വന്ദേമാതരം ദേശീയ ഗാനമായി തീരാഞ്ഞതിനു പിന്നിൽ


ഇന്ത്യ (ദേശീയത) മരിച്ചാൽ പിന്നെ എങ്ങനെയാണ് നാം ജീവിക്കുക എന്ന ചോദ്യങ്ങൾ വഴിയോരങ്ങളിൽ ഇന്നു നമുക്ക് കാണുവാൻ കഴിയുന്നുണ്ട്. ഓക്സിജൻ ഇല്ലാതെ എങ്ങനെയാണ് മനുഷ്യൻ ജീവിക്കുക എന്ന ഭൗതികവാദ ചോദ്യം പോലെയുള്ള ഒരു സമസ്യയല്ല രാജ്യസങ്കൽപ്പമായി ബന്ധപ്പെട്ട മുകളിലെ ഉത്ഖന്ധ തോന്നിപ്പിക്കുന്ന വാക്കുകൾ. ഇന്ത്യൻ ദേശീയത എന്നത് മറ്റ് ദേശീയതയെ പോലെ അതാതു ജനതയുടെ ഒരു ധാരണ മാത്രമാണെന്ന് ഏതു സാമാന്യ ബുദ്ധിക്കും നമ്മെ പഠിപ്പിക്കുവാൻ‍ കഴിയും. നമ്മുടെ ദേശീയത രൂപപ്പെട്ടതിനു പിന്നിൽ പ്രവർത്തിച്ചവർ നമ്മുടെ തറയെ പിഴിഞ്ഞു കുടിച്ച ബ്രിട്ടീഷുകാർ തന്നെ ആണെന്നുകൂടി ഓർ‍ക്കുന്പോൾ ദേശീയതയെ പറ്റിയുള്ള നമ്മുടെ പല സങ്കൽപ്പങ്ങളും പാവനമാണെന്ന് എങ്ങനെയാണ് പറയുക ?

550 രാജ്യങ്ങളായി വ്യത്യസ്ത പേരിൽ, വ്യത്യസ്ത ആളുകളുടെ നിയന്ത്രണത്തിൽ, നിലനിന്നു വന്ന, വ്യത്യസ്ഥതകൾ കൊണ്ടു വ്യത്യസ്തമായ ഭൂപ്രദേശത്തിന്‍റെ അതിർത്തികൾ തീരുമാനിച്ചത് ബ്രിട്ടീഷ് രാജ്ഞിയോടു മാത്രം കടപ്പെട്ടു വന്ന സിറിൽ രാക്ലിഫ്− മക് മോഹൻ തുടങ്ങിയ ഗുമസ്ഥന്മാരായിരുന്നു. മുഗളന്മാർ അഫ്ഗാൻ മുതൽ ഗോൽഖണ്ധ−ബൽഗാം (തെക്കേ ഇന്ത്യ) വരെ കീഴടക്കി നിലനിർത്തിയ മുഗൾ സാമ്രാജ്യത്വത്തിന് ഇന്നത്തെ രാജ്യത്തിന്റെ അതിർത്തികളുമായി ഒരു പുലബന്ധവുമില്ല. പുരാണകഥകൾ നാടിന്റെ അതിർത്തി നിർണ്ണയ ഉപാധിയായി തീരുക അസാധ്യമാണ്. ഭൂമിശാസ്ത്രത്തെ പറ്റി സന്പൂർണ്ണ മഠയത്തരങ്ങൾ വെച്ചു പുലർത്തുന്ന പ്രാചീന സംഭവങ്ങൾക്ക് സാമൂഹിക യാഥാർത്ഥ്യങ്ങളുമായി ഒരു പുലബന്ധവുമില്ല. (ലോകം ഹിമാലയത്തിൽ തുടങ്ങി ലങ്കയിൽ അവസാനിക്കുന്നു എന്നതായിരുന്നു പ്രാചീന ഇന്ത്യൻ‍ ടെർ‍ടോറിയൽ ധാരണ).

ഒരു നാടിന്‍റെ ദേശീയത കേവലം അലങ്കാരമാകുന്നതിനു പകരം പ്രതിരോധം തീർ‍ക്കുന്ന സന്ദർ‍ഭങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യയിൽ അതിനുള്ള അവസരം ഉണ്ടായത് വൈദേശിക ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളിൽ നിന്നുമാണ്. സ്വാതന്ത്ര്യസമരത്തിന് നിരവധി മുഖങ്ങളും മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു. സന്യാസി−സുഫി കലാപം മുതൽ അഹിംസമാർ‍ഗ്ഗവും യുക്തിവാദപരവും അട്ടിമറിയുടെ സാദ്യതകളാൽ ശബ്ദമുഖരിതവുമായ ആസൂത്രണങ്ങളും അടങ്ങിയിരുന്നു. വ്യത്യസ്ത ധാരകൾ പിൽ‍ക്കാലത്ത് വൈവിദ്ധ്യ പൂർ‍ണ്ണമായ നിരവധി രാഷ്ട്രീയ മുഖങ്ങൾ നാടിനുസമ്മാനിച്ചു. ഈ വിശാലമായ രാഷ്ട്രീയ ക്യാൻ‍വാസ് ഇന്ത്യയുടെ നാനാത്വത്തിന് കൂടുതൽ ഗുണം ചെയ്തു വന്നു.

മതപരമായ വിശ്വാസത്തിൽ അടിയുറച്ച ഇന്ത്യൻ‍ സമൂഹം നടത്തുന്ന സമരമുഖത്തും അവരുടെ വിശ്വാസം ഇടം നേടുക സ്വാഭാവികമാണ്. അതുകൊണ്ടാണ് പ്ലാസി യുദ്ധത്തിലൂടെ ബ്രിട്ടീഷ് ഭരണം സ്ഥാപിക്കപ്പെട്ടതിനു ശേഷം ഏറെ വൈകാതെ തന്നെ സ്വാതന്ത്ര്യ മുദ്രാവാക്യമുയർ‍ത്തി മുകളിൽ വിശേഷിപ്പിച്ച സന്യാസികൾ സമരരംഗത്ത് എത്തിയത്. ഇത്തരം നിരവധി സമരങ്ങൾ പലയിടങ്ങളിൽ‍ പലരൂപത്തിൽ നടന്നു. അതിന് കേരളവും വേദിയായിട്ടുണ്ട്. അഞ്ചുതെങ്ങിലെ ജനങ്ങൾ‍ ബ്രിട്ടീഷുകാർ‍ക്കെതിരെ നടത്തിയ ആക്രമണവും അവരെ കൊലപ്പെടുത്തിയതും കുഞ്ഞാലിമരക്കാർ‍ സഹോദരന്‍മാരും പഴശ്ശിയും വേലുത്തന്പിയും തുടങ്ങിയവർ‍ നേതൃത്വം കൊടുത്തു നടത്തിയ കലാപങ്ങൾ‍ ഏതെങ്കിലും സംഘടനയുടെ ആസൂത്രണത്തിൽ‍ ആയിരുന്നില്ല. സംഘടിത പ്രസ്ഥാനങ്ങളുടെ ലേബലിൽ‍ സമരങ്ങൾ‍ ഏറെ കഴിഞ്ഞാണ് തുടങ്ങിയത്.

ജനങ്ങൾ‍ സംഘടിതമായി ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ‍ അണിനിരന്നതു മനസ്സിലാക്കിയ ബ്രിട്ടീഷുകാർ‍ അതിനെ പ്രതിരോധിക്കുവാൻ‍ ആവശ്യമായ തന്ത്രങ്ങൾ‍ മെനഞ്ഞു. അങ്ങനെയാണ് രാജ്യത്ത് വ്യപകമായ മത ചേരിതിരുവകൾ സജീവമായത്.

സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജ ശ്രോതസ്സായി പ്രവർ‍ത്തിച്ച ദേശീയതയുടെ വിവിധ വ്യാഖ്യാനങ്ങളിൽ ഹിന്ദു മത വീക്ഷണം മുഖ്യസ്ഥാനം നേടിയത് സ്വാഭാവികമാണ്. സ്വാതന്ത്ര്യസമരത്തിലെ മുൻനിരക്കാർ ഉയർന്ന വിദ്യാഭ്യാസം ലഭിച്ചവരായതു കൊണ്ട് സവർണ്ണഹൈന്ദവതയുടെ അടയാളങ്ങൾ അവരുടെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പ്രതിഫലിച്ചു. എന്നാൽ പിൽക്കാലത്തു സജീവമായ മതാതിഷ്ടിത സംഘടനകൾ (ഹിന്ദുമഹാസഭ, RSS, മുസ്ലീം ലീഗ് തുടങ്ങിയവ) ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ അണി ചേർന്നിരുന്നില്ല. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ബാലഗംഗാധരതിലകനും ലാലാ ലജ്പത് റായും മറ്റും സമരങ്ങളെ ഹൈന്ദവ വിശ്വാസത്തിന്റെ തണലിലാണ് വളർത്തി എടുത്തത്. ബ്രാഹ്മണ വിശ്വാസ ശാഠ്യങ്ങൾ ഉണ്ടായിരുന്ന തിലകൻ ഭഗവത് ഗീതയുടെ കറകളഞ്ഞ വിശ്വാസിയും അതിന്റെ വിവർത്തകനുമായിരുന്നു. അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ ഗണേശോത്സവത്തെ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മറാട്ടാക്കാരുടെ മത ഉത്സവം രാജ്യത്തിന്റെ മറ്റിടങ്ങളിലും വ്യാപിച്ചു. അതു വഴി സ്വതന്ത്ര്യ സമരത്തിൽ വിവിധ മത ആഘോഷങ്ങളും ജനമുന്നേറ്റത്തിനായി നിർ‍ണ്ണായക പങ്കുവഹിച്ചു. ബ്രാഹ്മണ ജീവിതരീതി പിന്തുടർന്ന തിലകനും ലാലാ ലജ്പത് റായും (ബാൽ‍−പാൽ‍−ലാൽ‍ സംഘം) എന്നാൽ ഹൈന്ദവ രാഷ്ട്രം എന്ന സങ്കൽപത്തെ അംഗീകരിച്ചില്ല.

തിലകനു ശേഷം ബനിയാ സമുദായ അംഗമായ ഗാന്ധിജി കോൺഗ്രസ്സ് നേതൃത്വം ഏറ്റെടുത്തപ്പോൾ‍ ഗാന്ധിജി ഹൈന്ദവ ആചാരങ്ങൾക്കൊപ്പം ഇസ്ലാം മതബോധത്തെയും രാഷ്ട്രീയത്തിൽ ഉപയോഗപ്പെടുത്തി. തുർക്കിയിലെ ഖലീഫയെ പുറത്താക്കിയ ബ്രിട്ടീഷ് നിലപാടിനെതിരെ ഇസ്ലാമിക മതധാരയെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആയുധമാക്കുവാൻ മുന്നോട്ടു വന്നു. (ഖിലാഫത്തു പ്രസ്ഥാനം). രാമൻ എന്ന മിത്തിനെയും, അതിലൂടെ അവതരിപ്പിക്കപ്പെട്ട രാമ രാജ്യവും ഭാവിയിൽ മാതൃകയാക്കുവാൻ‍ സമൂഹം തയ്യാറാകണം എന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു.

സ്വാതന്ത്ര്യസമര പോരാട്ടത്തിലെ തീപാറുന്ന വ്യക്തിത്തമായിരുന്ന ഭഗത്സിംഗ്, ഉധംസിംഗ്, ശിങ്കാരവേലു, രാജ്‌ഗുരു, തുടങ്ങിയവർ‍ വിപ്ലവ മുദ്രാവാക്യങ്ങൾ‍ ഉയർ‍ത്തി സോഷ്യലിസ്റ്റ്‌ പരിവർ‍ത്തനത്തെ സ്വപ്നം കണ്ടു. ഗദർ‍ പാർ‍ട്ടിയുടെ പ്രവർ‍ത്തകർ‍ സന്പൂർ‍ണ്ണ വിപ്ലവത്തിന്‍റെ ധാരക്കരായിരുന്നു. അതിന്‍റെ തുടർ‍ച്ചയാണ് കേരളത്തിലെ പൊന്നറ ശ്രീധരനും മറ്റും. കുറേ കൂടി കഴിഞ്ഞ് സോഷ്യലിസ്റ്റുകളും പിന്നീട് കമ്മ്യൂണിസ്റ്റുകളും ഇതേ ആശയങ്ങളിൽ‍ നിന്നുകൊണ്ട് സമരങ്ങൾ‍ സംഘടിപ്പിച്ചു. ഞാൻ‍ എന്തുകൊണ്ട് യുക്തിവാദിയാണ് എന്ന ഭഗത്തിന്‍റെ വിശദീകരണം ഇന്ത്യൻ‍ സമരത്തിന്‍റെ മറ്റൊരു മുഖമാണ് കാട്ടുന്നത്. എന്നാൽ‍ ഈ ധാരയെ മറ്റെല്ലാ സമര ഗ്രൂപ്പുകളും തള്ളിപറയുവാൻ ‍‍മടിച്ചില്ല. വട്ടമേശ സമ്മേളനത്തിൽ‍ പങ്കെടുത്തുകൊണ്ട് ഗാന്ധിജി ഭഗത്തിന്‍റെയും കൂട്ടരുടെയും തൂക്കികൊല ഒരു ഉപാധിയായി ചർ‍ച്ചയിൽ‍ ഉയർ‍ത്തിയില്ല എന്ന വിഷയം പിന്നീട് നടന്ന കോൺ‍ഗ്രസ്‌ ദേശീയ സമ്മേളനത്തിൽ‍ ഗന്ധിജിക്കെതിരെ വിമർ‍ശനമായി ഉയർ‍ത്തിയത്‌ സുഭാഷ്‌ചന്ദ്രബോസ് ആയിരുന്നു. വട്ടമേശ സമ്മേളനത്തിൽ‍ ഭഗത്തിനെയും മറ്റു രണ്ട് സുഹൃത്തുക്കളേയും വെറുതെ വിടുവാൻ‍ വേണ്ടത്ര ജാഗ്രത ഗാന്ധിജി കാട്ടിയില്ല എന്ന വിമർ‍ശനം ഇന്നും ചരിത്രത്തിന്‍റെ ഭാഗമായി അവശേഷിക്കുന്നു.

ഇന്ത്യൻ‍ സ്വാതന്ത്ര്യ സമരം മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾ‍ക്കായി ഉപയോഗിക്കാം എന്ന ധാരണ ജനങ്ങളിൽ‍ ഉണ്ടാക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷം കോൺ‍ഗ്രസ് നേതാക്കളും ഫ്യൂഡൽ‍ പാരന്പര്യത്തിന്‍റെ തുടർ‍ച്ചക്കാരയതിനാൽ‍ അവരുടെ പല നിലപാടുകളും ഹിന്ദു രാഷ്ട്ര നിർ‍മ്മാണത്തിന് അനുഗുണമായ പശ്ചാത്തലം ഉണ്ടാക്കുന്നവയായിരുന്നു. മാത്രവുമല്ല ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്ന കോൺ‍ഗ്രസ് നേതാക്കളിൽ‍ പലരും പിൽ‍ക്കാലത്ത് ഹിന്ദുമഹാസഭയുടെ നേതാക്കളും RSSവക്താക്കളുമായി. കോൺ‍ഗ്രസ് പാർ‍ട്ടിയുടെ രണ്ടു പ്രാവശ്യം അദ്ധ്യക്ഷനായ മദൻ‍ മോഹൻ‍ മാളവ്യ ഹിന്ദു മഹാസഭയുടെ ആദ്യ അദ്ധ്യക്ഷനായി പ്രവർ‍ത്തിച്ചു . അദ്ദേഹമാണ് ബനാറസ്‌ ഹിന്ദു സർ‍വ്വകലാശാല ആരംഭിക്കുവാൻ‍ മുന്നിലുണ്ടയിരുന്നത്. സവർ‍ക്കർ‍ ഗാന്ധിജിയുടെ പ്രിയ സുഹൃത്തും സമരപോരളിയുമായിരുന്നു. അദ്ദേഹമാണ് പിൽ‍കാലത്ത് ഹിന്ദു മഹാ സഭയിലുടെ ഹിന്ദുത്വ എന്ന മുദ്രവാക്യം തന്നെ ഉയർ‍ത്തിയത്‌. RSS സ്ഥാപക നേതാവ് ഡോക്ടർ‍: ഹെഡ്ഗേവർ കോൺ‍ഗ്രസ് അംഗമായിരുന്നു. കേരളാ ഗാന്ധിയെന്ന പേരിന് അർ‍ഹത നേടിയ കേളപ്പജി പിൽ‍കാലത്ത് RSS മായി സൗഹൃദം പങ്കിട്ടു. കോൺഗ്രസ് വെച്ചു പുലർ‍ത്തിയ soft hinduthwa നിലപാടാണ്‌ പിൽ‍ക്കാലത്ത് ജിന്നയെ ഇക്ബാലിന്‍റെ പാകിസ്ഥാൻ‍ വാദത്തോട് അടുപ്പിച്ചത് (സാരെ ജഹാംസെ അച്ഛാ എഴുതിയ മഹാനായ കവി). ഗോൾ‍വൾ‍ക്കറിന്‍റെ വിദ്വേഷം ചൊരിയുന്ന വിചാരധാരക്ക് ആമുഖമെഴുതിയത് കോൺ‍ഗ്രസ് നേതാവായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്‍റെ വലിയ ചരിത്രമുള്ള ബംഗാൾ‍ നമുക്ക് സമ്മാനിച്ച റാം മോഹൻ‍, വിവേകാന്ദൻ‍, ടാഗോർ‍, ദയാനന്ദ സരസ്വതി മുതൽ‍ M.N റോയ് തുടങ്ങിയ വിപ്ലവകാരികൾ‍ വരെ ബ്രാഹ്മണ ജാതിക്കാരയിരുന്നു. വരേണ്യ വർ‍ഗ്ഗത്തിന്‍റെ പല നിലപാടുകളും അവരുടെ പുരോഗമന ആശയങ്ങൾ‍ക്കൊപ്പം ഉണ്ടായതായി മനസ്സിലാക്കാം. അതിൽ‍ പ്രധാനപ്പെട്ട സാഹിത്യ ലോകത്തെ വ്യക്തിത്വമായിരുന്നു ബങ്കിം ചന്ദ്ര ചാറ്റർ‍ജി. അദ്ദേഹം എഴുതിയ നോവൽ‍ ബംഗാൾ‍ പട്ടിണിയുടെ പശ്ചാത്തലത്തെ വിവരിക്കുന്നു. പട്ടിണിയും അനുബന്ധ വിഷയങ്ങളും കൊൽ‍ക്കത്തക്ക് നൽ‍കിയ വൈദേശിക ഭരണത്തിനെതിരെ സന്യാസി−ഭക്കീർ‍മാർ‍ നടത്തിയ സമരമാണ് ബങ്കിമിനെ നോവൽ‍ രചനയിലേയ്ക്ക് നയിച്ചത്. ആ നോവലിൽ‍ എഡിറ്റു ചെയ്തു ചേർ‍ത്ത വരികളാണ് വന്ദേമാതരം എന്ന പേരിൽ‍ പിന്നീട് വൻപ്രാധാന്യത്തോടെ അറിയപ്പെട്ടത്. ഈ വരികൾ‍ മഹാകവി ടാഗോർ‍ 1896 ലെ കൽ‍ക്കട്ട കോൺഗ്രസ്് സമ്മേളനത്തിൽ‍ അവതരിപ്പിച്ച് സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രത്തിൽ‍ കൂട്ടി ചേർ‍ത്തു. 1905 ലെ ബംഗാൾ‍ വിഭജനത്തിനെതിരെ ജനങ്ങളുടെ വികാരം പരമാവധി ഉയർ‍ന്നു നിന്ന കാലത്ത് അരവിന്ദ് ഘോഷ് പൂർ‍ണ്ണ സമയ സമര ഭടനായി രംഗത്ത്‌ വന്നു.അദ്ദേഹം വന്ദേമാതരം ഇംഗ്ലീഷിലേയ്ക്ക് തർ‍ജ്ജമ ചെയ്തു. നോവലിസ്റ്റ് നോവലിൽ‍ ബംഗാളിന്‍റെ ശത്രുവായി മുസ്ലിം സമുദായത്തെ അവതരിപ്പിക്കുകയും ഞങ്ങളുടെ രക്ഷകരായി സായിപ്പു ഉണ്ടാകുന്നതിനെ ആഗ്രഹിക്കുന്നുമുണ്ട്. ആ ഉള്ളടക്കത്തെ ഒട്ടും തീവ്രത കുറയ്ക്കാതെ വിശദമാക്കുന്നതിൽ‍ അരവിന്ദ് ഘോഷും മുന്നിലായിരുന്നു. ഈ വിമർ‍ശനം മാത്രമല്ല വന്ദേമാതരത്തെ പറ്റി കേട്ടിരുന്നത്. പ്രസ്തുത പദ്യം ബംഗാൾ‍ ഭൂമിയെ മാത്രം ഉദ്ദേശിക്കുന്നു എന്ന് അതിൽ‍ പറയുന്ന 7 കോടി ജനങ്ങൾ എന്ന പരാമർ‍ശത്തിൽ നിന്നും വ്യക്തമാണ്‌. ഈ കാരണങ്ങളാൽ‍ ടാഗോർ‍ വന്ദേമാതരത്തെ ദേശിയഗാനമാക്കുന്നതിനെ പിന്തുണച്ചില്ല. ആ കാര്യം അദ്ദേഹം നെഹ്റുവിനോടും സുഭാഷ്‌ ചന്ദ്ര ബോസിനോടും വ്യക്തമാക്കി. മാത്രവുമല്ല അഹിംസയുടെ പര്യായമായി നമ്മൾ‍ വാഴ്ത്തുന്ന ഇന്ത്യൻ‍ ദേശീയതയുടെ പ്രതീകമായി വന്ദേമാതരം അംഗീകരിക്കപ്പെടുന്നത് എത്രമാത്രം യുക്തി ഭദ്രമാണെന്ന് അതിലെ മുന്നാമത്തെ ഭാഗം വായിച്ചാൽ‍ തോന്നിപോകും ആ വരികൾ‍ ഇങ്ങനെയാണ്...

Who hath said thou art weak in thy lands

When the swords flash out in seventy million Hands

 And seventy million voices roar…

ഈ വരികൾ‍ രാജ്യത്തിന്‍റെ ദേശീയതക്കായി 7കോടി കൈകൾ‍ വാളുകൾ‍കൊണ്ട് ശക്തി തെളിയിക്കണം എന്നാണ് പ്രഖ്യാപിക്കുന്നത്. ഗാന്ധിജിയും മറ്റു കോൺഗ്രസ് നേതാക്കളും കവിതയിലെ ആദ്യ രണ്ടു വരികൾ‍ ദേശീയതയുടെ അടയാളമാകുന്നതിനെ പിന്തുണച്ചു. എന്നാൽ‍ സിക്ക് സമുദായം വന്ദേ മാതരത്തെ അംഗീകരിക്കുവാൻ‍ കഴിയില്ല എന്ന് പരസ്യ നിലപാടെടുത്തു. ഈ പശ്ചാത്തലത്തിലാണ് വന്ദേമാതരം ദേശീയ ഗാനമായി അംഗീകരിക്കുവാൻ‍ തയ്യാറാകാഞ്ഞത്. മാത്രവുമല്ല വന്ദേമാതരത്തിൽ‍ ഭൂമിയെ മാതാവായി അവതരിപ്പിക്കുന്പോൾ‍ ദേവത ദുർ‍ഗ്ഗയാണ്. ദുർ‍ഗ്ഗ ദേവിയുമായി ബന്ധപ്പെട്ട ഐതീഹ്യം അതസ്ഥിതരുടെ ദേവനായ മഹിഷാസുരനെ വധിച്ചവൾ‍ എന്നതാണ്. സ്വാഭാവികമായി അത് പിന്നോക്ക-ദളിത്‌ ജനതയോടുള്ള വെല്ലുവിളിയാണ്. പിന്നോക്കകാർ‍ക്കും ദളിതനും കൂടി മുൻ‍തൂക്കമുള്ള ഒരു സമൂഹത്തിൽ‍ അവരുടെ ദേശിയചിഹ്നവും ഗാനവും അവരുടെ ദേവനെ വധിച്ച കഥാപാത്രത്തെ മഹത്വ വൽ‍ക്കരിക്കുന്നു എന്നത് സാമാന്യ ജനങ്ങൾ‍ക്ക് അംഗീകരിക്കുവാൻ‍ കഴിയുന്നതല്ല. സ്വാഭാവികമായും അള്ളാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കുവാൻ‍ അനുവദിക്കാത്ത ഒരു വിശ്വാസി സമൂഹത്തോട് അത്തരം ഒരു പദ്യത്തെ ദേശിയതയുടെ ഭാഗമായി ചൊല്ലി അംഗീകരിക്കണമെന്ന് നിർ‍ബന്ധിക്കുവാൻ‍ കഴില്ല എന്ന സാമന്യ ജനാധിപത്യ ബോധം അന്നത്തെ ദേശീയ നേതാക്കൾ‍ക്കുണ്ടായിരുന്നു.

1937ൽ‍ തന്നെ വന്ദേമാതരം വിഷയത്തെയും എങ്ങനെ മുസ്ലിം വിരുദ്ധ വികരനിർ‍മ്മിതിക്ക് ഉപയോഗിക്കാം എന്ന ഹിന്ദുമഹാസഭയുടെയും RSS ന്‍റെയും വർ‍ഗ്ഗീയ അജണ്ട ആരംഭിച്ചു കഴിഞ്ഞു. 37 ൽ‍ തന്നെ വന്തേമാതരദിനം കൊണ്ടാടുവാൻ‍ അവരെടുത്ത തീരുമാനം വർ‍ഗ്ഗീയത വളർ‍ത്തികൊണ്ട് വരുന്നതിന്‍റെ ഭാഗമായിരുന്നു. ത്രിവർ‍ണ്ണ പതാകയെ അംഗീകരിക്കുവാൻ‍ കഴിയില്ല എന്നു പ്രഖ്യാപിച്ച RSS, ഇന്ത്യൻ‍ ഭരണ ഘടനയോടും അതേ നിലപാടാണെടുത്തത്. മുസ്ലിം ലീഗിന്‍റെ ദ്വിരാഷ്ട്ര വാദത്തെ എന്തിനു നമ്മൾ‍ എതിർ‍ക്കണമെന്നു പറഞ്ഞ സവർ‍ക്കർ‍, മുസ്ലിംകൾ‍ക്ക് ഒരു പ്രത്യേക രാജ്യം ന്യായമാണെന്ന് വ്യക്തമാക്കിയിരുന്നു. അതിനുള്ള കാരണം സവർ‍ക്കർ‍ വിശദീകരിച്ചത് ഒരു കാരണത്താലും ഒന്നായി സഹകരിക്കുവാൻ‍ കഴിയാത്ത രണ്ട് സമുദായത്തിന് രണ്ടു രാജ്യമാണ് ഉത്തമാമെന്നാണ്.

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ്‌ പക്ഷം പിടിച്ച ചരിത്രമുള്ള, ഹിറ്റ്ലർ‍ നമുക്ക് മാതൃകയാകണമെന്നു പറഞ്ഞ, രാജാ വാഴ്ചയെ പാടിപുകഴ്ത്തിയ, മനുവാദത്തെ ഇന്നും മാതൃകയായി കാണുന്ന–കാവിരാഷ്ട്രീയക്കാരേ ഇന്ത്യൻ‍ ദേശീയതയെ പറ്റി ശബ്ദിക്കുവാൻ‍ അവകാശമില്ലാത്തവരായികാണണമെന്ന് ചരിത്രം നമ്മെ ആവർ‍ത്തിച്ചു ഓർമ്മിപ്പിക്കുന്നു.

 

You might also like

Most Viewed