പലമതസാരവുമേകം....
കേരളത്തിലെ (40കൾ മുതൽ 80കൾ വരെയുള്ള കാലത്തെ) യുവാക്കളിൽ ആരെങ്കിലും ഇടതു സാംസ്‌കാരിക −രാഷ്ട്രീയ പ്രവർത്തനങ്ങളോടു മുഖം തിരിച്ചു നിന്നാൽ അവർക്കെന്തോ കുഴപ്പമുണ്ടെന്ന് കരുതുന്നവരായിരുന്നു നമ്മുടെ സമൂഹം. ഇന്ന്‍ ചെറുപ്പക്കാരുടെ ഇടയിൽ നിന്നും ഒരാൾ ഇടതു−യുക്തിവാദ രാഷ്ട്രീയത്തിൽ വിശ്വസിച്ചാൽ ഇന്നത്തെ കേരളം അവരെ ഉൾക്കൊള്ളുവാൻ വിമുഖത കാട്ടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. ഇതു കേരളത്തിന്‍റെ മാത്രം അനുഭവമല്ല ഇത്തരം ഒരു സാഹചര്യത്തിലേയ്ക്ക് ലോകത്തെ മിക്ക രാജ്യങ്ങളും എത്തപ്പെട്ടു. അന്തർദേശീയ ഇടതു ചേരിക്കുണ്ടായ വൻ തകർച്ചയും അതിനു പകരം ആഗോള സാമൂഹിക അവസ്ഥയിലേയ്ക്ക് മുന്നാം ലോകരാജ്യങ്ങളും അവശേഷിക്കുന്ന ചൈന ഉൾപ്പെടുന്ന രാജ്യങ്ങളും ചുവടുമാറിയത് പരന്പരാഗത പുരോഗമന ശക്തികളുടെ തളർച്ചയ്‍ക്ക് വലിയ ആക്കം കൂട്ടി. അമേരിക്കൻ താൽപര്യങ്ങൾ ലോക മത സംഘടനയുമായി കൈകോർത്തപ്പോൾ മത−വംശ−രാഷ്ട്രീയത്തിലേയ്ക്ക് ഇന്ത്യയും അയൽക്കാരും ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളും എത്തിച്ചേർന്നു. യൂറോപ്പും അമേരിക്കയും ഈ പ്രവണതയുടെ ചെറുതല്ലാത്ത ഇരകളാണ്.
ലോകജനാധിപത്യത്തിന്‍റെ പഴുതുകളെ ആക്രമിച്ചു മുന്നേറുവാൻ കഴിഞ്ഞ മാർക്സിയൻ ദർശനം പ്രയോഗത്തിൽ (നിലവിലുള്ള) ജനാധിപത്യത്തിലും പിന്നിൽ ആണെന്ന് അവരുടെ ഭരണ സംവിധാനങ്ങൾ ഇന്നും തെളിയിച്ചു കൊണ്ടിരിക്കുന്നത് മുന്നാം ലോക രാഷ്രീയത്തിൽ ഇടതു രാഷ്ട്രീയത്തിന് വലിയ തിരിച്ചടികൾ ഉണ്ടാക്കി. അമേരിക്കൻ വിരുദ്ധ വികാരം പിൽക്കാലത്ത് പിന്തുടർന്ന ഷിയകൾക്കും സദ്ദാമിനും എതിരായി അമേരിക്കയും മതമൗലികതയെ ആയുധമാക്കി പ്രവർത്തിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി. ജന്മംകൊണ്ട് യമൻവിശ്വാസികളുടെ പ്രത്യേകതകൾ ഉണ്ടായിരുന്ന ഒസാമാബിൻ ലാദൻ രൂപപ്പെടുത്തിയ അൽഖ്വയ്ദയുടെ പ്രാഥമിക ധർമ്മം അഫ്ഗാനിസ്ഥാനെ ഇടതു സ്വാധീനത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. അതിനു വേണ്ട സഹായങ്ങൾ ബുഷ് സീനിയറും മകനും ക്ലിന്‍റണും നൽകി. എന്നാൽ ഇടതു തുരുത്തിലെ ധർമ്മം പൂർത്തിയാക്കിയ ഒസാമയും കൂട്ടരും പിന്നീട് ലക്ഷ്യമാക്കിയത് അവരുടെ സ്പോൺസർമാരെത്തന്നെ. അഫ്ഗാനിലെ നജീബുള്ള ഭരണം തകർത്ത് അദ്ദേഹത്തെ തെരുവിൽ അതിദാരുണമായി കൊലപെടുത്തുവാൻ മത ഭീകരത വിജയിച്ചപ്പോൾ അനുമോദിക്കുവാൻ നമ്മുടെ നാട്ടിലും വിവിധ മതസംഘടനകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീടുനടന്നത് ചരിത്രത്തിലെ അതിദാരുണമായ സംഭവങ്ങൾ.
ലോകസാമ്രാജ്യത്ത രാജ്യങ്ങൾ ഇന്ത്യയിൽ തങ്ങളുടെ ഇടതു വിരുദ്ധ മനോഭാവവും ആഗോളവൽക്കരണ അജണ്ടകളും നടപ്പിലാക്കുവാൻ അധികമായി കൂട്ടുപിടിച്ചത് ഭൂരിപക്ഷ വർഗ്ഗീയതയുടെ വിവിധ ഗ്രൂപ്പുകളെയാണ്. അങ്ങനെ തങ്ങളുടെ പഴയകാല ബ്രിട്ടീഷ്−അമേരിക്കൻ താൽപ്പര്യങ്ങളെ കൂടുതൽ നാട്ടിലേയ്ക്ക് അടുപ്പിക്കുന്നതിനു കൂട്ടാളികൾ ആകുന്നതിൽ ഹൈന്ദവ മതമൗലിക ഗ്രൂപ്പുകൾക്ക് അവസരം കിട്ടി.
മതങ്ങൾ ലോകത്തിനു നൽകിയ സംഭാവനകൾ സമാനതകൾ ഇല്ലാത്തതാണ്. അതിനെ അംഗീകരിക്കുവാൻ യുക്തിവാദികളുടെ പ്രിയപ്പെട്ട കാറൽ മാർക്സ് തയ്യാറായി. (ഹൃദയമില്ലാത്തവന്‍റെ ഹൃദയമാണ് മതം, അനാഥർക്ക് നാഥനാണ് മതം). അദ്ദേഹത്തിന്‍റെ പ്രിയ സുഹൃത്തും പുസ്തക രചനയിൽ പങ്കാളിയും ആയ ഏങ്കൽസ്സ് മതം അതിന്‍റെ തുടക്കകാലത്ത് നിർവ്വഹിച്ച ധർമ്മം ഇന്നത്തെ തൊഴിലാളി യൂണിയൻ ചെയ്തു വരുന്നതിനു സമാനമായിരുന്നു എന്ന് പറയുന്പോൾ മതത്തിന്‍റെ സാമൂഹിക ധർമ്മത്തെ അംഗീകരിക്കുവാൻ മത വിരുദ്ധരും തയ്യാറാണെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
ഏതൊരു സാമൂഹിക സംഘടനയെപോലെതന്നെ മതം അതിന്‍റെ ധർമ്മങ്ങൾ സമൂഹത്തിനായി നിർവഹിക്കുന്നു. വിശ്വാസം കേന്ദ്രമായി പ്രവർത്തിക്കുന്ന ദൈവിക സങ്കൽപ്പം ഒരു ഭൗതിക സാമിപ്യമല്ല. എന്നാൽ വിശ്വസത്തേയും അതിന്‍റെ ഭാഗമായ ദൈവിക സങ്കൽപ്പങ്ങളെയും ഉൾകൊള്ളുന്ന ഒരു ഭൗതിക രൂപമായ മതം എന്ന സ്ഥാപനം വ്യവഹാരപ്രദാനമാണ്. മതങ്ങൾ മനുഷ്യ പുരോഗതിയെ വലിയ തരത്തിൽ സ്വാധീനിച്ചു. സന്പാദ്യം എന്ന ശീലം മനുഷ്യനെ പഠിപ്പിച്ചത് മതങ്ങളാണ്. സ്നേഹം, ബഹുമാനം, സത്യം, നീതി തുടങ്ങിയ മൂല്യങ്ങൾ മനുഷ്യനിൽ ഉണ്ടാക്കി എടുക്കുന്നതിൽ മതങ്ങൾ വലിയ പങ്കുവഹിച്ചു. ശാസ്ത്രത്തിന്‍റെ ആദ്യ ഘട്ട വളർച്ചയിൽ മതങ്ങൾ നല്ല പങ്കാളിയായി. ചികിത്സ, ചിത്ര രചന, സംഗീതം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളിലും സംഭാവനകൾ ചെയ്തു വന്നു. എന്നാൽ എല്ലാ മതവും ഉണ്ടായതോ പ്രചരിപ്പിക്കപെട്ടതോ അധികാരവുമായി ബന്ധപെട്ടാണ് എന്നത് പിൽക്കാലത്ത് മതങ്ങളുടെ സ്വഭാവത്തെ സ്വാധീനിച്ചു. മതങ്ങളുടെ വർഗ്ഗ സ്വഭാവം ചൂഷകന്‍റേതാണെന്ന് മതവിമർശകർ ഉന്നയിച്ചു. യുദ്ധം, അധിനിവേശം, അടിമത്തം തുടങ്ങിയ സാമൂഹിക ദുരന്തങ്ങളെ തടയുവാൻ മതങ്ങൾ പരാജയപെട്ടു. മാത്രമല്ല പലപ്പോഴും ഇത്തരം മാനവിക വിരുദ്ധ സംഭവങ്ങളിൽ പങ്കാളിയാകുവാൻ മതങ്ങൾ മടിച്ചില്ല. കുരുശു യുദ്ധവും കോളനിവൽക്കരണവും മതങ്ങളുടെ നേരിട്ടുള്ള കാർമ്മികത്വത്തിൽ നടന്നതിൽ പരസ്യമായി പരിതപിക്കുവാൻ മതങ്ങൾ ഇന്നും തയ്യാറായിട്ടില്ല.
മുതലാളിത്തം ജന്മം കൊണ്ടതിൽ നിർണ്ണായക പങ്കുവഹിച്ച ഫ്രഞ്ച് വിപ്ലവം മതങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തെ പൊളിച്ചു. സീസറിനും ദൈവത്തിനും ഉള്ളവ എന്ന ബൈബിൾ ആഹ്വാനം നടപ്പിൽ വരുവാൻ ആരംഭിച്ചു. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രാഷ്ട്രീയം അടിസ്ഥാന വിഷയമായി. മതങ്ങളുടെ ദൈവീക വിഷയങ്ങളിലെ ഇടപെടൽ തുടരുന്പോഴും രാഷ്ട്രീയത്തിൽ അതിന്‍റെ സ്വാധീനത്തെ നിരുത്സാഹപ്പെടുത്തുന്ന secular എന്ന ആശയം പ്രയോഗത്തിൽ വന്നു. യുക്തിവാദം സജ്ജീവമായി. ആധുനീക ശാസ്ത്രത്തെ മുൻഗണനയോടെ കാണുവാൻ മടിച്ച മതങ്ങൾ, ശാസ്ത്രഞന്‍മാരെ പിന്നീട് കൈകാര്യം ചെയ്യുവാൻ ശ്രമിച്ചിരുന്നു. അടിമത്വ നിരോധനം മുതൽ വിപ്ലവം വരെയുള്ള സംഭവങ്ങൾക്ക് ചുക്കാൻ പിടിച്ചവർ മത വിശ്വാസികൾ അല്ലായിരുന്നു എന്നത് ഒറ്റപെട്ട സംഭവമല്ല. (എബ്രഹാം ലിങ്കൺ പള്ളികളിൽ നിന്നും കൂടുതൽ സമയവും അകന്നു നിൽക്കുവാൻ ഇഷ്ടപ്പെട്ടിരുന്നു. വിപ്ലവകാരികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
ലോകത്തെ വലിയ നിലയിൽ സ്വാധീനിച്ചുവന്ന മുതലാളിത്തം 100 വർഷത്തിനുള്ളിൽ അവരുടെ സൃഷ്ടി തന്നെയായ തൊഴിലാളിവർഗ്ഗത്താൽ ആക്രമിക്കപ്പെട്ടു.(പാരീസ് വിപ്ലവം, 1871) രണ്ട് മാസത്തിനുള്ളിൽ വിപ്ലവകാരികളെ കൈകാര്യം ചെയ്യുവാൻ മുതലാളിത്തം വിജയിച്ചു. നെപ്പോളിയൻ അധികാരത്തിൽ എത്തി. ഇതു മുതലാളിത്തത്തെ പുതിയ രൂപത്തിലാക്കി തീർത്തു. തൊഴിലാളികളുടെ വർഗ്ഗം മുതലാളിത്തം മുന്നോട്ടു വെച്ച സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്ന സ്വപ്നസമാനമായ ആഗ്രഹത്തിന് പുതിയ മാനങ്ങൾ നൽകി. പുരോഗമന ആശയങ്ങളുടെ ഏറ്റവും വലിയ വക്താക്കൾ തൊഴിലാളി വർഗ്ഗത്തിന്‍റെ പ്രതിനിധികളായി. വിപ്ലവം നവോദ്ധാനത്തെ തിരുത്തി മുന്നേറുവാൻ വിജയിച്ചു. അങ്ങനെ മുതലാളിത്തം പഴഞ്ചൻ ആകുകയും ആധുനികതയുടെ രൂപം തൊഴിലാളിവർഗ്ഗ സമൂഹമാണെന്ന് വരുകയും ചെയ്തു. മുതലാളിത്തം തങ്ങളുടെ പഴയ പുരോഗമന പാതകൾ പലതും ഉപേക്ഷിക്കുവാൻ തുടങ്ങി. രാജവാഴ്ചയെ തകർത്ത അവർ രാജവാഴ്ചയെ ജനാധിപത്യത്തിൽ കൂട്ടികെട്ടി. (ഇംഗ്ലണ്ട്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ) യുക്തിവാദത്തിനൊപ്പം മത സ്ഥാപനങ്ങളെയും തങ്ങളിലേയ്ക്ക് അടുപ്പിച്ചു. ലാഭം മാത്രം ലക്ഷ്യം വെച്ച് ആരുമായും കൂട്ടാളിയകുവാൻ മുതാളിത്തം പഠിച്ചു. മത പ്രചാരണത്തിന് മുതലാളിത്തം എല്ലാ സഹായവും ചെയ്തു വന്നു. ലോക പുരോഗമനശക്തികളെ അട്ടിമറിക്കുവാൻ തയ്യാറുള്ള എല്ലാ ശക്തിയേയും അവർ പിന്തുണച്ചു. മത പുനരുദ്ധാരണം മുന്നാം ലോക രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലും സജീവമായി. അത്തരം പ്രവർത്തനങ്ങൾ ആഗോളവൽക്കരണത്തിനു സഹായകമായി മാറുമെന്നവർ നേരത്തെ മനസ്സിലാക്കിയിരുന്നു.
ലോക മതങ്ങളിൽ ഏറ്റവും സംഘടിത ശക്തിയായ ഇസ്ലാം, ഏഷ്യൻ രാജ്യങ്ങളിൽ പെട്രോപണത്തിന്‍റെ പിന്തുണയിൽ പ്രചരണം ശക്തമാക്കി. അമേരിക്ക കേന്ദ്രീകരിച്ച ഇവാൻജലിസ്റ്റുകൾ ഏഷ്യയിലും ആഫ്രിക്കയിലും പ്രവർത്തങ്ങൾ തുടർന്നു. സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ വിപ്ലവങ്ങൾക്ക് പകരം ആത്മീയ മാർഗ്ഗങ്ങൾക്ക് കഴിയും എന്ന ധാരണ പരത്തുവാൻ സഹായകരമാകുന്ന എല്ലാ പ്രവർത്തനവും മുതലാളിത്തം sponser ചെയ്തു. ഒപ്പം വിപ്ലവ പ്രസ്ഥാനങ്ങളെ പിളർത്തുവാൻ അതിനുള്ളിൽത്തന്നെ ശക്തികളെ കണ്ടെത്തി. ഇതിന്‍റെ ഉത്തമ ഉദാഹരണമാണ് 80 കൾക്ക് ശേഷമുള്ള ഇന്ത്യ.
രാജ്യത്തിന്‍റെ ചരിത്രത്തിൽ മതങ്ങൾ സാന്പത്തികമായും എണ്ണത്തിലും മെച്ചപ്പെട്ട കാലത്തിലൂടെയാണ് നാം ഇന്നു കടന്നുപോകുന്നത്. തീർത്‍ഥാടന കേന്ദ്രങ്ങളിൽ വലിയ ജനകൂട്ടം, മതനിഷ്ട പുരോഗമനത്തിന്‍റെ അടയാളമായി. മത നേതാക്കന്മാർ സാംസ്‌കാരിക നേതാവുസ്ഥാനം അലങ്കരിക്കുന്നു. വിശ്വാസികൾ തങ്ങളുടെ മത നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്നവരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ പ്രത്യേകം നിഷ്ടകൾ നടപ്പിലാക്കി. (മത ചിഹ്നങ്ങളുടെ പ്രദർശന വസ്തുവായി ശരീരം മാറി). എവിടെയോ വെച്ചു കൂടുതൽ ആളുകളും തള്ളിപറഞ്ഞ അനാചാരങ്ങൾ, അന്തവിശ്വാസങ്ങൾ എല്ലാം മടങ്ങിവന്നു. ആരാധനാലയങ്ങൾ വൻകിട സാന്പത്തിക സുരക്ഷയുള്ള സ്ഥാപനങ്ങൾ ആയി. ഹിന്ദു ദൈവിക സങ്കൽപ്പങ്ങൾക്ക് പുതിയ ചരിത്രം ഉണ്ടായി. സംസാരിക്കുന്ന, പ്രമേഹ രോഗബാധിതരും ഉരുളൻ കസാരയിൽ പറ്റിയിരുന്ന് ലോക ദുരിതങ്ങൾ പരിഹരിക്കുന്നവരുമായ അവതാരങ്ങൾ ഉണ്ടായി. അവർ സാന്പത്തിക സാമ്രാജ്യങ്ങൾ തീർത്തു. അവരുടെ മുന്നിൽ ഒച്ചാനിച്ച് നിൽക്കുവാൻ മന്ത്രിമാരും ജഡ്ജിമാരും ഉദ്യോഗ പടയും തയ്യാർ. രാഷ്ട്രീയം മത നേതൃത്വത്തെ അനുസരിക്കുവാനും അവർക്ക് കീഴ്പ്പെടുവാനും ശീലിച്ചു. മതസ്ഥാപനങ്ങൾ സമാന്തര സർക്കാരുകളെ പോലെ പ്രവർത്തിക്കുവാൻ തുടങ്ങി. ഇന്ത്യയും അത്തരം രാജ്യങ്ങളും മത−രാഷ്ട്രീയത്തിന്‍റെ സ്വാധീനത്തിൽ പെട്ടു.
ഇന്ത്യൻ ജനങ്ങളിൽ 80% വരുന്ന ഹിന്ദുസമുദായം ചരിത്രപരമായി പരസ്പരം കലഹിക്കുന്ന വിവിധ ജാതി−ഉപജാതി കളുടെ കൂട്ടമായി തുടരുന്പോഴും സവർണ്ണ രാഷ്ട്രീയം ഹൈന്ദവതയുടെ നായകനായിമാറി. 80 കളിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഇടതുവിരുദ്ധ രാഷ്ട്രീയ നയങ്ങൾ മത നേതൃത്വത്തെ കൂടുതൽ വിലപേശൽ ശക്തിയാക്കി തീർത്തു. അതിലൂടെ ഹിന്ദു വർഗ്ഗീയത രാഷ്ട്രീയമായി ശക്തിപ്രാപിച്ചു. (അതിന് ഷബാനു കേസ് നിമിത്തമായി). രാമ കഥ ദൂരദർശനിലൂടെ ഒരു പുതിയ ചരിത്രം തന്നെ ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കി. കേരളം, തമിഴ്നാട്, ബംഗാൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങി ഹിന്ദി ബൽട്ടിന് പുറത്തുള്ള ഇടങ്ങളിൽ കേവലം പുരാണ കഥാപത്രമായിരുന്ന രാമനും രാമരാജ്യവും ഇന്ത്യൻ ദേശീയതയുടെ കാവലാളായി മാറിയത് അവിചാരിതമല്ല. അത് ഈ രാജ്യത്തുണ്ടാക്കിയ തുടർ സംഭവങ്ങൾ എന്തൊക്കെയാണ്? മോദിയും തോഗാഡിയയും ഉമയും പ്രജ്ഞയും അമിത് ഉം മാത്രമല്ല ദാവൂദും ISS ഉം SDPI യും ഒക്കെ രാമജന്മഭൂമി നമുക്ക് സമ്മാനിച്ച ദാരുണ ദുരന്തങ്ങളാണ്. കാവി രാഷ്ട്രീയത്തിന് അധികാരം ഉറപ്പിക്കുവാൻ അവസരം ഒരുങ്ങിയത് മറ്റു മതാധിഷ്ടിത സംഘടനകൾക്കും പ്രവർത്തിക്കുവാൻ കൂടുതൽ അവസരങ്ങൾ തീർത്തു. എന്നാൽ ഇവയുടെ യഥാർത്ഥ ഉപഭോക്താക്കൾ സാമ്രാജ്യത്തമാണെന്ന് നമ്മളിൽ എത്രപേർ മനസ്സിലാക്കി എന്നറിയില്ല. ഹൈന്ദവത എന്നാൽ ബ്രഹ്മിണിക്കൽ അടയാളങ്ങളും ഉത്സവങ്ങളും ആയി ചുരുങ്ങി.ആദിവാസിയുടെ പ്രാദേശിക ദൈവങ്ങൾ കൊലചെയ്യപെട്ടു. മത പ്രസംഗങ്ങൾ ഒരു വ്യവസായമായി. യോഗയുടെ മറവിൽ ജീവിത പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ വെന്പുന്ന ഒരു പറ്റം മധ്യവർഗ്ഗം ആത്മീയ കച്ചവക്കാരുടെ അടിമകളായി.എല്ലാ മതവും അങ്ങനെ അരങ്ങുവാഴുകയാണ്.
ഇസ്ലാം എന്ന മതത്തെ മറ്റൊരു മതവും ശത്രുവായി പ്രഖ്യാപിച്ചിട്ടില്ല. യഹൂദ രാഷ്ട്രമായ ഇസ്രയേൽ പോലും ഇസ്ലാം ഞങ്ങളുടെ ശത്രുവാണ് എന്ന് അടയാളപ്പെടുത്തിയിട്ടില്ല. എന്നാൽ ഇസ്ലാം ലോകത്തിനു ഭീഷണിയാണെന്ന് കേട്ടുകൊണ്ടിരിക്കുന്നു. അതിനുപിന്നിൽ അമേരിക്ക നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ−സാന്പത്തിക ശക്തികളാണ് പ്രവർത്തിക്കുന്നത്. അവർ ഒരു കാലത്ത് വളർത്തി എടുത്ത അൽഖ്വയ്ദയും അതിന്‍റെ വിവിധ രൂപങ്ങളും ലോകത്തിനു ഭീഷണിയാണെന്ന് ഇന്നു നമ്മെ പഠിപ്പിക്കുന്നത് ഇവരുടെ ഗോഡ്ഫാദർ ആയിരുന്ന അമേരിക്ക തന്നെ. പുതുതായി ഒരു രാജ്യം പ്രഖ്യാപിച്ച ഐഎസിന്റെ ബഗ്ദാദിയും സംഘവും അമേരിക്കൻ കൂട്ടുകച്ചവടക്കാരുടെ സഹായത്താൽ ജീവിച്ചുവരുന്നവരാണ്. അതുകൊണ്ടാണ് ലോകത്തെ ഞെട്ടിച്ച് കൊലകൾ നടത്തുന്നവർ ഇസ്രയേൽ ഭൂമിയിൽ അട്ടിമറികൾ നടത്തുവാൻ അത്രകണ്ട് ശ്രമിക്കാത്തത്. സുഡാനിലും മറ്റും പ്രവർത്തിക്കുന്ന ബോകോ ഹറാമും മറ്റും സൃഷ്ടിക്കപ്പെട്ടതിനു പിന്നിൽ പ്രവർത്തിച്ചവർ യാങ്കികൾ തന്നെ.
സെമറ്റിക് മതങ്ങളിൽ ഇസ്ലാം മതപ്രബോധനത്തിൽ മുന്‍പിലാണ്. അതിനായി അവർ എല്ലാ ആധുനിക സംവിധാനവും (ഇവാൻജലിക്കൽ രീതികൾ) ഉപയോഗിക്കുന്നു. (സിനിമ ശിർക്ക് ആണെന്ന് വിശ്വസിക്കുന്നവർ തന്നെ വീഡിയോ പ്രദർശനവും മറ്റും തെറ്റായി കാണുന്നില്ല. സിനിമയോടുള്ള എതിർപ്പിനു പിന്നിലുള്ള കാരണം ചിത്രങ്ങൾ ഒരു ചെകുത്താൻ ആണെന്ന ബോധമാണ്). മത പ്രസംഗങ്ങളിൽ പ്രസിദ്ധി നേടിയ ഒരാളാണ് സക്കീർ നായിക്. മത പ്രസാദകർ ഉന്നത ബിരുദധാരികൾ ആണെന്ന് സമൂഹത്തെ ബോധ്യപെടുത്തുവാൻ ശ്രദ്ധിക്കും. വസ്ത്ര ധാരണവും മറ്റും യൂറോ മാതൃകയിലും ഭാഷ ആംഗലേയവുമായിരിക്കും. അന്യമത നാമ ധാരിക്കും തൊലിവെളുത്തവർക്കും പ്രത്യേകം പരിഗണന ഉണ്ടായിരിക്കും. (ഇവക്ക് ആദ്ധ്യാത്മികയിൽ ഒരു ഇടവും ഇല്ലെങ്കിലും). വിശ്വാസം ശാസ്ത്രമല്ല എന്നിരിക്കെ മതം ശാസ്ത്രത്തെ പുച്ഛിക്കുന്നതിൽ മടി കാണിക്കില്ല എന്നാൽ മതം തന്നെ ശാസ്ത്രമാണ് എന്നാണ് ഇന്നുള്ള വാദം. ഒരു പടി കൂടി കടന്ന് ശാസ്ത്രത്തിന്‍റെ അടിസ്ഥാനം തന്നെ മത ഗ്രന്ഥമാണെന്ന് പറയുവാൻ മടിക്കുന്നില്ല. ഇവർ പറയുന്ന കാര്യങ്ങൾ ശാസ്ത്ര വിരുദ്ധവും ഭാഗിക സത്യങ്ങളും മാത്രമാണ്. ശാസ്ത്രം വെല്ലുവിളികൾ നടത്തില്ല. വെല്ലുവിളികൾ ശാസ്ത്രത്തിന്‍റെ രീതിയുമല്ല. എന്നാൽ ഞങ്ങളുടെ മതഗ്രന്ഥം ശാസ്ത്രത്തിനുള്ള സർവ്വവിജ്ഞാനകോശം ആണെന്ന് പറയുന്നവർ പിന്നെ എന്തുകൊണ്ട് നിങ്ങളുടെ മതഗ്രന്ഥങ്ങളുടെ സിദ്ധാന്തം അടിസ്ഥാനപെടുത്തി പാറ്റന്റ് നേടി ബഹുരാഷ്ട്ര കുത്തകകളിൽ നിന്നും (ശിർക്കുകൾ) ലോകത്തെ രക്ഷിക്കാത്തത് എന്നൊന്നും ചോദിക്കരുത്.
സക്കീർ, ഐഎസ്, ബൊക്കോ ഹറം തുടങ്ങിയ ഭീകര സംഘടനയെ പിന്തുണയ്ക്കുന്നു എന്ന വാദം മുഖതാവിൽ തന്നെ തള്ളികളയുവാൻ കഴിയുന്നതാണ്. കാരണം വളരെ വ്യക്തമാണ്. അത്തരം ശ്രമങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന കഷ്ട−നഷ്ടങ്ങളെ പറ്റി നല്ല ബോധ്യമുണ്ടാവുക ഒരു സാമാന്യയുക്തിയാണ്. എന്നാൽ താൻ വിശ്വസിക്കുന്ന മതം മറ്റു മതത്തേക്കാൾ ശ്രേഷ്ടമാണെന്ന പരസ്യ പ്രസ്ഥാവനകൾ, മറ്റു മതങ്ങളുടെ ചടങ്ങുകൾ യുക്തിരഹിതമാണെന്ന വാദം ആരോഗ്യകരമായ രീതിയല്ല. (കാരണം വിശ്വാസം യുക്തിയുമായി അകലം പാലിക്കുന്നു). ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 25 മതം പ്രചരിപ്പിക്കുവാൻ അവകാശം നൽകുന്നത് ഇത്തരം വെല്ലുവിളികൾ ഉണ്ടാക്കുവാനല്ല. (മതം സോപ്പ് കച്ചവടം പോലെ പരസ്യങ്ങളെ ഉപയോഗിക്കുന്പോൾ അതിനു ചരക്ക് യുക്തി മാത്രമാണുള്ളത്). സക്കീർ ഒരു കൂട്ടകൊലകളെയും ന്യായീകരിച്ചുണ്ടാകുകയില്ല. എന്നാൽ അഫ്ഗാനിലെ ലോക പ്രശസ്ത ബാമിയാൻ പ്രതിമകളെ തകർത്തതിൽ അഭിമാനിക്കുന്ന ഒരാൾ നാട്ടുകാർക്ക് ഒരു മാതൃകാ പുരുഷനല്ല. പന്നി മാംസം ഭക്ഷിക്കുന്നവർ പന്നികളെ പോലെ എന്ന് പറയുന്നവരുടെ ശാസ്ത്രബോധം എന്താണ്? യഹൂദന്മാരും പാജൻ മതക്കാരും ലോകത്തെ നികൃഷ്ട ജീവികൾ എന്ന് ഒരാൾ പരസ്യമായി പറഞ്ഞാൽ അയാളെ എങ്ങനെയാകണം ലോകം വിലയിരുത്തേണ്ടത്? സ്വവർഗ്ഗ രതിക്കാരെ കൊലപെടുത്തുക, ഇസ്ലാമികമായി ശരീരം മറക്കാത്ത സ്ത്രീകളെ ബലാത്‍സംഗം ചെയ്താൽ അതിന് അവർ തന്നെ ഉത്തരവാദികൾ തുടങ്ങിയ വാദങ്ങൾ ഒരാൾ പരസ്യമായും രഹസ്യമായും പങ്കുവെച്ചാൽ അയാളെ സാമൂഹിക വിരുദ്ധ ശക്തികളുടെ പട്ടികയിൽ പെടുത്തുകയാണ് ശരിയായ ജനാധിപത്യ സംസ്കാരം.
ഇന്ത്യയിൽ ഇന്നു വർഗ്ഗീയതയെ ഇന്ധനമാക്കി മറ്റു മത വിരുദ്ധ പ്രചരണം നടത്തുന്ന ആർഎസ്എസ് രാഷ്ട്രീയ സംഘങ്ങളെ പരാജയപ്പെടുത്തുവാനുള്ള സമരങ്ങൾ ശക്തമായി തുടരണമെങ്കിൽ മത പ്രചാരകർ എന്ന് മേനിനടിക്കുന്നവർ ഭാഷയിലും ആശയങ്ങളിലും മിതത്വം പാലിക്കണം. മറ്റുമതങ്ങളെ എങ്ങനെയും ഇകഴ്ത്തുന്ന ഉമ−ഋതംബരീ−സാക്ഷി ശൈലിക്കാരെ നിയമപരമായി ശിക്ഷിക്കണം. സക്കീറിനെ പോലെ സ്ത്രീവിരുദ്ധതയും മറ്റു ജനധിപത്യ വിരുദ്ധതയും പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കണം. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മതപ്രചരണ സ്വാതന്ത്ര്യം മൗലിക അവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞ് മതം ഒരാളുടെ സ്വകാര്യ വിഷയമായി ചുരുക്കുവാൻ നിയമ ഭേദഗതി കൊണ്ടുവരണം.
മതത്തിന്‍റെ പേരു പറഞ്ഞു ലോകത്ത് കലാപങ്ങൾ സജീവമായിരിക്കെ, ഇന്ത്യൻ രാഷ്ട്രീയം സവർണ്ണ ഹൈന്ദവതയുടെ പിടിയിൽ അമർന്ന സാഹചര്യത്തിൽ നാരായണ ഗുരുവിന്‍റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. “വാദിക്കുവാനും ജയിക്കുവാനും അല്ല അറിയുവാനും അറിയിക്കുവാനും ആയിരിക്കട്ടെ എല്ലാ സംവാദങ്ങളും” മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന അദ്ദേഹത്തിന്‍റെ വരികൾ മതലോകത്തോടുള്ള അദ്ദേഹത്തിന്‍റെ അതൃപ്തി കൂടി ഓർമ്മിപ്പിക്കുന്നു.