ധവള പത്രം കേരളത്തെ രക്ഷിക്കുമോ?


സ്തിരമായ ആസൂത്രണ മികവിലൂടെ നേട്ടങ്ങൾ നേടിയെടുക്കുവാൻ‍ കഴിഞ്ഞ പല മാതൃകകളും നമ്മുടെ മുന്നിലുണ്ട്. ഉത്തരവാദിത്തം ഉള്ള ഭരണാധിപരും അവരുടെ ദീർ‍ഘവീക്ഷണവും ജനങ്ങളുടെ ഉത്തരവാദിത്തം വർ‍ദ്ധിപ്പിക്കും. അങ്ങനെ പരസ്പരം വിശ്വാസത്തോടെ ജനങ്ങളും അവരുടെ ഭരണാധിപരും സമൂഹത്തിൽ‍ പ്രവർ‍ത്തിക്കുന്പോൾ‍ ഉന്നത സാന്പത്തിക-സാംസ്‌കാരിക-രാഷ്ട്രീയ− മൂല്യങ്ങളുള്ള ഒരു സമൂഹം ഉണ്ടായിത്തീരും. ഇത്തരം ഒരു വിജയഗാഥ ഒരുക്കുവാൻ‍ സാമൂഹിക പശ്ചാത്തലമുള്ള ഒരുനാടാണ്‌ കേരളം. നവോഥാന മൂല്യങ്ങൾ‍ തീർ‍ത്ത ഭൂമികയിൽ‍ ഇടതു രാഷ്ട്രീയം നേടിയ സാമൂഹിക മുന്നേറ്റം ഒരു മാതൃകാ ജനാധിപത്യ പരീക്ഷണശാലയായി കേരളത്തെ മാറ്റിതീർ‍ക്കേണ്ടതായിരുന്നു. എന്നാൽ‍ കേരള രാഷ്ട്രീയവും ജനങ്ങളുടെ പ്രതീക്ഷയെ തൃപ്തിപ്പെടുത്തിയില്ല.

നമ്മുടെ നാട് ഡ്രാഫ്റ്റ്‌ എക്കണോമിയാണെന്ന് പറയുവാനുള്ള കാരണം വളരെ വ്യക്തമാണ്. പ്രാധമികരംഗമായ കൃഷി വലിയ തകർ‍ച്ചയിൽ‍ പെട്ടു പരന്പരാഗത മേഖലകൾ‍ തിരിച്ചുവരുവാൻ‍ കഴിയാത്ത തരത്തിൽ‍ പ്രതിസന്ധിയിലായി കഴിഞ്ഞു. വ്യവസായ സംരംഭവങ്ങൾ‍ FACT, ship yard,തുടങ്ങിയ പേരുകളിൽ‍ അവസാനിക്കുന്നു. അതും ഇതുവരെ ഇല്ലാത്ത പ്രതിസന്ധിയിൽ‍ എത്തപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള ഒരു സമൂഹം എങ്ങനെയാണു മുന്നോട്ട് ചലിക്കുക?

നൂറു ശതമാനം സാക്ഷരത നേടിയവർ വിദ്യാഭ്യാസത്തിന്‍റെ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി തൊഴിൽ‍ ഇടങ്ങളിൽ‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പലരും പ്രതീക്ഷിച്ചു പോകും. എന്നാൽ‍ ഉന്നത വിദ്യാഭ്യാസം തന്നെ തൊഴിൽ‍ ലഭിക്കുവാൻ‍ തടസ്സം നിൽ‍കുന്ന സാഹചര്യം ഇവിടെ ഉണ്ടാക്കിയിരിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണപരമായ വശങ്ങളായ ശുചിത്വ ബോധം, കുറഞ്ഞ ജനന നിരക്ക്, കുറഞ്ഞ വിദ്യാർ‍ത്ഥി കൊഴിഞ്ഞു പോക്ക് പകർ‍ച്ച വ്യാധിയുടെ നിയന്ത്രണം, തൊഴിൽ‍ തേടി മറ്റു രാജ്യങ്ങളിൽ‍ എത്തിച്ചേരൽ‍ തുടങ്ങിയവ ഒക്കെ നമുക്ക് നേട്ടങ്ങളുടെ പട്ടികയിൽ ഉൾച്ചേർക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഈ പ്രവണതകൾ‍ നാടിനെ  മറ്റൊരു വഴിയിലേയ്ക്ക് നയിച്ചു എന്ന് മനസ്സിലാക്കാം.

ആഗോളവൽ‍ക്കരണം കേരളം പോലെയുള്ള ഉയർ‍ന്ന വിദ്യാഭ്യാസമുള്ളവരുടെയും മധ്യവർ‍ഗ്ഗത്തിനു മുന്തൂക്കമുള്ളവരുടെയും സമൂഹത്തിൽ‍ ഉണ്ടാക്കിയ മാറ്റങ്ങൾ‍ എത്രമാത്രം മാതൃകാപരമാണ്? വിപണിയുടെ വലിയ തരത്തിലുള്ള കുതിപ്പുകളെ സജ്ജീവമാക്കുക ആഗോളവൽ‍ക്കരണത്തിന്‍റെ അനിവാര്യ സ്വഭാവമാണ്. വിപണിയുടെ വർ‍ദ്ധിച്ച ഉണർ‍വ്വ് ഉൽപ്പാദനം വർ‍ദ്ധിപ്പിക്കും അതുവഴി തൊഴിൽ‍ രംഗം സജ്ജീവമാകും എന്നൊക്കെയുള്ള വാദങ്ങൾ‍ ശരിയാണെന്ന് തോന്നാമെങ്കിലും അത് കാർ‍ഷിക-പരന്പരാഗത-വ്യവസായ ഉൽപ്പാദനം പോലെ തൊഴിലവസരവും മറ്റും സൃഷ്ട്രിക്കുകയില്ല. ആഗോളവൽ‍ക്കരണം വല്ലാതെ വളർ‍ത്തുന്ന സേവനരംഗം ഉൽപ്പാദന രഹിതവും എന്നാൽ‍ അവിടെ പണിക്കാർ‍ എണ്ണത്തിൽ‍ കൂടുതലുമാണ്. സംഘടിത പ്രസ്ഥാനങ്ങളുടെ ശക്തി തെളിയിക്കുവാൻ‍ കഴിഞ്ഞിട്ടില്ലാത്ത ഈ രംഗത്ത് കൊടിയ ചൂഷണമാണ് നടക്കുന്നത്. പണിയാളരിൽ‍ ബഹുഭൂരിപക്ഷവും സ്ത്രീകളും അവർ‍ തന്നെ മധ്യവർ‍ഗ്ഗ സ്വഭാവം ഉള്ളവരായതിനാലും സമരോത്സുകതയുടെ അഭാവം അവരെ ചൂഷണത്തിന്‍റെ ഇരകളാക്കുന്നു. സേവന മേഖലയെ വ്യവസായമായി കണ്ടുകൊണ്ട് മുതൽ‍ മുടക്കുന്ന  മുതലാളിമാരുടെ രാഷ്ട്രീയ-സാമൂഹിക-സൗഹൃദങ്ങൾ‍ പഴയകാല മുതലാളിമാരിൽ‍ നിന്നും വ്യത്യസ്തമാണ്. അവർ‍ സമൂഹത്തിനു പല സൗജന്യങ്ങളും നൽ‍കി അതു വാർ‍ത്തയാക്കി സാമൂഹിക പ്രതിപത്തതയുള്ളവരാണെന്ന് ബ്രാൻഡ്‌ ചെയ്യുവാൻ ഇഷ്ടപ്പെടുന്നു. ഇത്തരം സേവന മേഖലയുടെ തടിച്ചു കൊഴുക്കൽ‍ ശക്തമായിട്ടുള്ള ഒരു സാമൂഹിക വ്യവസ്ഥയിൽ‍ സർ‍ക്കാർ‍ പാപ്പരും തൊഴിൽ‍ രാഹിത്യം കൂടുതലും വേതനം ഏറെ കുറവുമായിരിക്കും. അമേരിക്ക എന്ന ലോകത്തെ വിപണിയുടെ നായകൻ‍ ഏറ്റവും കടം പേറുന്ന രാജ്യമായതും തൊഴിൽ‍ രാഹിത്യവും വേതനത്തിലെ കുറവും അവിടെ നിലനിൽ‍ക്കുന്നതും ഇതിനു തെളിവാണ്. കേരളം ഇതേ അനുഭവങ്ങളിലൂടെ കടന്നുപോകുന്നു.

ഇന്ത്യയിലെ ഏറ്റവും സജ്ജീവമായ വിപണി കേരളത്തിന്റേതാണ്. ഗ്രാമ നഗരങ്ങൾ ഒന്നായി വിപണിയുടെ സ്വഭാവം ആർജ്ജിച്ചിരിക്കുന്നു. രാജ്യത്തെ വൻകിട നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു പേരു പോലും കടന്നു കൂടിയിട്ടില്ല. മെട്രോ നഗരങ്ങൾ കഴിഞ്ഞാൽ വലിയ പട്ടണങ്ങളായ ഭോപ്പാൽ, വിജയവാഡ, നാഗ്്പൂർ തുടങ്ങിയവയുടെ കൂട്ടത്തിലും കൊച്ചിയോ കോഴിക്കാടോ ഇല്ല എങ്കിലും വിപണി സർവ്വേകൾക്കായി പരിഗണിക്കുന്നത് കൊച്ചിയെ പോലെയുള്ള കേരളത്തിലെ പ്രദേശങ്ങളെയാണ്. കേരളം കച്ചവടക്കാരുടെ സ്വപ്ന ഭൂമിയായി തുടരുവാൻ എങ്ങനെ കഴിയുന്നു? ഒപ്പം കേരള സർക്കാർ എങ്ങനെയാണ് എറ്റവും കടമുള്ളവരുടെ മുൻപന്തിയിൽ എത്തിയത്?

തകർന്ന കാർഷികരംഗം, എന്നോ അസ്തമിച്ച കയർ, കശുവണ്ടി, കൈത്തറി, ഓട് മേഖല, തിരച്ചടിയിൽ പെട്ടു പോയ വ്യവസായ രംഗം, അപ്പോഴും ദാരിദ്ര്യത്തിന്റെ പിടിയിലല്ല കേരളം. ഇന്ത്യൻ ശരാശരി വാർഷിക വരുമാനത്തേക്കാൾ കേരളത്തിന്റെ വരുമാനം മുന്നിൽ നിൽക്കുവാൻ കാരണം പ്രവാസികളുടെ സാന്പത്തിക സംഭാവന തന്നെ. 80000 മുതൽ 1 ലക്ഷം കോടിക്കടുത്ത് കേരളത്തിലേക്ക് എത്തുന്ന പണം കേരളീയരുടെ ജീവിത ചെലവ് ദേശീയ ചെലവിന്റെ 1.8 ഇരട്ടിയാകുവാൻ സഹായിക്കുന്നു. കൈയ്യിലെത്തുന്ന പണം ഉൽപ്പാദന രംഗത്ത് ഉപയോഗിക്കുവാൻ കഴിയാതെ പോയ മലയാളികളുടെ ജീവിത ശൈലി സ്വന്തം ആരോഗ്യത്തിനും പ്രകൃതിക്കും സാന്പത്തിക രംഗത്തിനും പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. മധ്യവർഗ്ഗ പൊങ്ങച്ചങ്ങളിൽ സമൂഹത്തിലെ മുന്തിയ വിഭാഗം പെട്ടുപോയാലും അവരെ മൂല്യങ്ങളുള്ള ജീവിതത്തിലേയ്ക്ക് നയിക്കുവാൻ ബാധ്യസ്തരാണ് രാഷട്രീയ നേതൃത്വവും സർക്കാർ തന്നെയും. എന്നാൽ രാഷ്ട്രീയ നേതൃത്വങ്ങൾ തെറ്റായ സാന്പത്തിക ലോകം തീർക്കുന്ന പിൻതിരിപ്പൻ ശീലങ്ങളുടെ വക്താക്കളാണ്. സർക്കാർ തന്നെയും കച്ചവട ഉത്സവങ്ങളുടെ സ്പോൺസർമാരായി മാറുന്നതിൽ തെറ്റുകാണുന്നില്ല.

കേരള ജനതയുടെ ഉൽപ്പാദന മേഖലയിലല്ലാത്ത (സേവന) താൽപ്പര്യങ്ങൾ നാടിന്റെ മുന്നോട്ടുള്ള ചലനത്തിനും പ്രതികൂലമാണ്. വിദ്യാഭാസ മേഖല മുതൽ വിശ്വാസത്തിന്റെ തലത്തിൽ വരെ മലയാളികൾ കണ്ടു വെയ്ക്കുന്ന മാതൃകകൾ അനാരോഗ്യകരമാണ്. അന്തർദേശീയ സിലബസ്സ് കൈകാര്യം ചെയ്യുന്ന വിദ്യാലയങ്ങൾ, സ്വാശ്രയ സ്ഥാപനകൾ, Super speciality ആശുപത്രി, SEZ, ചുങ്കം പിരിക്കുന്ന 4 വരി പാതകൾ തുടങ്ങി വിവാഹം, വീടു നിർമ്മാണം, സ്വർണ്ണാഭരണ ഭ്രമം മുതലായ വിഷയങ്ങളിൽ കേരള സമൂഹം തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നു. ഇത് അത്യന്തികമായി നമ്മുടെ സാമൂഹിക മൂല്യങ്ങളെ പിന്നോട്ടടിക്കുന്നു.

ആഗോളവൽക്കരണം കേരളത്തിന്റെ എല്ലാ മേഖലയിലും മാറ്റങ്ങൾ വരുത്തി. പുതിയ സാങ്കേതികത ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തുവാൻ അവസരം ഉണ്ടാക്കി. ജനങ്ങളുടെ നിത്യജീവിതം കൂടുതൽ സൗകര്യപ്രദമായി. വ്യക്തിപരമായ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനാനുപാതികമായി പൊതു സൗകര്യങ്ങൾ, പൊതു അവകാശങ്ങൾ തുടങ്ങിയവയിൽ വർദ്ധന ഉണ്ടായിട്ടില്ല. RTI പോലെയുള്ള നിയമങ്ങൾ ശക്തമായ കാലത്തുപോലും  അഴിമതി വ്യാപകമായി മാറി.

1991നു ശേഷം സർക്കാരിനുണ്ടായ നിലപാട് മാറ്റങ്ങൾ പരിശോധിച്ചാൽ കേരളം ഇന്ന് എത്തപ്പെട്ട മിക്ക പ്രശ്നങ്ങളുടേയും കാരണങ്ങൾ മനസ്സിലാക്കാം. പരന്പരാഗത സർക്കാർ നിലപാടുകളിൽ വലിയ പൊളിച്ചെഴുത്തുകൾ നടന്നുവരുന്നു. ഒരു വശത്ത് സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിൻമാറുന്പോൾ മറുവശത്ത് സർക്കാർ ജനങ്ങളിൽ നിന്ന് പണം പിരിച്ച് സഹായങ്ങൾ നൽകുന്നു. അഗാേളവൽക്കരണം സർക്കാരിനെ മൊത്തത്തിൽ ക്ഷീണിപ്പിക്കുകയാണ് ചെയ്തത്. സർക്കാർ നിയന്ത്രണങ്ങൾ കുറച്ച്, കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടുകളിലേയ്ക്ക് അവർ ചുവടുമാറ്റി. പൊതുമേഖലാ സ്ഥാപനങ്ങൾ കൈ ഒഴിയുവാൻ സർക്കാർ തീരുമാനിച്ചു. പ്രത്യക്ഷനികുതികൾ കുറച്ചു. ആദായ നികുതിക്ക് വന്പൻ ഇളവുകൾ കിട്ടി തുടങ്ങി ഇത് സർക്കാരിനെ പാപ്പരാക്കി.

കേരളത്തിന്റെ GDP വളർച്ച രാജ്യത്തിന്റെ ശരാശരി വളർച്ചയിലും കൂടുതലാണ്. 1970-80കളിൽ സംസ്ഥാന GDP വളർച്ച ഇന്നത്തെ നിരക്കിന്റെ മൂന്നിൽ ഒന്നു മാത്രമായിരുന്നു. എന്നാൽ അന്നത്തെ സാമൂഹിക സുരക്ഷാ പദ്ധതികൾ ഇന്നത്തേക്കാളും മാതൃകാപരമായിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. ആഗോളവൽക്കരണത്തിൽ GDP വളരുന്പോഴും ജീവിത സുരക്ഷ പിന്നോട്ടു മറിയുന്നു. അങ്ങനെ GDPയിൽ ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന ചൈനയും ഇന്ത്യയും മോശമല്ലാത്ത സ്ഥാനം ഉള്ള റുവാണ്ടയും (6.5%) ജീവിത സുരക്ഷ നൽകുന്നതിൽ പരാജയപ്പെടുന്പോൾ  GDP നിരക്ക് 1% ത്തിനടുത്തുള്ള നോർവ്വെ, ഡെൻമാർക്ക്, ഫിൻലാൻഡ് തുടങ്ങിയ സർക്കാരുകൾ മാതൃകാപരമായി പ്രവർത്തിക്കുന്നു.

കേരളത്തിലെ 57 മുതൽ 91 വരെയുള്ള സർക്കാരിന്റെ ആകെ കടം 19500 കോടിയായിരുന്നു. 2011 എത്തിയപ്പോൾ കടം 87500 കോടിക്കൊപ്പം എത്തി. 2016 ആയപ്പോഴേക്കും 1.52 ലക്ഷം കോടിയിലേയ്ക്ക് ഉയർന്നു. എന്തായിരിക്കാം ഇതിനുള്ള കാരണങ്ങൾ?

വികസ്വര രാജ്യങ്ങൾ അവതരിപ്പിക്കുന്ന ബജറ്റുകൾ പൊതുവെ കമ്മിയായിരിക്കും. കമ്മി ബജറ്റുകൾ സർക്കാരിന്റെ സാന്പത്തിക രംഗത്തെ തകർക്കുകയില്ല. കേന്ദ്ര സർക്കാരിന്റെ പദ്ധതി വിഹിതം, ഹ്രസ്വ-ദീർഘകാല വായ്പകൾ ഒക്കെ ആസൂത്രിതമായ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ നാട് സാന്പത്തികമായി വളരുകയാണ് ചെയ്യുക. ഇതിന് പ്രധാനമായി എടുക്കേണ്ട തീരുമാനം റവന്യു കമ്മി കുറച്ച് (മിച്ചം കണ്ടെത്തി) കൂടുതൽ പണം ആസൂത്രണ പദ്ധതികൾ ക്കായി മാറ്റിവെയ്ക്കുക എന്നതാണ്. (റവന്യൂ ചെലവ് എന്നാൽ സർക്കാർ സംവിധാനം നിലനിർത്തുവാൻ ആവശ്യമായ ചെലവ് എന്നർത്ഥം) അതിനു കഴിയണമെങ്കിൽ സർക്കാർ പ്രവർത്തന ചെലവുകൾ പരിമിതപ്പെടുത്തണം.

സർക്കാരിന്റെ പ്രധാന വരുമാനം (റവന്യൂ) നികുതി ഘടനയിൽ നിന്നാണ്. കേരളത്തിന്റെ മൊത്തം വാർഷിക ചെലവായ 1.04 ലക്ഷം കോടിയിൽ നികുതി പങ്കാളിത്തം 45000 കോടിയാണ്. സംസ്ഥാന നികുതിയായ (VAT), കേന്ദ്ര നികുതികളിലെ വിഹിതം കൂടി ചേരുന്പോൾ കിട്ടുന്ന നികുതി പണം തുടങ്ങിയ നികുതികൾ ഗൗരവതരമായി പഴുതുകളില്ലാതെ പിരിച്ചെടുക്കുവാനും ജനങ്ങൾ അതിൽ 100% പങ്കാളികളാകുവാനും ഉള്ള ആത്മാർത്ഥ ശ്രമങ്ങൾ വേണ്ടവിധത്തിൽ ഉണ്ടാകുന്നില്ല. ഈ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിലപാടുകൾ മാതൃകാപരമാണ്. നികുതി ശേഖരണത്തിലെ കൊടുക്കൽ വാങ്ങലുകളിൽ വീഴ്ച വരുത്തുന്നത് രാജ്യദ്രോഹമായി ആ നാട്ടുകാരും സർക്കാർ സംവിധാനവും നോക്കി കാണുന്നു. നിലവിലെ നികുതി ഘടനയിൽ കടന്നുവന്ന പരാതികളെ കണ്ടെത്തി തുക പിരിക്കുന്ന ഉത്തരവാദിത്തപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നമ്മുടെ സർക്കാരുകൾ പരാജയമാണ്. നിലവിലെ നികുതി പിരിച്ചെടുക്കലിലെ കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ ശ്രമിക്കുക, പുതിയ മേഖലകളിലേയ്ക്ക് നികുതി വ്യാപിപ്പിക്കൽ തുടങ്ങിയവ നടപ്പിലാക്കുന്നതിലൂടെ റവന്യൂ വരുമാനം വർദ്ധിപ്പിക്കാം. കേരളത്തിലെ 2011-16 ലെ സർക്കാർ നികുതി പിരിവിൽ ഉണ്ടായ വീഴ്ച കേരളത്തിന്റെ സാന്പത്തിക ഭാവിക്ക് തിരിച്ചടിയുണ്ടാക്കി. നികുതി പിരിവ് പ്രതീക്ഷിച്ചതിലും ഏറെ പുറകോട്ടു പോയത് വികസനത്തിനായി മാറ്റിവെക്കേണ്ട പണത്തിൽ കുറവ് വരുത്തി. കഴിഞ്ഞ 5 വർഷത്തിനകം 13500 കോടി രൂപ നികുതി നഷ്ടം ഉണ്ടായി. അതിൽ തന്നെ 7500 കോടി രൂപ ഒരു തരത്തിലും തടസ്സമില്ലാതെ പിരിച്ചെടുക്കുവാൻ കഴിയുന്നതായിരുന്നു. സർക്കാർ അനാവശ്യമായി നൽകിയ നികുതി ഇളവുകൾ സാധാരണക്കാരെ സഹായിക്കുവാൻ ആയിരുന്നില്ല. മൊത്തത്തിൽ പ്രതിവർഷം കേരള ഖജനാവിന് പല വഴിയിലായി ഉണ്ടായ നികുതി മേഖലയിലെ ചോർച്ച 7000 കോടി രൂപയുടേതാണ്. ഇത് അർത്ഥമാക്കുന്നത് 5 വർഷം കൊണ്ട് ഏറ്റവും കുറഞ്ഞത് 25000 കോടി രൂപയുടെ നികുതി ചോർച്ച ഉണ്ടായി എന്നാണ്. (മെട്രോ പദ്ധതിക്കായി ആകെ വരുന്ന ചെലവ് 6800 കോടി രൂപ മാത്രമാണ് എന്നോർക്കുക. അതിനായി വിദേശത്തുനിന്നും വായ്പ എടുക്കുന്ന സർക്കാർ പറയുന്നത് സർക്കാരിന്റെ സാന്പത്തിക ദാരിദ്ര്യത്തെ പറ്റിയാണ്. വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കുന്നതിലെ കാരണവും ഇതുതന്നെ. അദാനി പദ്ധതിക്കായി മാറ്റിവെയ്ക്കുന്ന തുക 2500 കോടിക്കകത്തു മാത്രം. ഇത്തരത്തിൽ നികുതി കൃത്യമായി പിരിച്ചെടുക്കാത്തതും ഒപ്പം സാധാരണക്കാരുടെ പേരിൽ (സന്പന്നരെ ലക്ഷ്യം വെച്ച് നൽകുന്ന) നികുതി ഇളവുകൾ കേരളത്തെ പാപ്പരാക്കുന്നു.

സർക്കാരിന്റെ ചെലവിൽ (റവന്യു) മുഖ്യം സർക്കാർ വകുപ്പുകളെ നിലനിർത്തുകയാണ്. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശന്പളത്തിനായി മാറ്റിവെയ്ക്കുന്ന ഏകദേശ തുക 23000 കോടി രൂപ (പ്രതിവർഷം). പെൻഷൻ നൽകുവാൻ മറ്റൊരു 13000 കോടി. അനാവശ്യമായ തസ്തിക ഉണ്ടാക്കി വിദ്യാഭ്യാസകച്ചവടത്തെ സഹായിക്കുന്ന സർക്കാർ തീരുമാനങ്ങൾ വലിയ ബാധ്യതകൾ ക്ഷണിച്ചു വരുത്തുന്നു. മൊത്തം നികുതി വരുമാനത്തിന്റെ 80% തുക ചിലവഴിക്കുന്ന ഭരണകൂട സംവിധാനത്തിന്റെ കാര്യക്ഷമതയെ ഗൗരവതരമായി പറ്റി സർക്കാർ വില ഇരുത്തുന്നുണ്ടോ? സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും പ്രർത്തനങ്ങൾ (സാന്പത്തിക മറ്റുനിരുത്തരവാദിത്ത ) പരിശോധനാ വിധേയമാക്കുന്നുണ്ടോ ?

ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ അനിയന്ത്രിതമാകുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ഉൽക്കണ്ഠാകുലരല്ലാത്തത് എന്തുകൊണ്ട്? എംഎൽഎയ്ക്ക് ശന്പളത്തിനൊപ്പം നിയമസഭയിൽ പങ്കെടുക്കുന്നതിനും യാത്രാ പടിക്കും പണം വീണ്ടും നൽകന്നതിൽ എന്ത് ന്യായമാണുള്ളത്? 5 വർഷം പൂർത്തിയാക്കുന്ന എംഎൽഎക്ക് 10000 രൂപ പെൻഷൻ, ഒപ്പം 5 വർഷത്തിലധികം ഓരോ വർഷവും മറ്റൊരു 750 രൂപ വീതം കൂടുതലായി നൽകുന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്? ചികിത്സക്കായി സർക്കാർ സംവിധാനം ഉണ്ട് എന്നിരിക്കെ വിദേശത്തു പോലും പോയി ചികിത്സ നേടുവാൻ എംഎൽഎമാർക്ക്  അവസരം നൽകുന്ന രീതിയെ എങ്ങനെയാണ് ന്യായീകരിക്കുവാൻ കഴിയുക? (അതിസന്പന്നനായ കുട്ടനാട് എംഎൽഎ അയാളുടെ ചികിത്സക്കായി 1.90 കോടി രൂപ പൊതു ഖജനാവിൽ നിന്നും ചെലവാക്കി എന്ന വാർത്ത നമ്മുടെ ജനപ്രതിനിധികളിൽ ചിലരുടെ സ്വാർത്ഥ മോഹത്തെ പ്രതിഫലിപ്പിക്കുന്നു).

സർക്കാർ സംവിധാനത്തിലെ അഴിമതി ഗൗരവതരമായിരിക്കെ ഓരോ അഴിമതി വ്യവഹാരവും അതിന്റെ പതിൻമടങ്ങ് സാന്പത്തിക ചോർച്ച സർക്കാർ ഖജനാവിന് ഉണ്ടാക്കും. ക്യാബിനറ്റ് എടുക്കുന്ന പല തീരുമാനങ്ങളിലെയും ദീർഘവീക്ഷണമില്ലായ്മ ഖജനാവിനുണ്ടാക്കുന്ന നഷ്ടം കേവലം രാഷ്ട്രീയ ആരാേപണ പ്രത്യാരോപണമായി കെട്ടടങ്ങുന്നു. മറിച്ച് കാ
ബിനറ്റ് എടുക്കുന്ന തീരുമാനങ്ങളിലെ പൊതു നഷ്ടം ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നും തിരിച്ചുപിടിക്കുവാൻ സംവിധാനം ഉണ്ടാകേണ്ടതുണ്ട്.

നിലവിലെ നികുതി ഘടന പുനപരിശോധിക്കുന്നതിലൂടെ വലിയ സാന്പത്തിക വരുമാനം സർക്കാരിന് നേടി എടുക്കുവാൻ കഴിയും.

സ്വർണ്ണ വ്യാപാര മേഖല തന്നെ നല്ല ഉദാഹരണമാണ്. കേരളത്തിലെ പ്രതിവർഷ സ്വർണ്ണ വ്യാപാരം 80000 കോടി വരുമെന്ന് സ്വർണ്ണ വ്യാപാരികൾ തന്നെ സമ്മതിക്കുന്നു. അങ്ങനെ എങ്കിൽ അതിൽ നിന്നും സർക്കാരിന് (5 % VAT) കിട്ടേണ്ട വരുമാനം 4000 കോടി രൂപ. സ്വർണ്ണം വാങ്ങുന്ന ഒരാൾ ഒരു ലക്ഷം രൂപക്ക് 5000 രൂപ നികുതി കൊടുക്കുന്നതിൽ ഒരു തെറ്റും കണ്ടെത്തുവാൻ കഴിയില്ല. എന്നാൽ സർക്കാർ അതിനു പകരം Compounding നികുതിയിലൂടെ 250 കോടി രൂപ മാത്രം പിരിച്ചെടുക്കുന്നു. ഇതിൽ നിന്നും ഇടതു വലതു സർക്കാരിന്റെ നികുതി പിരിവിലെ താൽപര്യക്കുറവ് മനസ്സിലാക്കാം.

പാട്ട ഭൂമിയുടെ ചുങ്കം വർദ്ധിപ്പിച്ചിട്ട് 25 വർഷം കഴിഞ്ഞിരിക്കുന്നു. ചുങ്കം ഏക്കറിന് പ്രതിവർഷം 180 രൂപ മുതൽ 1300 രൂപ വരെ മാത്രമാണ് ഈടാക്കുന്നത്. അത് കാലോചിതമായി വർദ്ധിപ്പിച്ചാൽ വരുമാനത്തിൽ വൻ വർദ്ധന ഉണ്ടാക്കാം. (പാട്ട ഭൂവിസ്തൃതി 8 ലക്ഷം ഹെക്ടറിൽ കുറയുക ഇല്ല. ഹെക്ടറിന്റെ ചുങ്കം 20000 ആയി വർദ്ധിപ്പിക്കുവാൻ അവസരം ഉണ്ടെന്നിരിക്കെയാണ് സർക്കാർ വിഷയത്തിൽ സിസ്സംഹത പുലർത്തുന്നത്.

കേരളത്തിന്റെ പ്രകൃതി വിഭവങ്ങൾ (ഇൽമനൈറ്റ് ക്ലേ തുടങ്ങിയവ) പ്രക‍ൃതിയെ പരിഗണിച്ച് മൂല്യവർദ്ധിതമാക്കി മാറ്റി വിപണിയിൽ എത്തിച്ചാൽ വലിയ ലാഭത്തിലേയ്ക്ക് Titaninum വും പാത്ര നിർമ്മാണവും മാറ്റാം. പ്രതിവർഷം 38 കോടി ചക്ക ഉണ്ടാകുന്ന കേരളത്തിൽ അതിന്റെ 50% ലോകമാർക്കറ്റിൽ എത്തിച്ചാൽ (കിലോക്ക് 1.50 ഡോളർ) ലഭിക്കാവുന്ന വരുമാനം എത്രയാകുമെന്ന് ഊഹിക്കുക. റബ്ബർ, കുരുമുളക് തുടങ്ങിയവയെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കാം. KSRTC പോലെ കുത്തഴിഞ്ഞ പൊതുമേഖല സ്ഥാപനത്തെ സമയ ബന്ധിതമായി ലാഭത്തിൽ ആക്കുവാൻ പദ്ധതി തയ്യാറാക്കേണ്ടതാണ് .

ആയ്യുർവേദം, മറ്റ് പ്രകൃതി വിഭവങ്ങളെ ഔഷധങ്ങളാക്കി ലോകമാർക്കറ്റിൽ എത്തിക്കുവാൻ പദ്ധതികൾ ഉണ്ടാക്കാം. എന്തിനേറെ ശരാശരി മലയാളി എറിഞ്ഞു കളയുന്ന ജൈവ മാലിന്യത്തിൽ നിന്നും ഏറ്റവും കുറഞ്ഞത് 5000 MW വൈദ്യുതി ഉൽപാദിപ്പിച്ച് അവ മാർക്കറ്റിൽ എത്തിച്ച് വരുമാനമുണ്ടാക്കുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിയും. എല്ലാത്തിനും ഉണ്ടാകേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണ്.

മാറി മറിഞ്ഞ കേരളത്തെ സാന്പത്തിക-രാഷ്ട്രീയ-സാംസ്കാരിക തകർച്ചയിൽ നിന്ന് കരകയറ്റുവാൻ തോമസ് ഐസക്ക് എന്ന കമ്യൂണിസ്റ്റുകാരന്റെ ധവളപത്രം ലക്ഷ്യം വെക്കുന്നുവോ. ചരിത്രം തെളിയിക്കട്ടെ.

You might also like

Most Viewed