യോഗ യോജനം അല്ലാതെ ആയാൽ


ചരിത്രത്തെ, സംഭവങ്ങളെ, വ്യക്തികളെ, സ്ഥലങ്ങളെ തുടങ്ങി നമുക്ക് ചുറ്റുമുള്ള എന്തിനെയും തങ്ങളുടെ അധീനതയിൽ‍ കൊണ്ടുവരുക എന്നതാണ് അധീശവർ‍ഗത്തിന്‍റെ പൊതു നിലപാട്. ഇത്തരം  വിഷയങ്ങളിൽ‍ എല്ലാ സാധ്യതയും ഉപയോഗിക്കുവാൻ വിജയിക്കുന്നവരെ ഫാസിസ്റ്റുകളായി ചരിത്രം തിരിച്ചറിയും. ഭാഗികമായി മാത്രം വിജയിക്കുന്നവർ‍ ഏകാധിപത്യ സ്വഭാവം കാണിച്ച് ഭരണത്തിൽ‍ തുടരും.

ജൂൺ‍ 21ന് പെട്ടെന്ന് പറയാവുന്ന പ്രാധാന്യം അത് ലോക സംഗീത ദിനമാണെന്നതാണ്. മറ്റൊന്ന് ശിവ ഭഗവാൻ യോഗിയായി തീർ‍ന്ന ദിനമെന്നു പറയുന്നു. അത് ചരിത്രമല്ല എന്ന് കടുത്ത ശിവഭക്തരും അംഗീകരിക്കാതിരിക്കില്ല. കാരണം ശിവഭഗവാൻ ജീവിച്ചിരുന്നത് അവതാരങ്ങളുടെ കാലത്തിനും മുന്‍പാണ്. (അംഗലേയ  മാസം പോയിട്ട് കൃതയുഗങ്ങൾ‍ക്കും രേഖപെടുത്തുവാൻ കഴിയുന്നതിനും  മുന്‍പ്) 

ഇന്ത്യൻ‍ ചരിത്രത്തിലെ വിദ്വേഷത്തിന്‍റെ നീണ്ടചരിത്രം ഉണ്ടാക്കുന്നതിൽ‍ മുഖ്യപങ്ക് വഹിച്ച, ഇന്ത്യാ വിഭജനത്തിനും തുടർ‍ന്ന് ഗാന്ധിവധത്തിനും ഇന്ത്യയുടെ വ്രണമായി തുടരുന്ന നിരവധി വർ‍ഗീയ കൂട്ടക്കുരുതിക്കും അതിന്‍റെ തുടർ‍ച്ചയായ ബാബറി തകർ‍ക്കലിനും അവസാനം മോഡിയുടെ ഭരണത്തിനും പാത ഒരുക്കിയ ആർ.എസ്.എസ്  എന്ന മതമൗലിക സംഘടനയുടെ സ്ഥാപക നേതാവിന്‍റെ മരണദിനമാണ് ജൂൺ 21. പൂർ‍ണ്ണ സ്വരാജ് പ്രഖ്യാപിച്ച ലാഹോർ‍ കൺവെൻഷന്‍റെ തീരുമാനപ്രകാരം ഇന്ത്യൻ സ്വാതന്ത്ര്യ ദിനം 1929 മുതൽ‍ എല്ലാ വർ‍ഷവും  ജനുവരി 26ന് കൊണ്ടാടുവാൻ തീരുമാനിച്ചു. ആദ്യ ആഘോഷത്തിൽ‍ ആർ.എസ്.എസ് മുഖ്യസംഘചാലക്  ഹേഗ്ദേവാർ‍ നിർ‍ദേശിച്ച പ്രകാരം ആർ.എസ്.എസ് ഉയർ‍ത്തിയത് കാവി കൊടിയായിരുന്നു. അന്ന് സ്വാതന്ത്ര്യ സമര സേനാനികൾ‍ ഉയർ‍ത്തിയത്‌ ത്രിവർ‍ണ്ണ പതാകയും. പിന്നീട് ഒരിക്കലും ആർ.എസ്.എസ് ഈ ദിനത്തെ സ്വാതന്ത്ര്യ ദിനമായി കൊണ്ടാടിയിട്ടില്ല. ഇന്ത്യയുടെ മതേതരത്വത്തിനു ഭീഷണിയായി എന്നും പ്രവർ‍ത്തിക്കുന്ന സംഘടനയുടെ സ്ഥാപകന്‍റെ മരണ ദിനം തന്നെ യോഗാദിനമായി ആചരിക്കുവാൻ അന്തർ‍ദേശീയമായി ലോകാരോഗ്യ സംഘടന തീരുമാനിച്ചത് അവിചാരിതമല്ല. 21 യോഗാദിനമാക്കുന്ന തീരുമാനത്തിലേക്ക് അവർ‍ എത്തുന്നതിൽ‍ ഇന്ത്യൻ ദേശീയ സർ‍ക്കാരിനുള്ള പങ്ക് നിർ‍ണ്ണായകമാകുന്നത് സ്വാഭാവികം മാത്രം. 

യോഗയെ പറ്റിയുള്ള പരാമർ‍ശം ഋഗ്വേദത്തിൽ‍ ഉണ്ട്. എന്നാൽ‍ യോഗക്ക് അടിസ്ഥാനമായ ചിട്ടവട്ടങ്ങൾ‍ ഉണ്ടാക്കിയത് പതഞ്‌ജലിയും അദ്ദേഹം ജീവിച്ചിരുന്നത് ക്രിസ്തബ്ദത്തിന്‍റെ തുടക്കത്തിലാണ് എന്നും വിശ്വസിക്കുന്നു.  ബുദ്ധൻ രാജയോഗയുടെ പ്രയോക്താവായിരുന്നു എന്ന് നമുക്ക് വായിക്കുവാൻ കഴിയും. ബുദ്ധമതം പറയുന്ന അഷ്ടനിലപാടുകൾ‍ തന്നെയാണ് പതഞ്ജലിയുടെ അഷ്ടാംഗ യോഗയിലും കടന്നുവരുന്നത്.  ജൈനമതത്തിലെ അഞ്ച് ആശയങ്ങൾ‍ യോഗയുടെ ആശയങ്ങളുമായി അടുത്തുനിൽ‍ക്കുന്നു. അഹിംസ, സത്യം, ആഗ്രഹത്തെ ശമിപ്പിക്കൽ‍, സ്ഥാനമാനങ്ങൾ‍ ഒഴിവാക്കൽ‍ തുടങ്ങിയ നിർ‍ദേശങ്ങൾ‍ യോഗയുടെ രൂപീകരണത്തിന് അടിത്തറ പാകി. നമ്മൾ‍ ഇന്നു കാണുന്ന യോഗ രീതികൾ‍ക്ക് പതഞ്‌ജലിയുടെ യോഗയുമായി പറയത്തക്ക  ബന്ധമില്ല. പതഞ്‌ജലി യോഗയിൽ‍ 195 സൂത്രങ്ങൾ‍ അടങ്ങിയിട്ടുണ്ട്. യോഗ നാല് അദ്ധ്യായത്തിലൂടെ വിശദമാക്കുന്നു. അതിൽ‍ എട്ട് പടികൾ‍ കടന്നാണ് യോഗ പൂർ‍ത്തീകരിക്കുന്നത്. ആദ്യ അദ്ധ്യായത്തിൽ‍ സമാധിയും അടുത്തതിൽ‍ സാധനയും മൂന്നാമത്തെതിൽ‍ വിഭൂതിയും അവസാനത്തിൽ‍ കൈവല്യയും പരാമർ‍ശിക്കുന്നു. സാധനയിൽ‍ ഏഴ് അവസ്ഥകൾ‍ ഉണ്ട്. പതഞ്‌ജലിയുടെ യോഗ ആദ്യമായി മൊഴിമാറ്റം നടന്നത് അറബിഭാഷയിലേക്ക് ആണ്. ഇന്നു പ്രചാരത്തിൽ‍ ഉള്ള സൂര്യനമസ്കാരം ഹതയോഗ പോലെയുള്ള പഴക്കം ചെന്ന യോഗ ക്രമത്തിൽ‍ പരാമർ‍ശിച്ചിട്ടില്ല. മൈസൂറിലെ കൊട്ടാര വൈദ്യർ‍ ആയിരുന്ന ടി. കൃഷ്ണമാചര്യയാണ് ഇന്നു നാം കാണുന്ന സുര്യനമസ്കാര യോഗാരീതി വികസിപ്പിച്ചത്. അത്തരം കൂട്ടിചേർ‍ക്കലുകൾ‍ യോഗയിൽ‍ ഉണ്ടായിട്ടുണ്ട്. എല്ലാം മാറുന്പോൾ‍ യോഗയും മാറ്റത്തിന് വിധേയമാകുന്നതിൽ‍ ഒരു തെറ്റുമില്ല. അത് കേവലം കാപ്സ്യൂളുകളാക്കി സ്വയം ആചാര്യ പട്ടം എടുത്തണിഞ്ഞ് മഹത്വവൽ‍ക്കരിക്കുന്പോഴേ ഒരു സാമൂഹിക വിപത്താകുകയുള്ളൂ. അത്തരക്കാർ‍ യോഗയുടെ ഉള്ളടക്കത്തിനും യുക്തിക്കും എതിരു നിൽക്കുന്നവരാണെന്ന്  തിരിച്ചറിയേണ്ടതുണ്ട്.

യോഗ ഇന്ത്യൻ മണ്ണിൽ‍ വലിയ ബഹുമാനത്തോടെ ജനങ്ങൾ‍ (ഉന്നതകുലജാതർ‍) കണ്ടുവന്നിരുന്നു. ശരാശരി ഇന്ത്യൻ ജനതയുടെ ആയുസ് 38 വയസ്സിനു താഴെയായിരുന്ന 1947നു മുന്‍പുള്ള കാലം ശരാശരി ഇന്ത്യക്കാരന് വയറു നിറച്ചു കൊണ്ടു ജീവിക്കുവാൻ അവസരം ഉണ്ടായിരുന്നില്ല. എന്നാൽ‍ പഴയ കാലത്ത് യോഗ ചെയ്തു വരുന്നവരിൽ‍ സാധാരണക്കാർ‍ ഇല്ല  എന്നു മനസിലാക്കുവാൻ‍ വലിയ പഠനങ്ങളുടെ ആവശ്യമില്ല.  സന്യാസിമാർ‍ക്കും  രാജാക്കന്മാർ‍ക്കും പ്രഭുക്കന്മാർ‍ക്കും യോഗയെ പറ്റി അറിവുണ്ടായിരുന്നു. അവരിൽ‍ ചിലർ‍ യോഗ പരിശീലിച്ചു വന്നവരായിരുന്നു. എന്നാൽ‍ പട്ടിണിയും തൊട്ടുകൂടായ്മയുമായി അടിമകളെക്കാൾ‍ പരിതാപകരമായ ജീവിതം നയിച്ച ബഹുഭൂരിപക്ഷം ആളുകൾ‍ക്കും യോഗ കേട്ടുപരിചിതം പോലുമില്ലായിരുന്നു. യോഗയും വേദവും കഥകളിയും കളരിപയറ്റും ഒക്കെ വിരലിൽ‍ എണ്ണാൻ മാത്രം കഴിയുമായിരുന്ന ചുരുക്കം വരുന്ന വരേണ്യരുടെ സ്വകാര്യ വിഷയമായിരുന്നു. ഇത്തരം സാമൂഹിക യാഥാർ‍ത്ഥ്യങ്ങളെ മറന്നുകൊണ്ട്, ഇന്ത്യൻ ജനത യോഗയിലൂടെ ആത്മ നിർ‍വൃതി കണ്ടെത്തിയാണ്  ഇവിടെ ജീവിച്ചിരുന്നത് എന്ന തരത്തിലുള്ള  നമ്മുടെ നാട്ടിലെ പാരന്പര്യ വാദികളുടെ വിവരണങ്ങൾ‍  വസ്തുതകൾ‍ക്ക് നിരക്കുന്നതല്ല.

മനുഷ്യന്‍റെ ജീവിതത്തിൽ‍ ഉണ്ടായ വലിയ മാറ്റങ്ങൾ‍ അവരിൽ‍ പലരെയും നിത്യരോഗികൾ‍ ആക്കിയിട്ടുണ്ട്. ശാരീരികമായും  മാനസികമായും അസ്വസ്ഥതകൾ‍ അനുഭവിക്കുന്നവർ‍ക്ക് ആശ്വാസം നൽ‍കുവാൻ നടത്തത്തിനും വിനോദങ്ങൾ‍ക്കും ഉപരിയായി യോഗക്ക് കഴിവുണ്ട്. ഇവിടെ ശരീരത്തിന് നൽ‍കുന്ന വ്യായാമത്തിനൊപ്പം മാനസിക നിയന്ത്രണവും ഉണ്ടാക്കുവാൻ യോഗ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ യോഗയോടുള്ള  ആധുനിക  ലോകത്തിലെ  ഉപരി വർ‍ഗ്ഗജനങ്ങളുടെ അടുപ്പം കൂടുതൽ‍ വളർ‍ന്നു എന്നു കാണാം. ഇന്ത്യയിൽ‍ ഉണ്ടായ ആധുനികവൽ‍ക്കരണം വികസിത മുതലാളിത്ത രാജ്യങ്ങളിൽ‍ എന്നപോലെ മധ്യവർ‍ഗ്ഗ നിലവാരത്തിലേക്ക് പുതിയ കുറേ വിഭാഗങ്ങളെയും  എത്തിച്ചു. അവരുടെ  തൊഴിൽ‍ ഇടങ്ങളിലെ നീണ്ട സമയത്തെ സംഘർ‍ഷം, സൂക്ഷ്മ കുടുംബങ്ങളായി ആളുകൾ‍ മാറിയത്, ജീവിത മത്സരങ്ങൾ‍, പരസ്പര വിശ്വാസമില്ലായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ‍ ഒരു നല്ല വിഭാഗത്തെ  രോഗികളാക്കി. വികസിത മുതലാളിത്ത രാജ്യങ്ങളിലും ഇത്തരം പ്രശ്നങ്ങൾ‍ അപകടകരമായി തീർ‍ന്നു.അത്തരക്കാർ‍ക്കും മറ്റുള്ളവർ‍ക്കും  വ്യായാമങ്ങളും  യോഗ പോലെയുള്ള കാര്യങ്ങളും  ജീവിതത്തിൽ‍ പകർ‍ത്തുന്നത് ഗുണപരമാണ്.

ഇന്ത്യൻ രാഷ്ട്രീയം വല്ലാതെ വലതു പക്ഷ നിലപാടുകളിൽ‍ എത്തിയിട്ടുണ്ട്. അത് പെട്ടെന്ന് സംഭവിച്ചതല്ല. ഏതു സംഭവത്തിനെയും ഹൈന്ദവ തട്ടകത്തിൽ‍ കൊണ്ടുവന്ന് കെട്ടുവാൻ ആസൂത്രിതമായ ശ്രമങ്ങൾ‍ വളരെ പണ്ടുമുതൽ‍ തന്നെ ഇവിടെ സജീവമാണ്. അതിനുള്ള കരുക്കൾ‍ ആർ.എസ്.എസ് നേതൃത്വം ജനാധിപത്യ ഇന്ത്യയിൽ‍ ഏറെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ആദിവാസികളെ വനവാസികൾ‍ എന്ന് വിളിച്ച് അവരുടെ ഇടയിലെ പ്രവർ‍ത്തനങ്ങളിലൂടെ സവർ‍ണ്ണ മതത്തിലെ രണ്ടാം പൗരകളാക്കി/പൗരന്മാരാക്കി കാണുവാൻ ഹൈന്ദവ രാഷ്ട്രീയം ശ്രമിക്കുന്നു. 52000 ഗ്രാമങ്ങളിൽ‍ വനവാസി കല്യാൺ ആശ്രം, സേവാഭാരതി, വിവേകാനന്ദ കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങൾ‍ നടത്തി, വനവാസികൾ‍ എന്ന് പേർ‍ വിളിച്ച് ആദിവാസികളെ ഹൈന്ദവ ചട്ടകൂട്ടിൽ‍ കൊണ്ടുവരുവാൻ ശ്രമിക്കുകയാണ്. കണ്ടമാനിൽ‍ അത്തരം പ്രവർ‍ത്തനങ്ങൾ‍ക്ക് നേതൃത്വം കൊടുത്ത സന്യാസി കൊല ചെയ്യപ്പെട്ടതിലെ  പകയാണ് (കൊലപ്പെടുത്തിയത് മാവോയിസ്റ്റുകളായിരുന്നു) നിരവധി ക്രിസ്താനികളെ അപായപെടുത്തിയ  വർ‍ഗ്ഗീയ കലാപം സംഘടിപ്പിക്കുവാൻ ആർ.എസ്.എസിനെ പ്രേരിപ്പിച്ചത്. മലെഗാവ് ബോംബു കേസിൽ‍ പെട്ട് ജയിലിൽ‍ കഴിയുന്ന അസിമാനന്ധ ആദിമാവാസികളുടെ ഇടയിൽ‍ വർ‍ഗീയത പ്രചരിപ്പിക്കുന്നതിൽ‍ മുൻനിരക്കാരനാണ്. രാജ്യത്തിന്‍റെ മുഖത്തിന്‌ മതേതര നിറമാണെന്ന് പറഞ്ഞുവരികയും എന്നാൽ‍ നമ്മുടെ പൊതു പരിപാടികളിൽ‍ ഹൈന്ദവ മത ചിഹ്നങ്ങൾ‍ വ്യാപകമാകുകയും ചെയ്തുവന്നു. അതിൽ‍ പൊതുവെ ആർ‍ക്കും ഉത്കണ്ഠയില്ല! (എന്തുകൊണ്ട്?) രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർ‍ വെച്ചു പുലർ‍ത്തുന്ന നിലപാടുകൾ‍ പലപ്പോഴും ആർ.എസ്.എസുകാരെ സഹായിക്കുന്നതാണ്. ആർ.എസ്.എസ് ക്യാന്പുകളിലേക്ക് ട്രെയിനിംഗ് സമയത്തു തന്നെ സിവിൽ‍ സർ‍വീസ് വിദ്യാർ‍ത്ഥികളെ വിട്ടു നിർ‍ദേശങ്ങൾ‍ സ്വായത്തമാക്കുവാൻ പദ്ധതികൾ‍ തയ്യാറാക്കുന്നതിൽ‍ കേന്ദ്ര സർ‍ക്കാർ‍ ഒരു മടിയും കാട്ടുന്നില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ‍ സർ‍ക്കാർ‍ ഉദ്യോഗസ്ഥന്മാർ‍ രാമഭക്തിയിൽ‍ മുഴുകുന്ന ചടങ്ങുകളിൽ‍ പങ്കെടുക്കേണ്ടതുണ്ട്. പോലീസുകാർ‍ പരസ്പരം സംബോധന ചെയ്യുന്നത് രാം−രാം എന്ന് പറഞ്ഞായിരിക്കുന്നു. മധ്യപ്രദേശ് നിയമസഭയിൽ‍ ചടങ്ങുകൾ‍ ആരംഭിക്കുന്നത് രാമമന്ത്രം ഉരുവിട്ടാണ്. നീണ്ട  കാലം മുതൽ‍ കരുത്തു നേടിവന്ന ഹൈന്ദവ രാഷ്ട്രീയം ഇന്ത്യൻ ഭരണസംവിധാനത്തെയും പൊതുമണ്ധലങ്ങളെയും പതുക്കെ പതുക്കെ കാവിയുടെ വിശ്വാസ ലോകത്തേക്ക് എത്തിക്കുന്നു. ഒരു മതത്തിനു മുൻതൂക്കം ഉള്ള സമൂഹത്തിൽ‍ അത് അന്യമത വിദ്വേഷത്തിനിടം നൽ‍കിയാൽ‍ ആ സമൂഹം അസ്വസ്ഥമായി തീരുക സ്വാഭാവികമാണ്. ഇന്ത്യയിൽ‍ ഉണ്ടായ വർ‍ഗീയകലാപങ്ങളുടെ കാരണക്കാരായ ആർ.എസ്.എസ് തന്നെ ഗാന്ധി വധത്തിനും ബാബറി മസ്ജിദ് തകർ‍ച്ചയിലും പങ്കുവഹിച്ചതായി നമുക്കറിവുള്ള കാര്യമാണ്. അവർ‍ ഇന്ത്യൻ ദേശീയതയുടെ കാവൽ‍ഭടന്മാരായി  ഓരോ ജനതയും ഏതു രീതിയിൽ‍ ജീവിക്കണമെന്ന തരത്തിൽ‍ ജീവിത മാതൃകകൾ‍ നടപ്പിലാക്കുന്പോൾ‍ നമ്മുടെ ദേശീയത മരിക്കുകയാണെന്ന് പറയാം.

യൂറോപ്പിലെ കൂടുതൽ‍ ആളുകളും സൂര്യ മതവിശ്വാസികൾ‍ ആയിരുന്നു. അവരെ തളർ‍ത്തി ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി  രാജാക്കന്മാരും ജന്മികളും  സംഘടിതമായി അവരുടെ ഓരോ ഇടങ്ങളെയും കടന്നാക്രമിച്ചു. അവർ‍ ആരാധിച്ചിരുന്ന യൂ മരങ്ങൾ‍ വെട്ടിമാറ്റുവാൻ ശ്രമങ്ങൾ‍ ഉണ്ടായി. (പിന്നീട് ആ തെറ്റു തിരുത്തുന്നതിന്‍റെ ഭാഗമായി പോപ്പിന്‍റെ  നിർ‍ദേശ പ്രകാരം മരങ്ങൾ‍ വെച്ച് പിടിപ്പിക്കുവാൻ പദ്ധതികൾ‍ രൂപീകരിച്ചു) അവരുടെ ഉത്സവ ദിനമായ ഡിസംബർ 25 ക്രിസ്തുമസായി മാറി. ഹിറ്റ്ലർ‍ ഇതേ ദിനത്തെ നാസി പാർ‍ട്ടിക്ക് അടുപ്പം ഉണ്ടായിരുന്ന പാജൻ ദിനമായി ആഘോഷിക്കുന്നതിൽ‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യൻ ഹൈന്ദവ രാഷ്ട്രീയം ഇതേ നിലപാടുകൾ‍  നടപ്പിൽ‍ വരുത്തുവാൻ തുടങ്ങിയിട്ട് കാലം കുറെ കഴിഞ്ഞിരിക്കുന്നു.

ഡിസംബർ ആറ് ഭീം ദിനമാണ്. ഇന്ത്യൻ ഭരണഘടനാ ശിൽ‍പിയും ദളിത്‌ ജനതയുടെ ആരാധ്യനുമായ ഡോ. അംബേദ്‌കറിന്‍റെ മരണ ദിനമായ അന്നേദിവസം രാജ്യത്തെ പർശ്വവൽ‍ക്കരിക്കപെട്ട സമൂഹം അദ്ദേഹത്തിന്‍റെ  സ്മരണയിൽ‍ നിരവധി പരിപാടികൾ‍ സംഘടിപ്പിക്കാറുണ്ട്. എന്നാൽ‍ ഇന്ന് ഇന്ത്യൻ ജനതയ്ക്ക് അതൊരു കറുത്ത ദിനമായി മാറിയത് എന്തുകൊണ്ടാണ്? ആർ.എസ്.എസ് നേതൃത്വം കൊടുത്ത ബാബറി മസ്ജിദ് ധ്വംസനം നടപ്പിലാക്കിയത് ഡിസംബർ ആറിനു തന്നെയായത്‌ അവിചാരിതമല്ല. മോഡി അധികാരത്തിൽ‍ എത്തിയ ശേഷം ക്രിസ്തുമസ്സ് ദിനത്തെ എ.ബി വാജ്പേയുടെ ജന്മദിനമായി ആഘോഷിക്കുവാൻ കേന്ദ്ര സർ‍ക്കാർ‍ തീരുമാനം എടുത്തു. ആ ദിനത്തിന്  സ്വഅഭിമാൻ‍ എന്ന പേര്‍ നൽ‍കി. ഇതുപോലെയാണ് യോഗദിനമായി  ജൂൺ 21നെ പരിഗണിക്കുന്നതിൽ‍ ആർ.എസ്.എസ് കാണിക്കുന്ന താൽപര്യത്തിനു പിന്നിലെയും അജണ്ട. യോഗയുടെ ഉപജ്ഞാതാവായ പതഞ്‌ജലിയുടെ ജന്മദിനത്തിൽ‍ ലോക യോഗദിനം കൊണ്ടാടിയാൽ‍ അതിന്  ഒരു ന്യായം ഉണ്ടെന്നു പറയാം. പതഞ്‌ജലിയുടെ ജന്മദിനം അറിയില്ല എന്നാണ് വാദമെങ്കിൽ‍ (ശ്രീരാമന്‍റെയും (കുറഞ്ഞത്‌ 20 ലക്ഷം വർ‍ഷം മുന്‍പ് ജീവിച്ചിരുന്ന, കൃതകാലത്ത്) ദ്വാപരയുഗത്തിൽ‍ ജനിച്ച  ശ്രീകൃഷ്ണന്‍റെയും ജന്മദിനവും ജനിച്ചു വീണ മുറിയും അറിയാവുന്ന ആചാര്യന്മാർ‍ക്ക് എന്തുകൊണ്ട് ക്രിസ്തുവർ‍ഷ ആരംഭത്തിൽ‍ ജീവിച്ചു വന്ന പതഞ്ജലിയുടെ ജന്മദിനം അറിയില്ല  എന്ന ചോദ്യം അവശേഷിക്കുന്നു.) ആധുനിക യോഗയുടെ ഏറ്റവും വലിയ പ്രചാരകനും പ്രയോക്താവുമായി 100 വർ‍ഷങ്ങൾ‍ ജീവിച്ചിരുന്ന ടി. കൃഷ്ണമാചാരിയുടെ ജന്മദിനത്തെ ലോക യോഗാ ദിനമായി (നവംബർ‍ 18) പരിഗണിക്കുവാൻ‍ ആർ.എസ്.എസ് എന്തുകൊണ്ട്  ശുഷ്കാന്തി കാട്ടിയില്ല? ഉത്തരം വ്യക്തമാണ്‌ മോഡിയും കൂട്ടരും പ്രചരിപ്പിക്കുവാൻ‍ ശ്രമിക്കുന്ന യോഗ പദ്ധതിയുടെ ലക്ഷ്യം മാനസികവും ശാരീരികവുമായ നന്മയല്ല. അങ്ങനെയായിരുന്നെങ്കിൽ‍ അവർ‍ ആദ്യം ഓർ‍ക്കേണ്ടത് ആധുനിക യോഗയുടെ പിതാവും യോഗാഭ്യാസത്തിൽ‍ ഏറ്റവും കൂടുതൽ‍ ആളുകൾ‍ പരിശീലിച്ചു വരുന്നതുമായ സൂര്യനമസ്കാരത്തിന്‍റെ തുടക്കകാരനും കൂടിയുമായ  തമിഴ്നാട്ടുകാരനുമായ  കൃഷ്ണമചാരിയെ ആയിരിക്കണമല്ലോ! 

സൂര്യ നമസ്കാരത്തിന് 12 പടവുകൾ‍ ഉണ്ട്. സൂര്യനെ അഭിമുഖമായി കണ്ടുകൊണ്ടു തുടങ്ങുന്ന ഈ രീതിക്കൊപ്പം ഗായത്രി മന്ത്രം ചൊല്ലുക ഒരു അവിഭാജ്യ ഘടകമാണ്. (ഗായത്രി മന്ത്രം സ്ത്രീകൾ‍ക്ക് നിഷിദ്ധമാണ്  എന്ന് മറക്കരുത്) ഗായത്രിമന്ത്രം (ഋഗ്വേദത്തിലും ഗീതയിലും പരാമർ‍ശിക്കുന്നു) സൂര്യനെ ദേവനായി കണ്ട് അതുചെയ്യുന്ന പ്രപഞ്ചത്തിനു നൽ‍കുന്ന സേവനത്തെ സ്മരിക്കുന്നു. പ്രപഞ്ചത്തിലെ സൂര്യന്‍റെ സാമീപ്യം സാധ്യമാക്കുന്നതിൽ‍ കോടാനുകോടി വരുന്ന നക്ഷത്രങ്ങൾ‍ അംഗമായ ആകാശഗംഗക്കുള്ള പങ്കിനെപറ്റി  അറിവില്ലാതിരുന്ന ആളുകൾ‍ ഈജിപ്തിലും യൂറോപ്പിലും ബാബിലോണിയയിലും സൂര്യനെ വണങ്ങിവന്നു. സൂര്യൻ മറ്റു നക്ഷത്രങ്ങളെ പോലെ ഹൈഡ്രജൻ വാതകം ചേർ‍ന്നുണ്ടായ കേവലം ഒരു കട്ടി പുകയാണെന്നും അതിൽ‍ രണ്ടു ഹൈഡ്രജൻ തന്മാത്രകൾ‍ ചേർ‍ന്ന് ഒരു ഹീലിയം കണം ഉണ്ടാകുന്നതിലൂടെയാണ്  ഊർ‍ജ്ജം ബഹിർ‍ഗമിക്കുന്നത് എന്നൊക്കെയുള്ള അറിവ് ഇല്ലാതിരുന്ന കാലത്തെ ദേവതയുടെ പരിവേഷം ഉണ്ടായിരുന്ന സൂര്യനെ ആരാധിക്കുക സ്വാഭാവികമായ ഒരു യാഥാർ‍ത്ഥ്യമാണ്. എന്നാൽ‍ സൂര്യനിൽ‍ നിന്നും ഊർ‍ജ്ജം നേരിട്ട് മനുഷ്യന് ആഗിരണം ചെയ്യുവാൻ‍ കഴിയും (അതും കണ്ണുകളിലൂടെ) എന്ന വാദം ശാസ്ത്രവിരുദ്ധവും കണ്ണുകൾ‍ക്ക് ദോഷവുമാണ്. സൂര്യനമസ്കാരത്തിലൂടെ ശ്വാസകോശത്തിലേക്ക് കൂടുതൽ‍ വായു എത്തിച്ചേരും. നമസ്കാരത്തിലെ 12 രീതികൾ‍ ചെയ്യുവാൻ‍ 12 മുതൽ‍ 15 മിനുട്ട് വരെ എടുക്കും. അര മണിക്കൂർ‍ സൂര്യനമസ്കാരം ചെയ്യുന്നവർ‍ക്ക് 415 കലോറി ഊർ‍ജ്ജം കത്തിച്ചു കളയുവാൻ കഴിയും. ഓടുന്പോളും മല കയറുന്പോളും  കത്തുന്നതിലും  ഊർ‍ജ്ജം ഇവിടെ നഷ്ടപെടുമെന്ന്  അവകാശപ്പെടുന്നു. ഒപ്പം ഹൃദയത്തിന്‍റെ പംപിംഗ് കൂടുന്നതിനാലും കൂടുതൽ‍ ഓക്സിജൻ രക്തത്തിൽ‍ കടക്കുന്നതിനാലും നമ്മൾ‍ക്ക് കൂടുതൽ‍ ഉന്മേഷവും പിന്നീട്  ഉറക്കവും കിട്ടും. മറ്റു തരത്തിലുള്ള വ്യായാമങ്ങളും (ഏറ്റകുറച്ചിലുകൾ‍ ഉണ്ടെങ്കിലും) ഇത്തരം ഗുണങ്ങൾ‍ നൽ‍കി വരുന്നു.  ഒരു ശരീരത്തിൽ‍ കൊഴുപ്പുകൾ‍ അടിയുന്നത് അമിതമായ കൊഴുപ്പുള്ള ആഹാരം കഴിക്കുന്നവർ‍ക്കാണ്. ഒപ്പം കായികമായി പണി ചെയ്യാത്തവർ‍ക്കും ഈ അവസ്ഥ ഉണ്ടാകുന്നു. 10 കിലോഗ്രാം കൊഴുപ്പ് ദഹിപ്പിക്കുവാൻ 28 കിലോ ഓക്സിജൻ ഉപയോഗിക്കണം. അതുവഴി 29 കിലോ കാർ‍ബൺഡൈഓക്സൈഡും 11 കിലോഗ്രാം ജലവും പുറത്തു വരുന്നു. ഇതു കാണിക്കുന്നത് അമിത ഭക്ഷണം കഴിക്കുന്ന ആളുകളുടെ പ്രശ്നം മാത്രമാണ് അധികം കൊഴുപ്പുകൾ‍ കത്തിച്ചു കളയുക എന്നത്.

യോഗ എല്ലാ ആരോഗ്യ മാനസിക  പ്രശ്നങ്ങൾ‍ക്കും  പരിഹാരമാണെന്ന പ്രചരണം വാസ്തവ വിരുദ്ധവും അപകടകരവുമാണ്.  ഉദാഹരണത്തിന് 16 വയസ്സിൽ‍ താഴെ പ്രായം ഉള്ളവർ‍ യോഗകൾ‍ നിരന്തരമായി അനുഷ്ഠിക്കുന്നത് അവരുടെ വളർ‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായം ശക്തമാണ്.  വളർ‍ന്നുവരുന്ന ഞരന്പുകൾ‍ക്കും  ഗ്രന്ഥികൾ‍ക്കും യോഗ തടസമാണെന്ന വിശദീകരണം ഏതെങ്കിലും ഒരു യോഗാവിരുദ്ധ പ്രചാരകന്‍റെതല്ല. പ്രാണായാമം ശ്വാസകോശത്തിൽ‍ അണുപ്രസരണമുള്ളയാളിൽ‍ അണുക്കൾ‍ വ്യാപകമായി മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുവാൻ കാരണമാകും. അസ്ഥിക്ക് പ്രശ്നം നേരിടുന്നവർ‍ സൂര്യനമസ്കാരം ചെയ്താൽ‍ അത് ശരീരസ്ഥിതിയെ കൂടുതൽ‍ വഷളാക്കുകയാണ് ചെയ്യുക. 

യോഗയുടെ ഗുണങ്ങൾ‍ക്കൊപ്പം ദോഷങ്ങളെയും അറിഞ്ഞ് വിദഗ്ദ്ധരുടെ ഉപദേശത്തിനൊപ്പം സ്വീകരിക്കേണ്ട യോഗ എന്ന രീതിയെ (ജീവിത) സമസ്ത ലോക ഐശ്വര്യങ്ങൾ‍ക്കും ഉള്ള ഒറ്റമൂലിയായി പ്രചരിപ്പിക്കുവാൻ ആർ.എസ്.എസ്്‍ നടത്തുന്ന ശ്രമങ്ങൾ‍ക്ക്  പിന്നിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യൻ യോഗയുടെ ഇന്നത്തെ ആചാര്യർ മുന്നോട്ടുവെക്കുന്ന ഇൻസ്റ്റന്റ്  യോഗകൾ‍ കച്ചവട തട്ടിപ്പുകൾ‍ ആയിരിക്കെ, ഇവരെ സംസ്ഥാന, ദേശീയ സർ‍ക്കാരിന്‍റെ പിന്തുണയോടുകൂടി യോഗയുടെയും അത്മീയതയുടെയും അംബാസഡർ‍മാരായി കൊണ്ടുനടക്കുവാനുള്ള ശ്രമങ്ങൾ‍ നമ്മുടെ ശാസ്ത്രബോധത്തെ നാണിപ്പിക്കുന്നു. IIT പോലെയുള്ള ശാസ്ത്രസ്ഥാപനങ്ങളിൽ‍ പോലും കുട്ടികളുടെ മുന്നിൽ‍ എത്തുന്ന ഇവരുടെ ക്രിമിനൽ‍ പശ്ചാത്തലം ആരെയും ലജ്ജിപ്പിക്കുന്നതാണ്. 

ഇന്ത്യൻ‍ സാമൂഹിക മണ്ധലത്തിൽ‍ ഹൈന്ദവ മതമൗലികത ഉയർ‍ത്തുന്ന നിരവധി വിഭാഗീയ പ്രവർ‍ത്തനങ്ങളുടെ  ഭാഗമായി യോഗയെയും മാറ്റിതീർ‍ക്കുവാനുള്ള ശ്രമങ്ങളെ വേണ്ടവണ്ണം നമ്മുടെ പൊതുസമൂഹം  തിരിച്ചറിയേണ്ടതുണ്ട്. ഉമ്മൻ‍ചാണ്ടിയോളം യോഗാഭക്തി ബാധിച്ചിട്ടില്ലാത്തവരാണ് ഇടതുപക്ഷക്കാരെങ്കിലും  കേന്ദ്രസർ‍ക്കാർ‍ നിർ‍ദേശങ്ങൾ‍ അനുസരിച്ച് അതേസമയത്ത് പൊതുവേദികളിൽ‍ യോഗാദിനം ആചരിക്കുവാൻ‍ കേരള സർ‍ക്കാർ മുന്നോട്ടു വന്നതിനു കാരണം, ആർ.എസ്.എസ് ആസൂത്രണം ചെയ്ത ഗൂഢശ്രമത്തെ വേണ്ട വിധത്തിൽ‍ കാണുവാൻ കഴിയാതിരുന്നതിനാലാണോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

You might also like

Most Viewed