അക്രമരഹി­ത പ്രതി­രോ­ധത്തി­ന്റെ­ രഹസ്യം


1979ൽ കാബൂളിന്റെ നഗര വീഥികളിലൂടെ സോവിയറ്റു ടാങ്കുകൾ ഉരുണ്ടതിനു ശേഷം ഇന്നോളം കടന്നു പോയ മുപ്പത്തിയേഴു വർഷങ്ങളിലും തങ്ങളുടെ ഇച്ഛയ്ക്ക് വെളിയിൽ സംഭവിക്കുന്ന യുദ്ധങ്ങളിലായിരുന്നു അഫ്‌ഗാൻ ജനത. ആധുനിക ലോകത്തിലെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികളായ സോവിയറ്റു യൂണിയനും അമേരിക്കയും തങ്ങളുടെ ആയുധബലവും സൈനിക തന്ത്രങ്ങളും അവർക്കു മേൽ പ്രയോഗിച്ചു. ഭൂമിയിലെ ഏറ്റവും കിരാതമായവയിൽ ഉൾപ്പെടുന്ന മതതീവ്ര വാദമായ താലിബാൻ ഭരണത്തിനു അഫ്‌ഗാൻ ജനത വിധേയരായി. ഇന്നു പ്രായം നാൽപ്പതിലെത്തുന്ന ഒരു അഫ്‌ഗാൻ പ്രജയുടെ നെഞ്ചിനുള്ളിൽ സ്പന്ദിക്കുന്നത് അങ്ങേയറ്റം വികസിപ്പിച്ച ഹിംസയുടെ പ്രയോഗങ്ങളായ യുദ്ധങ്ങളുടെ പ്രചണ്ധതയിൽ നിന്നോ വീട്ടിനുള്ളിൽ വന്നു കയറിയ മത ഭീകരതയുടെ ദംക്ഷ്ട്രകളിൽ നിന്നോ രക്ഷിച്ചെടുത്ത ജീവനാണ്. പ്രത്യാശയുടേതായ യാതൊരു രജതരേഖയും എവിടെയും കാണാൻ ഇല്ലാത്ത ആക്രമണങ്ങളുടെ കാളിമയാവും ബോധത്തിൽ. വൻശക്തികളുടെ ആയുധ പ്രമത്തതയോട് കിട പിടിക്കുവാൻ കടും വർണ്ണങ്ങളിലെ ഹിംസ ആഴത്തിൽ പ്രയോഗിക്കുന്നവരാണ് തീവ്രവാദികൾ. തീവ്രവാദികൾക്കും സർക്കാരുകൾക്കുമിടയിൽ തകർന്നടിഞ്ഞു പോകുന്ന ജനസാമാന്യത്തിന്റെ ജീവിതങ്ങൾ ആരുടെയും വിഷയമല്ലാത്ത തരം സംഘട്ടനങ്ങളിലാണ് സംസ്കാരങ്ങൾ ഏർപ്പെട്ടിരിക്കുന്നത്. അതിവേഗത്തിൽ  ആഗോളീകരണം സംഭവിക്കുന്ന ഈ പ്രതിഭാസവും ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലേയ്ക്കും അതി വേഗം പടർന്നു പിടിക്കുകയാണ്. 

ഈ കാല സന്ധിയിൽ അഫ്‌ഗാനിസ്ഥാനിൽ ജനിച്ചു വളർന്ന വനിത, ജമീല റഖീബ്. അഹിംസയുടെ പ്രായോഗികവും താത്വികവുമായ മാനങ്ങളിൽ പഠന ഗവേഷണങ്ങൾ നടത്തുന്ന ആൽബെർട് ഐൻസ്റ്റീൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സികുട്ടിവ് ഡയറക്ടർ ആണ്. മാസാചുസെറ്റ്സ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അന്താരാഷട്ര പഠനങ്ങളിൽ ഗവേഷകയായ ജമീല റഖീബ് ടെഡ് (TED) വേദിയിൽ നടത്തിയ പ്രഭാഷണമാണ് ‘ഫലപ്രദമായ അക്രമരഹിത പ്രതിരോധത്തിന്റെ രഹസ്യം’. പ്രഖ്യാപിത യുദ്ധങ്ങൾ കുറയുകയും മറ്റേരാജ്യത്തിന്റെ ഉള്ളിൽ ചെന്നു നിരായുധരായ പ്രജകളുടെമേൽ രാക്ഷസീയമായ ഹിംസ അഴിച്ചു വിടുന്ന  അപ്രഖ്യാപിത യുദ്ധങ്ങളിൽ രാജ്യങ്ങൾ എല്ലാം മുഴുകുകയും ചെയ്യുന്ന പുതിയ ശൈലിയിലേയ്ക്ക് സംഘർഷങ്ങൾ രുപാന്തരം പ്രാപിച്ചിരിക്കുകയാണ് വർത്തമാനകാലത്തിൽ. അഹിംസയെ ഒരു ആയുധമായി നിർവ്വചിച്ചു കൊണ്ട് യുദ്ധങ്ങളുടെ രീതികൾ അക്രമ രഹിതമായി പുനരാവിഷ്കരിക്കുന്നതിൻ്റെ തന്ത്രങ്ങളെ ചർച്ച ചെയ്യുന്നതാണ്  ആ പ്രസംഗം. അക്കാരണത്താൽ ഏറെ പ്രസക്തിയുള്ള ആ പ്രസംഗം പരിഭാഷപ്പെടുത്തിയിരിക്കുകയാണ് ഇവിടെ.

ഓർമ്മ വച്ച കാലം മുതൽക്കേ യുദ്ധങ്ങൾ എന്റെ ജിവിതത്തിന്റെ ഭാഗമായിരുന്നു. സോവിയറ്റു യൂണിയന്റെ അധിനിവേശം കഴിഞ്ഞ് ആറുമാസം ആയപ്പോൾ ഞാൻ അഫ്‍ഗാനിസ്ഥാനിൽ പിറന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നതിലും കുഞ്ഞായിരുന്നെങ്കിലും ചുറ്റും നടമാടുന്ന കഷ്ടതകളുടെയും ഭീതിയുടെയും അഗാധമായ ഒരു ബോധം എനിക്കുണ്ടായിരുന്നു. 

ഇപ്പോൾ യുദ്ധങ്ങളെയും സംഘർഷങ്ങളെയും കുറിച്ച് ഞാൻ ചിന്തിക്കുന്ന രീതി രുപപ്പെട്ടതിൽ ആ ആദ്യാനുഭവങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. തങ്ങളുടേതായ ഒരു അടിസ്ഥാന വിഷയം പ്രതിസന്ധിയിലാകുന്പോൾ വഴങ്ങിക്കൊടുക്കുക എന്നതല്ല ജനങ്ങളിൽ വളരെപ്പേരുടെയും പ്രവണതയെന്നു ഞാൻ മനസ്സിലാക്കി. ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്പോഴും അവരുടെ നാട് അധിനിവേശത്തിൽ ആകുന്പോഴും, അവർ അടിച്ചമർത്തപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന തരം സംഘർഷങ്ങളിൽ പെടുന്പോഴും ചെറുത്തു നിൽക്കുവാനും തിരിച്ചടിക്കാനുമായി ശക്തമായ ഒരു മാർഗ്ഗം അവർക്കു ആവശ്യമുണ്ട്. അക്രമത്തിന്റെ മാർഗ്ഗം എത്ര വിനാശകാരിയും ഭീതിദവുമാണെങ്കിലും അതു മാത്രമാണ് ഒരേയൊരു വഴിയെന്നു വന്നാൽ ജനങ്ങൾ അതു സ്വീകരിക്കുമെന്നാണ് അതിനർത്ഥം. ലോകത്തിൽ ഉണ്ടാകുന്ന ഹിംസയുടെ അളവിൽ നമ്മിൽ കൂടുതൽ പേരും ഉത്ക്കണ്ഠയുള്ളവരാണ്. പക്ഷെ ഹിംസ ധാർമ്മിക തിന്മയാണെന്ന് ജനങ്ങളോട് പറയുന്നതു കൊണ്ട് മാത്രം യുദ്ധങ്ങൾ അവസാനിപ്പിക്കുവാൻ നമുക്കാവില്ല. പകരം ഹിംസയോളം ശക്തിയുള്ളതും ഫലപ്രദവുമായ മറ്റൊരു ഉപകരണം നാമവർക്കു നൽകണം. 

ഞാൻ ഏർപ്പെട്ടിരിക്കുന്ന കർമ്മം അതാണ്. ലോകത്തിൽ ഏറ്റവും കഠിനമായ ചില സാഹചര്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന ആളുകളോട് അവരുടെ സംഘർഷത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ അക്രമ രാഹിത്യ സമര രീതി എങ്ങിനെ ഉപയോഗിക്കാം എന്നു കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി ഞാൻ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഗാന്ധിയോടും മാർട്ടിൻ ലൂഥർ കിങ്ങിനോടും ബന്ധപ്പെടുത്തിയാണ് ഈ സമര മുറയെ കൂടുതൽ പേരും കാണുന്നത്. പക്ഷെ ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യർ അക്രമരഹിത സമരമുറ ഉപയോഗിക്കുന്നുണ്ടായിരുന്നു. സത്യത്തിൽ സ്ത്രീകൾക്കും ന്യുനപക്ഷങ്ങൾക്കും തൊഴിലെടുക്കുന്നവർക്കും വിവിധ തരം ലൈംഗിക ആഭിമുഖ്യങ്ങൾ ഉള്ളവർക്കും പരിസ്ഥിതികാര്യങ്ങളിൽ തൽപ്പരരായവർക്കും നമ്മുടെ ഈ അമേരിക്കയിൽ ഇന്നുള്ള അവകാശങ്ങളിൽ അധികവും നമ്മുടെ കരങ്ങളിലേക്ക് അനായാസം വന്നു ചേർന്നതല്ല. അതിനു വേണ്ടി പോരാടുകയും ത്യാഗം വരിക്കുകയും ചെയ്ത മനുഷ്യർ നേടിയെടുത്തവയാണ്. നാം പഠിക്കുന്നത് ചരിത്രത്തിന്റെ ആ പാഠങ്ങളിൽ നിന്നല്ലാത്തതിനാൽ അക്രമരാഹിത്യ സമര മുറ ഒരു അടവ് എന്ന നിലയിൽ വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടാണിരിക്കുന്നത്. 

ഈയിടെ എത്യോപ്യയിലെ കുറേ ആക്ടിവിസ്റ്റുകളെ ഞാൻ കണ്ടു മുട്ടി. ഞാൻ ധാരാളം കേട്ടിട്ടുള്ള അക്കാര്യം അവരും എന്നോട് പറഞ്ഞു. അവർ അക്രമരഹിത സമര മാർഗ്ഗത്തിൽ ശ്രമിച്ചു പക്ഷെ അതു സാധിത പ്രായമായില്ല. തെരുവിലെ പ്രതിഷേധങ്ങൾക്കു സമമാണ് അക്രമരഹിത സമരം എന്ന സങ്കൽപ്പം ഒരു ശരിയായ വൈതരണിയാണ്. ജനങ്ങൾക്ക് മാറ്റം ആവശ്യമുണ്ടെന്നത് പ്രകടിപ്പിക്കുവാൻ നല്ലൊരു മാർഗ്ഗമാണ് തെരുവ് പ്രതിഷേധങ്ങളെങ്കിലും അവ മാത്രമായി മാറ്റങ്ങൾ സൃഷ്ടിക്കുന്നില്ല. ഏറ്റവും കുറഞ്ഞത് അടിസ്ഥാനപരമായ മാറ്റങ്ങളുടെ കാര്യത്തിൽ എങ്കിലും.

സൗമ്യതയോടെയാണ് ചോദിക്കുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ശക്തരായ പ്രതിയോഗികൾ ജനങ്ങൾക്കു അവർ ആവശ്യപ്പെടുന്നത് നൽകുകയില്ല. അഥവാ ഇനി സൗമ്യമായിട്ടല്ലാതെ ചോദിച്ചാലും അങ്ങിനെ തന്നെ. 

അക്രമരഹിത സമരത്തിൽ കാര്യ സിദ്ധിയുണ്ടാകുന്നത് പ്രതിയോഗിയെ തകർത്തു കൊണ്ടാണ് അതു പക്ഷെ ശാരീരികമായല്ല മറിച്ച് പ്രതിയോഗിയുടെ അതിജീവനം സാദ്ധ്യമാക്കുന്ന വഴികളെ കണ്ടെത്തി ആ ശക്തി സ്രോതസ്സുകൾ പ്രതിയോഗിക്കു ലഭ്യമാകുന്നതിനെ തടഞ്ഞു കൊണ്ടാണ്. സൈനികർക്ക് കൂറു മാറുവാൻ കാരണങ്ങൾ സൃഷ്ടിച്ചുകൊണ്ട് അഹിംസാ ഭടനു സൈനിക ശക്തിയെ നിർവ്വീര്യമാക്കൻ കഴിയും. സമരങ്ങളിലൂടെയും ബഹിഷ്കരണങ്ങളിലൂടെയും സന്പദ്ഘടനയെ അലങ്കോലപ്പെടുത്തുവാൻ കഴിയും. ഇതര മാധ്യമങ്ങൾ ഉണ്ടാക്കി ഗവൺമെന്റിന്റെ പ്രചാരണങ്ങളെ നേരിടുവാനും അവർക്കു കഴിയും.

അതു ചെയ്യുവാൻ നിരവധി രീതികൾ ഉണ്ട്. എൻ്റെ സഹപ്രവർത്തകനും മാർഗ്ഗ ദർശിയുമായ ജീൻ ഷാർപ് അഹിംസാ സമരത്തിന്റെ 198 രീതികൾ വേർതിരിച്ചിട്ടുണ്ട്. അതിൽ ഒന്നു മാത്രമാണ് തെരുവ് പ്രതിഷേധം. അടുത്തിടെ സംഭവിച്ച ഒരു ഉദാഹരണം പറയാം. കുറച്ച് മാസങ്ങൾക്കു മുന്പ് ഗ്വാട്ടിമാല ഭരിച്ചിരുന്നത് മുൻ സൈനിക മേധാവികളാണ്. അവരാകട്ടെ അധോലോക ബന്ധങ്ങളുള്ളവരും അഴിമതിക്കാരും. ജനങ്ങൾക്കിതു അറിയാമെങ്കിലും എന്തെങ്കിലും ചെയ്യുവാൻ ശക്തിയില്ലാത്തവരാണ് തങ്ങളെന്നാണ് അധികം പേരും കരുതിയത്. പക്ഷെ പന്ത്രണ്ട് സാധാരണക്കാർ ഉൾപ്പെട്ട ഒരു സംഘം തങ്ങളുടെ സ്നേഹിതരോട് ഫെയിസ് ബുക്കിലൂടെ ഒരു ആഹ്വാനം നൽകി. ‘രാജി വെയ്ക്കുക’ എന്നൊരു പ്ലക്കാർഡുമേന്തി സെൻട്രൽ പ്ലാസയിൽ കൂടി ചേരുക. അവരെ അന്പരപ്പിച്ചു കൊണ്ട് മുപ്പതിനായിരം പേരാണ് കൂടിയതു. പ്രതിഷേധം രാജ്യമെന്പാടും പടരുന്നതിനിടയിൽ അവർ അവിടെ മാസങ്ങളോളം താമസിച്ചു. ഒരു ഘട്ടത്തിൽ സംഘാടകർ ഗവൺമെന്റ് ഓഫിസുകളിലേയ്ക്ക് നൂറു കണക്കിന് മുട്ടകൾ ഒരു സന്ദേശവും ചേർത്ത് അയച്ചു. “അഴിമതിക്കാർ അധികാര സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനെ തടയുവാൻ നിങ്ങളുടെ ....നു ഉറപ്പില്ലെങ്കിൽ ഞങ്ങൾ കടം തരാം”

തങ്ങൾ ഒരിക്കലും അധികാരം ഒഴിയുകയില്ലെന്നു ശപഥ ചെയ്താണ് പ്രസിഡന്റ് മോലിന അതിനോട് പ്രതികരിച്ചത്. പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടും കാലം കഴിക്കുവാൻ ആവില്ലെന്ന് ആക്ടിവിസ്റ്റുകൾ തിരിച്ചറിഞ്ഞു. പ്രസിഡണ്ടിന്റെ പോം വഴികൾ അവസാനിപ്പിക്കുകയായി അവരുടെ ആവശ്യം. അതിനായി അവർ ഒരു പൊതു പണിമുടക്ക്. സംഘടിപ്പിച്ചു. രാജ്യത്തൊട്ടാകെ ജനങ്ങൾ പണിയെടുക്കുവാൻ വിസമ്മതിച്ചു. ഗ്വാട്ടിമാല നഗരത്തിൽ 400 വ്യവസായ സ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചു. അതിനിടയിൽ രാജ്യമാകെ കർഷകർ പ്രധാന റോഡുകൾ ഉപരോധിച്ചു. അഞ്ചു ദിവസങ്ങൾക്കുള്ളിൽ പ്രസിഡണ്ട് മറ്റു സാമന്തന്മാർക്കൊപ്പം രാജിവെച്ചു.

ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലെയും അഹിംസാ സമരങ്ങൾ ചെയ്യുന്ന ജനത പ്രകടിപ്പിക്കുന്ന സർഗാത്മകതയും ധീരതയും എന്നെ അത്യധികമായി പ്രചോദിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഉഗാണ്ടയിലെ ഒരു സംഘം ആക്ടിവിസ്റ്റുകൾ അടുത്തിടെ ഒരു കൂട പന്നികളെ തെരുവിൽ അഴിച്ചു വിട്ടു. എന്താണ് ചെയ്യേണ്ടതെന്നും ആരെയെങ്ങിനെ നിയന്ത്രിക്കണമെന്നും അറിയാതെ പോലിസുകാർ കുഴങ്ങിപ്പോയി. ഭരണ കക്ഷിയുടെ നിറത്തിൽ പന്നികളെ പെയിന്റടിച്ചിട്ടുണ്ടായിരുന്നു. ജനങ്ങൾക്ക് കണ്ടാൽ അറിയാവുന്ന ഒരു തൊപ്പി അതിലൊരു പന്നി തലയിലണിഞ്ഞിരുന്നു.

മാദ്ധ്യമ ശ്രദ്ധ നേടുന്നതിൽ ലോകത്തിൽ എല്ലായിടത്തും ആക്ടിവിസ്റ്റുകൾ വളരെ മെച്ചപ്പെടുന്നുണ്ട്. ഒരു വിശാല പദ്ധതിയുടെ ഭാഗമല്ലെങ്കിൽ ഒറ്റപ്പെട്ട സമരങ്ങൾ ഒന്നും നേടുകയില്ല. യുദ്ധം ജയിക്കുവാനുള്ള സന്പൂർണ്ണ പരിപാടിയില്ലാതെ ഒരു ജനറൽ തന്റെ സൈനികരെ യുദ്ധക്കളത്തിലേയ്ക്കു നയിക്കുകയില്ല. എന്നിട്ടും അങ്ങിനെയാണ് ലോകത്തിലെ മിക്കവാറും എല്ലാ അഹിംസാ സമര പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നത്. സൈനിക യുദ്ധത്തേക്കാൾ അധികമല്ലെങ്കിൽ അതിനൊപ്പം തന്നെ സങ്കിർണ്ണമാണ് അഹിംസാ സമരം. അതിൽ പങ്കെടുക്കുന്നവർക്ക് നല്ല പരിശീലനവും കൃത്യമായ ലക്ഷ്യങ്ങളും വേണം. ആ ലക്ഷ്യങ്ങൾ എങ്ങിനെ നേടണമെന്ന തന്ത്ര വൈദഗ്ദ്ധ്യം അതിന്റെ നേതാക്കൾക്കു ഉണ്ടായിരിക്കണം. 

അളവറ്റ വിഭവങ്ങളും ഏറ്റവും നിപുണരായ മനുഷ്യരും ചേർന്നു ആയിരക്കണക്കിന് വർഷങ്ങളിലൂടെ രുപപ്പെടുത്തിയതാണ് യുദ്ധത്തിന്റെ തന്ത്ര ശാസ്ത്രം. അക്രമ രാഹിത്യ സമരത്തെക്കുറിച്ച് ക്രമാനുഗതമായ പഠനങ്ങൾ അപൂർവ്വമാണ്. സമരങ്ങൾ വർദ്ധിക്കുന്നുവെങ്കിലും അതു പഠിപ്പിക്കുന്നവർ വളരെ കുറവാണ്. സംഘർഷങ്ങളെ കൈകാര്യം ചെയ്യുന്ന പഴയ രീതികൾ നാമിന്നു അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുവാൻ പര്യാപ്തമല്ലാത്തതിനാൽ ആ കുറവ് അപായകരമാണ്. 

ഐ.എസ്.ഐ.എസുമായുള്ള യുദ്ധത്തിൽ തങ്ങൾ സ്തംഭനാവസ്ഥയിൽ ആണെന്ന് അമേരിക്ക അടുത്തിടെ സമ്മതിക്കുകയുണ്ടായി. അക്രമ രഹിത മാർഗ്ഗത്തിലൂടെ ഐ. എസ്.ഐ.എസിനെ ജനങ്ങൾ നേരിട്ടു നിന്നു എന്ന കാര്യം അധികം പേർക്ക് അറിയില്ല. 2014ൽ ഐ.എസ്.ഐ.എസ് മുസുൾ പിടിച്ചടക്കിയപ്പോൾ തങ്ങളുടെ തീവ്ര ആശയങ്ങൾക്ക് അനുസൃതമായ വിദ്യാലയം തുടങ്ങുന്നുവെന്നു അവർ പ്രഖ്യാപിച്ചു. സ്‌കൂൾ തുടങ്ങുന്ന ദിവസം ഒരു വിദ്യാർത്ഥി പോലും ചെന്നില്ല. രക്ഷകർത്താക്കൾ അവരുടെ കുട്ടികളെ വിട്ടില്ല. തീവ്ര വാദം തലയിൽ അടിച്ചു കയറ്റുന്നതിനേക്കാൾ തങ്ങളുടെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുമെന്നു അവർ പത്രക്കാരോട് പറഞ്ഞു. 

ഒരു നഗരത്തിലെ ചെറുത്തു നിൽപ്പിന്റെ ഒരു നടപടിയുടെ ഉദാഹരണം ആയിരുന്നു അത്. ഐ.എസ്.ഐ.എസിനെതിരെ ഉണ്ടായ അനവധി അക്രമ രഹിത മാർഗ്ഗത്തിലെ ചെറുത്തു നിൽപ്പുകളെ ചേർത്തെടുത്തിരുന്നെങ്കിൽ എന്താകുമായിരുന്നു? ഐ. എസ്.ഐ.എസിനു പ്രവർത്തിക്കുവാൻ ആവശ്യമായ വിഭവ സ്രോതസ്സിനെ കണ്ടെത്തി വിച്ഛേദിക്കുവാൻ തയ്യാറാക്കിയ ഒരു സമഗ്ര പദ്ധതിയുടെ ഭാഗമായിരുന്നു രക്ഷിതാക്കളുടെ ബഹിഷ്ക്കരണം എങ്കിൽ എന്താകുമായിരുന്നു? ഭക്ഷണം ഉത്‌പ്പാദിപ്പിക്കുന്ന വിദഗ്ദ്ധ പണിക്കാർ, എണ്ണ എടുത്ത് ശുദ്ധീകരിക്കുന്ന എഞ്ചിനിയർമാർ, വാർത്താ വിനിമയ ഘടനയിൽ പ്രവർത്തിക്കുന്നവർ, ഗതാഗതവും ചരക്കു നീക്കവും നടത്തുന്നവർ ഐ.എസ് .ഐ.എസ് വളരെ ആശ്രയിക്കുന്ന ആഭ്യന്തര കച്ചവടങ്ങൾ ഇവർ ബഹിഷ്കരിച്ചു എങ്കിൽ? അഹിംസയുടെ മാർഗ്ഗത്തിൽ ഐ. എസ്.ഐ.എസിനെ അടിയറവു പറയിക്കാമെന്നു സങ്കൽപ്പിക്കുന്നത് പ്രയാസമായിരിക്കാം. എന്നാൽ സംഘർഷങ്ങളെയും അവയെ നേരിടുവാൻ നമുക്ക് ലഭ്യമായ മാർഗ്ഗങ്ങളെയും കുറിച്ചു നമ്മുടെ ധാരണകൾ തിരുത്തുവാൻ സമയമായി.

പ്രചരിപ്പിക്കുവാൻ മൂല്യമുള്ള ഒരു ആശയം ഇതാ. വ്യവസ്ഥിതികളും സാങ്കേതിക വിദ്യകളും മനുഷ്യൻ്റെ ആവശ്യങ്ങളെ പരിഹരിക്കുന്നതിനായി നിരന്തരമായി നവീകരിക്കപ്പെടുന്നത് പോലെ അക്രമരഹിത സമര മുറകളെയും എങ്ങിനെയാണ് പ്രവർത്തിച്ചത് ഇനിയും എങ്ങിനെ ശക്തമാക്കാം എന്നു നമുക്ക് പഠിക്കുവാൻ ആരംഭിക്കാം. യുദ്ധങ്ങൾക്ക് പകരമായി അഹിംസാ മാർഗ്ഗങ്ങൾ കൂടുതലായി ഉപയോഗിക്കപ്പെടുന്ന അവസ്ഥയിലേക്ക് അഹിംസാ മാർഗ്ഗത്തെ നമുക്ക് മെച്ചപ്പെടുത്താം. കൂടുതൽ ഫലപ്രദമായ ആയുധങ്ങൾ വന്ന് അന്പും വില്ലും എന്ന പഴയ ആയുധത്തെ അപ്രസക്തമാക്കിയത് പോലെ അക്രമമാണ് സംഘർഷത്തിന്റെ ഉപകരണം എന്നതിനെ നമുക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞേക്കാം. ഏറ്റവും പുതിയതും ആധുനികവുമായ യുദ്ധ സാങ്കേതികതയെക്കാൾ അഹിംസാ സമരത്തെ ശക്തമായതാക്കി മാറ്റുവാൻ മനുഷ്യൻ്റെ നവീകരിക്കലിലൂടെ നമുക്ക് കഴിയും. അക്രമത്തെ അപലപിക്കലിലല്ല അക്രമത്തെ അപ്രസക്തമാക്കുന്നതിലാണ് മാനവികതയുടേതായ ഏറ്റവും വലിയ പ്രതീക്ഷ കുടികൊള്ളുന്നത്. 

 

You might also like

Most Viewed