മീഡിയ ആക്റ്റിവിസത്തിന്റെ മറവിലെ നികൃഷ്ടമായ കച്ചവട മനസ്സ്
ഇ.എ സലിം
പൊതുവെ തായ്‌വേരിന് ആഴവും കനവുമുണ്ടെന്ന് എല്ലാവരും കരുതിയിരുന്ന ഒരു മന്ത്രിയായ എ.കെ ശശീന്ദ്രനാണ് മാധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും പുതിയ അടവ് കേരള സമൂഹത്തിൽ തീർത്ത വൻ ചുഴിയിലും മലരിയിലും പെട്ട് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകിപ്പോയത്. ആദർശ നിഷ്‌ഠയുള്ളതെന്നും കളങ്കരഹിതമായതെന്നും പൊതുമണ്ധലത്തിൽ പ്രതീതി ജനിപ്പിക്കുന്നതിലും അത് പുലർത്തുന്നതിലും വിജയിയായി രാഷ്ട്രീയത്തിൽ തൻ്റെ സാന്നിധ്യം ഉറപ്പിച്ചിരുന്ന പ്രായം എഴുപതു കഴിഞ്ഞ ഒരു നേതാവിന്റെ അഞ്ചര ദശകങ്ങളിലെ പൊതുജീവിതമാണ് ക്ഷണനേരത്തിൽ പൊലിഞ്ഞു പോയത്. പാലം പണിയുന്പോൾ തൂണിനു ബലം നൽകാൻ മനുഷ്യച്ചോര കുരുതിയായി നൽകാറുണ്ടെന്ന് പറഞ്ഞു കേൾക്കുന്നത് പോലെ പുതിയതായി തുടങ്ങിയ മംഗളം ചാനലിൽ വാർത്തകൾ ചുട്ടെടുക്കുന്ന അടുപ്പു കല്ലിനു മഹാബലം കിട്ടാൻ ആദ്യവാർത്തയിൽ തന്നെ ഒരു മന്ത്രിക്കുരുതി ഏർപ്പാടാക്കി. ഇനിയും പലതും കൈയിൽ ഉണ്ടെന്നും കൂടുതൽ പേരെ വീഴ്ത്തുവാൻ കോപ്പ് കൂട്ടിയിട്ടുണ്ടെന്നും പ്രചരിപ്പിച്ച് കാമിക്കാൻ ശേഷിയുള്ളവരെ ആകെയും ഭീതിയുടെ നിഴലിലാക്കി. തന്റേതായി എന്താണിനി വരാൻ പോകുന്നതെന്നു നാട്ടിലെ പ്രമാണിമാരിൽ ആശങ്ക ജനിപ്പിക്കുകയും ഈ വിധം പൊതുജനസേവനം തങ്ങൾ തുടരുക തന്നെ ചെയ്യുമെന്ന് ഒരാഴ്‌ചക്കാലം ആ ചാനൽ കേരളത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ചാനലിനും ദശകങ്ങൾക്ക് മുന്നേ ആ സ്ഥാപനം അച്ചടിക്കച്ചവടത്തിലെ ലാഭമെല്ലാം കൊയ്തെടുക്കാൻ സമാനമായ വ്യാപാരതന്ത്രങ്ങൾ പയറ്റി തന്നെയാണ് വേരു പിടിച്ചതും മലയാള മണ്ണിൽ ഉറച്ചതും. വാരികയെന്നു അവർ വിളിച്ചിരുന്ന ആ കടലാസു കെട്ടിനെ വീട്ടിൽ കയറ്റരുതെന്നും കുട്ടികൾ കാണരുതെന്നും ആ വാരികയെ വിമർശിക്കുവാൻ വേണ്ടി മറ്റുള്ളവർ പറയുമായിരുന്നു. സംഗതി വളർന്നു ചാനൽ ആയി മാറിയപ്പോൾ അവർ തന്നെ പറഞ്ഞു അവരുടെ ആദ്യവാർത്ത തന്നെ കുട്ടികളെ കേൾപ്പിക്കരുതെന്ന്. പൊടുന്നനെ അങ്ങിനെ പറയുകയും അതിന്റെ തുടർച്ചയായി രതി സംഭാഷണം കേൾപ്പിക്കുകയും ചെയ്യുന്പോൾ കേരളത്തിലെ ഭവനങ്ങളിൽ പുത്തൻ ചാനലിന്റെ ഉദ്‌ഘാടന കൗതുകവുമായി ടിവിപ്പെട്ടിയിൽ കണ്ണും നട്ടിരിക്കുന്ന അച്ഛനമ്മമാരും മുതിർന്നവരും എന്ത് ചെയ്യണമെന്നാണ് മാധ്യമ വിശാരദൻ കരുതിയിട്ടുണ്ടാവുക എന്നു സങ്കൽപ്പിച്ചു നോക്കുന്നത് കൗതുകകരമായിരിക്കും. പൈങ്കിളി എന്നു വാഴ്ത്തപ്പെട്ട വാരികയിലൂടെ മൃദു രതിയും സമാന കലാപരിപാടികളും വിക്ഷേപിച്ചു കൊണ്ട് മാധ്യമ രംഗത്ത് കാലൂന്നിയവർ ഒരു ചാനലിനു വേണ്ടത്ര മൂലധനം സംഘടിപ്പിച്ചു കഴിഞ്ഞപ്പോൾ ബോധപൂർവം കരുക്കളും കെണിയുമൊരുക്കി അഭിസാരികയെ വേഷം കെട്ടിച്ചു സമയവും അദ്ധ്വാനവും മുതൽ മുടക്കി ഉൽപ്പാദിപ്പിച്ച കാമവർത്തമാനം വീട്ടകങ്ങളിലേക്കു പ്രക്ഷേപിച്ചുവെന്നത് സ്വാഭാവിക പരിണിതിയാണ്.
രണ്ടു ഐക്യമുന്നണികളുടെ രണ്ട് ചേരികൾ ഊഴം അനുസരിച്ച് ഭരണത്തിലും പ്രതിപക്ഷത്തും മാറി മാറി ഇരിക്കുക എന്നത് ഒരു കേരള രാഷ്ട്രീയ രീതി ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രവർത്തനം കരിയർ ആയിത്തിരുകയും മത്സരങ്ങൾ പാർട്ടികളുടെ ഉള്ളിൽ മാത്രമായി ചുരുങ്ങുകയും ചെയ്തു. അടുത്ത തവണ ഭരണാവസരം വരുന്പോൾ സ്വന്തം പാർട്ടിയിലെ എതിരാളി തൻ്റെ സ്ഥാനാരോഹണത്തിനു തടസമോ എതിരോ ആകാത്ത തരത്തിൽ സ്വന്തം പാർട്ടിയിലെ തന്നെ എതിരാളിയെയോ എതിർ സംഘത്തെയോ കൈകാര്യം ചെയ്യുക, തോൽപ്പിക്കുക, വരുതിയിൽ കൊണ്ടു വരിക എന്നതിനപ്പുറം ഒരു പാർട്ടി പരിപാടിയും ആർക്കും നടത്താനില്ല. വ്യക്തിപരമായ അജണ്ടയിലേക്ക് രാഷ്ട്രീയപ്രക്രിയ ചുരുങ്ങിയത് എല്ലാ പാർട്ടികളുടെയും സ്വഭാവം ആയിരിക്കുന്നു. ഭരണത്തിലെയും പ്രതിപക്ഷത്തെയും ഒന്നിടവിട്ടുള്ള തുടർച്ച രണ്ട് ഐക്യമുന്നണികളിളെയും പാർട്ടികളിൽ നിന്നും സമരവീര്യം ചോർത്തിക്കളയുവാനല്ലാതെ മറ്റൊന്നിനും വഴിതെളിച്ചില്ല. കേരളത്തിലെ രാഷ്ട്രീയ പ്രക്രിയയുടെ അവസ്ഥാന്തരവും അത് ഇന്നു എത്തിനിൽക്കുന്ന ജഡാവസ്ഥയും സൃഷ്ടിച്ച സ്വാഭാവികമായ ഇതര മാർഗ്ഗമാണ് മലയാളത്തിലെ മീഡിയ ആക്ടിവിസം. മത −സാമുദായിക അടിസ്ഥാനങ്ങളിലോ പ്രബല ട്രേഡ്് യൂണിയനുകളിലൂടെയോ സംഘടിച്ചവരുടെ സമ്മർദ ശക്തിയോ വില പേശാനുള്ള കഴിവോ ഇല്ലാത്ത മുഴുവൻ ജനവിഭാഗങ്ങൾക്കും അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യങ്ങൾക്കു വേണ്ടി പോലും നിലപാട് സ്വീകരിക്കാനോ അവർക്ക് വേണ്ടി പ്രതിരോധമുയർത്തുവാനോ നേതൃത്വം നൽകുവാനോ ആരുമില്ലെന്നായ ഇടങ്ങളാണ് മീഡിയ ആക്ടിവിസത്തിന്റെ കളി നിലങ്ങളായത്. നാട്ടിൽ എന്പാടും ഉയർന്നുവന്ന നിരവധി ചാനലുകൾ നില നിൽപ്പിനായും പരസ്പരവും നടത്തുന്ന മത്സരങ്ങൾ ആ പ്രക്രിയയ്ക്കു രാസ തരംഗങ്ങളാകുകയും ഫലത്തിൽ മീഡിയ ആക്റ്റിവിസം നിരന്തരമായ ജനപക്ഷ − പ്രതിപക്ഷ പ്രവർത്തനം ആയി പരിണമിക്കുകയും ചെയ്തു. സത്യാന്വേഷണം മീഡിയയുടെ കർമ്മമണ്ധലമായി. ഇത് ബോധ പൂർവമായ ഒരു സംഘാടനത്തിന്റെ ഫലമായോ താത്വികമായ നിർവചനങ്ങൾക്ക് വിധേയമായോ സംഭവിച്ചതല്ല. ഒരു കേന്ദ്രികൃത ധൈഷണിക നേതൃത്വമോ ബൗദ്ധിക ദിശാ നിർണയങ്ങളോ ആ പ്രതിഭാസത്തെ നയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നുമില്ല. രാഷ്ട്രീയ പ്രക്രിയയുടെ അപചയത്തിൽ നിന്നോ, പരിണാമത്തിൽ നിന്നോ ഉത്ഭവിച്ച ഒരു അവ്യവസ്ഥ ആയി രൂപപ്പെട്ട മീഡിയ ആക്ടിവിസം അതിന്റെ തന്നെ ഭാരവും വ്യാപ്തിയും കാരണം ജനജീവിതത്തിൽ വലിയ പ്രഭാവമുള്ള സ്വാധീന ഘടകമായി. അതിൽ ഏർപ്പെടുന്ന വ്യക്തികളുടെ നൈതികതയും ആദർശ ശുദ്ധിയും മാത്രമാണ് ആ ആക്ടിവിസത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നത് എന്നതാണ് അതിന്റെ പരിമിതി. ഈയാഴ്ചയിലെ സംഭവം വിളിച്ചു പറയുന്നതും അത് ആസൂത്രണം ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്തവരുടെ നൈതികതയുടെയും സുജന മര്യാദയുടെയും സൂചകങ്ങളാണ്.
മീഡിയ ആക്ടിവിസത്തിന്റെ പ്രസാരണ ശേഷി അവരുടെ ഇടയിലെ പരസ്പര മത്സരത്തിന്റെ വായ്ത്തല മുർച്ചയ്‌ക്കു ആനുപാതികമായാണ് വളരുന്നതും തളരുന്നതുമെന്നത് ഈ പ്രതിഭാസത്തിന്റെ ഗുണവും ദോഷവും. ഒരു ജുഡീഷ്യൽ കമ്മീഷന്റെ ഉത്തരവ് പ്രകാരം ആണെങ്കിലും കൊടും തട്ടിപ്പുകാരനും കുറ്റവാളിയുമായ സോളാർ രാധാകൃഷ്ണൻ പറഞ്ഞ വാക്കുകൾക്കു പിന്നാലെ കോയന്പത്തുരിലെ ഒരു ഇടുങ്ങിയ തെരുവിൽ ചേക്കേറിയ മാധ്യമപ്പട ഒരു പീറ പ്ലാസ്റ്റിക് കൂടും ഏതോ വേറെ സാധനങ്ങളും തിരഞ്ഞു തമിഴരുടെ ഉന്തിലും തള്ളിലും ഓളം തള്ളി ആ ചേരിയിൽ നിന്നിരുന്ന കാഴ്ച ഒരു കാർട്ടൂൺ ചിത്രം പോലെ പരിഹാസ്യ മായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ അനാശാസ്യ സി.ഡിയാണ് സോളാർ രാധാകൃഷ്ണൻ വാഗ്ദാനം ചെയ്തത്. ഏറെക്കാലമായി ജയിലിൽ കഴിയുന്ന രാധാകൃഷ്ണൻ അങ്ങിനെയൊരു സ്ഥലത്തെ പൊളിഞ്ഞ പെട്ടിയിൽ നിന്നും അത്രമാത്രം സ്ഫോടന ശേഷിയുള്ള ഒരു സാധനം എടുത്തു കൊടുക്കുന്നതിലെ അസംഭവ്യത പ്രക്ഷേപണത്തിനുള്ള സകല സന്നാഹങ്ങളുമായി ആ തെരുവിൽ തള്ളിയവർക്കു അറിയാത്തതല്ല. മത്സരത്തിന്റെ രൂക്ഷതയാണ് അവരെ ആ സ്ഥിതിയിൽ നിറുത്തിയത്. സവിശേഷ ജ്ഞാനമേഖലകളിലെ വാക്കും വാചകങ്ങളും സാധാരണ ഡിക്ഷണറിയുടെ സാധ്യതകളിൽ മാത്രം നിർവചിച്ചു ‘സ്‌കൂപ്പു’കളും കൗതുക വാർത്തകളും ചമയ്ക്കുന്ന മാധ്യമ ഭടനും മത്സരത്തിന്റെ സമ്മർദത്തിലാണ്. ഈയാഴ്ചയിൽ കേരളം കണ്ട പ്രതിഭാസത്തെ ചിലർ ‘മീഡിയ ടെററിസം’ എന്നു വിളിച്ചു. ഇത് ടെററിസമാണെന്നു കരുതാനും അങ്ങിനെ വിളിക്കാനും ആവില്ല. ബിസിനസ് പങ്കാളിയെ ആവശ്യമുണ്ടെന്നു പരസ്യം ചെയ്ത് ആളുകളെ വലയിലാക്കി ബലം പ്രയോഗിച്ചോ അല്ലാതെ തന്നെയോ സ്ത്രീകളോടൊപ്പം നഗ്ന ചിത്രങ്ങൾ ഉണ്ടാക്കി പിന്നീട് അതുപയോഗിച്ചു സ്വത്തു തട്ടിയെടുക്കുന്ന റാക്കറ്റുകൾ സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഈയിടെ ആയി പോലീസ് പിടിയിൽ ആകുന്നുണ്ടായിരുന്നു. ആ സംഘങ്ങളുടെ അടവിനും തന്ത്രത്തിനും അപ്പുറമൊന്നും ഈ ‘ചാനൽ റാക്കറ്റും’ ചെയ്തിട്ടില്ല.
സോഷ്യൽ മീഡിയയുടെ പ്രതലങ്ങളിൽ ഉന്നതമായ പ്രതിഷേധം ഉയരുകയും അത് കേരളീയ പൊതുമണ്ധലത്തിലാകെ പടർന്നു പിടിക്കുകയും ചെയ്ത കാര്യം അങ്ങേയറ്റം ശുഭാപ്തി വിശ്വാസത്തോടെ കാണാവുന്നതാണ്. ഇടുങ്ങിയ സദാചാര സംഹിത പുലർത്തുന്നവരെ സംബന്ധിച്ച് പൊയ്‌പ്പോയ മന്ത്രിയെ സദാചാര കുറ്റവാളിയായി കാണാവുന്നതേയുള്ളു. അങ്ങിനെ കാണുന്നതാണ് നമ്മുടെ പരക്കെയുള്ള ശീലം. നമ്മിൽ ഭൂരിപക്ഷവും ജീവിക്കുന്നത് തന്നെ മറ്റവന്റെ സദാചാരം നേരെയാക്കുവാനാണ്. എന്നിട്ടും ഈ സംഭവത്തിൽ അടങ്ങിയ ഹീനമായ ചതിയും അധമത്വവും കുത്സിതമായ പദ്ധതി തയ്യാറാക്കലും ഇടത്തരം മലയാളി സദാചാരിയെപ്പോലും നോവിച്ചു. എപ്പോഴുമെന്നപോലെ ബൗദ്ധിക തലം പ്രതിരോധത്തിന്റെ അലകൾക്കു നേതൃത്വം നൽകി. അതിൽ സാഹിത്യ സാംസ്കാരിക നായകരും ധൈഷണിക ഔന്നത്യമുള്ള മാധ്യമ പ്രവർത്തകരും അണിനിരന്നു. ഇതിനു മുന്പും ലൈംഗികമായ അത്യാചാരത്തിൻ്റെ പേരിൽ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടവർ ഉണ്ട്. പക്ഷെ അപ്പോഴെല്ലാം പരാതിക്കാരിയായ ഇര ഉണ്ടായിരുന്നു. മിക്കപ്പോഴും അധികാര വിനിയോഗത്തിൻ്റെ ഭാഗമായ ബന്ധങ്ങളാണ് മന്ത്രി മേലാളനു ഇരയായ പെണ്ണിനോട് ലൈംഗിക ആഭാസത്തരം പ്രവർത്തിക്കുവാൻ അവസരമുണ്ടാക്കിയത്. ഇവിടെ ഇരയായത് മന്ത്രിയാണ്. കൃത്യമായ ഗുഢാലോചനയും ഏറെ നാളത്തെ തയ്യാറെടുപ്പും കുറ്റ കൃത്യത്തിനു പിന്നിൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിലും നമ്മുടെ രാഷ്ട്രീയ നേതൃത്വം പുലർത്തിയ കുറ്റകരമായ നിസ്സംഗത പഠനവിധേയമാക്കേണ്ടതാണ്. പരാതിക്കാരിയായ വീട്ടമ്മയോട് മന്ത്രി ചെയ്തത് എന്നു പറഞ്ഞാണ് ചാനൽ കാമ കീർത്തനം ഒടിച്ച് മടക്കി അവതരിപ്പിച്ചത്. അതുതന്നെ പ്രത്യക്ഷത്തിൽ കുറ്റ കൃത്യമാണ്. നമ്മുടെ നാട്ടിൽ ആണ്ടു നേർച്ച പോലെ ഒരു ആചാരമാണ് ജുഡീഷ്യൽ അന്വേഷണം എന്ന് അറിയുവാൻ ഇന്നോളം പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യൽ അന്വേഷണത്തിന്റെ ചരിത്രം അന്വേഷിച്ചാൽ മതിയാകും. അങ്ങനെയൊന്നു പ്രഖ്യാപിച്ചു ചാനൽ റാക്കറ്റിനെ അവരുടെ പാട്ടിനു വിടുന്നത് പ്രതികരണ ശേഷി തരിന്പെങ്കിലും അവശേഷിക്കുന്നവർക്കു ഉചിതമായ കാര്യമല്ല.
എൺപതുകളിൽ പൈങ്കിളി വാരികകൾ യുവ മനസുകളെ മലിനമാക്കുന്നുവെന്നു പറഞ്ഞു മാടക്കടകളിലെ വാരികാ മാലകളോട് സമരം ചെയ്യുകയും അവയെല്ലാം കത്തിക്കുകയും ചെയ്തവർ ഇന്ന് ഭരണത്തിലും പ്രതിപക്ഷത്തുമായി ഷട്ടിൽ സർവീസിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിലുണ്ട്. അവരും അവരുടെ പ്രസ്ഥാനങ്ങളും ആവിധം പ്രതികരണങ്ങൾ അവസാനിപ്പിച്ചിരിക്കുന്നു. കുറ്റാരോപിതനായ കെ.എം മാണിയെ ബഡ്ജറ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന ആവശ്യവുമായി അസംബ്ലിയിൽ അരങ്ങേറിയ സമരമാണ് അവർ ഒടുവിലായി നടത്തിയത്. പണ്ട് േസ്റ്ററ്റ് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയറ്റ് മന്ദിരത്തിലെ കൊടി മരത്തിൽ സർ സി.പിയുടെ മർദക പോലീസിനെ അതിജീവിച്ചു പതാക ഉയർത്തിയതിന് സമമായിരുന്നല്ലോ തിരുവനന്തപുരത്തെ മിക്കവാറും ജനങ്ങൾ വാച്ച് ആന്റ് ഗാർഡ് വേഷം ധരിച്ച് നിരന്നപ്പോൾ അവരെയും മറികടന്നു സ്‌പീക്കറുടെ കസേര മറിച്ചിട്ടത്. അന്നു സഖിമാരുടെ ഇടയിൽ ഞെരിഞ്ഞമർന്നു നിന്ന മാണിയെ കടക്കണ്ണെറിഞ്ഞു അവതരണാനുമതി നൽകിയ സ്പീക്കറുടേതായിരുന്നു ആ കസേര. ആ വർഷത്തെ ബഡ്ജറ്റ് ഒരു വാക്കിൽ സ്വയംവര മാല്യം പോലെ സ്പീക്കർക്കു ചാർത്തി മധുരം കഴിച്ച് നിൽക്കുന്ന മാണിയെ നമുക്ക് കാട്ടിത്തന്നതും ഈ മാധ്യമങ്ങളായിരുന്നു. പഴയ അതേ പൈങ്കിളി മുത്തശ്ശി വളർന്നു തിടം വെച്ച് ചാനൽ സുന്ദരിയായി അവതരിച്ചു നടത്തിയ ക്ഷുദ്രമായ വാർത്തഭാസത്തിൽ ഒരു അഭിപ്രായവും ഇല്ലാതിരിക്കുന്നത് നാം എവിടെ എത്തി നിൽക്കുന്നുവെന്നതിന്റെ അടയാളമാണ്. കോഴിക്കോട്ടും മറൈൻ ഡ്രൈവിലും കുട്ടികളെ തല്ലുകയും കേരളത്തിലെ ഓരോ ഗ്രാമത്തിലും സദാചാരത്തിന് ഒരു പോറലുമേൽക്കാതിരിക്കാൻ ഉറക്കമൊഴിഞ്ഞു കാവലിരിക്കുകയും ചെയ്യുന്ന സദാചാര ലന്പടന്മാർക്കും ചാനൽ മുറ്റത്തേക്ക് ചൂരൽ വടിയുമായി ഒന്നു പോകാനോ നമ്മുടെയെല്ലാം പൂച്ചക്കുട്ടിയുടെ ചന്തിക്കു ഒരു പെട കൊടുക്കാനോ തോന്നിയില്ല.
ആവനാഴിയിൽ ഇനിയുമുണ്ട് ഇത്തരം ആഗ്നേയാസ്ത്രങ്ങൾ എന്ന് വീന്പു പറഞ്ഞും ബ്ലാക്ക് മെയിൽ ചെയ്തും കഴിയുകയായിരുന്ന ചാനലിന്റെ മേധാവിയ്ക്കു ജ്ഞാനോദയം ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ബോധി വൃക്ഷത്തണലിൽ ആയിരുന്നു. ഇന്നലെ വ്യാഴാഴ്ച അദ്ദേഹത്തിന്റെ ബുദ്ധി തെളിഞ്ഞു. മുതിർന്ന സാംസ്കാരിക നായകർ പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ മനസിലായി. അതിനാൽ അദ്ദേഹം നേരിട്ട് തന്നെയെത്തി ഖേദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഖേദപ്രകടന പ്രകാരം നടന്ന കളി ചാനലിന്റെ ഒരു സ്റ്റിങ് ഓപ്പറേഷൻ ആയിരുന്നു. ലോകത്ത് ഇതപര്യന്തം നടന്ന എല്ലാ സ്റ്റിങ് ഓപ്പറേഷനുകളും ഒരു അഴിമതിയോ രഹസ്യ രേഖയോ വാണിജ്യക്കരാറോ, രാഷ്ട്രീയത്തിലെ പിൻവാതിൽ പരിപാടിയോ, മറച്ചുവെച്ച സത്യമോ വെളിച്ചത്ത് കൊണ്ടുവരുവാൻ വേണ്ടി നടത്തപ്പെട്ടവയാണ്. പക്ഷെ ഇവിടെ ചാനൽ സ്റ്റിങ് ഓപ്പറേഷൻ നടത്തിയത് ‘കസ്റ്റമറെ’ കിട്ടുവാൻ വേണ്ടി മാത്രമായിപ്പോയി. അനവധി മാധ്യമപ്രവർത്തകർ ഏറെ നാളെടുത്ത് ചെയ്യേണ്ട ഒരു കാര്യവുമില്ലായിരുന്നു. ഗ്രന്ഥകാരിയായ നളിനി ജമീലയുടെ പുസ്തകം റെഫർ ചെയ്യുകയോ എഴുത്തുകാരിയോട് ചോദിക്കുകയോ ചെയ്‌താൽ മതിയായിരുന്നു. ഈ വിഷയത്തിൽ അപാരമായ അറിവാണ് അവർ പ്രകടിപ്പിച്ചിട്ടുള്ളത്.
അപ്പോൾ സംഗതി കഴിഞ്ഞോ?. ആകെ ഒരാശ്വാസം ജുഡീഷ്യൽ അന്വേഷണം വരുമല്ലോ എന്നാണ്. ആനന്ദ ലബ്ധിയ്ക്കിനിയെന്തു വേണം!