യൂറോപ്യൻ യുണിയനെ ഉപേക്ഷിച്ച ഇംഗ്ലീഷ് നാട്
ലോകത്തെ എക്കാലത്തെയും ശ്രദ്ധേയമായ അന്താരാഷ്ട്ര മുദ്രാവാക്യം സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കൂ എന്നതാണ്. എന്നാൽ ആ മുദ്രാവാക്യം ഉയർത്തിയ ആരവങ്ങൾ ഒന്നര നൂറ്റാണ്ടിനകം കെട്ടടങ്ങുകയും ആധുനിക മുതലാളിത്തം മറ്റൊരു മുദ്രവാക്യത്തിലേയ്ക്ക് ലോകത്തെ എത്തിക്കുകയും ചെയ്തു. ദേശിയതയുടെ ആരാധകരായിരുന്ന മുതലാളിത്തം ലോകത്തെ ആഗോള ഗ്രാമമായി കാണുവാൻ തയ്യാറായി. സമത്വ സുന്ദരമായ ഒരു ലോകത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ദേശാതീതമായ സ്വപ്നങ്ങളല്ല ഇതിനു പിന്നിൽ എന്ന് മനസ്സിലാക്കുവാൻ വലിയ പാടുപെടേണ്ടതില്ല. ലോക കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപെട്ടിട്ടുള്ള മുതലാളിത്തം രാജ്യങ്ങളുടെ അതിർത്തികൾ തുറക്കപ്പെടണം എന്ന് പറയുന്നതിനു പിന്നിൽ കച്ചവട താൽപര്യങ്ങൾ മാത്രമാണുള്ളത്. ചരക്കുകളുടെ അനിയന്ത്രിതമായ ഒഴുക്കുകൾക്ക് തടസ്സമാകുവാൻ ഒന്നും ഉണ്ടാകരുത് എന്ന് അവർ ആഗ്രഹിച്ചു. അതിനായി ലോക രാഷ്ട്രീയത്തെ അവർ അവരുടെ വഴിക്ക് കൊണ്ടുപോകുവാൻ ആവശ്യമായ നടപടികൾക്ക് തയ്യാറായി.
പതിനഞ്ചാം നൂറ്റാണ്ടുമുതൽ ലോകസാന്പത്തിക തലസ്ഥാനം സ്പെയിൻ, പോർച്ചുഗൽ, ബ്രിട്ടൻ ഉൾപ്പെടുന്ന യൂറോപ്പ് ആയിരുന്നു. യൂറോപ്പിലെ പ്രബല രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ് എന്നിവയും ലോക വ്യാപാരത്തിൽ നല്ല പങ്കാളിയായി. എന്നാൽ രണ്ടാം ലോകയുദ്ധത്തോടെ അമേരിക്ക ആസ്ഥാനം കൈയടക്കി. സ്വർണ്ണശേഖരത്തിൽ വലിയ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന യൂറോപ്പ് അമേരിക്കൻ സാന്പത്തിക ലോകത്തിനു പൂർണ്ണമായും കീഴടങ്ങിയത് രണ്ടാം ലോകയുദ്ധത്തോടെയാണ്. അതിനായി അമേരിക്ക ഉണ്ടാക്കിയെടുത്ത സാന്പത്തിക സ്ഥാപങ്ങൾ, UNലെ അവരുടെ മുൻതൂക്കം എല്ലാം തന്നെ യുറോപ്പിലെ രാജ്യങ്ങൾക്ക് ഭീഷണിയായിരുന്നു. ലോക സാന്പത്തിക-രാഷ്ട്രീയരംഗത്തെ രണ്ടാം സ്ഥാനക്കാരായി മാറിയ യുറോപ്പ് അവരുടെ വിലപേശൽ ശേഷി ഇനിയെങ്കിലും സുരക്ഷിതമാക്കുവാൻ കണ്ടെത്തിയ പ്രയോഗ രൂപമായിരുന്നു യുറോപ്യൻ യൂണിയൻ എന്ന സംവിധാനം.
യൂറോപ്യൻ യുണിയൻ എന്ന സംവിധാനം ഉണ്ടായത് 1993ലാണെങ്കിലും അതിനും അരനൂറ്റാണ്ട് മുന്‍പ് (1951) യുറോപ്പിലെ കൽക്കരിയും ഇരുന്പ് തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ കച്ചവടം പരസ്പരം നടത്തുവാനായി ഫ്രഞ്ചുകാർ നേതൃത്വം കൊടുത്തുണ്ടാക്കിയ (The European Coal and steel community) ECSC, മറ്റൊരു യുദ്ധം യുറോപ്പിനെ തളർത്തും എന്ന പാഠം ഉൾക്കൊണ്ടു. തുടർന്ന് European Economic Community 58 നിലവിൽ വന്നു. (ഇംഗ്ലണ്ട് ഇതിൽ രണ്ടിലും അംഗമായിരുന്നില്ല) ഈ സമിതിയാണ് പിൽകാലത്ത് European unionആയി മാറുന്നത്. മാസ്ട്രിച്ച് ഉടന്പടിയിൽ (93) 12 രാജ്യങ്ങൾ ഒപ്പിട്ട് പരസ്പരം അംഗത്വം നേടി. എന്നാൽ യുറോപ്പിനെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തിന് ജൂലീസ് സീസറിനോളം പഴക്കം ഉണ്ട്. (ഫലഭൂഷ്ടമല്ലാത്ത യുറോപ്യൻ മണ്ണിനോട് അലക്സാണ്ടർ താൽപര്യം കാട്ടിയില്ല). സീസർ ഫ്രാൻസിനെയും ജർമ്മനിയെയും പിന്നീട് ഇംഗ്ലണ്ടിനെയും തന്‍റെ രാജ്യത്തിനൊപ്പം കൂട്ടിച്ചേർത്തു. സീസറിന് ശേഷം പിൻഗാമിയായി വന്ന തെറ്റുബോർഗിന് (Teutoborg) ജർമ്മനിയിൽ ഉണ്ടായ പരാജയം കൂടുതൽ വെട്ടിപിടുത്തങ്ങൾ നടത്തുന്നതിൽ നിന്നും പിന്തിരിയുവാൻ നിർബന്ധിതമാക്കി. ഇന്നു വളരെ സന്പന്നമായ വടക്കൻ യുറോപ്പ് അന്ന് വലിയ കാട്ടു പ്രദേശമായിരുന്നു. റോമക്കാർ ഗതി മാറി കിഴക്കോട്ട് അധിനിവേശം തുടർന്നു. അങ്ങനെ ജെറുസലേം, സിറിയ തുടങ്ങിയവ കീഴ്പെടുത്തി. ഇസ്തംബൂളിനെ തലസ്ഥാനമാക്കി മാറ്റി. വടക്കൻ ജർമ്മനിക്കാർ റോമിനെ പുറത്താക്കി നടത്തിയ യുദ്ധത്തിൽ ആദിവാസികൾ (നിരക്ഷരരായ) നേടിയ വിജയവും ഈജിപ്റ്റ് മാത്രം ഉത്പാതിപ്പിച്ചിരുന്ന പാപ്പിറസ് (പേപ്പർ) യുറോപ്പിന് നൽകാതിരുന്നതും യുറോപ്പിൽ ഇരുണ്ട യുഗം തുടങ്ങുവാനുള്ള കാരണങ്ങളിൽ പ്രധാനമാണ്. (AD 500).
ഇസ്ലാം രാജ്യങ്ങളുടെ രൂപീകരണവും സ്പെയിനിൽ ഇസ്ലാം ഭരണം നിലവിൽ വന്നതും ഇന്നത്തെപോലെ ഒരു ഇസ്ലാംഫോബിയ യൂറോപ്പിൽ വളരുവാൻ അവസരം ഒരുങ്ങി. പോപ്പ് ജർമ്മൻ ആദിവാസി നേതാവ് ചാർലെ മഗ്നെയെ (charlaemagne) റോമിന്‍റെ ചക്രവർത്തിയായി അവരോധിച്ചു. പിൽക്കാലത്ത് ആ പേര് ചാൾസ് എന്നായി അറിയപ്പെട്ടു. Charles the Fat എന്ന ആദ്യ ചക്രവർത്തിയുടെ പേരക്കുട്ടിയുടെ കാലത്തോടെ യുറോപ്പ് ശിഥിലമായി. ജെറുസലേം കേന്ദ്രമായ യുറോപ്പ് സങ്കൽപ്പം വിജയിച്ചില്ല. പ്രൊട്ടൻഷനിസ്റ്റുകൾ കരുത്തു നേടിയത് ഫ്രാൻസ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളെ ശക്തമാക്കി. യുറോപ്പ് പിന്നീട് ഒന്നിച്ചത് നെപ്പോളിയന്‍റെ കാലത്താണ്. (1000 വർഷങ്ങൾക്കു ശേഷം യുറോപ്പ്യൻ രാജ്യങ്ങൾ വീണ്ടും ഒന്നിച്ചു.) ഹിറ്റ്ലർ പിടിച്ചെടുത്ത രാജ്യങ്ങൾ, അതിനുശേഷം സോഷ്യലിസ്റ്റ് ചേരി രാജ്യങ്ങളുടെ കൂട്ടം (വാർസ്സാ), അവരെ എതിർക്കുന്ന NATO ഒക്കെ തന്നെ യുറോപ്യൻ കൂടിച്ചേരലുകളുടെ ചെറുതും വലുതുമായ രൂപങ്ങളാണ്. ഭൂമി ശാസ്ത്രമായ പരിമിതി (ഭക്ഷ്യ− പ്രകൃതി വിഭങ്ങളുടെ) അതിനുള്ള കാരണങ്ങളിൽ പ്രധാനമാണ്.
ലോകത്തിന്‍റെ ഹൃദയം ഞങ്ങളാണ് എന്ന ധാരണയിൽ സമസ്ത മേഖലയിലും ലോകത്തിന്‍റെ നായകപദവി വഹിച്ചുവന്നവർ, അമേരിക്കൻ ഏക കേന്ദ്രീകൃതമായ ലോകത്ത് മറ്റൊരു സ്ഥാനം ഉറപ്പിക്കുവാൻ നടത്തിയ യുറോപ്പ് രാജ്യങ്ങളുടെ ഒന്നിക്കൽ യൂറോപ്പിലെ രാജ്യങ്ങളുടെ താൽപര്യങ്ങളെ വലിയ തരത്തിൽ സഹായിക്കുമെന്ന് ഭൂരിപക്ഷവും കരുതി. അതുകൊണ്ട് കൂടി 12 രാജ്യങ്ങൾ അംഗമായി തുടങ്ങിയ EU പിൽക്കാലത്ത് 28 രാജ്യങ്ങളുടെ കൂട്ടായ്മയായി മാറി. യുറോപ്പിലെ വിവിധ രാജ്യങ്ങൾ തമ്മിൽ യാത്രയും സാംസ്‌കാരിക-സാന്പത്തിക കൈമാറ്റവും (സ്വാതന്ത്ര വിപണി− ഒരു നാണയം) ഒക്കെ നടപ്പിലാക്കപ്പെട്ടു. ടൂറിസ്റ്റുകളുടെ യാത്ര കുറേകൂടി എളുപ്പമായി. ലോക ഗ്രാമം എന്ന ആഗോള വൽക്കരണ സ്വപ്നം യൂറോപ്പുകാർ തങ്ങളുടെ താൽപര്യങ്ങൾക്കായി നടപ്പിലാക്കുവാൻ വിജയിച്ചു എന്ന ധാരണ അവർക്ക് നേടിയെടുക്കുവാൻ കഴിഞ്ഞു. അതിന്‍റെ ഭാഗമായി വിവധ സമിതികൾ നിലവിലുണ്ടായി. Common Foreign and Security Force (CFSP), Justice and Home affairs (JHA) European Parliament, Council of Ministers തുടങ്ങിയ സമിതികൾ പ്രവർത്തിക്കുന്നു. 19 രാജ്യങ്ങൾക്ക് പൊതുവായ നാണയം ഉണ്ടായി (യൂറോ).
യൂറോപ്യൻ യൂണിയനിൽ ജനസംഖ്യയിൽ 7.3% (50%) വരുന്ന ജനങ്ങൾ താമസിക്കുന്ന ഇവിടെ ലോക GDPയുടെ 24% ഉണ്ടാക്കുന്നു. ഇരുപത്തെട്ട് രാജ്യങ്ങളിൽ 26 രാജ്യങ്ങളുടെ ജീവിത സൂചിക ലോക ശരാശരിയിലും മുന്നിലാണ്. ലോകത്തെ 500 ബഹുരാഷ്ട്രകുത്തകകളിൽ 165ഓളം സ്ഥാപനങ്ങളുടെ കേന്ദ്രങ്ങൾ യുറോപ്പിലാണ്. പെട്രോൾ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഊർജ്ജ മേഖലയിൽ 54% ഇറക്കുമതി ചെയ്യുന്നു. യുറോപ്യൻ രാജ്യങ്ങൾ സമത്വബോധത്തിൽ എത്തി നിലപാടുകൾ സ്വീകരിച്ച് മറ്റു രാജ്യങ്ങൾക്കും കൂടി ഒന്നിക്കുവാൻ മാതൃകയായി. അവരുടെ ശ്രമം വളർന്നില്ല. മാത്രവുമല്ല അമേരിക്കൻ താൽപര്യങ്ങളെ പരിഗണിച്ച് NATO തുടങ്ങിയ അമേരിക്കൻ സഖ്യങ്ങളുമായി നടത്തുന്ന യുറോപ്യൻ യൂണിയൻ ചങ്ങാത്തം ആ സംഘടനയെ ജനാധിപത്യവിരുദ്ധ സംവിധാനമാക്കി മാറ്റി. ഇറാഖ് വിഷയത്തിലും അതിന്‍റെ തുടർച്ചയായ സംഭവങ്ങളിലും യുറോപ്യൻ രാജ്യങ്ങൾ എടുത്ത നിലപാടുകൾ അമേരിക്കയെ പിന്തുണക്കുന്നതായിരുന്നു. എന്നാൽ രൂപീകരണത്തിനു ശേഷം 7 പ്രാവശ്യം നടന്ന അംഗത്വ പ്രവർത്തനത്തിൽ അവസാനം എത്തിയവർ മാസിഡോണിയയും ക്രൊയേഷ്യയും ആണ്. പുതിയ അംഗങ്ങൾ ആകുവാൻ അൽബേനിയയും തുർക്കിയും സെർബിയയും ഐസ്്ലാന്റും അപേക്ഷ കൊടുത്തിരിക്കുന്നു. തുടക്കത്തിലേ ഉണ്ടായിരുന്ന ജർമ്മനി, ഫ്രാൻസ് ഇറ്റലി, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായ നിലപാടുകൾ എടുക്കുവാൻ ഇഷ്ടപ്പെടുന്ന നോർവേ, സ്വിറ്റ്സർലന്റ് ഈ കൂട്ടുകെട്ടിൽ നിന്നും മാറി നിൽക്കുവാൻ ആഗ്രഹിച്ചു.
യൂറോപ്യൻ യൂണിയനിൽ ജനാധിപത്യപരമായി പ്രവർത്തിക്കുന്നില്ല എന്ന ആക്ഷേപം പ്രബലമാണ്. അതിന്‍റെ രണ്ടു
സഭകൾ (യുറോപ്യൻ പാർലമെന്റും Council of Ministers സമിതിയും) വേണ്ട അർത്ഥത്തിൽ ജനാധിപത്യ ഇടങ്ങൾ തീർക്കുന്നില്ല. ഒപ്പം ഈ സംവിധാനം ഇസ്ലാം വിരുദ്ധ വിചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു അതിന് ഉദാഹരണമാണ് തുർക്കിയോടുള്ള നിലപാട്. EECയിൽ അംഗമായ (1963 മുതൽ) തുർക്കിയെ ഗ്രൂപ്പിൽ ഉൾപ്പെടുത്തുവാൻ പ്രധാന അംഗങ്ങൾ കാട്ടുന്ന താൽപര്യകുറവിനു പിന്നിൽ ഇസ്ലാം വിരുദ്ധ വികരമല്ലാതെ മറ്റൊന്നുമല്ല കാരണം. ജൂതകക്ഷികളും ഇതിൽ നിർണ്ണായക പങ്കുവഹിക്കുന്നു.
ലോകം തുടർച്ചായി സാന്പത്തിക മാന്ദ്യത്തിലാണ് എന്ന പ്രചരണം ആഗോള വൽക്കരണ കാലത്ത് ആവർത്തിച്ച് നമ്മൾ കേട്ടു വരുന്നു. നിരന്തരമായി ലോകം അകപ്പെട്ടുപോരുന്ന ഈ സാന്പത്തിക പ്രതിസന്ധി വരുത്തി വെയ്ക്കുന്നതിൽ സാധാരണ ജനങ്ങൾക്ക് ഒരു പങ്കുമില്ല. അവരുടെ അദ്ധ്വാനത്തിലെ കുറവോ അവരുടെ ഉത്‌പ്പാദനത്തിലെ തിരിച്ചടിയോ അല്ല സംഭവത്തിനു പിന്നിൽ. മറിച്ച് ബഹ്രുരാഷ്ട്രകുത്തകളാൽ നിയന്ത്രിക്കപ്പെടുന്ന ലോകകന്പോളത്തിലെ മുഖ്യപങ്കാളിത്തം വഹിക്കുന്ന ചൂതാട്ട വിപണിയാണ് ഇവിടെ വില്ലൻ. ലോക വിപണിയിൽ യഥാർത്ഥ ഉത്പാദനത്തിനും 12 ഇരട്ടിയിലും അധികമാണ് ചൂതാട്ടവിപണിയുടെ മൂല്യം. അത്തരം ചൂതാട്ടം ഇന്ത്യയിൽ പോലും (ഹർഷത് മേത്ത)വലിയ നഷ്ടം വരുത്തി വെച്ചു. ഏഷ്യൻ രാജ്യങ്ങളിൽ ആഗോളവൽക്കരണം വളരെ വിജയകരമായിരുന്നു എന്ന് പറഞ്ഞുവന്ന മലേഷ്യ, തായ്ലന്റ് തുടങ്ങിയവ പ്രതിസന്ധിയിലായി. റിയൽ എേസ്റ്ററ്റ് വിപണിയുടെ തകർന്നടിയൽ ആയിരുന്നു കാരണം. ഇതേ പ്രതിസന്ധി 2008ൽ അമേരിക്കയിലും ആവർത്തിച്ചു.അവിടെ ഉണ്ടായ തകർച്ചയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മോർഗൻ, അറിഗ് തുടങ്ങിയ വന്പൻ സാന്പത്തിക സ്ഥാപനങ്ങൾ അടച്ചുപൂട്ടി. സ്വാഭാവികമായും ഇതിന്‍റെ അലകൾ യൂറോപ്പ് ഉൾപ്പെടുന്ന എല്ലാ ഭൂഖണ്ധങ്ങളെയും ബാധിച്ചു. എന്നാൽ ഊഹ മൂലധനത്തിന്‍റെയും ആഗോളവൽക്കരണത്തിന്‍റെയും എക്കാലത്തെയും ഇരകൾ ഈ ദുരന്തത്തിന്‍റെ ആഘാതങ്ങളും പേറേണ്ടിവന്നു എന്നതാണ് വാസ്തവം. സാന്പത്തിക രംഗത്ത് തകർച്ചക്ക് കാരണക്കാരായ കോർപ്പറേറ്റുകളെ സഹായിക്കുവാൻ സർക്കാർ കോടികൾ മുടക്കുവാൻ തയ്യാറായി. അമേരിക്ക എന്ന ലോകത്തെ ഏറ്റവും കടം പേറുന്ന രാജ്യം അവരുടെ നാട്ടിലെ കോർപ്പറേറ്റുകളെ സഹായിക്കുവാൻ ഒഴുക്കിയ സർക്കാർ സഹായത്തിന്‍റെ ചെറിയ ശതമാനം ലോകത്തെ പാർശ്വവൽക്കരിക്കപ്പെടുന്നവർക്ക് മാറ്റിവെച്ചിരുന്നു എങ്കിൽ ഈ ലോകത്തെ പട്ടിണിയും ചേരി ജീവിതവും പകർച്ചവ്യാധിയും തൊഴിൽ രാഹിത്യവും തടയാമായിരുന്നു.
യുറോപ്പ് രാജ്യങ്ങളുടെ കൂട്ടായ്മ അവരുടെ രാജ്യങ്ങൾക്ക് വൻതോതിൽ സബ്സിഡികൾ നൽകിവരുന്നു. അമേരിക്കയും ജപ്പാനും കൊറിയയും ഇവിടെ മുന്നിലാണ്. അവർക്ക് സബ്സിഡി നൽകുന്നതിന് ലോകബാങ്കും മറ്റും തടസ്സം നിൽക്കാറില്ല. അവർ നൽകുന്ന വർഷിക ശരാശരി സബ്സിഡി തുക 7000കോടി ഡോളർ (4.5 ലക്ഷം കോടി). 50 കോടി ജനങ്ങൾ വസിക്കുന്ന യുറോപ്പ് രാജ്യങ്ങൾ നൽകുന്ന കാർഷിക ആനുകൂല്യം, 127 കോടി ആളുകൾ താമസിച്ചു വരുന്ന, അതിലും 60 ശതമാനം കർഷകർ ജീവിത മാർഗ്ഗം നേടുന്ന, ഇന്ത്യ നൽകുന്ന ആനുകൂല്യത്തിന്‍റെ എത്ര മടങ്ങെന്നു പറയുക പ്രയാസമാണ്. അമേരിക്കയിലെ ഒരു ശതമാനം മാത്രം ആളുകൾ പണിയെടുക്കുന്ന കാർഷിക രംഗത്തെ ആനുകൂല്യം 2500 കോടി ഡോളർ. ജപ്പാൻ ഒരു പശുവിന് ദിനം പ്രതി ഒന്നേകാൽ ഡോളർ ആനുകൂല്യം നൽകുന്നു എന്നത് സാധാരണ ഇന്ത്യക്കാരന് വിശ്വസിക്കുവാൻ കഴിയുന്നതിനും അപ്പുറമാണ്. ഇത്തരം സംവിധാനം ഭൂരിപക്ഷം ജനങ്ങളും കാർഷിക വൃത്തിയെ സ്വപ്നം കണ്ടുകഴിയുന്ന ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളെ വല്ലാതെ തകർത്തു. ഇന്ത്യൻ കാർഷിക രംഗം തകരുവാനുള്ള കാരണങ്ങളിൽ ഇതിനു പ്രധാന പങ്കുണ്ട്. (റബ്ബർ അതിനുത്തമ ഉദാഹരണം).
ഹൈയ്തി എന്ന വടക്കൻ−അമേരിക്കൻ നാടിന്‍റെ ഗതിയിൽ നിന്നും അമേരിക്കയും യുറോപ്പും എങ്ങനെയാണ് ജനങ്ങളുടെ ജീവിതത്തെ തകർത്തെറിയുന്നത് എന്നു വ്യക്തമാകും. ഭക്ഷ്യ സുരക്ഷയുണ്ടായിരുന്ന ആ നാട്ടിൽ കൃഷി അസാധ്യമായി. കാർഷിക വിളകൾക്ക് വിലയില്ലാതായി. ഇന്ന് ആ രാജ്യം അമേരിക്ക നൽകുന്ന ഭക്ഷണം കൊണ്ട് ജീവിക്കേണ്ടിവരുന്നു. ആഫ്രിക്കൻ ഭൂഖണ്ധത്തിൽ ജനങ്ങളുടെ ആയുസ്സിൽ 4 വർഷത്തെ കുറവുണ്ടായിരിക്കുന്നു. (ഇതിൽ നിന്നും ഒന്നും പഠിക്കുവാൻ നമ്മുടെ സർക്കാരുകൾ തയ്യാറായില്ല) വൻ ആനുകൂല്യങ്ങൾ നൽകി കാർഷിക രംഗത്തെ വളർത്തുന്ന അമേരിക്കയും യുറോപ്യൻ രാജ്യങ്ങളും ലക്ഷ്യം വെയ്ക്കുന്നത് അവിടുത്തെ Farm industry നടത്തുന്ന വൻകിട കോർപ്പറേറ്റുകളേയാണ്. ഇതുവഴി യുറോപ്പും സാന്പത്തിക പ്രതിസന്ധിയിലായി.
യുറോപ്യൻ അംഗമായ ഗ്രീസും പോർച്ചുഗലും സ്പെയ്നും ഒക്കെ സാന്പത്തിക തകർച്ചയിൽ പെട്ടു. യൂറോപ്പിൽ തൊഴിൽ രാഹിത്യം കൂടി. അതിനുത്തമ തെളിവാണ് പാൽ ഉത്പകാരായ കർഷകർ നടത്തിയ 2008 മെയ് മാസത്തിലെ സമരം.പാലിന് ഉണ്ടായ വൻ വിലയിടിവ്, നെസ്റ്റലെ തുടങ്ങിയ വൻകിടക്കാരെ ലക്ഷ്യം വെച്ച് നടത്തിയ അമിത ഉത്പാദനം പാൽകർഷകരെ പാപ്പരാക്കി. അങ്ങനെ യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ കേവലം ബഹുരാഷ്ട്ര താൽപര്യങ്ങൾക്കും അവരിൽ വന്പന്‍മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ മാത്രമായി മാറി. സാന്പത്തിക ദുരിതം കൊണ്ട് പൊറുതി മുട്ടിയ ഗ്രീക്കിലെ ജനാഭിലാഷത്തെ അവഗണിക്കുവാൻ മടികാണിക്കാത്ത EU കൂട്ടുകെട്ടിൽ പല രാജ്യങ്ങൾക്കും പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.
ഇംഗ്ലണ്ട് പൊതുവെ അഭിമുഖീകരിക്കുന്ന മാന്ദ്യത്തിന് മോചനം ഇല്ലാത്ത അവസ്ഥ അവിടുത്തെ ജനങ്ങളെ മറ്റുള്ള രാജ്യക്കാരെ വിധ്വേഷത്തോടെ കാണുവാൻ തയ്യാറാക്കി. രാജ്യത്തെ 63% കുട്ടികളും ദുരിതത്തിലാണ്. മാഞ്ചസ്റ്ററിലെ തൊഴിൽ രഹിതർ 6 ലക്ഷം. മറ്റൊരു 15 ലക്ഷം ആളുകൾക്ക് കൂടി തൊഴിൽ നഷ്ട്പെടുന്ന അവസ്ഥ. വർഷങ്ങൾക്കു മുന്‍പാണ്, തേംസ് നദിയിലെ പ്രസിദ്ധ പാലം സ്വകാര്യ കന്പനിക്കു സർക്കാർ വിറ്റത്. ജർമ്മനിയുടെയും ഫ്രാൻസിന്‍റെയും മേൽക്കോയ്മക്ക് കീഴിൽ യുറോപ്യൻ യൂണിയനിൽ നിന്നും നീതി കിട്ടില്ല എന്ന് ഇംഗ്ലണ്ടുകാർക്കിടയിൽ പൊതുവേ ഒരു ധാരണ പരന്നു. ഇംഗ്ലണ്ടിൽ നിന്നും സ്കോട്ട്ലന്റ് വിട്ടുപോകുവാൻ ഒരു ഹിതപരിശോധന നടത്തേണ്ടി വന്നതിൽ നിന്നും (2008) അവർ ആന്തരികമായി അനുഭവിക്കുന്ന പ്രതിസന്ധിയെ ഓർമ്മിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം കഴിഞ്ഞ 23ാം തീയതി നടന്ന ഹിതപരിശോധനയെ വിലയിരുത്തുവാൻ. പ്രസ്തുത തിരഞ്ഞെടുപ്പിൽ രണ്ടു പ്രധാന പാർട്ടികളും യൂണിയനിൽ തുടരണം എന്നായിരുന്നു തീരുമാനം. എന്നാൽ ഫലം വന്നപ്പോൾ 52% ആളുകളും വിട്ടുപോകണം എന്ന് അറിയിച്ചു.തിരഞ്ഞെടുപ്പിൽ 71% പേരെ പങ്കളികൾ ആയുള്ളൂ. ഇംഗ്ലണ്ടിൽ നിന്നും വിട്ടുപോകുവാൻ പ്രക്ഷോഭം നയിച്ച വടക്കൻ അയർലണ്ടിലും സ്കോട്ട്ലണ്ടിലും ജനഹിതം EUൽ നിന്നും വിട്ടു പോകരുത് എന്നായിരുന്നു. (59%, 62%). ഇത്തരം ഒരു ഫലം ഉണ്ടാകുന്നതിനു പിന്നിലെ മറ്റൊരു കാരണം ഏഷ്യൻ മറ്റു കുടിയേറ്റകരോടുള്ള വിദ്വേഷം ജനിപ്പിക്കുന്ന ഇംഗ്ലിഷുകാരിലെ ഒരു വിഭാഗത്തിന്‍റെ സമീപനമാണ്. അതിൽ ഇസ്ലാം വിരുദ്ധ വികാരം മതിയായ പങ്കുവഹിക്കുന്നു. ഇംഗ്ലണ്ട് ഇന്നനുഭവിക്കുന്ന സാന്പത്തിക തകർച്ചയുടെ പരിഹാരം അവർ പിന്തുടരുന്ന കോർപ്പറേറ്റു താൽപര്യങ്ങളെ കൈയൊഴിയൽ അല്ലാതെ മറ്റൊന്നും അവർക്ക് മുന്നിലില്ല.
ലോക രാജ്യങ്ങൾ അവരുടെ അതിർത്തികളെ സൗഹൃദ വാതിലുകളായികണ്ട്, ജനങ്ങളുടെ താൽപര്യം മുൻ നിർത്തി, രാജ്യങ്ങൾ തമ്മിൽ പരസ്പരം ഒന്നിച്ചു പ്രവർത്തിക്കുവാൻ തയ്യാറാകുന്പോൾ മാത്രമേ അവർക്കിടയിൽ സാഹോദര്യം ഉണ്ടാകുകയുള്ളൂ. എങ്കിൽ മാത്രമേ രാജ്യങ്ങൾക്കുള്ളിൽ തൊഴിൽ രാഹിത്യം, പട്ടിണി തുടങ്ങിയവ ഇല്ലാതാകുകയുള്ളു. പരസ്പരം സ്നേഹവും സാഹോദര്യവും പങ്കുവെയ്ക്കുന്ന കൂട്ടായ്മകൾ ലോകത്ത് ഇനിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്...