9/11 കഴിഞ്ഞിട്ട് പതിനഞ്ച് വർഷങ്ങൾ തികയുന്പോൾ


വർത്തമാന കാലത്തിൽ ഈ “ലോകത്തെ മാറ്റി മറിച്ച” 9/11 (നയൻ ഇലവൻ) എന്നറിയപ്പെടുന്ന 2001 സപ്തംബർ 11 സംഭവിച്ചിട്ടു പതിനഞ്ചു വർഷം തികഞ്ഞത് ഈയാഴ്ചയിലാണ്. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. വളരെ സാധാരണമായിരുന്ന ഒരു അമേരിക്കൻ പ്രഭാതത്തിന്റെ ജീവിതത്തിരക്കുകൾ നിറഞ്ഞ ചലനങ്ങളിലേക്കു നാല് വിമാനങ്ങൾ പാഞ്ഞു കയറി. ആ ദിവസം അമേരിക്കയിലെയും ഭൂമിയിൽ വേറെ അനവധി രാജ്യങ്ങളിലെയും ജനതയുടെ ജീവിതങ്ങളെ താറുമാറാക്കുകയും ഒരിക്കലും നിലക്കാത്ത അതിന്റെ അനുരണങ്ങളും തുടർ പ്രകന്പനങ്ങളും ഭൂമിയിൽ മനുഷ്യർക്ക് മേൽ അശാന്തിയുടെ കരി നിഴൽ വീഴ്ത്തുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. ആ അഭിശപ്ത മുഹൂർത്തത്തിന്റെ അനന്തര ഫലങ്ങൾ പിന്നാലെ വന്ന കാലങ്ങളിലെല്ലാം വിനാശത്തിന്റെ വൻ തിരമാലകളായി ഈ ലോകത്തിലെ മനുഷ്യ ജീവിതങ്ങൾക്ക് മേൽ ആഞ്ഞടിച്ചു കൊണ്ടേയിരിക്കുന്നു.

അന്ന് അമേരിക്കയിലെ വ്യത്യസ്ഥ വിമാനത്താവളങ്ങളിൽ പശ്ചിമേഷ്യയിൽ നിന്നുള്ള ചെറുപ്പക്കാരുടെ നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങൾ യാത്രക്കാരുടെ വേഷത്തിൽ എല്ലാ സുരക്ഷാ പരിശോധനകളിലൂടെയും കടന്നു പോയി നാലു വ്യത്യസ്ഥ വിമാനങ്ങളിലെ മുൻ നിര സീറ്റുകളിൽ സ്ഥാനം പിടിച്ചു. വിമാനങ്ങൾ യാത്ര തുടങ്ങിയപ്പോൾ ഫസ്റ്റ് ക്ലാസിലെ വിമാന ജോലിക്കാരെ ആക്രമിച്ചു കിഴടക്കി കോക്പിറ്റിനുള്ളിൽ കടന്നു വൈമാനികരെ വധിച്ചു വിമാനങ്ങളുടെ നിയന്ത്രണം ആ ചെറുപ്പക്കാർ ഏറ്റെടുക്കുകയും അവരിൽ നിന്നും വിമാനം പറത്താൻ അറിയുന്നവർ അവരുടെ ലക്ഷ്യങ്ങളിലേക്കു വിമാനം കൊണ്ടു പോവുകയും ചെയ്തു എന്നാണ് പിന്നീടുണ്ടായ അനുമാനം. അമേരിക്കയുടെ അഭിമാന സ്തഭങ്ങളായിരുന്ന ന്യുയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ എന്ന ഇരട്ടക്കെട്ടിടങ്ങളിലേക്കു പറന്നു കയറി ഇടിച്ചു തകർത്തു നിലം പരിശാക്കാനാണ് രണ്ടു വിമാനങ്ങൾ ഉപയോഗിച്ചത്. അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗന്റെ ഒരു ഭാഗവും അങ്ങിനെ പറക്കുന്ന വിമാനം കൊണ്ടാക്രമിക്കപ്പെട്ടു. പ്രസിഡണ്ടിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിനെ സമീപിക്കുകയായിരുന്ന മറ്റൊരു വിമാനം ലക്ഷ്യത്തിലെത്തും മുൻപേ തകർന്നു വീണു. 3000ത്തോളം മനുഷ്യർ ആക്രമണങ്ങളിൽ മരണപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ലോകത്തിൽ ഏറ്റവും സമർത്ഥരായവരെന്നു അറിയപ്പെടുന്ന അമേരിക്കയുടെ ആഭ്യന്തരവും വൈദേശികവുമായ രഹസ്യാന്വേഷണ ശൃംഖലയെയും ദേശിയ സുരക്ഷാ ഏജൻസിയെയും പ്രതിരോധ സമുച്ചയങ്ങളെയും അത്യന്താധുനികമായതും മനുഷ്യരേക്കാൾ എത്രയോ മടങ്ങു ശേഷിയുള്ളതുമായ യന്ത്ര സംവിധാനങ്ങളെയും അതീവ വൈദഗ്ധ്യത്തോടെ രൂപപ്പെടുത്തിയ ‘ക്രൈസിസ് മാനേജ്‌മെന്റ് സ്കീമിനെയും’ തുടങ്ങി അനവധി സൈനിക സൈനികേതര സ്ഥാപനങ്ങളുടെ എപ്പോഴും തുറന്നിരിക്കുന്ന കണ്ണുകളെ മറികടന്നാണ് അവർ ഈ ആക്രമണങ്ങൾ വിജയകരമായി നടത്തിയത്. വൈറ്റ് ഹൗസിൽ വൈസ് പ്രസിഡണ്ട് ഡിക്ക് ചെനി ഒരു യോഗം ആരംഭിക്കുവാനായി ഇരുന്ന നേരമാണ്. അപ്പോൾ, വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ കെട്ടിടത്തിൽ ഒരു വിമാനം മുട്ടിയതായി വാർത്ത കേൾക്കുന്നുവെന്നതിനാൽ അതു കാണുവാൻ ടെലിവിഷൻ ഓൺ ചെയ്യുവാൻ ആവശ്യപ്പെട്ട സഹായിയോട് വേൾഡ് ട്രേഡ് സെന്ററിൽ എങ്ങിനെയാണ് വിമാനം മുട്ടുന്നതെന്നു ശകാരിച്ചു കൊണ്ട് ടെലിവിഷൻ തുറന്നപ്പോൾ ഡിക്ക് ചെനി കണ്ടത് രണ്ടാമത്തെ വിമാനം കെട്ടിടത്തിൽ വന്നിടിക്കുന്നതാണ്. അപകടമല്ലാതെ മറ്റെന്തെങ്കിലുമാണെന്നു ഒരു വിവരവും കിട്ടാഞ്ഞതിനാൽ വൈറ്റ് ഹൗസിൽ ഒന്പത് മണിക്കു നിത്യേന പതിവുള്ള അനവധി മീറ്റിംഗുകൾ നടത്തുകയും ഇടയ്ക്കിടെ ടെലിവിഷൻ ന്യുസ് നോക്കുകയും ചെയ്യുകയായിരുന്നു അവിടുത്തെ ഉദ്യോഗസ്ഥ മേധാവികൾ എന്നാണു അമേരിക്കൻ ഗവൺമെന്റിന്റെ ഔദ്യോഗിക അന്വേഷണ കമ്മീഷന്റെ 585 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. അക്രമികൾ എത്ര സമർത്ഥമായാണ് അവരുടെ ലക്ഷ്യം കൈവരിച്ചതെന്നതിന്റെ ദൃഷ്ടാന്തമായാണ് ഇതിവിടെ വിശദികരിച്ചത്. ആദ്യ വിമാനം റാഞ്ചി അഞ്ചു മിനിറ്റിനു ശേഷം തന്നെ വിമാന ജോലിക്കാരിയായ ബെറ്റി ഓങ് അമേരിക്കൻ എയർ ലൈൻസിന്റെ നോർത്ത് കരോലിനയിലെ ഓഫിസ് സ്റ്റാഫിനെ എമർജൻസി കാളിലൂടെ വിവരം അറിയിച്ചുവെന്നും 25 മിനിറ്റു നീണ്ടു നിന്ന ടെലിഫോൺ സംഭാഷണത്തിൽ ബെറ്റി ഓങ് വിമാനത്തിൽ നടക്കുന്ന കാര്യങ്ങൾ ശാന്തമായും പ്രഗത്ഭമായും ഓഫിസിൽ അറിയിച്ചു എന്നാണു ആ റിപ്പോർട്ടിൽ പറയുന്നത്. എന്നിട്ടും കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിക്കുന്നത് തടയുവാൻ അമേരിക്കകയ്ക്ക് കഴിഞ്ഞില്ല.

ഇസ്‌ലാമിക ഭീകര വാദ സംഘടനയായ അൽ ഖായിദയുടെ തലവൻ ഒസാമ ബിൻ ലാദനാണ് ലോകത്തിലെ ഏറ്റവും വലിയ സായുധ ശക്തിയുടെ പൂമുഖത്ത് കടന്നു ചെന്നു അവരെ ആക്രമിച്ച്‌ കൊണ്ട് എല്ലാവരെയും ഞെട്ടിച്ച പ്രതിയോഗിയെന്ന് പുകപടലങ്ങൾ മണ്ണിൽ അടിഞ്ഞു തുടങ്ങിയ തൊട്ടടുത്ത ദിവസം അമേരിക്കയുടെ പ്രസിഡണ്ട് ജോർജ് ബുഷ് പ്രഖ്യാപിച്ചു. പ്രസിഡണ്ട് ജോർജ് ബുഷും അദ്ദേഹത്തിന്റെ ‘നിയോകോൺ’ (നവ യാഥാസ്ഥിതിക തീവ്രപക്ഷം) ചേരിയും മുസ്ലിങ്ങൾ അമേരിക്കയെ ആക്രമിച്ചു എന്നാണു സംഭവത്തെ വ്യാഖ്യാനിച്ചത്. എഴുപതുകളുടെ ഒടുവിൽ അഫ്‍ഗാൻ അധിനിവേശം നടത്തിയ സോവിയറ്റു യൂണിയന്റെ നടപടിയെ എതിർക്കുവാൻ അമേരിക്ക രൂപം നൽകിയ ‘ഇസ്‌ലാമിക ജിഹാദിസ്റ്റ്’ പ്രസ്ഥാനത്തിൽ പങ്കെടുക്കുവാൻ വേണ്ടി ഇരുപത്തി മൂന്നാമത്തെ വയസ്സിൽ സൗദി അറേബിയയിലെ ധനിക കുടുംബത്തിൽ നിന്നും 1980ൽ അഫ്‌ഗാനിസ്ഥാനിൽ എത്തി റഷ്യയോട് പൊരുതി ആരംഭിച്ചതാണ് ബിൻ ലാദന്റെ ജിഹാദി ജീവിതം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജിഹാദിനു പുറപ്പെട്ട മുസ്ലിം യുവാക്കൾ അന്നു അഫ്‍ഗാനിസ്ഥാനിൽ എത്തിച്ചേർന്നിരുന്നു. അഫ്‍ഗാനിസ്ഥാനിലെ ജിഹാദിന്റെ ആഗോളമായ തുടർച്ചയെക്കുറിച്ച് പ്രതീക്ഷയും അതിനായി കർമ്മ പദ്ധതികളും ഒരുക്കിയ ബിൻ ലാദൻ അമേരിക്കയുടെ ലക്ഷ്യങ്ങൾ കവിഞ്ഞും മുന്നോട്ടു പോയതാണ് അവരെ പരസ്പരം ശത്രുക്കളാക്കിയത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ആരാധനാലയങ്ങളും മത പഠന കേന്ദ്രങ്ങളും ബിൻ ലാദന്റെ ജിഹാദിന് ആളെച്ചേർക്കുന്ന ഇടങ്ങളായി. 1988ൽ ആണ് ഒസാമ ബിൻ ലാദൻ അൽ ഖായിദയുടെ മേധാവിയാകുന്നത്.

ഇസ്‌ലാമിക രാജ്യങ്ങളിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ അൽ ഖായിദ നടത്തിയ അനവധി ജിഹാദ് സംരംഭങ്ങളിൽ ഏറ്റവും വലുതും ലക്ഷ്യ വേധിയായതുമായിരുന്നു പാലസ്തിൻ ജനതയ്ക്കു മേൽ ഇസ്രായേൽ നടത്തുന്ന കിരാതമായ അധിനിവേശ മുറകൾക്ക് കൂട്ടു നിൽക്കുന്ന അമേരിക്കയ്‌ക്കെതിരെ നടത്തിയ 9/11 (നയൻ ഇലവൻ). തൊണ്ണൂറുകളുടെ അവസാനത്തിൽ അഫ്‍ഗാനിസ്ഥാനിലെ താലിബാൻ ഭരണ കൂടത്തിന്റെ സഹകാരിയായി ഖാണ്ധഹാർ പ്രവർത്തന കേന്ദ്രമാക്കിയ ബിൻ ലാദൻ പോർ മുന അമേരിക്കക്കെതിരെ തൊടുത്തു കഴിഞ്ഞിരുന്നു. വിമാനങ്ങൾ ഉപയോഗിച്ചു ആക്രമണങ്ങൾ നടത്തുക എന്ന തന്റെ ആശയം ബിൻ ലാദൻ സഹ ജിഹാദികളുമായി ചർച്ച ചെയ്തിരുന്നു. അങ്ങിനെയിരിക്കെ ജർമ്മനിയിലെ ഹാംബർഗിൽ നിന്നും ഖാണ്ധഹാറിൽ എത്തിച്ചെർന്ന നാല് ജിഹാദിസ്റ്റുകളുടെ സാന്നിദ്ധ്യം വിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം എന്ന ബിൻ ലാദന്റെ ആശയത്തെ മുന്നോട്ടു കൊണ്ടു പോയി. ഹാംബർഗിൽ യൂണിവേഴ്സിറ്റി പഠനം നടത്തുകയായിരുന്ന ഈജിപ്ത് പൗരൻ മുഹമ്മദ് ആത്തയായിരുന്നു അവരിൽ നേതൃ ഗുണം കൂടുതൽ ഉണ്ടായിരുന്ന ജിഹാദിസ്റ്റ്. പിന്നീട് ആക്രമണ പദ്ധതിയുടെ സേനാ നായക സ്ഥാനം മുഹമ്മദ് ആത്തയിൽ ചെന്നു ചേരുകയും അയാൾ ആക്രമണം വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. അറ്റലാന്റിക് സമുദ്രത്തിനക്കരെ ശത്രുക്കൾക്കു എത്തിച്ചെരാൻ ആവാത്ത ഇടത്ത് സ്വസ്ഥമായിരുന്നു ഭൂമിയിൽ എല്ലായിടത്തും സ്ഥാപിച്ചിട്ടുള്ള സൈനികത്താവളങ്ങൾ ഉപയോഗിച്ച് അധിനിവേശങ്ങളും ആക്രമണങ്ങളും നടത്തി ലോകത്തിലെ ഏക വൻ ശക്തിയായി വിരാജിക്കവെയാണ് അമേരിക്കയുടെ ഉള്ളിൽ കടന്നു ചെന്നുള്ള ആക്രമണം സംഭവിച്ചത്.

ആ സംഭവം കഴിഞ്ഞിട്ടു 15 വർഷങ്ങളായി. പക്ഷെ ഭീകരതയ്ക്കെതിരെ ജോർജ് ബുഷും സഖ്യ കക്ഷികളും പ്രഖ്യാപിച്ച യുദ്ധം ഭൂമിയിൽ എല്ലായിടത്തും കൂട്ടകുഴപ്പങ്ങൾ ഉണ്ടാകുന്നതിലേക്കാണ് ചരിത്രത്തെ നയിച്ചത്. ആധുനിക പാശ്ചാത്യ സമൂഹത്തെ അഭിവൃദ്ധി പ്രാപിച്ച സമൂഹമായി കണക്കാക്കാൻ കാരണമായതും ആ സാമൂഹ്യ ഉന്നമനത്തിന്റെ മുഖ മുദ്രയായി പൗരന്മാർക്ക് ലഭ്യമായിരുന്നതുമായ നിരവധി അവകാശങ്ങളും സ്വാതന്ത്ര്യവും കവർന്നെടുക്കുന്നതാണ് 2001 ഒക്ടോബർ മാസത്തിൽ 9/11 ഭീകരാക്രമണത്തെ തുടർന്ന് അമേരിക്ക നിയമമാക്കിയ യു.എസ്.എ പേട്രിയോട്ടിക് ആക്ട്. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃക എന്ന സ്ഥാനത്ത് നിന്നും ഒരു പോലീസ് േസ്റ്ററ്റിന്റെ ചട്ട വട്ടങ്ങളിലേക്കു രാജ്യത്തെ മാറ്റുന്നതാണ് ആ ആക്ട്. ഗവർമെന്റിന്റെ അമിതാധികാര പ്രയോഗങ്ങൾക്കും അഴിമതിക്കും നിയമ ദുരുപയോഗങ്ങൾക്കുമെതിരെ അമേരിക്കൻ പൗരനുണ്ടായിരുന്ന എല്ലാ സംരക്ഷണയും ആക്ട് ഇല്ലാതാക്കുന്നു. സുരക്ഷയും ഭദ്രതയും ഉറപ്പു ചെയ്യുന്ന വാഗ്ദാനത്തിനു പകരമായി ഗവർമെന്റിനു പൗരന്മാർക്ക് മേൽ എന്തും ചെയ്യുവാനുള്ള അവകാശം ആണ് ആ നിയമ നിർമ്മാണം ഉറപ്പാക്കിയത്. ജനങ്ങളുടെ മേൽ ചാരമേൽ നോട്ടം, സൈനികവത്‌കരിച്ച പോലീസ് സേന, എ പ്പോഴും എവിടെയും തടഞ്ഞു നിറുത്തിയുള്ള പരിശോധന, ശരീരമാസകലം ചെയ്യുന്ന സ്കാനിംഗ് തുടങ്ങി ഏറെ പുതിയ അധികാരങ്ങളാണ് അമേരിക്കൻ നിയമ നിർമ്മാണ സഭ സുരക്ഷാ ഏജൻസികൾക്കായി നിയമമാക്കിയത്. ഭീകരതയോടുള്ള യുദ്ധം അങ്ങിനെ പ്രയോഗത്തിൽ സ്വന്തം ജനതയോടുള്ള യുദ്ധമായി മാറുകയും അഭിപ്രായ സ്വാതന്ത്ര്യം, പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള സ്വാതന്ത്ര്യം അറിയാനുള്ള സ്വാതന്ത്ര്യം തുടങ്ങി പൗരന്മാരുടെ അനേകം പരമാധികാര വിഷയങ്ങളിൽ ഇന്നു അമേരിക്കയിലെ ഗവർമെന്റിനു കടന്നു കയറി ലംഘിക്കാമെന്ന രാഷ്ട്രീയ കാലാവസ്ഥയുമായി ജനങ്ങൾ സമരസപ്പെട്ടു കഴിഞ്ഞു. ഓരോ അവസരത്തിലും അത് ദേശ സുരക്ഷയ്ക്ക് വേണ്ടിയാണെന്നു വരുത്തിയാൽ മാത്രം മതിയാകും.

ജിഹാദിസ്റ്റു ആക്രമണങ്ങളെ മുസ്ലിം ഭീകരവാദ ആക്രമണമെന്ന് വിളിച്ചു കൊണ്ട് തുടങ്ങിയ അമേരിക്കയും സഖ്യ ശക്തികളും അത് മുസ്ലിം ആക്രമണം എന്നു സാമാന്യവത്കരിച്ചതു വളരെ വിദഗ്ധമായാണ്. മുസ്ലിങ്ങൾക്ക് ആക്രമിക്കാൻ കഴിഞ്ഞത് അമേരിക്കൻ ജനാധിപത്യത്തിലെ സ്വാതന്ത്ര്യവും അമേരിക്കൻ സമൂഹത്തിന്റെ സവിശേഷമായ ‘ലിബറൽ’ (ഉദാരമനസ്കരുടെ) ജീവിത ശൈലിയും മുതലെടുത്തു കൊണ്ടാണെന്നു അവർ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും പാശ്ചാത്യ ലോകം എന്പാടും വളർന്നു പടരുന്ന ‘ഇസ്‌ലാമോ ഫോബിയ’ ഉണ്ടായതങ്ങിനെയാണ്. ഇസ്‌ലാമിക ജിഹാദിനു പുറപ്പെട്ടവരുടെ എതിർ പ്രതികരണങ്ങളും തീവ്രവാദ നടപടികളും ചേർന്ന് അപ്രഖ്യാപിത കുരിശു യുദ്ധത്തിൻ്റെ വഴിയേ ലോകം പോയിത്തുടങ്ങി. ഇസ്‌ലാമോ ഫോബിയയും അതിൻ്റെ പ്രതികരണ സന്ദർഭങ്ങളും ചേർന്നു പടിഞ്ഞാറൻ രാജ്യങ്ങളിൽ മതങ്ങളുടെ നിഴലുകളിലും പാശ്ചാത്തലങ്ങളിലും നടക്കുന്ന സംഘട്ടനങ്ങളിൽ സാധാരണ വ്യക്തികൾ അവരറിയാതെ ഉൾപ്പെടുവാൻ ആരംഭിച്ചിരിക്കുന്നു. അത് വിദ്യാലയങ്ങളിലും പത്രമോഫീസിലും പൊതു സ്ഥലങ്ങളിലും ജനജീവിതത്തിന്റെ മണ്ധലങ്ങളിൽ എല്ലാം അരങ്ങേറുവാൻ തുടങ്ങിയിരിക്കുന്നു. ഒരാളിന്റെ വിശ്വാസ പ്രമാണമെന്തെന്നോ അയാളുടെ ജീവിതചര്യ എപ്രകാരമെന്നോ ചിന്തിക്കാതെ അയാളുടെ പേര് നോക്കി മതം നിശ്ചയിക്കുകയും ആ മതങ്ങൾക്ക് ഏക ശിലാ രൂപത്തിലുള്ള പെരുമാറ്റ രീതി മാത്രം കൽപ്പിച്ച് കൊടുക്കുകയും ചെയ്യുന്ന ചിന്താ രഹിതമായ വങ്കത്തം അനുവർത്തിക്കുന്നത് പോലും സുരക്ഷാ കാരണങ്ങളാൽ സാധുവാണെന്ന പൊതു ബോധം സൃഷ്ടിച്ച മൂല്യച്യുതി അമേരിക്കയിലെയും പാശ്ചാത്യ നാടുകളിലെയും ജനതകളെ പൂർണ്ണമായി ബാധിച്ചിരിക്കുന്നു. ഇന്ത്യയിലും ഏഷ്യയിലും നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളും സ്വന്തം പൗരന്മാരും തുടങ്ങി ഏതൊരു മനുഷ്യനോടും അന്തസ്സ് കൊടുക്കാതെയും സ്വാഭിമാനം പുലർത്താൻ അനുവദിക്കാതെയും പെരുമാറുന്ന ചട്ടങ്ങൾ കഴിഞ്ഞ 15 വർഷങ്ങളായി പ്രയോഗത്തിലാണ്.

പതിനഞ്ച് വർഷങ്ങൾക്കു ശേഷം ഇന്നും അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും പോർ വിമാനങ്ങൾ നിരായുധരും നിർദ്ദോഷികളുമായ സാധാരണ ജനങ്ങളുടെ മേൽ ഉഗ്രപ്രഹര ശേഷിയുള്ള ബോംബുകൾ വർഷിച്ചു കൊണ്ടേയിരിക്കുന്നു. അറിയപ്പെടുന്ന മനുഷ്യ ചരിത്രത്തിലെ ഏറ്റവും ആദിമമായ സംസ്കാരങ്ങൾ പിറവിയെടുത്ത ഭൂപ്രദേശങ്ങൾ ഇന്നു യുദ്ധാവശിഷ്ടങ്ങളാണ്. ഇറാഖ്, സിറിയ, അഫ്‍ഗാനിസ്ഥാൻ, പാകിസ്ഥാൻ, യെമൻ, ലിബിയ, സൊമാലിയ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങൾ അമേരിക്കയുടെ ആക്രമണത്തിൻ കീഴിലാണ്. ഭീകരാക്രമണത്തിന്റെ മസ്തിഷ്‌കം ഒസാമ ബിൻ ലാദൻ ആണെന്നും അഫ്‍ഗാനിസ്ഥാനിലെ താലിബാൻ ഗവർമെന്റ് അയാളെ വിട്ടു കൊടുക്കണമെന്നും അമേരിക്കൻ പ്രസിഡണ്ടിന്റെ വിധി പ്രസ്ഥാവങ്ങൾ ഒന്നൊന്നായി വരികയായിരുന്നു. ലോക രാജ്യങ്ങൾ അമേരിക്കയുടെ പക്ഷത്ത് അല്ലെങ്കിൽ ഭീകര പക്ഷത്താണെന്നു കണക്കാക്കും എന്നായിരുന്നു മറ്റൊരു വിധി. ലോക രാജ്യങ്ങൾ ഭീകരപക്ഷത്തല്ലെന്നു തെളിയിക്കുവാൻ അമേരിക്കാപക്ഷത്തു ചേർന്നു. ഒരു മാസം എത്തിയപ്പോൾ അഫ്‍ഗാനിസ്ഥാൻ ആക്രമിക്കപ്പെട്ടു. കൊല്ലപ്പെട്ടവർ, മുറിവേറ്റവർ ലക്ഷക്കണക്കിനാണ്. അതിൽ നല്ല പങ്കും സാധാരണക്കാർ. പുരുഷ മേധാവിത്വ പരമായ കാടത്തങ്ങൾ അനുഷ്ഠിക്കുന്ന ജിഹാദി ഭീകരർക്കും അമേരിക്കൻ ആയുധ ശേഷിക്കും നടുവിൽ പെട്ട അഫ്‍ഗാനിസ്ഥാനിലെ ജനങ്ങൾ അതിതീവ്രമായ മാനസിക പ്രശ്നങ്ങളിലാണെന്നു വിദഗ്ദ്ധർ പറയുന്നു. 9/11 സംഭാവത്തോടനുബന്ധിച്ചു 3000 മനുഷ്യർ മരണപ്പെട്ടെങ്കിൽ അതിന്റെ എത്രയോ മടങ്ങു ജനങ്ങൾ അമേരിക്കയുടെ ഭീകര വിരുദ്ധ യുദ്ധങ്ങളിൽ പെട്ട് ഒടുങ്ങിപ്പോയി. താലിബാന്റെ കിരാതമായ മത ഭരണത്തിൽ പൊറുതി മുട്ടി കഴിയുകയായിരുന്ന അഫ്‍ഗാൻ ജനത തന്നെയാണ് അമേരിക്കയും സഖ്യ കക്ഷികളും നടത്തിയ ഭീകര വിരുദ്ധ ബോംബു വർഷങ്ങളിൽ പെട്ട് മണ്ണടിഞ്ഞതും. കഥ ഇറാഖിൽ ആവർത്തിച്ചു, ലിബിയയിൽ ആവർത്തിച്ചു, സിറിയയിലും യെമനിലും ഇപ്പോഴും തുടരുന്നു. മതേതര ഭരണ ശൈലി അനുവർത്തിച്ചിരുന്ന ഇറാഖിലെയും സിറിയയിലെയും ലിബിയയിലെയും ഭരണാധികാരികളെ ഇസ്‌ലാമിക ഭീകരർ എന്നു വിളിക്കുന്നതിനു പകരം ഏകാധിപതികൾ എന്നു വിളിച്ചുവെന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ.

എല്ലാം കഴിയുന്നവരും എന്തിനും കോപ്പുള്ളവരുമായ അമേരിക്ക എന്ന വൻശക്തി ഇത്രയധികം സംഹാര നൃത്തങ്ങൾ നടത്തിയെങ്കിലും അഫ്‍ഗാനിസ്ഥാനിൽ താമസിച്ചിരുന്നപ്പോഴോ അതിനു ശേഷം പാകിസ്ഥാനിൽ പരന്ന ഭൂപ്രദേശത്ത് കുഞ്ഞു കുട്ടി പരാധിനതകളും കോഴികളും ആടുകളും സമേതനായി ഗൃഹസ്ഥാശ്രമത്തിൽ ഏറെ വർഷക്കാലം ജീവിച്ചപ്പോഴോ ഒസാമ ബിൻ ലാദനെന്ന ഒന്നാം പ്രതിയെ പിടികൂടുക എന്ന പ്രഥമ പ്രധാനമായ കാര്യം മാത്രം അമേരിക്കക്കു കഴിഞ്ഞില്ല. ഒടുവിൽ ഇറാഖിലെയും ലിബിയയിലെയും ജനതകളെയും ശിക്ഷിച്ചു കഴിഞ്ഞു സിറിയയിൽ അത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്പോൾ ഒരു ദിവസം പൊടുന്നനെ ഒസാമ ബിൻ ലാദനെ കൊല ചെയ്തു. പിടികൂടി നിയമത്തിനു മുന്നിൽ ഹാജരാക്കി വിചാരണ ചെയ്തു അർഹമായ ശിക്ഷ നൽകുക എന്ന പരിഷ്കൃത മനുഷ്യൻ്റെ രീതിയല്ല അവലംബിച്ചത്. ആക്രമണത്തിന് പിന്നിലെ സത്യം ലോകത്തോട് വെളിപ്പെടുത്തുവാൻ ആവശ്യമായത് ചെയ്യുന്നതിന് പകരം അനുചരരോ ആയുധ സന്നാഹങ്ങളോ വിളിപ്പുറത്തില്ലാത്ത ഏകനായി വിരസ ജീവിതം നയിച്ചു വന്ന ബിൻ ലാദനെ കൊല ചെയ്തു ആക്രമണത്തിന്റെ യഥാർത്ഥ കഥ എന്നെന്നേക്കുമായി തമസ്കരിച്ചു. ആ മൃതദേഹം കടലിൽ താഴ്ത്തി. ഈ സാഹചര്യത്തെളിവുകൾ മുൻ നിറുത്തിയാണ് ഇപ്പോൾ ലോകം അറിയുന്നതൊന്നുമല്ല യഥാർത്ഥ കഥ എന്നു പറയുന്ന അനവധി പഠനങ്ങളും അനുമാനങ്ങളും ഉയർന്നു വരുന്നത്. കുട്ടത്തിൽ ഇതെല്ലാം യഹൂദ സൃഷ്ടിയാണെന്ന സ്ഥിരം സ്ഥിരം ഇസ്രായേൽ മൊസാദ് കഥയും ചിലർ മുന്നോട്ടു വയ്ക്കുന്നുണ്ട്. അമേരിക്കയിലെ ജനങ്ങളുടെയും ലോകത്തിലെ മുഴുവൻ മനുഷ്യരുടെയും വർത്തമാനകാലത്തെ 2001 സപ്തംബറിലെ ഒന്പതാം തിയതി ആ ചൊവ്വാഴ്ച ദിവസം തകർത്തെറിയുകയും പുതിയ രീതികളിലും ശൈലിയിലും പുനർ നിർമ്മിക്കുകയും ചെയ്ത എന്നതാണ് പരമാർത്ഥം. അതിന്നു തലേ ദിവസം വരെ നിലവിൽ ഉണ്ടായിരുന്ന പരിഷ്‌കൃതിയുടെ, ജനാധിപത്യ സംസ്കാരത്തിന്റെ മൂല്യ വ്യവസ്ഥ അപ്രത്യക്ഷമാവുകയും കാടത്തങ്ങൾ അന്ന് മുതൽ സാധുവാകുകയും ചെയ്തു. പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ പ്രാകൃതാവസ്ഥ തുടരുന്നു.

ഇ.എ സലിം

 

You might also like

Most Viewed