ലാ­ന്പെ­ഡൂ­സ: മറക്കാ­നാ­വാ­ത്ത ദി­നങ്ങൾ


ദേശാന്തരങ്ങളിലേയ്ക്കുള്ള അനേകം മനുഷ്യ യാത്രകൾ ഭൂമിയിൽ നിരന്തരം സംഭവിക്കുന്നു. അധികാരത്തിന്റെയും അധിനിവേശത്തിന്റെയും അശ്വമേഥങ്ങളുടെ സായുധവും ദയാരഹിതവുമായ യാത്രകൾ. എല്ലാം വിറ്റഴിക്കുവാൻ വിരുതുള്ളവരുടെ കനമേറിയ മടിശീലകൾ സൃഷ്ടിക്കുന്ന മഹായാനങ്ങൾ. വിനോദം മാത്രം തേടുന്നവരുടെ ചുവന്ന പരവതാനികളിലേക്കുള്ള ആഡംബര യാത്രകൾ. മാനസ സരോവരങ്ങൾ തേടുന്നവരുടെ തീർത്ഥാടനങ്ങൾ. അകലങ്ങളിലെ പുണ്യ ഭൂമികളിൽ പോയി ദൈവ ശിക്ഷകളിൽ നിന്നു രക്ഷപ്പെടാമെന്നു കരുതുന്നവരുടെ പ്രാർത്ഥനാ യാത്രകൾ. മനുഷ്യൻ ആർജ്ജിച്ചിട്ടുള്ളതിൽ ഏറ്റവും ആധുനികമായ ജീവിത ശൈലിയും സുഖസൗകര്യങ്ങളും സ്വീകരിക്കുവാൻ ഭൂഖണ്ധങ്ങൾക്കപ്പുറത്തേയ്ക്കു പോകുന്നവർ. ഭിക്ഷാം ദേഹികൾ. സജാതീയ അനുഷ്ഠാനങ്ങൾ മാത്രം ഉള്ളിടങ്ങളിലേയ്ക്കുള്ള മതഭ്രാന്തരുടെ ഒളിച്ചു പോക്കുകൾ. അനുഭവിച്ചു തീർക്കുവാൻ വിധിക്കപ്പെട്ട ജീവിതമെന്ന പ്രതിഭാസത്തിൻ്റെ അർത്ഥം അന്വേഷിക്കുന്നവരുടെ ദേശാടനങ്ങൾ. നിധി തേടുന്ന പ്രവാസത്തിൻ്റെ അലച്ചിലുകൾ. ജീവിതത്തിൽ നിന്നല്ലാതെയുള്ള, ജീവിക്കുവാൻ വേണ്ടിയുള്ള, ഒളിച്ചോട്ടങ്ങൾ. ആ വിധങ്ങളിലെ പുറപ്പാട് കഥകളുടെ പെരുമഴയ്ക്കിടയിൽ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിൽ വേറിട്ടൊരു കഥ കണ്ടു. ഇറ്റലിയിൽ അഭയം തേടി എത്തിയ പതിനേഴുകാരനായ ഗബ്രിയേലിൻ്റെ അനുഭവ ങ്ങളുടെ ആഖ്യാനം. ആഫ്രിക്കയിലെ ഗാന്പിയ എന്ന ചെറു രാജ്യത്ത് ജനിച്ച കറുത്ത വർഗ്ഗക്കാരനാണു ഗബ്രിയേൽ. അമ്മയെയും കൂടപ്പിറപ്പുകളെയും രക്ഷിക്കണം എന്ന ആഗ്രഹവുമായി വീട് വിട്ടിറങ്ങി ഒരുപാട് നാടുകളിൽ വർഷങ്ങളിലൂടെ സഞ്ചരിച്ചു മരുഭൂമിയും മഹാസമുദ്രവും കടന്നു ആഭ്യന്തര യുദ്ധങ്ങളെ അതിജീവിച്ചു യുറോപ്പിൻ്റെ പടി വാതിലിൽ എത്തിയ കഥ. യാത്രാ രേഖകൾക്കും പരിപാടികൾക്കും ദേശാന്തര യാത്രാ നിയമങ്ങൾക്കും വെളിയിലൂടെ യാത്രകളുടെ സന്പദ് ശാസ്ത്രത്തിനു മേലെ സംഭവിച്ച  ഒരു ദേശാടന കഥ.  അക്കഥയുടെ പ്രസക്ത ഭാഗങ്ങൾ മൊഴിമാറ്റിയിരിക്കുകയാണ് ചുവടെ.

 

ശ്ചിമാഫ്രിക്കയിലെ ഒരു ചെറു രാജ്യമായ ഗാന്പിയയിൽ നിന്നുള്ള ഒരു കുട്ടിയാണ് ഞാൻ. മാംസം പാചകം ചെയ്തു വള്ളക്കടവിൽ വിറ്റു വന്നിരുന്ന എൻ്റെ അച്ഛൻ മൂന്നാലു വർഷങ്ങൾക്കു മുന്പ് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ഭാര്യ ആയിരുന്ന എൻ്റെ അമ്മയെയും എനിക്കു ഇളയവരായ മൂന്നു കൂടപ്പിറപ്പുകളെയും ഉപേക്ഷിച്ചു പോയി. 

മൂന്നു വയസ്സായപ്പോൾ ഞാൻ സ്‌കൂളിൽ പോകാൻ തുടങ്ങിയതാണ്. പ്രൈമറി സ്‌കൂളിൽ ആയിരുന്നപ്പോഴാണ് എന്റെ അവസ്ഥ എനിക്ക് കുറേശ്ശേ മനസ്സിലായി തുടങ്ങിയത്. വിറകു പെറുക്കാൻ പോയും വീട്ടു ജോലികൾ ചെയ്തും ഞാൻ അക്കാലത്തേ അമ്മയെ സഹായിക്കുകയും ചിലപ്പോഴൊക്കെ അച്ഛൻ ജോലിക്കു പോകുന്പോൾ കൂടെപോവുകയും ചെയ്യുമായിരുന്നു. എൻ്റെ മാതാപിതാക്കൾ വേർപിരിയുന്പോൾ ഏഴാം ക്ലാസ്സിൽ ആയ എനിക്കു പന്ത്രണ്ട് വയ
സ്സ്. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതിനു ശേഷം പഠനം തുടരുവാൻ ബുദ്ധിമുട്ടായി. അമ്മയ്ക്കു സ്‌
കൂൾ ഫീസ് കൊടുക്കുവാൻ നിർവ്വാഹമില്ലാതെ വന്ന
പ്പോൾ എട്ടാം ക്ലാസ്സിൽ ഞാൻ പഠിപ്പു നിറുത്തി. ആ സമ
യത്താണ് മീൻ പിടുത്തക്കാരോടോപ്പം കടൽക്കരയിലേയ്ക്കു പോകുവാൻ തുടങ്ങിയത്. അമ്മയുടെ കഷ്ട
പ്പാട് കുറയ്ക്കുവാനായി ഞാൻ  മീൻ പിടിച്ചു വിറ്റു.

അതിനിടയിൽ വള്ളത്തിന്റെ അമരക്കാരനാകാനും ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ലിബിയയിലേയ്ക്ക് പോകുവാൻ ഒരു വഴി കണ്ടെത്തണമെന്ന ആശയം എൻ്റെ മനസ്സിൽ ഉദിച്ചത് ആ കാലത്താണ്. അതിനായി ശ്രമിക്കേണ്ടത് അനിവാര്യമായി എനിക്കു തോന്നിയിരുന്നു. കാരണം അമ്മയ്ക്കും എൻ്റെ അമ്മാവനും തുണയാകണം എന്നുണ്ടായിരുന്നു. അമ്മയെ സഹായിക്കുവാനും ഞങ്ങളുടെ ഭാവിക്കും വേണ്ടി എൻ്റെ അമ്മാവൻ അവിശ്രമം അദ്ധ്വാനിക്കുകയായിരുന്നു. എനിക്ക് വലിയ അഭിമാനം തോന്നും വിധം മികച്ചതായിരുന്നു ഞങ്ങളോടുള്ള അദ്ദേഹത്തിൻ്റെ ബന്ധം. 

2014 മുതൽ 2015 വരെയുള്ള എൻ്റെ ജീവിതത്തിന്റെ കഥ ഒരിക്കലും ‘മറക്കാനാവാത്തതായി’ വേറിട്ടു നിൽക്കും എൻ്റെ  ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ. ജീവിതം എളുപ്പമുള്ളതാക്കുവാനായി ഞാൻ നടത്തിയ യാത്ര സത്യത്തിൽ എൻ്റെ ജീവിതത്തിൽ ഞാൻ നേരിട്ടിട്ടുള്ളവയിൽ ഏറ്റവും കഠിനമായ അനുഭവങ്ങളായി  മാറി.

അമ്മയെ അറിയിക്കാതെയാണ് ഞാൻ രഹസ്യ യാത്ര തിരിച്ചത്. ഞാൻ കടപ്പുറത്തു മീൻ പിടിക്കുകയാണെന്നാണ് അമ്മ കരുതിയിരുന്നത്‌. വള്ളക്കാർ ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ എന്നെ കൂട്ടത്തിൽ കണ്ടില്ല. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ മരിച്ചു പോയിട്ടുണ്ടാവുമെന്ന് അമ്മ ഉറപ്പിച്ചു.

ഗാന്പിയയിൽ നിന്നു അയൽ രാജ്യമായ സെനഗലിലേക്കാണ് ഞാൻ ആദ്യം പോയത്. കുറെ ദിവസങ്ങൾ സെനഗലിൽ കഴിഞ്ഞ ശേഷം ഞാൻ മാലിയിലേയ്ക്ക് പോയി. എനിക്ക് ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്ന രാജ്യമാണ് മാലി.  കൈവശം ഉണ്ടായിരുന്ന പണം തീർന്നു പോവുകയും യാത്ര തുടരാനാകാതെ വരികയുമുണ്ടായി. മൂന്നു മാസവും ആറു ദിവസവും അവിടെ പണിയെടുത്ത് തങ്ങി. അങ്ങിനെയാണ്  യാത്ര തുടരാൻ ആവശ്യമായ കാശു കിട്ടിയത്.

മാലിയിൽ നിന്ന് ബുർക്കിനാ ഫാസോയിലേക്കാണ് എനിക്കു പോകേണ്ടത്. അവിടെയെത്താൻ രണ്ട് ദിവസം എടുത്തു. ബുർക്കിനാ ഫാസോയിൽ സമയം പാഴാക്കണമെന്ന് എനിക്കില്ലായിരുന്നു പക്ഷെ ദൗർഭാഗ്യവശാൽ എല്ലാ ചെക് പോയ്ന്റുകളും കടന്നു പോകാൻ കഴിഞ്ഞില്ല. അതിർത്തിയിലേയ്ക്ക് ഒരു ചെക് പോയിന്റ് മാത്രം ബാക്കിയുള്ളപ്പോൾ കാഞ്ചാരി എന്ന സ്ഥലത്ത് വെച്ചു തടഞ്ഞ പോലീസുകാർ എൻ്റെ കയ്യിലുണ്ടായിരുന്ന കുറച്ചു പണം മുഴുവനും തട്ടിയെടുത്തു. എന്നെയും ഒപ്പമുണ്ടായിരുന്നവരെയും  ഒരാഴ്ച തടങ്കലിൽ അടച്ചു. ഞാൻ   അവിടെ കുറെ നാൾ താമസിക്കുകയും ചെയ്തു.

ഒടുവിൽ ബുർകിന ഫാസോയിലെ ചെക് പോയിന്റുകൾ കടന്നു പോകുവാൻ പോലീസ് അനുവദിച്ചു. നൈജറിലെ അഗാദസിലേയ്ക്കു ഞാൻ യാത്ര തുടർന്നു.  അഗാദസിൽ എത്തും മുന്നേ നൈജറിന്റെ തലസ്ഥാനമായ നിയാമിയിൽ എത്തുകയും കുറെ ആഴ്ചകൾ അവിടെ ചിലവഴിക്കുകയും ചെയ്തു. ജീവിതത്തിലെ കൂടുതൽ ദുഷ്കരമായ അനുഭവങ്ങൾ എനിക്കുണ്ടായത് അവിടെയാണ്. പതിവായി പണി കിട്ടാത്തതിനാൽ ഭക്ഷണം കഴിക്കാനാവാതെ വന്നു. ഉറക്കം    തെരുവിൽ ആയിരുന്നു. പോകപ്പോകെ എനിക്കു അഗാദസിലേക്കു യാത്രയാകാൻ കഴിഞ്ഞു.

അഗാദസിൽ എത്തിയത് മഴക്കാലത്തായതിനാൽ പണി കിട്ടുവാൻ പ്രയാസമായിരുന്നതിനാൽ അവിടെയും കാര്യങ്ങൾ കഠിനമായിരുന്നു. ഒരു മാസത്തോളം അവിടെക്കഴിഞ്ഞതിൽ ഏറെ നാളും ഒന്നും ചെയ്യാതെയാണിരുന്നത്. സിറ്റിയിലെ പോക്കുവരവിനും ഭക്ഷണത്തിനും വഴി കഷ്ടിയായിരുന്നതിനാൽ എനിക്കെൻ്റെ കാര്യങ്ങൾ നന്നായി നോക്കി നടത്താൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം തെരുവിൽ ജോലി തേടി നടക്കുന്പോൾ ആളുകളെ ലിബിയയിലേയ്ക്ക് കടത്തുന്നവരുടെ ഒരു ഇടനിലക്കാരനെ ഞാൻ കണ്ടുമുട്ടി. അയാൾ ഒപ്പം താമസിക്കാൻ എന്നെ വിളിച്ചു. ഞാൻ അയാളുടെ വീട്ടിലെ പാചകവും വീട് വൃത്തിയാക്കലും ഉൾപ്പെടെ  അയാളുടെ വീട്ടു പണികൾ ചെയ്തു തുടങ്ങി. ലിബിയയിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നവരെ അയാൾക്ക്‌ സംഘടിപ്പിച്ചു കൊടുക്കുവാൻ ഇടയ്ക്കിടെ പുറത്ത് പോവുകയും ചെയ്യും. ഞങ്ങൾ അങ്ങിനെ ഓരോന്നു ചെയ്തു കഴിയവേ എന്നെയും ലിബിയയിലേയ്ക്ക് കടത്തുമെന്നു ഒരു നാൾ അയാൾ പറഞ്ഞു ഒടുവിൽ അയാൾ അതു ചെയ്തു. 

ലിബിയയിലേയ്ക്ക് പോകുവാൻ ഞങ്ങൾക്ക് ആദ്യം സഹാറ മരുഭൂമി മുറിച്ചു കടക്കണമായിരുന്നു. അതിനു കുറെ നാളുകൾ വേണ്ടി വരികയും ഒരു പാട് കഷ്ടതകൾ അനുഭവിക്കുകയും ചെയ്തു. അഗാദസ് വിട്ടു കുറെ ചെന്നപ്പോൾ ഞങ്ങളുടെ ടൊയോട്ട പിക്കപ് വണ്ടി തകരാറായി. വണ്ടി നന്നാക്കി ഡ്രൈവർ മടങ്ങി വരുന്നത് വരെ ഞങ്ങൾ രണ്ട് ദിവസങ്ങൾ നൈജറിലെ മരുഭൂമിയിൽ കഴിഞ്ഞു. കുടിക്കാനും കഴിക്കാനും ഉള്ളതെല്ലാം തീർന്നു പോയിരുന്നതിനാൽ ഞങ്ങൾ കടുത്ത വിശപ്പിലും ദാഹത്തിലുമായി. ഞങ്ങളെ  കടന്നു പോവുകയായിരുന്ന  ഒരു കാർയാത്രക്കാരൻ ഭാഗ്യവശാൽ ഞങ്ങളെ കാണുകയും വന്നു സംസാരിക്കുകയും കുറച്ചു ഭക്ഷണവും വെള്ളവും തരികയും ചെയ്തു.  ഡ്രൈവർ മടങ്ങി വന്നപ്പോൾ ഞങ്ങൾ ലിബിയ യാത്ര തുടർന്നു. ലിബിയയിലെത്താൻ എട്ടൊന്പതു ദിവസങ്ങളാണെടുത്തത്. 

ഖാട്രൂൺ എന്ന സ്ഥലത്താണ് ഞങ്ങൾ ലിബിയയിൽ പ്രവേശിച്ചത്. ഒരു രാത്രി തങ്ങിയതിനു ശേഷം യാത്ര തുടരാനായിരുന്നു പരിപാടി. പക്ഷെ ഒരു സംഘം ആളുകൾ ഞങ്ങളെ തട്ടിക്കൊണ്ടു പോയി. പിന്നീട് മൂന്നു മാസങ്ങൾ അവരുടെ തടവിലായിരുന്നു. അവരുടെ ഡ്രൈവറുടെ കയ്യിൽ നിന്നു പണം വാങ്ങിയ സംഘം ഞങ്ങളാണെന്നു തെറ്റിദ്ധരിച്ചാണ് ഞങ്ങളെ തട്ടിക്കൊണ്ടു പോയത്. എല്ലാ ദിവസങ്ങളിലും അവർ ഞങ്ങളെ പീഡിപ്പിച്ചു. ചെയ്യാവുന്ന എല്ലാ ദുഷ്‌കൃത്യങ്ങളും അവർ ഞങ്ങളുടെ മേൽ ചെയ്തുകൂട്ടി. ഒടുവിൽ    പണം വാങ്ങിയത് ഞങ്ങളല്ലെന്നു തെളിയുകയും അവർ ഞങ്ങളോട് മാപ്പു പറയുകയും ചെയ്തു. അവർ ഞങ്ങളെ സൗജന്യമായി സഫ എന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്തു. സഫയിൽ ഞാൻ 28 ദിവസങ്ങൾ താമസിച്ചു. അപ്പോഴേയ്ക്കും സഫയിലെ പരസ്‌പരം ശത്രുക്കളായ രണ്ടു പക്ഷങ്ങൾ തമ്മിൽ സംഘർഷം ഉടലെടുക്കുകയും അന്തരീക്ഷം ഭീകരമാവുകയും ചെയ്തു. സഫയിലെ അരക്ഷിതാവസ്ഥ കാരണം ഞാൻ തലസ്ഥാനമായ ട്രിപ്പോളിയിലേയ്ക്കു നീങ്ങി. 

ട്രിപ്പോളിയിൽ എത്തിയപ്പോഴാണ് ജീവനോടെയുണ്ടെന്നു അറിയിക്കുവാൻ അമ്മയെ ഫോൺ ചെയ്തത്. എൻ്റെ ശബ്ദം കേട്ടപ്പോൾ അമ്മയ്ക്ക് വിശ്വസിക്കുവാൻ കഴിയാതെ അവർ കരഞ്ഞു തുടങ്ങി. ഞാൻ എന്നോ മരിച്ചു പോയതായാണ് അവർ വിശ്വസിച്ചിരിക്കുന്നത്. കുറച്ചു പണം തന്നു സഹായിക്കുവാൻ കഴിയുമോയെന്നു ഞാൻ ചോദിച്ചു. ആയിടെ കുടുംബം നോക്കുന്നത് തനിയെ ആയതിനാൽ വീട്ടു കാര്യങ്ങൾ കൂടുതൽ വിഷമതകൾ നിറഞ്ഞതാണെന്ന് അമ്മ പറഞ്ഞു. 

ട്രിപ്പോളിയിൽ കാര്യങ്ങൾ കുഴപ്പമില്ലാതെ പോയി. ഇടക്കിടെ അമ്മയോട് സംസാരിച്ചു. ഒരു ദിവസം ഞാൻ കണ്ടു മുട്ടിയ ഒരു അറബിക്ക് എന്നോട് ഇഷ്ടം തോന്നുകയും അയാൾ എനിക്കു ഒരു ജോലി തരുകയും ചെയ്തു. മൂന്നു മാസം നന്നായി കഴിഞ്ഞു പോയി. നാലാം മാസത്തിൽ ട്രിപ്പോളിയുടെ അവസ്ഥ കഠിനമായിത്തുടങ്ങി. ട്രിപ്പോളിയുടെ അന്തരീക്ഷത്തിൽ അസ്ഥിരതയും അരക്ഷിതാവസ്ഥയും പടർന്നു കയറി. ഒടുവിൽ ട്രിപ്പോളിയിൽ സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അവിടെ ജീവിതം സുരക്ഷിതമല്ലാതായി. അന്നാട്ടുകാരുൾപ്പെടെ എല്ലാവരുടെയും ജീവൻ അപകടത്തിൽ ആയിരുന്നു. എൻ്റെ കയ്യിൽ ശേഷിച്ച  അൽപം പണം കൊണ്ട് ഇറ്റലിയിലേക്കുള്ള അപകടകരമായ സമുദ്ര യാത്ര ചെയ്യാൻ ഞാൻ നിശ്ചയിച്ചു. അങ്ങിനെയാണ് ഞാൻ യൂറോപ്പിൽ എത്തിയത്.

ട്രിപ്പോളിയിലെ അറബിയ്ക്ക് വേണ്ടി ജോലി ചെയ്തപ്പോൾ കിട്ടിയ പണം ഞാൻ എൻ്റെ ബോട്ട് യാത്രയ്ക്ക് വേണ്ടി കരുതി വെച്ചിരുന്നു. എന്നോട് പണം വാങ്ങിയ ആൾ ട്രിപ്പോളിയിൽ നിന്നും എന്നെ പുറത്തു കടത്തുവാൻ ഒരു ടാക്സി ഏർപ്പാട് ചെയ്തു. പോലീസിനു കാണാൻ കഴിയാത്ത വിധത്തിൽ ടാക്സിക്കുള്ളിൽ അവരെന്നെ ഒളിപ്പിച്ചു വെച്ചു. മെഡിറ്ററേനിയൻ കടലിലേയ്ക്ക് കൊണ്ട് പോകുന്നതിനു മുന്നേയുള്ള ഒരു ഇടത്താവളത്തിലേക്കാണ് ആദ്യം പോയത്. രണ്ടാഴ്ചയോളം അവിടെക്കഴിഞ്ഞു. അവിടെ ഉറങ്ങാൻ കൂടി കഴിയുമായിരുന്നില്ല. അത്രയധികം ആൾത്തിരക്കായതിനാൽ ഇരിക്കുവാൻ മാത്രമേ ഇടമുണ്ടായിരുന്നുള്ളു. ആ സ്ഥലം ഒരു പേക്കിനാവ് പോലെ അസ്വാസ്ഥ്യങ്ങൾ മാത്രം നൽകി. ദിവസത്തിൽ ഒരു നേരം മാത്രമായിരുന്നു ആഹാരം.

കുറെ നാളുകൾ  കഴിഞ്ഞപ്പോൾ സമുദ്രത്തിൽ  യാത്രയ്ക്ക് പോകാവുന്ന തരത്തിൽ കാലാവസ്ഥ ഭേദപ്പെട്ടു. അന്നൊരു ദിവസം, ഒരു സവിശേഷ രാത്രിയിൽ, അവർ വന്നു. ഞങ്ങൾ കടപ്പുറത്തേയ്ക്കു കാൽ നടയായി പോയി. രാത്രിയിൽ ഇടനിലക്കാരനും അയാളുടെ സംഘവും കടപ്പുറത്ത് വെച്ചു ഒന്നൊന്നര മണിക്കൂറിനുള്ളിൽ റബ്ബർ ബോട്ട് യോജിപ്പിച്ചു. ഞങ്ങൾ അതു വെള്ളത്തിലേയ്ക്ക് കൊണ്ട് പോയി ഓരോരുത്തരായി ബോട്ടിൽ കയറി. കൂട്ടത്തിൽ ഒരാളെ ബോട്ടിൻ്റെ ക്യാപ്റ്റനായി ഇടനിലക്കാരൻ നിശ്ചയിച്ചു. എല്ലാവരും ബോട്ടിൽ കയറിക്കഴിഞ്ഞപ്പോൾ യാത്ര തുടങ്ങുവാൻ അയാൾ ആജ്ഞാപിച്ചു. അങ്ങിനെയാണ് ഒടുവിൽ ഞങ്ങൾ ലിബിയ വിട്ടു ഞങ്ങളുടെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര തുടങ്ങിയത്.

ബോട്ടിൽ രണ്ടു സ്ത്രീകൾ അടക്കം 135 പേരുണ്ടായിരുന്നു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യർ. ക്യാപ്റ്റൻ്റെ കയ്യിലെ ഫോണിലൂടെ അയാൾ ഇടനിലക്കാരനുമായി യാത്രയിലുടനീളം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ലിബിയൻ കടൽ കടക്കും വരെ പ്രശ്നങ്ങളില്ലാതെ ഞങ്ങൾ കടൽ താണ്ടുകയായിരുന്നു. കടലിലെ രണ്ടാം നാൾ ഞങ്ങൾ അന്താരഷ്ട്ര സമുദ്രത്തിൽ കടന്നു. ബോട്ടിൽ പ്രശ്നങ്ങൾ തുടങ്ങിയത് പിന്നീടാണ്. മുൻ ഭാഗത്ത് ഒരു ദ്വാരം ഉണ്ടാവുകയും അതുവഴി വെള്ളം അകത്ത് കടക്കുകയും ചെയ്തു. ഞങ്ങളുടെ ഭാഗ്യത്തിനു അപകടം സാരമുള്ളതായി വളർന്നില്ല. മാത്രവുമല്ല യാത്രികർ പരസ്പരം നല്ല സഹിഷ്ണുത പുലർത്തുകയും ചെയ്തു.

അതു സംഭവിക്കുന്പോൾ ഞങ്ങൾ ലിബിയയിൽ നിന്നും ഏറെ ദൂരം സഞ്ചരിച്ചിരുന്നു. ഇറ്റലിയുടെ നാവിക സേനയുടെ ഒരു കപ്പൽ ഞങ്ങളെ കടന്നു പോവുകയും അവർ ഞങ്ങളെ രക്ഷിക്കുകയും ചെയ്തു. ആ വലിയ കപ്പലിലേയ്ക്ക് ഞങ്ങളെ മാറ്റി. അവിടെ ഭക്ഷണവും മരുന്നും ഉണ്ടായിരുന്നു. ഒരു ദിവസം കഴിഞ്ഞപ്പോൾ കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ ഒരു മണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ ഇറ്റലിയിലെ ലംപ ഡുസയിൽ എത്തിച്ചേർന്നു. അങ്ങിനെയാണ് ഒടുവിൽ ഞങ്ങൾ യൂറോപ്പിൽ എത്തിച്ചേർന്നതും ഞങ്ങളുടെ ജീവനുകൾ രക്ഷിക്കപ്പെട്ടതും.

 

You might also like

Most Viewed