ലോകത്തിലെ കുട്ടികളിൽ വലിയൊരു പങ്ക് പലായനത്തിലാണ്.... ഇ.എ സലിം
നമുക്ക് ഓരോന്നിനും ഓരോ ദിവസങ്ങളുണ്ട്. അമ്മയെ ഓർക്കാൻ ഒരു ദിവസം. ആഗോള താപനത്തെക്കുറിച്ച് ചിന്തിക്കുവാൻ ഒരു ദിവസം. രാഖി കെട്ടുവാൻ ഒരു ദിവസം. മനുഷ്യർക്കു ചിന്തിക്കുവാൻ ഒരടയാളമെന്ന പോലെ സമുദ്രതീരത്ത് കൊണ്ടുവന്നു നിക്ഷേപിച്ചു പോയ ഐലാൻ കുർദി എന്ന ബാലന്റെ മൃതദേഹത്തിൽ സ്മാരണാഞ്ജലി അർപ്പിക്കുവാൻ ഒരു ദിവസം. അന്ന് നാം ഫെയ്സ് ബുക്ക് തുടങ്ങിയ മാധ്യമങ്ങളിൽ വിലാപത്തിന്റെ ചാലുകൾ വെട്ടിത്തെളിക്കും. പിന്നെ പിറ്റേനാൾ കലണ്ടറിലെ പുതിയ വിഷയത്തിലേയ്ക്കു മടങ്ങിപ്പോകും. ഒറ്റപ്പെട്ട ചെറിയ മനുഷ്യർ എന്ന നിലയിൽ അതു തന്നെ നമ്മുടെ പരിധിയും പരിമിതിയും ആണെന്നും അത്ര പോലും ചെയ്യാത്തവർ ഉണ്ടല്ലോയെന്നും സാമാശ്വസിച്ചാണ് സാധാരണ മനുഷ്യർ തങ്ങളുടെ മനസ്സാക്ഷിയെ ശാന്തമാക്കുന്നത്. എന്നാൽ രാജ്യങ്ങളെ ഭരിക്കുകയും ലോകത്തെ നിയന്ത്രിച്ച് നടത്തുകയും ചെയ്യുന്നവരുടെ മനോനില അത്തരത്തിൽ സമാശ്വസിക്കുന്നതു നന്നല്ല. മനുഷ്യരിൽ ഏകദേശം മൂന്നിലൊന്നും കുട്ടികളാണ്. അവരുടെ ജീവിതങ്ങളെ അതിന്റെ തുടക്കത്തിൽ തന്നെ നിലയില്ലാക്കയങ്ങളിൽ തള്ളി വിടുന്ന രാജ്യ നേതാക്കൾ ചെയ്യുന്നത് മാനവികതയോടുള്ള കുറ്റ കൃത്യമാണ്. അഭയം തേടി അതിർത്തികളിൽ എത്തുന്ന കുട്ടികളെ തടഞ്ഞു വെയ്ക്കുന്ന യൂറോപ്പിലെ രാജ്യങ്ങളും അമേരിക്കയും ചെയ്യുന്നതും സമാനമായ കുറ്റ കൃത്യമാണ്.
ഐക്യരാഷ്ട്ര സഭയുടെ കുട്ടികളുടെ ക്ഷേമത്തിനായുള്ള വിഭാഗമായ യുണിസെഫിന്റെ (UNICEF) 2016 ലെ റിപ്പോർട്ട് പ്രകാരം ലോകത്തെന്പാടുമായി 50 ദശലക്ഷത്തിൽ അധികം കുട്ടികൾ അവരുടെ സ്വാഭാവിക ഇടങ്ങളിൽ നിന്നും പറിച്ചെറിയപ്പെട്ടവരാണ്. രക്ഷയുടെ ഇടങ്ങൾ തേടി അസ്വാഭാവികവും പരുക്കനും പലപ്പോഴും ജീവാപായം തന്നെ സംഭവിക്കുന്ന തരത്തിൽ ക്രൂരവുമായ പരിതോവസ്ഥകളിലൂടെയുള്ള പലായനത്തിലാണ് ആ 50 ദശലക്ഷം കുട്ടികൾ. സംരക്ഷണയായി ഒന്നും തന്നെയില്ലാതെയും ചക്രവാളങ്ങളിൽ ആശയുടേതായ ഒരു വെള്ളി വെളിച്ചവും കാണാനില്ലാതെയുമാണ് മഹാ സമുദ്രങ്ങളിലൂടെയും വൻ മരുഭൂമിയിലൂടെയും ദിർഘ യാത്ര വേണ്ടി വരുന്ന ആ പുറപ്പാടുകൾ കുഞ്ഞുങ്ങൾ നടത്തുന്നത്. അത് ഭുഖണ്ധങ്ങൾക്ക് കുറുകെ ഭൂമിയിൽ എല്ലായിടങ്ങളിലും സംഭവിക്കുന്നു. ആ കുട്ടികളെ പലായനത്തിന്റെ അരികിലേയ്ക്ക് തള്ളി വിടുന്നത് പൂർണ്ണമായും മനുഷ്യ നിർമ്മിതമായ അരാജക അവസ്ഥകളാണ്. യുദ്ധക്കെടുതികളിൽ തകർന്നടിയുന്ന അഫ്ഗാനിസ്ഥാനും ഇറാക്കും സിറിയയും തുടങ്ങി മയക്കു മരുന്നു രാജാക്കന്മാർ പോരാടുന്നതും ദാരിദ്ര്യം നിറഞ്ഞതുമായ ഹോണ്ടുറാസും എൽ സാൽവഡോറും നിക്കാരഗ്വായും വരെ തങ്ങൾ ജൻമം നൽകിയ കുഞ്ഞുങ്ങളുടെ എവിടേക്കെന്നറിയാത്ത പുറപ്പാടുകൾക്കു യാത്ര പറയാൻ പോലുമാകാതെ കണ്ണീർ വറ്റിയ മാതാപിതാക്കളുടെ രാജ്യങ്ങളാണ്.
രക്ഷയിലേക്കെന്നു കരുതി സ്വന്തം കുഞ്ഞുങ്ങളെ അറിയാത്ത ദേശങ്ങളിലെവിടെയോ അജ്ഞാത പരിസരങ്ങളിൽ യാതനാഭരിതമായ ജീവിതം നയിക്കാൻ പറഞ്ഞു വിട്ടവർ എന്ന കുറ്റം തികട്ടുന്ന കൊടും നോവിന്റെ ദിനങ്ങളാണ് ആ മാതാപിതാക്കൾ പിന്നീട് ജീവിച്ചു തീർക്കുന്നത്. യുണിസെഫ് റിപ്പോർട്ടിന്റെ ഭാഗമായി അനവധി പഠനങ്ങൾ ഉണ്ട്. ‘ഹാർവാർഡ് പ്രോഗ്രാം ഫോർ റേഫ്യുജി ട്രൗമാ’യിൽ മനശാസ്തജ്ഞയായ മിഷേൽ മേയുടെ പഠനത്തിൽ ഇങ്ങിനെ പറയുന്നു “കഴിഞ്ഞ മുപ്പതു വർഷങ്ങളായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കുള്ള അഭയാർത്ഥികളിൽ എണ്ണത്തിൽ ഏറ്റവും കൂടിയതു അഫ്ഗാൻ പൗരന്മാരാണ്. കാരണം വളരെ വ്യക്തമാണ്. അഫ്ഗാനിസ്ഥാനിലെ അരക്ഷിതാവസ്ഥയും മറ്റു ക്ഷണികതകളും ഏറെക്കാലമായി നില നിൽക്കുന്നതും രാജ്യവ്യാപകമായിട്ടുള്ളതുമാണ്. രാജ്യം സുരക്ഷിതവും ജീവിക്കുവാൻ യോഗ്യവും അല്ലാതിരിക്കുന്നിടത്തോളം അഫ്ഗാനികൾ ഇനിയും അഭയവും അതിജീവനവും തേടി മറ്റു രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യും” യൂറോപ്പിന്റെ പടി വാതിലുകളിൽ പ്രവേശനം കാത്ത് കഴിയുന്ന അഫ്ഗാൻ കുട്ടികളുടെ മനോനിലയെക്കുറിച്ച് മിഷേൽ മേയ് പറയുന്നു “പഠനഫലങ്ങൾ പ്രകാരം മനസ്സിന്റെ തളർച്ചയും (depression) വിഷാദ രോഗ ലക്ഷണങ്ങളും അവരിൽ വ്യാപകമാണ്. കുടുംബത്തെയും ജീവിത ബന്ധങ്ങളെയും വിട്ടകലുന്നു, തുടക്കത്തിൽ ക്ലേശങ്ങളും കഠിനമായ ജീവിത ചര്യയും അനുഭവിക്കേണ്ടി വരുന്നു, മാതൃ രാജ്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്നു കേൾക്കുന്ന ദുരന്ത വാർത്തകളും മുന്നോട്ടുള്ള യാത്രയെക്കുറിച്ചു അറിയുന്ന അപായ സൂചനകളും അവരെ ബാധിക്കുന്നു.
അതുപോലെ തന്നെ സ്വന്തം ഭാവിയായി മുന്നിൽ കാണാനാവുന്ന അനിശ്ചിതത്വങ്ങൾ തുടങ്ങി അവരുടെ മനോനിലയുടെ തകർച്ചയ്ക്ക് കാരണങ്ങൾ ഏറെയാണ്.” വളരെക്കുറച്ച് പണവുമായി സാമൂഹ്യമായി ഒറ്റപ്പെട്ടും തെറ്റായ വിവരങ്ങൾ പേറിയുമാണ് ഈ അഫ്ഗാൻ ബാലന്മാർ ദൂരം വളരെയുള്ള യൂറോപ്പിലേയ്ക്ക് അപകടങ്ങൾ ഏറെയുള്ള യാത്ര തിരിക്കുന്നതെന്നു മിഷേൽ മേയ് എഴുതുന്നു. അവരിൽ ഒട്ടേറെപ്പേർ ലക്ഷ്യമെത്തുന്നതിനു മുന്നേതന്നെ തട്ടിക്കൊണ്ടു പോകലിനോ ലൈംഗികമായ ബലാത്കാരങ്ങൾക്കോ വിധേയമാകുന്നു. നഷ്ടപ്പെടുന്നവരുടെ എണ്ണം തന്നെ വളരെയധികമാണ്. അഭയാർത്ഥി സങ്കേതങ്ങളിൽ എല്ലായിടങ്ങളിലും അവ്യക്തത ചൂഴ്ന്നു നിൽക്കുന്നതും കൃത്യത അസാദ്ധ്യമായതുമായ ആളെണ്ണത്തിന്റെ കണക്കുകളിൽ ആണ് ഈ ബാലികാ ബാലന്മാർ പെട്ട് പോകുന്നത്.
സെപ്തംബർ 18 ലെ ‘ദി ഇൻഡിപെൻഡന്റ്’ പത്രം പതിനാലുകാരനായ ഒരു അഫ്ഗാൻ ബാലന്റെ ദുരന്ത കഥ പ്രസിദ്ധീകരിച്ചതു ലോക നേതാക്കളുടെ ശ്രദ്ധ ഈ വിഷയത്തിൽ ആവശ്യപ്പെടുകയുണ്ടായി. കലെയ്സ് അഭയാർത്ഥി ക്യാന്പ് ഫ്രാൻസിന്റെയും ബ്രിട്ടന്റെയും അതിർത്തിയിലെ കുറ്റിക്കാട്ടിൽ ആണ്. കുടിയേറ്റത്തിനു റെജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞിട്ടും പിന്നീട് മൂന്നു മാസക്കാലം ഓരോ നടപടികളിൽ പെടുത്തി വൈകിച്ചു കലെയ്സ് ക്യാന്പിൽ ആ കുട്ടിയെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ആ പതിനാലുകാരൻ ബാലൻ ഫ്രാൻസിന്റെ അതിവേഗ പാതയിലൂടെ പാഞ്ഞു പോവുകയായിരുന്ന ഒരു ട്രക്കിനുള്ളിൽ കടന്നു കൂടി ഇംഗ്ലണ്ടിലുള്ള സഹോദരന്റെയും അമ്മാവന്മാരുടെയും അടുക്കൽ ചെന്നു ചേരാമെന്ന ആഗ്രഹത്തിൽ എടുത്തു ചാടുന്പോൾ മറ്റൊരു വാഹനമിടിച്ച് കൊല്ലപ്പെട്ടു. ബ്രിട്ടനിൽ എത്തിച്ചേരാനായി കലയിസ് ക്യാന്പിൽ നിന്നും സാഹസത്തിനു മുതിർന്നു മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭയാർത്ഥിയാണ് ആ ബാലൻ. ഏറെ നാൾ കാത്തിരുന്നു പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ സാഹസത്തിനു മുതിർന്നാൽ എങ്കിലും ബന്ധുക്കളുടെ സമീപത്ത് എത്തിച്ചേരാമെന്നു അവൻ മോഹിച്ച് പോയി. ‘ഹെൽപ് റേഫ്യുജി’ എന്ന സന്നദ്ധ സംഘടനാ പ്രവർത്തകനെ പത്രം ഉദ്ധരിക്കുന്നു “കുറ്റിക്കാട്ടിൽ ഇനിയും പെട്ടുപോയിരിക്കുന്ന ബാലന്മാരെപ്പോലെ അവനും കഠിന യാതനകളും പോലീസ് അതിക്രമവും വിശപ്പും അനുഭവിച്ചിട്ടുണ്ടാകും. മനോനിലയും മോശമായിരിക്കും.തനിയ്ക്ക് യാതൊരു അവകാശങ്ങളും ഇല്ലെന്നും ഒരു രാജ്യത്തിന്റെയും സംരക്ഷണയ്ക്ക് അർഹനാവാനുള്ള വില തൻ്റെ ജീവനു ഇല്ലെന്നും അവനു തോന്നിയിട്ടുണ്ടാവും.അവനു തൻ്റെ സഹോദരൻ്റെ പക്കൽ എത്തിച്ചേരാമായിരുന്നു, സ്കൂളിൽ പോകാമായിരുന്നു, സുരക്ഷിതനായിരിക്കാമായിരുന്നു”. അവൻ അച്ചടക്കത്തോടെ ക്യാന്പിൽ കഴിഞ്ഞിരുന്ന മിടുക്കനും ഇഗ്ലീഷ് പഠിക്കുന്നതിൽ ഉത്സാഹിയുമായ കുട്ടി ആയിരുന്നുവെന്നും സഹോദരനെക്കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ടായിരുന്നെന്നും അയാളുടെ അടുത്തെത്താനുള്ള അത്യുത്സാഹത്തിലാണ് അവൻ മരണപ്പെട്ടതെന്നും ക്യാന്പിൽ അവനെ അറിയുന്നവർ പറയുന്നു. ഒരു ട്രക്കിന്റെ പിന്നിൽ വലിഞ്ഞു കയറുന്നതിൽ അവൻ വിജയിച്ചു എങ്കിലും ട്രക്ക് അവനെ കുടഞ്ഞു വീഴ് ത്തുകയും അവനു മേലെ മറ്റൊരു വാഹനം കയറിപ്പോവുകയും ആണുണ്ടായത്. രണ്ടു വാഹനങ്ങളും നിറുത്താതെ ഓടിച്ചു പോയി. ക്യാന്പിലെ മറ്റു കുട്ടികളുടെ കൺമുന്നിലാണ് ആ ദാരുണ സംഭവങ്ങൾ മുഴുവൻ അരങ്ങേറിയത്. രക്ഷയിലേക്കെന്നു കരുതി പലായനം ചെയ്യുന്ന കുട്ടികളുടെ ജീവിത കഥയുടെ ഒരു പ്രത്യക്ഷ ഉദാഹരണമാണ് ആ അഫ്ഗാൻ ബാലൻ.
നാടും വീടും വിട്ടോടുന്ന ആ അന്പത് ദശലക്ഷം ബാലികാ ബാലന്മാർ ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളിലെ ഭരണാധികാരികളുടെ നടപടികളുടെ ഫലമാണ്. അന്താരാഷ്ട്ര സമൂഹം എന്നു സർവ്വ നാമത്തിൽ വ്യവഹരിക്കപ്പെട്ട രാഷ്ട്ര സമൂഹങ്ങൾ അഴിച്ചു വിട്ട യുദ്ധങ്ങളുടെയും ആക്രമണങ്ങളുടെയും കെടുതിയാണ്. ആ കെടുതികളെ നേരിടുവാനായി സന്പന്നരായ ആ പുരോഗമന പക്ഷം ചെയ്യുന്നത് തീരെ ഫലപ്രദമോ ആനുപാതികമോ ആവുന്നില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ അഭയാർത്ഥികളുടെ സിംഹ ഭാഗവും ചെന്നു ചേരുന്നത് ശേഷിയുള്ള രാജ്യങ്ങളിൽ തന്നെയാകണമെന്നില്ല. ആകാശത്ത് ആരെല്ലാമോ വർഷിക്കുന്ന ബോംബുകളും ഭൂമിയിൽ ഐ.എസ് കിരാതത്വവുമാണ് സിറിയയിലും ബാഗ്ദാദിലും ചില പ്രദേശങ്ങളിൽ മനുഷ്യർ നേരിടുന്നത്. അവയിൽ നിന്നും രക്ഷപ്പെട്ടോടുന്ന മനുഷ്യരിൽ കൂടുതലും തുർക്കിയിൽ എത്തിപ്പെട്ടത് പോലെയും അഫ്ഗാൻ അഭയാർത്ഥികളിൽ കൂടുതലും പാകിസ്ഥാനിലും ഇറാനിലും ആയതു പോലെയുമാണത്. അന്താരാഷ്ട്ര സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടത് ഇപ്പോഴാണ്. സന്പന്ന രാജ്യങ്ങൾ അവരുടെ ശേഷിക്കു ആനുപാതികമായി അഭയാർത്ഥികളെ സ്വീകരിക്കണം. ലോക മനസ്സാക്ഷി ഉണരണം. കടലിൻ്റെ നടുവിലും മരുഭൂമിയുടെ അഗാധതകളിലും രക്ഷ തേടിയുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടും ഇടനിലക്കാരുടെ കൈകളിലും മനുഷ്യക്കടത്തുകാരുടെ കൊള്ളകളിലും പെട്ട് ആലംബമില്ലാതെ പൊലിഞ്ഞു പോകുന്ന മനുഷ്യ ജീവനുകളുടെ യാതനയ്ക്കു പരിഹാരം ഉണ്ടാവണം. കുടിയേറ്റ നിയമങ്ങൾ ആഗോളമായി പരിഹരിക്കണം.
ആഗോള തലത്തിൽ പലായനങ്ങളും പുറപ്പാടുകളും പ്രതീക്ഷിക്കാൻ ഒന്നും തന്നെയില്ലാത്ത അരക്ഷിതാവസ്ഥകളിൽ നിന്നും രക്ഷയെക്കുറിച്ചുള്ള സ്വപ്നങ്ങളിലേക്കാണെങ്കിൽ ഇന്ത്യക്കുള്ളിലെ അവസ്ഥ തികച്ചും വിപരീതമാണ്. കുട്ടികൾ തനിയെ പുറപ്പെട്ടു പോകേണ്ടതില്ല. അവരെ രക്ഷയിലേയ്ക്കു കൊണ്ടു പോകാൻ വിവിധ രക്ഷാ വഴികളുടെ ദൂതന്മാർ വരും. മനുഷ്യരെ ചെറുപ്പത്തിലെ പിടിക്കുവാനും അവരുടെ ബോധത്തിലേയ്ക്ക് തങ്ങളുടെ പ്രത്യയശാസ്ത്രം ക്രമേണ ചെലുത്തി അവരെ പാകപ്പെടുത്തുവാനും ദീർഘകാല കർമ്മ പരിപാടി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിവിധ മത തത്വ ശാസ്ത്രങ്ങളുടെ വക്താക്കൾ വരും. മാതാ പിതാക്കളുടെ ദാരിദ്ര്യവും അറിവില്ലായ്മയുമാണ് മുതലെടുക്കപ്പെടുന്നത്. അവരും കുട്ടികളെ ചെറുപ്പത്തിലെ സംഘടിപ്പിക്കുന്നു. ഒന്നാം തരം ദിനാനുകന്പയുമായി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉന്നതമായ ആശയപരിസരങ്ങളിൽ ആണ് അവരുടെ കർമ്മ മണ്ധലം. ആലംബ ഹീനർക്ക് ഒരു കൈത്താങ്ങായാണ് അവർ പ്രവർത്തിക്കുന്നത്. അതിനാൽ അവരെപ്പോഴും ആദരണിയരാണ്. കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് വടക്കെ ഇന്ത്യയിൽ നിന്നും കൊണ്ടു വരുന്ന കുട്ടികൾ കടന്നു പോകുന്നതും ഈ പ്രതിഭാസത്തിലൂടെയാണ്.
ഈ ആഗസ്റ്റ് ആദ്യ വാരത്തിൽ നേഹാ ദിക്ഷിത് എന്ന പത്ര പ്രവർത്തകയും ‘ഔട്ട് ലുക്ക്’ മാഗസിനും ആർ.എസ്.എസ് പക്ഷത്തിന്റെ വിദ്വേഷത്തിന് വിധേയമാവുകയുണ്ടായി. മൂന്നു മാസങ്ങൾ നിണ്ടു നിന്ന അന്വേഷണങ്ങൾക്കൊടുവിൽ നേഹാ ദീക്ഷിത് ഔട്ട് ലുക് മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു അന്വേഷണാത്മക റിപ്പോർട്ടാണ് സംഘ പരിവാരങ്ങളെ പ്രകോപിതരാക്കിയത്. ആസ്സാമിലെ ഗോത്ര വർഗ്ഗ മേഖലകളിൽ നിന്നും മൂന്നു വയസ്സ് മുതൽ പ്രായക്കാരായ 31 പെൺകുട്ടികളെ എങ്ങിനെയാണ് സംഘ പരിവാറുകാർ പഞ്ചാബിലേയ്ക്കും ഗുജറാത്തിലേയ്ക്കും കടത്തിക്കൊണ്ടു പോയതെന്ന് ലേഖനം വിശദമാക്കി. ആസാമിലെ ബാലാവകാശ സംഘടനകളും ആസാം സംസ്ഥാന ഗവൺമെന്റിലെ ബാലാവകാശ വകുപ്പും കുട്ടികളെ മടക്കിക്കൊണ്ടു വരുവാൻ കടത്തിക്കൊണ്ടു പോയവരോട് ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ ഉത്തരവുകളും വെളിച്ചത്തു കൊണ്ടുവന്നു. എന്തു കാര്യത്തിനും അപകീർത്തിക്കേസ് കൊടുക്കുന്ന ഇപ്പോഴത്തെ തന്ത്രത്തിന്റെ ശൈലിയിൽ ലേഖികയ്ക്കും മാഗസിനുമെതിരെ ആർ.എസ്.എസ് പക്ഷത്തിന്റെ കേസുണ്ടായി.
കുട്ടികളെ കടത്തിക്കൊണ്ടു പോയവരെ തേടുന്നതിനു പകരം ആ വിവരം അന്വേഷിച്ചു ലോകത്തിനു മുന്നിൽ കൊണ്ടു വന്ന മാധ്യമ പ്രവർത്തകർക്ക് നേരെ അന്വേഷണം നടത്തുവാനാണ് പോലീസ് മുതിർന്നതെന്നും നേഹാ ദിക്ഷിതും ഔട്ട് ലുക്ക് മാഗസിനും നേരിടുന്ന പോലിസ് അന്വേഷണങ്ങൾ അവസാനിപ്പിക്കണമെന്നും എഴുത്തുകാരും ബുദ്ധിജീവികളും ചേർന്നു പ്രസ്ഥാവന പുറപ്പെടുവിച്ചത് ആഗസ്റ്റു ആദ്യവാരത്തിലാണ്. സംഘപരിവാർ പക്ഷം ഫെയ്സ് ബുക്കിൽ നേഹാ ദിക്ഷിതിനെതിരെ അപകീർത്തിപ്പെടുത്തൽ ആരോപിച്ചു കൊണ്ടുള്ള തിവ്ര പ്രചാരണവും നടത്തി. ഗുജറാത്തിലെ ആർഎസ്
എസ് അനുബന്ധ സംഘടനയ്ക്ക് കുട്ടികളെ മടക്കിക്കൊണ്ടു വരുവാൻ ആസാം ശിശുസംരക്ഷണ വകുപ്പ് കത്തെഴുതിയപ്പോൾ അതിനെ മറികടക്കുവാനായി ഇംഗ്ലീഷിൽ സമ്മത പത്രങ്ങൾ എഴുതി നിരക്ഷരരായ ആദിവാസികളുടെ കയ്യൊപ്പ് ചാർത്തിയെടുത്ത കാര്യം തെളിവുകൾ സഹിതമാണ് നേഹ പുറത്ത് കൊണ്ടു വന്നത്. കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് അവരുടെ കുഞ്ഞുങ്ങളോട് അവരെ കൊണ്ടു പോയതിൽ പിന്നെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതും രക്ഷിതാക്കളിൽ നിന്നും തങ്ങളുടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പോലും കൈക്കലാക്കിയെന്നും ആ നിണ്ട ലേഖനം ചിത്രങ്ങൾ സഹിതം പുറത്തു കൊണ്ടു വന്നു. ആസാമിൽ ബോഡോ കലാപത്തിൽ അരക്ഷിതരായ ജനതയുടെ നിസ്സഹായ അവസ്ഥയാണ് ഇവിടെയും കുഞ്ഞുങ്ങളെ വേർപ്പെടുത്തി വിടുവാൻ അവരുടെ മാതാ പിതാക്കൾക്ക് വൈകാരിക ശേഷി നൽകുന്നത്. ഒരിക്കൽ കൈവിട്ടു കഴിഞ്ഞാൽ ജിവിതാന്ത്യം വരെ അവർ വേർപാടിന്റെയും മക്കൾ എവിടെയെന്നോ എന്തെന്നോ അറിയാത്തതിന്റെ വേദനയുടെ തി തിന്നു കഴിയേണ്ടി വരുന്നു. ഭൂമിയിലും പ്രത്യേകിച്ചു ഇന്ത്യയിലും മനുഷ്യരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുകയാണ്. ആ സംഖ്യാ വർദ്ധന ആനുപാതികമായി എല്ലാ മതങ്ങളിലെയും മനുഷ്യരുടെ വർദ്ധനയാവുകയുമാണ്. എന്നിട്ടും ഇനിയുമിനിയും സ്വപക്ഷത്ത് ആളെ ചേർക്കണമെന്നും അതിനു കുട്ടികളെ തേടി ഇറങ്ങണമെന്നും തോന്നിപ്പിക്കുന്ന ചേതോവികാരം എന്താവും !
ഇ.എ സലിം