140ൽ ഒന്ന്: ശുഭസൂചകമല്ല


ജനാധിപത്യത്തിൽ‍ സ്ഥിരമായ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ല എന്നതാണ് അതിന്‍റെ വൻ സ്വീകാര്യതക്ക് അടിസ്ഥാനം. ജനാധിപത്യത്തിൽ‍ അവലംബിക്കുന്ന മാർ‍ഗങ്ങൾ‍ ഓരോ സംവിധാനത്തിലും ഓരോ രീതിയിലാണ്. യൂറോപ്പിൽ‍ സ്വീകരിച്ചിരിക്കുന്ന ആകെ പോൾ‍ ചെയ്യുന്ന വോട്ടിന്‍റെ 50 ശതമാനത്തിലധികം നേടുന്നവരെ തിരഞ്ഞെടുക്കുന്ന രീതി പലതുകൊണ്ടും സ്വാഗതാർ‍ഹമാണ്. നമ്മുടെ നാട്ടിൽ‍ തിരഞ്ഞെടുപ്പിൽ‍ മത്സരിക്കുന്നവർ‍ ഓരോ പ്രദേശത്തു നിന്നും നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്നതും ഒപ്പം സംസ്ഥാന− ദേശിയ തലത്തിൽ‍ കിട്ടുന്ന ആകെ വോട്ട് ശതമാനം തിരഞ്ഞെടുപ്പു ഫലത്തെ നേരിട്ട് സ്വാധീനിക്കാത്തതുമാണ്. ഇത് ജനവികാരം പ്രതിഫലിപ്പിക്കുവാൻ പലപ്പോഴും പരാജയപ്പെടാറുണ്ട്. വോട്ടിംഗിലെ ചെറിയ വ്യതിയാനം വലിയ തരത്തിൽ‍ സഭയിലെ പ്രാതിനിധ്യത്തിൽ‍ പ്രതിഫലിച്ച അവസരം ജനാധിപത്യത്തിന് ഗുണകരമല്ല. കഴിഞ്ഞ ദേശീയ തിരഞ്ഞെടുപ്പിൽ‍ കോൺ‍ഗ്രസിന് കിട്ടിയ വോട്ടിന്റെ ശതമാനം 25ഉം അതും ബി.ജെ.പി സഖ്യവും തമ്മിലുള്ള വ്യത്യാസം എട്ട് ശതമാനവും ആയിരുന്നിട്ടും കോൺ‍ഗ്രസിന് കിട്ടിയ സീറ്റുകൾ‍ 41 ആയി കുറഞ്ഞു. ത്രിപുരയിലെ 87ലെ തിരഞ്ഞെടുപ്പിൽ‍ വോട്ടിംഗ് ശതമാനത്തിൽ‍ മുന്‍പിൽ‍ നിന്ന ഇടതുമുന്നണി പ്രതിപക്ഷത്തെത്തി. വോട്ടിൽ‍ കുറവുള്ള കോൺ‍ഗ്രസ് ഭരണകക്ഷിയുമായി. ഈ പോരായ്മകൾ‍ പരിഹരിക്കുവാൻ നേപ്പാൾ‍ ഭരണഘടന ശ്രമിക്കുന്നു എന്നത് ആരോഗ്യകരമായ നിലപാടാണ്‌.

കേരളത്തിൽ‍ ഈ കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ‍ രണ്ടു മുന്നണികൾ‍ക്കും പകരം മറ്റൊരു രാഷ്ട്രീയ ഐക്യ സംവിധാനം എന്തുകൊണ്ട് ആയിക്കൂട എന്ന ധാരണയിൽ ഉയർന്നുവന്ന എൻ.ഡി.എ മുന്നണി രാജ്യത്തെ 30 പാർട്ടികളുടെ കൂട്ടായ്മയാണ്. കേരളത്തിലെ അതിന്റെ അംഗങ്ങളിൽ കേരള കോൺഗ്രസ്സ് (പി.ടി തോമസ് വിഭാഗം) ലോക ജനശക്തി തുടങ്ങിയ വലിയ പ്രചരണവുമായി എത്തിയ ബി.ഡി.ജെ.എസ് ഉൾപ്പെടെ അഞ്ച് പാർട്ടികൾ അംഗങ്ങളായിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ തീർത്ത് പകുതിയിലധികം സീറ്റുകൾ സ്വന്തമാക്കുമെന്ന അവകാശ വാദമുയർത്തിയ ഇക്കൂട്ടരിലെ പ്രധാന പാർട്ടിയായ ബി.ജെ.പിയും അതിന്റെ മുൻരൂപമായ ജനസംഘവും കേരള തിരഞ്ഞെടുപ്പു രംഗത്ത് 67 മുതൽ തന്നെ സാന്നിധ്യം അറിയിച്ചു വന്നവരാണ്. ജന സംഘം എന്ന ഹൈന്ദവ രാഷ്ട്രീയ അജണ്ടകൾ വെച്ചു പുലർത്തുന്ന പാർട്ടി കേരള തിരഞ്ഞെടുപ്പുകളിൽ എക്കാലത്തും പരാജിതരാകുന്നത് അവിചാരിതമല്ല. എല്ലാ പാർട്ടികൾക്കും എന്ന പോലെ അവരുടെ തിരഞ്ഞെടുപ്പ് പരിശ്രമങ്ങളെ എന്തുകൊണ്ടാണ് (പ്രത്യേകിച്ച് ഇടതുപക്ഷം) ഉത്കണ്ഠയോടെ കാണുവാൻ ശ്രമിക്കുന്നത്? കോൺഗ്രസ് മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളുടെ വിജയത്തെ അംഗീകരിക്കുന്നവർ ബി.ജെ.പി സഖ്യകക്ഷികളെ തിരഞ്ഞെടുപ്പിനു ശേഷവും കൂടുതലായി ചർച്ചകൾക്ക് വിധേയമാക്കുന്നതിലെ സാംഗത്യം എന്തുകൊണ്ടാണ് ഉണ്ടാവുന്നത്?

ഇന്ത്യൻ പൊതുമണ്ധലം രാഷട്രീയമായി മതനിരപേക്ഷമാണ് എന്ന് നമ്മൾ പറഞ്ഞു വരുന്നു. അതിനെ പിൻതുണക്കുന്ന നിരവധി അനുഭവങ്ങൾ നമുക്ക് സ്വന്തമാണ്. അവയ്ക്ക് നൂറ്റാണ്ടിന്റെ പാരന്പര്യവുമുണ്ട്. എന്നാൽ പൊതുസമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുസമുദായത്തിന് (ചാതുർവർണ്യം എന്ന ഗീതാ സങ്കൽപത്തിൽ ഹിന്ദുക്കളിലെ ബഹുഭൂരിപക്ഷത്തെയും ഹിന്ദുക്കളായി അംഗീകരിക്കുന്നില്ല.) പൊതുസമൂഹത്തിൽ നിലനിൽക്കുന്ന അധീശത്വ സാധ്യത മറ്റ് സമുദായത്തിന് ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്തുവാൻ കഴിയുകയില്ല. മതനിരപേക്ഷ കോൺഗ്രസ് പാർട്ടിയിൽ നിലനിന്ന ഹൈന്ദവ സ്വാധീനം പലപ്പോഴും പല മത ചടങ്ങുകളായി കോൺഗ്രസ് പാർട്ടിയുടെ വേദിയിൽ ഉണ്ടായിട്ടുണ്ട്. ഹിന്ദുമഹാസഭയുടെ രൂപീകരണത്തിലേക്ക് നയിച്ച 1909 ലെ ഹരിദ്വാറിൽ നടന്ന ഹൈന്ദവ സമ്മേളനത്തിൽ ഗാന്ധിജിയും അംഗമായിരുന്നത് ഇന്ന് നമ്മളിൽ പലർക്കും ഉൾക്കൊള്ളുവാൻ കഴിയുകയില്ല. ഈ സാഹചര്യങ്ങളെ ഉപയോഗിച്ച് പൊതുമണ്ധലത്തിലെ ഹൈന്ദവ സ്വാധീനത്തെ രാഷ്ട്രീയ രൂപമാക്കി മാറ്റുവാൻ ഹിന്ദുമഹാസഭ അതിന്റെ തുടക്കം മുതൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. വർഗീയ കലാപങ്ങളെ രാഷ്ട്രീയ ആയുധമാക്കിയ ശക്തികൾ തന്നെ രാഷ്ട്രീയ സാംസ്കാരിക പരിസരങ്ങളെയും വെറുതെ വിട്ടില്ല.

കേരളത്തിന്റെ നവോത്ഥാന ധാരകൾ എല്ലാ സമുദായങ്ങളുടെയും അകത്തളങ്ങളിൽ നടത്തിയ ഉഴുതുമറിക്കലുകൾ സമൂഹത്തിൽ വ്യക്തിയെയും പുതിയ ആശയങ്ങളിൽ എത്തിച്ചു. സാധാരണ വ്യക്തികളും പരിവർത്തനങ്ങളുടെ വാഹകരായി. അവരിൽ നല്ലൊരു പങ്ക് കമ്യൂണിസ്റ്റ് ആശയക്കാരും ചിലർ കോൺഗ്രസ് യുക്തിവാദി ഗ്രൂപ്പുകളിൽ സജ്ജീവവുമായി. അവരുടെ ജീവിതങ്ങളിൽ തന്നെ മിശ്രവിവാഹം, അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യൽ ഒക്കെ കടന്നുവന്നു. എല്ലാ മതങ്ങളിലും ഇതിന്റെ അലകൾ വിവിധ രൂപത്തിൽ ഉണ്ടായി. ലോകത്തെ പുതിയ ആശയങ്ങൾ ചർച്ച ചെയ്യുവാനും പ്രചരിപ്പിക്കുവാനും കഴിയാവുന്നവരുടെ സാന്നിധ്യം മലയാളക്കരയെ കൂടുതൽ പുരോഗമനകരമാക്കി.

കേരളത്തിന്റെ പൊതുമണ്ധലം മതമൗലികതയെ ചെറുക്കേണ്ടതിന്റെ ആവശ്യകതകൾ സ്വയം ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു. നാടിന്റെ സാന്പത്തിക രംഗത്തെ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പല സാമൂഹിക സംഘടനകളും അവരുടെ നഷ്ടപ്രതാപങ്ങൾ തിരിച്ചുപിടിക്കുവാൻ ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും മതമൗലികതയിൽ ജനങ്ങൾ ആകൃഷ്ടരായില്ല. ന്യൂനപക്ഷ മതങ്ങൾ അവരുടെതായ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കുകയും അവരിലെ സന്പന്നരുടെ താൽപര്യങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കുകയും ചെയ്തു വരുന്നു. അപ്പോഴും വർഗീയ വിഭജനങ്ങൾ ഒഴിവാക്കുന്നതിൽ ഇക്കൂട്ടർ ശ്രദ്ധാലുക്കൾ ആയിരുന്നു.

ഹൈന്ദവ മതമൗലികത എക്കാലത്തും അന്യമത വിദ്വേഷം വച്ചു പുലർത്തി വന്നിരുന്നു കേരളത്തിലും അവരുടെ ചരിത്രം അങ്ങനെ തന്നെയാണ്. ബ്രിട്ടീഷ് വിരുദ്ധ കലാപമായിരുന്ന മലബാർ കർഷക സമരത്തെ ഹിന്ദു വിരുദ്ധ കൊലവിളിയായി ഹിന്ദുമഹാസഭയും മറ്റും പ്രചരിപ്പിച്ചു. (തൂവൂർ കിണർ സംഭവം) പിൽക്കാലത്ത് മലപ്പുറം ജില്ലാ രൂപീകരണത്തെ മഹാപാതകമായി പ്രചരിപ്പിച്ച ആർ.എസ്.എസും സംഘവും മലപ്പുറം ഇന്ത്യയ്ക്കുള്ളിലെ പാകിസ്ഥാനാണെന്ന് പറയാൻ മടിച്ചില്ല. 1980കളിൽ ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കയിലെ പുരാതന പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആർ.എസ്.എസുകാർ ഉയർത്തിയ ക്രിസ്ത്രീയ വിരുദ്ധ പ്രചരണങ്ങൾ വർഗീയ വിഷം വമിപ്പിക്കുന്നതായിരുന്നു. അതിനു നേതൃത്വം കൊടുത്ത ആളാണ് ഇന്നത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജശേഖരൻ. ക്രിസ്തീയ സഭകൾ തർക്കം ഉപേക്ഷിക്കുവാൻ തയ്യാറായതോടെ മത വിദ്വേഷം ആളിക്കത്തിക്കുവാനുള്ള ആർ.എസ്.എസ് ശ്രമങ്ങൾ കൂടുതലായി വിജയിച്ചില്ല. എന്നാൽ തൊട്ടടുത്തു നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ധലത്തിൽ ഹിന്ദു മുന്നണിക്കുണ്ടായ വർദ്ധിച്ച വോട്ടിംഗ് പങ്കാളിത്തം ഇ.എം.എസിനെയും കൂട്ടരെയും ഉത്കണ്ഠാകുലരാക്കി. 

തലശ്ശേരിയിലും തിരുവനന്തപുരത്തും ആർ.എസ്.എസ് നേതൃത്വം കൊടുത്തു സംഘടിപ്പിച്ച വർഗീയ കലാപങ്ങൾ അവരുടെ നീണ്ട വർഗീയ അജണ്ടയുടെ ഭാഗമായിരുന്നു. രാമജന്മഭൂമി തർക്കം, അതിന്റെ തുടർച്ചയായ രഥയാത്രകൾ എല്ലാം മത സ്പർദ്ധ വളർത്തുവാനാണ് ഇവർ ഉപയോഗപ്പെടുത്തിയത്. വൻകിട സാന്പത്തിക സ്ഥാപനങ്ങളുടെ ഉടമകളായി മാറിയ ആശ്രമ ജീവികൾ, കോർപ്പറേറ്റുകൾ, ഉന്നത ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരുമായി ചേർന്നുള്ള ഇവരുടെ കൊടുക്കൽ വാങ്ങലുകൾ സമൂഹത്തിൽ കൂടുതൽ വിഭാഗീയതക്ക് അവസരമുണ്ടാക്കി. 

ആഗോളവൽക്കരണം ഹിന്ദു മൗലികവാദത്തിന് കൂടുതൽ കരുത്തു നൽകി. സാമ്രാജ്യത്വം സ്പോൺസർ ചെയ്തുവരുന്ന ഇസ്ലാമോഫോബിയ ഇവർക്ക് കൂടുതൽ തൃപ്തി നൽകി. തെറ്റായ വാർത്തകളുടെ പ്രചരണം സർക്കാർ കണക്കുകൾ തെറ്റായി വ്യാഖ്യാനിക്കൽ തുടങ്ങിയവയിലൂടെ സർക്കാർ ആനുകൂല്യങ്ങൾ ന്യൂനപക്ഷ സമുദായം കൈയടക്കുന്നതായി ഇവർ പറഞ്ഞു വരുന്നു.

ഇന്ത്യൻ ദേശിയതയെ തെറ്റായും അതിവൈകാരികമായും അവതരിപ്പിക്കുന്ന ആർ.എസ്.എസ് അവരുടെ ദേശവിരുദ്ധ ചെയ്തികളെ മറച്ചു വെയ്ക്കുവാൻ പരിശ്രമിക്കുന്നു. കേരളീയ സമൂഹം ഇവരുടെ കുതന്ത്രങ്ങളിൽ പെട്ടു പോകില്ല എന്നറിയാവുന്ന ഇക്കൂട്ടർ നാരായണ ഗുരുവിന്റെ നാമത്തിലുള്ള പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ ഒപ്പം കൂട്ടുവാൻ വിജയിച്ചു. എസ്.എൻ.ഡി.പി നേതൃത്വം ദശകങ്ങളായി അതിന്റെ പഴയകാല മൂല്യങ്ങളെ വെല്ലുവിളിച്ച് വരികയാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ നേതാക്കൾ ജാതി ചോദിക്കുക സോദരരെ എന്ന മുദ്രാവക്യത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. നാട്ടിലെ പാവപ്പെട്ട സ്ത്രീകളെ സംഘടിപ്പിക്കുവാൻ വിജയിച്ച കുടുംബശ്രീകൾക്ക് ബദലായി തന്റെ ജാതിയിൽപെട്ട സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി തുടങ്ങിയ മൈക്രോഫൈനാൻസ് പദ്ധതിയെ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ നേതാവും അനുയായികളും ബി.ജെ.പിക്കൊപ്പം ചേർന്നപ്പോൾ ഒന്നിക്കേണ്ടവർ ഒന്നിച്ചു എന്ന് പറയുവാൻ അവസരം ഒരുങ്ങി. നാരായണ ഗുരുവിന്റെ ആശയങ്ങളെ എന്നും മറക്കുവാൻ ശ്രമിക്കുന്ന ആർ.എസ്.എസ് നാരായണ ഗുരു സ്വയം പ്രഖ്യാപിച്ച, താൻ ഒരു സമുദായത്തിന്റെയും ആളല്ല എന്ന വിശദീകരണത്തെ മറക്കുന്നവരാണ്. ഇനി പണിയേണ്ടത് ക്ഷേത്രങ്ങളല്ല, വായനശാലകളാണ് എന്ന് വിശദമാക്കിയ ഗുരു അതിന്റെ കാരണങ്ങൾ അക്കമിട്ടു നിരത്തി. ക്രിസ്തുവിനോടും നബിയോടും വല്ലാതെ ആദരവ് പുലർത്തിയിരുന്ന അദ്ദേഹം ലോകത്തിന്റെ സാംസ്കാരിക ശാസ്ത്ര സങ്കേതങ്ങളുടെ അവസാന വാക്കാണ് ഇന്ത്യ എന്ന് പറയുവാൻ വിമുഖത കാട്ടിയിരുന്നു. നാരായണ ഗുരുവിന്റെ ആഗ്രഹങ്ങളെ നിരന്തരമായി വെല്ലുവിളിച്ചു വരുന്ന ആർ.എസ്.എസ് ഹൈന്ദവതയും എസ്.എൻ.ഡി.പിയുടെ ഇന്നത്തെ നേതാക്കന്മാരും കേരളീയ നവോത്ഥാന പാരന്പര്യത്തെ കളിയാക്കുകയാണ്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒട്ടുമിക്കവരും വരേണ്യ സമുദായത്തിൽ നിന്ന് വന്നവരാണെങ്കിലും തുടക്കം മുതൽ പ്രസ്ഥാനത്തിലേക്ക് ദളിത്, ഈഴവ സമൂഹത്തിൽ നിന്ന് വൻതോതിൽ ആളുകൾ അണിചേർന്നത് ചരിത്രപരമായി അവർക്കിടയിൽ തുടർന്നു വന്ന നവോത്ഥാന സമരങ്ങളിലെ പങ്കാളിത്തം കൊണ്ടാണ്. ഒപ്പം കമ്യൂണിസ്റ്റുകൾ ഉയർത്തിയ ഭൂമിയിലെ കർഷകന്റെ അവകാശം, സൗജന്യ വിദ്യാഭ്യാസം, സ്റ്റാറ്റ്യൂട്ടറി റേഷൻ മുതലായ വിഷയങ്ങളിൽ പാർട്ടി എടുത്ത താൽപര്യം സാധാരണക്കാരെ കൂടുതൽ അടുപ്പിച്ചു. ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷ സമൂഹത്തിൽ സാധാരണക്കാരും ദരിദ്രരും കൂടുതലായി ഉണ്ടെങ്കിലും അവർ മതപരമായ കാരണങ്ങളാൽ കമ്യൂണിസ്റ്റുകളുമായി അകലം പാലിച്ചിരുന്നു. എന്നാൽ ഈഴവ സമുദായങ്ങൾക്ക് ശക്തമായ സ്വാധീനം വിപ്ലവ പാർട്ടികളിൽ ഉണ്ടായി. അപ്പോഴും നേതൃത്വത്തിൽ ആനുപാതികമായ പങ്കാളിത്തം ദളിതരിൽ നിന്നും ഈഴവ സമുദായത്തിൽ നിന്നും ഉണ്ടായില്ല.

ഈഴവ സമുദായത്തിൽ നല്ല ഒരു വിഭാഗം നേടിയ ഉയർന്ന വിദ്യാഭ്യാസം, ഭൂമിയിലെ ഉടമസ്ഥാവകാശം, കുടിയേറ്റം, പ്രവാസ ജീവിതം, കച്ചവടം തുടങ്ങിയ രംഗത്തെ മുന്നേറ്റം അവരിൽ പലരെയും സന്പന്നരാക്കി. സാമൂഹിക വരേണ്യ ബോധം അവരിലും സ്വാധീനം ചെലുത്തി. അതിൽ ഒരു വിഭാഗം സമുദായ നേതാക്കന്മാരായി രംഗത്തുവന്നു. അവരുടെ കച്ചവട താൽപര്യങ്ങളെയും പരിഗണിച്ച് അവർ ബി.ജെ.പി പോലെയുള്ള മതമൗലിക ഗ്രൂപ്പുകളുമായി കൈകോർത്തു. അതിന്റെ ഉൽപന്നമായിരുന്നു ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാർട്ടി. ഒരു ജാതി ഒരു മതം എന്ന വചനത്തെ നായാടി മുതൽ നന്പൂതിരി എന്ന മുദ്രാവാക്യം കൊണ്ട് മറക്കുവാൻ ഇവർ ശ്രമിച്ചു. കമ്യൂണിസ്റ്റു പാർട്ടികളുമായി ഈഴവ സമുദായത്തിന് ഉണ്ടായിട്ടുള്ള ബാന്ധവം അവസാനിപ്പിക്കണം എന്ന് പരസ്യമായി പുതിയ നേതാക്കൾ ആഹ്വാനം നൽകി. ഞങ്ങളുടെ സമുദായ അംഗങ്ങളെ പാർട്ടിക്കാർക്ക് ഇനി മുതൽ ചാവേറുകളാകുവാൻ കിട്ടുകയില്ല എന്നു പരാമർശിക്കുവാനും മറന്നില്ല. ഇതിന്റെ കരുത്തിൽ ബി.ജെ.പിയുമായി ചേർന്ന് നിയമസഭയുടെ 14−ാം തെരഞ്ഞെടുപ്പിൽ അട്ടിമറിക്കായി ഇറങ്ങിയവർ നിരാശരാകേണ്ടി വന്നതിൽ മതേതര മലയാള സമൂഹത്തിന് അഭിമാനിക്കാം. ദളിത് സ്വത്വരാഷ്ട്രീയവും കമ്യൂണിസ്റ്റു പാർട്ടികൾ ഭൂപരിഷ്കരണ വിഷയത്തിൽ എടുത്ത ദളിത് വിരുദ്ധ നിലപാടുകളും അവരുടെ ഇടയിലും കമ്യൂണിസ്റ്റ് പാർട്ടികളെ എതിർക്കുന്ന സംഘടനകൾക്ക് വളരുവാൻ അവസരം ഒരുക്കി.

പഴയ തിരുവിതാംകൂർ, നാഞ്ചിനാട്, നീലേശ്വരത്തിന്റെ വടക്കൻ പ്രദേശങ്ങൾ പണ്ടു മുതലെ സവർണ്ണ ഹിന്ദു രാഷ്ട്രീയത്തിന് സ്വാധീനമുള്ള ഭൂമികയാണ്. തിരുവിതാംകൂർ രാജകുടുംബം, പത്മനാഭ ക്ഷേത്രം തുടങ്ങിയവയുമായി ബന്ധപെട്ട് ബ്രാഹ്മണരും നായർ സമുദായവും നേടിവന്ന പ്രത്യേക അവകാശങ്ങളിൽ ഇന്നും അവർക്ക് കണ്ണുണ്ട്. അവരുടെ നഷ്ടപ്രതാപത്തിൽ പങ്കാളികളാകുന്നതിൽ അഭിമാനിക്കുന്ന ആർ.എസ്.എസ്, രാജവാഴ്ചയിൽ ഇന്നും മതിമറന്ന് അഭിരമിക്കുന്നു. ഇത്തരം സവർണ ഹൈന്ദവതയുടെ വളക്കൂറുള്ള മണ്ണിൽ ബി.ജെ.പി രാഷ്ട്രീയം വീശിയടിക്കുന്നതിന് അനുകൂല അവസരം ഒരുങ്ങുക സ്വാഭാവികമാണ്. ഒപ്പംതന്നെ നഗരങ്ങളിൽ കേന്ദ്രീകരിച്ച പണക്കാരുടെ രാഷ്ട്രീയത്തിലെ നിസ്സംഗത ബി.ജെ.പി മറ്റു വിഭാഗീയത രാഷ്ട്രീയത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കും. ഇത്തരം സാഹചര്യങ്ങൾ വളരെ നാളുകളായി നിലനിന്നിരുന്നു എങ്കിലും നാളിതുവരെയായി നിയമ നിർമ്മാണ സഭയിലേക്കു അവർക്ക് കടക്കുവാൻ കഴിഞ്ഞില്ല. ചരിത്രത്തിൽ ആദ്യമായി നേമം നിയമസഭാ മണ്ധലത്തിൽ നിന്ന് മോശമല്ലാത്ത ഭൂരിപക്ഷത്താൽ തിരഞ്ഞെടുക്കപ്പെടുന്പോൾ അതിനുള്ള ഉത്തരവാദി കോൺഗ്രസ് മാത്രമാണെന്നു പറയേണ്ടി വരുന്നു.

ഭൂരിപക്ഷ വർഗീയതയെ ചെറുക്കുവാൻ സോഫ്റ്റ് ഹിന്ദുത്വം ഉപയോഗിക്കുക കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമാണ്. ബാബറി മസ്ജിദ് വിഷയത്തിലും മറ്റും അവർ എടുത്ത അഴകുഴന്പൻ നിലപാടുകളാണ് ബി.ജെ.പി രാഷ്ട്രീയത്തെ വല്ലാതെ വളരുവാൻ അനുവദിച്ചത്. ഇത്തരം നിലപാടുകൾ കോൺഗ്രസുകാർ കേരളത്തിലും നടപ്പിലാക്കിയ നിരവധി അവസരങ്ങൾ ഉണ്ട്. ബേപ്പൂർ വടകര തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും കോൺഗ്രസ് ലീഗുകാർക്കും പൊതു സ്ഥാനാർത്ഥി ഉണ്ടായത് അവിചാരിതമല്ല. ഇസ്ലാമിക മത സംഘടനകളോട് കോൺഗ്രസ് സർക്കാർ എടുക്കുന്ന നടപടികൾ ആർ.എസ്.എസ് ആയുധ പരിശീലനങ്ങളുടെ കാര്യത്തിൽ ഉണ്ടാകാറില്ല. ഹൈന്ദവ മത മൗലികതയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുവാൻ മടിക്കുന്ന കോൺഗ്രസ്് നിലപാടുകൾ കേവലം കമ്യൂണിസ്റ്റ് വിദ്വേഷത്താൽ പാകപ്പെടുത്തുന്പോൾ അത് നമ്മുടെ പൊതുസമൂഹത്തിൽ വർഗീയതയെ ശക്തിപ്പെടുത്തും.

നേമത്തെ ഫലം പരിശോധിച്ചാൽ പ്രദേശത്തെ എറ്റവും വലിയ പാർട്ടി ഏതെന്ന ചോദ്യത്തിന് സി.പി.ഐ.എം എന്നോ കോൺഗ്രസ്് എന്നോ ഉത്തരം കിട്ടും. ബി.ജെ.പി വോട്ട് വിഹിതം 15% മുതൽ 20% വരെയാണ്. എന്നു പറഞ്ഞാൽ വോട്ടിംഗിൽ കോൺഗ്രസ്സുകാർക്കും കമ്യൂണിസ്റ്റുകൾക്കും 50000+ വോട്ടുകൾ ഉണ്ട് എന്ന് മനസിലാക്കാം. 2011 വരെയുള്ള ഫലങ്ങൾ അതിനുള്ള ഉത്തരങ്ങൾ നൽകും. എന്നാൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വോട്ടുകൾ 18600 ആയി കുറഞ്ഞപ്പോൾ 30000 ലധികം അവർക്ക് നഷ്ടപ്പെട്ടതിനെ എങ്ങനെയാണ് മനസിലാക്കേണ്ടത്?

ഇത് ഒറ്റപ്പെട്ട സംഭവമല്ല. മലന്പുഴയിൽ ബി.ഡി.ജെ.എസ് രണ്ടാം സ്ഥാനത്ത് വന്നതിന്റെ പിന്നിൽ എൻ.ഡി.എക്കും യു.ഡി.എഫിനും മുഖ്യശത്രു വി.എസ് ആയതിനാലാണ്. എന്നാൽ എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്തിയ വട്ടിയൂർകാവ്, പാലക്കാട്, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ എൽ.ഡി.എഫ് വോട്ടു വിഹിതം വലിയ അളവിൽ കുറയാതിരുന്നത്എൽ.ഡി.എഫ് വോട്ടുകൾ കാവി രാഷ്ട്രീയത്തിലേക്ക് മാറി ഒഴുകിയില്ല

You might also like

Most Viewed