ചുട്ടുപൊള്ളുന്ന കേരളം...

രവീന്ദ്രനാഥ ടാഗോർ ബംഗാൾ ഗ്രാമങ്ങളിലൂടെ തന്‍റെ കാറിൽ സഞ്ചരിച്ച അവസരത്തിൽ എഞ്ചിൻ തണുപ്പിക്കുവാനായി കർഷകരിൽ നിന്ന് വെള്ളം എടുത്ത് ഉപയോഗിച്ചു. കർഷകർക്ക് സഹായത്തിനുള്ള പ്രതിഫലമായി പണം നൽകിയപ്പോൾ ഗ്രാമീണൻ ടാഗോറിനോടു പറഞ്ഞത് ഞങ്ങൾ വെള്ളത്തിനു പണംവാങ്ങുകയില്ല എന്നാണ്.
കൊക്കകോളയുടെ വാർഷിക പൊതുയോഗത്തിൽ CEO അവരുടെ തൊഴിലാളികളോടായി പറഞ്ഞത് ലോകത്തെ 620 കോടി (1990) ജനങ്ങളും രാവിലെ ഉണരുന്പോൾ ആദ്യം തിരക്കുന്നത് വെള്ളമാണ്. അവർക്ക് കൊക്കകോളയുടേത് ഒഴിച്ചുള്ള എല്ലാ ഉൽപ്പന്നങ്ങളും കിട്ടാത്ത അവസരത്തേയാണ് നമ്മൾ സ്വപ്നം കാണേണ്ടത്.
വായുവും വെള്ളവും വെളിച്ചവും േസ്റ്ററ്റിന്റെ അതിരുകളിൽ ഒതുക്കുവാൻ കഴിയുന്നവയല്ല. അതു കൊണ്ടു തന്നെ അതിന്‍റെ ഉടമസ്ഥർ എതെങ്കിലും പ്രത്യേക അതിർത്തിക്കുള്ളിൽ കഴിഞ്ഞു വരുന്നവരുമല്ല. അത് സാർവ്വദേശീയമാണ്. ഏതെങ്കിലും ഒരു കാലത്തിന്‍റെ സ്വന്തവുമല്ല. അവയെ ഉപയോഗിക്കുവാൻ (ഉത്തരവാദിത്തത്തോടെ) ഉള്ള അവകാശം ലോകത്തെ എല്ലാ ജീവിവർഗ്ഗത്തിനും ഉണ്ട്.
1992ലെ ലോക ജല സമ്മേളനം ജലം ഒരു ചരക്കാണ് എന്നു വിലയിരുത്തി. അതിനായി നടത്തിയ വിശദീകരണത്തിൽ ജലം പാഴാക്കരുതെന്നും അതിന് വില തീരുമാനിച്ചാൽ ഉപഭോഗം നിയന്ത്രിക്കാമെന്നും അഭിപ്രായം ഉയർന്നു. സമ്മേളനത്തിന്‍റെ സംഘാടകർ ലോകത്തെ വൻകിട ബഹുരാഷ്ട്ര കുത്തകകൾ ആയിരുന്ന ബെക്ടൽ, അവാൻറ്റിസ്, സുയീസ് തുടങ്ങിയവർ. ലോകത്തെ പരിസ്ഥിതി തകർച്ചയുടെ ഭാഗമായി ശോഷിച്ചു വരുന്ന നദികളും കുളങ്ങളും മറ്റും ജലക്ഷാമം രൂക്ഷമാക്കുന്പോൾ അതിന്‍റെ മറവിൽ കച്ചവടം ഉറപ്പിക്കുവാൻ വേണ്ടതെല്ലാം അവർ ചെയ്തു. മഴയുടെ കുറവ് അതിന്‍റെ ഭാഗമായ ജലക്ഷാമം ഇവ രൂക്ഷമാകുന്പോൾ ജലം ഒരു ചരക്കായി വിറ്റ് ബഹുരാഷ്ട്ര കുത്തകകൾ ലാഭം കൊയ്യുന്നു.
ഭൂമിയിലെ കാലാവസ്ഥയിൽ നിരന്തരമായി ഉണ്ടാകുന്ന അസ്വാഭാവികതയ്ക്ക് പിന്നിൽ ആധുനിക മനുഷ്യരുടെ തെറ്റായ വികസന നിലപാടുകൾ ആണെന്ന് നമ്മൾ തിരിച്ചറിഞ്ഞതും അത് അംഗീകരിക്കുന്നതും 1975ൽ മാത്രമാണ്. അതിന് ശേഷവും ഉത്തരവാദിത്തത്തോടെ ഈ വിഷയത്തിൽ ഇടപെടുവാൻ സാങ്കേതിക മികവു തെളിയിച്ച രാജ്യങ്ങൾ തയ്യാറല്ലായിരുന്നു. പകരം പ്രകൃതിയുടെ പ്രതികൂല അവസ്ഥകൾക്കു കാരണം മുന്നാം ലോക രാജ്യങ്ങളാണെന്നു പറഞ്ഞ് സന്പന്ന രാജ്യങ്ങൾ ഉത്തരവാദിത്തങ്ങൾ മറന്നു പെരുമാറി. ഒപ്പം ഞങ്ങൾക്ക് പ്രകൃതിസംരക്ഷണത്തിനു മറവിൽ ഉൽപ്പാദനം കുറയ്ക്കുവാൻ കഴിയുകയില്ല എന്ന് വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തെ ജനങ്ങളുടെ കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുവാൻ അവർ മറന്നില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ പരിസ്ഥിതി വിഷയത്തിൽ ഇരട്ടത്താപ്പ് നിലപാടുകൾ സ്വീകരിച്ചു എന്നർത്ഥം. അതുവഴി പരിസ്ഥിതി വിഷയത്തിന്‍റെ ഗൗരവം വേണ്ടത്ര ചർച്ചചെയ്യുവാൻ ലോകം പരാജയപ്പെട്ടു. അത് ദിനംപ്രതി പ്രകൃതിയിൽ വൻതോതിൽ വിഭവങ്ങളുടെ ശോഷണത്തിന് വഴിയിട്ടു.
പ്രകൃതിക്കുമുകളിൽ മനുഷ്യന്‍റെ നേരിട്ടുള്ള വലിയ തോതിലുള്ള കടന്നാക്രമണങ്ങൾ സജീവമായത് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ പാതിക്കു ശേഷമാണ്. രണ്ടാം വ്യവസായവിപ്ലവത്തിന്‍റെ തുടർച്ചയായി വൻതോതിൽ ഹരിത വാതകങ്ങൾ അന്തരീക്ഷത്തിൽ നിറയുന്ന അവസ്ഥയുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനം മനുഷ്യരെ മാത്രമല്ല മറ്റു ജീവികളെയും ദോഷകരമായി ബാധിച്ചു. രണ്ടു നൂറ്റാണ്ടിനു മുന്‍പ് നാലു വർഷത്തിൽ ഒരിക്കൽ ഒരു ജീവിവർഗ്ഗം ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി വന്നിരുന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ട് മുതൽ പ്രതിവർഷം നാലു ജീവികൾ വെച്ച് ഇല്ലാതായികൊണ്ടിരിക്കുന്നു. മാത്രവുമല്ല കാലാവസ്ഥയിലെ വ്യതിയാനം പുതിയ അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. മഴകാറ്റുകളിലെ വ്യതിയാനം മഴ കുറയാനും ചിലപ്പോൾ മഴ ലഭിച്ചാൽ തന്നെ അസ്വാഭാവികമായി തീരുന്നു. മഴ കൂടുതൽ ലഭിക്കുന്ന അവസ്ഥയും പ്രകൃതിയുടെ സംതുലനത്തെ അട്ടിമറിക്കും.ഇന്ത്യയിൽ ഉണ്ടായ കേദാർനാഥ്-ബദരിനാഥ് സംഭവവും മേഘവിസ്ഫോടനവും ചെന്നൈയിലെ വൻ വെള്ളപ്പൊക്കവും എല്ലാം ഇതിന്‍റെ തുടർച്ചയാണ്. അമേരിക്കയിലും മറ്റും ഉണ്ടാകുന്ന കത്രീന തുടങ്ങിയ സംഭവങ്ങളും മറ്റും ലോകത്താകെ പല പേരിൽ പല രൂപത്തിൽ തുടരുന്നു.
ഇന്ത്യയെ പോലെ പ്രകൃതിവൈവിദ്ധ്യങ്ങൾ കൊണ്ട് വളരെ സന്പന്നമായ രാജ്യത്ത് ഉണ്ടാകുന്ന ഏതൊരു കാലാവസ്ഥ വ്യതിയാനവും വലിയ പ്രതിസന്ധികളാണ് വരുത്തികൊണ്ടിരിക്കുന്നത്. ഹിമാലയത്തിൽ ഉണ്ടാകുന്ന നിരന്തര ഭൂമി കുലുക്കം, മഴയിലെ കുറവ്, അന്തരീക്ഷ ഊഷമാവിൽ ഉണ്ടാകുന്ന വർദ്ധനവ് എല്ലാം അവിടുത്തെ നദികളുടെ ഒഴുക്കിന്‍റെ അളവിലും മറ്റും വലിയ കുറവ് വരുത്തി. തൊട്ടടുത്ത ചൈന ഹിമാലയത്തിൽ പണിഞ്ഞതും പുതിയതായി പണിയുന്നതുമായ ആയിരക്കണക്കിന് ഡാമുകൾ ആരാജ്യത്തിനു മാത്രമല്ല മറ്റു രാജ്യങ്ങൾക്കും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇവയൊക്കെ ജലത്തിന്‍റെ ലഭ്യതയിൽ വലിയ കുറവ് വരുത്തി. ഭൂഗർഭ ജലത്തിലെ അടിക്കടിയുള്ള ശോഷണം നാട്ടിൽ വരൾച്ച രൂക്ഷമാക്കി. അന്തരീക്ഷ ഊഷ്മാവിലെ ഒരു ഡിഗ്രീ വ്യതിയാനം തന്നെ കാർഷിക ഉൽപ്പാദനത്തിൽ പത്തു ശതമാനം കുറവ് വരുത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ ഡെൽറ്റാ പ്രദേശമായ ബംഗാൾ വലിയ കാലാവസ്ഥാ വ്യതിയാനത്തിനു കീഴ്പ്പെട്ടു. ഇത് നെല്ലുൽപ്പാദനത്തിലും കുറവുവരുത്തുന്നു. ആഫ്രിക്കയിലെ വലിയ വരൾച്ച, അതിന്‍റെ ഭാഗമായ ഭക്ഷണത്തിലെ ലഭ്യത കുറവ് എല്ലാം കൂടി ആഫ്രിക്കക്കാരുടെ ആയുസ്സിൽ 4 വയസ്സിന്‍റെ കുറവ് വരുത്തി കഴിഞ്ഞു.
ലോകത്തു ലഭിക്കുന്ന മൺസൂൺ മഴയിലെ ചെറിയ കുറവുകൾ പോലും വലിയ ദുരിതങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ലോകത്തെ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ചിറാപുഞ്ചി ഇന്നുചെന്നു പെട്ടിരിക്കുന്ന കൃഷി-കുടിവെള്ള ക്ഷാമം, പ്രകൃതിയുടെ മാറ്റത്തിന്‍റെ അവസ്ഥ ആരെയും ചിന്തിപ്പിക്കുവാൻ സഹായിക്കും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വരൾച്ചയ്ക്ക് കീഴ്പ്പെടുന്പോൾ അത് മനുഷ്യൻ വരുത്തിവെയ്ക്കുന്ന വിനയായി നമ്മൾ കരുതണം. നെല്ല്, ഗോതന്പ് പോലെയുള്ള വിളകൾക്ക് കൂടുതൽ വെള്ളം ആവശ്യമാണെന്നിരിക്കെ വെള്ളക്കുറവ് അവയിലെ ഉൽപ്പാദനത്തിൽ കുറവ് വരുത്തും. അത് യഥാർത്ഥ ഭക്ഷ്യ ക്ഷാമത്തിന് ഇടയുണ്ടാക്കും. ഇത്തരം പ്രതിസന്ധികൾ ആഭ്യന്തര യുദ്ധത്തിനും മറ്റു രാജ്യങ്ങളെ ശത്രുവായി പ്രഖ്യപിക്കുവാനും അവസരം ഒരുക്കിയ കഥകളാണ് എറിത്രിയ, സോ മാലിയ തുടങ്ങിയവയ്ക്ക് പറയുവാനുള്ളത്. ഇത്തരം അനുഭവങ്ങളിൽ നിന്നും ഇന്ത്യയും മാറിനിൽക്കുന്നില്ല. പഞ്ചാബ് കലാപത്തിനു പിന്നിലെ മുഖ്യ വിഷയം വെള്ളം പങ്കുവെയ്ക്കലാണ്. ബംഗാളും ഇന്ത്യയും തമ്മിൽ ഈജിപ്റ്റും തൊട്ടടുത്ത രാജ്യങ്ങളും ഇസ്രായേലും ഒക്കെ തന്നെ വെള്ളത്തിന്‍റെ പേരിൽ മറ്റു രാജ്യങ്ങളുമായി സംഘർഷത്തിൽ ഏർപ്പെട്ടുവരുന്നു.
ഇന്ത്യയിലെ പ്രധാന കാർഷിക സംസ്ഥാനമായ മഹാരാഷ്ട്രയും ഹരിയാനയും മദ്ധ്യപ്രദേശും എല്ലാം ഇന്നനുഭവിക്കുന്ന ജലക്ഷാമം നീണ്ട കാലത്തേയ്ക്ക് രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇന്ത്യയിലെ ഭൂജലലഭ്യത 6 മുതൽ മുപ്പത് അടിവരെ താണത് മഴ ലഭ്യതയിലൂടെ പെട്ടന്ന് പരിഹരിക്കപ്പെടുകയില്ല. മാഹാരാഷ്ട്രയിലെ പ്രധാനകാർഷിക വിളയായ കരിന്പിന് അധികമായി വേണ്ട വെള്ളം കൃഷിയിൽ വലിയ തിരിച്ചടികൾ ഉണ്ടാക്കി. വിദർഭ ഉൾപ്പെടുന്ന മറാത്തയിൽ ജല ലഭ്യത കുറവ് അനുഭവിച്ചു തുടങ്ങിയിട്ട് ചില വർഷങ്ങൾ പിന്നിട്ടു. അങ്ങനെ പ്രദേശം കൃഷിക്കാർ ഉപേക്ഷിക്കുന്നതിലേയ്ക്കു കാര്യങ്ങൾ എത്തി. കുടിവെള്ളം പോലും കിട്ടുവാൻ കിലോമീറ്ററിലധികം പോകുവാൻ ജനം നിർബന്ധിതരായി. പണക്കാർ രണ്ടാമതും മുന്നാമതും “ജലബായി”മാർ എന്ന പേരിൽ സ്ത്രീകളെ ജീവിത പങ്കാളികളാക്കി വെള്ളം കോരൽ എളുപ്പമാക്കുവാൻ പുതിയ മാർഗ്ഗങ്ങൾ തേടി. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ വരൾച്ച കൂടിയത് ഒട്ടേറെ പുതിയ സാമൂഹിക പ്രശ്നങ്ങൾ വരുത്തിവെച്ചു. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജല പദ്ധതികൾ നടപ്പിലാക്കിയ മഹാരാഷ്ട്ര തന്നെ വരണ്ടുണങ്ങി. വരൾച്ച കൊടിയ അഴിമതിക്ക് അവസരം ഒരുക്കി. കഴിഞ്ഞ പത്തു വർഷത്തിനകം ആ മേഖലയിൽ 50000 കോടി മുതൽ 70000 കോടി വരെ രൂപ ജല വിതരണത്തിന് ചിലവഴിച്ചത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയില്ല. സർദാർ സരോവർ അണക്കട്ടുകളും മറ്റും വൻകിട പദ്ധതികളായി എത്തിയെങ്കിലും അത് പാരിസ്ഥിതിക്ക് വൻ നാശം വരുത്തി. പക്ഷേ ജലക്ഷാമം മാത്രം പരിഹരിച്ചില്ല. ഇന്നവിടുത്തെ അവസ്ഥ യുദ്ധസമാനമാണ്. ജനങ്ങൾ പൊതു ടാപ്പിനടുത്ത് പരസ്പരം കുത്തി മരിക്കാതിരിക്കുവാൻ ജല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കുടിനീര്‍ കൊണ്ടുവരുന്ന തീവണ്ടി രാത്രിയിലാണ് സഞ്ചരിക്കുന്നത്. അങ്ങനെ കൃഷി മാത്രമല്ല കുടിനീരും ലഭ്യമല്ലാത്ത നാടായി മറാത്താ മാറി. ഇതുതന്നെയാണ് ഏറ്റകുറച്ചിൽ ഉണ്ടെങ്കിലും തൊട്ടടുത്ത സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ഭക്ഷ്യ സുരക്ഷയിലും തൊഴിൽ ഇടങ്ങളിലും വലിയ തിരിച്ചടികൾ ഇതു വരുത്തി വെയ്ക്കും. ഇതിന്‍റെ മറവിൽ വെള്ളകച്ചവടം കൊഴുക്കുകയാണ്. വെള്ളം വാങ്ങുന്നതിനായി ചെലവിടുന്ന തുക ഭക്ഷണത്തിനു മാറ്റിവെയ്ക്കുന്നതിന്‍റെ 50% വരെ എത്തി എന്നത് നമുക്ക് കഴിഞ്ഞ നാളുകളിൽ സ്വപ്നം കാണുവാൻ കഴിയുമായിരുന്നില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം പരിചിതമല്ലാത്ത പുതിയ പല അനുഭവങ്ങളെ ഇന്നുനേരിൽ കാണേണ്ടി വരുന്നു. 3000mm മഴ എട്ടുമാസമായി ലഭിക്കുന്പോൾ നമ്മുടെ നദികൾ എല്ലാം തന്നെ നിത്യമായി ഒഴുക്കുള്ള (perinial) വയായിരുന്നു. മാത്രമുവമല്ല നമ്മുടെ അടിക്കാടുകൾ കൂടുതലായുള്ള മലനിരകൾ കൂടുതൽ വെള്ളത്തെ പിടിച്ചു വെയ്ക്കുവാൻ കഴിവുള്ളതാണ് (spongy effect). ഇതുകൊണ്ട് നമ്മുടെ നാട്ടിൽ എൺപതുകൾ വരെ ജല ക്ഷാമം ഒരു വിഷയമായിരുന്നില്ല. ലോകത്തുതന്നെ ഏറ്റവും കൂടുതൽ കിണറുകൾ (60ലക്ഷം) ഉള്ള കേരളത്തിലെ തടാകങ്ങൾ, കായൽ പരപ്പുകൾ ഒപ്പം കുളങ്ങൾ നാട്ടിൽ ജല ലഭ്യത ഒരു വിഷയം അല്ലാതാക്കി. ഭൂമിയുടെ ബഹുഭൂരിപക്ഷവും കാടായിരുന്ന കേരളത്തിൽ രണ്ടാം ലോകയുദ്ധ സമയത്തും അതിനു ശേഷവും (60കളിലെ) ഭക്ഷ്യ ക്ഷാമം പരിഹരിക്കുവാനായി വനം കയ്യേറുവാൻ ഉള്ള അനുവാദം എല്ലാം പടിപടിയായി കേരള കാലാവസ്ഥയെ അട്ടിമറിക്കുവാൻ പങ്കുവഹിച്ചു. പശ്ചിമഘട്ടം കയ്യേറ്റം വ്യാപകമായി ഉണ്ടായതിനു ശേഷമാണ് വരൾച്ച, വെള്ള കുറവിലേയ്ക്കും ചൂട് രൂക്ഷമാകുന്നതിലേയ്ക്കും പ്രശ്നങ്ങളെ എത്തിച്ചത്. കാലാവസ്ഥയിൽ ഉണ്ടായ മാറ്റത്തിൽ നീർത്തടങ്ങളുടെ തകർച്ച, അതിന്‍റെ ഘടനയിലുണ്ടായ രൂപമാറ്റം വലിയ പങ്കു വഹിച്ചു. ഒരു ഹെക്ടർ വനഭൂമി 5000 ഘനമീറ്റർ വെള്ളം തടഞ്ഞു നിർത്തുമെങ്കിൽ ഒരു ഹെക്ടർ ചതുപ്പ് നിലം അതിനു പകുതിയിൽ അടുത്ത് വെള്ളം സംഭരിക്കും. കഴിഞ്ഞ 40 വർഷത്തിനുള്ളിൽ 5 ലക്ഷം ഹെക്ടർ നിലം നികത്തി എന്ന് പറഞ്ഞാൽ എത്ര കോടി ലിറ്റർ വെള്ളം നമ്മൾക്ക് ഉപയോഗപ്പെടുത്തുവാൻ കഴിയാതെ പോയി എന്നു മനസ്സിലാക്കാം. കേരളത്തിലെ ഒരു ശരാശരി ഹെക്ടർ ചതിപ്പ് നിലത്തിനുള്ള പാരിസ്ഥിക വില 25 ലക്ഷം രൂപയിൽ അധികം ആണെങ്കിൽ തീര പ്രദേശത്തെ അതിന്‍റെ സേവന വില ഒരു കോടിയിൽ അധികമാണ്. മാത്രവുമല്ല മണൽ വാരലിലൂടെ എടുക്കുന്ന മണൽ, രൂപം കൊള്ളുന്ന മണലിന് ആനുപതികമല്ല. മണൽ എടുക്കുന്ന പ്രവർത്തനം യഥാർത്ഥ അളവിലും 100 ഇരട്ടി വരുന്പോൾ നദിയുടെ ഒഴുക്കും ഭൂഗർഭ ജലവിതാനവും മാറിമറിയും. അങ്ങനെ ജലക്ഷാമം ഉള്ളപ്പോൾ, ഉള്ള കിണർ ഉപയോഗിക്കുവാൻ കഴിയാത്ത അവസ്ഥ. ഒപ്പം തെറ്റായ വികസന നയങ്ങൾ നടപ്പിലാക്കുന്നത് നാട്ടിൽ ചൂടും ജലക്ഷാമവും വരുത്തിവെയ്ക്കും. കുപ്പി വെള്ളം പ്രതിദിനം 6 ലക്ഷത്തിലധികം വിറ്റഴിക്കുന്ന നാട്ടിൽ കുപ്പിവെള്ളത്തെ കുടിവെള്ളം പരിഹരിക്കുവാനുള്ള മാർഗ്ഗമായി കാണുവാൻ ശ്രമിക്കുന്നത് ഒരു പോലെ പരിസ്ഥിതി വിരുദ്ധവും സാന്പത്തിക നഷ്ടവും ആണ്.
വെള്ളത്തിന്‍റെ ക്ഷാമം മാത്രമല്ല ചൂട് അനിയന്ത്രിതമായി എന്ന വിഷയവും ചർച്ച ചെയ്യേണ്ടതുണ്ട്. സൂര്യഘാതം ഒരു വിഷയമായി കണ്ടു ശ്രദ്ധിച്ചാൽ ഇത്തരം സംഭവങ്ങൾ ഡൽഹിയിലും ആന്ദ്രയിലും മാത്രമല്ല ഇന്നു കേരളത്തിൽ ഉണ്ടാകുന്നു എന്നതാണ് വസ്തുത. കേരളത്തിൽ ഇതിനു മുന്‍പ് ഇത്തരത്തിൽ ചൂട് അനുഭവപ്പെട്ടത് 40 വർഷങ്ങൾക്കു മുന്പായിരുന്നു.
കേരളം തുടരുന്ന തെറ്റായ വികസന നിലപടുകൾ, അതിന്‍റെ ഭാഗമായ വന−പാടം-നീർച്ചാൽ നശീകരണങ്ങൾ കേരളത്തിനെ വാസയോഗ്യ മല്ലാതാക്കി വരുന്നു. കേരളത്തിലെ എല്ലാ കൃഷിയും പാൽ−ക്ഷീര സംരക്ഷണവും അസാദ്ധ്യമായി തീരുന്നു. പുതിയ രോഗങ്ങളും പ്രകൃതി ദുരിതങ്ങളും നാട്ടിൽ ഭാവി ജീവിതം അസാദ്ധ്യമാക്കും. ഇതു തിരിച്ചറിയലാകണം ശരിയായ വികസന അജണ്ട. അതിനു കഴിയുന്ന ഒരു പുതിയ രാഷ്ട്രീയം കേരളത്തിൽ ഉണ്ടാകാതെ തരമില്ല.