തെറ്റായ വികസനം നാടിന് വിനാശകരമാണ്...


ചൈനയിൽ വൻ‍ തോതിൽ‍ ധാന്യങ്ങൾ‍ തിന്നു നശിപ്പിക്കുന്ന കുരിവികളെ (ഒരു കുരുവി പ്രതിവർ‍ഷം 4.5kg) കൊലപ്പെടുത്തുവാൻ‍ അവരുടെ ചെയർമാൻ‍ നടത്തിയ ആഹ്വാനം 200 കോടി കുരുവികളുടെ കൂട്ടകുരുതിക്ക് ഇട നൽ‍കി. എന്നാൽ‍ അതിനു പിന്നാലെ ചൈന വൻ‍ പട്ടിണിയിലേയ്ക്ക്‌ എടുത്തെറിയപ്പെട്ടു. (കുരുവികൾ‍ ഇല്ലാതായതോടെ കീടങ്ങൾ‍ പെരുകിയതായിരുന്നു കാരണം). പട്ടിണിയിൽ‍ പെട്ട് 30 ലക്ഷം ആളുകൾ‍ മരിച്ചു. ഭക്ഷ്യസുരക്ഷക്ക് ഭീഷണി കുരുവികളുടെ സാന്നിദ്ധ്യമാണെന്ന മാവോയുടെയും വാദം തികച്ചും തെറ്റാണെന്ന് കാലം വൈകാതെ തെളിയിച്ചു.

തൊഴിലാളി വിപ്ലവം നടന്ന റഷ്യ, വികസനത്തിന്‍റെ മാതൃകയായി അമേരിക്കയെ നോക്കിയത്, അമേരിക്കൻ‍ ജീവിത നിലവാരത്തിലേയ്ക്ക് എപ്പോൾ‍, എങ്ങനെ എത്തിച്ചേരാം എന്ന സ്വപ്നം തെറ്റായ നിലപാടായിരുന്നു എന്നവർ‍ മനസ്സിലാക്കിയില്ല. വികസനത്തെ പറ്റി മുതലാളിത്തത്തെ പോലെ വിരുദ്ധരും എടുത്ത നിലപാടുകൾ‍ അബദ്ധജഡിലമായിരുന്നു. അത് വലിയ പ്രകൃതി നാശത്തിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചു.

നിലവിലെ ആഗോള വികസന മാതൃകകൾ‍ ഏകപക്ഷീയമായി മുതലാളിത്ത പാതയിലൂടെ തുടരുന്പോൾ‍ പകരം എന്തിനെ എങ്കിലും പറ്റി ചിന്തിക്കുവാൻ‍ പോലും കഴിയാത്ത അവസ്ഥയിലേയ്ക്ക് ലോകരാഷ്ട്രീയം മാറികഴിഞ്ഞു. ഇന്ത്യൻ‍ ഇടതുപക്ഷം ഒഴിക്കിനനുകൂലമായി നീന്തുവാൻ‍ നടത്തുന്ന ശ്രമങ്ങൾ‍ നമ്മുടെ നാട്ടിൽ‍ നിലവിലെ വികസന ബദലുകളുടെ ചർ‍ച്ചകളെ തന്നെ ക്ഷീണിപ്പിച്ചു. അതിൽ‍ കുടുങ്ങി ഇന്ത്യൻ‍ ഇടതു പക്ഷം അവരുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ‍ നേരിട്ട ഇടർ‍ച്ചയിൽ‍ നിന്നും പാഠങ്ങൾ‍ ഉൾ‍ക്കൊണ്ട്‌, ഗുണപരമായ മാറ്റങ്ങൾ‍ക്ക് വിധേയമാകുവാൻ‍ മടിച്ചു നിൽ‍ക്കുന്പോൾ‍ ഇന്ത്യൻ‍ പരിസ്ഥിതിയെയും അവരുടെ തെറ്റു തിരുത്തലിലെ വിമുഖത മോശമായി ബാധിക്കുന്നു.

കേരളം ലോകത്തെ തന്നെ വളരെ പ്രകൃതി സന്പന്നമായ ഭൂപ്രദേശമാണെന്ന വസ്തുതയെ പൊതുസമൂഹവും അതിന്‍റെ നായകരുമായ രാഷ്ട്രീയക്കാരും തമസ്ക്കരിക്കുന്പോൾ‍ നമ്മുടെ ശവക്കുഴി നമ്മൾ‍ തന്നെ തോണ്ടുകയാണ് എന്ന് കാണേണ്ടതുണ്ട്. കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ‍ നടത്തിയ സമരങ്ങളിൽ‍ പ്രധാനമായിരുന്നത് മലബാറിലെ വനഭൂമി സ്വകാര്യ ഇടമാക്കുന്നതിനെതിരായതായിരുന്നു. ആദ്യ കേരള മന്ത്രിസഭയുടെ ഭൂപരിഷ്കരണ നിലപടുകൾ‍ക്കൊപ്പം ശീമകൊന്ന വ്യാപിപ്പിക്കുവാൻ‍ സർ‍ക്കാരും പാർ‍ട്ടി കമ്മിറ്റികളും നടപ്പിലാക്കിയ പദ്ധതികൾ‍ പുതിയ ഒരു സംസ്കാരത്തിന്‍റെ തുടക്കമായിരുന്നു. രണ്ടാം ലോക യുദ്ധത്തിൽ‍ രാസായുധങ്ങൾ‍ ഉണ്ടാക്കി വിറ്റ കന്പനികൾ‍ (മോൻ‍സാൻഡോ, ബയർ‍ തുടങ്ങിയവ) തങ്ങളുടെ കൈയ്യിലുള്ള അധിക നൈട്രജനും മറ്റും വിപണയിൽ‍ എത്തിക്കുവാൻ‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലും ഹരിത വിപ്ലവത്തെ രാസവള വിപണിയിൽ‍ എത്തിച്ചു. ഇതിനെതിരായ ഒരു സന്ദേശം കൂടിയായിരുന്നു ശീമകൊന്ന തുടങ്ങിയവയെ ഉപയോഗിച്ചുകൊണ്ട് നടത്തിയ കൃഷിരീതികൾ‍. അത്തരം ഒരു നിലപാടുകളിലേയ്ക്ക് എത്തിയ പാർ‍ട്ടികൾ‍ പിൽ‍ക്കാലത്ത് പരിസ്ഥിതി വിഷയത്തിൽ‍ പിന്നോക്കം പോയി.

വികസനത്തെ മുന്നിൽ‍ കണ്ട് ലോകത്തിൽ‍ ഇന്നുനടപ്പിലാക്കി വരുന്ന പദ്ധതികളിൽ‍ ഒട്ടുമിക്കതും പരിസ്ഥിതിയെ പരിഗണിക്കാത്തതായി മാറിയത് അവിചാരിതമല്ല.അതേ സമീപനങ്ങൾ‍ കേരളവും ഏറ്റുവാങ്ങി എന്നതാണ് സത്യം. വികസനവും പരിസ്ഥിതിയും പരസ്പര വിരുദ്ധങ്ങൾ‍ ആയി മാറിയത് എങ്ങനെ എന്ന് വിശദമാക്കുവാൻ‍ അതിനെ പറ്റി സംസാരിക്കുന്നവർ‍ തുറന്ന മനസ്സുകാട്ടെണ്ടതാണ്. പരിസ്ഥിതി സംരക്ഷണത്തെ പരിഗണി ക്കാത്ത ഏതു പരിപാടിയെയാണ് വികസനമായി കാണുവാൻ‍ കഴിയുക?

കേരളത്തിലെ കമ്യുണിസ്റ്റ് പാർ‍ട്ടികൾ‍ക്കിടയിൽ‍ ഉണ്ടായ ഒരു അഭിപ്രായ വ്യത്യാസം വിദേശ കന്പനികളെ നിക്ഷേപകരായി സ്വീകരിക്കുന്ന വിഷയത്തിൽ‍ ആയിരുന്നു. അപ്പോഴും ഇരു കമ്യുണിസ്റ്റ് ഗ്രൂപ്പുകളും വൻ‍കിട പദ്ധതികളെ വികസനമായി കണ്ടു. മാവൂരിൽ‍ ബർ‍ളായുടെ റയോൺ‍സ് വ്യവസായ ശാല വികസനത്തിന്‍റെ പുതിയ പ്രതീക്ഷയായി കണ്ട ഇടതു മുന്നണി നിലന്പൂർ‍ കാടുകളെയും അതിലെ ആദിവാസികളെയും തകർ‍ച്ചയിലേയ്ക്ക് എത്തിക്കുകയായിരുന്നു എന്ന് വളരെ വൈകി മാത്രമാണ് അംഗീകരിച്ചത്.(?)

കേരളത്തിലെ ഇരുമുന്നണികളും വികസന നിലപാടുകളിൽ‍ കാട്ടുന്ന അത്ഭുതമായ ഐക്യം തികച്ചും തെറ്റായ രാഷ്ട്രീയ നിലപാടുകളുടേതാണ്.

വികസനം എന്നാൽ‍ ടെറസുള്ള വീടും കാറും ഫ്രിഡ്ജും അല്ല എന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് സന്ദേശത്തിന് അര നൂറ്റാണ്ടിന്‍റെ പഴക്കമുണ്ട്. അന്നവർ‍ പറയുവാൻ‍ ശ്രമിച്ചത് വികസനമെന്നാൽ‍ കുടിവെള്ളം, പോഷക ഗുണമുള്ള ആഹാരം, മൂല്യങ്ങൾ‍ ഉള്ള വിദ്യാഭ്യാസം, കാറ്റും വെളിച്ചവും കടക്കുന്ന വീടുകൾ‍, എല്ലാവർ‍ക്കും സുരക്ഷിതമായ തൊഴിൽ‍ തുടങ്ങിയവയായിരുന്നു. എന്നാൽ‍ അതിനെ ഉൾ‍ക്കൊള്ളുവാൻ‍ ഇടതു രാഷ്ട്രീയം പോലും വിജയിച്ചില്ല. വികസനത്തെ പറ്റിയുള്ള അവരുടെ നിലപാടുകൾ‍ എത്ര അപകടമെന്ന് പശ്ചിമഘട്ട, വിമാനത്താവള, SEZ വിഷയത്തിൽ‍ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.

വിദ്യാഭ്യാസ-കാർ‍ഷിക രംഗത്തെ വികസന സങ്കൽപം മുതൽ‍ ദേവാലയങ്ങൾ‍ പണിതുയർ‍ത്തുന്ന വിഷയത്തിൽ‍ വരെ നമ്മുടെ പൊതു സമൂഹം വെച്ചു പുലർ‍ത്തുന്ന നിലപാടുകൾ‍ തികച്ചും പിന്തിരിപ്പൻ‍ തന്നെ. വിദ്യാഭ്യാസ രംഗം ഇന്നെത്തി ചേർ‍ന്ന തെറ്റായ തീരുമാനങ്ങൾ‍, നാം വിദ്യാഭ്യാസ രംഗത്ത്‌ ആർ‍ജ്ജിച്ച പല സൽ‍പ്പേരുകൾ‍ക്കും പേരുദോഷം വരുത്തുന്നു. പ്രൊഫഷണൽ‍ വിദ്യാഭ്യാസം വൻ‍ കച്ചവടമായി മാറിയതിലൂടെ പഠിതാക്കളുടെ അറിവ്, തൊഴിൽ‍ സാധ്യത ഒക്കെ വലിയ പ്രതിസന്ധിയിലാണ്. സ്കൂൾ‍ വിദ്യാഭ്യാസത്തിലെ വിവധ സിലബസ്സ് അതിഷ്ഠിത വിദ്യാഭ്യാസം, സ്വകാര്യ മാനേജ്മെന്റുകളുടെ സാന്പത്തിക −ജാതി−മത താൽപര്യം ഒക്കെ വിദ്യാഭ്യാസത്തിന്‍റെ ഉള്ളടക്കത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ഇതുകേരളത്തിന്‍റെ മതേതര സമൂഹത്തിനുതന്നെ ഭീഷണിയാണ്. ജനങ്ങളിൽ‍ ജാതി−മത വികാരം വൈകൃതമായി തീരുന്നതിൽ‍, അന്ധവിശ്വാസം വളരുന്നതിൽ‍, വാക്സിൻ‍ തുടങ്ങിയ വിഷയത്തിൽ‍ വളർ‍ന്നുവരുന്ന ശാസ്ത്ര വിരുദ്ധ നിലപാടുകൾ‍ക്കൊക്കെ വിദ്യാഭ്യാസത്തിലെ മൂല്യച്യുതികൾ‍ വലിയ സംഭാവനകൾ‍ നൽ‍കുന്നു. ഇത്തരം വിഷയങ്ങളിൽ‍ വ്യത്യസ്ഥ നിലപാടുകൾ‍ ഉണ്ടായിരുന്ന ഇടതു പക്ഷം കഴിഞ്ഞ കാൽ‍ നൂറ്റാണ്ടായി മറ്റൊരു ദിശയിലാണ് ഇന്നുള്ളത്. സ്വാശ്രയ സ്ഥാപനങ്ങളെ ഒരു യാഥാർത്‍ഥ്യമായി കണ്ട് അവയുമായി ഒത്തുപോകുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ‍ എത്തി. അങ്ങനെ വിദ്യാഭ്യാസലോകം തെറ്റായ വികസന പാതയിൽ‍ നില ഉറപ്പിക്കുന്നു. പ്രസ്തുത വിഷയത്തിൽ‍ ഇടതുപക്ഷം കർ‍ക്കശമായ നിലപാടുകൾ‍ എടുക്കുന്നില്ല. കഴിയുമെങ്കിൽ‍ അവർ‍ക്ക് ഈ രംഗത്ത് കാര്യമായ തിരുത്തലുകൾ‍ നടപ്പിലാക്കുവാൻ‍ മറ്റൊരവസരം കിട്ടിയിരിക്കുന്നു.

കേരളത്തിലെ കാർ‍ഷിക രംഗം കഴിഞ്ഞ നാലു ദശകമായി തിരിച്ചടി നേരിടുന്നു. അതിനുള്ള കാരണങ്ങളിൽ‍ പലതും അന്തർ‍ദേശീയമാണ്. എന്നാൽ‍ നമ്മുടെ സമൂഹത്തിന് പരിഹരിക്കുവാൻ‍ കഴിയുന്ന പ്രശ്നങ്ങളെ മറികടക്കുവാൻ‍ വേണ്ട ശ്രമങ്ങളിൽ‍ സമൂഹം ജാഗരൂപരാകുന്നില്ല. കൃഷിയെ പാരന്പര്യ അറിവുകൾ‍ക്കൊപ്പം ആധുനിക സങ്കേതികതികവിനും പ്രകൃതിക്ക് ഇണങ്ങും വിധം മാറ്റി എടുത്ത്, അഭ്യസ്തവിദ്യരെയും കൂടി കൃഷിസ്ഥലത്ത്‌ എത്തിക്കുന്നതിൽ‍ രാഷ്ട്രീയ നേതൃത്വം പൂർ‍ണ്ണ പരാജയമാണ്. ജനിതക വിത്തുകളെ ആധുനിക ശാസ്ത്ര കണ്ടെത്തലിന്‍റെ ഉത്പ്പന്നമായതിനാൽ‍ സ്വീകരിക്കണമെന്ന അഭിപ്രായം ഇടതു പാർ‍ട്ടിയുടെ അനുബന്ധ കർ‍ഷക സംഘടന പറയുന്പോൾ‍ പാർ‍ട്ടി കർ‍ഷക ലോകത്ത് എടുക്കുന്ന സമീപനങ്ങൾ‍ തികച്ചും അപകടമാണെന്ന് വ്യക്തം. എന്നാൽ‍ ഇന്നുജൈവ കൃഷി രീതികൾ‍ നടപ്പിലാക്കുവാൻ‍ കേരളത്തിലെ കമ്യുണിസ്റ്റ് ഗ്രൂപ്പുകൾ‍ വലിയ ഉത്സാഹം കാട്ടുന്നുണ്ട്. കാർ‍ഷിക ലോകത്തെ പ്രശ്നങ്ങളെ വലിയ ഉടച്ചു വാർ‍ക്കലിനുവിധേയമാക്കുവാൻ‍ കഴിയാതെ ഇരുന്നാൽ‍ നമ്മുടെ കാർ‍ഷിക ലോകം തിരിച്ചുവരുവാൻ‍ കഴിയാത്ത അവസ്ഥയിൽ‍ എത്തും. 

കാർ‍ഷികരംഗം പൊളിച്ചെഴുതണമെങ്കിൽ‍ ഭൂമിയുടെ സംരക്ഷണത്തിൽ‍ നിലവിലെ സമൂഹത്തിന്‍റെ കാഴ്ച്ചപ്പാടുകൾ‍ തിരുത്തുവാൻ‍ നാം നിർ‍ബന്ധിതമാണ്. കേരളം പോലെ പരിസ്ഥിതി ലോലമായ ഒരു പ്രദേശത്ത് ഭൂമിയുടെ ഘടനയിലെ ഓരോ മാറ്റവും ഭൂമിക്കും അതിലെ ജീവി−അജീവി വർ‍ഗ്ഗത്തിനും ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ‍ ഗൗ രവതരമായി കാണുവാൻ‍ പരാജയപ്പെടുന്ന ഒരു പ്രദേശം വലിയ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. കേരളത്തിലെ ഭൂമി, കൃഷിയിടം എന്ന അവസ്ഥയിൽ‍ നിന്നും ഊഹ മൂലധനത്തിന് വഴിമാറിയതോടെ മണ്ണിന്‍റെ ചരമഗീതം രചിക്കുകയായിരുന്നു. പശ്ചിമഘട്ട വിഷയത്തിൽ‍ എല്ലാ പാർ‍ട്ടികളും മത ജാതി സംഘടനകളും ഒറ്റകെട്ടായിതീർ‍ന്നത് പുറത്തു നിന്നുമാത്രം രാഷ്ടീയം പഠിക്കുന്ന ഒരാൾ‍ക്ക് അത്ഭുതമായി തോന്നാം. എങ്ങനെയാണ് കമ്യുണിസ്റ്റുകളും കാന്തപുരവും കത്തോലിക്കാസഭയും കോൺ‍ഗ്രസ്സുകാരും കോണ്ട്രാക്റ്റർ‍മാരും ഒരേ ശബ്ദത്തിൽ‍ ഒന്നിക്കുന്നതെന്ന്!. കേരളത്തിന്‍റെ സാമൂഹിക ദുരന്തത്തിനു വേദി ഒരുക്കുന്നത് ഈ അസ്വാഭാവിക കൂട്ടുകെട്ടാണ്. ഇത്തരം അക്ഷന്തവ്യമായ തെറ്റ് ഇടതുപാർ‍ട്ടികൾ‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് അംഗീകരിക്കുവാന്‍ അവർ‍ ഇതുവരെയും തയ്യാറായിട്ടില്ല. ലോകത്തെ തന്നെ മർ‍മ്മ പ്രധാന കാടുകളെക്കാളും പ്രധാനം നാണ്യവിള തോട്ടങ്ങളാണെന്ന ധാരണ ഇന്നും അവർ‍ വെച്ച് പുലർ‍ത്തുന്നു. കുടിയേറ്റത്തെ നിയമപരമായി അംഗീകരിക്കുന്ന തീയതിയെ മറികടന്നും ക്വാറികളെയും ടൂറിസ വ്യവസായികളെയും സംരക്ഷിച്ചും പരിസ്ഥിതിയെ നിലനിർ‍ത്തുവാൻ‍ കഴിയില്ല എന്ന സാമാന്യ അറിവിനെ അംഗീകരിക്കുവാൻ‍ മടിക്കുന്നവർ‍, സ്വപ്നം കാണുന്ന വികസനം പൊതു സമൂഹത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ല. ഇതേ കൂട്ടർ‍ വിമാനത്താവള നിർ‍മ്മാണത്തിലും എക്സ്പ്രസ്സ്‌ വേയുടെ കാര്യത്തിലും മറ്റും ജനകീയ വിരുദ്ധമായി മാത്രമേ നിലപാടുകൾ‍ എടുക്കുകയുള്ളൂ.

കേരളത്തിലെ വൈദ്യുതി രംഗം വലിയ തോതിൽ‍ മാറ്റങ്ങൾ‍ക്ക് വിധേയമാകേണ്ടതുണ്ട്. സേവന രംഗത്ത്‌ അവരുടെ ട്രാക്ക് റെക്കോർ‍ഡികൾ‍ അത്രകണ്ട് ആശാവഹമല്ല. ആധുനിക സങ്കേതിക വിദ്യകൾ‍ ഉപയോഗപ്പെടുത്തുന്നതിലും പിന്നോക്കം തന്നെ. പ്രസരണ നഷ്ടം കുറയ്ക്കുന്നതിൽ‍ ഇന്ത്യൻ‍ ശരാശരിയിലും മെച്ചപ്പെട്ട റെക്കോഡ് നേടുവാൻ‍ അവർ‍ക്ക് കഴിഞ്ഞു. എന്നാൽ‍ പുതിയ പദ്ധതികളുടെ കാര്യത്തിലും മറ്റു വികസന നിലപടുകളിലും മുന്നണികൾ‍ തമ്മിൽ‍ വലിയ വ്യത്യാസം ഇവിടെയും ഇല്ല. പ്രത്യേകിച്ചും വൻ‍കിട പദ്ധതികൾ‍ കൊണ്ടുവരുന്ന വിഷയത്തിൽ‍ ഏവരും ഒറ്റ കെട്ടാണ്.

പുതിയ സർ‍ക്കാരും അവരുടെ പ്രകടന പത്രികയിൽ‍ വൈദുതി ക്ഷാമത്തെ പറ്റി പറയുന്നു. പരിഹരിക്കുവാൻ‍ പുതിയ കൽ‍ക്കരി-പാരന്പര്യ ഇതര −ജല പദ്ധതികളെ പരിചയപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ഡീസൽ‍ നിലയങ്ങളുടെ ഇന്നത്തെ അവസ്ഥയെ പറ്റി പത്രിക നിശബ്ദമാണ്. എന്നാൽ‍ പുതിയ പദ്ധതികളെ സ്വാഗതവും ചെയ്യുന്നു. ഇക്കഴിഞ്ഞ ചൂട് കാലത്ത് പവർ‍കട്ട്‌ ഏർ‍പ്പെടുത്താതെ എങ്ങനെയാണ് കേരള വൈദ്യുതി വകുപ്പ് ജനങ്ങൾ‍ക്ക്‌ വെളിച്ചം എത്തിച്ചത്? കേന്ദ്രം തരേണ്ട വിഹിതം വാങ്ങുവാൻ‍ കഴിഞ്ഞാൽ‍ ഇപ്പോൾ‍ തന്നെ നമ്മുടെ ലഭ്യത 500 MW അധികമായിരിക്കും. ഈ അവസരത്തിൽ‍ ആണ് ഗാഡ്ഗിൽ‍ Sensitive zone ആയി അടയാളപ്പെടുത്തിയ ആതിരപ്പള്ളിയിൽ‍ ഡാം ഉണ്ടാക്കുവാൻ‍ വീണ്ടും ശ്രമം സർ‍ക്കാർ‍ ആരംഭിക്കുന്നത്. കസ്തൂരി രംഗൻ‍ പോലും സംരക്ഷിത ഇടമായി രേഖപ്പെടുത്തിയ പ്രസ്തുത വനഭൂമിയിൽ‍ ഡാം പണിയുവാൻ‍ പറയുന്ന ന്യായങ്ങൾ‍ എല്ലാം സ്ഥിരം സർ‍ക്കാർ‍ ഉണ്ടാക്കിവെച്ച stero type ഉത്തരങ്ങൾ‍ മാത്രം.

പ്രകൃതി വിഭങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാൻ‍ വൻ‍ സാധ്യതകൾ‍ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപെട്ട കാര്യമാണ്. നെടുന്പാശ്ശേരി വിമാനത്താവളത്തിൽ‍ സ്ഥാപിച്ച സോളാർ‍ പാനലുകൾ‍ ഇന്നവർ‍ക്ക് ആവശ്യമായ വൈദ്യതി നൽ‍കുന്നു. പ്രതി വർ‍ഷം 12MW ലഭ്യമാക്കുന്ന പദ്ധതിയുടെ ആകെ ചെലവ് 62.5 കോടി രൂപ. 45 ഏക്കറിൽ‍ വ്യാപിച്ചിരിക്കുന്ന പാനലിൽ‍ നിന്നും പ്രതി വർ‍ഷം 2കോടി യുണിറ്റ് വൈദ്യുതി ലഭിക്കുന്നു. കണക്കുകളിൽ‍ നിന്നും 5 വർ‍ഷം കൊണ്ട് മുടക്കിയ തുക തിരിച്ചു കിട്ടുമെന്ന് മനസ്സിലാക്കാം. കേരളത്തിൽ‍ നിലവിലുള്ള ഒരു കൊടിക്കടുത്തു വരുന്ന വീടുകളുടെ മേൽ‍ക്കൂരയിൽ‍ പാനലുകൾ‍ സ്ഥാപിച്ചാൽ‍ കേരളത്തിന്‌ ഇരുപതിനായിരം MW വൈദ്യുതി ഉത്പ്പാദിപ്പിക്കാം. ഒരു tone ജൈവ അവശിഷ്ടങ്ങളിൽ‍ നിന്നും ഒരു മെഗാവാട്ട് ഉത്പ്പാദിപ്പിക്കുവാൻ ജപ്പാൻ‍ വിജയിച്ചപ്പോൾ‍ നമ്മൾ‍ ആവഴിക്ക് ചിന്തിക്കുവാൻ‍ മടിച്ചു നിൽ‍ക്കുന്നു. കേരളത്തിലെ വീടുകളിൽ‍ ഇന്ന് ഉപയോഗിക്കുന്ന സാദാ ബൾ‍ബുകൾ‍ക്ക് പകരം LED വിളക്കുകൾ‍ സ്ഥാപിച്ചാൽ‍ നമ്മുക്ക് 400 MW നു മുകളിൽ‍ 600 MW വരെ വൈദ്യുതി ലാഭിക്കാം.

ആതിരപ്പള്ളി-വാഴച്ചാൽ‍ പുഴയും മറ്റും പറന്പികുളവുമായി ബന്ധപ്പെട്ടു കിടക്കുന്ന വനഭൂമി എന്ന നിലയിൽ‍ വലിയ പരിസ്ഥിതി പ്രധാന സ്ഥലമാണ്‌. മലയിലെ മുകൾ‍ ഭാഗത്ത്‌ പണിത ഷോളയാർ‍ ഉൾപ്പെട്ട നിരവധി ഡാമുകളുടെ സാന്നിദ്ധ്യം ആതിരപ്പള്ളി വനഭൂമിയിലെ ആനതാരയെ കൂടുതലായി ആനകൾ‍ ഉപയോഗിക്കുവാൻ‍ നിർ‍ബന്ധിതമാക്കി. ആയിരത്തോളം ആനകൾ‍ അവിടെ ജീവിക്കുന്നു. മാത്രവുമല്ല 4 തരം വേഴാന്പലുകളുടെ വാസസ്ഥലമാണ്. 128 മത്സ്യഇനങ്ങൾ‍ അവിടെ ജീവിക്കുന്നു. അവയിൽ‍ 5 എണ്ണത്തെ കണ്ടെത്തിയത് തന്നെ അവിടെ വെച്ചാണ്‌. 264 പക്ഷികളും ജീവിക്കുന്ന ഈ കാട് കേരളത്തിലെ അവശേഷിക്കുന്ന കാടുകളിൽ‍ ഏറ്റവും ശ്രദ്ധേയമാണ്. കേരളത്തിലെ കാടുകളുടെ വിസ്തൃതി ഏകദേശം പതിനൊന്നേകാൽ‍ ലക്ഷം ഹെക്ടർ‍ പക്ഷെ യഥാർ‍ത്ഥ കാടുകൾ‍ 6% മാത്രം. ഇരുപതാം നൂറ്റാണ്ട് തുടക്കം വരെ കാടുകൾ‍ 40 % ആയിരുന്നു. ഒരു ഭൂപ്രദേശം സംതുലമായി നിലനിൽ‍ക്കണമെങ്കിൽ‍ 33% കാടുകൾ‍ ഉണ്ടയിരിക്കണമെന്നിരിക്കെയാണ് ഈ അവസ്ഥ. കേവലം 163 MW വൈദ്യുതി മാത്രം ഉത്പ്പാദിപ്പിക്കുവാൻ‍ ശേഷിയുള്ള ഒരു പദ്ധതിക്കായി 1350 കോടി രൂപയുടെ ചെലവ് വേണ്ടിവരുമെന്ന് പറഞ്ഞാൽ‍ പദ്ധതി എത്രമാത്രം അപ്രായോഗികമാണെന്നു മനസ്സിലാക്കാം. അപ്പോഴും ആതിരപള്ളി പദ്ധതി വരുന്നത് കൊണ്ട് വെള്ളചാട്ടത്തിന് ഒന്നും സംഭവിക്കില്ല എന്ന് പറയുന്ന മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അവരുടെ പാർ‍ട്ടി സൈലന്‍റ് വാലി വിഷയത്തിൽ‍ എടുത്ത പഴയ കാല പരിസ്ഥിതി വിരുദ്ധ നിലപാടുകളിൽ‍ തന്നെ ഉറച്ചു നിൽ‍ക്കുന്നു എന്ന് മനസ്സിലാക്കണം.

 

പ്രകൃതിയെ പരിഗണിക്കാതെയുള്ള പദ്ധതികൾ‍ മനുഷ്യനും മറ്റു ജീവികൾ‍ക്കും അപകടം വരുത്തി വെയ്ക്കും എന്ന് തിരിച്ചറിയാത്ത എല്ലാ വികസന നിലപടുകളും വികസനത്തിന്‍റെ യഥാർ‍ത്ഥ ലക്ഷ്യത്തെ അട്ടിമറിക്കും. കേരളം തെറ്റായ വികസന നിലപാടുകൾ‍ക്ക് അനുകൂലമായി നിന്നുകൊടുത്താൽ‍ നാട് ഒരു മരുഭൂമിയായി തീരുമെന്ന് തീർ‍ച്ച.

You might also like

Most Viewed