അനാവശ്യ മരുന്നുകൂട്ടുകൾ ലാഭം മാത്രം ലക്ഷ്യം വെയ്ക്കുന്നു


ആധുനിക കാലത്തെ മനുഷ്യർക്ക് ആയുർദൈർഘ്യം വർദ്ധിക്കുവാനുള്ള കാരണം ചികിത്സാരംഗത്തുണ്ടായ വൻ മുന്നേറ്റമാണ്. 1940 കളിൽ ഇന്ത്യക്കാരുടെ ശരാശരി പ്രായം 40ന് താഴെയായിരുന്നു എങ്കിൽ ഇന്നത് 69 വയസ്സാണ്. (കേരളീയന്റെ ശരാശരി ആയുസ്സ് 78 എത്തിക്കഴിഞ്ഞു). ആഫ്രിക്കൻ രാജ്യങ്ങളിൽ പലതിലും ഇന്നും പ്രായ ശരാശരി 40നു താഴെ തുടരുന്നു. 1990കൾക്കു ശേഷം ആയുർദൈർഘ്യം നാലു വയസ്സു കണ്ടു കുറഞ്ഞു. ഈ വസ്തുതകൾ സൂചിപ്പിക്കുന്നത് ആധുനിക ജീവിത ചുറ്റുപാടുകൾ ആയുർദൈർഘ്യം കൂട്ടുകയും അതിലുണ്ടാകുന്ന തിരിച്ചടികൾ ആയുസ് കുറക്കുകയും ചെയ്യും എന്നാണ്.

നിശ്ചിത ആഹാര ലഭ്യത, പൊതുവിദ്യാഭ്യാസം, പൊതു ആരോഗ്യം തുടങ്ങിയ വിഷയങ്ങൾക്ക് മുതലാളിത്തം പ്രധാന പരിഗണന നൽകി വന്നിട്ടുണ്ട്. പ്രത്യേകിച്ച് റഷ്യയിലുണ്ടായ തൊഴിലാളി വർഗ്ഗ സർക്കാർ രൂപീകരണത്തിനു ശേഷം. മുതലാളിത്തം നടപ്പിലാക്കിയ social response വഴിയാണ് സോഷ്യലിസത്തോട് ജനങ്ങൾക്കുണ്ടായി വരുവാൻ സാധ്യതയുള്ള താൽപര്യത്തെ മുതലാളിത്തം പ്രതിരോധിച്ചത്. അങ്ങനെ വിപ്ലവം മുതലായ ഭാരിച്ച സാമൂഹിക ഉത്തരവാദിത്വമുള്ള പ്രവർത്തനങ്ങളിൽ അണിചേരാതെ തന്നെ ജീവിത സുരക്ഷ ആർജ്ജിക്കുവാൻ കഴിയാവുന്ന സൗകര്യങ്ങൾ മുതലാളിത്തം ജനങ്ങൾക്ക് കുറച്ചൊക്കെ  ഒരുക്കി. ഇത് സൗജന്യ ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലയിൽ സാധാരണക്കാരന് ചില ആശ്വാസങ്ങൾ നൽകി. ക്ഷേമരാഷ്ട്രം എന്ന സംവിധാനം പരക്കെ അംഗീകരിക്കപ്പെട്ടു. ഇന്നും അതിന്റെ സ്വാധീനം നൊറാഡിക്, സ്കാൻട്ടി നേവിയൻ രാജ്യങ്ങളിൽ തുടരുന്നു. ലാറ്റിനമേരിക്കൻ, സോഷ്യലിസ്റ്റ്, ഏഷ്യാറ്റിക് രാജ്യങ്ങളിലെ ക്ഷേമസങ്കൽപ്പങ്ങളെ മാനിക്കുന്ന സർക്കാരുകൾ അതിന്റെ ഭാഗമാണ്.

ആഗോളവൽക്കരണം മുതലാളിത്തത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെ മറികടന്നു എന്നു പറയാം. എല്ലാം വില കൊടുത്ത് വാങ്ങേണ്ടതാണ് എന്ന സിദ്ധാന്തത്തെ മുതലാളിത്തം മുറുകെ പിടിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചു. ഈ നിലപാടു മാറ്റങ്ങൾ ഏറെ ബാധിച്ച സംസ്ഥാനമാണ് കേരളം. ആരോഗ്യരംഗവും വിദ്യാഭ്യാസവും എല്ലാം കച്ചവടമായി ചുരുങ്ങി. വിദ്യാഭ്യാസ ആരോഗ്യരംഗത്തെ കേരളത്തിന്റെ മികവ് മറ്റ് സംസ്ഥാനങ്ങളിൽ (ഗോവ, മിസ്സോറം തുടങ്ങിയവ ഒഴിച്ചു നിർത്തിയാൽ) ഉണ്ടാവാതിരിക്കുവാൻ കാരണം അവിടങ്ങളിലെ ചുരുങ്ങിയ സർക്കാർ സാന്നിദ്ധ്യമാണ്. എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യം എന്ന നിലപാട് ദേശീയമായി നടപ്പിലാക്കുവാൻ കേന്ദ്രവും ഒട്ടുമിക്ക സംസ്ഥാനങ്ങളും ശ്രമിച്ചിട്ടില്ല. അതിൽ പ്രധാനപ്പെട്ട മേഖലയായ ആരോഗ്യരംഗത്ത് വലിയ പൊളിച്ചെഴുത്തുകൾ നടത്തുവാൻ നെഹ്റുവിയൻ സർക്കാർ പോലും മുന്നോട്ട് വന്നില്ല. അപ്പോഴും മരുന്നു നിർമ്മാണമേഖലയിലെ സർക്കാർ സാന്നിദ്ധ്യം വലിയ ചലനങ്ങൾ ഉണ്ടാക്കി. അവശ്യമരുന്നുകളുടെയും വാക്സിനുകളുടെയും നിർമ്മാണത്തിൽ സർക്കാർ ഉടമസ്ഥതയിലെ  ഫാക്ടറികൾ ജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാൻ ഇട നൽകി.  1971ൽ ഇന്ദിരാഗാന്ധി നടപ്പിലാക്കിയ ഇന്ത്യൻ പേറ്റന്റ് നിയമം ഇന്ത്യയെ ലോകത്തിന്റെ പ്രധാന മരുന്നു നിർമ്മാണ ഹബ്ബ് ആക്കി മാറ്റി. ലോകത്തെ ഏറ്റവും വിലകുറഞ്ഞതും ഗുണനിലവാരവുമുള്ള മരുന്നുകൾ വില കുറച്ച് ഉൽപ്പാദിപ്പിക്കുവാൻ ഇന്ത്യക്ക് കഴിഞ്ഞത് ഇന്ത്യൻ പേറ്റന്റ് നിയമത്തിന്റെ സഹായത്താലാണ്.

ചികിത്സ കേവലമായ സാന്പത്തിക വ്യവഹാരമല്ല എന്നിരിക്കെ രോഗിയും ഭിഷഗ്വരനും തമ്മിൽ മൂല്യവത്തായ ബന്ധമാണ് സമൂഹം ആഗ്രഹിക്കുന്നത്. രോഗിയെ ശുശ്രൂഷിക്കുക ഒരു സാമൂഹിക ധർമ്മമായി നമ്മൾ കാണുന്നു. അതുകൊണ്ടാണ് ചികിത്സയുടെ ധാർമ്മികതയെ പറ്റി Medical Ethics പ്രതിപാദിക്കുന്നത്. ഒരാളുടെ രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ രോഗിക്ക് നൽകേണ്ട മരുന്ന് (പൊതുവെ Antibioticsവില കൂടിയ മരുന്നായതിനാൽ അത്തരം മരുന്നുകളുടെ കാര്യത്തിൽ പ്രത്യേകം പരാമർശം നൽകുന്നുണ്ട്). പാർശ്വഫലങ്ങൾ കുറവുള്ളതും വിലകുറഞ്ഞതും ആയിരിക്കണം എന്നാണ്. ഏറെ പ്രത്യേകതയുള്ള  Antibiotics രോഗികൾക്ക് നൽകുന്പോൾ പരമാവധി ആദ്യതലമുറയിൽ പെട്ടത് തിരഞ്ഞെടുക്കേണ്ടതുണ്ട്. (First Generation) New Generation Antibiotics സാധാരണ ഉപയോഗിക്കേണ്ടി വന്നാൽ ശരീരത്തിന് ആദ്യ വിഭാഗത്തിനോട് പ്രതികരിക്കുവാനുള്ള കഴിവ് നഷ്ടപ്പെടും. അങ്ങനെ സംഭവിച്ചാൽ ചെറിയ അസുഖങ്ങൾക്കു കൂടി പുതിയ തരം Antibiotics ഉപയോഗിക്കേണ്ടിവരും. അവക്ക് വില വളരെ കൂടുതലായതിനാൽ ചികിത്സാ ചെലവു കുടും. ഇത്തരം സാമാന്യ ധാരണ സാധാരണക്കാർക്കും ഉണ്ടാകേണ്ടതുണ്ട്. രോഗിക്കു കുറിച്ചു നൽകുന്ന മരുന്നിനെ പറ്റി ചികിത്സകനോട് വിശദീകരണം ചോദിക്കുവാൻ പൂർണ്ണ അവകാശം രോഗിക്കാണുള്ളത്. എന്നാൽ നമ്മുടെ നാട്ടിൽ ഡോക്ടർമാരോട് രോഗിക്ക് ചോദ്യങ്ങൾ ചോദിക്കുവാൻ അവകാശമില്ല എന്നാണ് പൊതുധാരണ. ഭിഷഗ്വരന് അത് കേൾക്കുവാനോ ഉത്തരവാദിത്വമില്ല എന്നും വിശ്വസിച്ചു വരുന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ മറ്റ് കാര്യങ്ങൾക്ക് വിശദീകരണം നേടുവാനും രോഗി അർഹനാണ്. മരുന്ന് കൈമാറുന്ന ഫാർമസിസ്റ്റിനോട് മറ്റു കൂടുതൽ വിശദാംശങ്ങൾ ചോദിക്കുവാനും രോഗിക്കും അയാളുടെ സഹായിക്കും അർഹത ഉണ്ടായിരിക്കും. എന്നാൽ മാത്രമെ മരുന്നുകൾ ഗൗരവതരമായി രോഗിക്ക് ഉപയോഗപ്പെടുത്തുവാൻ കഴിയു. 

ലോകത്തെ ഏറ്റവും കൂടുതൽ മരുന്നുകൾ എണ്ണത്തിൽ മാത്രമല്ല അളവിലും ഉൽപ്പാദിപ്പിക്കുന്ന നമ്മുടെ രാജ്യത്തെ വിവിധ തരം മരുന്നുകളുടെ (Trade Names) എണ്ണം 70000 മുതൽ ഒരു ലക്ഷം വരെയാണ്. സ്വകാര്യ കന്പനികൾക്ക് മുൻതൂക്കമുള്ള മാർക്കറ്റിനെ വലിയ നിലയിലാണ് സ്വകാര്യ കുത്തകകൾ നിയന്ത്രിക്കുന്നത്. പരസ്യങ്ങൾ നൽകിയും കൊറിയർ വഴിയും മരുന്നുകൾ ജനങ്ങളുടെ ഇടയിൽ വിറ്റഴിക്കുന്പോൾ മരുന്നുകൾ മറ്റ് ചരക്കുകളെ പോലെ കേവലം ഉപഭോഗവസ്തുവായി തീരുന്നു. ചരക്കു വിറ്റഴിക്കുവാൻ ഭിഷഗ്വരന്മാരെ വിലക്കെടുക്കുന്നതിൽ കന്പനികൾ വൻ വിജയം നേടുന്പോൾ അനാവശ്യ മരുന്ന് ഉപയോഗം ഒരു സാമൂഹിക വിപത്തായി തീരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊറാർജി സർക്കാർ മരുന്നുകളുടെ എണ്ണവും വിലയും ഉൽപ്പാദനവും നിയന്ത്രിക്കുന്നതിനെ പറ്റി പഠിക്കുവാൻ ഒരു കമ്മീഷനെ നിയമിച്ചത് (ഹാത്തി കമ്മീഷൻ).

പ്രസ്തുത കമ്മിറ്റി ആശാവഹമായ പല നിർദ്ദേശങ്ങളും വെച്ചു. മരുന്നുകളെ മൂന്നായി തിരിക്കുക. ജീവൻ രക്ഷാമരുന്നുകൾ, അവശ്യമരുന്നുകൾ, അനാവശ്യ മരുന്നുകൾ. ഇവയിലെ ആദ്യ ഗ്രൂപ്പ് മരുന്നുകൾ ഉപ്പാദിപ്പിക്കുവാൻ കന്പനി നിർബന്ധിതമാണ്. ലാഭം നിശ്ചിതമായിരിക്കും. രണ്ടാമത്തെ വിഭാഗം മരുന്നുകളും വില നിയന്ത്രണത്തിനും നിർബന്ധിത ഉൽപ്പാദനത്തിനും വിധേയമാണ്.

മൂന്നാമത്തെ പട്ടികയിലെ മരുന്നുകളെ സർക്കാർ നിരുത്സാഹപ്പെടുത്തണം. മറ്റൊരു പ്രധാന നിർദ്ദേശം കന്പനി നാമത്തിൽ മരുന്നുകൾ വിറ്റഴിക്കുന്നത് അവസാനിപ്പിക്കണം എന്നതായിരുന്നു. മരുന്നുകൾ അടിസ്ഥാനപരമായി രാസപദാർത്ഥങ്ങളാണല്ലൊ. അവയെ സൂചിപ്പിക്കുന്ന അടിസ്ഥാന പേരിനെ Generic Name എന്നാണ് പറയുക. സ്വാഭാവികമായി മരുന്നുകൾക്ക് ഒരു രാസനാമവും ഒരു Generic Name ഉം കന്പനി സ്വയം ഇടുന്ന പേരുകളും ഉണ്ട്. ഓരോ കന്പനിയും അവരുടേതെന്ന് തിരിച്ചറിയുവാൻ സ്വയം പേരുകൾ നൽകുന്നു. ഉദാഹരണമായി പനിക്കും വിവിധ വേദനകൾക്കും ഉപയോഗിക്കുന്ന പാരസറ്റമോൾ എന്ന ഗുളിക. അതിന്റെ രാസ നാമം Acetyl Amino phenol എന്നാണ്. (acetaminophen) Generic name പാരസറ്റമോൾ എന്നും. എന്നാൽ കന്പനികൾ panadol (Glaxo company) fewago (Cipla company) Omol (Oman Chemicals) വിപണിയിൽ എത്തിക്കുന്നു. ഏതു കന്പനികൾ മരുന്ന് ഉൽപ്പാദിപ്പിച്ചാലും അവ പാലിക്കേണ്ട വിവിധ ഗുണങ്ങൾ Drug control Dept നിഷ്കർഷിക്കുന്നു. കന്പനികളുടെ Quality control വകുപ്പ് വിവിധ ബാച്ചുകളിലായി ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കും. ഒപ്പം Drug control വകുപ്പ് ഓരോ മരുന്നിന്റെയും ഗുണനിലവാരം പരിശോധിച്ച് ക്ലിപ്തപ്പെടുത്തും. നിലവാരം കുറഞ്ഞ ബാച്ചുകൾ പിൻവലിക്കും. ഉൽപ്പാദിപ്പിക്കുന്ന മരുന്നുകൾ ഏതു കന്പനിയുടെതാണെങ്കിലും ഗുണനിലവാരം ഉറപ്പു വരുത്തും എന്നർത്ഥം. അങ്ങനെയെങ്കിൽ ഏതെങ്കിലും കന്പനിയുടെ ഉൽപ്പന്നം മറ്റൊന്നിനെക്കാൾ മെച്ചപ്പെട്ടത് എന്നു പറയുവാൻ കഴിയില്ല.Trade Mark (Brand Name)നു  പ്രസക്തി ഇല്ല എന്നർത്ഥം. പക്ഷേ നമ്മുടെ രാജ്യത്ത് ഒരേ മരുന്നുകൾ വിവിധ കന്പനികൾ വ്യത്യസ്ത പേരിൽ കച്ചവടം ചെയ്യുന്നു. വിലയിൽ വൻ അന്തരവും. വൈദ്യന്മാർ കന്പനി പേരിൽ മരുന്നു കുറിക്കുന്നതിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടാകുവാൻ ഇതു കാരണമാകുന്നുണ്ട്. എല്ലാ കന്പനികളും ഒട്ടുമിക്ക ഭിഷഗ്വരന്മാരെയും സ്വാധീനിച്ച് ആരോഗ്യ വിദഗ്ദ്ധനിൽ രോഗിക്കുള്ള വിശ്വാസത്തെ മുതലെടുത്ത് കൂട്ടുകച്ചവടം നടപ്പിലാക്കപ്പെടുന്നു. രോഗി കഥയറിയാതെ ജീവനോടുള്ള ഭയത്താൽ വിലപിടിപ്പുള്ള കന്പനി ബ്രാൻഡ് വാങ്ങി ഉപയോഗിക്കുവാൻ നിർബന്ധിക്കപ്പെടുന്നു. ഈ പ്രശ്നം പരിഹരിക്കുവാൻ എല്ലാ മരുന്നുകളും വൈദ്യന്മാർ നിശ്ചയിക്കുന്പോൾ Generic നാമത്തിൽ മരുന്നുകൾ എഴുതാൻ നിർബന്ധിതമായാൽ മരുന്നു കന്പനികളും ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള അവിഹിത ബന്ധത്തിനുള്ള സാഹചര്യം ഒഴിവാക്കി കിട്ടും. (കേരള സർക്കാർ അത്തരം ഒരു ഓർഡർ ഇറക്കി എങ്കിലും നടപ്പിലാക്കപ്പെട്ടില്ല. വൈദ്യന്മാരുടെ സംഘടനക്ക് താൽപ്പര്യം ഉണ്ടാകാത്തതിന്റെ രഹസ്യം എന്തായിരിക്കും?) ഇത്തരം പ്രശ്നങ്ങൾ കൊണ്ടാണ് ഹാത്തി കമ്മീഷൻ ബ്രാൻഡ് പേരുകൾ ഒഴിവാക്കണം എന്ന നിർദ്ദേശം വെച്ചത്. Cefexime എന്ന Antibiotic മരുന്നിന് Cipla  (കുട്ടികൾക്കുള്ള സിറപ്പിന്) 35 രൂപ വിലയിടുന്പോൾ Glaxo 200 രൂപ വാങ്ങുന്നു. ഹാത്തിയുടെ 78 ലെ  ഇത്തരം നിർദേശങ്ങൾ നടപ്പിലാക്കുവാൻ സർക്കാരുകൾ തയ്യാറായിരുന്നില്ല. അതുമൂലം നിരവധി ഡസൻ പേരുകളിൽ നിരവധി വിലക്ക് മാർക്കറ്റുകളിൽ ഒരേ മരുന്നുകൾ ലഭ്യമായിട്ടുണ്ട്. ഹാത്തി കമ്മിറ്റി മരുന്നുകളുടെ വില−ഗുണനിലവാരങ്ങൾ മെച്ചപ്പെടുത്തുവാൻ National Drug Authority രൂപീകരിക്കണമെന്നും. വിദേശകന്പനികളെ പടിപടിയായി ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. 

ഇന്ത്യയിലെ ജനങ്ങളെ ബാധിക്കുന്ന പൊതുവായ അസുഖങ്ങൾക്ക് 117 മരുന്നുകൾ മതി എന്നിരിക്കെ അവയുടെ ഉൽപ്പാദനം വർദ്ധിപ്പിച്ച് മറ്റു മരുന്നുകളുടെ സാന്നിദ്ധ്യം കുറയ്ക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. എന്നാൽ നിർദ്ദേശങ്ങൾ ഒന്നും തന്നെ ഇന്ത്യയിൽ നടപ്പിലാക്കിയില്ല. ബംഗ്ലാദേശ് അധികാരിയായിരുന്ന എർഷാദ് ഹാത്തി കമ്മീഷന്റെ ചില നിർദ്ദേശങ്ങൾ തന്റെ നാട്ടിൽ പ്രയോഗത്തിൽ കൊണ്ടുവന്നു.

മരുന്നുകളുടെ കൂട്ടുകൾ ഇന്ത്യയിൽ സർവ്വസാധാരണമാണ്. അത്തരം കൂട്ടുകൾ നടപ്പിൽ കൊണ്ടുവരണമെങ്കിൽ സർക്കാർ അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാൽ ഇവയോട് കന്പനികൾ നിഷേധ നിലപാടാണ് എടുക്കുന്നത്. മരുന്ന് കൂട്ടുകൾ വേണ്ട സാഹചര്യങ്ങൾ ഉള്ള അവസരം ഒഴിവാക്കിയാൽ പല കൂട്ടുകളും അനാരോഗ്യകരമാണ്.

ചിലതരം ചികിത്സകളും ചിലതരം മരുന്നുകളും വിജയകരമായി ഉപയോഗപ്പെടുത്തണമെങ്കിൽ കൂട്ടുകളായി ഉപയോഗിക്കേണ്ടതുണ്ട്. രണ്ടു മരുന്നുകൾ ഒന്നിച്ച് കുട്ടിയാൽ പ്രവർത്തനക്ഷമത കൂടുന്നു എങ്കിൽ അതിനെ synergism എന്നും രണ്ടു മരുന്നുകൾ തമ്മിൽ ഒന്നിച്ച് ഉപയോഗിച്ചാൽ പ്രവർത്തനത്തിൽ ഒരു മെച്ചവും (ദോഷവും) ഉണ്ടാകുന്നില്ല എങ്കിൽ അതിനെ agonism എന്നും കൂട്ടുകളിലൂടെ പ്രവർത്തനത്തിൽ കുറവ് സംഭവിച്ചാൽ അതിനെ antagonism എന്നും പറയും. ഇതിൽ നിന്നും ആദ്യം പറഞ്ഞ Synergism നൽകുന്ന മരുന്ന് കൂട്ടുകൾ കൊണ്ടേ രോഗിക്കു പ്രയോജനം ഉണ്ടാകുകയുള്ളു എന്ന് മനസ്സിലാക്കാം.

Amoxycillin  എന്ന  2nd  generation Antibiotics വളരെ വ്യാപകമായി ഉപയോഗത്തിലുള്ളതാണ്. എന്നാൽ അതിനോടൊപ്പം Clavlonic acid എന്ന മരുന്നു കൂടി ചേർത്തിറക്കിയാൽ കൂടുതൽ കാര്യക്ഷമമായ ഫലം രോഗിക്ക് ലഭിക്കും. മറ്റൊരു ഉദാഹരണമാണ് വ്യാപകമായി തലവേദനക്കും പല്ല് വേദനക്കും പനിക്കുമായി ഉപയോഗിക്കുന്ന Brufen അതേ ഫലം നൽകുന്ന പാരസറ്റമോളുമായി കൂട്ടി മരുന്നുണ്ടാക്കിയാൽ. കാൽസ്യം രക്തത്തിൽ പ്രവേശിക്കുവാൻ സഹായിക്കുന്ന ഘടകമാണ് വിറ്റമിൻ ഡി. അതുകൊണ്ട് അത്തരം കൂട്ടുകൾ ഗുണപരമാണ്. ചില ചികിത്സ വിജയിക്കണമെങ്കിൽ ഒന്നിൽ കൂടുതൽ മരുന്നുകൾ ഒന്നിച്ചു നൽകണം. ഉദാഹരണമായി ക്ഷയത്തിന് 3−4 മരുന്നുകൾ ഒന്നിച്ച് നൽകണം. വയറ് കത്തലിനായി (H-pylori infection) 4 മരുന്നുകൾ നൽകേണ്ടതുണ്ട്. അതിൽ മൂന്നെണ്ണം വ്യത്യസ്ത Antibiotics കളും.

ഇത്തരം ശാസ്ത്രീയ ഫലങ്ങളുടെ മറവിൽ സർക്കാർ അനുവാദം പോലുമില്ലാതെ വൻകിട കന്പനികൾ പോലും തെറ്റായ കൂട്ടുകൾ വിപണിയിൽ എത്തിക്കുന്നു. യൂറോപ്പിലോ മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളോ ചികിത്സയിൽ വലിയ മുന്നേറ്റം ഉണ്ടായ ക്യൂബ പോലെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളോ ഇത്തരം കൂട്ടുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. യുക്തിരഹിതമായ പല കൂട്ടുകളും വിപരീത ഫലം തന്നെ തരുന്നവയുമുണ്ട്.

രണ്ട് ആന്റിബയോട്ടിക്കുകൾ നൽകേണ്ട അവസ്ഥയിൽ അവ രണ്ടും ഒന്നിച്ച് നൽകാം എന്നു തോന്നാമെങ്കിലും അത് ഗുണത്തേക്കാൾ ദോഷം വരുത്തുന്ന സംഭവങ്ങൾ ഉണ്ട്. ഉദാഹരണമായി മുകളിൽ വിശദീകരിച്ച Amoxycilline നും cefexime ഉം ഒന്നിച്ചു നൽകിയാൽ ഉണ്ടാകുന്ന കുഴപ്പം ഇങ്ങനെ വിശദമാക്കാം. Amoxycilline ദിനം പ്രതി സാധാരണ സമയത്ത് മൂന്നു നേരം നൽകേണ്ട മരുന്നായിരിക്കുന്പോൾ Cefexime പരമാവധി രണ്ടു പ്രാവശ്യമെ നൽകേണ്ടതുള്ളു. രണ്ടു മരുന്നും ഒന്നിച്ച് നൽകിയാൽ രണ്ടിന്റെയും Dosing അപകടത്തിലാകും. മറ്റ് ചില അവസരങ്ങളിൽ ആഹാരത്തിനു മുന്പ് കഴിക്കേണ്ട മരുന്നുകൾ ആഹാരത്തിനു ശേഷം കഴിക്കേണ്ട മരുന്നുകൾക്കൊപ്പമാണ് നൽകുന്നതെങ്കിൽ രണ്ടിന്റെയും പ്രവർത്തനങ്ങളെ അവ പ്രതികൂലമായി ബാധിക്കാതെ തരമില്ല. വളരെ വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരി Diclofenac മറ്റൊരു വേദനസംഹാരിയായ  പാരസറ്റമോളുമായി ചേർക്കുന്പോൾ ആദ്യം പറഞ്ഞ പ്രധാന മരുന്നിന്റെ പ്രവർത്തനം ഏറെ വൈകി മാത്രമെ ആരംഭിക്കുകയുള്ളു. ഇത്തരത്തിൽ അനാരോഗ്യമായിട്ടുള്ള 366 മരുന്നു കൂട്ടുകൾ കേന്ദ്ര ആരോഗ്യ വകുപ്പ് നിരോധിച്ചത് അരോഗ്യകരമായ തീരുമാനമാണ്. ഇത്തരത്തിൽ ആയിരക്കണക്കിനുള്ള മരുന്നു കൂട്ടുകളെ നിയന്ത്രിച്ച് മരുന്നു വ്യവസായത്തിലെ തെറ്റായ ശീലങ്ങളെ തിരുത്തേണ്ടതുണ്ട്.

ആഗോളവൽക്കരണത്തിനെ ഉത്സവ പ്രതീതിയോടെ കൊണ്ടു നടക്കുന്ന കേന്ദ്രസർക്കാരിന് ഇത്തരം നിലപാടുകളുമായി എത്ര കണ്ട് മുന്നോട്ടു പോകുവാൻ കഴിയും എന്ന് കാത്തിരിക്കാം. ബഹുരാഷ്ട്ര കുത്തക മരുന്നു കന്പനികൾക്കായി വില നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണ്. കോർപ്പറേറ്റ് താൽപര്യങ്ങളെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ആരോഗ്യരംഗത്തിനെ പൊതുമേഖലയുടെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതുണ്ട്.  ഹാത്തി കമ്മീഷൻ 1978ൽ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഇന്നും പ്രസക്തമാണ്. അവ കൈകൊള്ളുവാൻ കേന്ദ്ര−സംസ്ഥാന സർക്കാരുകൾ മുന്നോട്ടു വരണം. മരുന്നുകളുടെ വർദ്ധിച്ച ഉപഭോഗം ഒരു സാമൂഹിക പ്രശ്നമായി തീർന്ന കേരളത്തിൽ മരുന്ന് മേഖലയിലെ കച്ചവട തന്ത്രങ്ങളെ പൊളിച്ചെഴുതുവാൻ സഹായകരമായ നിലപാടുകൾ സർക്കാർ തയ്യാറാകേണ്ടതുണ്ട്.

 

You might also like

Most Viewed