ബെർണി സാൻഡേഴ്‌സ് ഒരു പാഠവും മാതൃകയുമാണ്
അമേരിക്ക-എന്റെ സ്നേഹിതൻ ബെർണി സാൻഡേഴ്‌സിന് ഒരു തുറന്ന കുറിപ്പ്:
ഞായർ, 12 ജൂൺ
റോബർട്ട് റിയ്ക്ക്
പ്രിയപ്പെട്ട ബെർണി,
താങ്കൾ ഇനിയെന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല. താങ്കളെ ഞാൻ ഉപദേശിക്കാൻ പോകുന്നുമില്ല. നിങ്ങൾ ആരംഭിച്ച പ്രസ്ഥാനത്തിന്റെയും നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെയും അടുത്ത കാൽവെയ്‌പ്പിനു രൂപം കൊടുക്കുവാനുള്ള അവകാശം നിങ്ങൾ നേടിയിരിക്കുന്നു.
പക്ഷെ ഞാൻ താങ്കളോട് പറയട്ടെ, താങ്കൾ ഇപ്പോൾ തന്നെ വിജയിച്ചിരിക്കുന്നു.
തുടക്കത്തിൽ അപ്രസക്തനായ ഒരു സ്ഥാനാർത്ഥിയെന്നാണ് അവർ നിങ്ങളെ അടയാളപ്പെടുത്തിയത്. 74കാരൻ, രാഷ്ട്രീയത്തിൽ സ്വതന്ത്രൻ, ജൂതൻ, ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാൾ. ഡെമോക്രാറ്റിക് പാർട്ടിയുടെ ചേരിയ്ക്കും മുഖ്യ ധാര മാധ്യമ രംഗത്തിനും ധനപക്ഷ താൽപര്യങ്ങൾക്കുമെതിരെ ആയതിനാൽ സാധ്യത വെറും പൂജ്യമായൊരാൾ. എന്നിട്ടും നിങ്ങൾ 22 േസ്റ്ററ്റുകളിൽ വിജയിച്ചു.
നിങ്ങൾ പരാജയപ്പെട്ടിടങ്ങളിൽ ഉൾപ്പെടെ ഏറെക്കുറെ എല്ലാ േസ്റ്ററ്റുകളിലും ഭൂരിപക്ഷം യുവവനിതകളും ലാറ്റിൻ അമേരിക്കക്കാരും ഉൾപ്പെടെ പ്രായം മുപ്പതിന് താഴെയായ സമ്മതിദായകരുടെ വൻ ഭൂരിപക്ഷമാണ് നിങ്ങൾ നേടിയത്. അതുപോലെ പ്രായം 45നു താഴെയായവരിൽ കൂടുതൽ പേരുടെ പിന്തുണയും. അടുത്ത തലമുറയെ രുപപ്പെടുത്തുന്നതിനു നിങ്ങൾ സഹായിച്ചു.
വാൾ സ്ട്രീറ്റിന്റെയും, കോർപ്പറേറ്റുകളുടെയും പ്രചാരണ ഫണ്ടുകളുടെയും അതിധനികരുടെയും വൻ പണത്തിന്റെ സഹായമില്ലാതെയാണ് താങ്കൾ അതു നിർവഹിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിനായ ഞങ്ങളുടെയെല്ലാം കൊച്ചു കൊച്ചു സംഭാവനകളിൽ നിന്നുമാണ് താങ്കൾ അതു ചെയ്തത്. ആത്മാവിനെ പണയപ്പെടുത്താതെയും തത്വങ്ങളിൽ ഒത്തുതീർപ്പിനു മുതിരാതെയും അതു സാധ്യമാണെന്നു താങ്കൾ തെളിയിച്ചു. ഞങ്ങൾ ദശലക്ഷക്കണക്കിനു പേരെ രാഷ്ട്രീയത്തിൽ ഇടപെടുവാൻ താങ്കൾ പ്രചോദിപ്പിച്ചു. എല്ലാ പോരാട്ടങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടതും മറ്റെല്ലാ പോരാട്ടങ്ങളും ആശ്രയിച്ചിരിക്കുന്നതുമായ പോരാട്ടത്തിന് പ്രചോദനം നൽകി. നമ്മുടെ സന്പദ് വ്യവസ്ഥയെയും ജനാധിപത്യത്തെയും ധനപക്ഷ താൽപര്യങ്ങളിൽ നിന്നും തിരിച്ചു പിടിക്കുവാനുള്ള പോരാട്ടത്തിന്. ആരോഗ്യ പരിരക്ഷയ്ക്ക് ഒറ്റ ദാതാവ്, സർവകലാശാലകളിലെ സൗജന്യ വിദ്യാഭ്യാസം, മണിക്കൂറിനു 15 ഡോളർ കുറഞ്ഞ വേതനം, വാൾ സ്ട്രീറ്റിലെ വൻകിട ബാങ്കുകളെ തകർക്കൽ, ഊഹാധിഷ്ടിതമായ ധന വിനിമയങ്ങൾക്കു നികുതി, കൂടുതൽ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഏർപ്പെടുത്തൽ, കാർബൺ സ്രാവത്തിനു നികുതി, ധന ധാരാളിത്തത്തെ രാഷ്ട്രീയ പ്രക്രിയയിൽ നിന്നു പുറത്താക്കൽ തുടങ്ങിയ താങ്കളുടെ ആശയങ്ങൾ ഇനിമുതൽ പുരോഗമന പക്ഷ അജണ്ടയെ രൂപപ്പെടുത്തും.
രാഷ്ട്രീയ വ്യവസ്ഥയെ നേരിടുവാൻ താങ്കൾ പ്രകടിപ്പിച്ച ധൈര്യമാണ് ഞങ്ങളുടെ ശബ്ദങ്ങളും കേൾപ്പിക്കപ്പെടേണ്ടതുണ്ടെന്നു അവകാശപ്പെടുവാനായി ഉണർന്നെഴുന്നേൽക്കുവാൻ ഞങ്ങൾ ദശലക്ഷക്കണക്കിനു പേർക്ക് പ്രോത്സാഹനമായത്.
ഇപ്പോൾ എന്തുചെയ്യണമെന്ന് താങ്കൾ എടുക്കുന്ന തീരുമാനത്തിനുമപ്പുറം പോരാട്ടവുമായി മുന്നോട്ടു പോകുന്ന ഒരു പ്രസ്ഥാനത്തിന് താങ്കൾ തിരി കൊളുത്തിയിരിക്കുന്നു. സഭയിലും സെനറ്റിലും കൂടുതൽ പുരോഗമന പക്ഷത്തെ എത്തിക്കുവാൻ ഞങ്ങൾ പോരാടും. േസ്റ്ററ്റുകളുടെ തലത്തിൽ ഞങ്ങൾ പോരാട്ടം നടത്തും. 2020ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു വേണ്ടി ഞങ്ങൾ സംഘാടനം നടത്തും.
ദോഷാനു ദർശനത്തിനു ഞങ്ങൾ വഴങ്ങുകയില്ല. ദീർഘ പാതയിൽ അതു പേറുവാൻ ഞങ്ങൾ ഉണ്ട്. ഒരിക്കലും ഞങ്ങളതിനെ ത്യജിക്കുകയില്ല.
ബെർണി താങ്കൾക്ക് നന്ദി.
‘ടൈം’ (TIME) മാഗസിൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പത്ത് കാബിനറ്റ് അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ ബിൽ ക്ലിന്റൺ കാബിനറ്റിൽ ലേബർ സെക്രട്ടറിയായി പ്രവർത്തിച്ച മികവിന്റെ പേരിൽ പത്തിൽ ഒരാളായ റോബർട്ട് റിയ്ക്ക് ആണ് ഈ കുറിപ്പിന്റെ കർത്താവ്. അമേരിക്കയുടെ രാഷ്ട്രീയ പണ്ധിതനും പ്രൊഫസറും ഗ്രന്ഥകർത്താവുമായ അദ്ദേഹം ജെറാൾഡ് ഫോർഡും ജിമ്മി കാർട്ടറും അമേരിക്കയുടെ സാരഥ്യം വഹിച്ചിരുന്ന കാലങ്ങളിലെ ഭരണ പ്രക്രിയയിൽ ഇടപെട്ടു തുടങ്ങിയ വ്യക്തിത്വമാണ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വത്തിനായി മത്സരരംഗത്തുള്ള ബെർണി സാൻഡേഴ്‌സിന് തന്റെ പരസ്യ പിന്തുണ റോബർട്ട് റിയ്ക്ക് അറിയിക്കുന്ന പ്രസ്താവന കഴിഞ്ഞ ജനുവരിയിൽ മാധ്യമങ്ങളിൽ വന്നു. ആ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. “ഹിലാരിക്കു 19 വയസുള്ളപ്പോൾ മുതൽക്കെ അവരെ എനിക്കറിയാം. എനിക്കു തികഞ്ഞ ബഹുമാനവുമാണ്. നമുക്ക് ‘ഇന്നുള്ള’ രാഷ്ട്രീയ വ്യവസ്ഥയിൽ പ്രസിഡണ്ട് ആകുവാൻ ഹിലാരിക്ക് തന്നെയാണ് ഏറ്റവും യോഗ്യതയുള്ളത്. പക്ഷെ നമുക്ക് ‘ഉണ്ടാകേണ്ട’ രാഷ്ട്രീയ വ്യവസ്ഥ സൃഷ്ടിക്കുവാൻ ഏറ്റവും യോഗ്യനായ പ്രസിഡണ്ട് സ്ഥാനാർത്ഥി ബെർണി സാൻഡേഴ്‌സാണ്. കാരണം മാറ്റത്തിനു വേണ്ടിയുള്ള രാഷ്ട്രീയ മുന്നേറ്റത്തെ അദ്ദേഹമാണ് നയിക്കുന്നത്. ‘ഇതിനെ ഇതെങ്ങിനെയാണോ അങ്ങിനെ തന്നെ പറയുകയും’ തന്റെ താത്വിക ബോദ്ധ്യങ്ങൾക്കു വേണ്ടി ജീവിക്കുകയും അതി ധനികരിൽ നിന്നോ കോർപ്പറേറ്റുകളിൽ നിന്നോ ഒരു തരിപ്പണം പോലും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നയാളാണ് ബെർണി സാൻഡേഴ്‌സെന്നും അമേരിക്കയുടെ ജനാധിപത്യവും സന്പദ്ഘടനയും വീണ്ടെടുക്കുവാൻ താഴെത്തട്ടിൽ നിന്നുള്ള വിപ്ലവത്തിനാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നതെന്നും റോബർട്ട് റിയ്ക്ക് പ്രസ്താവനയിൽ അന്നു പറഞ്ഞിരുന്നു.
വ്യവസ്ഥയുടെ സകല തലങ്ങളെയും ധനാധിപത്യവും കോർപ്പേറേറ്റ്്വൽക്കരണവും നിയന്ത്രിക്കുന്ന സന്പദ്ഘടന പൗര ജിവിതത്തെയാകെ സമഗ്രതയിൽ ചൂഴ്ന്നു നിൽക്കുന്നതാണ് വികസനമെന്നും മറിച്ചുള്ളതൊന്നും പുരോഗതിയല്ലെന്നും അധീശ വർഗ കോയ്മ മാത്രമാണ് പ്രായോഗികമെന്നും ഒരു പ്രത്യയശാസ്ത്രം ഉത്പാദിപ്പിച്ച് അതു ലോകമാകെ വ്യാപിപ്പിക്കുന്നതിനു അടവുകളും ആയുധങ്ങളുമായി നവ കോളനികൾ സൃഷ്ടിക്കുവാൻ അശ്വമേധത്തിനിറങ്ങിയ രാജ്യത്ത് നിന്നുള്ള തിരഞ്ഞെടുപ്പ് വാർത്തയുടെ ചില ചിത്രങ്ങളിലൂടെയാണ് നാം കടന്നുപോയത്. അമേരിക്കയുടെ ജനാധിപത്യവും സന്പദ് ഘടനയും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ധനാധിപത്യത്തിൽ നിന്നും മോചനം നേടേണ്ടതുണ്ട് തുടങ്ങിയ മുദ്രാവാക്യങ്ങൾ അമേരിക്കയിൽ ഒരു പ്രസ്ഥാനമായി പടരുന്നുവെന്നും 2020ലെ തിരഞ്ഞെടുപ്പിനെയാണ് അതു ലക്ഷ്യം വെയ്ക്കുന്നതെന്നും അവിടെ രാഷ്ട്രീയ പണ്ധിതന്മാർ വിലയിരുത്തുവാൻ ആരംഭിച്ചിരിക്കുന്നു. റീഗൻ-താച്ചർ യുഗം മുതൽ കഴിഞ്ഞ 35 വർഷങ്ങളായി അമേരിക്കയുടെ സാമൂഹ്യ ഘടനയായ നവഉദാരവത്‌കരണത്തിനു വേണ്ടി എഴുതപ്പെട്ട നിയമ നിർമ്മാണങ്ങൾ വാണിജ്യ വ്യവസ്ഥകൾ-നികുതി നിയമങ്ങൾ മുഴുവനും മാറ്റിയെഴുതണമെന്നും തിരിച്ചു പോകണമെന്നും ആയിരുന്നു ബെർണി സാൻഡേഴ്‌സിന്റെ പ്രധാനപ്പെട്ട മുദ്രാവാക്യം. അമേരിക്ക നേരിടുന്ന എല്ലാ പ്രധാനപ്പെട്ട പ്രമേയങ്ങളിലും ഇന്നോളം മറ്റേതൊരു അമേരിക്കൻ പ്രസിഡണ്ട് സ്വീകരിച്ച് നിലപാടിനെക്കാളും പുരോഗമനപരമായ നിലപാടുകൾ അദ്ദേഹം പ്രഖ്യാപിച്ചു. അപ്രായോഗികമായ വെറും വരട്ടുവാദ മുദ്രാവാക്യങ്ങളായി ജനങ്ങൾക്ക് തോന്നിയിരുന്നെങ്കിൽ നിശ്ചയമായും ഇത്രമാത്രം സമ്മതിദായകരുടെ പിന്തുണ ബെർണി സാൻഡേഴ്‌സിനു ലഭിക്കുമായിരുന്നില്ല. 1980ൽ നേരിയ ഭൂരിപക്ഷത്തിൽ ബെർലിംഗ്ടൺ നഗരപിതാവായി തിരഞ്ഞെടുക്കപ്പെട്ട ബെർണി സാൻഡേഴ്‌സ് മൂന്നു തവണ വിജയം ആവർത്തിക്കുകയും എട്ട് വർഷങ്ങൾക്ക് ശേഷം പദവിയിൽ നിന്നു വിരമിക്കുന്പോൾ ബെർലിംഗ്ടൺ നഗരം രാജ്യത്തെ ഏറ്റവും ചലനാത്മകമായ ചെറു നഗരങ്ങളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു. ബെർണി സാൻഡേഴ്‌സിന്റെ ആശയങ്ങൾ വെറും മുദ്രാവാക്യങ്ങൾ അല്ലെന്നു ജനങ്ങൾ അന്നു തിരിച്ചറിഞ്ഞതാണ്.
കോർപ്പറേറ്റ് സാമ്രാജ്യങ്ങളും, സമൂഹ ഘടനയും മുഖ്യ ധാരാ മാധ്യമങ്ങളും നീതിന്യായ കോടതികളും ഒന്നാകെ നിലവിലെ വ്യവസ്ഥിതിയെ സംരക്ഷിക്കുവാൻ ഇറങ്ങി പുറപ്പെട്ടിട്ടും ഡെമോക്രാറ്റിക് പാർട്ടി സംഘടനയുടെ പിന്തുണ ഇല്ലാതിരുന്നിട്ടും സാൻഡേഴ്‌സിന് 22 േസ്റ്ററ്റുകളിൽ വിജയിക്കുവാൻ കഴിഞ്ഞത് പുരോഗമന ജനപക്ഷ നിലപാടാണ് തന്റേതെന്നും സ്വന്തം ആദർശങ്ങളോട് അണുവിട വ്യതിചലിക്കാത്ത പ്രതി ബദ്ധതയാണ് തനിക്കുള്ളതെന്നും അന്പതു വർഷങ്ങളിലെ പൊതുജീവിതത്തിൽ പ്രകടിപ്പിച്ചത് കൊണ്ടാണ്. ഒരു നഗരത്തിന്റെ മേയറായി ഭരണം കയ്യാളിയപ്പോൾ തന്റെ താത്വിക നിലപാടുകൾ പ്രയോഗത്തിൽ വിജയകരമായി പരീക്ഷിച്ചുവെന്നു ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടത് കൊണ്ടാണ്. അന്നു അമേരിക്കയിൽ രൂപപ്പെട്ടു വരികയായിരുന്ന നവ ഉദാരവത്കരണത്തിനു കീഴടങ്ങുകയല്ല അദ്ദേഹം സ്വീകരിച്ച മാർഗം. ഒരു ഇടതുപക്ഷ മേയർക്ക് എങ്ങിനെ ഇടതു നയപരിപാടികളിലൂടെ ജനപ്രിയ മേയറാകാം എന്നു തെളിയിക്കുകയാണുണ്ടായത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിൽ അദ്ദേഹത്തിൻ്റെ വേദികളിൽ ജനക്കൂട്ടങ്ങൾ വന്നുചേരുകയും തന്റെ പൊളിച്ചെഴുത്തിന്റെ കർമ്മപരിപാടി അദ്ദേഹം വിശദീകരിക്കുന്ന പ്രസംഗങ്ങളെ ആരവങ്ങളോടെ സ്വീകരിക്കുകയും ചെയ്തു. അതി ധനികന്റെ സാന്പത്തിക പിന്തുണ വേണ്ടെന്നു പ്രഖ്യാപിച്ച ബെർണി സാൻഡേഴ്‌സിന്റെ പ്രചാരണച്ചിലവുകൾക്കായി ജനകീയ ധന സമാഹരണത്തിന്റെ മനോഹരമായ അദ്ധ്യായം അവിടെ വിരചിതമായി. മുകളിലെഴുതിയ കത്തിൽ റോബർട്ട് റിയ്ക്ക് പറയും പോലെ ജനാധിപത്യ വിപ്ലവത്തിനു നാന്ദി കുറിച്ചു കഴിഞ്ഞിരിക്കുന്നു.
എല്ലാ രാജ്യങ്ങളിലും ജനസമൂഹങ്ങളിലും ബെർണി സാൻഡേഴ്‌സ് പ്രതിഭാസം സംഭവിക്കാൻ വളക്കൂറുള്ള മണ്ണാണ് നവലോക ക്രമം സൃഷ്ടിച്ചിട്ടുള്ളത്. കാരണം കോർപ്പറേറ്റ് മുതലാളിത്ത സന്പദ്ഘടന ദുസ്സഹമാക്കി തീർക്കുന്ന ജീവിതങ്ങളും മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെടുന്ന ജനതയും പ്രതിരോധ പോരാട്ടത്തിനായിറങ്ങുന്ന ഏതൊരു പ്രസ്ഥാനത്തിലും അണിചേരും. കേരളത്തിൽ ഇപ്പോൾ അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെന്റിനു ബെർണി സാൻഡേഴ്‌സ് മാതൃക ആവർത്തിച്ചു കൊണ്ട് ചരിത്രപരമായ ചില ദൗത്യങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാനാവും. വികസന പരിപ്രേക്ഷ്യത്തെ ജനപക്ഷ വികസനമായി പുനർ നിർവചിക്കണം. മൂലധന ശക്തികൾക്കു പ്രഭാവമുള്ളതും വൻകിട കോർപറേറ്റുകൾ നിയന്ത്രിക്കുന്നതുമായ പദ്ധതികളിലൂടെയാണ് വികസനം വരുന്നതെന്ന യു.പി.എയും എൻ.ഡി.എയും ഒന്നു പോലെ പിൻ തുടരുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്ന നവ മുതലാളിത്ത പരികല്പന പൊളിച്ചെഴുതണം. വികസനത്തിനു മനുഷ്യ പക്ഷത്തു നിന്നുള്ള പുതിയ മുൻഗണനാ ക്രമങ്ങൾ സ്ഥാപിക്കുകയും ആ മുൻ ഗണനക്രമങ്ങളിൽ നമ്മുടെ നാട്ടിലെ എല്ലാ മനുഷ്യരുടെയും ആഹാരവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും സ്വാഭിമാനത്തോടെ ജീവിക്കുവാൻ കഴിയുന്ന സാമൂഹ്യാവസ്ഥയുടെ സൃഷ്ടിയും കഴിഞ്ഞു മാത്രമാണ് മറ്റെന്തും വരികയെന്നു നിശ്ചയിക്കണം. അടിസ്ഥാനപരമായ ആദ്യ മുൻ ഗണനയുടെ സാക്ഷാത്ക്കാരത്തിനു ഉതകുന്നത് ആണെങ്കിൽ മാത്രമേ ഏതൊരു വൻകിട പദ്ധതിക്കും അംഗീകാരം ലഭിക്കുകയുള്ളു എന്നതാവണം നയം.
കേരളത്തിൽ മതേതര സാംസ്കാരിക വിപ്ലവം നടപ്പിലാക്കണം. ഇത്രകാലവും കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ അവരുടെ മതേതര പുറംചട്ട വലിയ കേടുപാടുകൾ പുറമേക്ക് പ്രകടിപ്പിക്കാതെ പ്രവർത്തിക്കുക ആയിരുന്നു. ഏറിയും കുറഞ്ഞും വിവിധ കക്ഷികളിലെ ജാതി മത ചിന്തയും അതിന്റെ അടിസ്ഥാനത്തിലെ സ്വജന പക്ഷപാതങ്ങളും പ്രീണനങ്ങളും രഹസ്യമായാണ് പ്രയോഗത്തിൽ വരുത്തിയിരുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും താത്വികമായി ആ പ്രവണതയെ തള്ളിപ്പറയുന്നവരും ആയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ആണ് അത്തരം നിയന്ത്രണങ്ങളും ഒളിച്ചു വെയ്ക്കലുകളും എല്ലാം അവസാനിപ്പിച്ച് മതങ്ങളുടെയും ജാതികളുടെയും അവയുടെയെല്ലാം അവാന്തര വിഭാഗങ്ങളുടെയും പേരും വിശദ വിവരങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞ് താത്വികമായി തന്നെ വർഗീയ വിഭജനവും ധ്രുവീകരണവും രാഷ്ട്രീയ പ്രക്രിയ ആയത്. എൻ.ഡി.എയുടെ ആവിർഭാവമാണ് അതിനു കളമൊരുക്കിയത്. കേരളം പിടിക്കുവാൻ സാധ്യമായ എല്ലാ ആയുധങ്ങളും എടുത്ത് ഉപയോഗിക്കുന്നതിന്റെ ഭാഗമായിരുന്നു വർഗീയമായ ധ്രുവീകരണ നടപടികൾ. അതു നന്നായി നടപ്പിലാകുകയും ചെയ്തു. നമ്മുടെ പൊതു ബോധത്തിനും കേരള മനസ്് കാലങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത മതേതര സംസ്കാരത്തിന്റെതായ ആവരണത്തിനും സംഭവിച്ച പരിക്കുകൾക്കു കേടുപാട് തീർക്കുവാൻ വേണ്ടി ഒത്തു തീർപ്പിന്റെ കണിക പോലുമില്ലാത്ത മതേതര നിലപാടുകൾ ഗവർമെന്റിന്റെ നയമാകണം. വർഗീയ വാദികൾക്ക് ഭക്തരിൽ നിന്നു പിന്തുണ ലഭിക്കും എന്നതിനാൽ ചികയാതെയിരിക്കാം. അവരെപ്പോലെ ചിലതെല്ലാം ചെയ്തു ഭക്തരെ വശത്താക്കാം തുടങ്ങിയ സിദ്ധാന്തങ്ങൾ മുഴുവൻ അപ്രസക്തമാണെന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് തെളിയിച്ചു കഴിഞ്ഞതാണ്. സ്വന്തം ഭക്തിയും വിശ്വാസവും ആത്മീയ സപര്യയും ഉണ്ടായിരിക്കുന്പോൾ തന്നെ നമ്മുടെ സമൂഹത്തിന്റെ മുഖമുദ്ര മതേതരം ആയിരിക്കണമെന്ന് കേരള ജനതയിലെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നു. വർഗീയ വിഭജനത്തിന്റെ ശക്തികൾ അവരാൽ ആവുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി മതേതര പക്ഷത്തിന്റെ ഊഴമാണ്. വിട്ടു വീഴ്ചയില്ലാത്ത മതേതര സംസ്കാരത്തിന്റെ പ്രചാരണത്തിലൂടെയാണ് വർഗീയ വിഭജനത്തിന്റെ ശക്തികളുടെ വളരുവാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത്.
ബെർണി സാൻഡേഴ്‌സ് ഒരു പാഠവും മാതൃകയുമാണ്. പൊതുവിലെ ലോക ഗതി നോക്കി അതിനനുസരിച്ചു ഒഴുക്കിനു അനുകൂലമായി സഞ്ചരിക്കുകയല്ല ചരിത്രം സൃഷ്ടിക്കുവാൻ തുനിഞ്ഞ മനുഷ്യരുടെ കടമയെന്ന് വിളിച്ചു പറയുന്ന പാഠവും അതിന്റെ പ്രയോഗത്തിലെ വിജയത്തിന്റെ മാതൃകയും. കേരളത്തിലും ആവർത്തിക്കാവുന്ന മാതൃക.