ആരു­ടെ­ വി­വാ­ഹമെ­ന്ന് ഞാൻ ചോ­ദി­ച്ചപ്പോൾ അവർ പറഞ്ഞു­ “നി­ൻ്­റെ”­


ഇ.എ സലിം

സ്ലിം പാരന്പര്യത്തിലെ സ്ത്രീകളുടെ ശബ്ദങ്ങളിലേക്കു വെളിച്ചം വീശുകയെന്ന ലക്ഷ്യത്തോടെ വിഖ്യാത ഡോകുമെന്ററി സംവിധായിക ദിയാഖാൻ സ്ഥാപിച്ച ഓൺലൈൻ മാഗസിൻ ആണ് ‘സിസ്റ്റർ ഹുഡ് (Sister-hood)”. ആവിഷ്കാര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും സമാധാനത്തിനും സാമൂഹ്യ നീതിയ്ക്കും വേണ്ടിയുള്ള ദിയാ ഖാൻ്റെ സർഗാത്മക പ്രവർത്തനങ്ങൾ എമ്മി അവാർഡും യുനെസ്‌കോ യുടെ കൾച്ചറൽ അംബാസഡർ പദവിയും ഉൾപ്പെടെ അനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 

മുസ്ലിം പാരന്പര്യത്തിലെ സ്ത്രീകൾ അറുതിയില്ലാത്ത ചർച്ചകളുടെ വിഷയമാണ്. അവർക്കു വേണ്ടിയും അവരെക്കുറിച്ചും ഏറെ സംസാരിക്കപ്പെടുന്നു. “ ഞങ്ങൾ തന്നെ ഞങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ട സമയം ഇതാണ്” ദിയാ ഖാൻ പറയുന്നു. “മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ ശബ്ദം കേൾപ്പിക്കുവാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങളുടെ സ്വന്തം മാദ്ധ്യമങ്ങൾ ഉണ്ടാകണം. ഞങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലെ സംവാദങ്ങളിൽ ഞങ്ങൾ അരികു വാസികൾ ആകുക വയ്യ.” അങ്ങിനെ ഉടലെടുത്തതാണ് സിസ്റ്റർ ഹുഡ് ഓൺലൈൻ മാഗസിൻ. 2016 ആഗസ്റ്റിൽ സിസ്റ്റർ ഹുഡ് പ്രസിദ്ധികരിച്ച അൾജീരിയൻ വനിത മാലികാ ലാർബിയുടെ ആത്മകഥാപരമായ ലേഖനം പരിഭാഷപ്പെടുത്തിയിരിക്കുകയാണ് ചുവടെ.

അൾജീരിയയിലാണ് ഞാൻ ജനിച്ചതെങ്കിലും വളർന്നത് ഫ്രാൻസിലാണ്. ഇപ്പോൾ പ്രായം 42, വിവാഹ മുക്ത, ഒരു ഇൻഷുറൻസ് കന്പനിയുടെ നിയമകാര്യ വിഭാഗം മേധാവിയാണ്. 1992ൽ ഞാൻ 24കാരിയായിരുന്നപ്പോൾ എനിക്ക് എന്താണ് സംഭവിച്ചതെന്ന് വളരെ കുറച്ച് പേർക്കേ അറിയൂ.

ഫ്രാൻസിലെ ഹൈസ്‌കൂളിൽ ഞാൻ അവസാന വർഷത്തിൽ ആയിരിക്കുന്പോൾ എനിക്ക് പ്രായം 18. കലുഷമായിരുന്നു അക്കാലം. അന്നു സ്‌കൂൾ ഫൈനൽ പരീക്ഷ ഒരാളിന്റെ ജീവിതം നിർണ്ണയിക്കും. ജയിച്ചാൽ യൂണിവേഴ്സിറ്റി കയ്യും നീട്ടി സ്വീകരിക്കും. തോറ്റാൽ പിന്നെയും ശ്രമിക്കുകയോ പഠിത്തം നിറുത്തുകയോ ചെയ്യാം. എൻ്റെ സ്നേഹിതരെല്ലാം ആ പരീക്ഷയിൽ മാത്രം ശ്രദ്ധയർപ്പിച്ചു. അവരുടെ കുടുംബങ്ങളും ജയിച്ചു വരുവാൻ അവരിൽ സമ്മർദ്ദം ചെലുത്തി. എൻ്റെ വീട്ടിൽ കഥ മറ്റൊന്നായിരുന്നു. പഠിച്ച പെണ്ണ് ഒരു ഭാരമായാണ് എൻ്റെ രക്ഷിതാക്കൾ കരുതിയത് കാരണം ഒരു ഭർത്താവിനും അവളെ വേണമെന്നുണ്ടാവില്ല. “ഈ പരീക്ഷ ജയിച്ചാൽ അവൾക്കൊരു കെട്ട്യോനുണ്ടാവില്ല” എൻ്റെ അമ്മ പറയുമായിരുന്നു. എന്നെ തോൽപ്പിക്കുവാൻ അമ്മയ്ക്ക് കഴിയാവുന്നതെല്ലാം ചെയ്തു. ഞാൻ എങ്ങിനെയതു കൈകാര്യം ചെയ്തുവെന്ന് എനിക്കിപ്പോഴും അറിയില്ല പക്ഷെ ഞാൻ പരീക്ഷയിൽ ജയിക്കുക തന്നെ ചെയ്തു. ഞാൻ നല്ലവളായിരുന്നാൽ എനിക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമെന്നു ഒരു ചിന്ത എങ്ങിനെയോ എന്നിൽ ഉണ്ടായിരുന്നു. ജീവിതം അങ്ങിനെയൊന്നുമല്ല. പക്ഷെ ആ പ്രായത്തിൽ ഞാൻ അത് മനസ്സിലാക്കാവുന്നതിലും തീരെ ചെറുപ്പവും വളരെ അപക്വമതിയും വെറും ശുദ്ധഗതിക്കാരിയും ആയിരുന്നു.

അവധിക്കു അൾജീരിയയിലേയ്ക്കു പോകുവാൻ എൻ്റെ കുടുംബം നിശ്ചയിച്ചു. ഫ്രാൻസിലെ വീട്ടിൽ നിന്നുമിറങ്ങുന്നതിനു മുന്നേ തന്നെ എൻ്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുകയില്ലെന്നു അച്ഛനെക്കൊണ്ട് ഞാൻ പ്രതിജ്ഞ എടുപ്പിച്ചിരുന്നു. അദ്ദേഹം എനിക്ക് വാക്കു തന്നു. എനിക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് എൻ്റെ മൂത്ത ആങ്ങളയും വാക്കു തന്നു. രണ്ട് പുരുഷന്മാർ. രണ്ട് വാഗ്‌ദാനങ്ങൾ. ‘മാനം കാക്കുവാനായി’ ജീവിക്കുന്ന ഒരു സംസ്കാരത്തിൽ അത് മതിയാകേണ്ടതാണ്, അല്ലെ?

എൻ്റെ വിവാഹത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ദിവസം ഞാനിന്നും ഓർമ്മിക്കുന്നുണ്ട്. ഒരു ചെറിയ ‘ബെർബെർ’ ഗ്രാമത്തിലെ മുത്തശ്ശൻ്റെ വീട്ടിൽ ഒരാഴ്ച ഞാൻ കഴിച്ചു കൂട്ടി. ഞങ്ങളുടെ വേനൽക്കാല ഭവനത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോകുവാൻ എൻ്റെ അച്ഛനുമമ്മയും വന്നു. കബിലിയാ പ്രദേശത്തിൻ്റെ പ്രകൃതി ദൃശ്യങ്ങളിലും ഒലിവ് മരങ്ങളിലും കണ്ണു നട്ട് ഞാൻ വണ്ടിയുടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്നു. രാവിലെ പതിനൊന്നു മണി നേരം. ചൂട് കൂടുന്നതിനാൽ ആളുകൾ അകത്തേയ്ക്ക് പോകുവാൻ തുടങ്ങുന്നു.അച്ഛനാണ് വണ്ടിയോടിക്കുന്നത്. അമ്മയും മുൻ സീറ്റിൽ ഉണ്ട്. അവരിൽ ആര് ആരോട് എന്താണ് ചോദിച്ചതെന്നു എനിക്ക് നിശ്ചയമില്ല. വിവാഹത്തിന് ഏതോ അകന്ന ബന്ധുവിനെ വിളിക്കാത്തതിൽ അവർക്കു പരിഭവമുണ്ടെന്നു മാത്രം എനിക്ക് മനസ്സിലായി. ‘ആരുടെ വിവാഹം ?’ ഞാൻ ചോദിച്ചു. ‘നിൻ്റെ’ എന്നായിരുന്നു ഉത്തരം. അവർ എന്നെ നോക്കിയത് പോലുമില്ല.

അകമേ ഞാൻ തകർന്നു പോയി. ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം ഇപ്പോഴും ആ സംഭവത്തിന്റെ ഓർമ്മകളിൽ എനിക്കുണ്ടാകുന്ന വൈകാരികതകളെ ഉൾക്കൊള്ളുവാൻ എനിക്ക് ആവുന്നില്ല. ക്ഷോഭവും കണ്ണീരും അടക്കാം പക്ഷെ ആ വേദന അവിടെത്തന്നെയുണ്ട്. 

അൾജീരിയയിൽ ഞാൻ പതിനെട്ടു മാസം താമസിച്ചു. അൾജീരിയയിലെ ഒരു വീട്ടിൽ എന്നാണു ഞാൻ അർത്ഥമാക്കിയത്. പുറത്ത് പോകുവാൻ അനുവാദമില്ലായിരുന്നു. രോഗം വന്നു ഡോക്ടറുടെ അടുത്ത് പോകണമെങ്കിലും അമ്മായിയമ്മയേയോ, ഭർത്താവിനെയോ, ഏതെങ്കിലും ബാലനെയോ കാത്തിരിക്കണമായിരുന്നു. എനിക്ക് അറിയുന്ന അൾജീരിയ അതായിരുന്നില്ല. എൻ്റെ കുടുംബം വിശാല മനസ്കരുടേതായിരുന്നു. ഒരു ചെറിയമ്മ അദ്ധ്യാപികയായിരുന്നു മറ്റൊരു ചെറിയമ്മ യുണിവേഴ്സിറ്റിയിലും. എൻ്റെ രക്ഷ കർത്താക്കൾ ഫ്രാൻസിലാണ് ജിവിച്ചതെന്നതിനാൽ അവർക്കു എന്നെ ഉപയോഗിച്ച് ഒരു കാര്യം തെളിയിക്കണമായിരുന്നു; അവർ ഞങ്ങളുടെ പാരന്പര്യത്തിനു എത്രയധികം വില കൽപ്പിച്ചിരുന്നുവെന്ന കാര്യം. 

ആ പതിനെട്ടു മാസങ്ങളിൽ സ്വന്തമായ ഒരു തിരുമാനവുമെടുക്കാതെ ജീവിക്കുവാൻ എനിക്ക് കഴിഞ്ഞു എന്നു ഇപ്പോൾ ചിന്തിക്കുന്പോൾ അസാമാന്യമായിരിക്കുന്നു. സത്യം, ഞാൻ യാതൊരു തീരുമാനവും എടുത്തില്ല. ഞാൻ അണിഞ്ഞ വസ്ത്രങ്ങൾ പോലും മറ്റാരോ തിരഞ്ഞെടുത്തവയായിരുന്നു. ഞാൻ മാസങ്ങളെടുത്തു ചിലതെല്ലാം മനസ്സിലാക്കാൻ. എൻ്റെ അമ്മ എന്നിൽ നിന്നു മറച്ചു െവച്ചു കൊണ്ട് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നു. ഞാൻ ഏറ്റവും വിശ്വസിച്ചവരാണ് എന്നെ വഞ്ചിച്ചതെന്ന്. ‘വാഗ്‌ദാനങ്ങൾക്കും’ ‘മാനം കാക്കലിനുമൊക്കെ’ പല വിലയാണെന്ന്. ഞാനൊരു നല്ല കുട്ടി, പൊട്ടിപ്പെണ്ണ്!

ഒരു നല്ല ഭാര്യയാകുവാൻ ഞാൻ ശ്രമിച്ചു. എനിക്ക് വേണ്ടിയിരുന്ന ജീവിതത്തിൽ നിന്നും, എൻ്റെ സ്വപ്നങ്ങളിൽ നിന്നും, ഞാൻ ദിശ മാറ്റി. എൻ്റെ പഴയ ജീവിതത്തെ മറക്കുവാനും മറ്റൊരു ലോകത്തിലെ ജീവിതത്തെ കൈക്കൊള്ളുവാനും ശ്രമിച്ചു. അക്ഷരാർത്ഥത്തിൽ മറ്റൊരു ലോകം. എല്ലാ ദിവസവും പൈപ്പിൽ വെള്ളം വന്നിരുന്നില്ല, കടയിൽ പോയിരുന്നത് വീട്ടിലെ ആണുങ്ങൾ മാത്രമാണ്. 12 മുതിർന്നവരും 6 കുട്ടികളുമടങ്ങുന്ന ഞങ്ങൾ കൂട്ടു കുടുംബമായി കഴിഞ്ഞുകൂടി. കുടുംബത്തിലെ ആൺ മക്കളുടെ ഭാര്യമാർക്കു മാത്രമായിരുന്നു പാചകച്ചുമതല. ഞാനുൾപ്പെടെ നാലു പെണ്ണുങ്ങൾ ഊഴം വച്ച് പാചകം ചെയ്തു. ഞങ്ങൾക്ക് ഷിഫ്റ്റ് ഡ്യൂട്ടികൾ ഉണ്ടായിരുന്നു. ഒരു ദിവസം വീട് വൃത്തിയാക്കൽ, ഒരു ദിവസം പാചകം, ഒരു ദിവസം തുണി അലക്കൽ എന്നിങ്ങനെ. അതായിരുന്നു എൻ്റെ പുതിയ ജീവിതം. പാരീസ് നഗര പ്രാന്തത്തിൽ ജീവിച്ചിരുന്ന ഒരു കൗമാരക്കാരിയുടേതിൽ നിന്നും ഏറെ വ്യത്യസ്ഥമായ ജിവിതം. അലക്കാൻ യന്ത്രവും, ഇഷ്ടം പോലെ വെള്ളവും, ലൈബ്രറികളും സ്കൂളുകളും, ഷോപ്പിംഗ് മാളുകളും, തിയേറ്ററുകളും അവിടെ ഞങ്ങൾക്കുണ്ടായിരുന്നു. ഒത്തു പോകുവാൻ ഞാൻ പ്രയത്‌നിച്ചു. കാരണം എന്നിൽ നിന്നും അതാണ് പ്രതീക്ഷിക്കുന്നത്. കുടുംബത്തിന് അപമാനം വരുത്തി വെയ്ക്കരുതെന്നാണ് അച്ഛനുമമ്മയും ആവശ്യപ്പെട്ടത്. അതുകൊണ്ട് ആ പുതിയ ജീവിതത്തെ ഞാൻ അംഗീകരിച്ചു. ഭർത്തവ് എന്നെ ആദ്യം തല്ലിയപ്പോൾ ഞാൻ സ്വയം ചോദിച്ചു; ‘നീ ഇതും സ്വീകരിക്കുമോ?’

മാതാപിതാക്കൾ വേനലവധിക്കായി അടുത്ത വർഷം അൾജീരിയയിൽ വന്നു. എൻ്റെ ഭർത്താവിൻ്റെ അക്രമങ്ങളെക്കുറിച്ച് അമ്മായിയമ്മ അമ്മയോട് പറഞ്ഞു. എൻ്റെ പിതാവ് അമ്മയെ തല്ലിയിട്ടില്ലാത്തതിനാൽ അമ്മ എന്നെ പിന്തുണയ്ക്കുമെന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു. അമ്മയുടെ പ്രതികരണം സ്തബ്ധയാക്കിക്കളഞ്ഞു. “നിൻ്റെ അച്ഛനു വയസ്സായി. അദ്ദേഹം മരിച്ചു പോയാൽ നിന്നെ നോക്കാനാരുമില്ല. നിനക്ക് ആങ്ങളെമാരെയൊന്നും ആശ്രയിക്കാൻ കഴിയില്ല. വേറെ വഴിയൊന്നുമില്ലാത്തതിനാൽ ഇവിടെത്തന്നെ കഴിയണം.” ഹൃദയം തകർന്നു ദുർബ്ബലയായി എന്തിനും വഴങ്ങുന്നവളായി അതെന്നെ മാറ്റേണ്ടതാണ്. പക്ഷെ അതുണ്ടായില്ല. 

ആ ദിവസം ഞാനെന്റെ ശക്തി തിരിച്ചറിഞ്ഞു; ഞാൻ തിരുമാനമെടുത്തു. എൻ്റെ കാര്യങ്ങൾ സ്വയം നോക്കുമെന്നു ഞാൻ നിശ്ചയിച്ചു. ആറുമാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഫ്രാൻസിലെ എൻ്റെ വീട്ടിലെത്തി. വിവാഹമോചനം ലഭിക്കുവാൻ ഏഴു വർഷങ്ങളെടുത്തു. ആ ഏഴു വർഷങ്ങളിൽ എൻ്റെ ജീവിതം സന്പൂർണ്ണമായും മാറി. ഒരു വർഷക്കാലം ഒരു ബേക്കറിയിൽ ഞാൻ റൊട്ടി വിറ്റു. രക്ഷിതാക്കളെ അറിയിക്കാതെ ഞാൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു. ഞാൻ അവരോട് നുണ പറഞ്ഞു. ഞാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നുവെന്നു അവരറിഞ്ഞത് മൂന്നാം വർഷത്തിലാണ്. 

ഞാൻ ആര് ആകരുതെന്നു അവർ ആഗ്രഹിച്ചുവോ ആ സ്ത്രീയാണിന്നു ഞാൻ. വിദ്യാസന്പന്നയാണ്. വളരെ ഉയർന്ന ഉദ്യോഗമുണ്ട്. വിവാഹിതയല്ല. അതെല്ലാമങ്ങിനെയാണെങ്കിലും അവർ എന്നോട് സംസാരിക്കുന്നു, വീട്ടിൽ ചെല്ലാൻ വിളിക്കുന്നു, കാണാത്തപ്പോൾ നൊന്പരപ്പെടുന്നു. അപ്പോൾ എന്താണ്? അന്നെന്നെ കല്യാണത്തിലേയ്ക്കു തള്ളി വിടുവാൻ അവരിൽ സമ്മർദ്ദം ചെലുത്തിയതും മറികടക്കാൻ വഴിയൊന്നുമില്ലാത്തതുമായ ആ സമസ്യയ്ക്കു എന്ത് സംഭവിച്ചു?

വിവാഹത്തോടനുബന്ധിച്ച് ഉണ്ടായതെല്ലാം പാഴായിരുന്നു. എന്നിലെ ഒരു ഭാഗത്തെ അത് നശിപ്പിച്ചു കളഞ്ഞു. പതിനെട്ടു വയസ്സിൽ അച്ഛനമ്മമാരോട് എനിക്കുണ്ടായിരുന്ന സ്നേഹ വിശ്വാസങ്ങൾ ഇനിയൊരിക്കലും മടങ്ങി വരില്ല, അതെന്നെ അടിസ്ഥാനപരമായി മാറ്റി. അവർക്കു വേണ്ടത് പോലെ സ്നേഹിക്കുന്ന ഭാര്യയും അമ്മയും ആകാൻ എനിക്കു കഴിഞ്ഞിരുന്നേക്കാം. പക്ഷെ ആ അനുഭവത്തിനു ശേഷം അത് അസാദ്ധ്യമായി. അവർ എനിക്കായി സങ്കൽപ്പിച്ച ജീവിതത്തെ എന്റെ സർവ്വ ശക്തിയുമെടുത്ത് ഞാൻ തിരസ്കരിച്ചു. ഞാൻ ആരാണെന്നും എനിക്ക് എന്താകണമെന്നും അവർ അറിഞ്ഞിരുന്നെങ്കിൽ എന്നിൽ അൽപ്പമെങ്കിലും വിശ്വാസമർപ്പിച്ചിരുന്നെങ്കിൽ ഞങ്ങൾ ആശയ വിനിമയം ചെയ്തിരുന്നെങ്കിൽ സംഗതികൾ മറ്റൊന്നാകുമായിരുന്നു.

ഞാൻ എന്തെങ്കിലും വിസ്മരിച്ചോ? ഇല്ല.

ഞാൻ കോപാകുലയാണോ? തികച്ചും.

ഞാനിപ്പോഴും ദുഖിതയാണോ? അഗാധമായി.

ഇപ്പോഴുമത് വേദനിപ്പിക്കുന്നുവോ? അതെ, മുറിവ് ഒരിക്കലും ശരിക്കുണങ്ങുകയില്ലെന്നു ഞാൻ സമ്മതിക്കുകയും ചെയ്യുന്നു.

നിർബന്ധിത വിവാഹങ്ങൾ സംഭവിക്കുന്നത് മുസ്ലിങ്ങളിൽ മാത്രമല്ല. ലോകത്തിൽ എല്ലായിടത്തും വ്യത്യസ്ഥ മതങ്ങളും സംസ്കാരങ്ങളും അത് അനുഷ്ഠിക്കുന്നു, അനുഷ്ഠിക്കുന്നുണ്ടായിരുന്നു. ചില സമുദായങ്ങളിൽ അത് നിർബന്ധമായി തുടരുന്നു. എൻ്റെ വിവാഹത്തിനു ശേഷമുള്ള ഇരുപതിൽ അധികം വർഷങ്ങളിലൂടെ കാര്യങ്ങൾ മാറിയെന്നു ഞാൻ നിർവ്യാജം ആഗ്രഹിച്ചു. അതായത് സമൂഹം പുരോഗമിക്കുമെന്നും മാതാപിതാക്കൾക്കും മക്കൾക്കുമിടയിൽ ഒരു പാലം എങ്ങിനെയെങ്കിലും ആവിർഭവിക്കുമെന്നും. ഇത്തരം ദുരാചാരം ഇനിയൊരിക്കലും സംഭവിക്കുകയില്ലെന്നു ഞാൻ മോഹിച്ചു. ആൾജീരിയയിലും ഫ്രാൻസിലും എനിക്ക് ചുറ്റും സംഭവിച്ച നിരവധി ഉദാഹരണങ്ങൾ മൂലം നിർബന്ധിത വിവാഹങ്ങളുടെ കാലം കഴിഞ്ഞുവെന്നു ഞാൻ ആത്മാർത്ഥമായും വിശ്വസിച്ചു. 

പക്ഷെ സ്ഥിതി വിവരക്കണക്കുകൾ എൻ്റെ പ്രതീക്ഷകൾക്ക് പൂർണ്ണമായും എതിരാണ്. ഫ്രാൻസിലെ ഹൈ കൗൺസിൽ ഫോർ ഇന്റഗ്രേഷൻ (High Council for Integration)  റിപ്പോർട്ട് പ്രകാരം 2003 മുതൽ ഫ്രാൻസിൽ വർഷം തോറും 70000 പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിൻ്റെ അപകടം നേരിടുന്നു. ഭൂരിപക്ഷവും പതിനഞ്ചിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള യുവമുസ്ലിം വനിതകളാണ്. 

You might also like

Most Viewed