57 ലെ കമ്യൂണിസ്റ്റ് സർക്കാരിനെ ഓർക്കുന്പോൾ...
ഇ.എ സലിം
ഭാഷാ സംസ്ഥാനങ്ങൾ എന്ന ആവശ്യത്തിൽ വൈകിയാണെങ്കിലും ഫലം ഉണ്ടാകുന്നത്, ആന്ധ്രക്കാരനായ പൊട്ടു ശ്രീരാമലു മരണം വരിച്ചുകൊണ്ട് നടത്തിയ സമരത്തിലൂടെയാണ്. അങ്ങനെ രൂപം കൊണ്ട കേരള സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ദേശിയ സെക്രട്ടറിയുടെ പ്രതീക്ഷിക്കയ്ക്ക് വിരുദ്ധമായി പാർട്ടിക്ക് വിജയിക്കുവാൻ കഴിഞ്ഞതിനു പിന്നിൽ ഒട്ടേറെ ഘടകങ്ങൾ പ്രവർത്തിച്ചു.
മലബാർ എന്ന കമ്യൂണിസ്റ്റ് സമരങ്ങൾ കൊണ്ട് ചുവന്ന മണ്ണ്. കൊച്ചി രാജ്യത്തെ വഴിനടക്കുവാനും മറ്റും നടത്തിയ സമരങ്ങൾ, തിരുവിതാംകൂർ പ്രദേശത്ത് സിപിയ്ക്ക് എതിരായി (രാജവാഴ്ച്ചക്കെതിരായി) നടന്ന പ്രക്ഷോഭങ്ങൾ, ആലപ്പുഴയിലെ തൊഴിലാളികളുടെ സംഘടനാ കരുത്ത്, ജാതിവിരുദ്ധ സമരങ്ങൾ, കോൺഗ്രസ്സിലെ പടല പിണക്കം തുടങ്ങിയ വിഷയങ്ങൾ പ്രധാന രാഷ്ട്രീയ സംഭവങ്ങളാണ്. 57ൽ ഏറ്റവും അധികം വോട്ടു നേടിയ കോൺഗ്രസിന് പിന്നിൽ എത്തിയ കമ്യൂണിസ്റ്റുകൾ സ്വതന്ത്രരായി ജയിച്ച കമ്യൂണിസ്റ്റ് സഹചാരികളുടെ പിന്തുണയിൽ അധികാരത്തിൽ എത്തി. ഇന്ത്യൻ സംസ്ഥാനത്ത് ആദ്യമായും ലോക ചരിത്രത്തിൽ രണ്ടാമതായും (ആദ്യം ഗയാനയിൽ) തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തിയ കമ്യൂണിസ്റ്റ് സർക്കാർ 28 മാസങ്ങൾ മാത്രമാണ് തുടർന്നത് എങ്കിലും ചരിത്രത്തിൽ അതിനു നേടുവാൻ കഴിഞ്ഞ സ്വാധീനം വളരെ ശ്രദ്ധേയമായിരുന്നു.
കേരള രൂപീകരണത്തിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അതിന്‍റെ 71 വർഷത്തെ ചരിത്രത്തിൽ ഊറ്റം കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവിടെ കോൺഗ്രസ് മുന്നോട്ട് വെച്ച ആവടി സോഷ്യലിസം (മദ്രാസിനടുത്തുള്ള ആവടി എന്ന സ്ഥലത്ത് വെച്ച് കോൺഗ്രസ് അഖിലേന്ത്യാ സമ്മേളനത്തിൽ നടത്തിയ ഭാവി പരിപാടി) വളരെ വലിയ ചർച്ചകൾക്ക് കാരണമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ടു വെച്ച ഈ പ്രഖ്യാപനം, കൊൽകത്താ തീസിസ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കമ്യൂണിസ്റ്റ് അഖിലേന്ത്യാ സമ്മേളനത്തിലെ തീരുമാനത്തിനുള്ള ബദൽ ആയിരുന്നു എന്ന് അവർ അവകാശപ്പെട്ടു. തെലുങ്കാനയിൽ നടത്തിയ സായുധ സമരവും അതിന്‍റെ അടിച്ചമർത്തലും വലിയ തരത്തിൽ ഇടതു രാഷ്ട്രീയ ലോകത്ത് ചർച്ചയായി. ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാന്ത്ര്യം കിട്ടിയിട്ടില്ല എന്ന വാദം ഉയർത്തിയ പാർട്ടി കേരളത്തിലും ചില ആക്രമോസുകമായ സമരങ്ങൾ സംഘടിപ്പിച്ചു. (ഇടപ്പള്ളി പോലിസ് േസ്റ്റഷൻ ആക്രമണം) തെലുങ്കാനയിൽ പാർട്ടി 3000 ഗ്രാമങ്ങളിലെ ഭൂമി പിടിച്ചടക്കി നടത്തിയ സമരത്തെ കേന്ദ്ര പോലീസ് അടിച്ചമർത്തി. ആയിരങ്ങൾ കൊലചെയ്യപ്പെട്ട പോലീസ് ആക്രമണത്തിലൂടെ ജന്മികളിൽ നിന്നും മോചിപ്പിക്കപ്പെട്ട കൃഷിഭൂമി അവർക്ക് തിരിച്ചു നൽക്കുവാൻ കേന്ദ്ര സർക്കാർ വേണ്ടതെല്ലാം ചെയ്തു. ഇത്തരത്തിൽ മറ്റു സമരങ്ങൾ രാജ്യത്തെ വിവിധ ഇടങ്ങളിൽ നടന്നു. (ബംഗാളിൽ നടത്തിയ തെഭാഗാ സമരം). തിരുകൊച്ചി സംസ്ഥാനത്ത് അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് സർക്കാരിന്‍റെ നിലപാടുകൾ (പറവൂർ ടികെ മുഖ്യമന്ത്രി കമ്യൂണിസ്റ്റ് പ്രവർത്തകർക്ക് എതിരായി നടത്തിച്ച വലിയ അടിച്ചമർത്തലുകൾ) കേരളത്തിൽ കോൺഗ്രസ് ജന്മിത്ത പക്ഷ നിലപാടുകൾ എടുക്കുന്നു എന്ന തോന്നൽ ഉണ്ടാക്കി.
സായുധ വിപ്ലവം തന്നെ വേണമെങ്കിൽ നടപ്പിലാക്കുവാൻ മടിക്കില്ല എന്ന കമ്യൂണിസ്റ്റ് പ്രഖ്യാപനങ്ങൾക്ക് തടയിടുവാൻ അവർ മുന്നോട്ട് വെയ്ക്കുന്ന സോഷിലിസത്തിലേയ്ക്ക് ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കുവാൻ കോൺഗ്രസ് തയ്യാറാണെന്ന അവരുടെ 56ലെ പ്രഖ്യാപനം യഥാർത്ഥത്തിൽ കമ്യൂണിസ്റ്റുകാർക്കൊപ്പം നിൽക്കുന്നവരെ തങ്ങളിലേയ്ക്ക് അടിപ്പിക്കുവാൻ സഹായിക്കുന്ന സമീപനമായിരുന്നു. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തും എന്ന് കരുതിയ നാടായിരുന്നു ആന്ധ്രാപ്രദേശ്. എന്നാൽ അന്പതുകളിലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഉണ്ടായ തിരിച്ചടി വലിയ ക്ഷീണം ഉണ്ടാക്കുന്നതായിരുന്നു. കമ്യൂണിസ്റ്റ് മുന്നേറ്റം കേരളത്തിലും തിരിച്ചടികൾക്ക് വിധേയമാകും എന്ന് കോൺഗ്രസ്സ് കരുതി വന്ന കാലത്താണ് കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് 57ൽ നടക്കുന്നത്. താരതമ്യേന കോൺഗ്രസ് ശക്തമായിട്ടുള്ള തിരുവിതാംകൂറിനും കൊച്ചിക്കും ഒപ്പം മലബാർ കൂടി ചേർന്നാലും കമ്യൂണിസ്റ്റുകളെ തോൽപ്പിക്കാൻ കഴിയും എന്ന് കോൺഗ്രസുകാർ കരുതിയതിൽ തെറ്റ് കാണുവാൻ കഴിയുകയില്ല.
ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസ് മുന്നോട്ടു വെച്ച ഭൂപരിഷ്ക്കരണം, തൊഴിലില്ലായ്മപ്രശ്നം, ജനാധിപത്യ സംരക്ഷണം തുടങ്ങിയ വിഷയത്തിൽ കോൺഗ്രസ് പിൽക്കാലത്ത് കൈകൊണ്ട സമീപനത്തെ ശക്തമായി എതിർക്കുവാൻ കമ്യുണിസ്റ്റ് പാർട്ടി മുന്നിൽ ഉണ്ടായിരുന്നു. തിരുകൊച്ചിയിലും മലബാറിലും കോൺഗ്രസ് സർക്കാർ (രാജാജി) എടുത്ത സമീപനങ്ങൾ പലപ്പോഴും അടിച്ചമർത്തലുകൾ കൊണ്ട് വാർത്തകൾ സൃഷ്ടിച്ചു. 1939ൽ മലബാർ കുടിയായ്മ അന്വേഷണ കമ്മിഷനെ (കോഴിപ്പുറത്ത് മാധവമേനോൻ നേതൃത്വം കൊടുത്ത) മദ്രാസ് സർക്കാർ നിയമിച്ചു. അതിൽ അംഗമായിരുന്ന ഇഎംഎസ്അടക്കം മൂന്നംഗങ്ങൾ പാട്ടം കുറയ്ക്കുക, ഒഴിപ്പിക്കൽ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. (ഈ മൂന്ന്‍ പേരും സോഷ്യലിസ്റ്റു കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു) അത് പിൽക്കാലത്ത് മലബാറിൽ നടപ്പിൽ കൊണ്ടുവരുവാൻ മദ്രാസ് സംസ്ഥാനത്തെ കോൺഗ്രസ് ഭരണം തയ്യാറായി. രാജ്യത്തെ ഒന്നാം പഞ്ചവത്സര പദ്ധതി (51−56)യെ പറ്റിയുള്ള വിമർശനങ്ങൾ കമ്യൂണിസ്റ്റുകൾ ഉയർത്തികൊണ്ടുവന്നു. ഒന്നാം പദ്ധതിയിൽ തുടങ്ങിയ വൻകിട പദ്ധതികളായ ഭക്രാനങ്കൽ, ദാമോദർ വാലി, ഹിരാക്കുഡ് കാർഷിക രംഗത്ത് ഉത്പാദനം വർദ്‍ധിപ്പിച്ചു എങ്കിലും അതിനു തൊഴിലില്ലായ്മ കുറക്കുവാൻ കഴിഞ്ഞില്ല. ഒപ്പം കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായ വിലകിട്ടാത്തതിനാൽ ഉത്പാദനം വർദ്‍ധിച്ചിട്ടും ജനങ്ങളുടെ വരുമാനവും അതുവഴി വാങ്ങൽ ശേഷിയും കൂടിയില്ല എന്ന് കമ്യുണിസ്റ്റ് പാർട്ടി അവകാശപെട്ടു. അതുകൊണ്ട് രണ്ടാം പദ്ധതിയും ലക്ഷ്യം കാണില്ല എന്നവർ വാദിച്ചു. കേരളത്തിന്‍റെ ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ കമ്യുണിസ്റ്റ്കളെ അധികാരത്തിൽ കൊണ്ടുവരണം എന്നായിരുന്നു കമ്യുണിസ്റ്റ് പാർട്ടി പ്രചരിപ്പിച്ചത്.
കേരളനിയമസഭയിൽ ആകെയുള്ള 126 അംഗങ്ങളിൽ കമ്യുണിസ്റ്റ് പാർട്ടിക്ക് 60 അംഗങ്ങളും കോൺഗ്രസ്സിനു 43ഉം പ്രജാപാർട്ടിക്ക് 9ഉം മുസ്ലിംലീഗിന് 8ഉം മറ്റു സ്വതന്ത്രരും ഉണ്ടായിരുന്നു. അങ്ങനെ 5 ഇടതു സ്വതന്ത്രരുടെ പിന്തുണയോടെ സിപിഐ ഇഎംഎസ് നേതൃത്വം കൊടുക്കുന്ന 11 അംഗ മന്ത്രിസഭ 57 ഏപ്രിൽ അഞ്ചിന് അധികാരത്തിൽ എത്തി. ആദ്യ മുഖ്യമന്ത്രി നടത്തിയ റേഡിയോ പ്രസംഗത്തിൽ, തങ്ങൾ നടപ്പിൽ വരുത്തുവാൻ ശ്രമിക്കുന്നത് കമ്യുണിസ്റ്റ് പാർട്ടി നയപരിപാടികൾ അല്ലാ എന്നും കോൺഗ്രസ് സ്വാതന്ത്ര്യ സമരകാലത്ത് പറഞ്ഞു വന്നതും എന്നാൽ നെഹ്‌റുവിന്‍റെ സർക്കാരും മറ്റും നടപ്പിൽ വരുത്തുവാൻ മടിച്ചു നിൽക്കുന്നതുമായ കാര്യങ്ങൾ ആണെന്ന് ജനങ്ങളെ അറിയിച്ചു. അധികാരത്തിൽ എത്തിയ ഉടനെ തന്നെ സർക്കാർ കുടി ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ് പുറപ്പെടുവിച്ചു. കേരളത്തിലെ സാധാരണക്കാർ നിരവധി ദശകങ്ങളായി ആഗ്രഹിച്ചു വന്ന പല ആവശ്യങ്ങളും അംഗീകരിക്കുന്ന നിരവധി തീരുമാനങ്ങൾ എടുക്കുവാൻ സർക്കാർ മുതിർന്നു വിദ്യാഭ്യാസ ബിൽ അത്തരത്തിലുള്ള ഒന്നായിരുന്നു.
കാർഷിക ബില്ലിൽ ഭൂമി കുടിയായ്മകാർക്ക്, ഭൂമിയുടെ അളവിന് പരിധി (വ്യക്തികൾക്ക് 12 ഏക്കർ കുടുംബത്തിന് 15 ഏക്കർ) മിച്ച ഭൂമി ഭൂരഹിതർക്ക് തുടങ്ങിയ നിർദേശങ്ങൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസം ബില്ലിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചൂഷണം അവസാനിപ്പിക്കൽ, എയ്ഡഡ്സ്കൂൾ അദ്ധ്യാപന നിയമനം സർക്കാർ നിയന്ത്രണത്തിൽ, സ്കൂൾ കുട്ടികളുടെ ഫീസ് പിരിക്കുവാൻ സർക്കാരിനവകാശം മുലതലായവ വളരെയധികം ചർച്ചകൾക്ക് ഇടം ഉണ്ടാക്കിയ തീരുമാനങ്ങൾ ആയിരുന്നു. ഈ രണ്ടു തീരുമാനങ്ങളും നമ്മുടെ നാട്ടിലെ ജൻമികളെയും വിദ്യാലയങ്ങൾ നടത്തിവരുന്ന കത്തോലിക്കാ സഭയേയും അസ്വസ്ഥമാക്കി. ഭൂപരിഷ്ക്കരണം ജന്മിമാരെ വല്ലാതെ ചൊടിപ്പിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം കുടിയാന് ലഭിക്കുന്ന തീരുമാനത്തിന്‍റെ ഗുണം ലഭിക്കുന്നവരിൽ നല്ലൊരു പങ്കും ഈഴവ സമൂഹത്തിനൊപ്പം ക്രിസ്ത്യൻ വിഭാഗക്കാരുമായിരുന്നു. കമ്യുണിസ്റ്റുകൾ ദേവാലയങ്ങൾ പൊളിച്ചു കളയുന്നവരും വിശ്വാസങ്ങളെ എതിർക്കുന്നവരും ആണെന്ന് വ്യാപകമായി പ്രച്ചരിപ്പിക്കപെട്ടു. ആ പ്രചരണത്തിൽ ഇസ്ലാം വിശ്വസികളിൽ ഒരുകൂട്ടരും ചേർന്നു. (മുസ്ലിം ലീഗും) കമ്യുണിസ്റ്റ് ഭരണം ഉണ്ടാകുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഈഴവ (തീയ) സമുദായത്തിലെ പ്രമാണിമാരിൽ നല്ല പങ്കും കോൺഗ്രസ് നേതാക്കൾ ആയിരുന്നു. ഉദയഭാനൂ, ആർ. ശങ്കർ തുടങ്ങിയവർ കമ്യുണിസ്റ്റ് മന്ത്രിസഭയെ എതിർക്കുവാൻ അവസരങ്ങൾക്കായി കാത്തിരിക്കുക സ്വാഭാവികമാണ്. കേരളത്തിലെ കോൺഗ്രസ് ക്രിസ്ത്യാനികളുടെ പാർട്ടിയാണ് എന്ന ശങ്കർ-മന്നം ധാരണയ്ക്ക് ഒപ്പം ശബരിമല ക്ഷേത്ര തീവെപ്പിന്‍റെ വിവരങ്ങൾ പുറത്തു കൊണ്ടുവരും എന്ന കമ്യുണിസ്റ്റ് പ്രഖ്യാപനം മന്നത്ത് പദ്മനാഭനെ കമ്യുണിസ്റ്റ് പാർട്ടിക്കനുകൂലമാക്കി. എന്നാൽ ഇവരെല്ലാം മുഴുത്ത കമ്യുണിസ്റ്റ് വിരോധികൾ ആണ് എന്നതിനാൽ കമ്യുണിസ്റ്റ് സർക്കാരിനെതിരായി ജനകീയ സമരങ്ങൾ ആരംഭിക്കുവാൻ അവസരം ഉണ്ടായപ്പോൾ സജീവമായി.ദളിത് വിഭാഗങ്ങൾ ഒറ്റകെട്ടായി കമ്യുണിസ്റ്റ് പാർട്ടിക്കൊപ്പം തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും നിലയുറപ്പിച്ചു.
കമ്യുണിസ്റ്റ് സർക്കാർ പോലിസ് നയത്തിൽ പ്രകടിപ്പിച്ച അഭിപ്രായം (കൃഷനയ്യർ) ജൻമിമരേയും മറ്റു പ്രമാണിമാരെയും ചൊടിപ്പിച്ചു. പോലിസ് തൊഴിൽ സമരങ്ങളിൽ ഇടപെടരുത് (ക്രമസമാധാന പ്രശ്നം ഇല്ലെങ്കിൽ) എന്ന പ്രാഖ്യപനം ഒരു വിഭാഗത്തിന് വലിയ ആശ്വാസം നൽകി എങ്കിൽ പണക്കാരും സമൂഹത്തിൽ അധികാര കേന്ദ്രങ്ങളുമായി അടുത്ത് നിൽക്കുന്നവരെ ആ വാർത്ത സന്തോഷിപ്പിച്ചില്ല. ഒപ്പം തന്നെ പോലീസ്സുകരെ പാർട്ടി നേരിട്ട് നിയന്ത്രിക്കുന്നു എന്നാരോപണം ശക്തമായി ഉന്നയിക്കുവാൻ കമ്യുണിസ്റ്റ് ഇതര ചേരിക്കാർ മുന്നിൽ ഉണ്ടായിരുന്നു. അതിനു സഹായകരമാകുന്ന ചില സംഭവങ്ങളും ഉണ്ടായിരുന്നു. ഇതിനൊപ്പം ആർഎസ്പി നടത്തിയ കശുവണ്ടി തൊഴിൽ അവകാശ സമരത്തിൽ രണ്ടു തൊഴിലാളികൾ രക്തസാക്ഷിയാകേണ്ടി വന്നതും മൂന്നാറിൽ ഇടതു തൊഴിലാളികൾ നടത്തിയ ബോണസ്സ് ആവശ്യങ്ങൾ ഉയർത്തി നടത്തിയ സമരത്തെ പോലിസ് വെടിവെച്ച് തൊഴിലാളികൾക്ക് ജീവൻ നഷ്ടപെടേണ്ടി വന്നതും സർക്കാരിനെ പറ്റിയുള്ള തൊഴിലാളികളുടെ തന്നെ മതിപ്പ് കുറയുവാൻ കാരണമായി. (അത്തരം വെടിവെപ്പുകളെ ന്യായീകരിക്കുവാൻ പാർട്ടി സംസ്ഥാന സമിതി എടുത്ത തീരുമാനം പലരുടെയും നെറ്റി ചുളുപ്പിച്ചു.
വിദ്യാഭ്യാസ ബില്ലിനെ ആദ്യം എതിർത്തവരിൽ കോഴിപ്പുറത്ത് മാധവമേനോൻ ഉണ്ടായിരുന്നു (കെപിസിസി അദ്ധ്യക്ഷൻ). ഒപ്പം മന്നത്ത് പദ്മനാഭൻ, സികെ ഗോവിന്ദൻ നായർ, കുട്ടിമാളു എന്നിവർ രംഗത്ത് വന്നു. കത്തോലിക്കാ സഭ ബില്ല് അവതരിപ്പിച്ച 57 ജൂലൈ 7 മുതൽ തന്നെ വന്പൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. പള്ളിക്കൂടം പള്ളി വക എന്നായിരുന്നു മുദ്രവാക്യം. കത്തോലിക്കാ സഭ നേരിട്ട് ക്രിസ്റ്റഫർ സേന എന്ന പേരിൽ ചെറുപ്പക്കാരെ അണിനിരത്തി സ്വകാര്യ സമര ഭടന്മാരെ രംഗത്ത് ഇറക്കി. കോട്ടയത്ത് നിന്നും മാത്രം 15000 ആളുകളെ കണ്ടെത്തി. ഇതിനിടയിൽ ദേവികുളം ഇടക്കാല തെരഞ്ഞെടുപ്പിൽ ദിവസ കൂലിക്ക് കമ്യുണിസ്റ്റ് വിരുദ്ധ പ്രചാരകരെ രംഗത്ത് ഇറക്കുവാൻ കാത്തോലിക്ക സഭ മടിച്ചില്ല. എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്്യു നടത്തിയ സമരങ്ങൾ (കെഎസ്്യു രൂപീകരണം 1957 മെയ് 30) അതിന്‍റെ ഭാഗമായി ട്രാൻസ്പോർട്ട് തൊഴിലാളികളുമായി ഉണ്ടായ ഏറ്റുമുട്ടൽ വിദ്യാർത്‍ഥികളിൽ ഒരു വിഭാഗത്തെ സർക്കാർ വിരുദ്ധ സമരത്തിൽ സജ്ജീവമാക്കി. അതിനു എല്ലാ പിന്തുണയും കൊടുക്കുവാൻ ശ്രീകണ്ഠൻ നായർ ഉൾപ്പെടയുള്ള ഇടതു ധാരയിൽ ഉള്ളവരും ഉണ്ടായിരുന്നു. സാഹിത്യ രംഗത്തെ പ്രധാനിയായിരുന്ന എം. ഗോവിന്ദൻ, നാടക രംഗത്തെ പുരോഗമന ആശയങ്ങളുടെ ചേരിയിൽ നിന്നിരുന്ന സിജെ തോമസ്, ജനകീയ നാടകങ്ങളുടെ പ്രതിനിധി എൻഎൻ പിള്ള തുടങ്ങിവർ സർക്കാർ വിരുദ്ധ പ്രചരണത്തിൽ ഉണ്ടായിരുന്നു. അങ്ങനെ കമ്യുണിസ്റ്റ് സർക്കാരിനെ താഴെ ഇറക്കേണ്ട സമരത്തിൽ കുളത്തുങ്ങൽ കുടുംബവും മങ്കൊന്പ് പട്ടരും മുതൽ സിപി ഭക്തരും കത്തോലിക്കാ സഭയും (വൈ
കിയാണെങ്കിലും) മുസ്ലിം ലീഗും കോൺഗ്രസ് നേതാക്കളും ആർഎസ്പി എന്ന ചുവപ്പൻ പാർട്ടിയും ബുദ്ധിജീവികളിൽ ഒരു വിഭാഗവും വിദ്യർത്ഥി കോൺഗ്രസും അണിചേർന്നു. പത്രങ്ങളിൽ പ്രമുഖരായ പത്രങ്ങൾ ഇടതടവില്ലാതെ മന്ത്രിസഭക്കെതിരായി പ്രചാരണം അഴിച്ചു വിട്ടു. കേരള ധ്വനി എന്ന പത്രം തന്നെ കമ്യുണിസ്റ്റ് വിരുദ്ധ പ്രചരണത്തിനായി ആരംഭിച്ചു.
കേരളത്തിൽ ജനാധിപത്യത്തിലൂടെ അധികാരത്തിൽ എത്തിയ സർക്കാർ തുടരുന്നത് ഏഷ്യൻ രാജ്യങ്ങളിൽ കമ്യുണിസ്റ്റ് അനുകൂല രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കും എന്ന് അമേരിക്ക പരസ്യമായി അഭിപ്രയം പ്രകടിപ്പിച്ചു. പെന്തകൊസ്തു സഭക്കും കത്തോലിക്കാ സഭക്കും മറ്റും പണം നൽകുവാൻ സാമ്രാജ്യത്വം തയ്യാറായി. (Mincenty Foundation, ford foundationഒക്കെ പണം ഒഴുക്കുവാൻ സഹായിച്ചു) പിൽക്കാലത്ത് പാട്രിക് മൊയീൻ ഖാൻ തന്‍റെ ജീവിത ചരിത്ര രേഖയിൽ അത് വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കൻ എംബസ്സി ഉദ്യോഗസ്ഥൻ ഡെന്നിസ് കുക്ക് “തെറ്റിയകന്ന ജനാധിപത്യ രാഷ്ട്രങ്ങൾ” എന്ന ഗ്രന്ഥത്തിൽ ഇതു സൂചിപ്പിക്കുന്നു. അമേരിക്കൻ രാഷ്ട്രീയം ഇത്തരത്തിൽ ലോകത്താകെ നടത്തിയ അട്ടിമറികൾ പിൽക്കാലത്ത് നിരവധി സാമൂഹിക ദുരിതങ്ങൾക്ക് ഇടം നൽകി എന്ന് ഇവിടെ ഓർക്കേണ്ടതുണ്ട്. കമ്യുണിസ്റ്റ് വിശ്വാസികളെ പള്ളികളിൽ നിന്നും പുറത്താക്കൽ (മഹറോൻ) സജ്ജീവമാക്കി. കമ്യുണിസ്റ്റ് അനുഭാവികളെ പട്ടാളത്തിലും കേന്ദ്ര സർവ്വീസിലും എടുക്കുന്നതിൽ വിലക്ക് വ്യപകമായിരുന്നു. അങ്ങനെ കമ്യുണിസ്റ്റ് മന്ത്രി സഭയെ മാത്രമല്ല കമ്യുണിസ്റ്റ് വിശ്വാസികളെ തന്നെ ഒറ്റപെടുത്തി തകർക്കുന്നതിന് എല്ലാ മത−ജാതി പ്രമാണികളും ഒന്നിച്ചു എന്ന് ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാം.
സംസ്ഥാനത്തെ ജാതി മത ശക്തികളും കമ്യുണിസ്റ്റ് വിരുദ്ധ പാർട്ടികളും ഒന്നിച്ചു നടത്തിയ പ്രചരണങ്ങൾ നിരന്തര സമരമായി ആരംഭിച്ചത് 1959ൽ ആണ്. ജൂൺ ഒന്ന് മുതൽ ജൂൺ 11 വരെ തയ്യാറെടുപ്പ് ഘട്ടമായിരുന്നു. ജൂൺ 12ന് നെഹ്‌റു കേരളം സന്ദർശിക്കുന്നു. സ്കൂൾ അടപ്പ് സമരം അതേമാസം 12 മുതൽ. ജൂൺ 22 മുതൽ ജൂലൈ 20 വരെ സമര ഘട്ടം (mass histeeria ഉണ്ടാക്കുവാൻ ശ്രമം) ജൂലൈ20 മുതൽ ജൂലൈ 31 വരെ സ്തംഭന ഘട്ടം. ഇതിനിടയിൽ വിമോചന സമരക്കാരും പോലീസും തമ്മിൽ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി. ജൂൺ 13ലെ അങ്കമാലി വെടിവെപ്പ്, ജൂൺ 15 പുല്ലുവിളയിലും വെട്ടുകാട്ടിലും ജൂലൈ 3 ചെറിയ തുറയിലും ഉണ്ടായ വെടിവെപ്പ് ക്രമസമാധാനം കൂടുതൽ കലുഴിതമാക്കി. എല്ലാം മുൻകൂട്ടി സംഭവിക്കും പോലെ ജൂലൈ അവസാന ദിവസം ഭൂരിപക്ഷം ഉള്ള സർക്കാരിനെ കേന്ദ്രം പിരിച്ചു വിടുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യമായി ഭൂരിപക്ഷം ഉള്ള സർക്കാരിനെ കേന്ദ്രത്തിനു പ്രത്യേകം നൽകിയ അവകാശം ഉപയോഗിച്ച് പിരിച്ചു വിടുന്നു. (356ാം വകുപ്പ്) പിൽക്കാലത്ത് അതിനെ വീണ്ടും വിവിധ ദേശീയ സർക്കാരുകൾ ദുരുപയോഗം ചെയ്തു എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.
കേരളത്തിൽ വിമോചന സമരത്തിനു നേതൃത്വം കൊടുത്ത മന്നവും സിഎച്ച് മുഹമ്മദ് കൊയയും പി.ടി ചാക്കോയും വടക്കൻ അച്ഛനുംMoral rearrengment Movementആസ്ഥാനത്തേയ്ക്ക് ക്ഷണിക്കപെട്ടു. (സ്വിറ്റ്സർലന്റ്) അവരുടെ യാത്രകൾ പിൽക്കാലത്ത് യാത്രാവിവരണ പുസ്തകമായി പുറത്തു വന്നു. ലോകത്ത് ആദ്യം ബാലറ്റിലൂടെ അധികാരത്തിൽ എത്തിയ ഗയാനയിൽ കമ്യുണിസ്റ്റ് വിരുദ്ധ പ്രചരണം നടത്തുവാൻ കേരളത്തിലെ വിമോചന സമര നായകർ പോയിരുന്നു എന്ന വാർത്തയിൽ നിന്നും കേരളത്തിൽ അരങ്ങേറിയ കമ്യുണിസ്റ്റ് വിരുദ്ധ സർക്കാർ സമരത്തിലെ അമേരിക്കൻ താൽപര്യങ്ങൾ വെളിവാക്കുന്നു. ഇഎംഎസ് മന്ത്രിസഭ 847 ദിവസങ്ങൾക്കു ശേഷം അധികാരം ഒഴിഞ്ഞു. എന്നാൽ ആ മന്ത്രിസഭയെ അട്ടിമറിക്കുവാൻ നടത്തിയ കൂട്ടുകെട്ടുകൾ ഒട്ടേറെ അപകടകരമായ പ്രവണതകളിലേയ്ക്ക് കേരളത്തെ എത്തിച്ചു. ജാതിയും മതവും തെറ്റായ വികസന നിലപാടുകളും കേരളത്തിൽ കുടപിടിക്കുവാൻ അത് അവസരം ഒരുക്കി.
60 വർഷം പിന്നിടുന്പോൾ കേരളത്തിൽ മറ്റൊരു കമ്യുണിസ്റ്റ് സർക്കാരും അധികാരത്തിൽ വന്നില്ല എന്ന് അംഗീകരിക്കാം. എന്നാൽ പിൽക്കാലത്ത് അധികാരത്തിൽ എത്തിയ 67 മുതലുള്ള ഇടതു സർക്കാർ ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭയുടെ തീരുമാനങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുവാൻ മടിച്ചിരുന്നു എന്നത് കാണാം. 60 വർഷങ്ങൾക്ക് മുന്‍പ് എടുത്ത തീരുമാനങ്ങളിൽ നിന്നും ഒളിച്ചോടുന്നു എന്ന് പറയുവാൻ കമ്യുണിസ്റ്റ് പാർട്ടികൾ നിരവധി അവസരങ്ങൾ ഉണ്ടാക്കുന്നു എന്നത് ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി ഇന്നനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം കൂടുതൽ വർദ്ധിപ്പിക്കും. അത് കേരളത്തിനും ഇന്ത്യൻ ഇടതു പക്ഷ രാഷ്ട്രീയത്തിനും കൂടുതൽ കുടുതൽ അപകടങ്ങൾ വരുത്തിവെയ്ക്കും.