അമേരിക്കൻ തിരഞ്ഞെടുപ്പ്
യുദ്ധത്തെ അംഗീകരിക്കുന്ന മാനസിക നിലയിലേയ്ക്ക് സമാധാനപ്രിയരായ ജനങ്ങളെ എത്തിക്കുവാൻ ഏതെങ്കിലും ഭരണാധികാരികൾ ലോക ചരിത്രത്തിൽ കമ്മീഷനെ നിയമിച്ചിട്ടുണ്ടോ? ഉണ്ട്.
വുടോൾഫ് വിൽസൺ എന്ന അമേരിക്കൻ രാഷ്ട്രപതി. ഒന്നാം ലോക യുദ്ധത്തെ പൂർണ്ണമായും തള്ളിയ അമേരിക്കൻ ജനതയിൽ യുദ്ധത്തിന്‍റെ രാഷ്ട്രീയം കുത്തി വെയ്ക്കുവാനായി ഒരു കമ്മിഷനെ നിയമിച്ചു. അത് ക്രീൽ കമ്മീഷൻ എന്ന പേരിൽ അറിയപ്പെട്ടു. യുദ്ധത്തെ കച്ചവടമായി കണ്ട്, ലോകയുദ്ധത്തിന്‍റെ സാധ്യതകളെ വ്യവസായ വളർച്ചക്കായി മാറ്റികുറിക്കുക എന്ന ലക്ഷ്യം നേടുവാൻ അമേരിക്കൻ ഭരണകൂടം പതുക്കെ വിജയിച്ചു. യുദ്ധത്തിന്‍റെ സാധ്യതകളെ മുന്നിൽ നിന്നും ഉപയോഗിച്ച Henry fordഉം അദ്ദേഹത്തിന്‍റെ പിൻഗാമിയും (Ford company)ജോർജ്ജ് ക്രീലിന്‍റെ സുഹൃത്തുക്കൾ ആയിരുന്നു. ഒന്നാം യുദ്ധം അമേരിക്കൻ കുത്തക കന്പനിക്ക് വളരുവാൻ നല്ല അവസരമായി, അങ്ങനെ അമേരിക്കക്കും.
ഒബാമയുടെ രാഷ്ട്രപതിയായുള്ള അവസാന വട്ട വിദേശ സന്ദർശനങ്ങളിൽ ഒന്നായിരുന്നു ജപ്പാനിലേയ്ക്ക് നടത്തിയത്. ആദ്യമായി ഒരു അമേരിക്കൻ രാഷ്ട്രപതി ഹിരോഷിമയിൽ എത്തി രണ്ടാം ലോകയുദ്ധത്തിലെ ആണവ ബോംബുവർഷത്തിൽ മരിച്ച ലക്ഷത്തിലധികം വരുന്ന വർക്ക് പുഷ്പാർച്ചന നടത്തി. ആഗസ്റ്റ് 6നും ഒന്‍പതിനും മരണം ആകാശത്തിൽ നിന്നും പതിക്കുകയായിരുന്നു എന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. രണ്ടാം ലോകയുദ്ധത്തിൽ നിർണ്ണായക പങ്കുവഹിക്കാതെ മാറിനിന്ന അമേരിക്ക, യുദ്ധത്തിന്‍റെ അവസാനം നടത്തിയ ആണവപ്രയോഗമാണ് ജപ്പാന്‍റെ രണ്ടു നഗരങ്ങളിലെ ലക്ഷകണക്കിന് ആളുകളെ കൊലപ്പെടുത്തിയത്. ആ മനുഷ്യ നിർമ്മിത കൂട്ടകുരുതി സംഘടിപ്പിച്ചവർക്കെതിരായ പ്രതിരോധങ്ങൾ ഇന്നു ലോകത്ത് ശക്തമാണ്. അപ്പോഴാണ് അമേരിക്കൻ രാഷ്‌ട്രപതി മരണത്തെ മറ്റൊരു രീതിയിൽ ലോകത്തിനു പരിചയപ്പെടുത്തിയത്. കൂട്ടകൊലയിൽ അമേരിക്കയ്ക്ക് ഇന്നും കുറ്റബോധമില്ലാത്തത് അമേരിക്കൻ രാഷ്ട്രീയം വെച്ച് പുലർത്തുന്ന യുദ്ധ ആഭിമുഖ്യത്തിനു തെളിവായി കരുതാം.
അമേരിക്കൻ ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന നിലപാടുകളിൽ പലതും ലോക ജനാധിപത്യത്തിനു മാതൃകയാണ്. ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിനായി നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് അവരുടെ ഭരണഘടനയെയാണ്. ആമുഖം, മൗലികാവകശങ്ങൾ, രാഷ്ട്രപതിയും അദ്ദേഹത്തിന്‍റെ അവകാശങ്ങളും രാജ്യസഭ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടെ 10 നിർദ്ദേശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് അമേരിക്കൻ നിയമനിർമ്മാണ രേഖയെ പരിഗണിച്ചുകൊണ്ടാണ്. അതുകഴിഞ്ഞ് മാത്രമാണ് ബ്രിട്ടീഷ് രീതികളെ ആശ്രയിച്ചത്. (പാർലമെന്‍റ് ഉൾപ്പെടെ 7 വിഷയങ്ങളിൽ).
അമേരിക്കൻ തിരഞ്ഞെടുപ്പ് ലോകത്തെ ഏറ്റവും ചെലവേറിയ പൊതുതിരഞ്ഞെടുപ്പാകുക സ്വാഭാവികമാണ്. 6 വർഷം കാലാവധിയുള്ള അമേരിക്കൻ രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പുകളിൽ പ്രധാനമായി കോർപ്പറേറ്റുകൾ നേരിട്ട് ഇടപെടുന്ന അവസരങ്ങൾ അധികമായിട്ടുണ്ട്. വൻകിട ബഹുരാഷ്ട്ര കുത്തകകൾ അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട രണ്ടുപാർട്ടികളായ റിപ്പബ്ലിക്കനെയും ഡെമോക്രാറ്റിനെയും സഹായിക്കുന്നു. എങ്കിലും സംഭാവനകൾക്ക് നിയന്ത്രണങ്ങൾ നിലവിലുണ്ട്.
അമേരിക്കൻ രാഷ്ട്രീയം മതസ്വാധീനത്തിലാണ് എന്ന് പരസ്യമായി പറയുവാൻ നിയമാവലി അനുവദിക്കുന്നില്ല.എന്നാൽ ഇതുവരെയുള്ള 44 പേരിൽ ഒരാൾ മാത്രമായിരുന്നു കാത്തോലിക്ക സഭയിൽ നിന്നും ഉണ്ടായിരുന്നത്.(തോമസ് ജഫേർസൺ) എബ്രഹാം ലിങ്കൻ ജന്മം കൊണ്ട് പ്രോട്ടസ്റ്റണ്ട് ആണെങ്കിലും പള്ളിയുമായി ബന്ധം സ്ഥാപിക്കാതെ മാറിനടന്ന വ്യക്തിയായിരുന്നു. അമേരിക്കൻ ജനസംഖ്യയിൽ മറ്റു മതങ്ങൾക്കുള്ള സ്വാധീനം ഇന്ന് നിർണ്ണായകമാണ്. ജനസംഖ്യയിൽ 10 കോടിയാളുകൾ മറ്റുമതങ്ങളിൽ വിശ്വസിക്കുന്നു. മതരഹിതരും വ്യവസ്ഥാപിത മതങ്ങൾക്ക് പുറത്തുള്ളവരും ജനസംഖ്യയിൽ 23% വുമാണ്. അപ്പോഴും അമേരിക്കൻ ഡോളറിൽ ‘In God we trust’ എന്നെഴുതിയ വാക്കുകൾ നമ്മൾ മറക്കരുത്. ലോകത്തിലാകെയുള്ള എല്ലാ മതങ്ങളുടെയും വലിയ സ്പോൺസർമാർ അമേരിക്കയാണ്. അതിനുള്ള കാരണം കോർപ്പറേറ്റ് താൽപര്യങ്ങളാണ്.
അമേരിക്കൻ രാഷ്ട്രീയത്തിൽ ഭരണമാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എങ്കിലും അവരുടെ നയപരിപാടികളിൽ വലിയ മാറ്റം നമുക്ക് കാണുവാൻ കഴിയുന്നില്ല. ഇരു പാർട്ടികളും അമേരിക്കൻ മൂലധന താൽപ്പര്യങ്ങളെ മുഖ്യമായി പരിഗണിക്കുന്പോൾതന്നെ ഡെമോക്രാറ്റുകൾ സമൂഹിക നീതിയെയും ക്ഷേമ രാഷ്ട്രസങ്കൽപ്പത്തെയും അംഗീകരിച്ചു. അമേരിക്കൻ രാഷ്ട്രീയ പാർട്ടികളുടെ പിതാവായ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടിയുടെ അന്ത്യമാണ് ഇന്നു നിലവിലുള്ള ഇരു പാർട്ടികളുടെയും രൂപീകരണത്തിന് കാരണമായത്. പഴയ പാർട്ടിയുടെ നേതാവായ തോമസ് ജഫേഴ്സൺന്‍റെ ആശയങ്ങളെ പിന്തുണക്കുന്നവർ Democratic പാർട്ടിയിലും അമേരിക്കയുടെ നാലാം രാഷ്‌ട്രപതി James Madison ന്‍റെ ആശയങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രചോതനമായി.
18 രാഷ്ട്രപതികളെ (എബ്രഹാം ലിങ്കൻ ഉൾപ്പെടെ) റിപബ്ലിക്കൻ പാർട്ടികൾ അമേരിക്കൻ രാഷ്ട്രീയത്തിന് സംഭാവന ചെയ്തു. എന്നാൽ അവർ conservative കൾ എന്നറിയപ്പെടുന്നതിൽ അഭിമാനിക്കുന്നവരാണ്. അമേരിക്കൻ നാട് ന്യൂനപക്ഷങ്ങളെ രണ്ടാം തരം ആളുകളായി കാണണമെന്ന് തുറന്നു പറയുവാൻ അക്കൂട്ടർ മടിച്ചിട്ടില്ല.
ഇന്നത്തെ അമേരിക്കൻ ഐക്യനാട് ലോകത്തെ കുടിയേറ്റക്കാരുടെ നാടാണ്. ആ നാട്ടുകാർ എന്നവകാശപ്പെടുന്നവർ ഇന്നവിടെ കാഴ്ച്ച ബംഗ്ലാവിലെ specimenകൾ മാത്രമായി ചുരുങ്ങി. അമേരിക്കൻ ഇന്ത്യനും അലസ്കാക്കാരും (30 ലക്ഷത്തിനടുത്ത്) മറ്റുള്ളവർ (22 ലക്ഷം) മാത്രം. ഇതിനർത്ഥം 32 കോടി അമേരിക്കൻ ജനസംഖ്യയിൽ യഥാർത്ഥ അമേരിക്കക്കാർ 52 ലക്ഷമേയുള്ളൂ എന്നാണ്. അമേരിക്കയിൽ ഇന്നും 500 തരത്തിലുള്ള ആദിവാസി സമൂഹം ഉണ്ടെന്നു രേഖയിൽ കാണാം. അമേരിക്കയിലെത്തിയ കൊളംബസ്സും പിന്നീട് വന്ന മറ്റു യൂറോപ്യൻ ശക്തികളും നടത്തിയ കൂട്ടകുരുതികൾ അവിശ്വസനീയങ്ങളാണ്. (വസൂരി രോഗാണുക്കൾ അടങ്ങിയ പുതപ്പുകൾ അമേരിക്കൻ ആദിമവാസികൾക്ക് നൽകി അവരെ കൂട്ടകൊല നടത്തുവാൻ നിർദ്ദേശങ്ങൾ കൊടുത്ത ബ്രിട്ടീഷ് പട്ടാള മേധാവി Jefrrey Amherst ന്‍റെ പേരിൽ യുണിവേഴ്‍സിറ്റി നടത്തുന്ന ബ്രിട്ടൻ എത്ര ക്രൂരതെയേയും ഇന്നും തങ്ങളുടെ അഭിമാനമായി കൊണ്ടു നടക്കുന്നു.) അമേരിക്കയിൽ 15ാം നൂറ്റാണ്ടിൽ ഒരു കോടി ഉണ്ടായിരുന്ന അമേരിക്കക്കാർ 1900ത്തിൽ മുന്ന് ലക്ഷമായി ചുരുങ്ങി. ഇന്നും അവരുടെ വേദനകൾ പരിഗണിക്കുവാൻ ഒരു പാർട്ടിയും തയ്യാറാകുന്നില്ല.
രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്ക ലോകപട്ടാള റാങ്കിംഗിൽ 39ാം സ്ഥാനത്തായിരുന്നു. അതുകൊണ്ട് തന്നെ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാതെ മാറിനിന്നുകൊണ്ട് അവർ മറ്റു കച്ചവടങ്ങൾ കൊഴുപ്പിച്ചു. യുദ്ധകാലത്തേ രാഷ്ട്രപതിയായിരുന്ന റുസ് വെൽറ്റ് അവരുടെ പാർട്ടിയുടെ യുദ്ധനിലപാടുകളിൽ മാറ്റം വരുത്തുകയും തുടർന്ന് വന്ന ഹെൻട്രി ട്രൂമാൻ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് വർഷിക്കുന്നതിൽ മടി കാട്ടിയില്ല. യുദ്ധത്തിൽ നേരിട്ട് പങ്കാളിത്തം ഇല്ലാത്ത അമേരിക്ക, പേൾഹാർബർ ആക്രമണം മറയാക്കി, ലോകയുദ്ധത്തിന്‍റെ മുഖ്യ കാരണക്കാരായ ഹിറ്റ്ലറും മുസോളിനിയും മരണപെട്ടതിനും ജപ്പാൻ കീഴടങ്ങുവാൻ തയ്യാറായതിനും 3 മാസങ്ങൾക്ക് ശേഷം ആണവആയുധം പ്രയോഗിച്ചത് യുദ്ധ കൊതിയന്മാരിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ ലക്ഷ്യം വെച്ചായിരുന്നില്ല. (ഇന്നും യുദ്ധമുഖത്തെ കച്ചവട താൽപ്പര്യങ്ങളിൽ അമേരിക്കൻ രാഷ്ട്രീയം എല്ലാം മറന്നുകൊണ്ടിരിക്കുന്നു.) 1942ൽ 60000 യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നത് 1943ൽ 1.2 ലക്ഷമാക്കി ഉയർത്തി. ടാങ്കുകൾ 1.2 ലക്ഷം, വിമാന വേദ്ധ മിസൈലുകൾ 55000 തയ്യാറാക്കുവാൻ അവർ കുറച്ചുസമയം മാത്രമാണെടുത്തത്. യുദ്ധ സംവിധാനം കര്യക്ഷമമാക്കുവാൻ 42ൽ യുദ്ധ ബോർഡും 43ൽ യുദ്ധകാര്യങ്ങൾക്ക് മാത്രമായി ഓഫീസുകളും സജ്ജീവമാക്കി. ഇന്ന് അമേരിക്ക ലോകത്തെ ഏറ്റവും വലിയ യുദ്ധ വ്യവസായിയാണ്. ലോകത്തെ പട്ടാളക്കാർക്ക് ആകെ ചെലവാക്കുന്ന പണത്തിൽ 50 ശതമാനവും അമേരിക്കൻ പട്ടാളത്തിന്‍റെ വിവിധ വകുപ്പുകൾക്കായി എത്തുന്നു. ലോകത്തെ 152 രാജ്യങ്ങളിൽ അമേരിക്കൻ പട്ടാള ക്യാന്പുകൾ ഒരുക്കി യുദ്ധ വ്യവസായം നടത്തുന്ന അമേരിക്കൻ രാഷ്ട്രീയം ലോക സമാധാനത്തിനു എന്നും ഭീഷണിയായി തുടരുന്നു.
ലോക മുതലാളിത്തത്തിന്‍റെ നേതൃത്വം ഇംഗ്ലണ്ടിൽ നിന്നും സ്വന്തമാക്കിയ അമേരിക്ക, ബഹുരാഷ്ട്ര താൽപര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് വിവിധ തരത്തിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ വരുത്തി. സാമൂഹിക നീതിയുടെ രാഷ്ട്രീയക്കാർ തന്നെ ആറ്റംബോംബ് രാഷ്ട്രീയത്തിന്‍റെ ഉപഭോക്താക്കൾ ആയതിലൂടെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കരും ഒരേ താൽപര്യങ്ങൾക്കായി ഒന്നിച്ചു. ക്ലിന്റൻ ഇറാക്കിൽ ആരംഭിച്ച യുദ്ധം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ബുഷിനും കുട്ടർക്കും തടസ്സം ഇല്ലായിരുന്നു. പിന്നീടു വന്ന ഒബാമ തെരഞ്ഞെടുപ്പുകളിൽ ലോക വികാരം മാനിച്ച് ചില യുദ്ധവിരുദ്ധ പ്രസംഗങ്ങൾ നടത്തിയെങ്കിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ലിബിയയിലും ഒക്കെ പഴയ തന്ത്രങ്ങൾ തുടുരവാൻ ഒരു മടിയും കാട്ടിയില്ല.
അമേരിക്കൻ രാഷ്ട്രീയം എക്കാലവും നമുക്ക്, (തങ്ങൾക്ക്) ലോകസമാധാനത്തിന് ചില ശത്രുക്കളുണ്ട് എന്ന് പറയുവാനും പ്രചരിപ്പിക്കുവാനും മടിച്ചില്ല. 40കൾ കൊണ്ട് മുതലാളിത്ത ഗ്രൂപ്പ് രാജ്യങ്ങളുടെ നേതാവായി മാറിയ അമേരിക്ക സോവിയറ്റ്‌യുണിയനും അവരുടെ കൂട്ടരും തുടച്ചു നീക്കപെടേണ്ട ശക്തിയാണെന്ന് പ്രചരിപ്പിച്ചു. എല്ലാ മത−സാമൂഹിക−രാഷ്ട്രീയ സംവിധാനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവാരുവാൻ പദ്ധതികൾ തയ്യാറാക്കി. അതിനായി ലക്ഷത്തിൽ അധികം റേഡിയോ നിലയങ്ങൾ പ്രസിദ്ധീകരണങ്ങൾ, അട്ടിമറി പ്രവർത്തനം, പ്രദേശിക യുദ്ധങ്ങൾ സംഘടിപ്പിച്ചു. മത സംഘടനകളെയും അവരുടെ ഇടയിലെ തീവ്ര ഗ്രൂപ്പുകളെയും സഹായിച്ചു. അങ്ങനെ ലോകമൂലധന ശക്തികൾ ആഗ്രഹിച്ചതുപോലെ സോഷ്യലിസ്റ്റ് ചേരിയെ തകർക്കുവാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ യുദ്ധം വിജയിക്കുകയും എന്നാൽ യുദ്ധത്തിലെ വിജയി ഉറക്കം നഷ്ടപ്പെട്ടവനായി തീരുകയും ചെയ്തു. ലോക സമാധാനത്തിന് വൻ ഭീഷണിയായ ഒരു കൂട്ടം ഭീകര− ക്രിമിനൽ സംഘങ്ങളെ അവർ സമൂഹത്തിനു സൃഷ്ടിച്ചു നൽകുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് ശത്രു വേദി അവസാനിച്ചപ്പോൾ പഴയ സഹയാത്രികരെ കയ്യൊഴിയുവാൻ തീരുമാനിച്ചു. ഒപ്പം തങ്ങളുടെ ലോകപോലീസ് സ്ഥാനം നിലനിർത്തുവാൻ ഇസ്ലാം മതത്തിനെ ശത്രുവായി പ്രഖ്യാപിച്ചു. ഇത് ഒരു സുപ്രഭാതത്തിൽ നടപ്പിലാക്കുകയായിരുന്നില്ല. ഇസ്ലാം മതത്തിന്‍റെ ഖലീഫയായി പരിഗണിക്കുന്ന സൗദി അറേബ്യൻ ഭരണക്കാരുമായി നല്ല ബന്ധം. (അതിനുള്ള പ്രധാന കാരണം എണ്ണവിപണിയായിരുന്നു) ഒപ്പം അവരുടെ ആസ്ഥാനമിത്രമായി നിന്ന് ഇസ്ലാംമതത്തിന്‍റെ സുഹൃത്തായി പേരുനേടൽ. എന്നാൽ അപ്പുറത്ത് മാറിനിന്ന് ലോകത്തിന്‍റെ പുതിയ ഭീഷണി മുസ്ലിം മതഭീകര വാദമാണെന്ന് പ്രചരിപ്പിക്കുക. തങ്ങൾക്കൊപ്പം കൂട്ടുകച്ചവടക്കാരായ ഇസ്ലാമിക് രാജ്യങ്ങളെ അണിനിരത്തുക. തങ്ങൾ തന്നെ വളർത്തിയ പഴയ ഇസ്ലാമിക് മതമൗലികവാദികളെ ലോക ശത്രുക്കളായി പ്രഖ്യാപിക്കുക. ഇവർ ആയുധങ്ങൾ നൽകി ഇവർ നടത്തിയ കൂട്ടകൊലകൾക്ക് നേതൃത്വം കൊടുത്ത സദ്ദാമിനെയും മറ്റും കൊലയ്ക്ക് കൊടുക്കുക. വഞ്ചനയുടെയും കൊലപാതകങ്ങളുടെയും കള്ളപ്രചരങ്ങളുടെയും നീണ്ട സംഭവങ്ങൾ ഒരുക്കി വീണ്ടും ലോക രക്ഷകർത്താവായി സ്ഥാനം ഉറപ്പിക്കുക എന്ന വിദ്വേഷരാഷ്ട്രീയത്തിന്‍റെ പ്രയോക്താക്കൾ ആയ അമേരിക്കയുടെ പുതിയ തെരഞ്ഞെടുപ്പ് രംഗം അവരുടെ കച്ചവട താൽപ്പര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന വിഷയത്തിൽ ഊന്നിനിൽക്കുന്നു.
ഒബാമ എന്ന കറുത്തവന്‍റെ സ്ഥാനത്തിൽ അത്രകണ്ട് തൃപ്തരായിരുന്നില്ല അമേരിക്കൻ ജനതയിലെ വെളുത്ത നിറത്തിൽ അഭിമാനം കൊണ്ട് നടന്നിരുന്നവരിൽ ബഹുഭൂരിപക്ഷവും. എന്നാൽ ഡെമോക്രാറ്റിക് രാഷ്ട്രീയത്തെ സ്വന്തക്കാരുടെ (വർണ്ണ) താൽപര്യത്തെക്കാൾ പരിഗണിക്കുവാൻ മടിക്കുക എന്ന സ്വാഭാവിക നിലപാടുകൾ കൊണ്ടുനടന്ന ഒബാമയും കൂട്ടരും ഇസ്രയേൽ നിലപാടുകളെ അപ്പാടെ മാറ്റി കുറിക്കുവാൻ സമരം നടത്തിയില്ല എങ്കിലും മറ്റു പലരിൽ നിന്നും വ്യത്യസ്തമായി താൻ ഒരു സിയോനിസ്റ്റു ഭക്തനാണ് എന്ന് പറയുവാൻ മടി കാണിച്ചു. കുടിയേറ്റക്കാരെ ശത്രുവായി പ്രഖ്യാപിക്കുവാൻ വിമുഖത കാട്ടി. അമേരിക്കൻ മുസ്ലിംകളെ രണ്ടാം പൗരന്‍മാരായി കാണുവാൻ ശ്രമിച്ചില്ല. ചികിത്സ രംഗത്തെ വന്‍പിച്ച ചെലവ് താങ്ങുവാൻ കഴിയാത്തവരെ സഹായിക്കുവാൻ നടത്തിയ ശ്രമത്തെ റിപ്പബ്ലിക്കൻ പാർട്ടി എതിർത്തു തോൽപ്പിച്ചു. അപ്പോഴും അമേരിക്കൻ കോർപ്പറേറ്റു താൽപര്യങ്ങളെ വേണ്ടവിധം പരിഗണിച്ചു. ചൂതാട്ടത്തിൽ തകർന്ന സ്വകാര്യ കച്ചവടക്കാരെ കഴിയാവുന്നതിലും അധികം സഹായിച്ചു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ വരുതിയിൽ നിർത്തി കച്ചവടം കൊഴിപ്പിച്ച് ഞാൻ കോർപ്പറേറ്റുകളുടെ നല്ല ശമാരിയക്കാരനാണെന്ന് തെളിയിച്ചു. ഒബാമയുടെ നിലപാടുകൾ തുടരുവാൻ രംഗത്തുള്ള ഹിലാരി തന്‍റെ ജീവിതപങ്കാളിയുടെയും താൻ േസ്റ്ററ്റ് സെക്രട്ടറി ആയിരുന്നപ്പോഴും എടുത്ത യുദ്ധ സൗഹൃദ നിലപാടുകൾ തുടരുക തന്നെ ചെയ്യും എന്ന് ഉറപ്പാണ്.
റിപ്പബ്ലിക്കൻ സ്ഥാനാർത്‍ഥിയായുള്ള ഡൊണാൾഡ് ട്രംപിന്‍റെ രംഗ പ്രവേശനം അമേരിക്കയിലും യൂറോപ്പിലും ശക്തമായിട്ടുള്ള വലതുപക്ഷ-വംശീയ-വർഗ്ഗീയ രാഷ്ട്രീയത്തെ ഓർമ്മിപ്പിക്കുന്നു. അതിനായി അവർ പുലർത്തി വരുന്ന islamophobiaയെ എങ്ങനെ കൂടുതൽ രൂക്ഷമായി തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താം എന്നാണ് ചിലരെങ്കിലും ചിന്തിക്കുന്നത്. ട്രംപ് അത്തരത്തിൽ രാഷ്ട്രീയത്തെ ഉപയോഗിക്കുവാൻ ശ്രമിക്കുകയാണ്. അവരുടെ പാർട്ടിയുടെ രാഷ്‌ട്രപതിയായിരുന്ന റെയ്ഗണെ ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. അദ്ദേഹത്തെപോലെ (സിനിമക്ക് പകരം) ടെലിവിഷനിലും സ്ഥാനമുള്ള, വലിയ വ്യവസായ ശൃംഖല തീർത്തു ശ്രദ്ധ നേടിയിട്ടുള്ള ട്രംപ് മുസ്ലിംങ്ങൾ അമേരിക്കക്ക് ആഭ്യന്തരവും ബാഹ്യവുമായ ഭീഷണിയാണെന്ന് തുറന്നു പ്രഖ്യാപിച്ചു. അവർക്കെതിരായ യുദ്ധം നയിക്കുന്നതിൽ ഈ മനുഷ്യൻ അഭിമാനം കൊള്ളുന്നു. (ഇന്ത്യൻ കാവി രാഷ്ട്രീയക്കാർക്ക് പറ്റിയ ആളായതിനാൽ മോദി തന്നെ ഗുജറാത്തി-മറ്റു പ്രവാസി ഇന്ത്യക്കാരുടെ വോട്ട് ട്രംപിനു നേടിക്കൊടുക്കുവാൻ ആവശ്യമായ അകംപണികൾ ആരംഭിച്ചിട്ടുണ്ടാകും. RSS പരസ്യമായി രംഗത്ത് വരുവാനും സാധ്യതയുണ്ട്). അയൽ രാജ്യമായ മെക്സിക്കൻ വംശജരെയും അപകടകാരിയായി കാണുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി സബ്സിഡി തുടങ്ങിയ സാമൂഹിക സുരക്ഷാപദ്ധതികളിൽ തനിക്കുള്ള എതിർപ്പ് പ്രകടിപ്പിച്ചു വരുന്നു. Trump organisation എന്ന കാൽ ലക്ഷം ആളുകൾ പണിയെടുക്കുന്ന സ്ഥാപനം കറുത്തവർക്ക് എതിരായി പരസ്യമായി വിവേചനം കാട്ടിയതിനു ശിക്ഷ ഏറ്റുവാങ്ങിയ കന്പനിയാണ്. 4.5 billion ഡോളർ ആസ്ഥിയുള്ള ട്രംപിന്‍റെ സ്ഥാപനങ്ങൾ ദുബൈ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും പ്രവർത്തിക്കുന്നു. (DAMACproperties). ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയിൽ പെട്ട ഈ കച്ചവടക്കാരന്‍ സൗന്ദര്യ മത്സരവും കാൽപന്തുകളിയും ബോക്സിംഗും തുടങ്ങി TV പരിപാടിയും അവതരിപ്പിക്കുന്നുണ്ട്. തന്‍റെ സ്ഥാപനങ്ങളുടെ തിരിച്ചടികൾ പരിഹരിക്കുവാൻ സർക്കാർ സഹായത്തിനു മുന്നിൽ നിന്ന് വാദിക്കുന്ന ഏതൊരു വൻകിട കച്ചവടക്കാരന്റെയും കൗശലം കളിക്കുന്ന ഇദ്ദേഹത്തെ സംബന്ധിച്ച് ലോകം ലാഭം ഉണ്ടാക്കുന്ന മുതലാളി മാർക്ക് മാത്രമുള്ളതാണെന്ന് കരുതി വരുന്നു.
വിജയസാധ്യത ഒട്ടുമില്ലാത്ത ലിബറേഷൻ പാർട്ടിയുടെ ഗ്രേയും ഗ്രീൻ പ്രതിനിധി ജിൽ സ്റ്റീനും മത്സര രംഗത്തുണ്ട്. 5 വർഷം മാത്രം പ്രായമുള്ള ഗ്രീൻ പാർട്ടിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2.7% വോട്ടു ലഭിച്ചിരുന്നു. കാലിഫോർണിയയിലും അർക്കൻസയിലും നിയമസഭയിൽ പ്രാതിനിധ്യം ഉള്ള ഗ്രീൻ പാർട്ടി, അമേരിക്കൻ കോർപ്പറേറ്റിസത്തിനും യുദ്ധ കൊതിക്കും എതിരായ പ്രചരണത്തിലാണ്. സമത്വമുള്ളതും പ്രകൃതിസുരക്ഷിതവുമായ ഒരു ലോകത്തിനായി അവർ രംഗത്തുണ്ട്.
കോർപ്പറേറ്റു താൽപ്പര്യങ്ങൾ എപ്പോഴും കൂട്ടു ചേരുന്നത് വർഗ്ഗീയതയുമായിട്ടായിരിക്കും എന്ന് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം നമ്മെ പഠിപ്പിച്ചു വരുന്നു. അമേരിക്കയുടെ അടുത്ത രാഷ്‌ട്രപതി കോർപ്പറേറ്റു താൽപര്യങ്ങൾക്കുള്ളിൽ ജീവിക്കുന്ന, അന്യമത വിധ്വേഷിയാണെന്നുണ്ടെങ്കിൽ നമ്മുടെ ലോകം ഇന്നു കാണുന്നതിലും വലിയ ദുരന്തങ്ങളിലേക്കാകും എത്തിച്ചേരുക. അമേരിക്കൻ ജനത അത്രകണ്ട് രാഷ്ട്രീയ അപചയത്തിന് പാത്രീഭവിക്കില്ല എന്ന് പ്രത്യാശിക്കാം.