകുടുംബത്തിലെ ഇവ കരൻ സിംഗിനെ കാശ്മീർ ഗവർണർ പദത്തിൽ കൊണ്ടുവന്ന് പലരുടേയും എതിർപ്പ് ക്ഷണിച്ചു വരുത്തി. കാശ്മീർ രാഷ്ട്രീയത്തിൽ പുതുതായി എത്തിയ JKLFന്‍റെ മുൻകാല അംഗങ്ങൾ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികൾ ആയി ജമ്മുകാശ്മീർ സഭയിലേക്ക് തെരഞ്ഞെടുക്ക പെട്ട വേളയിൽ നിയസഭ ചേരാതെ പിരിച്ചുവിട്ട നടപടി അവരിൽ പലരെയും ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസം ഇല്ലാത്തവരാക്കി. ലോകത്ത് സജീവമായി മാറിയ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുവാൻ പാക് അധിപൻ സിയാവുൾ ഹക്ക് മുതിർന്നപ്പോൾ അമേരിക്കയും മറ്റും നൽകിയ പിന്തുണ കാശ്മീർ മണ്ണ് തീവ്രവാദികൾക്ക് പരിശീലനം നൽകുവാൻ പറ്റിയ ഇടമായി മാറി. (അഫ്ഗാനിസ്ഥാൻ അട്ടിമറിക്കായി അമേരിക്ക ഇവർക്ക് വേണ്ടതെല്ലാം നൽകി)
വികസനത്തിലെ മുരടിപ്പ്, സർക്കാർ അവഗണന തുടങ്ങിയവക്കൊപ്പം കാശ്മീരിനനുവദിക്കപ്പെട്ട പ്രത്യേക അവകാശങ്ങൾ അവസാനിപ്പിക്കുവാൻ ആർ.എസ്.എസ് ആരംഭിച്ച പ്രചരണവും ഹൈന്ദവ മത മൗലിക രാഷ്ട്രീയവും കാശ്മീർ തീവ്രവാദികൾക്ക് കൂടുതൽ നുഴഞ്ഞു കയറുവാൻ അവസരം ഒരുക്കി. എല്ലാത്തിനും ഉപരി സമാധാനത്തിന്‍റെ പേരിൽ കാശ്മീർ താഴ്്വരയിൽ എത്തിച്ചിട്ടുള്ള ആറ് ലക്ഷം പട്ടാളക്കാർ. അവരുടെ എണ്ണിയാൽ ഒടുങ്ങാത്ത ക്രൂരതകൾ. നിരപരാധികളെ പോലും കൊന്നൊടുക്കൽ ഒക്കെ പ്രശ്നങ്ങളെ കൂടുതൽ ഗുരുതരമാക്കുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിനടുത്ത് ജനങ്ങൾ അവിടെ പല രൂപത്തിൽ കൊല ചെയ്യപ്പെട്ടു. 17000 സ്ത്രീകൾ ആത്മഹത്യ ചെയ്തത് തീവ്രവാദികളുടെയും പട്ടാളത്തിന്‍റെയും അതിക്രമണങ്ങളിൽ മനം നൊന്താണ്. (കുനാൻ കൂട്ടമാനഭംഗം ലോകത്തെ തന്നെ ഞെട്ടിച്ചു. പക്ഷെ ഒരു പട്ടാളക്കാരനും ശിക്ഷിക്കപ്പെട്ടില്ല).
കാശ്മീർ പ്രശ്നത്തെ നമ്മുടെ സർക്കാർ സമചിത്തതയോടെ പരിഹരിക്കുവാൻ പരാജയപ്പെടുന്നു. ജനങ്ങളെ വിശ്വാസത്തിൽ എടുത്ത് ഭീകരവാദികളെ ഒറ്റപ്പെടുത്തുവാൻ സർക്കാരിനു കഴിയണമെങ്കിൽ താഴ്്വരയിലെ ജനങ്ങൾക്ക് തൊഴിലും മറ്റു ജീവിത അവസരങ്ങളും വർദ്ധിപ്പിക്കണം. ഇന്ത്യൻ ദേശീയ സർക്കാർ ഇന്ത്യൻ ജനങ്ങളുടെ വികാരത്തിനെ മാനിക്കുന്നവരാണെന്ന് അവരെ പ്രവർത്തി പഥത്തിലൂടെ ബോധ്യപ്പെടുത്തണം. മതാധിഷ്ഠിത രാഷ്ട്രീയത്തിനറുതി വരുത്തണം. അതിനു നമുക്ക് കഴിയുമെങ്കിൽ ഇന്ത്യ ഇന്നനുഭവിക്കുന്ന ഒട്ടു മിക്ക വെല്ലുവിളികളും പരിഹരിക്കപ്പെടും.അതിനു പകരം കിരാത നിയമങ്ങളിലൂടെയും തോക്കിൻ കുഴലിലൂടെയും നമ്മുടെ ദേശീയത സംരക്ഷിക്കാം എന്ന രാജ്യതന്ത്രജ്ഞത നാടിനെ കൂടുതൽ കലുഷിതമാക്കും.